HomeSCITECHടെലിപ്രോംപ്റ്...

ടെലിപ്രോംപ്റ്റർ പകരുന്ന മികവ്

-

Reading Time: 3 minutes

യു.എസ്. കോണ്‍ഗ്രസ്സില്‍ നടത്തിയ അതിഗംഭീര പ്രസംഗത്തിന്റെ പേരില്‍ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തുന്നു. പ്രസംഗം എനിക്കും വളരെ ഇഷ്ടമായി. അതിനെക്കുറിച്ച് ഞാന്‍ എഴുതുകയും ചെയ്തു. ആ കുറിപ്പിനോടുണ്ടായ ചില പ്രതികരണങ്ങള്‍ മോദിയുടെ പ്രസംഗശൈലി വിശദമായി അവലോകനം ചെയ്യേണ്ട ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്നു.

ശരിക്കും മോദിക്ക് ഇംഗ്ലീഷില്‍ ഇത്ര മനോഹരമായി സംസാരിക്കാന്‍ കഴിയുമോ? ഇന്ത്യയിലെ റാലികളില്‍ അദ്ദേഹം ഇത്തരത്തില്‍ തന്നെയാണ് പ്രസംഗിക്കുന്നത്. പക്ഷേ, അത് ഹിന്ദിയിലാണ്. മോദി പ്രകടിപ്പിച്ച ഇംഗ്ലീഷ് പ്രാവീണ്യമാണ് ചിലരിലൊക്കെ സംശയം ഉണര്‍ത്തിയത്. സംശയം ന്യായമായിരുന്നു താനും. കോണ്‍ഗ്രസ്സിലെ പ്രസംഗപീഠത്തില്‍ മോദിയുടെ രണ്ടു വശങ്ങളിലുമായി രണ്ടു ടെലിപ്രോംപ്റ്ററുകള്‍ ഉണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടു. ഇതു സംബന്ധിച്ച സത്യാവസ്ഥ അറിയാന്‍ യു.എസ്. കോണ്‍ഗ്രസ്സില്‍ കടന്നുചെന്ന് പരിശോധിക്കാന്‍ ഏതായാലും നിര്‍വ്വാഹമില്ല തന്നെ. അതിനാല്‍ ഇന്റര്‍നെറ്റില്‍ പരതി. രസകരങ്ങളായ പുതിയ അറിവുകളാണ് -കുറഞ്ഞപക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും -മുന്നില്‍ തെളിഞ്ഞത്.

TOS.jpg

എന്താണ് ടെലിപ്രോംപ്റ്റര്‍? പ്രാസംഗികരുടെ ഏറ്റവും പ്രിയപ്പെട്ട സങ്കേതമാണിത്. കണ്ണാടി പോലുള്ള പ്രതലത്തില്‍ പ്രസംഗത്തിലെ വാക്കുകള്‍ സാവധാനം ഒഴുകി നീങ്ങും. ടെലിവിഷന്‍ വാര്‍ത്ത അവതരണത്തിന് ഉപയോഗിക്കുന്ന പ്രോംപ്റ്ററില്‍ നിന്ന് കുറച്ചുകൂടി ഉയര്‍ന്ന തലത്തിലുള്ള സാങ്കേതികവിദ്യ. ടെലിപ്രോംപ്റ്ററില്‍ ഒഴുകി നീങ്ങുന്ന വാക്കുകള്‍ പ്രാസംഗികന് കാണാനാവുമെങ്കിലും മറുവശത്തിരിക്കുന്നയാള്‍ക്ക് അത് ഒന്നുമില്ലാത്ത കണ്ണാടി പ്രതലം മാത്രമായിരിക്കും. പ്രാസംഗികന്റെ വേഗം കൃത്യമായി മനസ്സിലാക്കുന്ന ടെലിപ്രോംപ്റ്റര്‍ ഓപ്പറേറ്റര്‍ കൂടിയുണ്ടെങ്കില്‍ സംഗതി ജോര്‍. രണ്ടു വശങ്ങളിലുമുള്ള ടെലിപ്രോംപ്റ്ററില്‍ ഒരേ വാക്കുകള്‍ തന്നെയായിരുന്നു ദൃശ്യമാകുക. വശങ്ങളിലുള്ള കണ്ണാടി സ്‌ക്രീനിലെ വാക്കുകളിലേക്കു പ്രാസംഗികന്‍ മാറി മാറി നോക്കുമ്പോള്‍ അദ്ദേഹം സദസ്സിന്റെ വിവിധ ഭാഗങ്ങളിലേക്കു നോക്കുന്നു എന്ന പ്രതീതിയുണ്ടാവും.

2014 ജൂലായില്‍ പി.എസ്.എല്‍.വി. വിക്ഷേപണ വേളയില്‍ ഐ.എസ്.ആര്‍.ഒയിലാണ് നരേന്ദ്ര മോദി ആദ്യമായി ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചതെന്നു പറയപ്പെടുന്നു. റോക്കറ്റ് എന്‍ജിനീയറിങ്ങിലെ സാങ്കേതികപദങ്ങള്‍ ഓര്‍ത്തിരിക്കാന്‍ അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കുമല്ലേ സാധിക്കൂ. സാധാരണക്കാര്‍ക്കു പറ്റില്ലല്ലോ. സാങ്കേതികപരിജ്ഞാനമില്ലാത്തവര്‍ അവിടെ എഴുതി വായിക്കുന്നത് തെറ്റല്ല. കടലാസില്‍ നോക്കി വായിക്കുന്നതിനു പകരം ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചു. കാണാന്‍ ഒരു വൃത്തിയെങ്കിലുമുണ്ടാവും.

teleprompter-19

സാങ്കേതികവികാസത്തിന്റെ പ്രകടമായ ഉദാഹരണമാണ് ടെലിപ്രോംപ്റ്ററുകള്‍ എന്നു പറയാം. പക്ഷേ, ടെലിപ്രോംപ്റ്റര്‍ വിദഗ്ദ്ധമായി ഉപയോഗിക്കുന്നവര്‍ മികച്ച നേതാക്കളല്ല, മറിച്ച് മികച്ച അഭിനേതാക്കളാണ് എന്നാണ് വാദം. പ്രാസംഗികന്‍ പറയുന്നതെന്താണെന്നും പറയുന്നത് ഏതു രീതിയിലാണെന്നുമുള്ളതാണ് ഒരു പ്രസംഗം മികച്ചതാണോ അല്ലയോ എന്നതിനാധാരം. പ്രസംഗം അവതരിപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണ് ടെലിപ്രോംപ്റ്റര്‍ എന്നതും അംഗീകരിക്കണം. അതിന് പ്രസംഗം എഴുതാനോ പറയുന്നത് നിയന്ത്രിക്കാനോ ഉള്ള ശേഷിയില്ല. പ്രസംഗത്തിന്റെ ഉള്ളടക്കമികവ് നേതാവിന്റെ ശേഷി തന്നെയാണ്. മികച്ചൊരു പ്രാസംഗികനായ മോദി ടെലിപ്രോംപ്റ്റര്‍ ഉപയോഗത്തിലും മികവ് സ്വായത്തമാക്കിയിരിക്കുന്നു എന്നേ പറയാനാവൂ.

യു.എസ്. കോണ്‍ഗ്രസ്സിലെ മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ ഞാന്‍ ഒന്നിലേറെ പ്രാവശ്യം കണ്ടു നോക്കി. ടെലിപ്രോംപ്റ്റര്‍ അദ്ദേഹം കാര്യമായി പ്രയോജനപ്പെടുത്തിയതായി തോന്നിയില്ല. ഇടയ്ക്ക് സഹായം തേടിയിട്ടുണ്ടാവാം. പ്രസംഗത്തിന്റെ അവസാന ഘട്ടത്തില്‍ വാള്‍ട്ട് വിറ്റ്മാന്റെ കവിത ഉദ്ധരിക്കുന്ന വേളയില്‍ മോദിയുടെ കണ്ണുകള്‍ നോക്കിയാല്‍ പ്രോംപ്റ്റര്‍ ഉപയോഗം വ്യക്തം. ഇതൊരു പുതിയ കാര്യമായി എനിക്കു തോന്നിയില്ല. തെറ്റാണെന്നും തോന്നിയില്ല. മോദി പറഞ്ഞതിനോട് ഇടയ്ക്ക് എഴുന്നേറ്റു നിന്നും ഇടയ്ക്ക് കൈയടിച്ചും പ്രതികരിച്ച അമേരിക്കന്‍ നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ ടെലിപ്രോംപ്റ്റിങ് ആണോ ഒറേറ്ററി ആണോ എന്നൊന്നും നോക്കിയില്ല. അവര്‍ നോക്കിയത് ഉള്ളടക്കം മാത്രം.

കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാണ് വി.എസ്.അച്യുതാനന്ദന്‍. രാഷ്ട്രീയ യോഗങ്ങളിലൊഴികെ മറ്റെല്ലാ യോഗങ്ങളിലും അദ്ദേഹം പ്രസംഗം എഴുതിത്തയ്യാറാക്കി വായിക്കുകയാണ് ചെയ്യുന്നത്. എത്രയോ കാലമായി പത്രസമ്മേളനങ്ങളിലും അദ്ദേഹം അങ്ങനെ തന്നെ. പക്ഷേ, എഴുതി വായിച്ചാലും വാക്കുകള്‍ അച്യുതാനന്ദന്റേതാണ്. അതങ്ങനെ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് ജീവനക്കാരോടു നടത്തിയ പ്രസംഗവും ഇത്തരത്തില്‍ മുന്‍കൂര്‍ എഴുതിത്തയ്യാറാക്കിയതു തന്നെ. പ്രസംഗം കഴിഞ്ഞയുടനെ തന്നെ അതിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇ-മെയിലില്‍ ലഭിച്ചത് അതിനാലാണല്ലോ.

മാതൃഭൂമിയില്‍ നിന്ന് ഇന്ത്യാവിഷനിലെത്തിയ വേളയില്‍ സ്റ്റുഡിയോയിലെ പ്രോംപ്റ്റര്‍ ഉപയോഗം കണ്ട് അമ്പരന്നു നിന്നിട്ടുള്ളയാളാണ് ഞാന്‍. അവിടെ വാര്‍ത്താ അവതാരകനു മുന്നില്‍ പ്രോംപ്റ്ററു ക്യാമറയും. ക്യാമറയ്ക്കു പിന്നില്‍ ക്യാമറാമാന്‍ മാത്രം. എന്നിട്ടും അതൊന്നു പരീക്ഷിച്ചു നോക്കാന്‍ തന്നെ എനിക്ക് വളരെയധികം ധൈര്യം സംഭരിക്കേണ്ടി വന്നു. അങ്ങനെയുള്ളപ്പോള്‍ ഈ വലിയ സദസ്സിനു മുന്നില്‍ മോദി നടത്തിയ കസര്‍ത്ത് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും അചിന്ത്യമാണ്.

LATEST insights

TRENDING insights

6 COMMENTS

  1. ടെലി പ്രോമ്‌റ്റർ ഉണ്ടെങ്കിലും അത് നോക്കി വായിക്കകയാണെന്ന തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാകാത്ത രീതിരിൽ പ്രസംഗിക്കാനും ഒരു കഴിവ് / പരിശീലനം വേണം

  2. തെറ്റുകളും മറ്റും (factual errorട) ഒഴിവാക്കാനും ഒരു വേദിയുടെ വിഷയമനുസരിച്ച് തയ്യാറാവാനും സങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ തെറ്റില്ല. Spontanious Public Speakers അല്ലെങ്കിൽ പ്രത് യേകിച്ചും

  3. ഈ വെബ്‌സൈറ്റ്‌ ശരാശരി മലയാളികൾക്ക് ഇഷ്ടമാകും കാരണം
    പ്രസക്തമായ പ്രസംഗത്തിന്റെ (പ്രസംഗം മാത്രമല്ല കേട്ടോ…!!!) ഉള്ളടക്കത്തെ കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ അതിന്റെ ഉള്ളുകളികളേയ്ക്ക് ഒളിഞ്ഞുനോക്കാനാണ് മലയാളിക്കിഷ്ടം. അത് അചുതാനന്ദനാകട്ടെ പിണറായിയാകട്ടെ മോദിയാകട്ടെ…

  4. പ്രധാനമന്ത്രി അമേരിക്കയിൽ പോയി എന്തോ വലിയ അപരാധം കാണിച്ചപോലെയാണ് മലയാള മാധ്യമങ്ങളും എതിരാളികളും. പ്രശ്നം അദ്ദേഹം ഒരു ടെലിപ്രോമ്പ്ടർ ഉപയോഗിച്ചു ഇതാണ് വലിയകാര്യം വിവരസാങ്കേതിക വിപ്ലവത്തിൽ ഇതൊക്കെ വെറും നിസ്സാരം. അമേരിക്കയിൽ ജനിച്ച് അമേരിക്കക്കാരനായി വളർന്നു് അമേരിക്കൻ ഇഗ്ലീഷ് മാത്രുഭഷയായ അമേരിക്കയുടെ പ്രസിഡന്റ് ഇഗ്ലീഷ് അറിയാത്തതുകൊണ്ടാണോ അല്ലെങ്കിൽ പ്രസംഗിക്കാൻ അറിയാത്തതുകൊണ്ടാണോ ടെലിപ്രോമ്പ്ടർ ഉപയോഗിക്കുന്നത്…..? എന്തായാലും ഇത്തരം വിവരദോഷ വിവാദങ്ങൾ ശ്രീ നരേന്ദ്രമോഡിക്ക് വീണ്ടും വീണ്ടും ആരാധകരെ സൃഷ്ടിക്കുമെന്ന കാര്യത്തിൽ തര്ക്കമില്ല…..

  5. Reblogged this on my jump lines and commented:
    There’s nothing to be laughed at, when a PM like Modi addresses an official foreign gathering, with the help of a tele-prompter. In a way it’s like the reading of a written speech which by and large everybody does. The matter is about bilateral relationships or issues. An impromptu speech might miss certain points. In order to avoid it, a speaker uses either a written message or a tele-prompter. And the latter is better than the former just to ensure good eye-contact with the audience. A reading speech has only an intention of conveying the message. But a speech with adequate eye-contacts has an intention to measure back the response it resonates. That way this practice stands good. But if someone wants to view the matter through a political tube vision it’s a different scenario. If it’s a testing venue of oratory skills this practice is to be avoided.

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks