Reading Time: 4 minutes

Mr.Senkumar, you are not fit for this job.
Your deeds have made you a laughing stock.
Kerala definitely deserve a much better officer as DGP.

2016 ഏപ്രില്‍ 16നാണ് ഞാന്‍ ഒരു പോസ്റ്റില്‍ ഈ വരികള്‍ എഴുതിയിട്ടത്. 2016 മെയ് 30ന് അത് പ്രാവര്‍ത്തികമായി. ഡി.ജി.പി. എന്ന നിലയിലുള്ള സെന്‍കുമാറിന്റെ ‘പ്രവര്‍ത്തനം’ കണ്ടിട്ടുള്ള ഏവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ് അദ്ദേഹത്തിന്റെ നിലവാരം. പിണറായി വിജയനും അതു ബോദ്ധ്യപ്പെട്ടിട്ടുണ്ടാവണം. അതാണല്ലോ മുഖ്യമന്ത്രിയായി അധികാരത്തിലേറി ഒരാഴ്ചയ്ക്കകം സെന്‍കുമാറിനെ ക്ലിപ്പില്‍ തൂക്കി അദ്ദേഹം മൂലയ്ക്കിരുത്തിയത്. സത്യം പറഞ്ഞാല്‍ പിണറായിയുടെ ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമായി ഈ നടപടിയുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഒരു നിമിഷം പോലും ഡി.ജി.പി. സ്ഥാനത്തിരിക്കാന്‍ സെന്‍കുമാര്‍ അര്‍ഹനല്ലെന്ന നിലപാടു തന്നെ കാരണം. എന്തുകൊണ്ട് ആ നിലപാട് സ്വീകരിച്ചു എന്നു പറയാം.

DGP

കഴിഞ്ഞ 5 വര്‍ഷവും കേരളാ പോലീസിലെ ഏറ്റവും ശക്തന്‍ ടി.പി.സെന്‍കുമാര്‍ എന്ന ഉദ്യോഗസ്ഥനായിരുന്നു. ക്രമസമാധാനപാലന ചുമതലയുള്ള ഡി.ജി.പി. എന്ന നിലയില്‍ കെ.എസ്.ബാലസുബ്രഹ്മണ്യന്‍ എന്ന മാന്യനായ ഉദ്യോഗസ്ഥനായിരുന്നു പോലീസ് മേധാവിയെങ്കിലും ഫലത്തില്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി. ആയ സെന്‍കുമാര്‍ തന്നെയായിരുന്നു ആ സ്ഥാനത്ത്. പിന്നീട് ജയില്‍ ഡി.ജി.പി. ആയപ്പോഴും ഒടുവില്‍ ബാലസുബ്രഹ്മണ്യന്‍ വിരമിച്ചപ്പോള്‍ യഥാര്‍ത്ഥ പോലീസ് മേധാവി ആയപ്പോഴും തല്‍സ്ഥിതി തുടര്‍ന്നു. ഈ അധികാരം ആസ്വദിക്കാന്‍ എന്തായിരുന്നു സെന്‍കുമാറിനുണ്ടായിരുന്ന അധികയോഗ്യത? ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എന്നതു തന്നെ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തലസ്ഥാനത്തുള്ള എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് സെന്‍കുമാറുമായുള്ള കൂടിക്കാഴ്ച നിര്‍ബന്ധമായിരുന്നു എന്നാണ് കേട്ടിരുന്നത്. സംസ്ഥാനത്തെ പൊതുസ്ഥിതിയും രാഷ്ട്രീയ കരുനീക്കങ്ങളും സ്വന്തം ചേരിയിലെ കുത്തിത്തിരിപ്പുമെല്ലാം ഉമ്മന്‍ ചാണ്ടി അറിഞ്ഞിരുന്നത് സെന്‍കുമാറിലൂടെ ആയിരുന്നു. ഇത്തരമൊരാളെ എതിര്‍ ചേരിയിലുള്ള പിണറായി വിജയന്‍ താക്കോല്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്ന് ആരെങ്കിലും കരുതുമോ? ഇടതുഭരണ കാലത്ത് പോലീസുകാരുടെ വീടു പണിക്ക് അഥവാ ഭവന നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാനുള്ള യോഗ്യതയല്ലേ സെന്‍കുമാറിന് ഉണ്ടാവുകയുള്ളൂ?

പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതില്‍ സെന്‍കുമാറിന് അതൃപ്തിയാണത്രേ? അതൃപ്തിപ്പെടാന്‍ അദ്ദേഹത്തിന് എന്താണ് യോഗ്യത? ഒരു പക്ഷത്തുള്ള സര്‍ക്കാരിന്റെ ഇഷ്ടക്കാരനായി സര്‍വ്വവിധ ആനുകൂല്യങ്ങളും അനുഭവിക്കുമ്പോള്‍ എതിര്‍പക്ഷത്തുള്ള സര്‍ക്കാര്‍ വന്നാല്‍ അതു തുടരില്ലെന്നു മനസ്സിലാക്കാനുള്ള സാമാന്യ യുക്തിയെങ്കിലും സെന്‍കുമാറിന് ഉണ്ടാവേണ്ടതല്ലേ? ഉമ്മന്‍ ചാണ്ടിയുടെ താല്പര്യപ്രകാരം എന്തൊക്കെയാണ് സെന്‍കുമാര്‍ ചെയ്തുകൂട്ടിയത്? സെന്‍കുമാര്‍ മറന്നാലും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊന്നും മറക്കുമെന്നു തോന്നുന്നില്ല. കുറഞ്ഞപക്ഷം വിജിലന്‍സ് ഡയറക്ടറായി ഇപ്പോള്‍ നിയമിതനായ ഡോ.ജേക്കബ്ബ് തോമസെങ്കിലും മറക്കില്ല. മാറ്റത്തിനു ശേഷം സെന്‍കുമാറിന്റേതായി ഫേസ്ബുക്ക് പോസ്റ്റ് വന്നിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി എന്ന നിലയിലുള്ള അവസാന പോസ്റ്റ്.

To all my readers
This may be my last facebook post as SPC of Kerala. This facebook page was created with an intention to have continuous and mutual beneficial interaction. Due to some of the exigencies, this may not have been fully possible. However, I have to thank you for all the suggestions and reactions. I have joined as an IES officer in the Government of India in 1981, before joining IPS. During the last 35 years I have always kept honesty, integrity and justice and a special care for the downtrodden. I still have all my vertebras intact. I have never appeased anybody for any posting. I have always tried to be impartial and fair.
I can leave this place with full satisfaction that in my entire service career I have never asked any subordinate officer to do anything illegal. I have never allowed in my knowledge to arrest an innocent and pad up evidences. I hope this is the greatest satisfaction that a police officer can get. I have always resisted illegitimate interferences.
So Thank you all !

35 വര്‍ഷത്തെ സര്‍വ്വീസില്‍ സത്യസന്ധത, മാന്യത, നീതിബോധം എന്നിവ പുലര്‍ത്തുകയും സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കു വേണ്ടി നിലകൊള്ളുകയും ചെയ്തിട്ടുണ്ടെന്നാണ് സെന്‍കുമാര്‍ അവകാശപ്പെടുന്നത്. 30 വര്‍ഷത്തെ കാര്യം ഞാന്‍ പറയുന്നില്ല. പക്ഷേ, കഴിഞ്ഞ 5 വര്‍ഷക്കാലത്തെ പ്രവര്‍ത്തനം എന്തായാലും അദ്ദേഹം അവകാശപ്പെടുന്നതു പോലെ അല്ല. പ്രത്യേക തസ്തികയ്ക്കു വേണ്ടി ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. എന്തിന് സ്വാധീനിക്കണം? മേലാളര്‍ക്കു വേണ്ടതെല്ലാം ഏതു വിധേനയും നടത്തിക്കൊടുത്താല്‍ തസ്തികകള്‍ ചോദിക്കാതെ തന്നെ കിട്ടുമല്ലോ! നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 5 വര്‍ഷം കാലാവധി തികയ്ക്കുന്നതില്‍ കൃശാഗ്രബുദ്ധിയായ ഈ പോലീസുദ്യോഗസ്ഥന്‍ വഹിച്ച പങ്ക് ചെറുതല്ല. സെന്‍കുമാറിനെ പോലീസ് മേധാവിയായി നിലനിര്‍ത്തുന്നത് അപകടമാണെന്ന് പിണറായി തിരിച്ചറിയാനുള്ള കാരണവും മറ്റൊന്നല്ല. കാരണം, രഹസ്യാന്വേഷണ വിവരങ്ങളടക്കം പോലീസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയുന്നതിനു മുമ്പ് ഇപ്പോള്‍ പ്രതിപക്ഷത്തുള്ള, പ്രതിപക്ഷ നേതാവു പോലുമല്ലാത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയും. അത്രയ്ക്കാണ് അവര്‍ തമ്മിലുള്ള ബന്ധം. ഉമ്മന്‍ ചാണ്ടിയുടെ താല്പര്യം സംരക്ഷിക്കാന്‍ രാജ്യത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെപ്പോലും വെല്ലുവിളിക്കാന്‍ അടുത്തിടെ സെന്‍കുമാര്‍ തയ്യാറായി എന്നതോര്‍ക്കുക.

പരവൂര്‍ വെടിക്കെട്ടു ദുരന്തം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തെ സെന്‍കുമാര്‍ വിമര്‍ശിച്ചത് ഉമ്മന്‍ ചാണ്ടിക്കു വേണ്ടിയല്ലേ? ദുരന്തമുണ്ടായപ്പോള്‍ പ്രധാനമന്ത്രി സ്വീകരിച്ച നടപടികള്‍ തിരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിക്കു ഗുണകരമാവുന്നു എന്നു കണ്ടാണ് ഡി.ജി.പി. എന്ന നിലയിലുള്ള സെന്‍കുമാറിന്റെ പ്രതികരണം ഉണ്ടായത്. ഉമ്മന്‍ ചാണ്ടിയുടെ താല്പര്യപ്രകാരം തന്നെയായിരുന്നു സെന്‍കുമാറിന്റെ പരസ്യപ്രസ്താവന. മോദിയുടെ പരവൂര്‍ സന്ദര്‍ശനത്തെ എതിര്‍ത്ത് ചില ഇടതുപക്ഷ ബുദ്ധിജീവികള്‍ ആദ്യമേ തന്നെ രംഗത്തുവന്നിരുന്നുവെങ്കിലും സെന്‍കുമാര്‍ പരസ്യമായി രംഗത്തുവന്നതോടെ ആ എതിര്‍പ്പിന് ആധികാരിക മുഖം കൈവന്നു. സന്ദര്‍ശനം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ പോലീസ് മേധാവിക്ക് അവകാശമുണ്ട്. പക്ഷേ, ആ അഭിപ്രായം പരസ്യമായി പറയാനുള്ള അധികാരം ഡി.ജി.പിക്ക് ഇല്ല. അധികാരസ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിയുടെ കര്‍ത്തവ്യം എന്താണെന്ന് സെന്‍കുമാര്‍ മറന്നു. തന്റെ മുന്നില്‍ വരുന്ന വെല്ലുവിളികളെ നേരിടുന്നതിനും കടമകള്‍ നിറവേറ്റുന്നതിനും ലഭ്യമായ അധികാരവും ഉള്ള സൗകര്യങ്ങളും പ്രയോജനപ്പെടുത്തി വിജയം വരിക്കുക എന്നതാണ് പോലീസ് മേധാവിയെപ്പോലെ ഒരു നിര്‍ണ്ണായക തസ്തികയില്‍ ഇരിക്കുന്ന വ്യക്തിയുടെ ചുമതല. അല്ലാതെ, തന്റെ മുന്നില്‍ വരുന്ന വെല്ലുവിളി നേരിടാന്‍ ധൈര്യമില്ലാതെ അത് ഒഴിവാക്കിത്തരണേ എന്നു നിലവിളിക്കുകയല്ല വേണ്ടത്. അങ്ങനെ ചെയ്യുന്നയാള്‍ ആ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. അതനുസരിച്ചുള്ള നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഞാന്‍ പറയും.

പ്രധാനമന്ത്രിയെ പോലും വെല്ലുവിളിക്കാനുള്ള സെന്‍കുമാറിന്റെ എടുത്തുചാട്ടത്തിനു പിന്നില്‍ താന്‍ സംരക്ഷിക്കപ്പെടും എന്ന ഉറപ്പു തന്നെയായിരുന്നു. പക്ഷേ, വോട്ടുകച്ചവട കരാര്‍ അടക്കം ഉമ്മന്‍ ചാണ്ടി നടത്തിയ രാഷ്ട്രീയകരുനീക്കങ്ങള്‍ വിജയിക്കുമെന്നും യു.ഡി.എഫ്. വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നുമുള്ള സെന്‍കുമാറിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ഫലപ്രഖ്യാപനം വരെ ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനാധാരം സെന്‍കുമാറിന്റെ ‘ഇന്റലിജന്‍സ്’ ആയിരുന്നുവല്ലോ! അതിന്റെയെല്ലാം അനന്തരഫലം ഇപ്പോള്‍ അനുഭവിക്കുന്നു. സര്‍വ്വീസ് ചട്ടം സെന്‍കുമാറിന് അറിയാത്തതല്ല. ഡി.ജി.പി. സ്ഥാനത്തു നിന്ന് നീക്കിയതില്‍ എതിര്‍പ്പുണ്ടെന്ന് ‘ഇഷ്ടക്കാരായ’ മാധ്യമപ്രവര്‍ത്തകരിലൂടെ പുറത്തു പറയുന്നത് സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ചാണോ? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഭരണകര്‍ത്താക്കള്‍ക്കു താല്പര്യമുള്ള വഴിവിട്ട ചില നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കേണ്ടി വന്നപ്പോള്‍ തന്റെ ഭാഗം വിശദീകരിച്ച ജേക്കബ്ബ് തോമസിനെ സെന്‍കുമാര്‍ സര്‍വ്വീസ് ചട്ടം പഠിപ്പിച്ചത് മറന്നോ? ജേക്കബ് തോമസിനു ബാധകമായ സര്‍വ്വീസ് ചട്ടം സെന്‍കുമാറിനു ബാധകമല്ലെന്നുണ്ടോ?

നല്ലവര്‍ അഥവാ കഴിവുറ്റവര്‍ എന്നു പേരുകേട്ട ഡി.ജി.പിമാര്‍ ആരും തന്നെ തങ്ങളുടെ യജമാനന്മാരുടെ ദാസന്മാരായിരുന്നില്ല, മറിച്ച് അവര്‍ ജനങ്ങളുടെ സേവകരായിരുന്നു. രാഷ്ട്രീയക്കസര്‍ത്തുകളുടെ ഭാഗമാവാതിരുന്ന അവര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. ഉമ്മന്‍ചാണ്ടിയുടെ കാലത്തു തന്നെ ഡി.ജി.പി. ആയിരുന്ന ബാലസുബ്രഹ്മണ്യന്‍ ചീത്തപ്പേരൊന്നും കേള്‍പ്പിക്കാതെ ഇറങ്ങിപ്പോയത് ഉദാഹരണം. മറുഭാഗത്ത് ഇതിനു വിപരീതമായി പ്രവര്‍ത്തിച്ചവരൊക്കെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായി. സെന്‍കുമാറിന്റെ പോക്കും അവിടേക്കാണെന്ന് മുമ്പു ഞാന്‍ പറഞ്ഞിരുന്നു. അതു തന്നെ സംഭവിച്ചു.

സെന്‍കുമാര്‍ നല്ല ഉദ്യോഗസ്ഥനാണെന്ന് അഭിപ്രായമുള്ളവരുണ്ടാവാം. അദ്ദേഹത്തിന്റെ കര്‍മ്മശേഷി ഓരോ തവണയും പുറത്തുവരുന്നതിന് അഞ്ചു വര്‍ഷത്തെ ഇടവേള പതിവായിരുന്നു എന്നത് ചരിത്രം. എല്‍.ഡി.എഫ്. അധികാരത്തിലുള്ളപ്പോള്‍ ഇദ്ദേഹം കര്‍മ്മനിരതനായിരിക്കും. സെന്‍കുമാറിന്റെ രാഷ്ട്രീയപക്ഷപാതിത്വം അറിയാവുന്ന ഇടതുപക്ഷം അദ്ദേഹത്തെ കെ.എസ്.ആര്‍.ടി.സി. പോലെ പോലീസിനു പുറത്തുള്ള സംവിധാനത്തിലേക്കു മാറ്റും. അതായത് ഇത്തവണത്തെ മാറ്റം ആദ്യമായിട്ടല്ല എന്നര്‍ത്ഥം. ഇത്തവണ പോലീസിന്റെ തന്നെ ഭവനനിര്‍മ്മാണ കോര്‍പ്പറേഷന്‍ മേധാവിയായിട്ടാണ് മാറ്റം. കാക്കി യൂണിഫോമിനു പുറത്തുള്ള സംവിധാനത്തിലേക്കു മാറ്റപ്പെടുമ്പോള്‍ അവിടെപ്പോയിരുന്ന് വിവാദമുണ്ടാക്കുന്നതെങ്കിലും കൈയടി കിട്ടുന്ന കുറെ പ്രസ്താവനകള്‍ നടത്തും. വാര്‍ത്തയില്‍ നിറയും. പ്രസ്താവനകള്‍ വാര്‍ത്തയാക്കാന്‍ വേണ്ടി ചില ‘സ്വന്തം’ മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനുണ്ട്. അവര്‍ തന്നെയാണ് ഇപ്പോഴത്തെ അതൃപ്തിയും പുറത്തെത്തിച്ചത്. പക്ഷേ, പഴയതു പോലല്ല. വിവാദ പ്രസ്താവനകള്‍ നടത്താന്‍ ഇനി ഒരു വര്‍ഷമേ ബാക്കിയുള്ളൂ. അതു കഴിഞ്ഞാല്‍ അടുത്തൂണ്‍ പറ്റി പിരിയാം.

മുമ്പ് പറഞ്ഞിട്ടുള്ളതു തന്നെ ഇപ്പോള്‍ ആവര്‍ത്തിക്കാം. എത്ര നല്ല ഉദ്യോഗസ്ഥനായി മേനി നടിച്ചാലും രാഷ്ട്രീയക്കാരുടെ കൈകളിലെ കളിപ്പാവയായി മാറിയാല്‍ കഥ തീര്‍ന്നു. ഉന്നതസ്ഥാനങ്ങള്‍ക്ക് കളിപ്പാവകള്‍ അര്‍ഹരല്ല. അവരെ മൂലയ്ക്കിരുത്തണം. ഉത്തരം ദ്രവിച്ചാല്‍ മേല്‍ക്കൂര വീഴും. പുതിയ പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയും ഇക്കാര്യം ഓര്‍മ്മിച്ചാല്‍ നന്ന്.

Previous articleപാളാത്ത പ്രതീക്ഷ, പ്രവചനവും
Next articleകിച്ചനു സംഭവിച്ച മാറ്റം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

  1. ശ്യാമേട്ട…. പലപ്പോഴും തോന്നിയിട്ടുണ്ട് ഇദ്ദേഹത്തിന്റെ ചില ഇടപെടലുകളേയും പ്രസ്താവനകളേയും കുറിച്ചുള്ള സംശയം….

LEAVE A REPLY

Please enter your comment!
Please enter your name here