രോഗം ബാധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെയാണ്. കൃത്യമായ മുന്‍കരുതലുകളും ഫലപ്രദമായ ചികിത്സയുമുണ്ടെങ്കില്‍ രോഗത്തെ മറികടക്കാം. ആരോഗ്യം വീണ്ടെടുക്കാം. എന്നാല്‍, ഒരു മഹാമാരി ബാധിച്ചാല്‍ തകര്‍ന്നുപോകുന്നത് മനുഷ്യന്റെ ആരോഗ്യത്തെക്കാളുപരി അവന്റെ ജീവിതസാഹചര്യങ്ങളാണ്. സാമ്പത്തികവശമാണ്.
ലോകത്തെ 166 രാജ്യങ്ങളില്‍ കോവിഡ് 19 വൈറസ് വ്യാപിച്ചിരിക്കുന്നു. കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥീരീകരിച്ചത് 28 പേര്‍ക്കാണ്. ഇതില്‍ ചൈനയില്‍ നിന്ന് രോഗവുമായെത്തി പിന്നീട് പൂര്‍ണ്ണമായും ഭേദപ്പെട്ട് വീടുകളിലേക്കു മടങ്ങിയ 3 പേരും ഉള്‍പ്പെടുന്നു. ഇപ്പോള്‍ 30,926 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 237 പേര്‍ ആശുപത്രികളിലുണ്ട്. അങ്ങനെ ആകെ നിരീക്ഷണത്തിലുള്ളത് 31,173 പേര്‍. 2,921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2,342 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
റോഡുകളിലൊക്കെ ആളുകള്‍ നന്നേ കുറവ്. വ്യാപാരസ്ഥാപനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. വലിയ കടകളെ ഇതു സാരമായി ബാധിക്കില്ലായിരിക്കാം. എന്നാല്‍ പച്ചക്കറി പോലെ ദൈനംദിന കച്ചവടം നടത്തുന്നവരുടെ കാര്യം കഷ്ടമാണ്. കൂലിവേലക്കാര്‍ക്ക് പണിയില്ല. തിയേറ്ററുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടപ്പോള്‍ അവിടങ്ങളിലെ തൊഴിലാളികള്‍ക്കും തൊഴില്‍ ഇല്ലാതായി. “വര്‍ക്ക് ഫ്രം ഹോം” എന്ന് ഒരു വിഭാഗം ജാഡയ്ക്ക് പറയുമ്പോള്‍ വര്‍ക്കില്ലാതെ ഹോമിലിരിക്കേണ്ടി വരുന്നവരാണ് സമൂഹത്തില്‍ കൂടുതല്‍. ഈ സാഹചര്യത്തിലാണ് ജനപക്ഷത്തു നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ആലോചിക്കുന്നത്.
സംസ്ഥാനം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത് എന്ന് താമസംവിനാ തിരിച്ചറിഞ്ഞു എന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ മെച്ചം. രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനമോ കേന്ദ്ര സര്‍ക്കാര്‍ തന്നെയോ ഇത്തരമൊരു കാര്യം പരിഗണിക്കുക പോലും ചെയ്യുന്നതിനു മുമ്പ് ഇവിടെ തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നു. സാധാരണ ജനജീവിതത്തെ രോഗാണുവ്യാപനം ബാധിച്ചിരിക്കുന്നു എന്ന് കേരള സര്‍ക്കാരിനറിയാം. സാമ്പത്തികരംഗത്തും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കോവിഡ് കാരണം പ്രതിസന്ധിയിലായ നമ്മുടെ സാമ്പത്തിക മേഖലയെയും ജനജീവിതത്തെയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ചില സാമ്പത്തിക തീരുമാനങ്ങള്‍ എടുത്തു. അതാണ് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചിരിക്കുന്നത്.
- കുടുംബശ്രീ വഴി ഈ വരുന്ന 2 മാസങ്ങളില്‍ 2,000 കോടി രൂപയുടെ വായ്പ നല്‍കും.
- ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന 2,000 കോടി രൂപ ഏപ്രില്‍, മെയ് മാസങ്ങളില്‍ വിനിയോഗിക്കും.
- ഏപ്രിലടക്കം രണ്ടുമാസത്തെ സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം നല്‍കും. 1,320 കോടി രൂപയാണ് ഇതിനായി ചെലവാക്കുക.
- ക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ക്ക് 1,000 രൂപ വീതം ഉപജീവന സഹായമായി നല്‍കും. ഇതിനുവേണ്ടി 100 കോടി രൂപ വിനിയോഗിക്കും.
- പൊതുവിതരണ സമ്പ്രദായത്തിലൂടെ 100 കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി നല്‍കും. ബി.പി.എല്‍ അന്ത്യോദയ ഒഴികെയുള്ളവര്‍ക്ക് 10 കിലോ വീതമാണ് നല്‍കുക.
- വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് കൊടുക്കാന്‍ ഭക്ഷണശാലകള്‍ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആയിരം ഭക്ഷണശാലകള്‍ ഏപ്രില്‍ മാസം തന്നെ തുടങ്ങും. ഊണിന് 25 എന്നത് 20 രൂപയായി കുറയ്ക്കും. ഇതിനുവേണ്ടി 50 കോടി രൂപ ചെലവിടും.
- കോവിഡ് ബാധയെത്തുടര്‍ന്ന് ആരോഗ്യമേഖലയില്‍ കൂടുതല്‍ ചെലവുകള്‍ വേണ്ടിവരുന്നു. ഇതിനു വേണ്ടി 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിച്ചു.
- സംസ്ഥാന സര്‍ക്കാര്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള എല്ലാ കുടിശ്ശികയും ഏപ്രില്‍ മാസത്തില്‍ കൊടുത്തുതീര്‍ക്കും. 14,000 കോടി രൂപയാണ് ഇതിന് ചെലവിടുന്നത്.
- ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ചാര്‍ജ് ഇളവ് നല്‍കും. മറ്റ് വിധത്തില്‍ ഈ വിഭാഗത്തെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കും.
- റൂട്ട് ബസ് (സ്റ്റേജ് കാര്യേജ്), കോണ്‍ട്രാക്ട് കാര്യേജ് എന്നിവയുടെ നികുതിയില്‍ ഒരു ഭാഗം ഇളവ് നല്‍കും. മൂന്നു മാസത്തെ നികുതിയില്‍ ഒരു മാസത്തെ ഇളവാണ് റൂട്ട് ബസ്സുകള്‍ക്ക് നല്‍കുക. കോണ്‍ട്രാക്ട് കാര്യേജിനും ഇതിനു തുല്യമായ ഇളവ് നല്‍കും. ഇതിനു വേണ്ടി 23.6 കോടി രൂപയുടെ ഇളവാണ് ഇതിലൂടെ നല്‍കുന്നത്.
- വൈദ്യുതിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശം നല്‍കും.
- സിനിമാ തിയറ്ററുകള്‍ക്ക് വിനോദ നികുതിയില്‍ ഇളവു നല്‍കും.
- എല്ലാം ചേര്‍ത്ത് 20,000 കോടി രൂപ സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയിലേക്ക് എത്തിക്കുകയാണ്. ഇതിലൂടെ കോവിഡ് 19 ബാധമൂലം ഉണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാനാണ് ശ്രമം.
ഇത് തീര്‍ച്ചയായും ഒരു ചെറിയ കാര്യമല്ല. ഇതിനൊപ്പം കോവിഡ് 19 വ്യാപനം തടയാനുള്ള കൂടുതല്‍ നടപടികളും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നു. സംസ്ഥാനത്ത് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, റീജണല്‍ കാന്‍സര്‍ സെന്‍റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി എന്നീ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് പരിശോധനാ സംവിധാനം വ്യാപിപ്പിച്ചു.
കോവിഡ് 19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിരോധ സേനാവിഭാഗങ്ങളുടെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും പൂര്‍ണ പിന്തുണയും സഹായവും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ മോശമാവുകയാണെങ്കില്‍ എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് സേനാവിഭാഗങ്ങളുടെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് ചര്‍ച്ച നടത്തി.
സേനകളുടെ ആശുപത്രികളിലെ സൗകര്യം അടിയന്തര സാഹചര്യത്തില്‍ കൊറോണ കെയറിന് വേണ്ടി ഉപയോഗിക്കാമെന്ന് മേധാവികള്‍ ഉറപ്പ് നല്‍കി. ആര്‍മി ബാരക്കുകള്‍ താല്‍ക്കാലിക കൊറോണ കെയര്‍ സെന്‍ററാക്കി മാറ്റാം. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും ടെക്നിക്കല്‍ സ്റ്റാഫിന്‍റെയും സേവനം വിട്ടുനല്‍കും. ആംബുലന്‍സുകളുമുണ്ടാകും.
അടിയന്തര സാഹചര്യത്തില്‍ രോഗികളെ മാറ്റുന്നതിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കും. മരുന്ന്, ഭക്ഷണം, ചികിത്സാസാധനങ്ങള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഹെലികോപ്റ്റര്‍ ഉപയോഗിക്കും. സേനകളുടെ നിയന്ത്രണത്തിലുള്ള മറ്റു വാഹനങ്ങളും വിട്ടുനല്‍കും. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും.
കേരളം സ്വീകരിച്ച സാമ്പത്തിക പുനരുദ്ധാരണ നടപടികളുടെ പ്രാധാന്യം മനസ്സിലാവണമെങ്കില്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ സ്വീകരിച്ച നിലപാടുമായി താരതമ്യം ചെയ്യണം. കോവിഡ് നേരിടാന്‍ അമേരിക്ക 1.2 ലക്ഷം കോടി ഡോളിന്റെയും ഇറ്റലി 35,000 കോടി യൂറോയുടെയും ചൈന 55,000 കോടി യുവാന്റെയും കാനഡ 5,000 കോടി കനേഡിയന്‍ ഡോളറിന്റെയും സാമ്പത്തിക പുനരുദ്ധാരണ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയ, ജര്‍മ്മനി, സ്പെയിന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യ അങ്ങനെ എന്തെങ്കിലും ആലോചിക്കുന്നതായി ഒരു സൂചനയും ഇതുവരെ വന്നിട്ടില്ല. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിടിവ് നമ്മള്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള സുവര്‍ണ്ണാവസരമായി കാണുന്ന സര്‍ക്കാരില്‍ നിന്ന് നമുക്ക് എന്താണ് പ്രതീക്ഷിക്കാനാവുക.
ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദി എന്റെ പ്രധാനമന്ത്രി എന്നു പറയുന്നതിനെക്കാള്‍ പ്രാധാന്യം പിണറായി വിജയന്‍ എന്റെ മുഖ്യമന്ത്രി എന്നു പറയുന്നതിന് സ്വാഭാവികമായും കൈവരുന്നത്. ജനത്തിനൊപ്പം നില്‍ക്കുന്ന ഭരണാധികാരിയെ ജനം ഇഷ്ടപ്പെടുന്നത് സ്വാഭാവികം. നമ്മുടെ മുഖ്യമന്ത്രി പറഞ്ഞപോലെ ‘ശാരീരിക അകലം സാമൂഹിക ഒരുമ’ എന്നതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യം.