തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ യോഗം. മലയാള സിനിമയിലെ സൂപ്പര്‍ നടന്‍ കൃഷ്ണകുമാര്‍ പ്രസംഗിക്കുകയാണ്.
“എന്നാണ് ഇലക്ഷന്‍? എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടല്ലോ? എട്ടാം തീയതി. എട്ടാം തീയതി രാവിലെ നേരത്തേ നമ്മള്‍ എണീക്കണം. കുളിക്കണം. പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥിച്ചു കഴിഞ്ഞിട്ട് എന്താ ചായയാണോ കട്ടന്‍ചായയാണോ എന്താണ് ഇഷ്ടമെന്നുവെച്ചാ കുടിച്ചിട്ട് നമ്മള്‍ ഏഴു മണിക്കു തന്നെ നമ്മള് ബൂത്തിലെത്തണം. ബൂത്തിലെത്തിക്കഴിഞ്ഞാ നമ്മള് ആ ബാലറ്റ് മെഷിന്റെ മുന്നിലോട്ടു ചെല്ലണം. ചെന്നിട്ട് നമ്മളെന്താ മനസ്സില്‍ ധ്യാനിക്കേണ്ടത്? നമ്മുടെ ശ്രീധര്‍മ്മ ശാസ്താവിനെ മനസ്സില്‍ ധ്യാനിക്കുക.”
കൃഷ്ണകുമാര്‍ ഒന്നു നിര്‍ത്തി. പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമേറുന്നത് അറിയാം. ശരണം വിളി “സ്വാമിയേ ശരണമയ്യപ്പ”, കൈയടി. നടന്‍ തുടര്‍ന്നു.
“എന്നിട്ട് ഈ അധോലോക അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലോട്ട് ആ താമരയങ്ങോട്ട് കുത്തിയിറക്കണം. എന്നിട്ട് വിജയശ്രീലാളിതനായിട്ട് വീട്ടിലോട്ടിങ്ങ് മടങ്ങുക. ഒരു കാര്യം, നമ്മടെ ജോലി അതാണ്. ബാക്കി അയ്യപ്പന്‍ നോക്കിക്കോളും. നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നമ്മള്‍ ജയിക്കും. നമ്മള്‍ ഭരിക്കും. അതില്‍ യാതൊരു തര്‍ക്കവും വേണ്ട. സ്വാമിയേ ശരണമയ്യപ്പ.”
പ്രസംഗം അവസാനിപ്പിക്കാനും ശരണംവിളി.
കൃഷ്ണകുമാര്‍ ‘തര്‍ക്ക’മില്ലാതെ പറഞ്ഞപോലെ കോര്‍പ്പറേഷന്‍ ജയിക്കാനും ഭരിക്കാനുമൊന്നും ബി.ജെ.പിക്ക് പറ്റിയില്ല. അത് കൃഷ്ണകുമാര്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ! തിരുവനന്തപുരത്തെ ജനങ്ങള്‍ ഇടതുമുന്നണിക്കു തന്നെ കേവലഭൂരിപക്ഷം നല്‍കി. പക്ഷേ, പാപ്പനംകോട് വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ജി.എസ്.ആശാനാഥ് 1,012 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആശയ്ക്ക് 3,310 വോട്ടുകള്‍ കിട്ടിയപ്പോള്‍ സി.പി.എമ്മിലെ എന്‍.എസ്.മായയ്ക്ക് 2,298 വോട്ടുകളും കോണ്‍ഗ്രസ്സിലെ വി.സുജിക്ക് 594 വോട്ടുകളും ലഭിച്ചു. ഇതുവരെ ശുഭം.
പക്ഷേ, പാവം കൃഷ്ണകുമാറിന് ഈ രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ചൊന്നും വലിയ ധാരണയില്ല. രാജ്യത്തെവിടെയും നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ ബി.ജെ.പിക്കാര്‍ക്ക് ബുദ്ധിമുട്ടില്ലെങ്കിലും കുറഞ്ഞപക്ഷം കേരളത്തില്‍ അതു നടക്കില്ല. അതിനാല്‍ത്തന്നെ ആശാനാഥ് പുലിവാലു പിടിക്കും. അതുറപ്പ്.
അഴീക്കോടു നിന്നുള്ള മുസ്ലിം ലീഗ് എം.എല്‍.എ. കെ.എം.ഷാജിക്കുണ്ടായ അനുഭവം കൃഷ്ണകുമാറും ആശാനാഥും മറന്നുപോയോ? ഷാജിക്ക് അയോഗ്യത വന്നത് എന്തിനെന്നറിയാമോ? അല്ലാഹുവിന്റെ പേരില്‍ വോട്ടു ചോദിച്ചതിന്. ഇതായിരുന്നു ആ നോട്ടീസ്.
“കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങല്‍ക്ക് സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്. അഞ്ചു നേരം നമസ്കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം.ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.”
‘അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു’ എന്ന് അഭിവാദ്യമാണ് നോട്ടീസില്‍ ആദ്യം കാണുക. ‘ബിസ്മില്ലാഹി റഹ്മാനി റഹിം’ (പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്നാണ് നോട്ടീസ് തുടങ്ങുന്നത്. ഇതിനൊപ്പം മതഗ്രന്ഥത്തില്‍ നിന്നുള്ള ഉദ്ധരണി കൂടി ചേര്‍ത്തതോടെ പൂര്‍ണ്ണമായി!
“സത്യ വിശ്വാസികളേ! ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു വാര്‍ത്തയും കൊണ്ട് വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതക്ക് നിങ്ങള്‍ ഒരാപത്ത് വരുത്തി വെക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാന്‍.”
മതത്തിന്റെ പേരില്‍ വോട്ടു ചോദിച്ച ഷാജിക്ക് ഹൈക്കോടതി അയോഗ്യത കല്പിച്ചു. ഇത് ഇപ്പോള്‍ സുപ്രീം കോടതി വ്യവസ്ഥകള്‍ക്കു വിധേയമായി സ്റ്റേ ചെയ്തിരിക്കുകയാണ്. അന്തിമ തീരുമാനമായിട്ടില്ല. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. പക്ഷേ, വോട്ടു ചെയ്യാനാവില്ല. എം.എല്‍.എ. എന്ന നിലയിലുള്ള ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റാനുമാവില്ല.
നടന്റെ പ്രചാരണ വീഡിയോ കണ്ടപ്പോള്‍ തന്നെ ‘ഇതു പണിയാകുമല്ലോ’ എന്നു ചിന്തിച്ചിയിരുന്നു. ഫലം വരുമ്പോള്‍ നോക്കാം എന്നു കരുതി മാറ്റിവെച്ചു. ഫലം വന്നപ്പോള്‍ കൃഷ്ണകുമാറിന്റെ പ്രസംഗത്തിന് വലിയ പ്രാധാന്യം കൈവന്നു. കാരണം അദ്ദേഹം ആര്‍ക്കുവേണ്ടിയാണോ ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചത്, ആ സ്ഥാനാര്‍ത്ഥി ജയിച്ചു.
ഷാജിയുടെ കേസില്‍ തെളിവായത് രഹസ്യമായി പ്രചരിപ്പിച്ച നോട്ടീസാണെങ്കില്‍ ആശയുടെ കേസില്‍ പരസ്യമായ വീഡിയോ തന്നെ തെളിവായുണ്ട്. കൃഷ്ണകുമാര്‍ തന്നെയാണ് സ്വന്തം പ്രസംഗത്തിന്റെ വീഡിയോ ഫേസ്ബുക്കിലിട്ട് എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തത് എന്നതാണ് രസം. ഈ തെളിവ് വെച്ച് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പരാതി കൊടുക്കാം. കോണ്‍ഗ്രസ് കോടുക്കുമോ എന്നറിയില്ല. പക്ഷേ, സി.പി.എം. കൊടുക്കാതിരിക്കില്ല എന്നുറപ്പല്ലേ!
വര്‍ഗ്ഗീയ പ്രചാരണത്തിന്റെ പേരില്‍ പാപ്പനംകോട്ടെ ബി.ജെ.പി. കൗണ്‍സിലറെ അയോഗ്യയാക്കാന്‍ ഈ തെളിവ് ധാരാളം മതിയാകും എന്ന് ഇതുവരെയുള്ള നിയമചരിത്രം വ്യക്തമാക്കുന്നു. ഇനി കോടതിയുടെ തീരുമാനം വരേണ്ട കാര്യമേയുളളൂ. അതു കഴിഞ്ഞാല്‍ പാപ്പനംകോട്ടുകാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാം. പക്ഷേ, ബി.ജെ.പിക്ക് പുതിയ സ്ഥാനാര്‍ത്ഥി വേണ്ടി വരും. കാരണം, അയോഗ്യത വന്നാല്‍ ആശാനാഥിന് ആറു വര്‍ഷത്തെ മത്സരവിലക്കും കൂടെ വരും.
അപ്പോള്‍ ഇനി ചെയ്യാവുന്നത് സൂപ്പര്‍ താരം കൃഷ്ണകുമാര്‍ പറഞ്ഞത് പാപ്പനംകോട് ജംഗ്ഷനില്‍ ചായക്കട നടത്തുന്ന അയ്യപ്പന്‍ നായര്‍ ചേട്ടനെപ്പറ്റിയോ മറ്റോ ആണെന്ന് വാദിച്ചു നോക്കാം. ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും!! പ്രചാരണത്തിന് എഴുന്നള്ളിക്കുന്നത് അടിസ്ഥാനവിവരം പോലുമില്ലാത്തവരെയാണെങ്കില്‍ ഇങ്ങനിരിക്കും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. ഇത്തരത്തിലുള്ള പ്രചാരണം നടത്തിയിരുന്നുവെങ്കിലും ആരും കച്ചി തൊടാത്തതിനാല്‍ കേസൊന്നും വന്നില്ല. എന്നാല്‍, ഇക്കുറി അങ്ങനെയല്ല. അയ്യപ്പനെ വെച്ച് പ്രചാരണം നടത്തിയവര്‍ ജയിച്ചിട്ടുണ്ട്. സ്വാഭാവികമായും കേസും ഉറപ്പ്.