Reading Time: 5 minutes

ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ അഭിമാനിക്കാനും തലയുയര്‍ത്തിപ്പിടിച്ച് നടക്കാനും ഒരു മാധ്യമപ്രവര്‍ത്തകന് സാധിക്കും. ഞാന്‍ തലയുയര്‍ത്തി നടക്കുന്ന ഗണത്തില്‍പ്പെട്ടവനാണ് എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നു. ഈ തൊഴില്‍ ഞാന്‍ വ്യഭിചരിച്ചിട്ടില്ല. ഇതുപയോഗിച്ച് വഴിവിട്ട നേട്ടങ്ങളുണ്ടാക്കിയിട്ടില്ല. ചെയ്യുന്ന ജോലിക്ക് പ്രതിഫലം ശമ്പളം മാത്രം. അതുതന്നെ പലപ്പോഴും കൃത്യമായി കിട്ടിയിട്ടില്ല. പക്ഷേ, എന്റെ കൂട്ടത്തിലെ ചിലരുടെ ചെയ്തികള്‍ എന്റെ തല കുനിയുന്നതിനു കാരണമായിരിക്കുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിഷ്പക്ഷരാവാന്‍ കഴിയില്ല. ശരിയുടെ പക്ഷത്താണ് ഞങ്ങള്‍. ചിലപ്പോഴൊക്കെ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ റോള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് അതിനാലാണ്. സര്‍ക്കാര്‍ ചെയ്യുന്നത് ശരിയാണെങ്കില്‍ അവരെ അനുകൂലിക്കുകയും പ്രതിപക്ഷം തെറ്റുചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതും കാണണം. എന്നാല്‍, ഇപ്പോള്‍ എല്ലാ മാധ്യമപ്രവര്‍ത്തകരും ശരിയുടെ പക്ഷത്താണെന്നു പറയാനാവില്ല. ചിലരെങ്കിലും നഗ്നമായ പക്ഷപാതിത്വം പ്രകടിപ്പിക്കുന്നു, ആ പക്ഷം തെറ്റാണെങ്കില്‍ക്കൂടി. തങ്ങള്‍ നില്‍ക്കുന്ന പക്ഷം ശരിയാണെന്നു തെളിയിക്കാന്‍ എല്ലാ ദുഷ്പ്രവര്‍ത്തികളും ചെയ്യുന്നു. വാര്‍ത്താദൃശ്യങ്ങള്‍ അസ്ഥാനത്ത് എഡിറ്റ് ചെയ്ത് വിപരീതാര്‍ത്ഥം സൃഷ്ടിക്കുന്നു. മറ്റൊരു ദൃശ്യത്തിന്റെ ശബ്ദം സന്നിവേശിപ്പിച്ച് കൃത്രിമ തെളിവ് സൃഷ്ടിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മാധ്യമപ്രവര്‍ത്തനം വ്യഭിചരിക്കപ്പെടുന്നു. പാവം ജനം ഇതുകണ്ട് അമ്പരന്നു നില്‍ക്കുന്നു.

മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരല്ലെന്ന് ഞാന്‍ പറയുന്നു. മിക്കവാറുമെല്ലാ മാധ്യമപ്രവര്‍ത്തകരും ഇതുതന്നെ പറയും. പക്ഷേ, വേറാരെങ്കിലും വിമര്‍ശിക്കാന്‍ വന്നാല്‍ സംഘടിതമായി ഞങ്ങള്‍ അവന്റെ കട്ടയും പടവും മടക്കും. എന്തുചെയ്യാനാ, ഞങ്ങള്‍ ഇങ്ങനാണ് ഭായി. വിമര്‍ശനമെന്നാല്‍ സ്വയംവിമര്‍ശനം മാത്രമായി കണ്ടാല്‍ മതി. സ്വയംവിമര്‍ശനം എന്നത് പൂര്‍ണ്ണ അര്‍ത്ഥത്തിലല്ല. ഒരു മാധ്യമപ്രവര്‍ത്തകന്റെ ദുഷ്‌ചെയ്തിയെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ വിമര്‍ശിക്കുന്നു. ഒരേ മേഖലയില്‍ നിന്നുള്ള വിമര്‍ശനമായതുകൊണ്ടു മാത്രം സ്വയംവിമര്‍ശനം. ഞങ്ങളുടെ കൂട്ടത്തില്‍ വലിയൊരു വിഭാഗം സ്വയം ‘വിശുദ്ധ പശു’ ചമയുന്നുണ്ട്. അതൊരു മിഥ്യാധാരണയാണെന്ന് വിവരമുള്ളവര്‍ക്കറിയാം. വിവരദോഷം ഒരു കുറ്റമല്ലല്ലോ!

അര്‍ണബ് ഗോസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഫെബ്രുവരി 9, 11 തീയതികളില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ രണ്ടു മുഖ്യധാരാ മാധ്യമങ്ങള്‍ ‘കൈകാര്യം’ ചെയ്ത രീതിയാണ് മലര്‍ന്നുകിടന്നു തുപ്പാന്‍ എന്നെ പ്രേരിപ്പിച്ചത്. സീ ന്യൂസ്, ടൈംസ് നൗ എന്നീ വാര്‍ത്താചാനലുകലാണ് ഇവിടെ പരാമര്‍ശവിധേയം. ജെ.എന്‍.യു. കാമ്പസിലുണ്ടായ ഒരു ഒത്തുചേരലിന്റെ ദൃശ്യങ്ങള്‍ ഈ രണ്ടു ചാനലുകളിലൂടെ വാര്‍ത്തയായി പുറത്തുവരികയും അതിന്റെ ഫലമായി ജെ.എന്‍.യു. സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലാവുകയും ചെയ്തു. കനയ്യയെ ജയിലിലടയ്ക്കാന്‍ ഡല്‍ഹി പോലീസ് ആധാരമാക്കിയത് ഈ ചാനലുകളുടെ ദൃശ്യങ്ങളായിരുന്നു എന്നത് വിഷയത്തിന് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

മാധ്യമവിമര്‍ശനം എന്നു പറയുന്നത് ഇരുതല മൂര്‍ച്ചയുള്ള വാളാണ്, വീശുന്നയാളിനും മുറിവേല്‍ക്കാം. അതു മാധ്യമപ്രവര്‍ത്തകനാണെങ്കിലും ശരി. അതിനാല്‍ത്തന്നെ കാര്യങ്ങള്‍ കഴിയുന്നത്ര വ്യക്തമായി പറയേണ്ടതുണ്ട്. ഡല്‍ഹിയിലെ എന്റെ മാധ്യമപ്രവര്‍ത്തക സുഹൃത്തുക്കള്‍, മാധ്യമ വാര്‍ത്തകള്‍, ജെ.എന്‍.യുവിലെ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നു മനസ്സിലാക്കിയതാണ് ഇക്കാര്യങ്ങള്‍. നേരിട്ടു ബോദ്ധ്യപ്പെടാന്‍ ഞാന്‍ ഡല്‍ഹി നിവാസിയല്ല. അതിന്റെ പരിമിതകളുണ്ടെന്ന് ആദ്യമേ സമ്മതിക്കട്ടെ.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധേയനാക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം ജെ.എന്‍.യുവില്‍ സംഘടിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടത്. അഫ്‌സല്‍ ഗുരുവിന് നിയമപരമായ സംരക്ഷണവും നീതിയും ലഭിച്ചില്ലെന്ന് വിശ്വസിക്കുന്നവരാണ് അതിനു മുതിര്‍ന്നത്. അതു വലിയ പാതകവും രാജ്യദ്രോഹവുമാണെന്ന് ബി.ജെ.പിയോട് ആഭിമുഖ്യമുള്ള സംഘപരിവാര സംഘടനകള്‍ പറയുന്നു. അതു ചെയ്തവര്‍ രാജ്യദ്രോഹികളാണെന്ന് അവര്‍ മുദ്രകുത്തുന്നു. പക്ഷേ, അഫ്‌സല്‍ ഗുരുവിന് നിയമപരമായ സംരക്ഷണവും നീതിയും ലഭിച്ചില്ല എന്നു വിശ്വസിക്കുകയും പരസ്യമായി പറയുകയും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന പി.ഡി.പിയുമായി ജമ്മു കശ്മീരില്‍ അതേ ബി.ജെ.പി. ഭരണം പങ്കിടുന്നു എന്നത് വേറെ കാര്യം. അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി രാജ്യദ്രോഹികളുമായി ചേരാം! അതെന്തോ ആകട്ടെ, ഫെബ്രുവരി 9ന് ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായി വിഘടനവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അതു ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. പക്ഷേ, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ കാമ്പസിലുള്ളവര്‍ ആയിരുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആണയിടുന്നുമുണ്ട്. ആ മുദ്രാവാക്യം വിളിയുടെ ദൃശ്യങ്ങളുണ്ട്. അതുവെച്ച് ഒരാളെപ്പോലും കണ്ടെത്താനോ പിടികൂടാനോ ഡല്‍ഹി പോലീസിനായിട്ടില്ല.

അഫ്‌സല്‍ ഗുരു അനുസ്മരണം വിവാദമായതിനെത്തുടര്‍ന്ന് ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 11ന് ഒത്തുചേരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എ.ഐ.എസ്.എഫ്. നേതാവുമായ കനയ്യ കുമാര്‍ സംസാരിക്കുന്നു. അതിനു ശേഷം കനയ്യ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുക്കുന്നു. ആ മുദ്രാവാക്യങ്ങളുടെ പേരില്‍ കനയ്യ രാജ്യദ്രോഹക്കുറ്റത്തിന് പിടിയിലുമായി. കനയ്യ പിടിയിലാവാന്‍ കാരണം അദ്ദേഹം വിളിച്ച ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുടെ വാര്‍ത്ത. സീ ന്യൂസാണ് ഇതു പുറത്തുവിട്ടത്. ടൈംസ് നൗ അത് ഏറ്റെടുത്തു. ഡല്‍ഹി പോലീസിന് വേറെ തെളിവൊന്നുമില്ല. ചാനലുകളില്‍ നിന്നു ശേഖരിച്ച ദൃശ്യങ്ങള്‍ മാത്രം.

ചാനലില്‍ നിന്ന് ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കുന്നത് പോലീസിന്റെ പതിവാണ്. തിരുവനന്തപുരത്ത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ മേല്‍ കെ.എസ്.യുക്കാര്‍ കരിഓയില്‍ ഒഴിച്ച വേളയില്‍ പ്രതികളെ പിടിക്കാന്‍ പോലീസ് ആശ്രയിച്ചത് ഇന്ത്യാവിഷനില്‍ നിന്നു ശേഖരിച്ച ദൃശ്യങ്ങളാണ്. സംഭവം നടക്കുമ്പോള്‍ ഇന്ത്യാവിഷന്‍ ക്യാമറാമാനായിരുന്ന ബിനീഷ് നായര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മറ്റു ചാനലുകള്‍ ഉപയോഗിച്ചതും ബിനീഷിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് തന്നെ. അതുപോലെ ഒരു നിരപരാധിയെ രക്ഷിക്കാനും വാര്‍ത്താ ക്യാമറാമാന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗപ്പെട്ടിട്ടുണ്ട്. ഡല്‍ഹി മാനഭംഗത്തിനെതിരായ പ്രതിഷേധത്തിനിടെ ഒരു പോലീസുകാരന്‍ മരിക്കാനിടയായത് മര്‍ദ്ദനമേറ്റല്ല, മറിച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് എന്നു തെളിഞ്ഞത് ഇന്ത്യാവിഷനിലെ തന്നെ ബിബിന്‍ ജെയിംസ് പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ്. നെഞ്ചില്‍ പിടിച്ചു കുഴഞ്ഞുവീണ പോലീസുകാരനെ ആരോപണവിധേയനായ വ്യക്തി സഹായിക്കാന്‍ ശ്രമിക്കുന്ന ആ ദൃശ്യങ്ങളില്ലായിരുന്നുവെങ്കില്‍ ഒരു നിരപരാധിയെ ഡല്‍ഹി പോലീസ് കൊലപാതകിയാക്കിയേനെ. നേരിട്ട് അറിയാവുന്ന കാര്യങ്ങള്‍ എന്ന നിലയ്ക്ക് മാത്രമാണ് ഇന്ത്യാവിഷനിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇതു പറഞ്ഞത് ദൃശ്യങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്നു പറയാന്‍ തന്നെ.

പക്ഷേ, ബാഹ്യസ്രോതസ്സുകളില്‍ നിന്നു പോലീസ് ശേഖരിക്കുന്ന ദൃശ്യങ്ങള്‍ ആധാരമാക്കി കേസെടുക്കുന്നതിനു മുമ്പ് സാധാരണഗതിയില്‍ അതിന്റെ വിശ്വാസ്യത ബോദ്ധ്യപ്പെടാന്‍ ഫോറന്‍സിക് പരിശോധന നടത്താറുണ്ട്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് വക്രീകരിച്ചിട്ടില്ല എന്നു വ്യക്തമാകാന്‍ അതാവശ്യമാണ്. എന്നാല്‍, ജെ.എന്‍.യു. സംഭവത്തില്‍ ഡല്‍ഹി പോലീസ് എന്തുകൊണ്ടോ അതിനു തയ്യാറായതായി തോന്നുന്നില്ല. അതിനാലാണ് ഇപ്പോള്‍ കനയ്യക്കെതിരായ രാജ്യദ്രോഹക്കുറ്റം തെളിയിക്കാനാവാതെ അവരുഴലുന്നത്. മറ്റാരുടെയോ നിര്‍ദ്ദേശപ്രകാരം നാടകമാടുമ്പോള്‍ ദൃശ്യങ്ങളുടെ കൃത്യത നോക്കാന്‍ ആര്‍ക്കാണു സമയം, അല്ലേ!

സീ ന്യൂസും ടൈംസ് നൗവും പുറത്തുവിട്ടതും കനയ്യ കുമാറിന്റെ രാജ്യദ്രോഹക്കുറ്റം തെളിയിക്കുന്നതിനായി പരിവാരക്കാര്‍ വ്യാപകമായി പ്രചരിപ്പിച്ചതുമായ വീഡിയോ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന വിവരം ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ ഞെട്ടിച്ചു. ഫെബ്രുവരി 11ന് നടന്ന ഒത്തുചേരലിനു ശേഷം കനയ്യയും കൂട്ടരും വിളിക്കുന്ന ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ സീ ന്യൂസ്, ടൈംസ് നൗ വീഡിയോകളില്‍ കാണാം. എന്നാല്‍, ദൃശ്യങ്ങള്‍ പൂര്‍ണ്ണമല്ല. ശബ്ദത്തില്‍ ചെറിയ അവ്യക്തതയുമുണ്ട്.

ഹം ക്യാ ചാഹ്‌തെ ഹൈ ആസാദി
ഹക് ഹൈ ഹമാരാ ആസാദി
ഹം ലേക്കെ രഹേംഗെ ആസാദി
കശ്മീര്‍ മാംഗെ ആസാദി
ഹം ലേക്കെ രഹേംഗെ ആസാദി

ഞങ്ങള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യം, ഞങ്ങളുടെ അവകാശം സ്വാതന്ത്ര്യം, സ്വാതന്ത്ര്യം ഞങ്ങള്‍ നേടിയെടുക്കും, കശ്മീര്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു എന്നിങ്ങനെ പോകുന്നു മുദ്രാവാക്യം വിളികള്‍. ഇതില്‍ ചുറ്റുമുള്ളവരും മുദ്രാവാക്യം വിളിക്കുന്നുണ്ട്. കനയ്യയുടേതായി വ്യക്തമായി കേള്‍ക്കാവുന്നത് ‘ഹം ലേക്കെ രഹേംഗെ ആസാദി’ എന്ന വരി മാത്രമാണ് എങ്കിലും രാജ്യദ്രോഹത്തിന് കേസെടുക്കുന്നത് സ്വാഭാവികമായും അംഗീകരിക്കപ്പെടാം.

എന്നാല്‍, അതേ സംഭവം മറ്റൊരു കോണില്‍ നിന്നു ചിത്രീകരിച്ച ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. ദൃശ്യത്തിന് കൂടുതല്‍ സമയദൈര്‍ഘ്യം. കൂടുതല്‍ വ്യക്തമായ ശബ്ദത്തില്‍ മുദ്രാവാക്യം വിളി കേള്‍ക്കാം. ഇതില്‍ പൂര്‍ണ്ണമായും മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത് കനയ്യയാണ്. ചുറ്റുമുള്ളവര്‍ മറുപടി മാത്രം വിളിക്കുന്നു.

ഭൂഖ് മരി സെ ആസാദി
സംഘ്‌വാദ് സെ ആസാദി
സാമന്ത്‌വാദ് സെ ആസാദി
പൂര്‍ജിവാദ് സെ ആസാദി
ബ്രാഹ്മണവാദ് സെ ആസാദി
മനുവാദ് സെ ആസാദി
ഹര്‍ ദംഗായിയോം സെ ആസാദി
ഹം ലേക്കെ രഹേംഗെ ആസാദി
തും കുഛ് ഭി കര്‍ ലോ ആസാദി
ഹൈ ഹക് ഹമാരി ആസാദി
ഹൈ ജാന്‍ സെ പ്യാരി ആസാദി

പട്ടിണിമരണത്തില്‍ നിന്ന്, ആര്‍.എസ്.എസ്സില്‍ നിന്ന്, ബ്രാഹ്മണവാദത്തില്‍ നിന്ന്, മനുവാദത്തില്‍ നിന്ന്, കലാപകാരികളില്‍ നിന്ന് എല്ലാം ഞങ്ങള്‍ സ്വാതന്ത്ര്യം നേടും നിങ്ങള്‍ എന്തൊക്കെ ചെയ്താലും ഞങ്ങള്‍ സ്വാതന്ത്ര്യം നേടുക തന്നെ ചെയ്യും എന്നാണ് മുദ്രാവാക്യം. സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശമാണ്, സ്വാതന്ത്ര്യത്തിന് ജീവനെക്കാള്‍ വിലയുണ്ട് എന്നും കനയ്യ വിളിച്ചുപറഞ്ഞു. ഈ വീഡിയോ ഇന്ത്യാ ടുഡെ ടിവി പുറത്തുവിട്ടു. പ്രൈംടൈമില്‍ തന്നെയാണ് ഇന്ത്യാ ടുഡേയിലെ രാഹുല്‍ കമാല്‍ വീഡിയോ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്.

സുധീര്‍ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

എങ്ങനെയാണ് തട്ടിപ്പ് നടത്തിയത്. ഫെബ്രുവരി 11ന് കനയ്യ വിളിച്ച മുദ്രാവാക്യത്തില്‍ നിന്ന് ‘ഞങ്ങള്‍ സ്വാതന്ത്ര്യം നേടുക തന്നെ ചെയ്യും’ എന്ന ഭാഗം അടര്‍ത്തിയെടുത്തു. അതിനൊപ്പം ഫെബ്രുവരി 9ന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തിനു ശേഷമുയര്‍ന്ന കശ്മീര്‍ വിഘടനവാദ മുദ്രാവാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോയില്‍ ചുണ്ടനക്കം യോജിച്ചു വരുന്ന രൂപത്തില്‍ ശബ്ദം ഒപ്പിച്ചെടുത്തു. സംഗതി ജോര്‍. പഴയ ടാം, ഇപ്പോള്‍ ബാര്‍ക് റേറ്റിങ് കൂട്ടാന്‍ ഇതിലേറെ വല്ലതും വേണോ? തട്ടിപ്പ് സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടും ടൈംസ് നൗവിലെ അര്‍ണബ് ഗോസ്വാമിക്കും സീ ന്യൂസിലെ സുധീര്‍ ചൗധരിക്കും ഒരു കൂസലുമില്ല. താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന നില തന്നെ. അവര്‍ക്ക് ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുണ്ട്. അതിനു വേണ്ടി അവര്‍ അപകടത്തിലാക്കിയത് രാജ്യത്തെ ഭാവിവാഗ്ദാനമായ ഒരു ചെറുപ്പക്കാരന്റെ ഭാവിയാണ്. കനയ്യ കുമാര്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അചഞ്ചലമായ വിശ്വാസമുള്ളയാളാണ്. അതിനാല്‍ത്തന്നെ ആ യുവാവ് രക്ഷപ്പെടുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് രണ്ടു വാക്കുകള്‍-‘സത്യമേവ ജയതെ’.

മാധ്യമപ്രവര്‍ത്തക സമൂഹത്തിനാകെ അപമാനമാണ് ഈ അര്‍ണബ് ഗോസ്വാമി എന്ന് എന്റെ അഭിപ്രായം. വിയോജിക്കുന്നവരുണ്ടാവാം. വിരോധമില്ല. വിയോജിപ്പുകളോട് എനിക്ക് അസഹിഷ്ണുതയില്ല. ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ ശക്തി ഉപയോഗിക്കാന്‍ ടിയാനെ കഴിഞ്ഞിട്ടേ ആരെങ്കിലുമുള്ളൂ. പക്ഷേ, ശക്തിയുടെ ആ ഉപയോഗം ഭൂരിഭാഗം സമയത്തും ദുരുപയോഗമാവുന്നു എന്നതാണ് ദുരന്തം. ഇപ്പോള്‍ അര്‍ണബ് ഗോസ്വാമിയും സുധീര്‍ ചൗധരിയുമെല്ലാം ടെലിവിഷന്‍ സ്റ്റുഡിയോയില്‍ കയറിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തകരായല്ല, മറിച്ച് ദൈവങ്ങളായിട്ടാണ്. അവിടെയിരുന്ന് മുഴുവന്‍ ജനങ്ങളുടെയും വിധി അവരെഴുതുന്നു. ഇവര്‍ അവതരിപ്പിക്കുന്നത് വാര്‍ത്താ പരിപാടികളല്ല, മറിച്ച് റിയാലിറ്റി ഷോകളാണ്.

മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളാണ് റേറ്റിങ്ങിനു വേണ്ടി അഭിനവ അര്‍ണബുമാര്‍ കാറ്റില്‍പ്പറത്തുന്നത്. ഏതൊരു കുറ്റവാളിയും കുറ്റം തെളിയിക്കുന്നതു വരെ നിരപരാധിയാണ്. ആ കുറ്റവാളിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ വാര്‍ത്തയാക്കാം, അന്വേഷണത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്താം, പക്ഷേ, എല്ലാം നീതിപൂര്‍വ്വകമായ പരിധിക്കുള്ളില്ലായിരിക്കണം. ഇവിടെ കോടതിയില്‍ കേസെത്തും മുമ്പു തന്നെ വിചാരണയും ശിക്ഷാവിധിയുമൊക്കെ ടെലിവിഷന്‍ സ്റ്റുഡിയോയില്‍ പൂര്‍ത്തിയാക്കുകയാണ് പതിവ്.

അര്‍ണബിനോട് എനിക്ക് വിരോധമൊന്നുമില്ല. പക്ഷേ, കഴിഞ്ഞ ദിവസം ടെലിവിഷന്‍ സ്റ്റുഡിയോയിലിരുന്ന് ടിയാന്‍ അഴിച്ചുവിട്ട ഭീകരത കണ്ടപ്പോള്‍ ഈ കുറിപ്പ് എഴുതിപ്പോയതാണ്. ചര്‍ച്ചയ്ക്കുള്ള അതിഥിയെന്ന പേരില്‍ ഒരു ചെറുപ്പക്കാരനെ വിളിച്ചിരുത്തി ഭീഷണിപ്പെടുത്തുന്നു, കോളേജിലുള്ള പോലെ പ്രാകൃതമായി റാഗ് ചെയ്യുന്നു. തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തി ആ യുവാവിനെ വാ തുറക്കാന്‍ അനുവദിക്കാതെ അടിച്ചിരുത്തുന്നു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ‘ദൈവത്തിന്റെ’ നടപടി എന്നു മാത്രം മനസ്സിലായില്ല.

നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വസ്തുതകളെക്കുറിച്ച് നല്ല ധാരണയുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. രാജ്യദ്രോഹക്കുറ്റം എന്താണെന്നതിനെക്കുറിച്ച് അര്‍ണബ് ഗോസ്വാമിയും സുധീര്‍ ചൗധരിയും ഈ രാജ്യത്തെ മുതിര്‍ന്ന നിയമവിദഗ്ദ്ധരില്‍ നിന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. പക്ഷേ, ഏതോ മേലാളന്മാര്‍ക്കു വേണ്ടി വായിട്ടലയ്ക്കുന്ന അര്‍ണബുമാരും സുധീര്‍മാരും അറിയുന്നില്ല അവര്‍ തീ കൊണ്ടു തല ചൊറിയുകയാണെന്ന്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇപ്പോള്‍ തന്നെ ഭിന്നിപ്പിക്കപ്പെട്ടിരിക്കുന്ന ഈ രാജ്യത്ത് രാജ്യസ്‌നേഹികളും രാജ്യദ്രോഹികളും എന്നൊരു പുതിയ വിഭജനം നടപ്പാക്കുകയാണ് തങ്ങളുടെ വാര്‍ത്താ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ഇവര്‍ ചെയ്യുന്നത്. പണ്ട് ബ്രിട്ടീഷുകാരന്‍ ഈ തന്ത്രം പയറ്റിയതിന്റെ ഫലമാണ് പാകിസ്താനും ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദവും. ഇനി ഒരു വിഭജനം കൂടി താങ്ങാന്‍ ഭാരതമാതാവിന് ശേഷിയില്ല. പക്ഷേ, പണം മാത്രം ലക്ഷ്യമാകുന്നവര്‍ക്ക് എന്ത് ഭാരതം എന്ത് മാതാവ്!!

അര്‍ണബിന്റെയും സുധീറിന്റെയും ചെയ്തികള്‍ മാധ്യമപ്രവര്‍ത്തകരുടെയാകെ വിലയിടിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ കുരിശില്‍ തറയ്ക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് സുവര്‍ണ്ണാവസരം. എന്നോടും ആക്രോശിക്കാന്‍ വരുന്നവരുണ്ടാവും. അവരോട് ഒരു കാര്യം മാത്രം പറയാം.

ഞാന്‍ അര്‍ണബ് ഗോസ്വാമിയല്ല.
അര്‍ണബ് ഗോസ്വാമിയാകാന്‍ എനിക്കു ശേഷിയില്ല.
അര്‍ണബ് ഗോസ്വാമിയാകാന്‍ എനിക്കു താല്പര്യവുമില്ല.
രാജ്യദ്രോഹി ആയാലും അര്‍ണബ് ഗോസ്വാമിയാകില്ല.

‪#‎boycottarnabgoswami‬
‪#‎boycottsudhirchaudhary‬

Previous articleOPEN LETTER
Next articleസ്വാതന്ത്ര്യവും ത്യാഗവും
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here