തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിലെ രണ്ടു പെണ്‍കുട്ടികള്‍.
ഇരുവരും ഇടുക്കി സ്വദേശികള്‍ -ഒരാള്‍ പ്ലസ് വണ്‍, ഇനിയൊരാള്‍ പ്ലസ് ടു.
സാമ്പത്തികമായി ഒട്ടേറെ പരാധീനതകള്‍ ഉള്ളവര്‍.
ഇവര്‍ക്ക് തിരുവനന്തപുരത്ത് വന്ന് പരീക്ഷയെഴുതാന്‍ മാര്‍ഗ്ഗമില്ല.
ചൊവ്വാഴ്ച എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ വീണ്ടും ആരംഭിക്കുമ്പോള്‍ എന്തു ചെയ്യുമെന്ന ആശങ്കയായി.
അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലുള്ള വാര്‍ റൂമില്‍ വിളിച്ച് കാര്യം പറഞ്ഞു.
പ്രശ്നത്തിനു പരിഹാരമുണ്ടായി.
കുട്ടികളെ തിരുവനന്തപുരത്ത് എത്തിക്കാന്‍ നടപടികള്‍ ധൃതഗതിയില്‍.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വാഹനം ഇടുക്കിയിലേക്കു പോയി.
കുട്ടികളെ സുരക്ഷിതരായി ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചു.
കേള്‍വി പരിമിതര്‍ക്കുള്ള പ്രത്യേക പരീക്ഷ ആയതിനാല്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ അവര്‍ക്ക് പരീക്ഷയെഴുതിയേ പറ്റൂ.
അതിനായിരുന്നു ഈ അദ്ധ്വാനമെല്ലാം.
കുട്ടികളുടെ മുഖത്ത് സംതൃപ്തിയും നാളെക്കുറിച്ചുള്ള പ്രതീക്ഷയും.
ഒപ്പമെത്തിയ അമ്മമാരുടെ മുഖത്ത് ആശ്വാസം.
പ്രതിസന്ധികള്‍ മറികടന്ന് പരീക്ഷയ്ക്കെത്തിയ ഇരുവര്‍ക്കും വിജയാശംസകള്‍.
ജനപക്ഷത്തു നിന്ന് നടപടികള്‍ സ്വീകരിച്ച അധികൃതര്‍ക്ക് അഭിനന്ദനങ്ങള്‍.
ഇത്തരം ചെറിയ കാര്യങ്ങളിലൂടെയാണ് വലിയ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നത്.
അങ്ങനെയാണ് കേരള മോഡലിനെപ്പറ്റി ലോകം ചര്‍ച്ച ചെയ്യുന്നത്.