HomeSPORTSകങ്കാരുക്കളെ ...

കങ്കാരുക്കളെ അടിച്ചു പറപ്പിച്ചു

-

Reading Time: 4 minutes

ന്റമ്മോ എന്തൊരടിയായിരുന്നു!
അടിയോടടി!!
ഹര്‍മന്‍പ്രീത് കൗര്‍..!!!

ഹര്‍മന്‍പ്രീത് കൗര്‍

115 പന്തില്‍ പുറത്താകാതെ 171 റണ്‍സ്! സ്ട്രൈക്ക് റേറ്റ് 100 പന്തില്‍ 148.70 റണ്‍സ്. പറത്തിയത് 20 ബൗണ്ടറി, 7 സിക്സര്‍. ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ ബൗളര്‍മാര്‍ ഹര്‍മന്‍പ്രീതിനു മുന്നില്‍ നിന്ന് ഓടിയൊളിച്ചു.

ക്രിസ്റ്റന്‍ ബീംസിന്റെ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ബൗള്‍ഡാകുന്നു

വനിതാ ലോകകപ്പ് സെമിയില്‍ ഇന്ത്യ തോല്‍ക്കണമെങ്കില്‍ ഓസ്ട്രേലിയ അത്ഭുതം പ്രവര്‍ത്തിക്കണമായിരുന്നു. ഓസ്ട്രേലിയയ്ക്കു ജയിക്കാന്‍ ഒരോവറില്‍ 6.71 റണ്‍സ് നിരക്കില്‍ വേണ്ടിയിരുന്നത് 282 റണ്‍സ്. എന്നാല്‍, ലോക ചാമ്പ്യന്മാര്‍ 40.1 ഓവറില്‍ 245 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 36 റണ്‍സ് ജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ യോഗ്യത. ഇതിനു മുമ്പ് ഒരു തവണ മാത്രമാണ് ഇന്ത്യ ഫൈനല്‍ കളിച്ചിട്ടുള്ളത്.

ഹര്‍മന്‍പ്രീത് കൗര്‍

മഴ മൂലം 42 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റിന് 281 റണ്‍സ് വാരിക്കൂട്ടി. അവസാന 11 ഓവറില്‍ മാത്രം പിറന്നത് 139 റണ്‍സ്! ഹര്‍മന്‍പ്രീതിനു പുറമെ ക്യാപ്റ്റന്‍ മിതാലി രാജ് (36), ദീപ്തി ശര്‍മ്മ (25), വേദ കൃഷ്ണമൂര്‍ത്തി (16*), പുനം റൗത് (14) എന്നിവരും ഇന്ത്യന്‍ സ്‌കോറില്‍ സംഭാവന നല്‍കി.

വേദ കൃഷ്ണമൂര്‍ത്തിയും ഹര്‍മന്‍പ്രീത് കൗറും ബാറ്റിങ്ങിനിടെ

രണ്ടിന് 35 റണ്‍സ് എന്ന നിലയില്‍ പതറുമ്പോഴാണ് ഹര്‍മന്‍പ്രീത് ക്രീസിലെത്തിയത്. മിതാലിയോടൊപ്പം 66 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ അവള്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തി. അവസാന 10 ഓവര്‍ ആയപ്പോഴേക്കും ഹര്‍മന്‍പ്രീത് നിറഞ്ഞാടുകയായിരുന്നു. കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് സെമിയില്‍ അവള്‍ നേടിയത്.

സെഞ്ച്വറി തികയ്ക്കാനുള്ള റണ്‍ ഓടാന്‍ അറച്ചതില്‍ ക്ഷുഭിതയായ ഹര്‍മന്‍പ്രീത് ഹെല്‍മറ്റ് ഊരിയെറിയുന്നു

ഹര്‍മന്‍പ്രീത് സെഞ്ച്വറി തികച്ചത് റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുകൊണ്ടായിരുന്നു. ദീപ്തി ശര്‍മ്മയോട് രണ്ടാമത്തെ റണ്ണിന് ഓടാന്‍ ആവശ്യപ്പെട്ടുവെങ്കിലും ചെറുതായി അറച്ചു. എന്നാല്‍, പിന്നീട് രണ്ടും കല്പിച്ച് റണ്‍ പൂര്‍ത്തിയാക്കി. അപ്പോഴേക്കും ദീപ്തിയുടെ ഭാഗത്തെ വിക്കറ്റ് ഓസീസ് ഫീല്‍ഡര്‍മാര്‍ എറിഞ്ഞിട്ടിരുന്നു. ക്ഷുഭിതയായ ഹര്‍മന്‍പ്രീത് ഹെല്‍മറ്റ് ഊരി തറയിലെറിഞ്ഞു. ഒടുവില്‍ റണ്ണൗട്ടല്ല എന്ന് തേര്‍ഡ് അമ്പയര്‍ വിധിച്ചപ്പോഴാണ് സമാധാനമായത്. ഏതായാലും സെഞ്ച്വറി ആഘോഷം ഹര്‍മന്‍പ്രീതിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പകരം 150 ആഘോഷിച്ചു!!

ബെത്ത് മൂനിയെ ക്ലീന്‍ ബൗള്‍ഡാക്കി ഓസീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയ ശിഖ പാണ്ഡെയുടെ ആഹ്ലാദം

ബാറ്റിങ് മികവിന്റെ ആത്മവിശ്വാസം ബൗളിങ്ങിലും ആവാഹിക്കുന്ന ഇന്ത്യയെയാണ് ഇടവേളയ്ക്കു ശേഷം കണ്ടത്. സ്‌കോര്‍ബോര്‍ഡില്‍ 9 റണ്‍സെടുക്കുമ്പോഴേക്കും ബാറ്റിങ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരിയായ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ് അടക്കം 2 പേര്‍ പവലിയനില്‍ മടങ്ങിയെത്തിയിരുന്നു. സ്‌കോര്‍ 21 ആയപ്പോള്‍ മൂന്നാം വിക്കറ്റും വീണു.

ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്‌വുമണായ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിനെ റണ്ണൊന്നുമെടുക്കാതെ ജുലന്‍ ഗോസ്വാമി ക്ലീന്‍ ബൗള്‍ഡാക്കുന്നു

നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന എല്ലിസ് പെറിയും എലൈസ് വിലാനിയും ചേര്‍ന്ന് ഓസ്‌ട്രേലിയയെ വിജയതീരത്തെത്തിക്കും എന്ന തോന്നലുയര്‍ത്തി. 58 പന്തില്‍ നിന്ന് 75 റണ്‍സ് അടിച്ചുകൂട്ടിയ വിലാനി സമ്പൂര്‍ണ്ണാധിപത്യം സ്ഥാപിക്കുകയും ചെയ്തു. 105 റണ്‍സാണ് ആ കൂട്ടുകെട്ടില്‍ പിറന്നത്.

നിക്കോള്‍ ബോള്‍ട്ടണെ ദീപ്തി ശര്‍മ്മ സ്വന്തം ബൗളിങ്ങില്‍ പിടിച്ചു പുറത്താക്കുന്നു

വിലാനി പുറത്തായതോടെ എല്ലാം കഴിഞ്ഞു എന്ന നിലയിലായിരുന്നു, അവസാന വിക്കറ്റ് കൂട്ടുകെട്ട് വരെ. 10-ാം വിക്കറ്റില്‍ ഒരറ്റത്ത് ക്രിസ്റ്റന്‍ ബീംസിനെ (11*) സാക്ഷിയാക്കി നിര്‍ത്തി അലക്‌സ് ബ്ലാക്ക്‌വെല്‍ കത്തിക്കയറി. 76 റണ്‍സാണ് അവസാന വിക്കറ്റില്‍ പിറന്നത്. അലക്‌സ് 56 പന്തില്‍ 10 ബൗണ്ടറിയും 3 സിക്‌സറും പറത്തി 90 റണ്‍സ് വാരി ടോപ് സ്‌കോററായി. ഒടുവില്‍ അലക്‌സിനെ ക്ലീന്‍ ബൗള്‍ ചെയ്ത് ദീപ്തി ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

അലക്‌സ് ബ്ലാക്ക്‌വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം

എല്ലിസ് പെറി (38), നിക്കോള്‍ ബോള്‍ട്ടന്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌വുമണ്‍മാര്‍. ഇന്ത്യയ്ക്കു വേണ്ടി ദീപ്തി ശര്‍മ്മ 3 വിക്കറ്റും ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിനു മുമ്പ് കമന്റേറ്റര്‍ ഇയാന്‍ ബിഷപ് ഇന്ത്യന്‍ നായിക മിതാലിയോട് ചോദിച്ചു എത്ര റണ്‍സാണ് ലക്ഷ്യമെന്ന്. 230 നല്ല സ്‌കോറായിരിക്കുമെന്ന് മിതാലിയുടെ മറുപടി. ഒടുവില്‍ ഹര്‍മന്‍പ്രീതിന്റെ അടിയോടടിയുടെ ബലത്തില്‍ 51 റണ്‍സ് കൂടുതല്‍ നേടി. ആ മികവ് മറികടക്കാനാവാതെ നിലവിലുള്ള ലോകചാമ്പ്യന്മാര്‍ മടങ്ങി.

ശക്തരായ ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് ഇന്ത്യന്‍ താരങ്ങളെങ്കിലും വിശ്വസിച്ചിരുന്നോ ആവോ? യോഗ്യതാ റൗണ്ട് കളിച്ച് ലോകകപ്പിന് യോഗ്യത നേടിയ ടീം ഫൈനല്‍ കളിക്കുന്നു!! അവിശ്വസനീയം എന്നേ പറയാനുള്ളൂ!!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights