HomeJOURNALISMചോദിക്കാത്ത ച...

ചോദിക്കാത്ത ചോദ്യങ്ങള്‍

-

Reading Time: 4 minutes

ചോദ്യങ്ങള്‍ ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തനമാണ്.
ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നത് നല്ല മാധ്യമപ്രവര്‍ത്തനമാണ്.

ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പല ദുരന്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, ഇടപെടേണ്ടി വന്നിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്റെ തൊഴില്‍പരമായ വേദനകളാണത്. ഏതൊരു ദുരന്തത്തെയും വാര്‍ത്തയ്ക്കായി സമീപിക്കേണ്ടി വന്നപ്പോഴൊക്കെ മിതത്വം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് നെഞ്ചില്‍ത്തൊട്ടു പറയാം.

മാധ്യമപ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഇത്തരം ദുരന്തങ്ങളുടെ ഘോഷയാത്ര നേരിടേണ്ടി വന്നിട്ടുണ്ട്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ ഫലം. യുദ്ധത്തില്‍ വീരചരമം പ്രാപിച്ച യോദ്ധാക്കളുടെ മൃതദേഹങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നാട്ടിലേക്കു വരുമ്പോള്‍ മാതൃഭൂമിക്കു വേണ്ടി അതു റിപ്പോര്‍ട്ട് ചെയ്യാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനായ ലേഖകനായിരുന്നു ഞാനും. തിരുവനന്തപുരം വ്യോമസേനാ താവളത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഏതെങ്കിലും മന്ത്രിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങുന്നതു മുതല്‍ വീട്ടിലെത്തിച്ച് അന്ത്യോപചാരമര്‍പ്പിച്ച് സംസ്‌കാരം കഴിയും വരെ പിന്തുടരണം. കണ്ടതെല്ലാം എഴുതണം.

ഏതാണ്ട് ദിവസേനയെന്നവണ്ണം എത്തുന്ന മൃതദേഹങ്ങള്‍. ദുഃഖമാണ് വാര്‍ത്തയാക്കുന്നതെങ്കിലും ഒരിക്കലും അതില്‍ ഇടപെടാന്‍ ധൈര്യമുണ്ടായിട്ടില്ല. ഒരു പക്ഷേ, ഞാനൊരു ‘മികച്ച’ ലേഖകന്‍ അല്ലാത്തതിനാലാവാം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ക്യാപ്റ്റന്‍ ജെറി പ്രേംരാജും പാളയം സ്വദേശി ഗണ്ണര്‍ ഷിബുകുമാറുമൊക്കെ ഇന്നും ഓര്‍മ്മയിലുണ്ട്. വീര ചക്രം നല്‍കി രാഷ്ടം ആദരിച്ച ക്യാപ്റ്റന്‍ ജെറി പ്രേംരാജ് എന്ന പോരാളിയുടെ കഥ ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. കാര്‍ഗിലിലെ ടൈഗര്‍ ഹില്ലില്‍ നടന്ന രൂക്ഷമായ പോരാട്ടത്തില്‍ രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച വീരന്‍.

ക്യാപ്റ്റന്‍ ജെറി പ്രേംരാജ്

ടൈഗര്‍ ഹില്‍ പിടിച്ചെടുത്ത് കശ്മീരിലെ ദ്രാസ് സെക്ടറിലുള്ള മുഷ്‌കോ മോചിപ്പിക്കുക എന്ന ദൗത്യമാണ് ക്യാപ്റ്റന്‍ ജെറിയുടെ നേതൃത്വത്തിലുള്ള പീരങ്കിപ്പടയ്ക്കുണ്ടായിരുന്നത്. പീരങ്കിയാക്രമണത്തിനു നേതൃത്വം നല്‍കുന്നതിനിടെ ശത്രുവിന്റെ ഭാഗത്തുനിന്നുണ്ടായ ഒളിയാക്രമണത്തില്‍ ജെറിക്കു വെടിയേറ്റു. ഇതു വകവെയ്ക്കാതെ പീരങ്കിപ്പടയുടെ ലക്ഷ്യം നേടുന്നതില്‍ മാത്രം ശ്രദ്ധിച്ച അദ്ദേഹം ശരിക്കും മുന്നില്‍ നിന്നു നയിച്ചു. ശത്രുക്കളുടെ ബങ്കറുകളുള്‍പ്പെടെ സകലസംവിധാനങ്ങളും ആ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു.

കൃാപ്റ്റന്‍ ജെറി പ്രേംരാജിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍

ഈ സൈനിക നീക്കത്തിനിടെ പാക് നുഴഞ്ഞുകയറ്റക്കാര്‍ മെഷിന്‍ ഗണ്‍ ഉപയോഗിച്ചു തുടര്‍ച്ചയായി വെടിവെച്ച് ക്യാപ്റ്റനെ വീഴ്ത്തി. മാരകമായി പരിക്കേറ്റിട്ടും യുദ്ധമുഖത്തു നിന്നു പിന്മാറാന്‍ ജെറി തയ്യാറായില്ല. മാറ്റാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരെ അദ്ദേഹം പിന്തിരിപ്പിച്ചു. ഒടുവില്‍ ടൈഗര്‍ ഹില്ലില്‍ പാക് നുഴഞ്ഞുകയറ്റക്കാര്‍ സ്ഥാപിച്ചിരുന്ന പോസ്റ്റ് തന്നെ തകര്‍ത്ത് നിയന്ത്രണം പിടിച്ചെടുത്ത ശേഷം അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഈ ആത്മസമര്‍പ്പണത്തിന്റെ പേരിലാണ് യുദ്ധവീര്യത്തിനുള്ള മൂന്നാമത്തെ വലിയ ബഹുമതിയായ വീര ചക്രം നല്‍കി ക്യാപ്റ്റന്‍ ജെറിയെ രാഷ്ട്രം ആദരിച്ചത്.

ക്യാപ്റ്റന്റെ ജെറിക്ക് മരണാനന്തര ബഹുമതിയായി ലഭിച്ച വീര ചക്രം

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം മാത്രം പ്രിയതമയ്‌ക്കൊപ്പം ചെലവഴിച്ച് അവധി വെട്ടിച്ചുരുക്കി യുദ്ധമുഖത്തേക്കു മടങ്ങിയ ധീരന്‍ ചേതനയറ്റ ശരീരമായി മടങ്ങുന്നു -ക്യാപ്റ്റന്‍ ജെറി പ്രേംരാജിനെക്കുറിച്ച് ആദ്യം അറിഞ്ഞ വിവരം തന്നെ ഇതായിരുന്നു. അതുകൊണ്ടു തന്നെ വീരയോദ്ധാവിന്റെ യുവവിധവ പ്രസീന ആയിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. പക്ഷേ, ആ പെണ്‍കുട്ടിയെ സമീപിക്കാനോ, അവരോടു സംസാരിക്കാനോ എനിക്ക് ധൈര്യമുണ്ടായില്ല. എന്താണ് അവളോടു ഞാന്‍ ചോദിക്കുക, പറയുക?

എന്നെപ്പോലെ തന്നെയായിരുന്നു അന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്ന ഏതാണ്ടെല്ലാ പത്രപ്രവര്‍ത്തകരും. ക്യാപ്റ്റന്‍ ജെറിയുടെ ഭാര്യാപിതാവ് പൂങ്കുളം പ്രസാദ് തിരുവനന്തപുരത്തെ ഞാനടക്കമുള്ള പത്രലേഖകരുമായി വളരെ അടുത്ത ബന്ധമുള്ള പൊതുപ്രവര്‍ത്തകനായിരുന്നു. അതിനാല്‍ വേണമെങ്കില്‍ ഞങ്ങള്‍ക്കൊന്നു ശ്രമിക്കാമായിരുന്നു, പ്രസീനയെ സമീപിക്കാനും സംസാരിക്കാനും. എന്തുകൊണ്ടോ ആരും തുനിഞ്ഞില്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍ ജെറിയുടെ യുവവിധവയുടെ ദുഃഖം ഫൊട്ടോഗ്രാഫര്‍മാരുടെ ഫ്രെയിമുകളിലൊതുങ്ങി. ജെറിയുടെ വിവാഹചിത്രവും പകര്‍ത്തിയെടുത്തു.

ക്യാപ്റ്റന്‍ ജെറിയുടെയും പ്രസീനയുടെയും വിവാഹചിത്രം -വാര്‍ത്തയ്‌ക്കൊപ്പം മാതൃഭൂമി പ്രസിദ്ധീകരിച്ചത്

ക്യാപ്റ്റന്‍ ജെറിയുടെ മൃതദേഹത്തിനരികില്‍ യുവവിധവയുടെ ദുഃഖം ചിത്രങ്ങളുടെ രൂപത്തില്‍ പത്രത്താളുകളില്‍ പ്രതിഫലിച്ചപ്പോള്‍ വാക്കുകള്‍ ആവശ്യമായി വന്നില്ല. വാക്കുകളെക്കാള്‍ ശക്തി ആ ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അതേക്കുറിച്ച് ഞങ്ങള്‍ എഴുതിയില്ലെന്നത് ആരും ശ്രദ്ധിച്ചു തന്നെയില്ല. ക്യാപ്റ്റന്റെ ജെറിയുടെ പോരാട്ടവീര്യത്തെപ്പറ്റി അദ്ദേഹത്തിന്റെ മൃതദേഹത്തെ അനുഗമിച്ചെത്തിയ സഹപ്രവര്‍ത്തകന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമായിരുന്നു ഞങ്ങളെല്ലാമെഴുതിയ വാര്‍ത്തയില്‍ നിറഞ്ഞത്.

കടലുണ്ടി തീവണ്ടി അപകടം അടക്കം എത്രയോ ദുരന്തങ്ങള്‍ എന്റെ മുന്നിലൂടെ വന്നു പോയി. അവയെല്ലാം ഇന്നും സമ്മാനിക്കുന്നത് നടുക്കമാണ്. നിര്‍വ്വികാരതയുടെ മുഖംമൂടി അണിയുന്നതില്‍ വിജയിച്ചിരുന്നുവെങ്കിലും ഞാന്‍ തീരെ ദുര്‍ബലനായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ധൈര്യം എന്റെ അക്ഷരങ്ങള്‍ക്കു മാത്രമായിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനും ‘ഔചിത്യമില്ലാത്തവന്‍’ എന്ന ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാനും കാരണം അതാവണം. ചിലപ്പോഴൊക്കെ ദൗര്‍ബല്യം നല്ലതാണ്.

ദുരന്തമുഖത്ത് ‘എക്‌സ്‌ക്ലൂസീവ്’ എന്തെങ്കിലും തപ്പിപ്പിടിച്ച് എഴുതാന്‍ അന്ന് എന്റെ മേധാവികളായിരുന്നവര്‍ സമ്മര്‍ദ്ദം ചെലുത്തിയില്ല എന്നതും എടുത്തു പറയണം. അതും ഒരു പ്രധാന ഘടകമാണ്. വാര്‍ത്താചാനലുകളും ഉണ്ടായിരുന്നില്ല. ഏഷ്യാനെറ്റും സൂര്യയും പിച്ചവെയ്ക്കുന്ന കാലം.

ഇന്ന് ടെലിവിഷന്‍ വാര്‍ത്തയില്‍ കണ്ട ഒരു ചോദ്യം ചെയ്യലാണ് എന്നെക്കൊണ്ട് ഇത്രയും എഴുതിപ്പിച്ചത്. എല്ലാം നഷ്ടപ്പെട്ട് തകര്‍ന്നു നില്‍ക്കുന്ന ആ പെണ്‍കുട്ടിയോട് ചോദിച്ച മുനവെച്ച ചോദ്യങ്ങള്‍. മൈക്കും കൊണ്ടു പോയി എന്നതില്‍ തെറ്റു ഞാന്‍ കാണുന്നില്ല. വാര്‍ത്ത തേടുക തന്നെ വേണം. മറ്റാരും കാണാത്തത് ചിലപ്പോള്‍ ക്യാമറ കാണും, മൈക്ക് കേള്‍ക്കും. അത്തരം തേടലാണ് ആ പെണ്‍കുട്ടിക്ക് പറയാനുള്ളത് ജനങ്ങള്‍ക്കു മുന്നിലെത്തിച്ചത്. തന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ പ്രിയതമനെ തേടണമെന്ന അവളുടെ ആവശ്യം സമൂഹമാകെ ഏറ്റെടുത്തത് ചാനല്‍ ക്യാമറയ്ക്കു മുന്നിലെ മൈക്കിലൂടെ പറഞ്ഞ വാക്കുകളുടെ ഫലമായി തന്നെയാണ്.

എന്നാല്‍, അവള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു എന്നു മനസ്സിലാവുമ്പോള്‍ വെറുതെ വിടണ്ടേ? എല്ലാ നഷ്ടപ്പെട്ടു എന്ന് ആവര്‍ത്തിച്ചു ബോദ്ധ്യപ്പെടുത്തുന്ന രീതിയില്‍ അവളുടെ നേര്‍ക്ക് അതിക്രൂരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് തങ്ങള്‍ക്കാവശ്യമുള്ളത് ചുരണ്ടിയെടുക്കുന്ന ആ വാര്‍ത്താരീതി കണ്ട് ശരിക്കും നടുങ്ങി. മത്സരത്തിന്റെ സമ്മര്‍ദ്ദം എന്നൊക്കെ ന്യായീകരിക്കുമായിരിക്കാം. പക്ഷേ, എല്ലാത്തിനും ഒരു പരിധിയില്ലേ?

അതെ.. ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നതും നല്ല മാധ്യമപ്രവര്‍ത്തനമാണ്!!

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks