HomeLIFEഇങ്ങനെയും ചില...

ഇങ്ങനെയും ചില മനിതര്‍!!!

-

Reading Time: 4 minutes

പെരുമഴയിലെ വെള്ളക്കെട്ട് നഗരവാസികളുടെ ശാപമായി മാറിയിരിക്കുന്നു. തിരുവനന്തപുരത്തുകാരനായ എനിക്ക്
തമ്പാനൂരിലെ വെള്ളക്കെട്ടിന്റെ ചിത്രങ്ങള്‍ പത്രങ്ങളിലും ദൃശ്യങ്ങള്‍ ചാനലുകളിലും കണ്ടു നല്ല ശീലമാണെങ്കിലും വെള്ളക്കെട്ടില്‍ കുടുങ്ങിയ അനുഭവമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഞാനിത് ശരിക്ക് അനുഭവിച്ചു, കൊച്ചിയാലാണെന്നു മാത്രം.

ചിലരെ കാണുന്നതിനും ചില കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കുന്നതിനുമായിരുന്നു എന്റെ കൊച്ചിയാത്ര. പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ചിലപ്പോഴൊക്കെ ചാറ്റല്‍ മഴ ഉണ്ടായിരുന്നുവെങ്കിലും പകല്‍ മുഴുവന്‍ നല്ല വെയിലായിരുന്നു. അതിനാല്‍ത്തന്നെ വലിയ ബുദ്ധിമുട്ടില്ലാതെ എല്ലായിടത്തും ഓടിനടന്ന് കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി. വൈകുന്നേരം മടങ്ങുന്നതിനു മുമ്പ് ഇടപ്പള്ളി സുന്ദര്‍ നഗറില്‍ സുഹൃത്ത് അലോഷിയെ കാണാമെന്നു പറഞ്ഞിരുന്നു. ഗൂഗിളിലാണ് അവനു ജോലി. അവന്റെ ചില സഹായങ്ങള്‍ എനിക്ക് ആവശ്യമുണ്ട്.

അലോഷിയുടെ വീട്ടിലേക്കു തിരിയുന്ന ഭാഗത്ത് ഇടുങ്ങിയ വഴികളാണ്. അതിനാല്‍ അല്പം തുറസ്സായ സ്ഥലത്ത് കാര്‍ നിര്‍ത്തി ഇറങ്ങി നടന്നു. അവിടെ നിന്ന് ഒരു 200 മീറ്റര്‍ അകലെയാണ് വീട്. വീട്ടിലെത്തി ഇരിപ്പുറപ്പിക്കേണ്ട താമസം, തുടങ്ങി പെരുമഴ. അഞ്ചു മിനിറ്റിനകം കാര്യം കഴിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടുക എന്ന ലക്ഷ്യവുമായി വന്ന ഞാന്‍ കുടുങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ. മഴ അര മണിക്കൂറിലേറെ നീണ്ടു. ഉര്‍വ്വശീശാപം ഉപകാരമാക്കി കാര്യങ്ങള്‍ വിശദമായിത്തന്നെ ചര്‍ച്ച ചെയ്തു ധാരണ വരുത്തി. ഒടുവില്‍ മഴയുടെ ശക്തി ഒന്നു കുറഞ്ഞപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങാന്‍ തുനിഞ്ഞു.

Thottathil_EPS.jpgവീട്ടിനു പുറത്തുവന്നപ്പോള്‍ ഞെട്ടിപ്പോയി. അലോഷിയുടെ വീട്ടിലേക്കു കയറുമ്പോള്‍ എറണാകുളത്തായിരുന്നുവെങ്കില്‍ തിരിച്ചിറങ്ങിയത് വെനീസിലേക്കാണ്! വെള്ളം വെള്ളം സര്‍വ്വത്ര. റോഡരികത്ത് ഓടയുണ്ടായിരുന്നു എന്നാണ് ഓര്‍മ്മ. എന്നാല്‍, അവയെല്ലാം പുല്ലു വളര്‍ന്ന് മൂടിയനിലയിലായിരുന്നു. അതിന്റെ ഫലമായിരിക്കണം റോഡിലെ വെള്ളക്കെട്ട്. അലോഷിക്ക് നിസ്സാരഭാവം. ‘നിത്യാഭ്യാസി ആനയെ എടുക്കും’ എന്നാണല്ലോ പ്രമാണം. ‘റോഡിന്റെ കൃത്യം മധ്യഭാഗത്തൂടെ ധൈര്യമായി
നടന്നോ. ഒന്നും പറ്റില്ല’ -അവന്‍ പറഞ്ഞു. ഒന്നു മടിച്ചു. പക്ഷേ, വേറെ മാര്‍ഗ്ഗമില്ല. വെള്ളത്തില്‍ കാലുറപ്പിച്ചു നടന്ന് കാറിനടുത്ത് എത്തിയപ്പോഴേക്കും പാന്റ്‌സ് നനഞ്ഞു കുതിര്‍ന്നു. അതിനാല്‍ത്തന്നെ തിരുവനന്തപുരത്തേക്ക് ഡ്രൈവ് ചെയ്തു തുടങ്ങിയത് തണുത്തു വിറച്ച്.

ഒരു മഴ പെയ്താല്‍ മുങ്ങിപ്പോകുന്നതാണോ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം? എന്റെ സംശയം സ്വാഭാവികം. വന്‍ വികസനക്കുതിപ്പുണ്ടെന്നു പറയപ്പെടുന്ന കൊച്ചിയില്‍ എന്തൊക്കെയോ ഗുരുതര പ്രശ്‌നങ്ങളില്ലേ? സുന്ദര്‍ നഗറിലെ അനുഭവമായിരുന്നില്ല എന്റെ ഈ ചിന്തയ്ക്കു പ്രേരകം. രണ്ടു ദിവസം മുമ്പ് യാദൃശ്ചികമായി വീട്ടില്‍ ചര്‍ച്ച ചെയ്ത മറ്റൊരു സംഭവം കൂടി എന്റെ ചിന്തയെ സ്വാധീനിച്ചു. എറണാകുളത്തെ വെള്ളക്കെട്ട് തന്നെയായിരുന്നു ചര്‍ച്ചാവിഷയം. ഇടപ്പള്ളിയിലും തൃപ്പൂണിത്തുറയിലുമൊക്കെ ധാരാളം ബന്ധുക്കളുണ്ട്. അവരൊന്നുമല്ല ചര്‍ച്ചയ്ക്കു കാരണമായത്, ഒരു ഹൈക്കോടതി ജഡ്ജിയുടെ ചെയ്തിയാണ്.

ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ കൊച്ചി എളമക്കര കീര്‍ത്തി നഗറിലാണ് താമസം. അദ്ദേഹത്തിന്റെ വീട്ടിനു മുന്നില്‍ വെള്ളക്കെട്ടുണ്ട്. പാതയോരത്തെ ഓടകള്‍ പുല്ലു വളര്‍ന്ന് നിറഞ്ഞതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ല. സ്‌കൂള്‍ കുട്ടികളടക്കം ധാരാളം പേര്‍ ഈ വെള്ളക്കെട്ടിലൂടെ കടന്നു പോകുന്നു. വെള്ളം കെട്ടിനിന്നാല്‍ കൊതുകു വര്‍ദ്ധിച്ച് പകര്‍ച്ചവ്യാധികള്‍ക്കും സാദ്ധ്യത. വെള്ളക്കെട്ടിനു പരിഹാരമുണ്ടാക്കാന്‍ ജസ്റ്റീസ് രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടലുണ്ടായി. ഉത്തരവ് പാസാക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. അല്ല.. ഒരു തൂമ്പായുമെടുത്ത് അദ്ദേഹം റോഡ് സ്വയം വൃത്തിയാക്കാനിറങ്ങി!

JUSTICE Radhakrishnan 4

സന്ധ്യ കഴിഞ്ഞ നേരം. പുറത്ത് കോരിച്ചൊരിയുന്ന മഴ. കൈയില്‍ തൂമ്പായുമെടുത്ത് ട്രൗസറും ബനിയനുമിട്ട് സാധാരണ തൊഴിലാളിയെപ്പോലെ റോഡിലിറങ്ങി നിന്ന ജസ്റ്റീസ് രാധാകൃഷ്ണനെ തിരിച്ചറിയുക എളുപ്പമായിരുന്നില്ല. മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടയ്ക്കു മുകളിലെ സ്ലാബില്‍ പുല്ലും ചെടിയും മൂടിയിരിക്കുന്നു. മഴവെള്ളം ഓടയിലേക്ക് ഊര്‍ന്നിറങ്ങാന്‍ വേറെ വഴിയില്ല. മഴക്കാലത്തിനു മുമ്പ് എല്ലാ വര്‍ഷവും ഓട വൃത്തിയാക്കുന്ന പതിവ് നഗരസഭയ്ക്കുണ്ടെങ്കിലും ഇക്കുറി അതുണ്ടായില്ല. നിയമസഭാ തിരഞ്ഞെടുപ്പും ഭരണമാറ്റവുമെല്ലാം കാരണമായെന്ന് വിശദീകരണം.

തൂമ്പായുമെടുത്ത് റോഡിലിറങ്ങാന്‍ തന്റെ ഉന്നത പദവി ജസ്റ്റീസ് രാധാകൃഷ്ണനു തടസ്സമായില്ല. കോരിച്ചൊരിയുന്ന മഴ നനഞ്ഞുകൊണ്ടു തന്നെ ഓടയും പരിസരവും വൃത്തിയാക്കി വെള്ളം ഒലിച്ചുപോകാനുള്ള വഴിയൊരുക്കി. ഒന്നര മണിക്കൂര്‍ നേരത്തേ അദ്ധ്വാനത്തിനൊടുവില്‍ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തിയ ശേഷമേ അദ്ദേഹം തിരികെ കയറിയുള്ളൂ. ജഡ്ജിയുടെ ഈ പ്രവൃത്തി ആരോ ഒരാള്‍ തിരിച്ചറിഞ്ഞു. അദ്ദേഹമത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ആ ചിത്രം എന്റെ ഒരു സുഹൃത്താണ് വാട്ട്‌സാപ്പിലൂടെ അയച്ചുതന്നത്. വൈകുന്നേരം അത്താഴത്തിനു ശേഷമുള്ള കുടുംബചര്‍ച്ചയില്‍ ഞാന്‍ ഈ വിഷയം എടുത്തിട്ടു. ചിത്രവും കാണിച്ചു. അപ്പോഴാണ് എന്റെ ഭാര്യ ദേവികയുടെ അമ്മ സേതുലക്ഷ്മിയുടെ കമന്റ് -‘ഓ ഇതിലൊരത്ഭുതവുമില്ല. അവന്റെ അച്ഛനും ഇങ്ങനെ തന്നെയായിരുന്നു.’

ഞാന്‍ ഞെട്ടി. എല്ലാവരും വളരെ ബഹുമാനപുരസ്സരം ‘യുവര്‍ ഓണര്‍’, ‘മൈ ലോര്‍ഡ്’ എന്നൊക്കെ വിശേഷിപ്പിക്കുന്ന ജഡ്ജിയെ സേതുവമ്മ വിശേഷിപ്പിച്ചത് ‘അവന്‍’ എന്ന്!! ഇതെന്തു മറിമായം? അമ്മയോടു തന്നെ ചോദിച്ചു. അപ്പോഴാണ് ജസ്റ്റീസ് രാധാകൃഷ്ണനുമായുള്ള അടുത്ത ബന്ധം അമ്മ വെളിപ്പെടുത്തിയത് -‘രാധാകൃഷ്ണനും നമ്മുടെ ജയയും ഒരുമിച്ചു പഠിച്ചതാ’. ജയ എന്നു പറഞ്ഞാല്‍ ദേവികയുടെ കുഞ്ഞമ്മ ജയലക്ഷ്മി. ‘ജഡ്ജിയായി നേരില്‍ കാണുമ്പോള്‍ ബഹുമാനിക്കാം. അല്ലാത്തപ്പോഴെല്ലാം എനിക്ക് അവന്‍ ആ പഴയ കുട്ടിയാ’ -സേതുവമ്മ നയം വ്യക്തമാക്കി.

JUSTICE Radhakrishnan 1.jpg

പഴയ കഥകള്‍ അമ്മ ഓര്‍ത്തെടുത്തു. ദേവികയുടെ അപ്പൂപ്പന്‍ ജി.ഗോവിന്ദപ്പിള്ളയും ജസ്റ്റീസ് രാധാകൃഷ്ണന്റെ അച്ഛന്‍ എന്‍.ഭാസ്‌കരന്‍ നായരും അടുത്ത സുഹൃത്തുക്കള്‍. ഇരുവരും കൊല്ലം ബാറിലെ പ്രശസ്ത അഭിഭാഷകര്‍. ‘ബാപ്പു വക്കീല്‍’ എന്നു പറഞ്ഞാല്‍ ദേവികയുടെ അപ്പൂപ്പനെ എല്ലാവരും അറിയുമായിരുന്നു. തങ്ങളുടെ സൗഹൃദത്തിന്റെ തുടര്‍ച്ചയായാണ് മക്കളെ ഒരു സ്‌കൂളില്‍ ചേര്‍ക്കാന്‍ അച്ഛന്മാര്‍ തീരുമാനിച്ചത്. അങ്ങനെ കൊല്ലം ആരാധനാ തിയേറ്ററിനു സമീപത്തുള്ള സെന്റ് ജോസ്ഫ്‌സ് കോണ്‍വന്റ് എല്‍.പി. സ്‌കൂളില്‍ രാധാകൃഷ്ണനും ജയലക്ഷ്മിയും ഒന്നാം ക്ലാസ്സില്‍ സഹപാഠികളായി. കൊച്ചുകുട്ടികളായിരുന്ന ഇവരെ നോക്കുന്നതിന് സേതുലക്ഷ്മിയെയും ബാപ്പു വക്കീല്‍ അങ്ങോട്ടു മാറ്റി.

ഭാസ്‌കരന്‍ നായര്‍ക്ക് ഒരു നീല അംബാസഡര്‍ കാറുണ്ട്. രാധാകൃഷ്ണന്‍ സ്‌കൂളില്‍ പോകുന്നത് അതിലാണ്. ഒരേ സ്‌കൂളില്‍ പഠിക്കുന്നവര്‍ എന്ന നിലയില്‍ സേതുവും ജയയും കാറിലും രാധാകൃഷ്ണന്റെ സഹയാത്രികരായി. ‘വൈകുന്നേരം എല്ലാ ദിവസവും രാധാകൃഷ്ണന്റെ വീട്ടില്‍ കൊണ്ടുപോയി വയറു നിറയെ പലഹാരം തന്ന ശേഷം മാത്രമേ ഞങ്ങളെ വീട്ടിലെത്തിച്ചിരുന്നുള്ളൂ’ -അമ്മ പറഞ്ഞു. ഭാസ്‌കരന്‍ നായര്‍ നാട്ടിലെ പൊതുകാര്യ പ്രസക്തനായിരുന്നു. ശ്രമദാനമുള്‍പ്പെടെ എന്തു കാര്യം നടന്നാലും മുന്നില്‍ അദ്ദേഹം കാണും. അദ്ദേഹത്തിന്റെ അച്ഛന്റെ അതേ ഗുണം തന്നെയാണ് ജസ്റ്റീസ് രാധാകൃഷ്ണന്‍ ഇപ്പോള്‍ പ്രകടിപ്പിച്ചതെന്ന് സേതുവമ്മയുടെ വിലയിരുത്തല്‍.

‘അതേ അമ്മേ, ജഡ്ജിക്കിപ്പോള്‍ അമ്മയെ ഓര്‍മ്മയുണ്ടാവുമോ?’ -പറഞ്ഞതു വിശ്വാസം വരാത്തതിനാല്‍ ഞാന്‍ വീണ്ടും കുത്തി.
‘എന്നെ ഓര്‍മ്മയുണ്ടോ എന്നറിയില്ല. ജയയെ ഓര്‍മ്മയുണ്ടെന്ന് രാധാകൃഷ്ണന്‍ അടുത്തിടെ ആരോടോ പറഞ്ഞതായി കേട്ടു’ -അമ്മയുടെ വിശദീകരണം.
മഹാനായ അച്ഛന്റെ മഹാനായ മകന്‍.
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ?
ഇങ്ങനെയും ചില മനിതര്‍കള്‍…

Previous article
Next article

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

COMMENTS

Enable Notifications OK No thanks