Reading Time: 4 minutes

ചൊവ്വാഴ്ച രാവിലെ മുതല്‍ ടെലിവിഷനു മുന്നില്‍ തന്നെയായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ദൂരദര്‍ശന്‍ കണ്ടു. എന്തായിരുന്നു പ്രചോദനം? ജയലളിത. ജയലളിത എനിക്കാരാണ്? ആരുമല്ല. പക്ഷേ, അവരുടെ അന്ത്യകര്‍മ്മങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ആകെ ഒരു മരവിപ്പ്. എനിക്കെന്താണ് സംഭവിച്ചത്? സത്യമായിട്ടും അറിയില്ല.

Jaya (4).jpeg

തമിഴനോട് എനിക്ക് പുച്ഛമാണ്. അവന്‍ വെറും പാണ്ടി. സിനിമാക്കാരുടെ പിന്നാലെ എന്തിനും തയ്യാറായി നടക്കുന്ന പ്രാന്തന്മാരും പ്രാന്തത്തികളുമാണ് തമിഴര്‍. പാണ്ടികളുടെ വിവരക്കേട് കാരണം മുഖ്യമന്ത്രിയായ ഒരു സിനിമാക്കാരി മാത്രമാണ് എനിക്ക് ജയലളിത. അഴിമതിയുടെ ആള്‍രൂപം. പക്ഷേ, ആ ജയലളിതയുടെ മരണം എനിക്ക് വളരെ അടുപ്പമുള്ള ആരുടേതോ എന്ന പോലെ അസ്വസ്ഥത ജനിപ്പിക്കുന്നത് എന്തുകൊണ്ട്? അറിയില്ല തന്നെ.

ഒരു വലിയ സത്യം എന്നെ തുറിച്ചു നോക്കുന്നു. ജീവിക്കുമ്പോള്‍ എത്ര പേര്‍ ഒപ്പമുണ്ടായിട്ടും കാര്യമില്ല. മരിച്ചു കിടക്കുമ്പോള്‍ നമുക്കു വേണ്ടി രണ്ടു തുള്ളി കണ്ണീര്‍ വാര്‍ക്കാന്‍ എത്ര പേരുണ്ടാവുന്നു എന്നതിലാണ് കാര്യം. അതിലാണ് ജീവിത വിജയം. അങ്ങനെ നോക്കിയാല്‍ ജയലളിതയോളം ജീവിതവിജയം നേടിയ അധികം പേരുണ്ടാവില്ല എന്നു തോന്നുന്നു. മരിച്ചു കഴിഞ്ഞ് ആളുണ്ടായിട്ട് കാര്യമില്ലായിരിക്കാം. പക്ഷേ, ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ആരെയെങ്കിലുമൊക്കെ സ്പര്‍ശിച്ചതിനാലാണ് നമ്മുടെ മരണവേളയില്‍ അവര്‍ കരയുന്നത്. നമ്മള്‍ നന്മ ചെയ്തു എന്നതിന്റെ തെളിവാണത്. ജയലളിതയോടുള്ള പുച്ഛം ആദരവായി മാറിയതിനു പിന്നിലെ കാരണം ഈ തിരിച്ചറിവായിരിക്കാം.

‘ഇതുവരെ ഭൂലോക വെട്ടിപ്പുകാരിയായിരുന്ന ഒരാള്‍ പെട്ടെന്നെപ്പോഴാണ് പുണ്യാളത്തി ആയത്? മറ്റുള്ളവരെ കട്ടുതിന്നാണോ സ്വയം നന്നാവേണ്ടത്? മരിക്കുന്നതിന് തൊട്ടുമുന്‍പു വരെ പെരുങ്കള്ളി… മരിച്ചതിനു ശേഷം മിടുമിടുക്കി … ലോജിക് ഉഗ്രന്‍. അവരും വീരപ്പനും മറ്റു പെരുംകള്ളന്മാരും തമ്മിലുള്ള വ്യത്യാസമെന്താണ്? അവരെല്ലാം പലരെയും സഹായിച്ചിട്ടുണ്ടാകും… പണ്ട് ബ്രിട്ടീഷുകാര്‍ ഇവിടെ ചെയ്തതെന്താണ്? നമ്മെ ചൂഷണം ചെയ്യുമ്പോഴും ചില എച്ചില്‍കഷണങ്ങള്‍ നമ്മളില്‍ ചിലര്‍ക്ക് എറിഞ്ഞുനല്‍കി കൂടെ നിര്‍ത്തി… അതല്ലേ അവരും ചെയ്തത്? കള്ളി ഇപ്പോഴും കള്ളിയാണ്… പിന്നെ… തമിഴ് ജനത എല്ലാം പൊറുത്തുവെന്ന് എങ്ങനെ പറയാനാകും? ഈ കുറച്ചു പേര്‍ നിലവിളിച്ചതുകൊണ്ടു ചെയ്ത പാപമെല്ലാം അലിഞ്ഞുപോകുമോ?’ -ജയലളിതയുടെ കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞത്. ശരിയാണ്. എനിക്കും ഇതേ അഭിപ്രായമാണ്. അവര്‍ പെരുങ്കള്ളി ആയിരിക്കാം. പക്ഷേ, വെട്ടിച്ചതില്‍ നിന്നാണെങ്കിലും ഒരു പങ്ക് സഹജീവികള്‍ക്കും നല്‍കി. അതിലെ പുണ്യമാകാം ബാക്കി പാപങ്ങളെല്ലാം തല്‍ക്കാലത്തേക്കെങ്കിലും പൊറുക്കാന്‍ തമിഴ് ജനതയെ പ്രേരിപ്പിച്ചത്.

1999ല്‍ ഒരു ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജയലളിത ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. വ്യക്തിജീവിതത്തെക്കുറിച്ചുള്ള അത്ര സുഖകരമല്ലാത്ത ചോദ്യത്തോടായിരുന്നു പ്രതികരണം. ‘വ്യക്തിജീവിതത്തില്‍ ഞാനൊരു പരാജയമാണ്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എല്ലാവരും എം.ജി.ആറിനെ സ്‌നേഹിക്കുന്നു, ഞാനും സ്‌നേഹിച്ചു. പക്ഷേ, അദ്ദേഹവുമായുള്ള ബന്ധം നിയമപരമാക്കി മാറ്റാന്‍ സാധിച്ചില്ല. എനിക്ക് സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാവണമെന്ന വാശി ജനിപ്പിക്കാന്‍ ഇതു കാരണമായി. ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ എന്റെ വ്യക്തിജീവിതം ഇപ്പോഴത്തേതില്‍ നിന്ന് വളരെ ഭേദപ്പെട്ടതാകുമായിരുന്നു എന്നു തോന്നാറുണ്ട്. ഞാന്‍ തിരിച്ചറിയപ്പെടാനുള്ള അടയാളം ഡോ.എം.ജി.ആര്‍. ആണെന്ന് തെളിയിക്കണമായിരുന്നു. അതിനായാണ് രാഷ്ട്രീയത്തില്‍ വന്നത്. ഭാരതീയ പാരമ്പര്യമനുസരിച്ച് ഒരു പെണ്‍കുട്ടി മകളായി ജനിക്കുന്നു, പിന്നീട് ഭാര്യയാകുന്നു, ഒടുവില്‍ അമ്മയായി മരിക്കുന്നു. എനിക്ക് ഒരു ഭാര്യയാകാന്‍ കഴിഞ്ഞില്ല. പക്ഷേ, തീര്‍ച്ചയായും ഞാന്‍ അമ്മയായി മരിക്കും’ -ജയയുടെ ഉറച്ച വാക്കുകള്‍. ആ അഭിമുഖം നല്‍കി 17 വര്‍ഷങ്ങള്‍ക്കിപ്പുറം കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ ജയലളിത എല്ലാവര്‍ക്കും ‘അമ്മ’ ആയി മാറിയിരുന്നു. തമിഴ്‌നാടിന്റെയാകെ അമ്മ!!

അമ്മ എന്ന സ്ഥാനത്തേക്ക് ജയലളിത സ്വയം അവരോധിക്കുകയായിരുന്നു. അതിനുവേണ്ടി അവര്‍ കാര്യമായി പ്രയത്‌നിച്ചു. ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായ വേളയില്‍ കേരളത്തില്‍ നിന്ന് എത്തിച്ച സഹായ സാമഗ്രികളിലടക്കം അവരുടെ ചിത്രം പതിപ്പിച്ച് ‘അമ്മ’ എന്നെഴുതി വെച്ചത് മറക്കാറായിട്ടില്ല. റേഷന്‍കട മുതലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്ന ആവശ്യസാധനങ്ങളുടെ പാക്കറ്റുകളിലും ‘അമ്മ’യുടെ ചിത്രം ഇടംനേടി. പക്ഷേ, അതിനെല്ലാമുപരി അവര്‍ ഒട്ടേറെ ക്ഷേമനടപടികള്‍ നടപ്പാക്കി -ഒരമ്മയെപ്പോലെ. എം.ജി.ആറിനു ശേഷം തുടര്‍ച്ചയായ രണ്ടാം തവണ അധികാരത്തിലേറുക എന്ന നേട്ടം ഇക്കുറി ജയലളിത കൈവരിച്ചത് ‘അമ്മ’ രാഷ്ട്രീയത്തിലൂടെ ആയിരുന്നു. സൗജന്യമായി റേഷനരി, മിക്‌സി, ഗ്രൈന്‍ഡര്‍, ഫാന്‍ എന്നിവ നല്‍കാനും അമ്മ സിമന്റ്, അമ്മ കാന്റീന്‍, അമ്മ ഫാര്‍മസി, അമ്മ മിനറല്‍ വാട്ടര്‍, അമ്മ ഉപ്പ് തുടങ്ങിയ ക്ഷേമപദ്ധതികള്‍ക്കുമായി 2011നും 2016നുമിടയില്‍ ജയലളിത സര്‍ക്കാര്‍ ചെലവഴിച്ചത് 43,000 കോടി രൂപയാണ്.

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു സ്വര്‍ണനാണയം ഉള്‍പ്പെടെയുള്ളവ നല്‍കിയ വകയില്‍ ചെലവഴിച്ചത് 3,324.38 കോടി രൂപ. കൃഷിക്ക് സൗജന്യ വൈദ്യുതി നല്‍കാന്‍ 3,319.30 കോടി രൂപ വകയിരുത്തി. ‘സത്ത് ഉണവ്’ എന്ന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ആദ്യമായി പുഴുങ്ങിയ മുട്ട ഉള്‍പ്പെടുത്തി കുട്ടികളെയും അതുവഴി അവരുടെ വീട്ടുകാരെയും കൈയിലെടുത്തു തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറിയത് സ്വാഭാവികം. ജയലളിത ഭരണം തമിഴകത്ത് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി. അതുവഴി തമിഴ് മക്കളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി ജയലളിതയുടെ ജന്മദിന സമ്മാനമായി മുണ്ട്, സാരി എന്നിവ വിതരണം ചെയ്തതും വെറുതെയായില്ല. എല്ലാം തരുന്ന ജയലളിത തമിഴ് മക്കള്‍ക്ക് അമ്മയായി.

അമ്മ എന്തൊക്കെയാണ് കൊടുക്കുന്നതെന്ന് അറിയാമോ? എന്റെ അനുജന്റെ ഭാര്യ കന്യാകുമാരി ജില്ലയിലെ അരുമന സ്വദേശിയാണ്. അവള്‍ പറഞ്ഞുള്ള അറിവാണ്. പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടിക്ക് സൗജന്യ സൈക്കിള്‍. പ്ലസ് ടു കഴിഞ്ഞാല്‍ ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍. സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിക്കുന്ന ഒരു കുട്ടിക്ക് സോപ്പ്, പൗഡര്‍, കുട്ടിയുടുപ്പ്, ടവല്‍, നാപ്കിന്‍, ഓയില്‍, ഷാമ്പു മുതല്‍ ഒരു നവജാത ശിശുവിനു വേണ്ട സകലതും അമ്മ ബോണ്‍ ബേബി കിറ്റ് എന്ന പദ്ധതി വഴി സര്‍ക്കാര്‍ ചെലവില്‍ നല്‍കപ്പെടും. ഇതിനു പുറമെ പ്രസവം സൗജന്യം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് പ്രസവിക്കുന്നതെങ്കില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ജോലിയില്‍ നിന്നും വിട്ട് കുട്ടിയെ പരിചരിക്കാം. മാസ ശമ്പളം കൃത്യമായി അക്കൗണ്ടില്‍ എത്തും. ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ വിവാഹച്ചെലവിനായി 50,000 രൂപ ധനസഹായം മുതല്‍ കെട്ടു താലി വരെ സര്‍ക്കാര്‍ വക.

ഒരു വീട്ടിലേക്കുള്ള മിക്കവാറുമെല്ലാ സാധനങ്ങളും സര്‍ക്കാര്‍ നല്‍കുന്ന സ്ഥിതി. ഇത്തരത്തില്‍ തമിഴ്‌നാട്ടിലെ സാധാരണക്കാര്‍ക്ക് നഷ്ടമാകുന്നത് വെറുമൊരു മുഖ്യമന്ത്രിയല്ല. അവരുടെ സകലകാര്യങ്ങളും നോക്കി നടത്തുന്ന രക്ഷാധികാരിയാണ്. ജയലളിത ഉള്ളിടത്തോളം കാലം ഈ ആനുകൂല്യങ്ങള്‍ കിട്ടിക്കൊണ്ടിരിക്കും എന്ന് അവര്‍ക്കുറപ്പാണ്. മറ്റൊരാളുടെ കാര്യത്തിലും ഈ ഉറപ്പ് അവര്‍ക്കില്ല തന്നെ. ഒരു പക്ഷേ, അവരുടെ വേദന വര്‍ദ്ധിപ്പിക്കുന്നത് ഉപബോധ മനസ്സിലെ ഈ ചിന്തയുമാകാം. അഴിമതിക്കേസില്‍ ജയലളിത ജയിലിലാവും എന്ന സ്ഥിതി വന്നപ്പോള്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറിയതും സമാന സാഹചര്യത്തിലാണ്. വെട്ടിപ്പോ തട്ടിപ്പോ നടത്തിയാലും പ്രശ്‌നമില്ല, പാവപ്പെട്ടവരുടെ കാര്യങ്ങള്‍ നോക്കുന്നുണ്ടല്ലോ എന്ന ചിന്താഗതി. ഒരു തരം റോബിന്‍ ഹുഡ് സിന്‍ഡ്രോം.

കേരളത്തില്‍ സമാനമായ സാഹചര്യമുണ്ടായിട്ടില്ലേ? ഉണ്ട്. ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ മരിച്ചപ്പോള്‍ കേരളം മുഴുവന്‍ കരഞ്ഞു. അദ്ദേഹത്തിന്റെ എതിരാളികള്‍ പോലും കരഞ്ഞു. അത് നിഷ്‌കളങ്കമായ മനസ്സോടെ എല്ലാവരെയും സ്‌നേഹിച്ച, ചിരിപ്പിച്ച ഒരു മനുഷ്യനോടുള്ള സ്‌നേഹപ്രകടനമായിരുന്നു. പക്ഷേ, അതേതായാലും എം.ജി.ആറിനോടും ജയലളിതയോടും തമിഴ് മക്കള്‍ പ്രകടിപ്പിച്ച സ്‌നേഹത്തോളം ഉണ്ടായിരുന്നില്ല. ഇനി അത്തരമൊരു ദുഃഖപ്രകടനം കേരളത്തില്‍ ഉണ്ടാവുമെന്നും തോന്നുന്നില്ല.

CHENNAI.jpeg

എത്ര വലിയ ശൂന്യതയാണ് ജയലളിത തമിഴ്‌നാട്ടില്‍ അവശേഷിപ്പിക്കുന്നതെന്ന് ഇന്ന് ടെലിവിഷന്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോള്‍ ബോദ്ധ്യപ്പെട്ടു. നിശ്ചേതനമായ ആ ശരീരത്തിനു പോലും വല്ലാത്തൊരാജ്ഞാശക്തി! തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍ശെല്‍വം അടക്കമുള്ള നേതാക്കള്‍ ആ മൃതദേഹത്തെപ്പോലും ഭയക്കുന്നതായി തോന്നി. ‘ദ ടെലിഗ്രാഫ്’ പത്രം വിശേഷിപ്പിച്ചത് സത്യമാണ് -ജയളിത ഉരുക്കുശലഭമായിരുന്നു. IRON BUTTERFLY.

Jaya (3).jpeg

പാണ്ടികള്‍ക്കു മുന്നില്‍ ഞാനെന്ന മലയാളി വല്ലാണ്ട് ചെറുതായതു പോലെ. ഇതില്‍ അല്പം ആശ്വാസമായത് തമിഴനായ ഒരു സുഹൃത്ത് ചെന്നൈയില്‍ നിന്ന് വാട്ട്‌സാപ്പില്‍ അയച്ച സന്ദേശം വായിച്ചപ്പോഴാണ്.

Royal salute to Kerala Political manners……
Governor, CM, former CM, Opponent leader…. came together in single car to give homage to our CM!!!!

കേരള ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത് ഒരുമിച്ച്, ഒരേ കാറില്‍. കേരളത്തിന്റെ രാഷ്ട്രീയമാന്യതയ്ക്ക് പ്രശംസ. തല്‍ക്കാലം അതുകൊണ്ട് ആശ്വസിക്കാം.

ജയലളിതയുടെ ആത്മാവിന് നിത്യശാന്തി.

Previous articleരവീന്ദ്രനാഥ് എന്ന പ്രൊഫസര്‍
Next articleപണയത്തിന്റെ രൂപത്തില്‍ പണി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here