HomeENTERTAINMENTകവിഞ്ഞൊഴുകുന്...

കവിഞ്ഞൊഴുകുന്ന ജീവകാരുണ്യപ്പുഴ!!!

-

Reading Time: 2 minutes

‘ബി.പി.മൊയ്തീന്‍ സേവാ മന്ദിറിന് നടന്‍ ദിലീപ് കെട്ടിടം നിര്‍മ്മിച്ചുനല്‍കുന്നു’
‘ചേച്ചി എന്നു വേണ്ട, അമ്മേ എന്നു വിളിച്ചോളൂ എന്ന് ദിലീപിനോട് കാഞ്ചനമാല’

രണ്ടു ദിവസമായി മലയാള ചലച്ചിത്ര ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന തലക്കെട്ടുകള്‍. ഇതില്‍ കഥാപാത്രങ്ങളായ വ്യക്തികള്‍ ആര്? ഇപ്പോള്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയുടെ നായികാകഥാപാത്രത്തിന്റെ യഥാര്‍ത്ഥ ജീവിത രൂപമായ കാഞ്ചനമാലയാണ് നായിക. ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയിറങ്ങി ഒരാഴ്ച ശേഷം തിയേറ്ററുകളിലെത്തിയ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയുടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപാണ് നായകന്‍. ഇവര്‍ തമ്മില്‍ എന്താണ് ബന്ധം?

12108214_993621367355674_6481651191601320983_n

മൊയ്തീന്റെ മരണശേഷമുള്ള കാഞ്ചനമാലയുടെ ജീവിതസമരത്തെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഒരു കവര്‍ സ്റ്റോറി വരുന്നു. അതു വായിച്ച് കണ്ണുനിറഞ്ഞ ദിലീപ് ഉടനെ കാഞ്ചനമാലയെ വിളിക്കുന്നു. മൊയ്തീന് ഉചിതമായ സ്മാരകമൊരുക്കാന്‍ സഹായം വാഗ്ദാനം ചെയ്യുന്നു. ‘ചേച്ചി’ വിളി ‘അമ്മ’ ആയി രൂപാന്തരം പ്രാപിക്കുന്നു. അടുത്ത ദിവസം ദിലീപ് നേരിട്ട് മുക്കത്തെത്തുന്നു. മൊയ്തീന്‍ സേവാ മന്ദിറിന് നവംബര്‍ 15ന് തറക്കല്ലിടാന്‍ തീരുമാനമാകുന്നു. സര്‍വ്വം ശുഭം!

ദിലീപ് ശരിക്കും ജീവകാരുണ്യപ്രവര്‍ത്തനമാണോ അവിടെ നടത്തിയത്? കാര്യങ്ങള്‍ പുറമെ നിന്നു കാണുന്ന സാധാരണക്കാര്‍ക്ക് അങ്ങനെ തോന്നാം. പക്ഷേ, സിനിമയുടെ മായികലോകത്തിനകത്തു നില്‍ക്കുന്നവര്‍ക്ക് ഈ നടപടിക്കു പിന്നിലെ ശരിക്കുള്ള ലക്ഷ്യം മനസ്സിലാവും. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് യാദൃച്ഛികമായി ലഭിച്ച ഇടവേളയില്‍ സിനിമാലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിനാലാണ് എനിക്കും ഇവിടത്തെ കളികള്‍ മനസ്സിലായത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു സിനിമ പോലും ഹിറ്റാക്കാനാവാതെ തൊഴില്‍പരമായും അതോടൊപ്പം വ്യക്തിപരമായും പൊളിഞ്ഞു പാളീസായി നില്‍ക്കുന്ന ഒരു നായകനടന്‍. അദ്ദേഹം വളരെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് സൂപ്പര്‍ സംവിധായകന്‍ എന്നു പേരെടുത്ത ജിത്തു ജോസഫിന്റെ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമ. സിനിമയുടെ ഉള്ളടക്കം കാണികള്‍ക്ക് പിടിച്ചില്ല. ഒപ്പം ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമ മികച്ച അഭിപ്രായം സൃഷ്ടിക്കുകയും ജനങ്ങളെ തിയേറ്ററിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്തു. കളക്ഷന്‍ റെക്കോഡുകളെല്ലാം ഭേദിച്ച ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയുമായി മറ്റെന്തും താരതമ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ ‘ലൈഫ് ഓഫ് ജോസൂട്ടി’ നിലയില്ലാക്കയത്തില്‍ മുങ്ങി ഹോള്‍ഡ് ഓവറായി തിയേറ്റര്‍ വിട്ടു.

തിരിച്ചുവരവിനുള്ള അവസരം കാത്തിരുന്ന ദിലീപിന് ഇത് കനത്ത തിരിച്ചടിയാണ് നല്‍കിയത്. വിജയമില്ലാത്തവര്‍ക്ക് സിനിമാ രംഗത്ത് സ്ഥാനമില്ല, വാര്‍ത്തയിലും. എങ്ങനെയും വാര്‍ത്തയില്‍ നില്‍ക്കുക. അതിനൊരവസരം കാത്തിരിക്കുമ്പോഴാണ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കവര്‍ സ്റ്റോറി ‘എന്ന് മൊയ്തീന്റെ കാഞ്ചന’ വരുന്നത്. കൃശാഗ്രബുദ്ധിയായ ഈ നടന്‍ ആ അവസരം ചാടിപ്പിടിച്ചു. യഥാര്‍ത്ഥ കാഞ്ചനമാലയും സിനിമയിലെ കാഞ്ചനമാലയുടെ സൃഷ്ടാക്കളും തമ്മില്‍ കേസുണ്ടെന്ന് സിനിമാ രംഗത്തെ മറ്റുള്ളവര്‍ക്കെന്ന പോലെ ദിലീപിനും നന്നായറിയാം. ഗോളിയില്ലാത്ത പോസ്റ്റ്.. അടിച്ചു… ഗോള്‍!!!

തന്റെ ചിത്രം മുങ്ങുന്നതിന് പരോക്ഷമായെങ്കിലും കാരണമായ ‘എന്നു നിന്റെ മൊയ്തീന്‍’ ടീമിനോട് മധുരപ്രതികാരം. വാര്‍ത്തയില്‍ നിന്നു പുറത്തായിരുന്നയാള്‍ വാര്‍ത്തയില്‍ നിറഞ്ഞു. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ദിലീപിനെ പ്രശംസ കൊണ്ടു മൂടുകയാണ്. ‘എന്നു നിന്റെ മൊയ്തീന്‍’ ടീമിന്റെ നെഞ്ചില്‍ പൊങ്കാലയും തകൃതി. ആനന്ദലബ്ധിക്കിനിയെന്തു വേണം?

പക്ഷേ, ദിലീപ് മറന്നു. എടുത്തുവീശിയത് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. മറ്റുള്ളവരെ മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം മുറിവേല്‍ക്കാതിരിക്കാന്‍ കൂടി ശ്രദ്ധിക്കുക.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks