കഴിഞ്ഞ ദിവസം വൈകീട്ട് കേശവദാസപുരത്തു നിന്ന് പട്ടത്തേക്ക് കാറോടിച്ചു വരുന്ന വഴി ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരനെ കണ്ടു. മെഡിക്കല്‍ കോളേജില്‍ നിന്ന് ചാലക്കുഴി ലെയ്ന്‍ വഴി പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളിനു മുന്നിലെത്തുന്ന ജംഗ്ഷനില്‍ തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ സര്‍ക്കസ് കാണിക്കുകയാണയാള്‍. സാധാരണഗതിയില്‍ കാറോടിക്കുമ്പോള്‍ പോലീസുകാരെ ശ്രദ്ധിക്കാറില്ല, അവരുടെ കൈകള്‍ മാത്രമേ കാണാറുള്ളൂ. എന്നാല്‍, കാറിന്റെ നീക്കം അല്പം പതുക്കെ ആയിരുന്നതിനാല്‍ പോലീസുകാരനെ ശ്രദ്ധിച്ചു. അതിനൊരു കാരണമുണ്ട്. ആ പോലീസുകാരന്റെ രൂപം തന്നെ. സാമാന്യം വലിയ ഫ്രെയിം. അരയിലെ ബെല്‍റ്റിലൊതുങ്ങാത്ത വയര്‍. വയറിനെപ്പറ്റി പറയാന്‍ എനിക്കും വലിയ യോഗ്യതയൊന്നുമില്ല. പക്ഷേ, ഞാന്‍ പോലീസ് പോലെ സായുധ സേനാംഗം ഒന്നുമല്ലല്ലോ. തൊപ്പിക്കിടയിലൂടെ നര കയറിത്തുടങ്ങിയ മുടി കാണാം. പെട്ടെന്നാണ് ഞാന്‍ ആ മുഖം തിരിച്ചറിഞ്ഞത്. കിച്ചന്‍ -എന്റെ സുഹൃത്ത്.
കാര്‍ അല്പം മുന്നോട്ടൊതുക്കി നിര്‍ത്തി ഇറങ്ങി നിന്നു. അവനെ വിളിച്ചാലോ എന്നാലോച്ചിച്ചു. വിളിക്കാന്‍ ആഞ്ഞതുമാണ്. പിന്നീട് വേണ്ടെന്നു വെച്ചു. ഞാന്‍ ശ്രദ്ധ തിരിച്ച് അവന്റെ പെടാപ്പാട് കൂട്ടണ്ടല്ലോ! അവനല്പം അസ്വസ്ഥനാണെന്നു തോന്നി. ഇടയ്ക്ക് ദേഷ്യം പിടിക്കുന്നുണ്ട്. ഈ രൂപത്തില്‍ കിച്ചനെ കാണുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചില്ല. രണ്ടാഴ്ച മുമ്പു വരെ അത്രമാത്രം ഉയരങ്ങളിലായിരുന്നു അവന്റെ വിഹാരം. കിച്ചനുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ എന്റെ ജൂനിയര്‍ ആയിരുന്നു അവന്‍. ഇപ്പോള്‍ എന്റെ സുഹൃത്താണെങ്കിലും കോളേജ് പഠനകാലത്ത് ഞങ്ങള്‍ തമ്മില്‍ വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, അല്പം ഉരസലിലായിരുന്നു താനും. കിച്ചന്‍ പഠിച്ചത് യൂണിവേഴ്‌സിറ്റി കോളേജിലാണോ എന്നു ചോദിച്ചാല്‍ ആണ്. എന്നാല്‍ ‘ആണോ’ എന്നു തറപ്പിച്ചു ചോദിച്ചാല്‍ അല്ല എന്നു പറയേണ്ടി വരും. ഒന്നും പുടികിട്ടണില്ല അല്ലേ. അല്പം ചരിത്രം മനസ്സിലാക്കേണ്ടതുണ്ട്.
1991ല്‍ കെ.കരുണാകരന്‍ മന്ത്രിസഭ അധികാരമേല്‍ക്കുന്നു. ഉമ്മന്‍ ചാണ്ടിയാണ് ധനകാര്യ മന്ത്രി. 1993ല്‍ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാമത്തെ ബജറ്റ് ഒരു പ്രഖ്യാപനം മുന്നോട്ടുവെയ്ക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജിനെ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ്’ ആക്കി ഉയര്‍ത്തും. ഒപ്പം കോളേജിലെ ബിരുദ വിഭാഗം പാളയത്തു നിന്നു വിഭജിച്ച് നഗരത്തിനു പുറത്തെ കാര്യവട്ടത്തേക്കു മാറ്റും. ഇന്നു കാര്യവട്ടം വലിയ പട്ടണമൊക്കെ ആണെങ്കിലും അന്നൊരു പട്ടിക്കാട് മാത്രമാണ്. ഏതു വിദ്യാര്‍ത്ഥി സമരത്തിന്റെയും ആണിക്കല്ല് ബിരുദ വിദ്യാര്‍ത്ഥികളാണല്ലോ. യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിഭാഗം നഗരത്തിനു പുറത്തേക്കു പറിച്ചു നട്ടാല്‍ സര്‍ക്കാരിനു ബുദ്ധിമുട്ടാകുന്ന എസ്.എഫ്.ഐ. സമരങ്ങളുടെ മുനയൊടിക്കാം. എങ്ങനെയുണ്ട് ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധി! ഞങ്ങള്‍ ശക്തമായ പ്രക്ഷോഭം നടത്തിയെങ്കിലും വിജയിച്ചില്ല. യൂണിവേഴ്‌സിറ്റി കോളേജിന്റെ ബിരുദ വിഭാഗം കാര്യവട്ടത്ത് ഉയര്‍ന്നു. അവിടെ ബി.എ. ഹിസ്റ്ററി വിദ്യാര്‍ത്ഥിയായാണ് കിച്ചന്‍ വന്നതെങ്കിലും യഥാര്‍ത്ഥ അവതാരം കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിട്ടായിരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന ഞാന്‍ അവന്റെ എതിര്‍പക്ഷത്താവുന്നത് സ്വാഭാവികം.
രണ്ടു ഭൂഖണ്ഡങ്ങളായിക്കിടന്ന കോളേജില്‍ 1993-94 മുതല്‍ 1995-96 വരെ മൂന്നു വര്‍ഷവും കെ.എസ്.യുവിന്റെ അമരക്കാരന്‍ കിച്ചന്‍ തന്നെയായിരുന്നു. ജി.ആര്‍.അജിത്ത് എന്നാണ് അവന്റെ യഥാര്‍ത്ഥ പേര് എന്ന് ഞാനടക്കം കോളേജിലുള്ളവര്‍ മുഴുവന്‍ അറിഞ്ഞത് അവന്‍ കെ.എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയപ്പോള്‍ മാത്രമാണ്. ദയനീയമായി തോല്‍ക്കുകയായിരുന്നു പതിവെങ്കിലും, ഓരോ തിരഞ്ഞെടുപ്പിലും പരാജയം ഉറപ്പായിരുന്നുവെങ്കിലും അവന്‍ പഠിച്ചിരുന്ന കാലത്തെ ഒരു തിരഞ്ഞെടുപ്പും ഒഴിവാക്കിയില്ല. ശരിക്കും കോണ്‍ഗ്രസ്സുകാരന്‍ തന്നെ. അജിത് എന്ന പേര് കിച്ചന്‍ എടുത്തണിഞ്ഞത് ഈ തിരഞ്ഞെടുപ്പ് വേളകളില്‍ മാത്രമായിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ മാത്രം അവന്‍ പാളയത്തെ ക്യാമ്പസില്‍ വന്നുപോയി. ഞങ്ങള്‍ കാര്യവട്ടത്തേക്കു പോയിരുന്നതും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു തന്നെ. ബിരുദപഠനം കഴിഞ്ഞ് കിച്ചന്‍ പോയതോടെ യൂണിവേഴ്‌സിറ്റി കോളേജിന്റെ ശനിദശ മാറിയെന്ന് ഞങ്ങള്‍ തമാശയ്ക്കു പറയും. 1996ല്‍ അധികാരത്തിലേറിയ ഇ.കെ.നായനാര്‍ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിഭാഗം പാളയത്തെ പ്രധാന ക്യാമ്പസില്‍ പുനഃസ്ഥാപിച്ചു. കിച്ചന്‍ പഠിച്ച കാര്യവട്ടത്തെ ബിരുദ വിഭാഗം പുതിയ കോളേജായി മാറി -കാര്യവട്ടം ഗവ. കോളേജ്. ആ പുതിയ കോളേജിന് ഇപ്പോള്‍ 20 വയസ്സ് പ്രായം. യൂണിവേഴ്‌സിറ്റി കോളേജിന് പ്രായം 150 വയസ്സ്.
യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കിച്ചന്‍ പോയി കൃത്യം 10 വര്‍ഷത്തിനു ശേഷമാണ് അവനെ വീണ്ടും കാണുന്നത്. ഞാന്‍ മാതൃഭൂമി കോഴിക്കോട് സെന്‍ട്രല്‍ ഡെസ്‌കില്‍ നിന്ന് തിരുവനന്തപുരം ബ്യൂറോയിലേക്കു സ്ഥലം മാറി വന്ന കാലം. ബ്യൂറോയിലെ വകുപ്പ് വിഭജനത്തില്‍ പോലീസ് ബീറ്റ് എനിക്കായിരുന്നു. പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കുന്നതിന് പോലീസുകാരുടെ ഒരു സംഘം ബ്യൂറോ ചീഫ് ടി.അരുണ്‍കുമാറിന്റെ മുന്നിലെത്തി. ഒരു സംശയവുമില്ലാതെ അരുണേട്ടന്‍ എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി. എന്റെ മുന്നിലെത്തിയ മൂന്നംഗ സംഘത്തോട് ഇരിക്കാന്‍ പറഞ്ഞു. അപ്പുറത്തും ഇപ്പുറത്തും കിടന്ന കസേരകള്‍ കൂടിയെടുത്ത് മൂവരും ഇരുന്നു. ‘ഹ! അണ്ണാ നിങ്ങളാ’, ആശ്ചര്യചകിതമായ സ്വരം കേട്ട് ഞാന്‍ സൂക്ഷിച്ചുനോക്കി. പെട്ടെന്നു തന്നെ ഞാന്‍ കിച്ചനെ തിരിച്ചറിഞ്ഞു. പഴയ എസ്.എഫ്.ഐ. നേതാവ് എന്ന യാതൊരു ശങ്കയുമില്ലാതെ തന്നെ സഹകരണസംഘത്തില്‍ സി.പി.എമ്മുകാര്‍ നടത്തുന്ന തിരിമറികള്‍ അവന്‍ എന്റെ മുന്നില്‍ അക്കമിട്ടുനിരത്തി. അവര്‍ പോയതിനു ശേഷം വിഷയത്തെക്കുറിച്ച് അന്വേഷിച്ചു. ശരിയാണെന്നു ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ എന്റെ രാഷ്ട്രീയം ഞാന്‍ പിന്നില്‍ ഉപേക്ഷിച്ചിരുന്നുവല്ലോ. അവന്റെ വിശ്വാസം ഞാന്‍ കാത്തതിനാലാവാം ഞങ്ങളുടെ ബന്ധം ഊഷ്മളമായി മുന്നോട്ടുനീങ്ങി.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലമത്രയും കിച്ചന്‍ പോലീസില്‍ യു.ഡി.എഫ്. ചേരിക്കുവേണ്ടി പൊരുതി നിന്നു. ഉമ്മന്‍ ചാണ്ടി അധികാരത്തിലെത്തിയതോടെ പോലീസ് അസോസിയേഷന്‍ നിയന്ത്രണം യു.ഡി.എഫിന്റെ കൈയിലായി. ഭരണം മാറുന്നതനുസരിച്ച് ഒരു അസോസിയേഷന്‍ പൂര്‍ണ്ണമായി നിറം മാറുന്നതെങ്ങനെയെന്ന് ഇതുവരെ എനിക്കു പിടികിട്ടിയിട്ടില്ല. ഇത്തവണയും അത് ആവര്‍ത്തിക്കാനാണ് സാദ്ധ്യത. ഉമ്മന്‍ ചാണ്ടിക്കു കീഴില്‍ അസോസിയേഷന്റെ എല്ലാമെല്ലാമായ ജനറല്‍ സെക്രട്ടറിയായി കിച്ചന്‍ എന്ന ജി.ആര്‍.അജിത്ത് മാറി. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരുടെ നിരയിലും ഉണ്ടായിരുന്ന അവന്‍ ഉഗ്രപ്രതാപിയായിരുന്നു. ഇടയ്ക്കിടെ അജിത്തിനെ സെക്രട്ടേറിയറ്റില്‍ വെച്ചു കാണും. എപ്പോഴും മുണ്ടും ഷര്‍ട്ടും വേഷം. ഒരിക്കല്‍ ഞാന്‍ ചോദിക്കുകയും ചെയ്തു -‘നീ യൂണിഫോമൊന്നും ഇടാറില്ലേഡേയ്? ജോലിക്കൊന്നും പോകാറില്ല അല്ലേ?’ ചിരിച്ചുകൊണ്ട് അവന്‍ മറുപടി നല്‍കി -‘നമ്മളെ വിട്ടേരെ അണ്ണാ.. ജീവിച്ചുപൊയ്‌ക്കോട്ടെ.’
ഭരണം മാറുമ്പോള്‍ കിച്ചന്റെ അവസ്ഥയും മാറുമെന്ന് ഉറപ്പായിരുന്നു. അത് ഇത്ര പെട്ടെന്ന് നേരില്‍ കാണേണ്ടി വരുമെന്നു കരുതിയില്ല. ഗതാഗതം നിയന്ത്രിക്കാനുള്ള ഡ്യൂട്ടി അജിത്തിനു നല്‍കിയത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ നേരിട്ടാണെന്നാണ് പുറത്തുവരുന്ന വിവരം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അസോസിയേഷന്‍ നേതാവെന്ന പേരു പറഞ്ഞ് ഡ്യൂട്ടിക്കു കയറാതെ നടക്കുകയായിരുന്നു എന്നും സംസ്ഥാനത്തെ പോലീസ് സേനയെ മുഴുവന്‍ നിയന്ത്രിച്ചിരുന്നത് അജിത്താണെന്നും ആക്ഷേപമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി ആരോപണവിധേയനായ സോളാര്‍ കേസില്‍ വിശ്വസ്തനായ കിച്ചന്‍ ആരോപണവിധേയനായതും സ്വാഭാവികം. ഇതെല്ലാം കണക്കിലെടുത്താണ് കിച്ചന് ഡ്യൂട്ടി നല്‍കാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നേരിട്ടെത്തിയതത്രേ.
സെന്‍കുമാറിനെപ്പോലുള്ള വലിയ സാറന്മാര്‍ക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ നാട്ടുകാരെല്ലാം അറിയുന്നുണ്ട്. അജിത്തിനെപ്പോലുള്ളവര്‍ക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ ആരുമറിയുന്നില്ല എന്നു മാത്രം.
ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിവീലാ
ഇന്നീ കണ്ട തടിക്കു വിനാശവും
ഇന്ന നേരമെന്നേതുമറിഞ്ഞീലാ
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍
കണ്ടാലൊട്ടറിയുന്നു ചിലരിത്
കണ്ടാലും തിരിയാ ചിലര്‍ക്കേതുമൊന്നുമേ
മുന്നില്‍ കാണ്മതു സത്യമല്ലെന്നത്
മുന്‍പേ കണ്ടങ്ങറിയുന്നിതു ചിലര്‍
മനുജ ജാതിയില്‍ തന്നെ പലവിധം
മനസ്സിനോരോ വിശേഷമുണ്ടോര്‍ക്കണം
എന്തൊക്കെ അട്ടഹാസമായിരുന്നു അജിത്കുമാറിന്… ഉത്തരത്തിലെ പല്ലിയായിരുന്നു അജിത് എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ ചിലര്‍ പറയുന്നത്. 5 വര്‍ഷം ഡ്യൂട്ടി ചെയ്യാതിരുന്നതിന്റെ കുറവ് അദ്ദേഹത്തില്‍ കാണാനുണ്ട്. ചിലപ്പോള്‍ ഈ മന്ത്രിസഭ പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമോ എന്തോ???? പരിശീലനം കൊടുക്കുമായിരിക്കും. അല്ലെങ്കില്‍ അഞ്ചുവര്‍ഷം കൊണ്ടു വണ്ണം വച്ച് പ്രതികളെ എങ്ങനെ പിടികൂടാനാണ്. ചിലപ്പോള്‍ പ്രതികള്‍ പൊലീസിനെ പിടികൂടിയെന്നിരിക്കും… അല്ലേ…