Reading Time: 4 minutes

ഞായറാഴ്ചയുടെ ആലസ്യത്തില്‍ ടെലിവിഷനില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ രാത്രി 8.30ഓടെ പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍. രസംകൊല്ലിയെ ശപിച്ചുകൊണ്ട് കോളെടുത്തു.

‘ശ്യാംലാല്‍ജീ.. ക്യാ ഹാല്‍ ഹൈ?’ (ശ്യാംലാലേ എന്തുണ്ട് വിശേഷം?)

എന്നെ ഇത്ര നന്നായി പരിചയമുള്ള ഏതു ഗോസായിയാടാ വിളിക്കുന്നത് എന്ന് അമ്പരന്നു നിന്നു.

‘ഹാംജീ. ശ്യാംലാല്‍ ബോല്‍ രഹാ ഹൂം. ആപ് കോന്‍?’ (അതെ, ശ്യാംലാലാണ് സംസാരിക്കുന്നത്. അങ്ങ് ആരാണ്?)

‘അരേ യാര്‍ പെഹ്ച്ചാനാ നഹീ? ഹം മനീഷ്. അത്‌ലറ്റിക് ഫെഡറേഷന്‍ സേ.’ (അയ്യോ സുഹൃത്തേ എന്നെ മനസ്സിലായില്ലേ. മനീഷാണ്. അത്‌ലറ്റിക് ഫെഡറേഷനില്‍ നിന്ന്.)

AFI.jpg

ഞാന്‍ ചെറുതായൊന്ന് അമ്പരന്നു. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന അഫിയില്‍ ഒരു മനീഷ് കുമാറിനെ മാത്രമേ എനിക്കറിയാവൂ. അയാള്‍ ഇപ്പോള്‍ സംഘടനയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ്. 2010ല്‍ മാതൃഭൂമിക്കു വേണ്ടി ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ പരിചയപ്പെട്ടതാണ്. അന്നദ്ദേഹം അഫി ഭാരവാഹിയല്ല. ഏതോ ഒരു കായിക സംഘടനയുടെ പ്രതിനിധി ആയിരുന്നു എന്നാണ് ഓര്‍മ്മ. ദില്ലി നഗരത്തില്‍ നിന്ന് ദക്ഷിണ ദില്ലിയിലുള്ള ഡോ.കര്‍ണി സിങ് ഷൂട്ടിങ് റെയ്ഞ്ചിലേക്കുള്ള ബസ്സില്‍ ഒരു ദിവസം അടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തു. എനിക്ക് ഹിന്ദി അറിയാമായിരുന്നത് ആ ഒരു മണിക്കൂര്‍ യാത്രയ്ക്കിടെ ഞങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം എളുപ്പമാക്കുകയും സൗഹൃദം രൂപപ്പെടുത്തുകയും ചെയ്തു.

മാതൃഭൂമിയിലാണ് ജോലി എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ചത് വി.രാജഗോപാലിനെപ്പറ്റി. കേരളം കണ്ട ഏറ്റവും പ്രമുഖരായ സ്‌പോര്‍ട്‌സ് ലേഖകരില്‍ ഒരാള്‍, ഞങ്ങളുടെ ചീഫ്. അദ്ദേഹവും ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ മനീഷിനു വലിയ സന്തോഷം. അത്‌ലറ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും വിളിക്കണമെന്നും രാജഗോപാലിനെ കണ്ടിട്ട് കുറെക്കാലമായെന്നും പറഞ്ഞു. അപ്പോള്‍ത്തന്നെ ഫോണ്‍ നമ്പറും തന്നു. ചീഫിനെ അറിയാത്തവര്‍ കായികരംഗത്ത് ആരുമില്ലല്ലോ എന്ന് ഞാന്‍ അത്ഭുതം കൂറി. കേരളത്തിലെ മാധ്യമങ്ങളില്‍ മലയാള മനോരമയെക്കുറിച്ചും മനീഷിന് നല്ല ധാരണ. മനോരമയെക്കുറിച്ചു പറഞ്ഞപ്പോള്‍ ഞങ്ങളുടെ മുന്‍സീറ്റിലിരുന്ന നീരു ഭാട്യ സംശയദൃഷ്ടിയോടെ തിരിഞ്ഞുനോക്കിയത് ഇന്നും ഓര്‍മ്മയിലുണ്ട്. ദ വീക്ക് ലേഖികയായ അവരാണ് മനോരമയ്ക്കു വേണ്ടി ഷൂട്ടിങ് കവര്‍ ചെയ്തത്.

ആ യാത്രയ്ക്കിടയില്‍ ഞങ്ങള്‍ കൂടുതലും ചര്‍ച്ച ചെയ്തത് ഫുട്ബാളാണ്. അക്കാലത്തെ പ്രശസ്തരായ അന്താരാഷ്ട്ര താരങ്ങളുടെ പേരുകള്‍ ഞങ്ങളുടെ നാവുകളിലൂടെ കയറിയിറങ്ങിപ്പോയി. പിന്നീട് ഷൂട്ടിങ് റേഞ്ചില്‍ മനീഷിന്റെ സ്വാധീനമുപയോഗിച്ച് ഗഗന്‍ നരംഗിന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖവും സംഘടിപ്പിച്ചു. പിരിയുമ്പോള്‍ എന്റെ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറുമെല്ലാമുള്ള മാതൃഭൂമി വിസിറ്റിങ് കാര്‍ഡ് കൈമാറി. അക്കാലത്ത് ഇടയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു. അഫി ചീഫ് ഓപ്പറ്റേറ്റിങ് ഓഫീസര്‍ സ്ഥാനമേറ്റപ്പോഴും വിളിച്ചു, വാര്‍ത്തയും ചിത്രവും നല്‍കണം എന്ന അഭ്യര്‍ത്ഥനയുമായി. പിന്നെ കാര്യമായി ഒരനക്കവുമില്ല.

മനീഷ് പതിയെ കാര്യത്തിലേക്കു കടന്നു. ഒരു പ്രസ് റിലീസ് ഇ-മെയില്‍ ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരിക്കണം. ഞാനിപ്പോഴും മാതൃഭൂമിയിലാണെന്നാണ് അദ്ദേഹത്തിന്റെ വിചാരം. തിരുത്താന്‍ പോയില്ല. തിരുത്തിയാല്‍ പിന്നെ കാര്യകാരണങ്ങള്‍ വിശദീകരിച്ച് അര മണിക്കൂര്‍ പോകും. ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും മാറാതിരുന്നത് ഭാഗ്യമായി.

പ്രസിദ്ധീകരിക്കണം എന്നു സി.ഒ.ഒ. നേരിട്ടു വിളിച്ചു പറയാന്‍ തക്ക പ്രാധാന്യമുള്ള റിലീസ് എന്താണാവോ? ചോദിച്ചു. മറുപടിയും കിട്ടി. അഞ്ജു ബോബി ജോര്‍ജ്ജിന് അഫി പിന്തുണ പ്രഖ്യാപിക്കുന്നതാണ്. അവരോട് സര്‍ക്കാര്‍ ചെയ്തത് ശരിയായില്ല. അഞ്ജുവിന്റെ മഹത്വം വാഴ്ത്തിക്കൊണ്ട് 5 മിനിറ്റ് ക്ലാസ്!

മനീഷ് പറഞ്ഞതൊന്നും എതിര്‍ക്കാന്‍ പോയില്ല. വിശദീകരിച്ചുമില്ല. പറഞ്ഞിട്ട് കാര്യമില്ല എന്നതു തന്നെ. വാര്‍ത്ത കൊടുക്കാം എന്നുറപ്പ് പറഞ്ഞ് ഒഴിവാക്കി. അപ്പോഴുണ്ട് മനീഷിന്റെ ഡിമാന്‍ഡ്. അച്ചടിച്ചുവന്ന വാര്‍ത്തയുടെ പി.ഡി.എഫ്. അയച്ചുകൊടുക്കണം. കുഴഞ്ഞല്ലോ എന്റെ ശ്രീപദ്മനാഭാ!!

‘ഐ വില്‍ സെന്‍ഡ് യു ദ വെബ്‌സൈറ്റ് യു.ആര്‍.എല്‍. ദാറ്റ് വില്‍ ബി ഈസി’. (വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ് വിലാസം അയച്ചുതരാം. അതാണ് എളുപ്പം.)

ഇനി എഴുതാതെ പറ്റില്ലല്ലോ. മനീഷിന് ലിങ്ക് നല്‍കണം. എന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് എനിക്ക് എഴുതാനാവുന്നത്. ഇ-മെയില്‍ തുറന്നു. രാത്രി 8.15ന് മനീഷിന്റെ മെയിലുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഐ.ഡിയില്‍ നിന്നാണ്. വേറെ ആര്‍ക്കൊക്കെ ഉണ്ടെന്നു നോക്കി. എനിക്കു പുറമെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്കു മാത്രമേയുള്ളൂ. പി.ടി.ഐയിലെ എം.ആര്‍.മിശ്രയ്ക്ക് <mrm@pti.in>, <ptisports@yahoo.co.in> എന്നീ വിലാസങ്ങളില്‍. എല്ലാവര്‍ക്കും അയച്ചിട്ടുണ്ടാവും. എനിക്കും മിശ്രയ്ക്കും മനീഷ് നേരിട്ട് അയച്ചതായിരിക്കും എന്നു കരുതുന്നു.

Microsoft Word - AFI-PR-June 12

കൂട്ടത്തിലൊരാള്‍ അപകടത്തില്‍പ്പെട്ടാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത് മറ്റുള്ളവരുടെ കടമയാണ്. വിഷയത്തിലെ ശരിതെറ്റുകള്‍ അപ്പോള്‍ വിലയിരുത്തപ്പെടാറില്ല. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയ്തത് അതു തന്നെയാണ്. അഞ്ജുവിന് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും. ഇങ്ങനെയാണ് അഫിയുടെ പ്രസ്താവനയുടെ മലയാള പരിഭാഷ പൂര്‍ണ്ണ രൂപം.

അഞ്ജു ബോബി ജോര്‍ജ്ജിന് അഫിയുടെ പിന്തുണയും ഐക്യദാര്‍ഢ്യവും

ന്യൂഡല്‍ഹി, ജൂണ്‍ 12, 2016: ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്നുവരെ രാജ്യത്തിലെ ഏറ്റവും വലിയ നേട്ടത്തിനുടമായ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേത്രി അഞ്ജു ബോബി ജോര്‍ജ്ജിനോട് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

തന്റെ അത്‌ലറ്റിക്‌സ് കരിയറില്‍ മുഴുവന്‍ രാജ്യത്തിന് ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച, കായിക ജീവിതത്തിലും പൊതു ജീവിതത്തിലും അങ്ങേയറ്റം വിശ്വാസ്യത പുലര്‍ത്തുന്ന, കായികരംഗത്തെ നിഷ്‌കാമ കര്‍മ്മിയായ, രാജ്യത്തെമ്പാടുമുള്ള യുവതാരങ്ങള്‍ക്കും മുതിര്‍ന്ന താരങ്ങള്‍ക്കും ഒരുപോലെ പ്രചോദനമായ ലോങ് ജംപിലെ ഈ ഇതാഹാസ താരത്തിന് സര്‍വ്വവിധ പിന്തുണയും നല്‍കണമെന്ന് കേരളാ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.

ഇന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ അഫി ഇപ്രകാരം പറയുന്നു: ‘അന്താരാഷ്ട്ര അമച്വര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്നു വരെ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റ് എന്ന നിലയില്‍ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച അത്‌ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്ജെന്നു വേണമെങ്കില്‍ പറയാം. അഞ്ജു തളര്‍ച്ച കൂടാതെ ഇന്ത്യന്‍ അത്‌ലറ്റിക്‌സന് ചെയ്ത നിസ്സ്വാര്‍ത്ഥ സേവനങ്ങളെ ഇവിടത്തെ അത്‌ലറ്റിക്‌സ് കുടുംബം അഭിവാദ്യം ചെയ്യുകയും ഈ ഘട്ടത്തില്‍ അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യുന്നു. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ ആത്മവിശ്വാസത്തോടെ ചുമതലകള്‍ നിറവേറ്റാന്‍ അഞ്ജു ബോബി ജോര്‍ജ്ജിന് എല്ലാവിധ പ്രോത്സാഹനവും നല്‍കണമെന്ന് കേരളാ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. അഞ്ജു ബോബി ജോര്‍ജ്ജും കുടുംബവും കേരളത്തിലെ തന്നെ അപൂര്‍വ്വ കായിക കുടുംബമാണ്. അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസ് അന്താരാഷ്ട്ര പരിശീക ലൈസന്‍സിനുടമയും ഏഷ്യന്‍ ഗെയിംസടക്കം ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായിരുന്നയാളുമാണ്. അവരുടെ സംഭാവനകള്‍ അംഗീകരിക്കുന്നതിനു പകരം അനാവശ്യ വിമര്‍ശനം ഉയര്‍ത്തിയത് ഞങ്ങളെ ഞെട്ടിക്കുന്നു. കായികരംഗം എപ്പോഴും രാഷ്ട്രീയത്തിനതീതമായിരിക്കണം. ഇന്ത്യന്‍ കായികരംഗത്തിന് അഞ്ജു ബോബി ജോര്‍ജ്ജ് നല്‍കിയ സംഭാവനകളെ അഫി അങ്ങേയറ്റം ശ്ലാഘിക്കുന്നു.’

അഞ്ജുവിന് പിന്തുണ നല്‍കുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ, അഞ്ജുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് അതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണം എന്ന് അഫി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അതിനു കൂടുതല്‍ മാന്യതയും വിശ്വാസ്യതയും ഉണ്ടായേനേ. പോള്‍ വോള്‍ട്ടില്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ 6 ദേശീയ റെക്കോര്‍ഡടക്കം വിവിധ മീറ്റുകളില്‍ നിന്ന് 11 സ്വര്‍ണ്ണം വാരിക്കൂട്ടിയ മരിയ ജെയ്‌സണ്‍ എന്ന പ്രതിഭയെ സ്വന്തം അക്കാദമിയുടെ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ തിരുകിക്കയറ്റാന്‍ ബ്രെയിന്‍ വാഷ് ചെയ്ത് ലോങ് ജംപിലേക്കു തിരിച്ചതടക്കം കളിക്കളത്തിലെ മാന്യതയ്ക്കു നിരക്കാത്ത ചില കാര്യങ്ങള്‍ അഞ്ജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നു പറയുന്നത് സത്യം തന്നെയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയിലെ സ്വാധീനം ഉപയോഗിച്ച് അഞ്ജു ബോബി സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് താരങ്ങളെ പിടിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് സായി ഡയറക്ടര്‍ ജനറല്‍ ഇഞ്ചെതി ശ്രീനിവാസ് പങ്കെടുത്തതടക്കമുള്ള യോഗങ്ങളുടെ മിനിട്ട്‌സും മറ്റു തെളിവുകളുമുണ്ട്. ഇതെല്ലാം പരിശോധിക്കപ്പെടണ്ടേ? അഞ്ജുവിന്റെ സഹോദരന്‍ നിശ്ചിത യോഗ്യതയില്ലാതെ കൗണ്‍സിലില്‍ നിയമനം നേടിയെന്ന ആക്ഷേപത്തിലും ആഫി അന്ധമായി അജിത് മാര്‍ക്കോസിനെ പിന്തുണയ്ക്കുകയാണ്.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിയുണ്ടെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞത് ശരിവെച്ചുകൊണ്ട് അഞ്ജു തന്നെ അദ്ദേഹത്തിന് തുറന്ന കത്തെഴുതിയിട്ടുണ്ട്. അഴിമതിയുടെ കാര്യം ഫയലാക്കി വിശദീകരണം ചോദിക്കുന്ന കടലാസ് കൈയില്‍ കൊടുക്കുന്നതിനു പകരം നേരിട്ടന്വേഷിച്ച് ഉച്ചത്തില്‍ സംസാരിച്ചു എന്നതാണ് മന്ത്രിക്കെതിരായ പരാതി. അതാണ് അദ്ദേഹം കാട്ടിയ മണ്ടത്തരവും. ഇപ്പോള്‍ തുറന്ന കത്തെഴുതിയ അഞ്ജു പ്രസിഡന്റായി സ്ഥാനമേറ്റ ശേഷമുള്ള കഴിഞ്ഞ 6 മാസം അഴിമതിക്കെതിരെ എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തമാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതി നടമാടുന്നു എന്ന് അഞ്ജു അറിയാന്‍ ജയരാജന്‍ പൊട്ടിത്തെറിക്കേണ്ടി വന്നു! ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം എന്ന ടോപ്‌സ് മേധാവിയെ പിന്തുണയക്ക്കാന്‍ അഫി രംഗത്തുവരുന്നത് സ്വാഭാവികം. പക്ഷേ, നിജസ്ഥിതി അവര്‍ക്ക് അറിയില്ലെന്ന് പത്രക്കുറിപ്പിലെ ഒരോ വരിയും വ്യക്തമാക്കുന്നു. അഞ്ജു പറഞ്ഞത് മാത്രം കേട്ടുള്ള പ്രസ്താവന എന്ന് ആരെങ്കിലും കരുതിപ്പോയാല്‍ തെറ്റു പറയാനാവില്ല. അഞ്ജുവിനു വേണ്ടി അഫിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നേരിട്ടിറങ്ങുക എന്നു വെച്ചാല്‍!

അഫി ഒരു കാര്യം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ അഞ്ജുവിന് സാഹചര്യമൊരുക്കണമെന്ന്. കൗണ്‍സിലില്‍ നോമിനേഷന്‍ രീതി അവസാനിപ്പിച്ച് ജനാധിപത്യ സംവിധാനം കൊണ്ടുവരും എന്ന് കായിക മന്ത്രി ഇ.പി.ജയരാജന്‍ പ്രഖ്യാപിച്ചത് പ്രസിഡന്റ് കസേരയില്‍ അഞ്ജുവിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ്. അഫിയുടെ പ്രസ്താവനയിലൂടെ അതു തടയാമെന്നാണോ അഞ്ജു കരുതുന്നത്?

അഞ്ജുവിനെ പിന്തുണയ്ക്കാനും പ്രശംസിക്കാനുമുള്ള വ്യഗ്രതയില്‍ അഫി തല മറന്ന് എണ്ണതെയ്ക്കുന്നുമുണ്ട്. മില്‍ഖാ സിങ്ങും പി.ടി.ഉഷയുമൊക്കെ ജീവിച്ചിരിക്കുമ്പോള്‍ അഞ്ജു ബോബി ജോര്‍ജ്ജിനെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഏറ്റവും മികച്ച അത്‌ലറ്റാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടി എന്നതാണോ മികവിന്റെ അളവുകോല്‍? മില്‍ഖയും ഉഷയും പൊരുതിക്കയറി വന്ന സാഹചര്യം നോക്കുമ്പോള്‍ അഞ്ജുവിന്റെ നേട്ടം ഒന്നുമല്ല.

Previous articleതുറന്ന കത്തിലെ കുത്ത്
Next articleഒരു പറ്റുതീര്‍ക്കല്‍ കഥ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here