HomeACADEMICSപരീക്ഷാകേന്ദ്...

പരീക്ഷാകേന്ദ്രം മാറ്റാം

-

Reading Time: 2 minutes

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍. കോവിഡ് -19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്തവര്‍ക്കാണ് ഇതിനുള്ള അവസരം.

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക് -പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകൾ എന്നിവിടങ്ങളിലെ താമസക്കാരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിൽ സൗകര്യപ്രദമായ കേന്ദ്രങ്ങൾ ലഭ്യമാക്കുന്നതിന് ഇതു സഹായിക്കും. ഗൾഫിലും ലക്ഷദ്വീപിലും അടിയന്തര ഘട്ടങ്ങളിൽ മറ്റ് ജില്ലകളിലും പെട്ടുപോയിട്ടുള്ള വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾക്ക് സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിനും ഓൺലൈനായി അപേക്ഷിക്കാം.

ജില്ലകൾക്കകത്തുള്ള പരീക്ഷാകേന്ദ്ര മാറ്റം അനുവദനീയമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹയർസെക്കൻഡറി -വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷൻ നിലവിലുള്ള സ്‌കൂളുകൾ മാത്രമേ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാൻ സാധിക്കൂ.

ഓൺലൈൻ അപേക്ഷകൾ മെയ് 19 മുതൽ 21ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാം. അപേക്ഷകളുടെ സാധുതയും പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കേന്ദ്രീകൃതമായി ഉറപ്പാക്കി അർഹരായ വിദ്യാർത്ഥികൾക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിക്കാനാണ് തീരുമാനം. ഇതനുസരിച്ചുള്ള പട്ടിക മെയ് 23ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാനായില്ലെങ്കിൽ ജില്ലയിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം അനുവദിക്കാനും തീരുമാനമുണ്ട്.

ഈ വെബ്‌സൈറ്റുകളിലെ Application for Centre Change എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന മീഡിയമുള്ള പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കണം.

ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമായ കോഴ്‌സ് വിവരങ്ങൾ വെബ്സൈറ്റിലെ School List എന്ന മെനുവിൽ ലഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമായ കോഴ്‌സ് വിവരങ്ങൾ മാതൃസ്‌കൂൾ പ്രിൻസിപ്പലിനെ ബന്ധപ്പെട്ട് ഉറപ്പാക്കണം.

ഹയർ സെക്കൻഡറി -വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും അപേക്ഷിക്കുന്നവർ ജില്ലയിൽ തങ്ങൾ പഠിക്കുന്ന കോഴ്‌സുകൾ ലഭ്യമായ പരീക്ഷാകേന്ദ്രം കണ്ടെത്തി വേണം ഓൺലൈനായി അപേക്ഷിക്കേണ്ടത്. സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥികൾ അതേ വിഭാഗത്തിലുള്ള സ്‌പെഷൽ സ്‌കൂളുകൾ മാത്രമേ തിരഞ്ഞെടുക്കാവൂ.

ഐ.എച്ച്.ആർ.ഡി., ടി.എച്ച്.എസ്.എൽ.സി. വിദ്യാർത്ഥികളും ജില്ലയിലെ അതേ വിഭാഗം സ്‌കൂളുകൾ മാത്രമേ മാറ്റത്തിനായി തിരഞ്ഞെടുക്കാവൂ. എ.എച്ച്.എസ്.എൽ.സി., ആർട്‌സ് എച്ച്.എസ്.എസ്. വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല. ഓൺലൈൻ അപേക്ഷാ സമർപ്പണത്തെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ അതത് വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി ചില കര്‍ശന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

    1. മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയ്ക്ക് ഹാജരാകും എന്ന് ഉറപ്പ് വരുത്തണം. 
    2. പരീക്ഷയ്ക്കു വരുന്നവർക്ക് മാസ്ക് സർക്കാർ തന്നെ നല്കും.
    3. സാനിറ്റൈസർ, വെള്ളം, സോപ്പ് എന്നിവ ക്ലാസ്സുകൾക്ക് മുന്നിൽ തന്നെ തയ്യാറാക്കും. 
    4. സ്കൂൾ പൂർണമായും അണുവിമുക്തമാക്കണം. 
    5. പരീക്ഷയ്ക്ക് ഹാജരാവേണ്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തണം.
    6. സാമൂഹിക അകലം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിച്ചുവേണം പരീക്ഷ നടത്തേണ്ടത്.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights