Reading Time: 3 minutes

ഇന്ന് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ഒരു നല്ല പടമുണ്ട്. സുഹൃത്ത് ആര്‍.സഞ്ജീവാണ് പടംഗ്രാഫര്‍. കാപെക്‌സ് ഫാക്ടറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഉദ്ഘാടനം ചെയ്യാന്‍ പെരുമ്പുഴയിലെ ഫാക്ടറിയിലെത്തിയ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ ഷെല്ലിങ് സെക്ഷന്‍ ഐ.എന്‍.ടി.യു.സി. കണ്‍വീനര്‍ വസന്തകുമാരി ആശ്ലേഷിക്കുന്നു. നല്ല മൂഡുള്ള പടം. മന്ത്രിയുടെ മുഖത്തെ അഭിമാനവും വസന്തകുമാരിയുടെ മുഖത്തെ ആശ്വാസവും പടത്തില്‍ തെളിഞ്ഞുകാണാം.

Sanjeev

ഈയൊരു ചിത്രം നല്‍കുന്ന സന്ദേശം വലുതാണ്. നല്ലത് ആരു ചെയ്താലും അതു നല്ലതെന്നു തന്നെ പറയണം. ഇവിടെ വസന്തകുമാരി ചെയ്തത് അതാണ്. നല്ലതിനെ നല്ലതെന്നു പറയാന്‍ വസന്തകുമാരിയുടെ രാഷ്ട്രീയം തടസ്സമായില്ല. തൊഴിലില്ലാതെ കഷ്ടപ്പെട്ടിരുന്ന അവര്‍ക്ക് മേഴ്‌സിക്കുട്ടിയമ്മ ചെയ്തുകൊടുത്തത് വലിയ കാര്യമാണ്. അതിനു നന്ദി പറയാന്‍, നല്ലതിനെ അംഗീകരിക്കാന്‍ മേഴ്‌സിക്കുട്ടിയമ്മയുടെ സി.പി.എം. പശ്ചാത്തലം കോണ്‍ഗ്രസ്സുകാരിയായ വസന്തകുമാരി കണ്ടില്ല. ഇവിടെ എല്ലാവരും വസന്തകുമാരിയെപ്പോലെ ആയാല്‍ നാട് എന്നേ നന്നായേനെ. നല്ലതു കിട്ടണമെങ്കില്‍ നമ്മളാദ്യം നല്ലതിനെ അംഗീകരിക്കാന്‍ പഠിക്കണം. നല്ലതു ചെയ്തതിനു കിട്ടുന്ന അംഗീകാരവും പ്രോത്സാഹനവും കൂടുതല്‍ നന്മ ചെയ്യാന്‍ മേഴ്‌സിക്കുട്ടിയമ്മയെ പോലുള്ള ഭരണാധികാരികള്‍ക്ക് പ്രചോദനമാവും എന്നുറപ്പ്.

ഒരു വര്‍ഷത്തോളമായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ ഓണത്തിനു മുമ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിലടക്കം കൊല്ലത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫിനുണ്ടായ വന്‍ വിജയത്തില്‍ കശുവണ്ടി മേഖലയിലെ പ്രതിസന്ധിയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനോടു തൊഴിലാളികള്‍ പ്രകടിപ്പിച്ച പ്രതിഷേധം കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടായത് സ്വാഭാവികം.

cashew 3.jpg

കാപെക്‌സിന്റെ പെരുമ്പുഴ, പെരിനാട് ഫാക്ടറികളാണ് തിങ്കളാഴ്ച പ്രവര്‍ത്തനം പുനരാരംഭിച്ചത്. നീണ്ട നാളത്തെ വറുതിക്ക് അറുതിയുണ്ടാകുന്നതില്‍ തൊഴിലാളി സ്ത്രീകള്‍ അത്യാഹ്ലാദത്തിലായിരുന്നു. വസന്തകുമാരിയിലൂടെ പ്രകടമായത് ആ ആഹ്ലാദമാണ്. തൊഴിലാളികള്‍ ഫാക്ടറികളില്‍ പായസവിതരണവും നടത്തി. കാപെക്‌സിന്റെ ബാക്കി 8 ഫാക്ടറികള്‍ ഇന്നു തുറന്നു. ഇതുപോലെ കശുവണ്ടി വികസന കോര്‍പ്പറേഷനു കീഴിലുള്ള 11 ഫാക്ടറികള്‍ പുതുവത്സരപ്പിറവി ദിനമായ ചിങ്ങം ഒന്നിന് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഓഗ്‌സ്റ്റ് 17നു ശേഷമുള്ള ഒരാഴ്ചയ്ക്കകം കോര്‍പ്പറേഷന്റെ ബാക്കി 19 ഫാക്ടറികള്‍ കൂടി തുറന്നു. ഇപ്പോള്‍ ഇന്നലെയും ഇന്നുമായി തുറന്ന കാപെക്‌സിന്റെ 10 എണ്ണം കൂടി ചേര്‍ത്ത് എല്‍.ഡി.എഫ്. അധികാരത്തിലേറിയ ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ച ഫാക്ടറികളുടെ എണ്ണം 40 ആയി. അടച്ചിട്ടിരിക്കുന്ന സ്വകാര്യഫാക്ടറികള്‍ കൂടി ഓണത്തിനു മുമ്പ് തുറപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആ ശ്രമം വിജയിക്കാന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മതിയാകില്ല, മുതലാളിമാര്‍ കൂടി കനിയണം.

പൊതുമേഖലയിലെ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് സ്‌പെഷല്‍ പര്‍പസ് വെഹിക്കിളിന് രൂപം നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ തുടങ്ങി. കശുവണ്ടി കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും ഫാക്ടറികളെ പുനരുദ്ധരിക്കുന്നതിനാണ് സ്റ്റേറ്റ് കാഷ്യൂ ബോര്‍ഡ് എന്ന പേരില്‍ ധനകാര്യ കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കുന്നത്. ഇതില്‍ സര്‍ക്കാരിന് 49 ശതമാനം ഓഹരിപങ്കാളിത്തമുണ്ടാവും. ബാക്കി 51 ശതമാനത്തിലെ പങ്കാളിത്തം സ്വകാര്യ മേഖലയ്ക്കായിരിക്കും. തോട്ടണ്ടി സംഭരണം അടക്കമുള്ള കാര്യങ്ങളില്‍ കാഷ്യൂ ബോര്‍ഡിന്റെ ഇടപെടലുണ്ടാവും. സ്വകാര്യ ഇടപാടുകാരും ഇടനിലക്കാരും ചേര്‍ന്ന് തോട്ടണ്ടിക്ക് തോന്നിയ പോലെ വില കൂട്ടുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും.

സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓലം ഇന്‍സ്ട്രീസില്‍ നിന്ന് ആന്ധ്രയിലെ ഒരു കച്ചവടക്കാരന്‍ മുഖേന 1000 മെട്രിക് ടണ്‍ തോട്ടണ്ടി എത്തിച്ചാണ് കാപെക്‌സിന്റെ ഫാക്ടറികള്‍ ഇപ്പോള്‍ തുറന്നത്. ഈ ഐവറി കോസ്റ്റ് തോട്ടണ്ടിക്ക് കിലോ 124.5 രൂപ നിരക്കിലാണ് വില നല്‍കുന്നത്. തൂത്തുക്കുടിയിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് 900 മെട്രിക് ടണ്‍ തോട്ടണ്ടി സംഭരിച്ചാണ് കശുവണ്ടി കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ തുറന്നത്. ഗ്വിനിയ ബിസോ തോട്ടണ്ടിക്ക് കിലോ 142 രൂപയാണ് നിരക്ക്. ഫാക്ടറികള്‍ 10 ദിവസത്തോളം പ്രവര്‍ത്തിപ്പിക്കാനുള്ള തോട്ടണ്ടി മാത്രമേ ഇപ്പോള്‍ എത്തിയിട്ടുള്ളൂ. തോട്ടണ്ടി സംഭരണത്തിനുള്ള ദര്‍ഘാസ് നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇരു സ്ഥാപനങ്ങളും മുന്നോട്ടുനീക്കുകയാണ്.

cashew 2.jpeg

കശുവണ്ടി കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും ഫാക്ടറികള്‍ ഒരു വര്‍ഷം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് ഏകദേശം 42,000 മെട്രിക് ടണ്‍ തോട്ടണ്ടി വേണമെന്നാണ് കണക്ക്. ഇതില്‍ 5,000 മെട്രിക് ടണ്‍ മാത്രമാണ് ആഭ്യന്തരവിപണിയില്‍ നിന്നു ലഭിക്കുന്നത്. ബാക്കി മുഴുവന്‍ ആഫ്രിക്ക, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതി കൈകാര്യം ചെയ്യുന്ന ഇടനിലക്കാര്‍ തോട്ടണ്ടിക്ക് വന്‍ വിലയാണ് ഈടാക്കുന്നത്. സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ മുഖേന തോട്ടണ്ടി സംഭരണത്തിന് നടപടി സ്വീകരിച്ചാല്‍ ഇടനിലക്കാരുടെ കൊള്ള പൂര്‍ണ്ണമായി ഒഴിവാക്കാനും അതുവഴി ഫാക്ടറികളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാനും കഴിയും. തൊഴിലാളികളെ സംബന്ധിച്ചിടത്തോളവും ഇതാണ് ഗുണകരം. പക്ഷേ, ഇതൊക്കെ നടപ്പാവണമെങ്കില്‍ രാഷ്ട്രീയത്തിനതീതമായ പിന്തുണ സര്‍ക്കാരിനു ലഭിക്കണം. നല്ല കാര്യങ്ങളില്‍ രാഷ്ട്രീയം കലരാതിരിക്കുന്നതാണ് നല്ലത്.

Previous articleകടുവയും കിടുവയും
Next articleചെറുത്തുനില്‍പ്പ്‌
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS