സുനില്‍ ഛെത്രി വീണ്ടും ഗോളടിച്ചു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ 62-ാം അന്താരാഷ്ട്ര ഗോള്‍. പക്ഷേ, ഇന്ത്യ 2-1ന് കളി തോറ്റു. ഇന്ത്യന്‍ വംശജനായ സര്‍പ്രീത് സിങ് എന്ന 19കാരന്‍ തളികയിലെന്നവണ്ണം വച്ചുനീട്ടിയ രണ്ടവസരങ്ങള്‍ ഗോളാക്കിയ ആന്ദ്രെ ദെ ജോങ്ങും മോസസ് ഡയറും കിവികള്‍ക്ക് വിജയമൊരുക്കി. എങ്കിലും സുനില്‍ ഛെത്രിയുടെ ഗോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യണം. ഈ മനുഷ്യന്റെ നേട്ടത്തിന് അപൂര്‍വ്വമായ തിളക്കമുണ്ട്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ -പോര്‍ച്ചുഗല്‍. 2003 മുതല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ രംഗത്തുണ്ട്. ഇതുവരെ 149 മത്സരങ്ങള്‍ കളിച്ചു. അടിച്ചത് 81 ഗോളുകള്‍.
ലയണല്‍ മെസ്സി -അര്‍ജന്റീന. 2005 മുതല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ രംഗത്തുണ്ട്. ഇതുവരെ 124 മത്സരങ്ങള്‍ കളിച്ചു. അടിച്ചത് 64 ഗോളുകള്‍.
സുനില്‍ ഛെത്രി -ഇന്ത്യ. 2003 മുതല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ രംഗത്തുണ്ട്. ഇതുവരെ 101 മത്സരങ്ങള്‍ കളിച്ചു. അടിച്ചത് 62 ഗോളുകള്‍.
മുകളില്‍ പറഞ്ഞത് ലോക ഫുട്‌ബോളില്‍ ഇപ്പോള്‍ സജീവമായ താരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ആദ്യ 3 പേരുകളാണ്. സംശയിക്കേണ്ട, അവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ചെറിയ കാര്യമല്ല അത്. പട്ടികയിലെ മുമ്പന്മാര്‍ മൂവരും ഓരോ മത്സരത്തിലും അടിച്ച ഗോളിന്റെ ശരാശരി കൂടി നോക്കണം. റൊണാള്‍ഡോ 0.54, മെസ്സി 0.52, ഛെത്രി 0.61!! ഛെത്രി ഒരു പടി മുന്നില്‍!!!!
ലോക ഫുട്‌ബോളിന്റെ പിന്നാമ്പുറത്തെങ്ങോ ഉള്ള ടീമിന്റെ നായകന്‍ അന്താരാഷ്ട്ര ഗോളടിക്കാരില്‍ മുമ്പന്‍!! ഏതാനും ദിവസങ്ങള്‍ക്കു ശേഷം റഷ്യയില്‍ ലോകകപ്പിന് അരങ്ങുണരുമ്പോള്‍ അത് ഗ്യാലറിയിലിരുന്നോ ടെലിവിഷന്‍ സ്‌ക്രീനിനു മുന്നിലിരുന്നോ കാണാന്‍ മാത്രം വിധിയുള്ളവന്‍. തലവര ചെറുതായൊന്നു മാറി പോര്‍ച്ചുഗലിലോ അര്‍ജന്റീനയിലോ ആണ് ഈ താരം ജനിച്ചിരുന്നതെങ്കില്‍ -സുനില്‍ മെസ്സിയോ ക്രിസ്റ്റിയാനോ ഛെത്രിയോ ആയിരുന്നെങ്കില്‍ -എവിടെയോ പോയി നില്‍ക്കുമായിരുന്നു.
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ചൈനീസ് തായ്‌പെയ്‌ക്കെതിരെ ഹാട്രിക് നേടിയതോടെയാണ് സുനില്‍ ഛെത്രി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മുന്നോട്ടു കയറിയത്. 57 ഗോളടിച്ച അമേരിക്കന്‍ താരം ക്ലിന്റ് ഡെംപ്‌സിയെ മറികടന്ന് 59 ഗോളടിച്ച സ്പാനിഷ് താരം ഡേവിഡ് വിയയ്‌ക്കൊപ്പമെത്തി. ഛെത്രിയുടെ ഹാട്രിക് മികവില്‍ ഇന്ത്യ ആ മത്സരം 5-0ന് ജയിച്ചു. അടുത്ത മത്സരത്തില്‍ കെനിയയെയും ഇന്ത്യ തോല്പിച്ചു -മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക്. 2 ഗോള്‍ ഛെത്രിയുടെ വക. അതോടെ അന്താരാഷ്ട്ര സമ്പാദ്യം 100 മത്സരങ്ങളില്‍ നിന്ന് 61 ഗോളുകള്‍. ഒടുവില്‍ ന്യൂസീലന്‍ഡിനെതിരെ നേടിയ ഒരെണ്ണം കൂടിയായപ്പോള്‍ ഗോളുകള്‍ 62.
ഈ ഗോളുകളെല്ലാം അടിച്ചുകൂട്ടുമ്പോഴും ഛെത്രി കഴിഞ്ഞ ദിവസം വാര്‍ത്താപ്രാധാന്യം നേടിയത് മറ്റു ചില കാരണങ്ങളാലാണ്. വളരെ ദയനീയമായ ഒരു അഭ്യര്‍ത്ഥനയുടെ പേരില്‍ -‘ഞങ്ങളെ പുലഭ്യം പറയൂ, വിമര്‍ശിക്കൂ. പക്ഷേ, ഇന്ത്യന്‍ ടീം കളിക്കുന്നത് നിങ്ങള്‍ വന്ന് കാണൂ’. ഹാട്രിക്കിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് ഛെത്രി നടന്നു കയറുന്നത് കാണാന്‍ മുംബൈ ഫുട്‌ബോള്‍ അറീനയില്‍ ഉണ്ടായിരുന്നത് വെറും 2,569 പേര്‍ മാത്രം. ഏതാണ്ട് ഭൂരിഭാഗവും ഒഴിഞ്ഞ സ്റ്റേഡിയം എന്നു തന്നെ പറയാം. എന്നാല്‍, ഇന്ത്യയില്‍ ഫുട്‌ബോളിന് ആരാധകര്‍ ഇല്ലാത്തതാണോ പ്രശ്‌നം? അല്ല തന്നെ. റൊണാള്‍ഡോയ്ക്കും മെസ്സിക്കും നെയ്മറിനുമെല്ലാം ഇഷ്ടം പോലെ ആരാധകരുണ്ട്. അവരുടെ ടീമുകള്‍ക്കുമുണ്ട്. അത് അവര്‍ കളിക്കുന്ന രാജ്യമായാലും ശരി, ക്ലബ്ബായാലും ശരി.
ആരാധകരുള്ള രാജ്യങ്ങള്‍ ലോക റാങ്കിങ്ങില്‍ മുന്നിലുള്ള ടീമുകളാണ്. റാങ്കില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ്? ഇന്നത്തെ റാങ്ക് 97. പക്ഷേ, ഈ ടീം നമ്മുടെ പിന്തുണ അര്‍ഹിക്കുന്നുണ്ട്. കാരണം 2015 മാര്‍ച്ചില്‍ ഇന്ത്യയുടെ റാങ്കിങ് എത്രയാണെന്നു നോക്കിയാല്‍ മതി -173. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങില്‍ നിന്ന് 3 വര്‍ഷം കൊണ്ട് 76 സ്ഥാനങ്ങള്‍ മുകളിലേക്കു കയറിയിരിക്കുന്നു! അത് തീര്‍ച്ചയായും ചെറിയ കാര്യമല്ല!! അതിനാല്‍ത്തന്നെയാണ് ഛെത്രി പറഞ്ഞത് സ്റ്റേഡിയങ്ങളില്‍ തങ്ങള്‍ കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നു എന്ന്. വന്‍കിട യൂറോപ്യന്‍ ക്ലബ്ബുകളുടെയോ രാജ്യങ്ങളുടെയോ അടുത്തെങ്ങുമല്ല ഇന്ത്യന്‍ നിലവാരമെങ്കിലും കാണികളുടെ നിരന്തര പിന്തുണ ഒരു ദിവസം നമ്മളെ അവിടെ എത്തിക്കും എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിശ്വസിക്കുന്നു.
This is nothing but a small plea from me to you. Take out a little time and give me a listen. pic.twitter.com/fcOA3qPH8i
— Sunil Chhetri (@chetrisunil11) June 2, 2018
ഈ കുറിപ്പിലേക്ക് എത്തിയ വഴി കൂടി പറയാതെ പൂര്‍ത്തിയാവില്ല. മുംബൈയില്‍ നിന്ന് കഴിഞ്ഞദിവസം സുഹൃത്തായ രാജീവ് വിളിച്ചു. ഒരു യാത്രയ്ക്കിടെ അവിടെ എത്തിയതാണ്. ഒരാഴ്ച സ്ഥലത്തുണ്ടാകും. ഞായറാഴ്ചത്തെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ കാണാന്‍ അവന് ഒരു ടിക്കറ്റ് വേണം. ‘ഫുട്‌ബോള്‍ അസോസിയേഷനിലെ നിന്റെ പരിചയക്കാര്‍ ആരെങ്കിലും വഴി സംഘടിപ്പിച്ചുതരണം. എത്ര പണം വേണമെങ്കിലും മുടക്കാം’ -ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു. ‘എത്ര പണം വേണമെങ്കിലും മുടക്കാമെങ്കില്‍ നിനക്ക് നേരിട്ട് ടിക്കറ്റെടുത്ത് കണ്ടാല്‍ പോരേ? ശുപാര്‍ശ എന്തിനാ? കളി കാണാന്‍ അവിടെങ്ങും ആരുമില്ലെന്നാണല്ലോ കേട്ടത്? അവന്മാര്‍ കേരളത്തിലെങ്ങാനും കളി നടത്തിയിരുന്നെങ്കില്‍ കാണാന്‍ ആളെങ്കിലും വരുമായിരുന്നു’ -ഞാന്‍ ചെറിയൊരു പുച്ഛത്തോടെ ചോദിച്ചു. അവന്‍ മറുപടി കേട്ട് ഞാന്‍ അമ്പരന്നു -‘എടാ, ടിക്കറ്റൊക്കെ സോള്‍ഡ് ഔട്ട് ആണ്. ഒരെണ്ണം പോലുമില്ല. വേറെ വഴിയില്ലാത്തതുകൊണ്ടല്ലേ വിളിച്ചത്. ഇല്ലെങ്കില്‍ വിളിക്കുമോ?’.
സോള്‍ഡ് ഔട്ട് എന്നു വെച്ചാല്‍ വിറ്റുതീര്‍ന്നു. ഹേയ് അതിനൊരു സാദ്ധ്യതയുമില്ല. ഉടനെ ഓണ്‍ലൈനില്‍ കയറി നോക്കി. ശരിക്കും ഞെട്ടി. ഒരു ടിക്കറ്റ് പോലുമില്ല. കളി കാര്യമായെന്നു മനസ്സിലായി. രാജീവ് വീണ്ടും വിളിക്കുന്നു, വിളിച്ചുകൊണ്ടിരിക്കുന്നു. അവന് സുനില്‍ ഛെത്രിയുടെ കളി കണ്ടേ പറ്റൂ. ഒടുവില്‍ അവനുവേണ്ടി വിശദമായൊരു അന്വേഷണം തന്നെ നടത്തി ഫുട്‌ബോള്‍ അസോസിയേഷനിലെ ഒരു പരിചയക്കാരനെ കണ്ടെത്തി. ഒരു പാസ് ഏര്‍പ്പാടാക്കാനായി. ഫുട്‌ബോള്‍ അസോസിയേഷനിലെ സുഹൃത്തിന് ഒരഭ്യര്‍ത്ഥന മാത്രം -‘ശ്യാമേ, ഞാന്‍ ഒപ്പിച്ചുതന്നു എന്നു പറയരുതേ. പാസിന് വിളിക്കുന്നവരോടെല്ലാം ഞാന്‍ ഇല്ല എന്നു പറഞ്ഞുകൊണ്ടിരിക്കുവാ.’ അദ്ദേഹത്തെ നേരില്‍ക്കണ്ട് പാസ് വാങ്ങാന്‍ രാജീവിനോടു പറഞ്ഞു, ഫോണ്‍ നമ്പറും നല്‍കി. മിക്കവാറും അത് ഓസ് പാസാകും. കളിക്കളത്തില്‍ മാത്രമല്ല, ടിക്കറ്റ് വില്പനയിലും ഛെത്രി ഇഫക്ട്.
സുനില്‍ ഛെത്രി പറഞ്ഞത് നമ്മള്‍ മലയാളികള്‍ക്കും ബാധകമാണ്. ഈ പറഞ്ഞതില്‍ ചിലരെങ്കിലും അത്ഭുതം പ്രകടിപ്പിച്ചേക്കാം. കാരണം, നമ്മള്‍ മലയാളികള്‍ കളികളൊന്നും നഷ്ടപ്പെടുത്താറില്ല എന്നാണല്ലോ വെയ്പ്. ഒഴിഞ്ഞ സ്റ്റേഡിയത്തിനു മുന്നില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നതു കേരളത്തില്‍ കണ്ട അനുഭവത്തില്‍ നിന്നാണ് ഇതു പറയുന്നത്. 2015 ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന സാഫ് കപ്പ് കാണാനുണ്ടായിരുന്ന കാണികളെ നിഷ്പ്രയാസം തലയെണ്ണി തിട്ടപ്പെടുത്താമായിരുന്നു. സുനില്‍ ഛെത്രി പറഞ്ഞ പോലെ നമ്മുടെ കളികാണല്‍ ശീലങ്ങള്‍ മാറേണ്ടിയിരിക്കുന്നു.
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ ലീഗ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ തോറ്റുവെങ്കിലും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ ഇന്ത്യ അര്‍ഹത നേടിയിട്ടുണ്ട്. അന്ന് ഛെത്രി രണ്ടു ഗോളടിച്ചാല്‍!! ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിക്കൊപ്പം!!! മൂന്നടിച്ചാല്‍ മെസ്സിയെ മറികടക്കും!! പക്ഷേ, ലോകകപ്പില്‍ കളിക്കുന്ന റൊണാള്‍ഡോയ്ക്കും മെസ്സിക്കും മുന്നേറാന്‍ ഏറെ അവസരങ്ങളുണ്ട്. അവര്‍ മുന്നേറുക തന്നെ വേണം, വിശേഷിച്ചും മെസ്സി. മെസ്സിയുടെ ഗോളുകളിലൂടെ അര്‍ജന്റീനയ്ക്ക് ജയിക്കണം. തല്‍ക്കാലം അര്‍ജന്റീന ജയിക്കുന്നത് എനിക്ക് ഇന്ത്യ ജയിക്കും പോലെയാണ്. ഒന്നുമില്ലെങ്കിലും അവരുടെ കുപ്പായവും നീലയല്ലേ!! എന്തായാലും ഇനി ലോക കപ്പിന്റെ ആരവങ്ങളിലേക്ക്.
1986ല്‍ ഫുട്‌ബോള്‍ ദൈവം ഡീഗോ അര്‍മാന്‍ഡോ മാറഡോണയുടെ കളി കണ്ടു മോഹിച്ച് അര്‍ജന്റീനയ്‌ക്കൊപ്പം കൂടിയതാണ്. 32 വര്‍ഷങ്ങള്‍ക്കിപ്പുറം ആ മോഹവും ആരാധനയും ഭ്രാന്തുമൊക്കെ പല ഇരട്ടി വളര്‍ന്നിട്ടേയുള്ളൂ. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി അറിയപ്പെടുമ്പോഴും സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റര്‍ക്ക് പൂര്‍ണ്ണതയുണ്ടായിരുന്നില്ല -2011 വരെ. കാരണം 2011ല്‍ മാത്രമാണ് അദ്ദേഹത്തിന് സ്വന്തം രാജ്യത്തിന് ലോക കിരീടം നേടിക്കൊടുക്കാനായത്. അതും തന്റെ അവസാന ലോകകപ്പില്‍. സമാനരീതിയില്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാണ് ലയണല്‍ മെസ്സി. പക്ഷേ, അദ്ദേഹത്തിന് പൂര്‍ണ്ണതയില്ല. 2018 മെസ്സിയുടെ അവസാന ലോക കപ്പാണ്. സച്ചിനെപ്പോലെ മെസ്സിയും ഇത് സ്വന്തമാക്കുമോ?
ലോകകപ്പ് ഫുട്‌ബോള്‍ വരും പോകും.
ഇതൊരു കളിയാണ്, അവസാനം ഒരു ടീം മാത്രം ജയിക്കുകയും മറ്റുള്ളവര്‍ തോല്‍ക്കുകയും ചെയ്യും.
ഒരിക്കല്‍ വാവിട്ട വാക്ക് പിന്നീട് തിരിച്ചെടുക്കാനാവില്ല.
ഓര്‍ക്കുക, സൗഹൃദങ്ങള്‍ നേര്‍ത്ത ഒരു കണ്ണാടി പോലെയാണ്.
ഒരിക്കല്‍ പൊട്ടിയാല്‍ ഒട്ടിക്കാന്‍ കഴിയുമെങ്കിലും, പൊട്ടിയ അടയാളങ്ങള്‍ എന്നെന്നും നിലനില്‍ക്കും.
ഫുട്‌ബോള്‍ ആരാധനക്കിടയില്‍ നമ്മുടെ സൗഹൃദങ്ങള്‍ നഷ്ടപെടാതിരിക്കട്ടെ.
പിന്നെ ഒരു കാര്യം..
കപ്പെന്തായാലും അര്‍ജന്റീന കൊണ്ടുപോകും..