ഇ-വാര്‍ത്തയില്‍ ജോലി ചെയ്യുന്ന യുവസുഹൃത്ത് ശരത്താണ് എന്നെ ഈ നാടകം കാണാന്‍ ക്ഷണിച്ചത്. മാര്‍ച്ച് 27ന് ലോക നാടക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ മാനവീയം വീഥിയിലാണ് അവതരണം. നാടകം അരങ്ങേറുന്ന സമയത്ത് എനിക്ക് വേറെ തിരക്കുകളില്ല. അതിനാല്‍ വേണമെങ്കില്‍ പോകാം. ശരത്ത് കൈമാറിയ ഡിജിറ്റല്‍ പോസ്റ്റര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ആദ്യം തോന്നിയ ലാഘവത്വം ഗൗരവത്തിനു വഴിമാറി. Pets of Anarchy എന്നാണ് നാടകത്തിന്റെ പേര് -അരാജത്വത്തിന്റെ വളര്‍ത്തുമൃഗങ്ങള്‍. ഫ്രാങ്ക് പാവ്‌ലോഫിന്റെ Brown Morning എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള നാടകം.
പെട്ടെന്ന് കത്തി. ഇത് Matin Brun അല്ലേ? തവിട്ട് പ്രഭാതം. പഠിച്ച ഭാഷ മറന്നുപോകാതിരിക്കാന്‍ ഇടയ്ക്ക് ഫ്രഞ്ച് കൃതികള്‍ സംഘടിപ്പിച്ച് വായിക്കാറുണ്ട്. അത്തരത്തിലുള്ള വായനയ്ക്കു വേണ്ടിയാണ് പാവ്‌ലോഫിന്റെ Matin Brun എടുത്തത്. വെറും 12 പേജുള്ള കുട്ടിപ്പുസ്തകം. എന്നാല്‍, ഭാഷാപ്രാവീണ്യത്തിനു വേണ്ടി വായിച്ചു തുടങ്ങിയതാണെങ്കിലും ആ ഒറ്റ കഥ കൊണ്ട് ഞാന്‍ പാവ്‌ലോഫിന്റെ ആരാധകനായി മാറി. വെറും 12 പേജു കൊണ്ട് അദ്ദേഹം വരച്ചിട്ട ലോകസത്യം അത്ഭുതപ്പെടുത്തി. അതിനാല്‍ത്തന്നെ പാവ്‌ലോഫിന്റെ ഏറ്റവും വിറ്റഴിക്കപ്പെട്ട കൃതിയായി Matin Brun നിലനില്‍ക്കുന്നു. 20 ലക്ഷത്തിലേറെ കോപ്പികളാണ് ഫ്രാന്‍സില്‍ മാത്രം വിറ്റഴിച്ചത്. വെറും 1 യൂറോ ആയിരുന്നു ഈ ചെറുപുസ്തകത്തിന്റെ വില. 25 ലോക ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടു.
പ്രേംജിത് സുരേഷ് ബാബുവും സാം ജോര്‍ജ്ജുമാണ് Pets of Anarchy അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രേംജിത്ത് നാടകരചന, സാം സംവിധാനം. രചനയില്‍ സാമും പങ്കാളി. പ്രേംജിത്ത് അഭിനയിക്കുന്നുമുണ്ട്. നാടകവേദികളിലും സദസ്സുകളിലും കണ്ടിട്ടുണ്ടെങ്കിലും പ്രേംജിത്തിനെയും സാമിനെയും പരിചയപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സുഹൃത്തുക്കളായ ശ്യാമും അമല്‍ രാജ്‌ദേവും ജോസ് പി.റാഫേലും അണിയിച്ചൊരുക്കിയ തോമ കറിയ കറിയ തോമയുടെ പിന്നണിയില്‍ ഇരുവരും ഉണ്ടായിരുന്നു. നേരത്തേ തന്നെ മുഖപരിചയം ഉള്ളതിനാലാവണം, സൗഹൃദം ശക്തിപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല.
നാടകത്തിന് നേരത്തേ തന്നെ എത്തി. പ്രേംജിത്തും സാമും ഒപ്പമുള്ളവരും തയ്യാറെടുക്കുന്നേയുള്ളൂ. തൊണ്ടയ്ക്ക് ചെറിയ പ്രശ്‌നമുള്ളതിനാല്‍ പ്രേംജിത്ത് അങ്കലാപ്പിലാണ്, പ്രകടനത്തെ ബാധിക്കുമോ എന്ന്. എന്നാല്‍, നാടകം തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് ബോദ്ധ്യപ്പെട്ടു -അങ്കലാപ്പ് അസ്ഥാനത്താണെന്ന്. എന്തൊരു ഊര്‍ജ്ജമാണ് ഈ മനുഷ്യന്‍ വേദിയില്‍ പ്രസരിപ്പിക്കുന്നത്! അടഞ്ഞ തൊണ്ടയാല്‍ സംസാരം തന്നെ നമുക്ക് ദുഷ്‌കരമാവുമ്പോള്‍ പ്രേംജിത്ത് നാടകത്തിനായി വേദിയിലുടനീളം കുരച്ചുനടന്നു.
ഹിറ്റ്‌ലറുടെ നാസിപ്പടയാണ് Brown Shirts. അതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് പാവ്‌ലോഫ് Matin Brun എഴുതിയത്. രാഷ്ട്രീയവും സാമൂഹികവുമായ കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നതിലെ അപകടമാണ് ഈ കൃതിയുടെ പ്രമേയം. നാടകത്തില്‍ അതു പ്രതിഫലിപ്പിക്കുന്നതില്‍ ഈ കലാകാരന്മാര്‍ പൂര്‍ണ്ണമായി വിജയിച്ചു. പുസ്തകം നേരത്തേ വായിച്ചിട്ടുണ്ട് എന്നതുകൊണ്ടു മാത്രമല്ല ഇതു പറയുന്നത്. അത്രമാത്രം ലളിതമായിരുന്നു അവതരണം. പ്രേക്ഷകരുമായി എളുപ്പത്തില്‍ സംവദിച്ചു.
പ്രേംജിത്ത് അവതരിപ്പിച്ച പീറ്ററും അനൂപ് മോഹന്‍ദാസ് അവതരിപ്പിച്ച ജോണുമാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പീറ്ററിന്റെ കറുത്ത നായ ബ്ലാക്കിയായും ജോണിന്റെ വെളുത്ത പൂച്ച വൈറ്റിയായും ഇവര്‍ തന്നെയെത്തി. ഒരേസമയം യജമാനന്മാരായും അവരുടെ വളര്‍ത്തുമൃഗങ്ങളായുമുള്ള പകര്‍ന്നാട്ടം. വളരെ സൂക്ഷ്മമായ ചലനങ്ങളിലൂടെ ഇരുവരും മനുഷ്യ-മൃഗ റോളുകള്‍ ഭംഗിയാക്കി.
അസംബന്ധ ജഡിലമായ നിര്‍ദ്ദേശങ്ങള്‍ ഭരണകൂടം മുന്നോട്ടുവെയ്ക്കുമ്പോള്‍ തങ്ങളുടെ വിധേയത്വത്തിന് ഓരോ കാരണങ്ങള്‍ കണ്ടെത്തി വഴങ്ങിക്കൊടുക്കുകയാണ് പീറ്ററും ജോണും ഈ നാടകത്തില്‍. അതിന്റെ ഭാഗമായി ആദ്യം പീറ്ററിന് ബ്ലാക്കിയെ നഷ്ടപ്പെടുന്നു, തവിട്ടു നിറമല്ലാത്ത എല്ലാ നായ്ക്കളെയും കൊല്ലണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍. പിന്നീട് ജോണിന് വൈറ്റിയെ നഷ്ടപ്പെടുകയാണ്, തവിട്ടു നിറമല്ലാത്ത എല്ലാ പൂച്ചകളെയും കൊല്ലണമെന്ന ഉത്തരവ് നടപ്പാക്കുമ്പോള്‍.
പട്ടിയെ പൂച്ചയുടെ ഉടമസ്ഥനും പൂച്ചയെ പട്ടിയുടെ ഉടമസ്ഥനും ഇഷ്ടമല്ലായിരുന്നു. അതിനാല്‍ത്തന്നെ ബ്ലാക്കിയെ ജോണും വൈറ്റിയെ പീറ്ററുമാണ് അധികൃതര്‍ക്ക് ഒറ്റിക്കൊടുക്കുന്നത്. അതു ചെയ്യാന്‍ ഇരുവരും പരസ്പരം പറയുന്ന ന്യായീകരണം സുഹൃത്തിന്റെ സുരക്ഷിതത്വത്തിന് പരമപ്രാധാന്യം നല്‍കി എന്നതാണ്. ഈ ഭിന്നിപ്പ് മുതലെടുത്ത് ഭരണകൂടം പിടിമുറുക്കുന്നു. പിന്നീട് ഏതു പത്രം വായിക്കണം എന്നതടക്കം മറ്റു പല രൂപങ്ങളിലും നിയന്ത്രണം വരുന്നു. ഒടുവില്‍ ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോള്‍ പ്രതികരണമുണ്ടാവുകയാണ്. അപ്പോഴേക്കും വളരെ വൈകിയോ എന്ന സംശയം നിലനില്‍ക്കുകയാണ്. ഫാഷിസം അരാജകത്വത്തിന് വഴിമാറുന്നു.
നമുക്കിടയിലുള്ള ഭിന്നത മുതലെടുത്താണ് അധികാരത്തിന്റെ രൂപത്തില്‍ ഫാഷിസം പിടിമുറുക്കുന്നതെന്ന് ഇതിലൂടെ പറയാതെ പറഞ്ഞു. ഫാഷിസത്തെ ചെറുക്കാന്‍ യോജിച്ചുള്ള പോരാട്ടത്തിന് ഈ നാടകം ആഹ്വാനം ചെയ്തു. സമകാലീന ജീവിത സാഹചര്യങ്ങളുമായി നാടകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സാമ്യമുള്ളതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അതു വെറുതേയാണെന്ന് ഞാനേതായാലും പറയില്ല.
ഫാഷിസത്തിന്റെ പ്രതീകങ്ങളായ ഭരണകൂട ബിംബങ്ങളായി സുധിക്കുട്ടിയും അനീഷ് ബാബുരാജും അരങ്ങിലെത്തി. അനീഷ് ഇടയ്ക്കു നടത്തിയ ചെറിയൊരു പ്രയോഗം നന്നേ ബോധിച്ചു. രണ്ടു ഗ്ലാസ്സുകളിലായി ചായ അങ്ങോട്ടുമിങ്ങോട്ടും പകര്‍ന്നുകൊണ്ടു വന്നു. എന്നിട്ട് കാണികളില്‍ ചിലര്‍ക്കു നേരെ നീട്ടി, അവര്‍ക്കു കൊടുക്കാനെന്ന പോലെ. ചായയ്ക്കായി കാണികള്‍ കൈ നീട്ടുമ്പോള്‍ അതു നല്‍കാതെ കബളിപ്പിച്ച് തിരിഞ്ഞു നടന്നു. അക്കൗണ്ടിലെത്തുന്ന 15 ലക്ഷം പോലെ, പെട്രോളിന്റെയും ഡീസലിന്റെയും വിലക്കുറവു പോലെ പാലിക്കപ്പെടാനിടയില്ലാത്ത വാഗ്ദാനങ്ങള്‍ക്കായുള്ള നമ്മുടെ കാത്തിരിപ്പിനെ അത് അനുസ്മരിപ്പിച്ചു.
വളര്‍ത്തു മൃഗങ്ങളിലൂടെ രാഷ്ട്രീയം പറയുക വഴി ഭരണകൂടം ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് അത്രയേ വിലയുള്ളൂ എന്ന് ഈ കലാകാരന്മാര്‍ പറഞ്ഞുവെച്ചു. നിറങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, പാരമ്പര്യത്തിന്റെ പ്രൗഢിയിലുള്ള അഭിരമിക്കില്‍ എന്നിവയെല്ലാം എവിടെയൊക്കെയോ കൊളുത്തിവലിച്ചു. ഫ്രഞ്ച് സാഹചര്യങ്ങളിലാണ് പാവ്‌ലോഫിന്റെ എഴുത്തെങ്കിലും അതിലെ വിഷയം ലോകത്തെവിടെയും പ്രസക്തമാണ്. അതിനാല്‍ത്തന്നെയാണ് ഈ കൃതി ഇത്രത്തോളം ജനപ്രിയമായത്.
ജീവിതത്തിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന ശക്തികളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത എത്ര അനായാസമാണ് 40 മിനിറ്റുള്ള ഒരു നാടകത്തിലൂടെ അവതരിപ്പിച്ചത്! ആപ്റ്റ് പെര്‍ഫോര്‍മന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെ ബാനറില്‍ വളരെ പരിമിതമായ സാഹചര്യങ്ങളില്‍ വളരെ ശക്തമായൊരു അവതരണം. നാടക ദിനത്തില്‍ നാടകത്തിന്റെ ശക്തി പ്രകടം. എന്നെ ഈ നാടകം കാണാന്‍ ക്ഷണിച്ച ശരത്തിനു നന്ദി.
നാടകാവതരണത്തിന് വിളിക്കാം
+91 98471 51345
+91 99462 22030