ബി.ജെ.പിക്ക് അനുകൂലമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട തരംഗം ദിവസങ്ങള്‍ക്കകം മാഞ്ഞുപോയോ? അങ്ങനെ മാഞ്ഞുപോകുമോ? അങ്ങനെ മാഞ്ഞുപോകുന്ന തരംഗമാണെങ്കില്‍ അത് തട്ടിപ്പിലൂടെ സൃഷ്ടിച്ചതാവില്ലേ? വോട്ടിങ് മെഷിന്‍ തട്ടിപ്പ് സംബന്ധിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാവില്ലേ ഇത്തരമൊരു നടപടി?
അതെ. ബി.ജെ.പിക്ക് അനുകൂലമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട തരംഗം പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നു. കര്‍ണ്ണാടകത്തിലാണ് ഈ പ്രവണത ദൃശ്യമായിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകം തൂത്തുവാരിയ ബി.ജെ.പി. ദിവസങ്ങള്‍ക്കകം സംസ്ഥാനത്തെ നഗര തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റമ്പി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷിന്‍ തിരിമറി നടത്തി ജയിച്ച ബി.ജെ.പിക്കാര്‍ നഗര തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ അതിനു മെനക്കെടാത്തതു കൊണ്ടാണ് തോറ്റുപോയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ശരിവെയ്ക്കുകയേ തരമുള്ളൂ. അതെ, രാജ്യം മുഴുവന്‍ ഈ വാദം ഇപ്പോള്‍ ശരിവെയ്ക്കുകയാണ്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 104 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. ആകെ 224 സീറ്റുകളുള്ള നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അവര്‍ക്ക് ഭരിക്കാനായില്ല. 80 സീറ്റുള്ള കോണ്‍ഗ്രസ് 37 സീറ്റുള്ള ജനതാദള്‍ എസ്സിനെ പിന്തുണച്ച് സര്‍ക്കാരുണ്ടാക്കി. ഈ സഖ്യത്തിന്റെ തുടര്‍ച്ചയായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ദളും സഖ്യമുണ്ടാക്കി മത്സരിച്ചു. കര്‍ണ്ണാടകത്തില്‍ ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളില്‍ 25 എണ്ണവും ബി.ജെ.പി. തൂത്തുവാരിക്കൊണ്ടു പോയി. കോണ്‍ഗ്രസ്സിനും ദളിനും കിട്ടിയത് 1 സീറ്റു വീതം മാത്രം.
ഇത് മോദി തരംഗമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. വോട്ടിങ് യന്ത്രത്തിലെ തട്ടിപ്പെന്ന് മറുപക്ഷവും ആരോപിച്ചു. വാദപ്രതിവാദം മൂക്കുന്നതിനിടെയാണ് കര്‍ണ്ണാടകക്കാര്‍ വീണ്ടുമൊരിക്കല്‍ കൂടി വോട്ടു ചെയ്യാനിറങ്ങിയത്. 63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, 31 നഗര മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, 22 നഗര പഞ്ചായത്തുകള്‍ എന്നിവയിലായി 1,361 വാര്‍ഡുകളിലേക്ക് മെയ് 29ന് വോട്ടെടുപ്പ് നടന്നു. മെയ് 23ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്നതിന്റെ ആറാം ദിവസം! ഇതില്‍ 1,221 വാര്‍ഡുകളിലെ ഫലമറിവായപ്പോള്‍ കോണ്‍ഗ്രസ്സിന് കിട്ടിയത് 509 എണ്ണം. ബി.ജെ.പിക്ക് 366 എണ്ണം നേടാനായപ്പോള്‍ ജനതാദള്‍ എസിന് 174 വാര്‍ഡുകള്‍ കിട്ടി. 3 വാര്‍ഡുകളില്‍ ബി.എസ്.പിയും 2 വാര്‍ഡുകളില്‍ സി.പി.എമ്മും വിജയിച്ചിട്ടുണ്ട്. ഫലമറിഞ്ഞ ബാക്കി 160 സീറ്റുകള്‍ സ്വതന്ത്രര്‍ക്കാണ്.
ഇതില്‍ എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്. നഗര തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ദളും സഖ്യമില്ലാതെയാണ് മത്സരിച്ചത്. സംസ്ഥാന ഭരണത്തിലെ സഖ്യകക്ഷികള്‍ പരസ്പരം മത്സരിച്ചിട്ടാണ് ഇരു കൂട്ടരും കൂടി 1,221ല്‍ 683 സീറ്റുകള്‍ വാരിക്കൊണ്ടു പോയത്. ഇതിലും രണ്ടു കൂട്ടരും സഖ്യമുണ്ടാക്കി മത്സരിച്ചിരുന്നുവെങ്കില്‍ ബി.ജെ.പിയുടെ കാര്യം കട്ടപ്പൊകയെന്നുറപ്പ്. അപ്പോള്‍പ്പിന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത്? ലോക്‌സഭയിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി സംസ്ഥാന സര്‍ക്കാരിനെ മറിച്ചിടാന്‍ കോപ്പുകൂട്ടുകയായിരുന്ന യെദ്യൂരപ്പയ്ക്കും പാര്‍ട്ടിക്കും പുതിയ ഫലം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. എന്തായാലും ഫലപ്രഖ്യാപനത്തിനു ശേഷം നഗര തദ്ദേശസ്ഥാപന ഭരണത്തിനായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ്സും ദളും തീരുമാനിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 51.38 ശതമാനം വോട്ട് സ്വന്തമാക്കിയ ബി.ജെ.പി. കര്‍ണ്ണാടകത്തെ അടപടല വിഴുങ്ങിയെന്നായിരുന്നു വിലയിരുത്തല്‍. അതാണ് ഇപ്പോള്‍ പൊളിഞ്ഞു പാളീസായത്. ലോക്‌സഭയിലെ വോട്ടിങ് ശതമാനം തട്ടിപ്പാണെന്ന സംശയം ശരിവെയ്ക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. ആദ്യ 4 ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ തന്നെ 373 ഇടത്ത് പൊരുത്തക്കേടുകള്‍ കണ്ടെത്തിയതാണ് ഏറ്റവും പുതിയത്. ഈ 373 മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള വോട്ടുകളും തമ്മില്‍ സാമ്യമില്ല. ക്രമക്കേടൊന്നുമില്ലെങ്കില്‍ ഇതു രണ്ടും സമമാവേണ്ടതായിരുന്നു. കുഴപ്പം കണ്ടെത്തിയ 373 മണ്ഡലങ്ങളില്‍ 220 ഇടത്ത് പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണി. ബാക്കി 152 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകള്‍ മുഴുവന്‍ വോട്ടിങ് യന്ത്രത്തിലുണ്ടായിരുന്നില്ല.
വോട്ടെടുപ്പും വോട്ടെണ്ണലും സംബന്ധിച്ച ആക്ഷേപങ്ങളോട് ഒരു തരത്തിലുള്ള പ്രതികരണത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. ആരോപണങ്ങള്‍ അവഗണിക്കുക എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് നേര്‍വിപരീതമായി വന്ന കര്‍ണ്ണാടക നഗര തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ മുഖത്തേറ്റ അടി തന്നെയാണ്. നല്ല പടക്കം പൊട്ടുന്ന ശബ്ദത്തിലുള്ള അടി. ബി.ജെ.പിക്കാര്‍ക്ക് ഇതുകൊണ്ട് വലിയ കൂസലൊന്നുമില്ല. നാണം കെട്ടവന്റെ ആസനത്തില്‍ ആല് മുളച്ചാല്‍ അതും തണലെന്നാണല്ലോ പ്രമാണം.