HomeGOVERNANCEഇതുതാന്‍ടാ രാ...

ഇതുതാന്‍ടാ രാജ്യസ്നേഹം

-

Reading Time: 3 minutes

ഇപ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ അവകാശവാദം തങ്ങളാണ് ഏറ്റവും വലിയ രാജ്യസ്‌നേഹികള്‍ എന്നാണ്. അതിര്‍ത്തിയും അവിടെ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരനും സ്മരിക്കപ്പെടാത്ത ഒരു ദിവസം പോലും കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഉണ്ടായിട്ടില്ല.

തങ്ങള്‍ക്കെതിരെ അല്പം ബുദ്ധിമുട്ടുള്ള എന്തെങ്കിലും ചോദ്യം എവിടെ നിന്നെങ്കിലും ഉയര്‍ന്നാല്‍ ഭരണകൂടം അതിനെ പ്രതിരോധിക്കുന്നത് അതിര്‍ത്തിയിലെ പട്ടാളക്കാരന്റെ രാജ്യസ്‌നേഹവും ത്യാഗവും മറയാക്കിയാണ്. അങ്ങനെയുള്ളവര്‍ സൈനികന് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി നല്‍കുന്നുണ്ടോ?

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അതിർത്തിയിലെ സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരം നൽകിയപ്പോൾ

രാജ്യസുരക്ഷയുടെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരും സൈനികച്ചെലവിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. ‘രാജ്യസ്‌നേഹി’കളുടെ സര്‍ക്കാരില്‍ നിന്ന് അത്തരമൊരു നടപടി സങ്കല്പിക്കാന്‍ പോലുമാവില്ല. സൈനികച്ചെലവില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന പതിവ് നമ്മുടെ രാജ്യത്തൊട്ടില്ല താനും. എന്നാല്‍, നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ അതും കാണേണ്ടി വന്നിരിക്കുന്നു.

ആവശ്യത്തിന് ഫണ്ട് ലഭ്യമാകാത്തതിനാല്‍ സൈനികരുടെ സഞ്ചാരച്ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യസ്‌നേഹികളെ ‘അത്രയ്ക്കങ്ങ്ട്’ വിശ്വസിക്കണ്ടാന്ന് സാരം! വികസനക്കുതിപ്പിനെക്കുറിച്ച് മേനി പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ രാജ്യം എത്രമാത്രം പാപ്പരായിരിക്കുന്നു എന്നതിന് തെളിവാണ് സൈന്യത്തിന്റെ കീശയില്‍ കൈയിട്ട സര്‍ക്കാരിന്റെ നടപടി. റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനം വേണമെന്ന് മോദി സര്‍ക്കാര്‍ വാശിപിടിച്ചത് വെറുതെയല്ല!

സൈനികരുടെ യാത്രാച്ചെലവുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന അറിയിപ്പ് പി.സി.ഡി.എ. വെബ്സൈറ്റിൽ22282

കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് -പി.സി.ഡി.എ. ഒരുത്തരവ് പുറപ്പെടുവിച്ചു -സൈനികസേവനത്തിന്റെ ഭാഗമായുള്ള പഠനപ്രക്രിയ, ഇടക്കാല ചുമതല നിര്‍വ്വഹണം, പുതിയ നിയമനം എന്നിവയ്ക്കുള്ള യാത്രാച്ചെലവുകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവെയ്ക്കുന്നു. ഫണ്ടിലെ അപര്യാപ്തതയാണ് നിയന്ത്രണത്തിനു കാരണമെന്നും അറിയിപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പി.സി.ഡി.എ. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

Due to insufficient funds available under temporary duty and permanent duty heads of Army officers, no TA / DA advances and claims can be processed till receipt of sufficient funds under the relevant heads. However, the facility for LTC will continue.

അതായത് യാത്ര ചെയ്യുന്നതിന് മുന്‍കൂറായോ യാത്രയ്ക്കു ശേഷമോ യാത്രപ്പടി കിട്ടില്ല. സേവനാനുകൂല്യത്തിന്റെ ഭാഗമായി നിശ്ചിത കാലയളവിന്റെ ഇടവേളയില്‍ കുടുംബസമേതം വിനോദയാത്രയ്ക്ക് അവസരമൊരുക്കുന്ന എല്‍.ടി.സി. -ലീവ് ട്രാവല്‍ കണ്‍സഷന്‍ അനുവദിക്കുന്നത് തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൈനികോദ്യോഗസ്ഥരുടെ ആനുകൂല്യങ്ങളും പടികളും ഓഡിറ്റ് ചെയ്യുന്നതിനു വിതരണം നടത്തുന്നതിനും ചുമതലയുള്ള ഏജന്‍സിയാണ് പി.സി.ഡി.എ.

42,000 ഓഫീസര്‍മാരും 12 ലക്ഷത്തോളം സൈനികരുമുള്ള കരസേനയില്‍ വ്യാപക അതൃപ്തി പടരുന്നതിന് ഈ ഉത്തരവ് കാരണമായിരിക്കുകയാണ്. ഓഫീസര്‍മാര്‍, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍, സൈനികര്‍ എന്നിവരുടെ യാത്രാപ്പടി അടക്കമുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഒരു വര്‍ഷത്തേക്ക് 4,000 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്ക്. എന്നാല്‍, പി.സി.ഡി.എയ്ക്ക് അനുവദിച്ചത് 3,200 കോടി രൂപ മാത്രമാണ്. അതാണെങ്കില്‍ ഉപയോഗിച്ചു തീരുകയും ചെയ്തു.

പണമില്ലാത്തതിനാല്‍ പുറപ്പെടുവിച്ച സാമ്പത്തിക നിയന്ത്രണ ഉത്തരവ് സ്വാഭാവികമായും വന്‍ വിവാദത്തിന് വഴിവെച്ചു. ഇതേത്തുടര്‍ന്ന് അറിയിപ്പ് വെബ്‌സൈറ്റില്‍ നിന്ന് നീക്കിയെങ്കിലും നിയന്ത്രണം അതേപടി തുടരുകയാണ്.

സാമ്പത്തിക നിയന്ത്രണം സംബന്ധിച്ച അറിയിപ്പ് പി.സി.ഡി.എ. വെബ്സൈറ്റിൽ നിന്ന് നീക്കിയപ്പോൾ

കരസേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതാണ് ഈ സാമ്പത്തിക നിയന്ത്രണം. സേനയിലെ പകുതിയോളം ഓഫീസര്‍മാര്‍ താല്‍ക്കാലിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി മറ്റു കേന്ദ്രങ്ങളിലാണ്. 6 മാസ കാലയളവില്‍ താഴെയായിരിക്കും ഈ താല്‍ക്കാലിക ചുമതല. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ തങ്ങളുടെ മാതൃകേന്ദ്രത്തിലേക്ക് ഓഫീസര്‍മാര്‍ മടങ്ങാതിരിക്കുകയോ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി യാത്ര ചെയ്യുകയോ വേണം.

സ്ഥലംമാറ്റങ്ങളുടെയും പോസ്റ്റിങ്ങിന്റെയും കാര്യത്തിലും ഇതേ അവസ്ഥയാണ്. ചുരുക്കത്തില്‍ സൈനികാവശ്യങ്ങള്‍ക്കുള്ള സഞ്ചാരം നിര്‍ത്തിവെയ്ക്കാന്‍ കരസേന തല്‍ക്കാലത്തേക്കെങ്കിലും നിര്‍ബന്ധിതമായിരിക്കുന്നു. ഇതുതാന്‍ടാ രാജ്യസ്നേഹം!!!

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks