പിണറായി വിജയന്‍ മന്ത്രിസഭയിലെ കരുത്തനാണ് ഇ.പി.ജയരാജന്‍. തന്ത്രപ്രധാനമായ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമന്‍. പക്ഷേ, അദ്ദേഹം ഭരണത്തില്‍ കന്നിക്കാരനാണ്. ആദ്യമായാണ് മന്ത്രിയാവുന്നത്. അതിന്റെ പാളിച്ചകള്‍ പ്രകടനത്തില്‍ കാണാം. പാളിച്ചകള്‍ ഉണ്ടാവുന്നത് തുടക്കത്തില്‍ ഒഴിവാക്കാനാവില്ല, കുറ്റവുമല്ല. പക്ഷേ, പാളിച്ചകളില്‍ നിന്നു പാഠം പഠിക്കാനും അത് ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ലോകപ്രശസ്ത ബോക്‌സിങ് താരം മുഹമ്മദലി മരിച്ച വേളയില്‍ മനോരമ ന്യൂസിന് നല്‍കിയ ലൈവ് പ്രതികരണത്തില്‍ ജയരാജന്‍ വിളമ്പിയ വിഡ്ഡിത്തം വരുത്തിയ ക്ഷീണം മാറിയിട്ടില്ല. അപ്പോഴാണ് മുന്‍ രാജ്യാന്തര കായികതാരവും രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന ജേത്രിയുമായ അഞ്ജു ബോബി ജോര്‍ജ്ജുമായി കായിക മന്ത്രി കൊമ്പുകോര്‍ത്തത്. ട്രോളുകാര്‍ക്ക് ചാകര തന്നെ.
കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാണ് അഞ്ജു ബോബി ജോര്‍ജ്ജ്. യു.ഡി.എഫാണ് അവരെ നിയമിച്ചത്. എല്‍.ഡി.എഫ്. അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ അഞ്ജുവിന് സ്ഥാനം നഷ്ടമാവുമെന്നത് അവര്‍ക്കു തന്നെ 100 ശതമാനം ഉറപ്പുള്ള കാര്യം. തിരുവനന്തപുരത്തെ ഓഫീസിലെ സാധനങ്ങളൊക്കെ ഒതുക്കി പായ്ക്ക് ചെയ്തു വെയ്ക്കാന്‍ ബംഗളൂരിവില്‍ നിന്നു തന്നെ ഫോണിലൂടെ സഹായികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷമാണ് അവര്‍ എത്തിയതു തന്നെ. രാജിയെക്കുറിച്ച് ഇപ്പോള്‍ ചോദിക്കുമ്പോള്‍ കാത്തിരുന്നു കാണാം എന്നാണ് പ്രതികരണമെങ്കിലും ഒഴിയാന്‍ തയ്യാറായിട്ടാണ് അവര്‍ വന്നതെന്നു വ്യക്തം.
എന്നാല്‍, അഞ്ജു തിരുവനന്തപുരത്തെത്തിയപ്പോള്‍ നിലപാടില്‍ ചെറിയ മാറ്റമുണ്ടായി. തുടരാനുള്ള സാഹചര്യമുണ്ടെങ്കില്‍ അതാവാം എന്ന നിലപാടിലേക്ക് അവരെ എത്തിച്ചത് ചില ഉപദേശകര്‍. അങ്ങനെയാണ് അഞ്ജു കായിക മന്ത്രിയെ കാണാനെത്തിയത്. കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയും ഒപ്പമുണ്ടായിരുന്നു. പക്ഷേ, എല്ലാം കൈവിട്ടുപോയി. തങ്ങള്‍ സ്ഥാനമേറ്റെടുത്ത ശേഷം എന്തൊക്കെ ചെയ്തു, ഇനി എന്തൊക്കെ ചെയ്യാനുദ്ദേശിക്കുന്നു എന്നൊക്കെ മന്ത്രിയെ ബോദ്ധ്യപ്പെടുത്താനായിരുന്നു സന്ദര്‍ശനമെന്ന് അഞ്ജു പറയുന്നു. ‘നിങ്ങള്‍ പഴയ സര്‍ക്കാരിന്റെ ആളുകളല്ലേ, അവിടെ മൊത്തം അഴിമതിയാണല്ലോ’ എന്നായിരുന്നു ജയരാജന്റെ ഉടന്‍പ്രതികരണം.
അടച്ചാക്ഷേപിക്കും മുമ്പ് ആരൊക്കെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നത് മന്ത്രി പരിഗണിക്കേണ്ടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്കു വേണ്ടി മെഡല്‍ നേടിയ ആദ്യ താരമാണ് അഞ്ജു ബോബി ജോര്‍ജ്ജ്. പി.ആര്‍.ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനാണ്. രാജ്യത്തിനു വേണ്ടി മെഡല്‍ വേട്ട നടത്തിയ അത്‌ലറ്റുകളായ കെ.എം.ബീനാമോള്‍, പ്രീജ ശ്രീധരന്‍, വോളി താരം ടോം ജോസഫ് എന്നിവരാണ് മറ്റംഗങ്ങള്‍. ഇവരെല്ലാം അര്‍ജ്ജുന പുരസ്‌കാര ജേതാക്കള്‍. ഇവരെയെല്ലാം ഒരു രാഷ്ട്രീയ മുന്നണിയുടെ തൊഴുത്തില്‍ അനൗചിത്യമായി. അഞ്ജുവിന്റെ വിലയിരുത്തല്‍ ഉടനെ വന്നു -‘സ്‌പോര്‍ട്‌സിനെക്കുറിച്ച് അല്പമെങ്കിലും കാര്യവിവരമുള്ള ഒരു നേതാവിനെ കായിക മന്ത്രി ആക്കുന്നതായിരിക്കും കേരളത്തിന് നല്ലത്’.
കൗണ്‍സിലിലെ സ്ഥലംമാറ്റങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് പ്രസിഡന്റും മന്ത്രിയും ഇടയുന്നതിനു കാരണമായതെന്ന് പരസ്യമായ രഹസ്യം. ആരോഗ്യപരമായ കാരണങ്ങളാല്‍ തിരുവനന്തപുരത്തേക്ക് മാറ്റം ചോദിച്ച പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസറുടെ അപേക്ഷ പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്ന വേളയില്‍ കഴിഞ്ഞ 6 മാസത്തിനിടെ കൗണ്‍സിലില്‍ നടന്ന സ്ഥലംമാറ്റങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാനുഷികമായ പരിഗണനയില്‍ മന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാമെങ്കിലും മൊത്തത്തില്‍ ആളുകളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് കായികതാരങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അഞ്ജു ചൂണ്ടിക്കാട്ടി. പുതിയ സീസണിനു വേണ്ടിയുള്ള തയ്യാറാറെടുപ്പുകള്‍ മുഴുവന്‍ അവതാളത്തിലാവും. പ്രകടനമികവിന്റെ അടിസ്ഥാനത്തിലാണ് ഓഫീസര്‍മാരുടെയും പരിശീലകരുടെയും പോസ്റ്റിങ്ങ് നിശ്ചയിച്ചിട്ടുള്ളതെന്നും ഇതില്‍ സ്വജനപക്ഷപാതമില്ലെന്നും അഞ്ജു വ്യക്തമാക്കിയെങ്കിലും ജയരാജന്‍ വഴങ്ങിയില്ല. ഉടക്കായി. അധികാരസ്ഥാനത്തിന്റെ പേരില്‍ അല്പം ഉയരത്തിലുള്ള ജയരാജന്‍ ശബ്ദമുയര്‍ത്തി സംസാരിച്ചു. അഞ്ജു നിലവിളി സയറനുമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റടുത്തേക്കോടി. അവര്‍ പറഞ്ഞതു മുഴുവന്‍ മുഖ്യമന്ത്രി സമചിത്തതയോടെ ക്ഷമാപൂര്‍വ്വം കേട്ടു. പരിശോധിച്ചു വേണ്ടതു ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അഞ്ജു ചാനല്‍ മൈക്കുകള്‍ക്കു മുന്നില്‍ പറഞ്ഞു. ആദ്യത്തെ ചൂടൊന്നു കുറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ദേ വന്നു -ജയരാജന്റെ നടപടിയില്‍ തെറ്റൊന്നുമില്ല!
2015 നവംബര്‍ 27നാണ് അഞ്ജു സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. പത്മിനി സെല്‍വന്റെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നായിരുന്നു നിയമനം. തന്നെ നിയമിച്ച വാര്‍ത്ത ടെലിവിഷനില്‍ എഴുതിക്കാണിച്ചപ്പോഴാണ് അറിഞ്ഞതെന്ന് അഞ്ജു പറയുന്നു. ഏതു സാഹചര്യത്തിലാണ് അഞ്ജു വന്നത്? ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ശക്തമായി ഉയരുന്ന കാലം. രാഷ്ട്രീയബന്ധമില്ലാത്ത കായികതാരങ്ങളെ കൗണ്‍സിലിന്റെ തലപ്പത്തിരുത്തി വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറയ്ക്കാന്‍ അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ നീക്കം. ശ്രീജേഷും ബീനയും പ്രീജയുമെല്ലാം അങ്ങനെ വന്നവര്‍ തന്നെ. അഞ്ജുവിനെപ്പോലെ ഒരാളാവുമ്പോള്‍ എല്‍.ഡി.എഫും എതിര്‍ക്കില്ല എന്നായിരുന്നു തിരുവഞ്ചൂരിന്റെ കണക്കുകൂട്ടല്‍.
കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമേല്‍ക്കാന്‍ അഞ്ജുവിന് ആദ്യം താല്പര്യമുണ്ടായിരുന്നില്ല. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ അവര്‍ക്ക് തിരുവനന്തപുരത്തേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റാന്‍ സാധിക്കുമായിരുന്നില്ല. അഴിമതി ആരോപണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ അഞ്ജു എന്ന മറ ആവശ്യമായിരുന്ന തിരുവഞ്ചൂര്‍ അവര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകളെല്ലാം അംഗീകരിച്ചു, ബംഗളൂരുവില്‍ നിന്നു വന്നു പോകാനുള്ള വിമായാത്രാക്കൂലി നല്‍കുന്നതടക്കം. അതിന്റെ ഫലമോ? മുഴുവന്‍ സമയ പ്രവര്‍ത്തനം ആവശ്യമുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം വന്നു പോകുന്ന ‘വിസിറ്റിങ്’ പ്രസിഡന്റായി അഞ്ജു മാറി. ബംഗളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയാണ് അവര്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം എന്ന ടോപ്‌സിന്റെ ചെയര്‍പേഴ്‌സണായ അഞ്ജു അതിന്റെ ഭാഗമായി ഇപ്പോള്‍ ഡെപ്യൂട്ടേഷനിലാണ്. കസ്റ്റംസില്‍ നിന്നാണ് ശമ്പളമെങ്കിലും അഞ്ജുവിന്റെ പ്രവര്‍ത്തനം ടോപ്‌സിലാണെന്നര്‍ത്ഥം. ഭാരിച്ച ഉത്തരവാദിത്വമുള്ള ഈ ചുമതലയ്ക്കിടെയാണ് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനവും അഞ്ജു ‘കഷ്ടപ്പെട്ട്’ ചുമക്കുന്നത്.
ടോപ്‌സും സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇപ്പോള്‍ അഞ്ജുവിന് ഒരു വിഷയമേയല്ല. അതിനെക്കാള്‍ അവര്‍ക്കു താല്പര്യമുള്ള, അങ്ങേയറ്റം ശ്രദ്ധ പതിപ്പിക്കുന്ന മറ്റൊരു സംഗതിയുണ്ട്. ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജ്ജിനൊപ്പം ബംഗളൂരുവില്‍ ആരംഭിച്ച അഞ്ജു ബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍. ഇപ്പോളത് അക്കാദമിയായി മാറി. ഒളിമ്പ്യന്‍ പി.ടി.ഉഷ കോഴിക്കോട്ട് നടത്തുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ മാതൃകയിലാണ് അഞ്ജുവിന്റെ സ്‌പോര്‍ട്‌സ് അക്കാദമിയുടെയും രൂപകല്പന. ടോപ്‌സിന്റെ മേധാവിയായ അഞ്ജു മുഴുവന്‍ സമയവും ദേശീയ അത്‌ലറ്റിക്‌സ് ക്യാമ്പിലുണ്ടാവണമെന്നാണ് വ്യവസ്ഥ. അതിനാണ് കസ്റ്റംസുകാര്‍ ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ ശമ്പളം നല്‍കി അങ്ങോട്ടു വിട്ടിരിക്കുന്നത്. അതിനു പകരം സ്വന്തം അക്കാദമിയിലാണ് അവര്‍ക്കു ശ്രദ്ധയെന്നത് പരസ്യമായ രഹസ്യം. സൈഡ് ബിസിനാക്കി മാറ്റിയിരിക്കുന്ന ടോപ്‌സിനും അപ്പുറത്തെ സൈഡിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍! കസ്റ്റംസില്‍ നിന്നു തന്നെ ലഭിക്കുന്ന ടോപ്‌സിലെ ശമ്പളത്തിനു പുറമെ കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ ഓണറേറിയം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതും പ്രശ്‌നമാണ്.
കൗണ്‍സിലിന് മുഴുവന്‍ സമയ പ്രസിഡന്റിനെയാണ് ആവശ്യമെന്ന് അഞ്ജുവുമായുള്ള കൂടിക്കാഴ്ചയില്‍ ജയരാജന്‍ വ്യക്തമാക്കി. പക്ഷേ, അഞ്ജുവിനെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞില്ല എന്നും മനസ്സിലാക്കുന്നു. എന്തിനു പറയണം? മുഴുവന്‍ സമയ പ്രസിഡന്റായി അഞ്ജുവിനിരിക്കാന്‍ പറ്റില്ലെന്നത് ഉറപ്പല്ലേ! സര്‍ക്കാര്‍ കുത്തുപാളയെടുത്തിരിക്കുന്ന വേളയില്‍ അഞ്ജു വിമാനയാത്രാക്കൂലി കൈപ്പറ്റുന്നതും മന്ത്രിയുടെ വിമര്‍ശന വിധേയമായി. അഞ്ജുവിന് വിമാനയാത്രാക്കൂലി അനുവദിക്കാനുള്ള ഉത്തരവ് അടുത്തിടെ മാത്രമാണ് പുറത്തിറങ്ങിയതെന്നും മുന്‍കൂട്ടി നിശ്ചയിച്ച് നേരത്തേ ടിക്കറ്റെടുക്കുകയാണെങ്കില്‍ ബംഗളൂരുവിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ബസ് യാത്രാക്കൂലിയെക്കാള്‍ കുറവാണെന്നുമുള്ളത് വേറെ കാര്യം.
വ്യക്തിപരമായ ചില ആക്ഷേപങ്ങള്‍ അഞ്ജുവിന്റെ കൗണ്‍സില്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന ആക്ഷേപങ്ങള്‍ തന്നെ. തന്റെ സ്ഥാനം സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി അഞ്ജു പ്രയോജനപ്പെടുത്തി. രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയ താരത്തിന് എന്തും ആവാം, ആരും ചോദിക്കരുതെന്ന ചിന്ത ശരിയല്ലല്ലോ. സഹായം ചോദിച്ചു വാങ്ങാം, തെറ്റില്ല. പക്ഷേ, ഇത് അങ്ങനെയല്ല. അടുത്തിടെ സായി ഡയറക്ടര്‍ ഇഞ്ചെതി ശ്രീനിവാസ് കൂടിയാലോചനകള്‍ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സംഭവിച്ചത് ഒരുദാഹരണം. എല്‍.എന്‍.സി.പി.ഇ. അടക്കം സായിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ യോഗത്തിനു ക്ഷണിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ അഞ്ജു ബോബി ജോര്‍ജ്ജിനെയും വിളിച്ചു. കുട്ടികള്‍ക്ക് നല്ല പരിശീലനം ലഭ്യമാക്കുന്ന കാര്യത്തില്‍ പ്രസിഡന്റിന്റെ അഭിപ്രായം കേള്‍ക്കണ്ടേ -‘നല്ല കുട്ടികളുണ്ടെങ്കില്‍ എന്റെ അക്കാദമിയിലേക്കു കൊണ്ടുപോകാം. അവിടെ ബോബി ട്രെയിന്‍ ചെയ്തുകൊള്ളും.’ സ്വകാര്യ അക്കാദമിയിലേക്ക് ആളെപ്പിടിക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്! അഞ്ജുവിന്റെ കമന്റ് കേട്ട ശ്രീനിവാസ് യോഗത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെയെല്ലാം മുഖത്ത് മാറി മാറി നോക്കി. എല്ലാവരും തലകുനിച്ചിരുന്നതേയുള്ളൂ. അഞ്ജുവിന് പ്രത്യേകിച്ച് ഉറപ്പൊന്നും കൊടുക്കാതെ അദ്ദേഹം മടങ്ങി. ആ യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ മുഖേന പുറത്തുവന്ന വിവരം കായികരംഗവുമായി പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളും ചര്‍ച്ച ചെയ്തതാണ്. മന്ത്രിയും അറിഞ്ഞിട്ടുണ്ടാവണം.
സായി ഡയറക്ടര്‍ ജനറലിനു മുന്നില്‍ വെച്ച നിര്‍ദ്ദേശം അഞ്ജു പിന്നീട് വേറൊരു രീതിയില്‍ പ്രാവര്‍ത്തികമാക്കി. മെയ് അവസാനവാരം കോഴിക്കോട് സര്‍വ്വകലാശാലാ ക്യാമ്പസില്‍ നടന്ന ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ ക്യാന്‍വാസിങ്ങുമായി നടന്ന അഞ്ജു പ്രതീക്ഷയുള്ള ഏതാനും അത്‌ലറ്റുകളെ വലയിലാക്കി. രണ്ടു പേര്‍ മാത്രമാണ് ഇതുവരെ അതു പരസ്യമായി പറയാന്‍ ധൈര്യം കാണിച്ചത്. ബാക്കിയുള്ളവര്‍ നിലവിലുള്ള പരിശീലകരുടെ അപ്രീതി ഭയന്ന് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. പോള്‍ വോള്‍ട്ടറായ മരിയ ജെയ്‌സണും ലോങ് ജംപറായ രുഗ്മ ഉദയനുമാണ് അഞ്ജുവിന്റെ അക്കാദമിയില്‍ ചേര്‍ന്നതായി പരസ്യപ്രഖ്യാപനം നടത്തിയ താരങ്ങള്‍. ജൂനിയര്‍ തലത്തില്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ 6 തവണ പോള്‍ വോള്‍ട്ട് ദേശീയ റെക്കോഡ് തിരുത്തിയ മിടുക്കിയാണ് മരിയ ജെയ്‌സണ്‍. ദേശീയ തലത്തിലെ വിവിധ മത്സരങ്ങളില്‍ 11 സ്വര്‍ണ്ണ മെഡലുകളും ഈയിനത്തില്‍ വാരിക്കൂട്ടി. പക്ഷേ, പോള്‍ വോള്‍ട്ട് ഉപേക്ഷിച്ചിട്ടാണ് മരിയ ഇനി മുന്നോട്ടു നീങ്ങുക. അഞ്ജുവിന്റെ അക്കാദമിയില്‍ ഈ പെണ്‍കുട്ടി പരിശീലനം നേടുക ലോങ് ജംപിലായിരിക്കും. പോള്‍ വോള്‍ട്ടിനെക്കാള്‍ അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ സാദ്ധ്യത ലോങ് ജംപിനാണെന്ന വിദഗ്‌ദ്ധോപദേശം പരിഗണിച്ചാണേ്രത മാറ്റം. ഉപദേശി മറ്റാരുമല്ല -അഞ്ജു ബോബി ജോര്‍ജ്ജ്. ഉപദേശത്തിന്റെ കാരണം കൂടി പറയാം. അഞ്ജുവിന്റെ ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജ്ജ് ലോങ് ജംപ് പരിശീലകനാണ്. പോള്‍ വോള്‍ട്ട് താരത്തെ കിട്ടിയിട്ട് അക്കാദമിക്ക് പ്രയോജനമില്ല എന്നര്‍ത്ഥം!
കേരളത്തിലെ സ്‌പോര്‍ട്‌സ് വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്ന അഞ്ജു സ്വന്തം അക്കാദമിയിലേക്ക് ആളെ പിടിക്കാന്‍ നടക്കുന്നത് വിരുദ്ധ താല്പര്യമല്ലേ? വേണമെങ്കില്‍ ഒരു അധികാരവുമില്ലാതെ അത്‌ലറ്റ് എന്ന നിലയിലുള്ള വിശ്വാസ്യത മാത്രം മുതലാക്കി അതു ചെയ്യണമായിരുന്നു. പ്രതിഭകളെ സ്വന്തം സ്ഥാപനത്തിലേക്കു വലിക്കുന്നതിനു പകരം ഇവിടെയുള്ള പരിശീലന സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയല്ലേ പ്രസിഡന്റ് എന്ന നിലയില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത്? ഇതെന്റെ ചോദ്യങ്ങളല്ല. ഇത്രയും കാലം ആ പ്രതിഭകളെ നട്ടുനനച്ചു വളര്‍ത്തിയിരുന്ന സായി പരിശീലകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. അഞ്ജുവിന്റെ ഇപ്പോഴത്തെ നിലപാടില്‍ അത്ഭുതമില്ല. റോബര്‍ട്ട് ബോബി ജോര്‍ജ്ജ് എന്ന പരിശീലകനു മുമ്പ് അവരെ വളര്‍ത്തിയെടുത്ത ആരെയും ഇപ്പോള്‍ അഞ്ജു അംഗീകരിക്കുന്നില്ല. 2003 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളിലാണ് അഞ്ജു ഏറ്റവുമധികം തിളങ്ങിയത്. ബോബിയുടെ പരിശീലനമല്ല, മറിച്ച് മൈക്ക് പവലിന്റെ ട്രെയ്‌നിങ്ങായിരുന്നു മികവിനാധാരം. ലോങ് ജംപിലെ ലോഞ്ചിങ് റണ്ണിലെ വേഗക്കുറവായിരുന്നു അഞ്ജുവിന്റെ പ്രധാന പ്രശ്‌നം. പവല്‍ അതു തിരിച്ചറിയുകയും സ്‌ക്വാട്ട് ട്രെയ്‌നിങ്ങിലൂടെ ലോവര്‍ ബോഡി ബലപ്പെടുത്തുകയും ചെയ്തതോടെ അഞ്ജു എന്ന അത്‌ലറ്റിന്റെ രൂപഭാവങ്ങള്‍ മാറി. 2003 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലവും 2005 ലോക അത്‌ലറ്റിക്‌സില്‍ പിന്നീട് സ്വര്‍ണ്ണമായി മാറിയെ വെള്ളിയുമെല്ലാം വന്നത് അങ്ങനെയാണ്. ആദ്യം കാമുകനും പിന്നെ ഭര്‍ത്താവുമായ ബോബിയിലെ പരിശീലകനെ അഞ്ജുവിന് വിശ്വാസമായിരിക്കാം, പക്ഷേ യാഥാര്‍ത്ഥ്യം അതല്ല. ഇതു പറയുന്ന എന്നെ പിന്തിരിപ്പന്‍ എന്നു വിളിച്ചേക്കാം. പക്ഷേ, ഏതു രംഗത്തും വിജയം വരിക്കാന്‍ ആദ്യം വേണ്ടത് നേരും നെറിയുമാണ്. സ്‌പോര്‍ട്‌സിലും അത് അങ്ങനെ തന്നെ.
സഹോദരനായ അജിത് മാര്‍ക്കോസിന് കൗണ്‍സിലില്‍ വഴിവിട്ട നിയമനം തരപ്പെടുത്താന്‍ അഞ്ജു കരുനീക്കം നടത്തിയെന്ന ആക്ഷേപവുമുണ്ട്. രാജ്യാന്തര അത്‌ലറ്റ് സിനിമോള്‍ പൗലോസിന്റെ ഭര്‍ത്താവും പരിശീലകനുമാണ് അജിത്. കൗണ്‍സിലിലെ അസിസ്റ്റന്റ് സെക്രട്ടറി -ടെക്‌നിക്കല്‍ തസ്തികയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിക്കാനായിരുന്നു നീക്കം. നേരത്തേ രാജ്യാന്തര താരം ബോബി അലോഷ്യസ് വഹിച്ചിരുന്ന പദവിയാണിത്. കനത്ത ശമ്പളമുള്ള ഈ തസ്തികയിലേക്ക് അജിത് നേരത്തേ അപേക്ഷിച്ചിരുന്നുവെങ്കിലും ആവശ്യമായ യോഗ്യതയില്ലെന്നു പറഞ്ഞ് അത് തള്ളി. അഞ്ജു ചുമതലയേറ്റതോടെ ഇല്ലാത്ത യോഗ്യത പെട്ടെന്ന് കൈവന്നു!
ജയരാജന് അല്പം കൂടി ബുദ്ധി പ്രയോഗിക്കാമായിരുന്നു. മുള്ളിനെ മുള്ളു കൊണ്ടെടുക്കാമായിരുന്നത് അദ്ദേഹം വെട്ടുകത്തി കൊണ്ടെടുത്ത് കുളമാക്കി. അഞ്ജുവിനെ ഒഴിവാക്കണമെങ്കില്‍ അതിനായി ഒരു ഫയല്‍ തുറക്കണമായിരുന്നു. വിമാനയാത്രയുടെ പേരിലുള്ള ‘ധൂര്‍ത്ത്’ അടക്കം അവര്‍ക്കെതിരായ ആക്ഷേപങ്ങളുടെ പേരില്‍ വിശദീകരണം ചോദിക്കണമായിരുന്നു. എന്നിട്ട്, വേണമെന്നുണ്ടെങ്കില്‍ വിശദീകരണം ചോദിച്ച വാര്‍ത്ത കൈരളിയിലോ മറ്റേതെങ്കിലും ചാനലിലോ ചോര്‍ത്തിക്കൊടുക്കണം. ജയരാജന്റെ ഇഷ്ട ചാനലായ മനോരമ ന്യൂസ് വേണ്ട. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ജയരാജനെ വലിച്ചുകീറുന്നവര്‍ വര്‍ദ്ധിതവീര്യത്തോടെ അഞ്ജുവിനെ നെടുകെ പിളര്‍ന്ന് ചുമരിലൊട്ടിച്ചേനെ. പോയ ബുദ്ധി പാമ്പു പിടിച്ചാലും കിട്ടില്ല.
ഇക്കഥയിലെ യഥാര്‍ത്ഥ വില്ലന്‍ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞിരുന്ന് പുഞ്ചിരിക്കുകയാണ്. ഒരക്ഷരം മിണ്ടാന്‍ ഇദ്ദേഹമാണ് തയ്യാറായിട്ടില്ല. കായിക മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സഹപാഠി എന്നതാണ് യോഗ്യത. തസ്തിക സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്. പേര് ടി.കെ.ഇബ്രാഹിംകുട്ടി. ‘വിസിറ്റിങ്’ പ്രസിഡന്റായ അഞ്ജുവിന്റെ അസാന്നിദ്ധ്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിക്കുന്നത് ഇദ്ദേഹമാണ്. പിന്‍സീറ്റ് ഡ്രൈവര്‍. ഇപ്പോള്‍ ജയരാജന്‍ പറഞ്ഞ വിവാദമായ എല്ലാ സ്ഥലംമാറ്റങ്ങള്‍ക്കും പിന്നില്‍ ഇബ്രാഹിം കുട്ടി തന്നെ. വല്ലപ്പോഴും വരുന്ന അഞ്ജു ഉത്തരവില്‍ ഒപ്പുവെയ്ക്കുക മാത്രമാണ് ചെയ്തതെങ്കിലും ഉത്തരവാദിത്വം അവര്‍ക്കാണ്. സ്ഥാനമൊഴിയാന്‍ തീരുമാനിച്ചെത്തിയ അഞ്ജു തുടരാമെന്ന ചിന്താഗതിയുമായി മന്ത്രിയെ കാണാന്‍ പോയതെങ്ങനെയെന്ന് മനസ്സിലായില്ലേ? അഞ്ജു തുടര്‍ന്നാല്‍ കൗണ്‍സില്‍ തുടരും. ഇബ്രാഹിംകുട്ടിക്ക് കളിച്ചു തിമര്‍ക്കാം. ജയരാജന്റെ ചാട്ടം മുഴുവന്‍ ഇബ്രാഹിംകുട്ടിക്കു നേരെയായിരുന്നു. അഞ്ജുവിനെ പരിചയാക്കി അദ്ദേഹമത് പ്രതിരോധിച്ചു. വിവാദമായി, വാര്‍ത്തയുമായി.
അഞ്ജുവിനെ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നത്. അഞ്ജുവിനു വേണ്ടിയാണോ ഇബ്രാഹിംകുട്ടിക്കു വേണ്ടിയാണോ ഈ നിലവിളി എന്നാണറിയേണ്ടത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടന്നത് എന്താണെന്ന് അദ്ദേഹം മറന്നു. 2011ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സി.പി.എമ്മുകാരനായ ടി.പി.ദാസനായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. കായിക മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്ഥാനമൊഴിയുന്ന കാര്യം സംസാരിക്കാന്‍ ഗണേഷിനെ ദാസന്‍ കണ്ടു. ‘പുതിയ ആളെ നിയമിക്കുമ്പോള്‍ സ്ഥാനമൊഴിഞ്ഞാല്‍ മതി, അതു വരെ തുടരൂ’ എന്നു പറഞ്ഞ് ദാസനെ ഗണേഷ് മടക്കി. എന്നാല്‍, ദാസന്‍ തിരികെ ഓഫീസിലെത്തും മുമ്പ് അവിടെ പത്മിനി സെല്‍വന്‍ പ്രസിഡന്റ് കസേരയില്‍ പിന്‍വാതിലിലൂടെ കയറി ഇരിപ്പുറപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടു നടത്തിയ നീക്കം മന്ത്രിയായ ഗണേഷ് അറിഞ്ഞുപോലുമില്ല. ഒടുവില്‍ തന്റെ പെട്ടി പോലുമെടുക്കാന്‍ ദാസന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. അതേ ടി.പി.ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തിരിച്ചെത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പിണറായി വിജയനുമായും ഇ.പി.ജയരാജനുമായും പുലര്‍ത്തുന്ന അടുത്ത ബന്ധമാണ് ദാസന്റെ കൈമുതല്‍.
ട്രോളില്‍ നിന്ന് ജയരാജന് അല്പം ആശ്വാസമായത് ഈശ്വരാനുഗ്രഹം കൊണ്ടാണ്. ദൈവം ഉണ്ടെന്ന് അദ്ദേഹം വിശ്വസിക്കില്ലായിരിക്കാം. പക്ഷേ, ജയരാജന് ഈശ്വരാനുഗ്രഹമുണ്ടെന്ന് പറയാതെ വയ്യ. അനുഗ്രഹം വന്നത് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ രൂപത്തിലാണെന്നു മാത്രം. സുധാകരന്റെ വാക്കുകള്‍ ജയരാജന്റെ കര്‍ണ്ണപുടങ്ങളില്‍ കുളിര്‍മഴയായി പെയ്തിറങ്ങി. ഇതാ ആ വാക്കുകള്‍:
‘അഞ്ജു ബോബി ജോര്‍ജ്ജ് കേരളത്തിനു വേണ്ടി നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. അവരുടെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജും കുടുംബം മുഴുവനും കേരളത്തിനു വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.’
പ്ലിങ്!!!! കണ്ണൂരുകാരനായ മുന്‍ സ്‌പോര്‍ട്‌സ് മന്ത്രി കെ.സുധാകരന് കണ്ണൂരുകാരന്‍ തന്നെയായ ജിമ്മി ജോര്‍ജ്ജിനെ അറിയില്ല. അഞ്ജു ബോബി ജോര്‍ജ്ജിനെ അറിയില്ല. അഞ്ജുവിന്റെ ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജ്ജിനെയും അറിയില്ല. ജയരാജനൊക്കെ എന്ത്! അങ്ങ് അമേരിക്കയിലുള്ള മുഹമ്മദലിയെ അറിയില്ലെന്നു പറഞ്ഞ് ജയരാജനെ ട്രോളുന്ന നമ്മള്‍ അപ്പോള്‍ സുധാകരനെ എന്തു ചെയ്യണം?
ബോബിയുടെ ജ്യേഷ്ഠ സഹോദരനും പ്രശസ്ത വോളിബോള്‍ താരവുമായ ജിമ്മി ജോര്‍ജ്ജ് 1987 നവംബര്‍ 30ന് ഇറ്റലിയിലുണ്ടായ വാഹനാപകടത്തില്‍ അന്തരിച്ചു. അപ്പോള്‍ അഞ്ജുവിന് പ്രായം കൃത്യം 10 വയസ്സ്!!! ഈ കണ്ണൂരുകാരെല്ലാമെന്താ ഇങ്ങനെ?
Nice and informative. An overall perspective on the real issues.
Both are mathematics, but third one is behind the curtain.
Well said…
Well researched Syam. Impressive commentary. Keep it up!