കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ദേശീയ നാടകോത്സവം നടന്നപ്പോഴാണ് ഈ മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നത്. അതിനു മുമ്പ് പലയിടത്തു വെച്ചും കണ്ടിട്ടുണ്ട്. ഗവ. ആര്‍ട്‌സ് കോളേജില്‍ സമകാലികനും സുഹൃത്തുമായ ബ്രഹ്മപുത്രന്റെ ചെറിയച്ഛന്റെ മകന്‍ എന്ന നിലയിലായിരുന്നു പരിചയപ്പെടല്‍. ആ സഹോദരപുത്രന്മാര്‍ കണ്ടുമുട്ടുന്നത് 15 വര്‍ഷത്തിനു ശേഷമാണെന്നത് കൗതുകം വര്‍ദ്ധിപ്പിച്ചു. പിന്നീട് പലയിടത്തും ഞങ്ങള്‍ മുഖാമുഖം വന്നു. പുഞ്ചിരി കടന്ന പരിചയം ഞങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നതിലേക്കു വളര്‍ന്നു.
പറഞ്ഞുവരുന്നത് അമല്‍ രാജ്‌ദേവിനെ കുറിച്ചാണ്. നടനാണ്. എന്നു പറഞ്ഞാല്‍ എല്ലാ അര്‍ത്ഥത്തിലും നടന്‍. അമലുമായുള്ള സഹവാസത്തിലൂടെയാണ് അത് മനസ്സിലാക്കിയത്. അതിന് അവസരമൊരുക്കിയത് നാടകൃത്തും സംവിധായനുമായ സുഹൃത്ത് പ്രശാന്ത് നാരായണന്‍. പ്രശാന്തിന്റെ കളത്തിലെ റിഹേഴ്‌സല്‍ ക്യാമ്പില്‍ ഞാനും അമലും ഒരുമിച്ചു. ഭാസന്റെ ഊരുഭംഗത്തിന് പുതിയ രംഗഭാഷ ചമയ്ക്കാനുള്ള പ്രശാന്തിന്റെ ശ്രമത്തില്‍ പങ്കാളികളായിരുന്നു ഞങ്ങള്‍. ആ ശ്രമം ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.
‘അമല്‍ മികച്ചൊരു നടനാണ്’ -റിഹേഴ്‌സല്‍ ക്യാമ്പ് തുടങ്ങിയ ദിവസം പ്രശാന്ത് പരിചയപ്പെടുത്തിയത് അങ്ങനെയാണ്. പ്രശാന്തിന്റെ വായില്‍ നിന്ന് ഇതു കേള്‍ക്കണമെങ്കില്‍ അല്പം കാര്യമായി തന്നെ കഷ്ടപ്പെടണമെന്ന് എനിക്കറിയാം. ക്യാമ്പില്‍ വെച്ച് അമലിന്റെ ഭാര്യ ലക്ഷ്മി എന്ന ദിവ്യലക്ഷ്മിയെയും പുത്രന്മാരായ ആദി എന്ന ആയുഷ് ദേവിനെയും അഗു എന്ന ആഗ്നേഷ് ദേവിനെയും പരിചയപ്പെട്ടു. ലക്ഷ്മിയും നടിയാണ്. 10 വയസ്സുകാരന്‍ ആദിക്ക് മേക്കപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ത്തന്നെ നല്ല ഗ്രാഹ്യമുണ്ട്. ഇനിയും 3 തികഞ്ഞിട്ടില്ലാത്ത അഗുവിലും അഭിനയത്തിന്റെ സ്ഫുലിംഗങ്ങള്‍ പ്രകടം. ആരെങ്കിലും അവനെ എടുത്തുയര്‍ത്തിയാല്‍ ഉടനെ കമഴ്‌നു കിടന്ന് കവിള്‍ പെരുക്കി കൈ മടക്കി പറക്കുന്നതായി ഭാവിക്കും -ജയ് ഹനുമാന്‍!! ശരിക്കും ഒരു നാടക കുടുംബം.
* * *
പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന അസുലഭകാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു. ഞാനാണെങ്കില്‍ -എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്
സാറാമ്മയുടെ കേശവന്‍ നായര്‍.
വായിക്കാനറിയാവുന്ന മലയാളികളെല്ലാം വായിച്ചിട്ടുണ്ടാവും ഈ പ്രേമലേഖനം. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സൃഷ്ടി. ബഷീറിന്റെ രചനകളില്‍ എന്നെ ഏറ്റവുമാകര്‍ഷിച്ചവയുടെ ഗണത്തില്‍ പെടുത്താവുന്നതാണ് പ്രേമലേഖനം. രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ രണ്ടര കൊല്ലം കഠിനതടവിന് ശിക്ഷിക്കപ്പെട്ട കാലത്ത് 1942ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വെച്ചെഴുതിയ നീണ്ടകഥ. കഥകള്‍ വായിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് മറ്റു തടവുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ എഴുതിയത്. 1944ല്‍ പ്രേമലേഖനം തിരുവിതാംകൂറില്‍ നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു.
വളരെ ലളിതമായി ബഷീര്‍ പറഞ്ഞ പ്രേമലേഖനത്തിന്റെ കഥയില്‍ അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട്; ഒരു പുനര്‍വായന ആവശ്യപ്പെടുന്നുണ്ട്. ഏഴര പതിറ്റാണ്ടായി കേശവന്‍ നായരും സാറാമ്മയും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അമ്മയില്ലാത്ത സാറാമ്മ ചിറ്റമ്മയുടെ നിയന്ത്രണത്തില്‍ വളരെ പ്രയാസത്തിലാണ് ജീവിക്കുന്നത്. സ്ത്രീധനം കൊടുത്ത് കെട്ടിച്ചയക്കാന്‍ വീട്ടുകാര്‍ തയ്യാറല്ല. ശേഷിയില്ല എന്നും പറയാം. അവര്‍ക്ക് ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസമുണ്ട്. അന്നത്തെ കാലത്ത് ഭേദപ്പെട്ട വിദ്യാഭ്യാസയോഗ്യതയാണത്. സാറാമ്മ ഉപജീവനത്തിന് ഒരു തൊഴില്‍ തേടുകയാണ്. അവരുടെ അച്ഛന്റെ വാടകക്കാരനാണ് ബാങ്ക് ജീവനക്കാരനായ കേശവന്‍ നായര്‍. നായര്‍ക്ക് സാറാമ്മയോട് പ്രണയമാണ്. പക്ഷേ, പറയാന്‍ ധൈര്യമില്ല. ഒടുവില്‍ രണ്ടും കല്പിച്ച് കേശവന്‍ നായര്‍ സാറാമ്മയ്ക്ക് പ്രേമലേഖനം കൊടുക്കുന്നു. പുറമേയ്ക്ക് അതൃപ്തി പ്രകടിപ്പിക്കുന്നുവെങ്കിലും സാറാമ്മയ്ക്കും കേശവന്‍ നായരെ ഇഷ്ടമാണ്.
പ്രേമം അവിടെ നില്‍ക്കട്ടെ ജോലി വാങ്ങിത്തരൂ എന്ന് കേശവന്‍ നായരോട് സാറാമ്മ ആവശ്യപ്പെടുന്നു. കേശവന്‍ നായര്‍ സാറാമ്മയ്ക്ക് ജോലി കൊടുത്തു -തന്നെ പ്രണയിക്കുന്ന ജോലി. മാസശമ്പളവും നിശ്ചയിച്ചു. സാറാമ്മ ജോലി സ്വീകരിച്ചു. 5 മാസം ശമ്പളം വാങ്ങി പ്രണയജോലി ഭംഗിയായ നിറവേറ്റി. അതിനുശേഷം കേശവന്‍ നായര്‍ക്ക് മറുനാട്ടില്‍ ഭേദപ്പെട്ട ജോലി തരപ്പെടുകയും പൂര്‍ണ്ണമനസ്സോടെ സാറാമ്മ അദ്ദേഹത്തോടൊപ്പം പോകുകയും ചെയ്യുന്നു. 2 കഥാപാത്രങ്ങള്‍ മാത്രം. എന്നാല്‍, ഇവരുടെ വാക്കുകളിലൂടെ ബഷീര്‍ ചര്‍ച്ച ചെയ്യുന്ന സാമൂഹികവും വ്യക്തിപരവുമായ ജീവിതപ്രശ്‌നങ്ങള്‍ക്ക് ഇന്നും കേരളീയ സമൂഹത്തില്‍ ഇടമുണ്ട്. ഒരു പക്ഷേ, ബഷീര്‍ കഥയെഴുതിയ കാലത്തെക്കാള്‍ പ്രാധാന്യവുമുണ്ട്.
* * *
വൈക്കത്തുകാരന്‍ ബഷീറിന്റെ പ്രേമലേഖനം തിരുവനന്തപുരത്തുള്ള മണക്കാട്ടുകാരന്‍ ബഷീര്‍ നാടകരൂപത്തില്‍ മാറ്റിയെഴുതി. സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്തു. വേദിയില്‍ അവതരിപ്പിച്ചു. വന്‍ വിജയമായി. എന്തുകൊണ്ടോ എനിക്ക് ഈ നാടകം കാണാന്‍ അവസരമുണ്ടായില്ല. അതിനാല്‍ത്തന്നെ ഈ നാടകത്തെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല.
കളത്തിലെ റിഹേഴ്‌സല്‍ ക്യാമ്പില്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഒരിക്കല്‍ എന്തോ ആസൂത്രണം നടക്കുമ്പോള്‍ അമല്‍ പറഞ്ഞു -‘അന്ന് ഞങ്ങള്‍ക്ക് നാടകമുണ്ട്. വരാന്‍ കഴിയില്ല.’ സ്വാഭാവികമായും എനിക്കു സംശയമായി ‘ഞങ്ങള്‍ക്കോ?’ അമലിന്റെ മറുപടി -‘അതെ, എനിക്കും ലക്ഷ്മിക്കും’. എന്റെ ചോദ്യം -‘നിങ്ങള്‍ 2 പേരും കൂടി നാടകം കളിക്കുമോ?’ അമലിന് അമ്പരപ്പ് -‘ഞങ്ങള്‍ 2 പേരും കൂടിയാണ് നാടകം ചെയ്യുന്നത് -പ്രേമലേഖനം.’ ഞാന്‍ അന്തംവിട്ടിരുന്നു. ‘ഇവനാരെടാ’ എന്ന ഭാവം അമലിന്റെ മുഖത്ത് മിന്നിമറഞ്ഞതു പോലെ എനിക്കു തോന്നി.
കുട്ടികളെയും നോക്കി ഞങ്ങളുടെ റിഹേഴ്‌സല്‍ ക്യാമ്പിലെ മൂലയില്‍ ഇരുന്നിരുന്ന ലക്ഷ്മിയാണ് സാറാമ്മ. അപ്പോള്‍ അമലാണ് കേശവന്‍ നായര്‍. ലക്ഷ്മി നടിയാണെന്ന് ഞാന്‍ അറിയുന്നതു തന്നെ ആ നിമിഷമാണ്. അതുവരെ എനിക്കറിയാവുന്ന ലക്ഷ്മി നര്‍ത്തകി മാത്രമായിരുന്നു. എന്തായാലും അവര്‍ ഇരുവരോടുമുണ്ടായിരുന്ന ബഹുമാനം ഇരട്ടിച്ചു. അതിനുശേഷം പ്രേമലേഖനം കാണണമെന്ന അതിയായ മോഹം ഉടലെടുത്തു.
ഒരേ നാടകം ഒരേ കഥാപാത്രങ്ങളായി ഒരേ അഭിനേതാക്കള്‍ തന്നെ അവതരിപ്പിച്ച് 1000 വേദികള്‍ പിന്നിട്ട അപൂര്‍വ്വത പ്രേമലേഖനത്തിന് സ്വന്തം. 2008 മാര്‍ച്ച് 16ന് സൂര്യയുടെ നേതൃത്വത്തിലാണ് നാടകം ആദ്യം അരങ്ങേറിയത്. എം.എ. ബേബിയും അടൂര്‍ ഗോപാലകൃഷ്ണനും തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നാടകം ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ വര്‍ഷം 10 തികയാറാവുന്നു. പ്രേമലേഖനം നൂറാം വേദിയുടെ ഉദ്ഘാടനം എറണാകുളത്ത് മമ്മൂട്ടിയാണ് നിര്‍വഹിച്ചത്. 2017 മെയ് 21ന് 1000 വേദി തികച്ചു. അന്ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടകനായത് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍.
സ്ഥിരം നാടകവേദികള്‍ക്ക് അപ്പുറം വീടുകളിലും ഓഫിസുകളിലും ക്യാംപസുകളിലും വിവാഹം, ജന്‍മദിനം, ഗ്യഹപ്രവേശം, കുടുംബസംഗമം തുടങ്ങിയ സ്‌നേഹക്കൂട്ടുകളിലുമാണ് പ്രേമലേഖനം അവതരിപ്പിക്കപ്പെട്ടത്. ഇതു തന്നെയാണ് ഈ നാടകത്തിന്റെ വിജയവും. എപ്പോഴും എവിടെയും രാപകല്‍ ഭേദമന്യേ അമലും ലക്ഷ്മിയും പ്രേമലേഖനം അവതരിപ്പിച്ചു നടന്നു. ഒടുവില്‍ ഞാനും പ്രേമലേഖനം കണ്ടു. തിരുവനന്തപുരം ഗവ. ഫൈന്‍ ആര്‍ട്സ് കോളേജില്‍ നടക്കുന്ന ദേശീയ കലാ ക്യാമ്പിനോടനുബന്ധിച്ച് കേശവന്‍ നായരും സാറാമ്മയും വീണ്ടും അരങ്ങിലെത്തി. 2018 ജനുവരി 16ന് -വേദി നമ്പര്‍ 1015!!! പുതുവര്‍ഷത്തിലെ ആദ്യ അവതരണം.
കേശവന്‍ നായരായി അമലും സാറാമ്മയായി ലക്ഷ്മിയും ജീവിച്ചപ്പോള്‍ ഈ നാടകം ഇത്രയും വലിയ വിജയമാവാന്‍ കാരണമെന്തെന്ന സംശയം പോലും അസ്ഥാനത്താണെന്നു തോന്നി. കേശവന്‍ നായരും സാറാമ്മയും ജീവിതം പങ്കുവയ്ക്കാന്‍ തീരുമാനിച്ചാല്‍ ഇന്ന് ഉണ്ടായേക്കാവുന്ന പ്രതികരണങ്ങളും ഭവിഷ്യത്തുകളും ബഷീര്‍ കഥയെഴുതിയ കാലഘട്ടത്തിലേതിനെക്കാള്‍ എത്രയോ തീവ്രതരമായിരിക്കുമെന്ന് എന്റെ സുഹൃത്തുക്കളുടെ അവതരണം പറയാതെ പറഞ്ഞു.
കാണികളുടെ മധ്യത്തില്‍ കളിക്കുന്ന അരീന സമ്പ്രദായത്തിലുള്ള നാടകത്തില്‍ കാണികളെയും പങ്കാളികളാക്കി -കേശവന്‍ നായര്‍ക്കും സാറാമ്മയ്ക്കും ഭാവിയില്‍ പിറക്കാന്‍ സാദ്ധ്യതയുള്ള മക്കളുടെ രൂപത്തില്‍!! ഫൈന്‍ ആര്‍ട്‌സ് കോളേജിലെ തടിമാടന്മാരെ കൈക്കുഞ്ഞുങ്ങളാക്കി അമല്‍ എടുത്തു നടന്നു. ഒരു ‘കുഞ്ഞിന്റെ’ കീശയില്‍ നിന്ന് സിഗരറ്റ് ലൈറ്റര്‍ താഴെ വീണത് ചിരിയുണര്‍ത്തിയെങ്കിലും നാടകത്തിന്റെ രസച്ചരട് പൊട്ടുമെന്നതിനാല്‍ ഏറെ ക്ലേശിച്ച് ഞാന്‍ ചിരിയടക്കി. അധികമാരും ലൈറ്റര്‍ സംഭവം ശ്രദ്ധിച്ചതായി തോന്നിയില്ല.
എല്ലാ അര്‍ത്ഥത്തിലും അമലിന്റെ നാടക സഞ്ചാരം തുടരുകയാണ്. പ്രേമലേഖനം മാത്രമല്ല. അടുത്തകാലത്ത് മലയാള സിനിമയിലേക്കു കടന്നുവരികയും ശ്രദ്ധേയമായ വേഷങ്ങളിലൂടെ ചുവടുറപ്പിക്കുകയും ചെയ്ത രാജേഷ് ശര്‍മ്മയ്‌ക്കൊപ്പം തട്ടില്‍ കയറുന്ന ശുദ്ധമദ്ധളമുണ്ട്. അമല്‍ ഒറ്റയ്ക്ക് നാടകമാവുന്ന രാഗിണിയുമുണ്ട്. ഇടയ്ക്ക് ടെലിവിഷന്‍ സീരിയല്‍ അഭിനയിക്കാനും ഈ മനുഷ്യന്‍ പോകും.
അമലിന്റെ കേശവന്‍ നായര്‍ക്കിപ്പോള്‍ താടിയുണ്ട്. നേര്‍ത്ത മീശയാണ് ബഷീറിന്റെ കേശവന്‍ നായര്‍ക്ക്. ഇപ്പോള്‍ കേശവന്‍ നായര്‍ക്ക് താടിയുണ്ടോ എന്ന എന്റെ ചോദ്യത്തിന് അമലിന്റെ മറുപടി -‘കേശവന്‍ നായര്‍ താടി വളര്‍ത്താതെ നിവൃത്തിയില്ല. സീരിയലിന്റെ കഥാപാത്രത്തിന് തുടര്‍ച്ച പ്രശ്‌നമാവും’. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കേശവന്‍ നായരെ താടി വളര്‍ത്താന്‍ ഞാനനുവദിച്ചു!!
അഭിനയത്തിനപ്പുറം മറ്റൊരു പ്രധാന ലക്ഷ്യത്തിനു വേണ്ടി മലയാളനാടു മുഴുവന്‍ ഓടി നടക്കുകയാണ് അമല്‍ ഇപ്പോള്‍. കേരളത്തിലെ നാടകപ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സംഘടന -നെറ്റ്‌വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റിക് തിയേറ്റര്‍ ആക്ടിവിസ്റ്റ്‌സ് എന്ന നാടക് യാഥാര്‍ത്ഥ്യമാക്കാന്‍. നാടക്കിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണ് അമല്‍ രാജ്‌ദേവ്.