HomeGOVERNANCEക്യാബിനറ്റ് ബ...

ക്യാബിനറ്റ് ബ്രീഫിങ്

-

Reading Time: 10 minutes

മൊബൈല്‍ ഫോണില്‍ ‘സൈലന്റ് മോഡ്’ എന്നു മാറ്റി ഒരു കൂട്ടര്‍ ‘മന്‍മോഹന്‍ മോഡ്’ എന്നു ട്രോളി.
ഭരണം മാറിയപ്പോള്‍ ‘മന്‍മോഹന്‍ മോഡ്’ മാറ്റി ട്രോളര്‍മാരുടെ നേതാവിന്റെ പേരിട്ടു ‘മോദി മോഡ്.’
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ മടി കാട്ടിയതിന്റെ പേരിലായിരുന്നു ഈ ‘മോഡ്’.
കേന്ദ്രത്തിലെ ഈ കളികള്‍ കണ്ട് ഇങ്ങ് കേരളത്തിലുള്ളവര്‍ ആര്‍ത്തുചിരിച്ചു.
അതാ വരുന്നു നമുക്കിട്ട് പണി.
ഇപ്പോള്‍ മൊബൈലില്‍ ‘പിണറായി മോഡ്’ ആണ്.

Cabinet 3.JPG

ഭരണകര്‍ത്താക്കള്‍ മാധ്യമങ്ങളോടു സംസാരിക്കുന്നത് നല്ലതാണ്. എന്തുകൊണ്ട്? മാധ്യമ പ്രവര്‍ത്തകരിലൂടെ പുറത്തുവരുന്നത് ജനങ്ങളുടെ ചോദ്യങ്ങളാണ്, ഒരു പരിധി വരെയെങ്കിലും. അതില്ലാതാവുമ്പോള്‍ സര്‍ക്കാരിലെ ജനകീയ പങ്കാളിത്തമാണ് ഇല്ലാതാവുന്നത്. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയും ഒരു കാര്യത്തില്‍ ഇപ്പോള്‍ സമാനമനഃസ്ഥിതി ഉള്ളവരാണ്. ഇരുവരു പ്രസംഗത്തില്‍ വിശ്വസിക്കുന്നു. അത് ഒരു ഭാഗത്തേക്കു മാത്രമുള്ളതാണ്. നേതാവ് പറയുന്നു, നമ്മള്‍ കേള്‍ക്കുന്നു. ആശയവിനിമയത്തില്‍ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞാല്‍ അങ്ങോട്ടു ചോദ്യം പാടില്ല എന്നര്‍ത്ഥം. ഒന്നും പറയാന്‍ പാടില്ല. ഇതിനെ ഫാസിസം എന്നൊക്കെ പറയുന്നവരുണ്ട്. ഞാനേതായാലും അതിനു മുതിരുന്നില്ല. ഇതിനൊപ്പം മറ്റു പലതും ചേരുമ്പോഴാണ് ഫാസിസമാവുന്നത്. പക്ഷേ, അതിലേക്ക് അധികം ദൂരമില്ല.

പിണറായിക്കു സംഭവിച്ച മാറ്റം തീര്‍ത്തും അവിശ്വസനീയമാണ്. സി.പി.എം. സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ നേരിട്ടു കാണുന്ന പതിവു തുടങ്ങിയ ആദ്യത്തെ സെക്രട്ടറിയാണ് പിണറായി വിജയന്‍. പാര്‍ട്ടിക്കകത്തെ തര്‍ക്കങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കാനും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അവിടെ അവസരമുണ്ടായിരുന്നു. വി.എസ്.അച്യുതാനന്ദനും ഇ.കെ.നായനാരുമടക്കം അതിനു മുമ്പുള്ള സെക്രട്ടറിമാരെല്ലാം ഒരു പത്രക്കുറിപ്പിലൂടെ മാത്രം വിവരം കൈമാറുന്നവരായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ആയതോടെ മാധ്യമപ്രവര്‍ത്തകര്‍ പിണറായിക്കു തൊട്ടുകൂടാത്തവരായോ? ‘മാധ്യമ ഉപദേശം’ ആയിരിക്കാം പിണറായിയുടെ ഈ നയത്തിനു പിന്നില്‍.

Sunitha.jpg
സുനിത ദേവദാസ്

പക്ഷേ, ക്യാബിനറ്റ് ബ്രീഫിങ് ഒഴിവാക്കിയ പിണറായി വിജയന്റെ നടപടി ശ്ലാഘനീയമാണെന്ന അഭിപ്രായപ്രകടനം നടത്തുന്നവരുണ്ട്. എന്റെ സുഹൃത്തുക്കളായ സുനിത ദേവദാസ്, ടി.ഗോപകുമാര്‍ എന്നിവര്‍ അതിലുള്‍പ്പെടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരുമെഴുതിയ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയായിരുന്ന ആളാണ് സുനിത. ഗോപന്‍ മാധ്യമപ്രവര്‍ത്തകനല്ല. സുനിത മാധ്യമപ്രവര്‍ത്തകയെങ്കിലും ക്യാബിനറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. ക്യാബിനറ്റ് ബ്രീഫിങ്ങിനെത്തുന്ന മുഴുവന്‍ പത്രക്കാരും കുഴപ്പക്കാരാണെന്നൊക്കെ പറയുന്നത് അതിനാലാണ്. സുനിതയുടെയും ഗോപന്റെയും പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ അതിനുള്ള മറുപടിക്ക് പ്രസക്തിയുള്ളൂ.

സുനിതയുടെ കുറിപ്പ് ആദ്യം വരട്ടെ.

ക്യാബിനറ്റ് ബ്രീഫിങ് നടക്കാത്തതില്‍ ‘ചില’ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള യഥാര്‍ത്ഥ പ്രശ്‌നമെന്ത്?
കേരളത്തില്‍ ആയിരക്കണക്കിനു മാധ്യമപ്രവര്‍ത്തകരുണ്ട്. അതില്‍ 20 പേര്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍ പണി നടത്തി പണമുണ്ടാക്കുന്നവരാണ്. ഇവര്‍ക്കാണ് ക്യാബിനറ്റ് ബ്രീഫീങ് നടക്കാത്തതില്‍ ഇപ്പോള്‍ അസഹനീയമായ സങ്കടം. കാരണമെന്താണ്? ഇവരുടെ ബിസിനസ് പൊട്ടി.
ക്യാബിനറ്റ് ബ്രീഫിങ് എന്നാല്‍ വെറും ഒരു കോമാളി പരിപാടിയാണ്. മണിക്കൂറുകള്‍ക്കു മുമ്പേ മാധ്യമപ്രവര്‍ത്തകര്‍ വന്ന് സീറ്റു പിടിക്കുന്നു. സീറ്റുകള്‍ പോലും പലപ്പോഴും ബുക്ക്ഡാണ്. മുഖ്യമന്ത്രിയുടെ വലതു വശവും ഇടതു വശവും എല്ലാ ബീഫിങ്ങിനും സ്ഥിരം ഇരിക്കുന്നത് ഒരേ പത്രങ്ങളുടെ പ്രതിനിധികളാണ്. ഈ സീറ്റു നിര്‍ണയമൊക്കെ ആരു നടത്തിയതാണ്?
ക്യാബിനറ്റ് ബ്രീഫിങ്ങിന് മുഖ്യമന്ത്രി വരുമ്പോഴാണ് ‘ചില’ പത്രക്കാര്‍ കാര്യം സാധിക്കുന്നത്… നിങ്ങള്‍ കരുതും വല്ല എക്‌സ്‌ക്ലൂസിവ് വാര്‍ത്തയും സംഘടിപ്പിക്കുന്ന കാര്യമായിരിക്കും എന്ന്.. അല്ല… സ്ഥലമാറ്റം, നിയമനം, ചില ചെറിയ കോണ്‍ട്രാക്ടുകള്‍ ഒപ്പിക്കല്‍ തുടങ്ങി തനി ചീപ്പായ ചില ആവശ്യങ്ങള്‍ നേടിയെടുക്കും.
അപ്രിയ സത്യങ്ങള്‍ പറയാതിരുന്നാല്‍ അവ ഇല്ലാതാവില്ല. അതിനാല്‍ ഈ അപ്രിയ സത്യവും പറയാതെ വയ്യ. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ഞങ്ങള്‍ക്ക് വലിയ അടുപ്പമുണ്ടെന്നു കാണിക്കേണ്ടത് ‘ചില’ പത്രക്കാരുടെ വയറ്റുപിഴപ്പാണ്… അങ്ങനെയാണവര്‍ പൊതുജനങ്ങളെ പറ്റിക്കുന്നത്.. മുഖ്യമന്ത്രി മുമ്പ് സൂചിപ്പിച്ച അവതാരങ്ങള്‍ എന്ന വിശേഷണത്തിന് സര്‍വഥാ യോഗ്യരാണ് തിരുവനന്തപുരത്തെ ‘ചില’ പത്രപ്രവര്‍ത്തകര്‍…
ബാറുകള്‍ പൂട്ടിയപ്പോള്‍ ബാറുടമകള്‍ നിലവിളച്ചതോര്‍മയുണ്ടോ? തൊഴിലാളികള്‍ പട്ടിണിയിലാവുമെന്നും വ്യാജമദ്യം ഒഴുകുമെന്നും പറഞ്ഞ്?
അതേ നിലവിളിയാണിപ്പോള്‍ ചില പത്രക്കാരും നടത്തുന്നത്. വാര്‍ത്തകളറിയാന്‍ പറ്റുന്നില്ലേ… ഞങ്ങള്‍ക്ക് ജനങ്ങളെ വികസന വാര്‍ത്തകള്‍ അറിയിക്കണേന്ന്…. അയ്യേ….
ബുധനാഴ്ചകളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റില്‍ ഉണ്ടാവും. അപ്പോള്‍ കയറിയിറങ്ങി കാര്യം നടത്താന്‍ എളുപ്പമായിരുന്നു. ആ ബിസിനസ് ദിവസം നഷ്ടപ്പെട്ടാല്‍ ,നല്ല ലാഭമുള്ള ഒരു വ്യവസായം പൊളിഞ്ഞാല്‍ സ്വാഭാവികമായും ഉടമസ്ഥര്‍ക്ക് അസ്വസ്ഥത കാണുമല്ലോ… ആ വെറും നഷ്ടബോധമായി കരുതിയാല്‍ മതി ഈ പതം പറച്ചിലും കരച്ചിലുമൊക്കെ.
ഇപ്പോള്‍ ക്യാബിനറ്റ് ബ്രീഫിങ് ഇല്ലാതായതോടെ ഇവരുടെ ബിസിനസ് പൊട്ടി. അതാണ് ഇവരുടെ നിലവിളിയുടെ അടിസ്ഥാനം. അല്ലാതെ വാര്‍ത്തകളറിയാനും വികസന വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനുമുള്ള അടങ്ങാത്ത ആഗ്രഹമൊന്നുമല്ല ഈ പതം പറച്ചില്‍. അങ്ങനായിരുന്നെങ്കില്‍ കാബിനറ്റ് ബ്രീഫിങ് കഴിഞ്ഞാല്‍ ഇവരെന്നെങ്കിലും മുഖ്യമന്ത്രി ഔദ്യോഗികമായി പറഞ്ഞ ഒരു വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ടോ?
സത്യത്തില്‍ ക്യാബിനറ്റ് ബ്രീഫിങ് ഇല്ലാതായതോടെയാണ് പൊതുജനങ്ങള്‍ക്ക് ചെവിതല കേള്‍ക്കാന്‍ തുടങ്ങിയത്. വിവാദങ്ങള്‍ പത്തിലൊന്നായി കുറഞ്ഞു.
ബുധനാഴ്ചകളില്‍ കേരളം കണ്ടിരുന്ന ഏറ്റവും വലിയ അശ്ലീലമായിരുന്നു ക്യാബിനറ്റ് ബ്രീഫിങ് എന്നു തന്നെ ആവര്‍ത്തിക്കുന്നു. അതവസാനിച്ചതിലുള്ള സന്തോഷവും ആശ്വാസവും പങ്കു വെയ്ക്കുന്നു. കാരണം അധികാരത്തിന്റെ ഇടനാഴികളിലെ ചില ദല്ലാള്‍മാരെ പുറംതള്ളാന്‍ ഈ തീരുമാനം കൊണ്ട് കഴിഞ്ഞു.
ക്യാബിനറ്റ് ബ്രീഫിങ് നിര്‍ത്തിയതു കൊണ്ടുള്ള നേട്ടങ്ങള്‍.
1. അധികാരത്തിന്റെ ഇടനാഴിയില്‍ നിന്നും കുറേയധികം ദല്ലാള്‍മാരെ പുറന്തള്ളാന്‍ കഴിഞ്ഞു.
2. മുഖ്യമന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും മാധ്യമപ്രവര്‍ത്തകരുടേയും വിലപ്പെട്ട സമയം ലാഭിക്കാന്‍ കഴിഞ്ഞു.
3. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു.
ഇനി ചെയ്യേണ്ടത്….
1. പി.ആര്‍.ഡി. എന്നൊരു സാധനം പൊടി പിടിച്ച് സെക്രട്ടറിയേറ്റിന്റെ മൂലയില്‍ കിടപ്പുണ്ട്. അതൊന്ന് പൊടിതട്ടിയെടുത്ത് ഭരണവാര്‍ത്തകള്‍ അപ്പപ്പോള്‍ അപലോഡ് ചെയ്യണം. ക്യാബിനറ്റ് തീരുമാനങ്ങളും സൈറ്റില്‍ വരട്ടെ. വെറുതേ ശമ്പളം വാങ്ങി കുത്തിയിരിക്കുന്ന കുറേ പേരുണ്ട് അവിടെ… അവരെയൊക്കെ ഒന്ന് പണിയെടുക്കാന്‍ ട്രെയിനിങ് കൊടുക്കണം.
2. ഭരണം എന്നാല്‍ മുഖ്യമന്ത്രിയല്ല. അതാതു മന്ത്രിമാരുടെ വകുപ്പുകളില്‍ നടക്കുന്ന തീരുമാനങ്ങളും വികസനപ്രവര്‍ത്തനങ്ങളും മന്ത്രിമാര്‍ തന്നെ പത്രസമ്മേളനം വിളിച്ച് ജനങ്ങളേയും മാധ്യമങ്ങളേയും അറിയിക്കട്ടെ. പ്രധാനപ്പെട്ട കാര്യങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രിയും വാര്‍ത്താ സമ്മേളനം നടത്തട്ടെ…
ഇത്രയേ ഇപ്പോള്‍ ആവശ്യമുള്ളു. ഇത്രമാത്രം… അല്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയെ മണിയടിക്കാനും വിവാദങ്ങള്‍ മാത്രം ഉണ്ടാക്കാനുമുള്ള ക്യാബിനറ്റ് ബ്രീഫിങ്ങുകള്‍ നമുക്ക് വേണ്ട.. ഇങ്ങനെ തന്നെയാണ് മാറ്റം വരേണ്ടത്… തെറ്റുകള്‍ തിരുത്തേണ്ടത്.
ജീവിതത്തില്‍ ആദ്യമായി പിണറായിയെ അഭിനന്ദിച്ചു കൊണ്ട് രണ്ടു വാക്ക് എഴുതുന്നു…
നന്നായി സഖാവേ… നന്നായി… ഇങ്ങനെ തന്നെയാണ് മുന്നോട്ടു പോവേണ്ടത്.. ഇതു തന്നെയാണ് ശരി.
അങ്ങ് ജനങ്ങളുടെ മുഖ്യമന്ത്രിയാണാവേണ്ടത്…അല്ലാതെ ഉപജാപകസംഘങ്ങളുടെ മുഖ്യമന്ത്രിയല്ല…
ധീരമായ തീരുമാനത്തിന് ജനപക്ഷത്തു നിന്നും അഭിനന്ദനങ്ങള്‍……

ഇനി ഗോപന്റെ കുറിപ്പ്.

ക്യാബിനറ്റ് ബ്രീഫിങ് ഇല്ലാത്തതുകൊണ്ട് ശ്വാസം മുട്ടി ചത്തുപോകാന്‍ സാധ്യതയുള്ള മാധ്യമ സുഹൃത്തുക്കളോട് സ്‌നേഹപൂര്‍വം പറയട്ടെ, ക്യാബിനറ്റ് ബ്രീഫിങ് ഇനി ഇല്ല എന്നാരും പറഞ്ഞിട്ടില്ല. ഒന്നാം ക്യാബിനറ്റ് കഴിഞ്ഞ് ബ്രീഫിങ് ഉണ്ടായിരുന്നല്ലോ? അതുകഴിഞ്ഞ് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ ക്ഷണിച്ചപ്പോള്‍ മുഖ്യമന്ത്രി വന്നിരുന്നുവല്ലോ? അതിനും ശേഷം ആവശ്യമുള്ള പത്രക്കാര്‍ പലയിടത്തും വച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നല്ലോ? അദ്ദേഹം ഒന്നും മിണ്ടാതെ ഓടിക്കളഞ്ഞില്ലല്ലോ? ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞിട്ടുണ്ടല്ലോ?
അപ്പൊ പ്രശ്‌നം ചോദ്യം ചോദിക്കലോ സംവാദമോ അല്ല അല്ലേ?
തനിക്ക് പറയാന്‍ പ്രധാന വിഷയങ്ങളുണ്ടെങ്കില്‍ പ്രസ്സ് വിളിക്കും എന്നല്ലേ മുഖ്യമന്ത്രി പറഞ്ഞത്? നിങ്ങള്‍ക്ക് ചോദിക്കാനുണ്ടെങ്കില്‍ അങ്ങോട്ടു ചെന്നോ വിളിച്ചോ ചോദിക്കാം. പറയാന്‍ പ്രത്യേകിച്ചൊന്നും ഇല്ലാതെ പത്രസമ്മേളനമെന്ന അനുഷ്ടാനം കൊണ്ടു നടക്കുന്നത് മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സമയം വെറുതെ കളയലാവില്ലേ?
നേരത്തേ സീറ്റും റിസര്‍വ്വ് ചെയ്ത് വെടിവട്ടത്തിനുള്ള ഒരുക്കവുമായി എത്തുന്നവര്‍ക്കായി സമയം മാറ്റിവയ്ക്കാനില്ലെന്ന് തന്നെയാണ് മുഖ്യമന്ത്രി പറയാതെ പറയുന്നത്. അത് മനസ്സിലാവാത്തത് ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാവിനും മാത്രമാണ് സര്‍.
മാധ്യമ പരിലാളനയ്ക്കായി കയ്യും നീട്ടി വിതുമ്പി നില്‍ക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ ക്ഷമിക്കൂ, അദ്ദേഹത്തിന് താത്പര്യമില്ലെന്ന് തോന്നുന്നു.
അല്ലങ്കില്‍ത്തന്നെ നിങ്ങളെന്തിന് വിഷമിക്കുന്നു ബ്രോസ്, ഒരു ചോദ്യവും ഉത്തരവും ഇല്ലാതെ കമലാ ഇന്റര്‍നാഷണലും തലപരിശോധനയുമെല്ലാം ചുട്ടെടുത്ത അടുപ്പുകള്‍ ഇപ്പൊഴും കൈവശമില്ലേ?

Gopa Kumar.jpg
ടി.ഗോപകുമാർ

വിവരക്കേട് ആരു പറഞ്ഞാലും വിവരക്കേട് തന്നെയാണ്, അതു സുഹൃത്തുക്കളായാലും. തിരുവനന്തപുരത്ത് ദല്ലാള്‍ പണി നടത്തി പണമുണ്ടാക്കുന്ന 20 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ക്യാബിനറ്റ് ബ്രീഫിങ് നടക്കാത്തതിന്റെ പ്രശ്‌നമെന്ന് സുനിത പറയുന്നു. ഇങ്ങനൊക്കെ പറഞ്ഞാല്‍ എന്തു ചെയ്യും? ആ പട്ടിക ഒന്നു വെളിപ്പെടുത്താമോ? ദല്ലാള്‍ പണി നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെന്തിനാ ക്യാബിനറ്റ് ബ്രീഫിങ്. അത്തരക്കാരുടെ മുന്നില്‍ സെക്രട്ടേറിയറ്റിന്റെ കവാടങ്ങള്‍ 24 മണിക്കൂറും തുറന്നുകിടക്കുക തന്നെയാണ്, ആരു ഭരിച്ചാലും. സരിത എസ്.നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കടന്നുകയറി എല്ലാ കാര്യങ്ങളും സാധിച്ചെടുത്തത് ക്യാബിനറ്റ് ബ്രീഫിങ്ങിലൂടെ ആണല്ലോ അല്ലേ! ക്യാബിനറ്റ് ബ്രീഫിങ്ങില്‍ മുഖ്യമന്ത്രിയെ മാത്രമല്ലേ കാണാനാവൂ. അപ്പോള്‍ ബാക്കി മന്ത്രിമാരെ കാണണമെങ്കില്‍ എന്തു ചെയ്യണമെന്നു വിമര്‍ശകര്‍ പറയൂ. ദല്ലാള്‍മാരുടെ കച്ചവടമെല്ലാം മുഖ്യമന്ത്രി തന്നെ നേരിട്ടു നടത്തിക്കൊടുക്കുകയാണോ പതിവ്?

ക്യാബിനറ്റ് ബ്രീഫിങ്് നടക്കുന്ന മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത, അല്ലെങ്കില്‍ സ്ഥിരമായി അവകാശികളുള്ള കസേരകളുണ്ടത്രേ. ഒരിക്കലെങ്കിലും ആ മുറിക്കകത്ത് ബ്രീഫിങ്ങിനു കയറിയിട്ടുള്ള ഒരു പത്രപ്രവര്‍ത്തകനും ഇത് അംഗീകരിച്ചുതരുമെന്നു തോന്നുന്നില്ല. ആദ്യം വരുന്നവര്‍ക്ക് ആദ്യ നിരയിലെ ഇരിപ്പിടം എന്നതു തന്നെയാണ് രീതി. ചിലര്‍ മനഃപൂര്‍വ്വം പിന്‍നിരയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. മുന്‍നിരയിലേക്ക് ബുക്കിങ് കണ്ടിട്ടില്ല, നടക്കുകയുമില്ല. നേരത്തേ വന്ന് ഇരുന്ന ശേഷം എന്തെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങേണ്ടി വന്നാല്‍ തങ്ങളുടെ കൈവശമുള്ള റൈറ്റിങ് പാഡ് കസേരയില്‍ വെച്ചിട്ട് ചിലര്‍ ഇറങ്ങിപ്പോവുന്നത് കണ്ടിട്ടുണ്ട്. വളരെ ക്ലേശിച്ച് തരപ്പെടുത്തിയ കസേര കൈവിടാതിരിക്കാന്‍ ഞാനും ചെയ്തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസ് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങുന്നവര്‍ സീറ്റില്‍ തൂവാല ഇട്ടിട്ട് പോകുന്നതു പോലെ, അത്രേയുള്ളൂ. മുന്‍നിരയില്‍ ഇരുന്നാലുള്ള ആകെ പ്രയോജനം വെച്ചെഴുതാന്‍ മേശ കിട്ടും എന്നതു മാത്രമാണെന്നാണ് എന്റെ അനുഭവം.

വര്‍ഷങ്ങളോളം ക്യാബിനറ്റ് റിപ്പോര്‍ട്ട് ചെയ്ത പരിചയമുണ്ട്. മാതൃഭൂമി പത്രത്തിലായിരുന്നപ്പോള്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വല്ലപ്പോഴും മാത്രമേ ആ ജോലി വന്നിട്ടുള്ളൂ. സ്മാര്‍ട്ട് സിറ്റി പോലെ എന്റെ ബീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടാവുമ്പോള്‍ മാത്രം. മന്ത്രിസഭാ യോഗം കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ ബ്രീഫിങ് ഉണ്ടാവും. യോഗത്തിലെ ഉള്ളുകള്ളികള്‍ അറിയാന്‍ സൗഹൃദമുള്ള രണ്ടോ മൂന്നോ മന്ത്രിമാരെ വിളിക്കും. മൂവരില്‍ നിന്നുമായി ശേഖരിക്കുന്ന വിവരങ്ങള്‍ കൂട്ടിയും കിഴിച്ചും വാര്‍ത്തയ്ക്കു രൂപം നല്കി വൈകുന്നേരം 6 മണിയോടെ ഫയല്‍ ചെയ്യും. ഇന്ത്യാവിഷനിലായപ്പോള്‍ മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമായി മാറി. അവിടെ പോരാട്ടം സമയവുമായിട്ടായിരുന്നു. തത്സമയ ബ്രേക്കിങ് ന്യൂസുകളുടെ സമ്മര്‍ദ്ദം. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന്റെ ജോലി ചൊവ്വാഴ്ച വൈകുന്നേരം തന്നെ തുടങ്ങും. അടുത്ത ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാന്‍ സാദ്ധ്യതയുള്ള വിഷയം രാവിലെ ഫുട്ടേജ് ടെക്സ്റ്റ് കൊടുക്കണം. അതു കൊടുക്കണമെങ്കില്‍ മന്ത്രിസഭ പരിഗണിക്കുന്ന വിഷയങ്ങള്‍ മുന്‍കൂട്ടി അറിയണം. സൗഹൃദമുള്ള മന്ത്രിമാര്‍ തന്നെ ആശ്രയം. ക്യാബിനറ്റ് നോട്ട് നോക്കി ചിലതൊക്കെ അവര്‍ പറഞ്ഞുതരും. നമുക്ക് എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ.

വാര്‍ത്താ അവതാരകന്‍ തന്നെ വാര്‍ത്ത പൂര്‍ണ്ണമായി വായിച്ചുവിടുന്നതിനെയാണ് ഫുട്ടേജ് ടെക്സ്റ്റ് എന്നു പറയുക. പ്രധാനപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നുണ്ടെങ്കില്‍ രാവിലെ 6 മുതലുള്ള ബുള്ളറ്റിനില്‍ തുടങ്ങും ടെലി-ഇന്‍. വാര്‍ത്തകള്‍ക്കിടെ സ്റ്റുഡിയോയില്‍ നിന്നു മൊബൈല്‍ ഫോണില്‍ വിളിച്ച് ലൈവ് കണക്ട് ചെയ്യും. വാര്‍ത്താ അവതാരകന്‍ ഇന്‍ട്രോ വായിച്ച ശേഷം വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കും. ഇവയ്ക്കു നമ്മള്‍ നല്‍കുന്ന ഉത്തരം നാട്ടുകാര്‍ മുഴുവന്‍ ടെലിവിഷനിലൂടെ കേള്‍ക്കും. അതിനാല്‍ 6 മണി, 7 മണി, 8 മണി സമയങ്ങളില്‍ ബാത്ത്‌റൂമില്‍ കയറാനോ പ്രഭാതഭക്ഷണം കഴിക്കാനോ സാധിക്കില്ല. വിളിക്കുമ്പോള്‍ പ്രതിധ്വനി ഇല്ലാതെ ഉത്തരം പറയാവുന്നിടത്തായിരിക്കണമല്ലോ നില്പ്. ഭക്ഷണം വായിലിരുന്നാലും സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. 9 മണി ബുള്ളറ്റിനില്‍ ടെലി-ഇന്‍ വരുമ്പോള്‍ പലപ്പോഴും റോഡിലായിരിക്കും. കാര്‍ ഒതുക്കിയിട്ടാണ് വാര്‍ത്താപ്രക്ഷേപണം. 10 മണിക്കുള്ള ടെലി-ഇന്‍ ഓഫീസില്‍ നിന്നു തന്നെ ആയിരിക്കും.

Cabinet 1.jpg

പിന്നെ ഒറ്റപ്പോക്കാണ് സെക്രട്ടേറിയറ്റിലേക്ക്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന്റെ താഴെ കാവലാണ്, ക്യാബിനറ്റ് കഴിഞ്ഞ് ഇറങ്ങി വരുന്ന മന്ത്രിമാരെ കൈയോടെ പിടിക്കാന്‍. മുകളിലേക്ക് പ്രവേശനമില്ല. ക്യാബിനറ്റ് ബ്രീഫിങ് സമയം നിശ്ചയിച്ചു കഴിഞ്ഞാല്‍ 30 മിനിറ്റ് മുമ്പ് കയറ്റിവിട്ടു തുടങ്ങും. കച്ചവടം നടത്താനുള്ളവര്‍ ഈ 30 മിനിറ്റിനകം നടത്തിക്കോണം. ഇതിനിടയില്‍ത്തന്നെ ബുക്ക്ഡ് സീറ്റും ഉറപ്പാക്കണം, ന്താല്ലേ.. പക്ഷേ, ദല്ലാളന്മാര്‍ക്ക് എപ്പോഴും സെക്രട്ടേറിയറ്റില്‍ കടന്നു ചെല്ലാം എന്നതാണ് വാസ്തവം, നമുക്കു പറ്റില്ല. നോര്‍ത്ത് ബ്ലോക്കിനു താഴത്തെ കാത്തുനില്പില്‍ എന്റെ അവസാന കാലത്തു സ്ഥിരമായി കൂട്ടുണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസിലെ ഷിബുകുമാര്‍, മാതൃഭൂമി ന്യൂസിലെ സീജി കടയ്ക്കല്‍, മനോരമ ന്യൂസിലെ ശ്രീദേവി പിള്ള, റിപ്പോര്‍ട്ടറിലെ സനില്‍ കുമാര്‍, കൈരളി പീപ്പിളിലെ സജേഷ്, മീഡിയ വണ്ണിലെ മുഹമ്മദ് അസ്ലം എന്നിവര്‍. സാധാരണ നിലയില്‍ 11 മണിക്കു ശേഷമാണ് മന്ത്രിമാര്‍ ഇറങ്ങി വരിക. അപ്പോള്‍ ഓരോരുത്തര്‍ക്കും അടുപ്പമുള്ള മന്ത്രിമാരെ പിടികൂടും. എന്നിട്ടു ചോര്‍ന്നു കിട്ടുന്ന വാര്‍ത്ത നല്‍കും. ഓരോരുത്തരും തങ്ങളുടെ ചാനലിന് കിട്ടിയ വാര്‍ത്ത ആദ്യം ഓഫീസിലേക്കു കൈമാറിയ ശേഷം മറ്റുള്ളവരുമായി പങ്കിടും. ഒരുതരം പൂള്‍ റിപ്പോര്‍ട്ടിങ് തന്നെ. അതാണ് ബ്രേക്കിങ് ന്യൂസ്. അല്ലാതെ ക്യാബിനറ്റ് ബ്രീഫിങ്ങില്‍ മുഖ്യമന്ത്രി പറയുന്നതല്ല. മന്ത്രിമാരുമായി അടുപ്പമുണ്ടായതു കൊണ്ടു മാത്രം വാര്‍ത്ത കിട്ടില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ എനിക്ക് ഏറ്റവുമധികം അടുപ്പമുണ്ടായിരുന്ന മന്ത്രി ഡോ.എം.കെ.മുനീറായിരുന്നു -ഇന്ത്യാവിഷന്‍ ബന്ധം തന്നെ. പക്ഷേ, അദ്ദേഹത്തിന്റെ വായില്‍ നിന്ന് ഒരു വാര്‍ത്ത വീണു കിട്ടാന്‍ വലിയ പാടാണ്. സംശയമുണ്ടെങ്കില്‍ എനിക്കു മുമ്പ് ഇന്ത്യാവിഷനില്‍ ക്യാബിനറ്റ് കൈകാര്യം ചെയ്തിരുന്ന ലേഖകന്മാരോടു ചോദിച്ചു നോക്കൂ. ഒരു ദിവസം സഹികെട്ട് ഞാന്‍ മുനീറിനോട് ഇങ്ങനെ പറയുക പോലും ചെയ്തു -‘നിങ്ങള്‍ ശമ്പളമോ തരുന്നില്ല. വാര്‍ത്തയെങ്കിലും തരൂ’.

മുഖ്യമന്ത്രിയുടെ ബ്രീഫിങ് വരെ നേരത്തേ കിട്ടിയ വിവരങ്ങള്‍ വെച്ചുള്ള ടെലി-ഇന്നാണ് ഓടുക. വിവാദ വിഷയങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ ചൂണ്ടിയെടുക്കണം. പിന്നെ, ബ്രീഫിങ്ങിന്റെ തത്സമയ സംപ്രേഷണം. അതു കഴിഞ്ഞപാടെ ക്യാമറയ്ക്കു മുന്നില്‍ ലൈവ് അവതരണം. ചിലപ്പോള്‍ അടുത്ത ബുള്ളറ്റിനില്‍ കൂടി ലൈവ് അവതരണമുണ്ടാവും. അതിനു ശേഷം പൂര്‍ണ്ണ വിവരങ്ങളുള്ള വാര്‍ത്ത ഫയല്‍ ചെയ്യണം. ഇതൊക്കെ സമയബന്ധിതമായി നടക്കുന്ന കാര്യങ്ങളാണ്. ഇതിനിവിടെ കച്ചവടത്തിന് എവിടെയാണാവോ സമയം! കച്ചവടം നടത്തുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കച്ചവടം നടത്താം. സുനിതയെപ്പോലുള്ളവര്‍ പറയുന്ന ബുക്ക്ഡ് സീറ്റ് ഒരുകാലത്തുണ്ടായിരുന്നു, കുറഞ്ഞത് 10 വര്‍ഷമെങ്കിലും മുമ്പായിരുന്നു എന്നു മാത്രം. മുഖ്യമന്ത്രിയുടെ തുപ്പല്‍ തെറിക്കുന്ന ദൂരത്തിരുന്ന് സ്ഥിരമായി വാര്‍ത്ത എഴുതിയിരുന്ന മൂന്നോ നാലോ പേര്‍ ഉണ്ടായിരുന്നു. അവരൊന്നും ഇപ്പോള്‍ ക്യാബിനറ്റ് റൂമിന്റെ പരിസരത്തു പോലും വരാറില്ല. ഒന്നോ രണ്ടോ ആളുകള്‍ വിരമിച്ചിട്ടും സ്ഥാപനത്തില്‍ കടിച്ചുതൂങ്ങുന്നുണ്ടെന്നത് ശരിതന്നെ. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ അത്തരക്കാര്‍ക്ക് വേറെ മാര്‍ഗ്ഗമുണ്ട്. വി.എസ്സിന്റെ കാലത്ത് ഇത്തരത്തില്‍ ചിലര്‍ കടിച്ചുതൂങ്ങാന്‍ നോക്കിയിരുന്നു. എന്നാല്‍, ക്യാബിനറ്റ് ബ്രീഫിങ് വേദി വി.എസ്. ഇടപെട്ട് പി.ആര്‍. ചേംബറിലേക്കു മാറ്റിയത് അവര്‍ക്കു തിരിച്ചടിയായി. തുപ്പല്‍ തെറിക്കുന്ന ദൂരത്തിരിപ്പ് അവസാനിച്ചു. ഉമ്മന്‍ ചാണ്ടി വന്നതോടെ ക്യാബിനറ്റ് ബ്രീഫിങ് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ തിരിച്ചെത്തി. അപ്പോഴേക്കും തുപ്പല്‍ പ്രേമികള്‍ പുറത്തായിരുന്നു. എത്രമാത്രം ബാലിശമായ കാരണങ്ങളാണ് ക്യാബിനറ്റ് ബ്രീഫിങ് വേണ്ടെന്നു പറയുന്നവര്‍ മുന്നോട്ടു വെയ്ക്കുന്നതെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ?

ഞാന്‍ അവസാനമായി ക്യാബിനറ്റ് റിപ്പോര്‍ട്ട് ചെയ്തത് 2015 ജനുവരി 28നാണ്. 2015 ഫെബ്രുവരി 9ന് ഇന്ത്യാവിഷന്‍ സംപ്രേഷണം നിലച്ചു. ജനുവരി 31നു ശേഷം ഞാന്‍ ദേശീയ ഗെയിംസ് റിപ്പോര്‍ട്ടിങ്ങിലേക്കു നീങ്ങിയതിനാല്‍ പിന്നെ ക്യാബിനറ്റ് റിപ്പോര്‍ട്ടിങ്ങിന് അവസരമുണ്ടായില്ല. 2015 ജനുവരി 27ന് തയ്യാറാക്കിയ ഫുട്ടേജ് ടെക്സ്റ്റും 28ന് ക്യാബിനറ്റ് ബ്രീഫിങ്ങിനു ശേഷം തയ്യാറാക്കിയ വാര്‍ത്തയുടെ സ്‌ക്രിപ്റ്റും സ്മരണാഞ്ജലിയായി സമര്‍പ്പിക്കുന്നു.

2015 ജനുവരി 27ന് ഫയല്‍ ചെയ്ത ക്യാബിനറ്റ് പ്രിവ്യൂ ഫുട്ടേജ് ടെക്സ്റ്റ്

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാരെന്ന് ഇന്നറിയാം. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. കേന്ദ്ര സര്‍വ്വീസ് കഴിഞ്ഞ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി എത്തിയ ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയാവും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാര്‍ക്കും ജിജിയോടാണ് താല്പര്യം. എന്നാല്‍, പാമോയില്‍ കേസില്‍ പ്രതിസ്ഥാനത്തുള്ളത് നിയമക്കുരുക്കിനു കാരണമാകുമോ എന്ന ആശങ്ക ചില മന്ത്രമാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതെല്ലാം അവഗണിച്ച് ജിജി തോംസന്റെ നിയമനവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചിട്ടുള്ളതെന്നറിയുന്നു.

2015 ജനുവരി 28ന് ഫയല്‍ ചെയ്ത ക്യാബിനറ്റ് സ്റ്റോറി

ഇന്‍ട്രോ
ഹൈക്കോടതി നിര്‍ദ്ദേശിച്ച 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വോയ്‌സ് ഓവര്‍
ഹൈക്കോടതി നിര്‍ദ്ദേശിച്ച 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വിഷയമാണ് മന്ത്രിസഭാ യോഗം ആദ്യം പരിഗണിച്ചത്. ലൈസന്‍സ് നല്‍കാതിരിക്കുന്നത് കോടതിയലക്ഷ്യ നടപടികള്‍ക്കു കാരണമാകുമെന്നതിനാല്‍ അനുകൂല തീരുമാനമെടുത്ത് അപ്പോള്‍ത്തന്നെ അഡ്വക്കേറ്റ് ജനറലിന് വിവരം കൈമാറി.

ബൈറ്റ് -ഉമ്മന്‍ ചാണ്ടി

നിലവിലുള്ള ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ പങ്കെടുക്കുന്ന അവസാനത്തെ മന്ത്രിസഭാ യോഗമായിരുന്നു ഇന്നത്തേത്. ശനിയാഴ്ച അദ്ദേഹം സര്‍വ്വീസില്‍ നിന്നു വിരമിക്കും. പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണെ നിയമിക്കാനാണ് തീരുമാനം. പാമോയില്‍ കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നുവെങ്കിലും അത് അവഗണിച്ചു മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ മുന്‍ഗണനാ പട്ടികയിലുള്ളവരെ നിശ്ചയിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ നിയോഗിച്ചിരുന്ന ഉപസമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ റാങ്കിങ് നടത്തി മുന്‍ഗണനാ വിഭാഗത്തെ നിശ്ചയിക്കണമെന്നാണ് അനൂപ് ജേക്കബ്, അടൂര്‍ പ്രകാശ്, മഞ്ഞളാംകുഴി അലി എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് നഗരങ്ങളിലെ 62.93 ലക്ഷം പേരും ഗ്രാമങ്ങളിലെ 91.87 ലക്ഷം പേരും ഉള്‍പ്പെടെ 1.55 കോടി പേര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടും.

ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ മെഡല്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് കിനാലൂര്‍ ഏസ്‌റ്റേറ്റിലെ 600 ഏക്കര്‍ തൊഴിലാളികള്‍ക്കായി സര്‍വ്വീസ് ആനുകൂല്യം എന്ന നിലയ്ക്ക് പതിച്ചുനല്‍കും. ഈ കൈമാറ്റത്തിന് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്ത ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 13 കോടി രൂപ അനുവദിച്ചു. സാജു ജോര്‍ജ്ജിനെ പി.എസ്.സി. സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഇനി ക്യാബിനറ്റിന്റെ പ്രസക്തിയിലേക്ക്. ഒരാഴ്ചയ്ക്കിടയിലുണ്ടാവുന്ന രാഷ്ട്രീയവും സാമൂഹികവും ഭരണപരവുമായ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ അഭിപ്രായം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത് ക്യാബിനറ്റ് ബ്രീഫിങ്ങിലൂടെയായിരുന്നു. ഓരോ വിഷയത്തിലുമുള്ള നിലപാട് വണ്‍, ടു, ത്രീ എന്ന് മുഖ്യമന്ത്രി പറയുകയല്ല ചെയ്യുന്നത്. ഓരോ വിഷയവും സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദ്യമുയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി അതിനു മറുപടി നല്‍കുകയാണ് ചെയ്യുന്നത്. പിണറായി വിജയന്‍ ഇതുവരെയായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ഒരു തവണ മാത്രമാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. അന്ന് ഉയര്‍ന്ന ഒരു ചോദ്യം കാണുക. ഞാന്‍ ടെലിവിഷനില്‍ കണ്ടതാണ്. മെട്രോ വാര്‍ത്തയുടെ തിരുവനന്തപുരം ചീഫ് അരവിന്ദ് ശശിയാണ് ചോദിച്ചതെന്നു തോന്നുന്നു. ശബ്ദം വെച്ച് മനസ്സിലാക്കിയതാണ്. ‘തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം എന്താണ്?’ പിണറായിയുടെ മറുപടി -‘അവിടെ നിലനില്‍ക്കുന്ന വ്യവസ്ഥാപിതമായ രീതികള്‍ തുടരുക എന്നതു തന്നെയാണ് അഭികാമ്യം. ഒരാള്‍ എന്തു കഴിക്കണം എന്നതു സംബന്ധിച്ച് മറ്റുള്ളവരല്ല തീരുമാനിക്കുന്നത്’. സുരേഷ് രാജ് പുരോഹിത് എന്ന ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്റെ താന്‍പോരിമ അവിടെ തീര്‍ന്നു. ചിലപ്പോള്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുന്ന ഒരു വാക്കിന് സര്‍ക്കാര്‍ ഉത്തരവിനെക്കാള്‍ വിലയുണ്ടാവും. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ബീഫിനെപ്പറ്റി ഐ.ജി. പുരോഹിത് അടക്കം പിന്നെയാരും ഒരക്ഷരം ഉരിയാടിയിട്ടില്ല. ഇതാണ് മാധ്യമപ്രവര്‍ത്തകരുമായി മുഖ്യമന്ത്രി സംവദിക്കുന്നതിന്റെ ഗുണം. ഈ വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തതല്ല. പക്ഷേ, ജനകീയ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ അഥവാ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈ ബുധനാഴ്ച പത്രസമ്മേളനങ്ങള്‍ ഉപകരിച്ചിരുന്നു.

മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള പത്രസമ്മേളനം പലപ്പോഴും മുഖ്യമന്ത്രിമാരെ കുഴപ്പത്തില്‍ ചാടിച്ചിട്ടുണ്ടെന്നത് സത്യം. അങ്ങനെ കുഴപ്പത്തില്‍ ചാടിയവരും അടുത്തയാഴ്ച കൃത്യമായി പത്രസമ്മേളനത്തിന് എത്തിയിട്ടുണ്ട്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന വേളയിലാണ് ഞാന്‍ എന്റെ മാധ്യമപ്രവര്‍ത്തനം തുടങ്ങുന്നത്. ജൂനിയറാണെങ്കില്‍ പോലും അന്നും ക്യാബിനറ്റ് ബ്രീഫിങ്ങിനു പോകാന്‍ അവസരമുണ്ടായിട്ടുണ്ട്, സ്ഥിരമായിട്ടല്ല എന്നു മാത്രം. ഏതെങ്കിലും പ്രധാന സംഭവവികാസങ്ങളുണ്ടാവുമ്പോള്‍ ക്യാബിനറ്റ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന ലേഖകന്റെ സഹായി എന്ന നിലയില്‍. മാതൃഭൂമിയില്‍ അന്ന് ചീഫ് റിപ്പോര്‍ട്ടറായിരുന്ന ഇപ്പോഴത്തെ ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിനായിരുന്നു ആ റോള്‍. മുഖ്യമന്ത്രിയാണ് ക്യാബിനറ്റ് ബ്രീഫിങ് നടത്തുന്നതെങ്കിലും നായനാര്‍ ഇടവും വലവും രണ്ടു സഹപ്രവര്‍ത്തകരെ ഇരുത്തിയിരുന്നു. ഇ.ചന്ദ്രശേഖരന്‍ നായര്‍, ടി.ശിവദാസ മേനോന്‍, ബേബി ജോണ്‍ എന്നിവരില്‍ ആരെങ്കിലും 2 പേര്‍ നിര്‍ബന്ധമായും നായനാര്‍ക്കൊപ്പമുണ്ടാവും. ഫലിതപ്രിയനായ നായനാരുടെ നാക്കുപിഴ ഒഴിവാക്കുക തന്നെ ലക്ഷ്യം. നായനാര്‍ക്ക് ഇഷ്ടമില്ലാത്ത ചോദ്യം വന്നാല്‍ ഉടനെ മറുചോദ്യം വരും -‘നീയേതാ കടലാസ്? ഞാനും പത്രാധിപരാ. എന്നോട് വേണ്ട കേട്ടാ.’ നായനാര്‍ അന്നു ദേശാഭിമാനി മുഖ്യപത്രാധിപര്‍ കൂടിയായിരുന്നു എന്നാണ് ഓര്‍മ്മ. ശരിയാണോ എന്നുറപ്പില്ല. എന്തായാലും ആ ചോദ്യത്തില്‍ ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല.

vs-achuthanandan

നായനാര്‍ പോയി എ.കെ.ആന്റണി വന്നപ്പോള്‍ ഞാന്‍ തിരുവനന്തപുരത്തില്ല. ആന്റണി മാറി ഉമ്മന്‍ ചാണ്ടി വന്നപ്പോഴും തിരുവനന്തപുരത്തിനു പുറത്താണ്. പിന്നീട് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുമ്പോഴാണ് വീണ്ടും തിരുവനന്തപുരത്ത് തിരിച്ചെത്തുന്നത്. ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയുമൊക്കെ കാലമായപ്പോള്‍ വാര്‍ത്താ ചാനലുകളുടെ പിറവി സംഭവിച്ചിരുന്നു. അതോടെ എവിടെയിരുന്നാലും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാമെന്ന സ്ഥിതി വന്നു. കോണ്‍ഗ്രസ്സുകാര്‍ പോലും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന് ആന്റണി പറഞ്ഞത് ഒരു ക്യാബിനറ്റ് ബ്രീഫിങ്ങിലാണ്. വി.എസ്. മന്ത്രിസഭയുടെ കാലത്ത് ഒട്ടുമിക്ക പ്രധാന വാര്‍ത്തകളും പിറന്നത് ബുധനാഴ്ച പത്രസമ്മേളനങ്ങളിലാണ്. ക്യാബിനറ്റ് കാര്യങ്ങള്‍ വിശദീകരിച്ചു കഴിയുമ്പോള്‍ വി.എസ്സിനോട് രാഷ്ട്രീയ ചോദ്യങ്ങള്‍ ഉന്നയിക്കും. ആദ്യം കേള്‍ക്കാത്ത പോലെ പോകാനൊരുങ്ങുന്ന വി.എസ്. പി.ആര്‍. ചേംബറിലെ വേദിയുടെ വലത്തേ മൂലയ്ക്കു പോയി നിന്ന് എന്തെങ്കിലും കാച്ചും. അതോടെ ഞങ്ങള്‍ക്ക് അടുത്ത ഒരാഴ്ചത്തേക്കുള്ള വകയായി. പലപ്പോഴും മന്ത്രിസഭാ തീരുമാനങ്ങളെക്കാള്‍ പ്രധാനമായി പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ക്കുള്ള മറുപടിയുമായാണ് ബ്രീഫിങ്ങിന് വി.എസ്. എത്തിയിരുന്നത്. തനിക്കു പറയാനുള്ളത് ജനങ്ങളെ അറിയിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും വി.എസ്. ഈ ബുധനാഴ്ച പത്രസമ്മേളനങ്ങള്‍ വിദഗ്ദ്ധമായി ഉപയോഗിച്ചിരുന്നു. മൂന്നാര്‍ ഒഴിപ്പിക്കല്‍ പോലുള്ള ശക്തമായ ചില നീക്കങ്ങള്‍വഴി ജനകീയനാകാനും ബ്രീഫിങ് വേദികള്‍ അദ്ദേഹം ഉപയോഗിച്ചത് ഉദാഹരണം. ജനങ്ങള്‍ക്കു പറയാനുള്ളത് വി.എസ്സിനെ അറിയിക്കാന്‍ ഞങ്ങളും ഈ വേദി ഉപയോഗിച്ചു.

Cabinet 5.jpg

ഉമ്മന്‍ ചാണ്ടി തിരിച്ചെത്തിയപ്പോഴും ക്യാബിനറ്റ് ബ്രീഫിങ് മുടക്കിയില്ല. എന്നു മാത്രമല്ല എണ്ണം കൂടുകയും ചെയ്തു. അതുവരെ ബുധനാഴ്ചകളില്‍ മാത്രം പതിവായിരുന്ന മന്ത്രിസഭാ യോഗം സ്‌പെഷല്‍ ക്യാബിനറ്റ് എന്ന പേരില്‍ എന്നു വേണമെങ്കിലും ചേരുമെന്ന സ്ഥിതിയുണ്ടായി. ഞങ്ങള്‍ ക്യാബിനറ്റ് ലേഖകന്മാര്‍ക്ക് ഇതു ശാപമായി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുക എന്നതിലുപരി തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് ആഴ്ച തോറും മറുപടി നല്‍കാനുള്ള വേദിയായിട്ടാണ് ഉമ്മന്‍ ചാണ്ടി ബ്രീഫിങ്ങിനെ കണ്ടത്. എങ്കിലും സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഞങ്ങള്‍ ക്യാബിനറ്റ് ബ്രീഫിങ്ങില്‍ ഉയര്‍ത്തി. ‘ബ.. ബ.. ബ..’ എന്നതായിരുന്നു പലപ്പോഴും മറുപടിയെങ്കിലും ചോദ്യങ്ങള്‍ ചോദ്യങ്ങളായി നിന്നു. ആ ചോദ്യങ്ങള്‍ തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ചര്‍ച്ച ചെയ്തതും വിധി നിര്‍ണ്ണയിച്ചതും.

Cabinet 4

അപ്രിയ സത്യങ്ങള്‍ പറയാതിരിക്കാം എന്ന പേരിലാണോ പിണറായി വിജയന്‍ ക്യാബിനറ്റ് ബ്രീഫിങ് ഒഴിവാക്കിയത് എന്നറിയില്ല. ശരിയായിരിക്കാം. ഒരുദാഹരണം പറയാം. മന്ത്രിസഭാ പത്രസമ്മേളനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ വി.എസ്സിന്റെ ക്യാബിനറ്റ് പദവി ഇതിനു മുമ്പേ എവറസ്റ്റ് പോലൊരു വിവാദമായി സര്‍ക്കാരിനെ മൂടുമായിരുന്നു. ഇക്കാര്യത്തില്‍ പിണറായി മറുപടി പറഞ്ഞാലും പറയാന്‍ വിസമ്മതിച്ചാലും ഒഴുക്കന്‍ പ്രതികരണം നടത്തിയാലും വാര്‍ത്തയാണ്. അപ്പോള്‍പ്പിന്നെ ചെയ്യാവുന്നത് ചോദ്യം തന്നെ ഒഴിവാക്കുക എന്നതാണോ?

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks