കോളേജ് പഠനകാലം മുതല്‍ സുഹൃത്താണ് സന്തോഷ്. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും സന്തോഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായിരുന്നുവെങ്കിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഞങ്ങളെ സുഹൃത്തുക്കളാക്കി. സന്തോഷേ എന്നു വിളിക്കുന്നതിനെക്കാള്‍ പട്ടാളം എന്നാണ് കൂടുതല്‍ വിളിച്ചിട്ടുള്ളത്, വിളിക്കുന്നത്. ഇന്ന് ഡോ.എസ്.എസ്.സന്തോഷ് കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഡെപ്യൂട്ടി സൂപ്രണ്ടാണ്. വിദ്യാര്‍ത്ഥി കാലത്തെ അതേ ഊര്‍ജ്ജത്തോടെ തന്നെ ഇപ്പോഴും അദ്ദേഹത്തെ കാണാം.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അടുത്തിടെ തിരുവനന്തപുരത്ത് രൂപമെടുത്ത we, the people പ്രസ്ഥാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഡോ.സന്തോഷും ഉള്‍പ്പെടുന്നു. ഒരു പരിപാടിയുടെ വിജയം അതിനു പിന്നിലെ സാമ്പത്തിക ഇടപാടുകളുടെ സുതാര്യത കൂടി പരിഗണിച്ചാണ് നിര്‍ണ്ണയിക്കുന്നത്. അല്പം പോലും ചീത്തപ്പേര് കേള്‍പ്പിക്കാതെ we, the people സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ആ ചുമതല സന്തോഷിനെ ഏല്പിക്കുമ്പോള്‍ കളിയായി ഞങ്ങള്‍ പറഞ്ഞിരുന്നു, മെഡിക്കല്‍ കോളേജിലെ ‘കോടികള്‍’ കൈകാര്യം ചെയ്യുന്നയാളാണല്ലോ എന്ന്. കളി കാര്യമായിരുന്നുവെന്ന് ഞങ്ങളറിഞ്ഞില്ല.
We, the people പരിപാടിയുടെ കൂടിയാലോചനകള്‍ക്കായി ഞങ്ങള്‍ സുഹൃദ് സംഘം ഒത്തുചേരുമ്പോള്‍ സന്തോഷ് നിന്ന നില്പില്‍ മുങ്ങിക്കളയും. പിന്നീട് കാര്യം ചോദിക്കുമ്പോള്‍ ശമ്പള ബില്ല് ഒപ്പിടാന്‍ പോയി, ഫയല്‍ ഒപ്പിടാന്‍ പോയി എന്നൊക്കെയാണ് മറുപടി വരിക. മെഡിക്കല്‍ കോളേജില്‍ ഒരുപാട് പണികള്‍ നടക്കുന്നുണ്ടെന്നും ഇടയ്ക്ക് കൃത്യമായി അതു പോയി നോക്കണമെന്നും വിശദീകരണമുണ്ടായി. അന്ന് അതിന്റെ ഗൗരവം എനിക്കു മനസ്സിലായില്ലെങ്കിലും ഇന്ന് വ്യക്തമായി ബോദ്ധ്യപ്പെട്ടു. ഒരു വേദിയില്‍ 11 പദ്ധതികളുടെ ഉദ്ഘാടനം നടക്കാന്‍ പോകുന്നു എന്ന് സന്തോഷ് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അന്തംവിട്ടു. ലിനാക് ബ്ലോക്ക് നിര്‍മ്മാണം, ക്യാന്‍സര്‍ രജിസ്ട്രി, ന്യൂറോ സര്‍ജറി ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ്, അത്യാധുനിക 3ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍, സമ്പൂര്‍ണ ഡിജിറ്റല്‍ എക്സ് റേ, നവീകരിച്ച വാര്‍ഡ് 22, പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം, ബയോഗ്യാസ് പ്ലാന്റുകള്‍, രണ്ടാമത്തെ മെഡിസിന്‍ ഐ.സി.യു., പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി, പുതിയ വെബ് പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണെന്നത് അങ്ങേയറ്റത്തെ ആഹ്ലാദം പകരുന്നു. സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കാന്‍ ശേഷിയില്ലാത്ത സാധാരണക്കാരന്റെ അത്താണിയാണല്ലോ ഈ സര്‍ക്കാര്‍ വിലാസം ആതുരാലയം. പല സ്വകാര്യ ആസ്പത്രികളെയും കവച്ചുവെയ്ക്കുന്ന സൗകര്യങ്ങളാണ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ളത്.
ലിനാക് ബ്ലോക്ക് നിര്‍മ്മാണം
ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായ നൂതന റേഡിയേഷന്‍ ചികിത്സയ്ക്കായി 25 കോടിയോളം രൂപ വരുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനായുള്ള ലിനാക് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനമാണ് ആദ്യത്തേത്. ഒ.പി. ബ്ലോക്കിനും പി.ഡബ്ല്യു.ഡി. ബില്‍ഡിങ്ങിനും ഇടയ്ക്കുള്ള സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുക. മെഡിക്കല്‍ കോളേജിന് അനുവദിച്ച 18.05 കോടി രൂപ വരുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍, 4 കോടി രൂപയുടെ സി.ടി. സിമുലേറ്റര്‍, 1.8 കോടി രൂപയുള്ള ബ്രാക്കി തെറാപ്പി എന്നിവ സ്ഥാപിക്കാനാണ് ലിനാക് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. നിലവില്‍ 1 കൊബാള്‍ട്ട് മെഷീന്‍ മാത്രമാണ് മെഡിക്കല്‍ കോളേജിലുള്ളത്. 2.8 കോടി രൂപയുടെ രണ്ടാമത്തെ കൊബാള്‍ട്ട് മെഷീന്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും.
അതിനൂതന ഉപകരണമായ ലീനിയര്‍ ആക്‌സിലറേറ്ററിലൂടെ ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കൂടാതെ സുഖപ്പെടുത്താം. രോഗം ബാധിച്ച അവയവങ്ങള്‍ക്ക് മാത്രം റേഡിയേഷന്‍ നല്‍കാനും മറ്റ് അവയവങ്ങള്‍ക്ക് റേഡിയേഷന്‍ തട്ടാതെ പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറയ്ക്കാനും ലീനിയര്‍ ആക്‌സിലറേറ്റര്‍ വഴി സാധിക്കും. ആദ്യഘട്ട ക്യാന്‍സറുകള്‍ക്ക് 100 ശതമാനം ഫലപ്രദമായ ചികിത്സ ഇതിലൂടെ നല്‍കാനാകും. പ്രതിവര്‍ഷം 3,500 ഓളം പുതിയ ക്യാന്‍സര്‍ രോഗികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തുന്നത്. പ്രതിദിനം 150 മുതല്‍ 200 പേര്‍ തുടര്‍ചികിത്സയ്ക്കും എത്തുന്നുണ്ട്. അതിനാല്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യങ്ങളൊരുക്കുന്നത്.
മെഡിക്കല്‍ കോളേജുകളില്‍ റേഡിയോ തെറാപ്പി വിഭാഗം ക്യാന്‍സര്‍ ചികിത്സയ്ക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റാന്‍ സുസജ്ജമാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പത്തോളജി എന്നിവയ്ക്കായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുടെ 21 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ ക്യാന്‍സര്‍ ചികിത്സയ്ക്ക് മികച്ച സേവനം ലഭ്യമാകും.
എന്‍.സി.ഡി.ഐ.ആര്‍. ക്യാന്‍സര്‍ രജിസ്ട്രി
കേരള ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പ്രകാരം സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ കണ്‍ട്രോള്‍ രജിസ്ട്രി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചും രജിസ്ട്രി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2000 മുതല്‍ ക്യാന്‍സര്‍ രോഗികളുടെ രോഗവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന രജിസ്ട്രി ലഭ്യമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മേറ്റീവ് ആന്റ് റിസര്‍ച്ചിന്റെ (എന്‍.സി.ഡി.ഐ.ആര്‍.) നേതൃത്വത്തില്‍ ആശുപത്രിയെ അടിസ്ഥാനമാക്കിയുള്ള ക്യാന്‍സര്‍ രോഗികളുടെ രജിസ്ട്രി നടത്തുവാന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയിട്ടുണ്ട്. ക്യാന്‍സര്‍ പ്രതിരോധത്തിനും നിര്‍ണയത്തിനും ചികിത്സയ്ക്കും ഈ രജിസ്ട്രി വളരെയേറെ സഹായകമാകും.
ന്യൂറോ സര്‍ജറി ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ്
ലോകത്തെ വന്‍കിട ആശുപത്രികളില്‍ മാത്രം ഉപയോഗിച്ചുവരുന്ന അത്യാധുനിക ഉപകരണമാണ് ന്യൂറോ സർജറി ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ്. ഇന്‍ഫോസിസിസാണ് 2.5 കോടി രൂപ ചെലവഴിച്ച് മൈക്രോസ്‌കോപ്പ് മെഡിക്കല്‍ കോളേജിന് വാങ്ങി നല്‍കിയത്. സെയ്സ് കമ്പനിയുടെ പെന്ററോ 900 മൈക്രോസ്‌കോപ്പ് ന്യൂറോ സര്‍ജറി വിഭാഗത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. തലച്ചോറിലെ അന്യൂറിസം അഥവാ ധമനിവീക്കം കൃത്യമായി കണ്ടെത്താന്‍ ഇതിലൂടെ കഴിയും. മുഴകള്‍ ക്ലിപ്പ് ചെയ്യുന്ന അവസരത്തില്‍ ഉണ്ടാകുന്ന രക്ത ധമനികളിലെ തകരാര്‍ കൃത്യമായി കണ്ടെത്താനും സാധിക്കും.
അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍
ഹൃദയ വാല്‍വിന്റ പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തന ക്ഷമത, തകരാറുകള്‍, ജന്മനായുള്ള ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനുള്ളതാണ് 85 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പി നല്‍കുമ്പോള്‍ പാര്‍ശ്വഫലമായി ഹൃദയ മാംസ പേശികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാനും ഇതിലൂടെ സാധിക്കുന്നു. കീമോതെറാപ്പിയുടെ അളവ് കുറയ്ക്കാനും കഴിയും. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 3 എക്കോ മെഷീനുകളാണുള്ളത്.
സമ്പൂര്‍ണ ഡിജിറ്റല്‍ എക്സ് റേ
മെഡിക്കല്‍ കോളേജിനെ സമ്പൂര്‍ണ ഡിജിറ്റല്‍ എക്സ് റേ ആക്കുന്നതിനായി 40 ലക്ഷം രൂപ വിലയുള്ള രണ്ട് സി.ആര്‍. മെഷിനുകളാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. നിലവിലുള്ള 5 കോടി രൂപ വിലയുള്ള 5 ഡി.ആര്‍. എക്‌സ് റേ മെഷീനോടൊപ്പം ഇവ കൂടി പ്രവര്‍ത്തന സജ്ജമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൂര്‍ണമായും ഡിജിറ്റല്‍ എക്‌സ് റേയിലേക്ക് മാറും. പൂര്‍ണമായും ഡിജിറ്റല്‍ എക്‌സ് റേയുള്ള ഇന്ത്യയിലെ അപൂര്‍വ്വം മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്. നേരത്തെയുണ്ടായിരുന്ന എക്‌സ് റേ ഫിലിം പ്രോസസ് ഇല്ലാതെ നേരിട്ട് തന്നെ പ്രിന്റ് എടുക്കാന്‍ ഇതിലൂടെ സാധിക്കും. കാലതാമസം കൂടാതെ കൂടുതല്‍ വ്യക്തതയോടെ പ്രിന്റെടുക്കാനും കഴിയും. പ്രതിദിനം 600 ഓളം രോഗികള്‍ക്കാണ് ഡിജിറ്റല്‍ ഇവിടെ നിന്നും എക്‌സ് റേ എടുക്കുന്നത്.
30 ലക്ഷം രൂപ വിലയുള്ള 2 അള്‍ട്രാ സൗണ്ട് സ്‌കാനറുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. നിലവിലുള്ള 6 അള്‍ട്രാസൗണ്ട് മെഷീനുകള്‍ക്ക് പുറമേയാണിത്. ഇതോടുകൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെടുന്ന എല്ലാ രോഗികള്‍ക്കും അള്‍ട്രാ സൗണ്ട് സ്‌കാനിങ് ഇവിടെ നിന്നും ചെയ്ത് കൊടുക്കാന്‍ സാധിക്കും.
നവീകരിച്ച വാര്‍ഡ് 22
ഇ.എന്‍.ടി., മെഡിസിന്‍ വിഭാഗങ്ങളിലെ രോഗികളെ ചികിത്സിക്കുന്ന സ്ഥലമാണ് വാര്‍ഡ് 22. അപര്യാപ്തതകള്‍ പരിഹരിച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്ന തരത്തിൽ ഈ വാര്‍ഡ് നവീകരിച്ചു. 60 കിടക്കകളുള്ള ഈ വാര്‍ഡില്‍ 25 കിടക്കകള്‍ ഇ.എന്‍.ടിക്കും 35 കിടക്കകള്‍ മെഡിസിന്‍ വിഭാഗത്തിനുമാണുള്ളത്. തീവ്രപരിചരണം ആവശ്യമായ ഗുരുതര രോഗമുള്ളവരെ ചികിത്സിക്കാനായി പ്രത്യേക തീവ്ര പരിചരണ വിഭാഗവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇ.എന്‍.ടിക്ക് അധികം കിടക്കകള്‍ ലഭിച്ചതോടെ ഇ.എന്‍.ടിയിലെ എം.എസ്. കോഴ്‌സിന് അധികമായി 4 സീറ്റ് നേടിയെടുക്കാനും സാധിക്കും.
പ്രി-പെയ്ഡ് ആംബുലന്‍സ്
ആംബുലന്‍സ് സംവിധാനം കുറ്റമറ്റതാക്കാനും രോഗികള്‍ക്ക് ന്യായമായ തുകയ്ക്ക് ആംബുലന്‍സ് സൗകര്യം ലഭ്യമാക്കാനും ഉദ്ദേശിച്ചു നടപ്പാക്കിയതാണ് പ്രി-പെയ്ഡ് ആംബുലന്‍സ് സംവിധാനം. മത്സരങ്ങളില്ലാതെ ആംബുലന്‍സുകള്‍ക്ക് അവരവരുടെ ടേണ്‍ അനുസരിച്ച് രോഗികളെ കയറ്റാനുള്ള അവസരം പുതിയ സംവിധാനത്തോടെ വന്നുചേരുകയാണ്. രോഗികള്‍ക്ക് ഏറെ സഹായകമാകുന്ന ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ വിജയം കണ്ടതോടെയാണ് വിപുലീകരിച്ചത്. മെഡിക്കല്‍ കോളേജ് ആസ്പത്രി കൂടാതെ, എസ്.എ.ടി., ശ്രീചിത്ര, ആര്‍.സി.സി. എന്നീ ആസ്പത്രികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രി-പെയ്ഡ് ആംബുലന്‍സ് സംവിധാനം വിപുലീകരിച്ചത്.
ബയോഗ്യാസ് പ്ലാന്റ്
മെഡിക്കല്‍ കോളേജ് വളപ്പിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 93 ലക്ഷം രൂപ ചെലവഴിച്ച് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി 6 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു. പി.ഐ.പി.എം.എസ്. വിമന്‍സ് ഹോസ്റ്റല്‍ വളപ്പിലും എസ്.എ.ടി. ആശുപത്രി പരിസരത്തും 600 കിലോഗ്രാമിന്റെ രണ്ടു പ്ലാന്റുകളും ലേഡീസ് ഹോസ്റ്റല്‍, മെന്‍സ് ഹോസ്റ്റല്‍ വളപ്പുകളില്‍ 200 കിലോഗ്രാമിന്റെ ഓരോന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, പുതിയ ഒ.പി. ബ്ലോക്ക് എന്നിവിടങ്ങളില്‍ 500 കിലോഗ്രാമിന്റെ ഓരോ ബയോഗ്യാസ് പ്ലാന്റുകളുമാണ് സ്ഥാപിച്ചത്. മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലും പരിസരത്തുമുള്ള ആഹാരാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം സംസ്‌കരിക്കാന്‍ ഇതിലൂടെ കഴിയും. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ക്യാന്റീനുകളിലും മെസുകളിലും മൈക്രോബയോളജി ലാബിലും ലഭ്യമാക്കും. മൈക്രോബയോളജി ലാബില്‍ ബയോഗ്യാസ് നല്‍കുന്നതുവഴി പ്രതിമാസം 40,000 രൂപ വരെ ആസ്പത്രി വികസന സമിതിക്ക് ലാഭിക്കാനാകും.
രണ്ടാമത്തെ മെഡിസിന്‍ ഐ.സി.യു.
നിലവിലുള്ള മെഡിസിന്‍ തീവ്ര പരിചരണ വിഭാഗത്തിന് പുറമേ മറ്റൊരു എം.ഐ.സി.യു കൂടി സജ്ജമാക്കുകയാണ്. നിലവിലുണ്ടായിരുന്ന കാര്‍ഡിയോളജി ഐ.സി.യു. പുതിയ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥലത്താണ് 10 കിടക്കകളുള്ള രണ്ടാമത്തെ എം.ഐ.സി.യു. സജ്ജമാക്കുന്നത്. ഇതോടെ കൂടുതല്‍ രോഗികള്‍ക്ക് മികച്ച തീവ്ര പരിചരണം നല്‍കാന്‍ കഴിയും.
പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി
എസ്.എ.ടി. ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്നമായ പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. തീയേറ്ററിന് ആവശ്യമായ 80 ലക്ഷം രൂപയുടെ ഹാര്‍ട്ട് ലങ് മെഷീന്‍, വെന്റിലേറ്റര്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയെല്ലാം എത്തിയതിനാല്‍ രോഗികള്‍ക്ക് ചികിത്സ വൈകാതിരിക്കാന്‍ എസ്.എ.ടി.യില്‍ നിര്‍മ്മിക്കുന്ന ഓപ്പറേഷന്‍ തീയേറ്ററിന്റെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തിയേറ്ററിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ച് ചികിത്സ ആരംഭിക്കുന്നത്. എസ്.എ.ടി. ആശുപത്രി സുവര്‍ണ്ണ ജൂബിലി മന്ദിരത്തില്‍ പുതിയ തിയേറ്റര്‍ നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.
പുതിയ വെബ് പോര്‍ട്ടല്‍
സംയോജിത അക്കാഡമിക് മാനേജ്മെന്റ് സംവിധാനത്തോടു കൂടിയ പുതിയ വെബ് പോര്‍ട്ടലിനും മെഡിക്കല്‍ കോളേജില്‍ തുടക്കമാകുകയാണ്. മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വളരെയധികം പ്രയോജനപ്പെടത്തക്ക വിധത്തിലാണ് വെബ് പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രവേശന സമയത്തുതന്നെ വിവരങ്ങള്‍ ശേഖരിക്കാനും അതിലൂടെ അധ്യായന കാലത്തുടനീളം ഉപയോഗിക്കാവുന്ന ഇ-ഐഡന്റിറ്റി, വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ആശയ വിനിമയത്തിനായുള്ള മെസേജ് ബോര്‍ഡ് സംവിധാനം, നേരിട്ടോ ഗ്രൂപ്പ് ആയോ സന്ദേശം അയയ്ക്കാനുള്ള സംവിധാനം, ന്യൂസ് പോര്‍ട്ടല്‍ എന്നിവ വെബ് പോര്‍ട്ടലിന്റെ പ്രത്യേകതയാണ്.
അടുത്ത ഘട്ടത്തില്‍ ഇ-ഹെല്‍ത്തുമായി സഹകരിച്ച് തത്സമയ ഒ.പി. ക്യൂ സ്റ്റാറ്റസ് ഈ വെബ് പോര്‍ട്ടലിലൂടെ പ്രസിദ്ധീകരിക്കും. ഈ പദ്ധതിയും ഇ-ഓഫീസ്, ഇ-ഹെല്‍ത്ത് സംവിധാനങ്ങളും പ്രവര്‍ത്തനസജ്ജമാകുന്നതോടു കൂടി ഇന്ത്യയിലെ ആദ്യ പൂര്‍ണ ഡിജിറ്റല്‍ മെഡിക്കല്‍ കോളേജായി തിരുവനന്തപുരം മാറും. 1985 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള സമഗ്ര വികസന പ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. 35ഓളം പുതിയ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമായി വരുന്നുണ്ട്. ഇതിന്റെ ആദ്യ ഘട്ടമായാണ് 10 സംവിധാനങ്ങളുടെ ഉദ്ഘാടനം നടക്കുന്നത്. ഇതിന് പുറമേ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച 717 കോടിയുടെ മാസ്റ്റര്‍ പ്ലാനിലെ പദ്ധതികളും യാഥാര്‍ത്ഥ്യമായി വരികയാണ്.
ഫെബ്രുവരി 13ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. മന്ത്രി മുതല്‍ താഴോട്ട് ഡോ.സന്തോഷടക്കം ധാരാളം പേരുടെ അദ്ധ്വാനം ഇതിനു പിന്നിലുണ്ട്. ഇക്കൂട്ടത്തില്‍ എനിക്കറിയാവുന്നത് സന്തോഷിനെയാണ്. അദ്ദേഹം പറഞ്ഞതു കൊണ്ട് വിവരം ഞാനറിഞ്ഞു. ഇത്തരം കാര്യങ്ങള്‍ എല്ലാവരും അറിയേണ്ടതാണെന്ന് കരുതുന്നു. അറിഞ്ഞെങ്കില്‍ മാത്രമല്ലേ പുതിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാവുകയുള്ളൂ! മാത്രമല്ല, നല്ല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടണമല്ലോ..