രാവിലെ മുതല്‍ മഴയുണ്ട്.
വരാന്തയില്‍ മഴയും നോക്കിയിരിക്കുകയായിരുന്നു.
അപ്പോഴാണ് വീടിന്റെ ഗേറ്റിനു മുന്നിലാരോ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
അകത്തുനിന്നു പൂട്ടയിരിക്കുകയാണ്, കടന്നുവരാനാവില്ല.
പെട്ടെന്ന് മാസ്കെടുത്തണിഞ്ഞ് മുറ്റത്തേക്കിറങ്ങി.
അവര്‍ മൂന്നു പേരുണ്ട്.
ഞാന്‍ ഗേറ്റു തുറന്നപ്പോള്‍ രണ്ടു പേര്‍ അകത്തേക്കു കയറി.
കെ.എസ്.ഇ.ബി. എന്ന് എഴുതിയ മഴക്കോട്ടും ഹെല്‍മറ്റും മാസ്കുമെല്ലാം അണിഞ്ഞിട്ടുണ്ട്.
വൈദ്യുതി ബോര്‍ഡ് ജീവനക്കാരാണ്.
“ഇവിടെ കറന്റുണ്ടോ?”
വീട്ടില്‍ കറന്‍റുണ്ട് എന്ന് എന്റെ മറുപടി.
അപ്പോള്‍ ഒരാള്‍ മീറ്റര്‍ ലക്ഷ്യമാക്കി നീങ്ങി, പരിശോധന തുടങ്ങി.
“ഒരു ഫേസില്ല” -പരിശോധിച്ചയാള്‍ മറ്റുള്ളവരോടു പറഞ്ഞു.
മൂന്നു ഫേസുള്ള വീട്ടിലെ കണക്ഷനില്‍ ഒരെണ്ണം പ്രവര്‍ത്തിക്കുന്നില്ല എന്ന്.
മൂവരും പുറത്തേക്കിറങ്ങി.
ഞങ്ങള്‍ താമസിക്കുന്നതിനു പിന്നിലെ വീട്ടില്‍ കറന്റില്ല എന്ന പരാതി പരിഹരിക്കാന്‍ വന്നതാണവര്‍.
അതിനുള്ള കാരണമാണ് “ഒരു ഫേസില്ല” എന്നത്.
അങ്ങോട്ടുള്ള ലൈനില്‍ തട്ടിയിരുന്ന മരച്ചിലകളും വാഴയിലകളുമെല്ലാം വെട്ടിനീക്കുകയാണ് അവര്‍ ആദ്യം ചെയ്തത്.
എന്നിട്ട് പരിശോധന തുടങ്ങി.
ആദ്യം ആ വീട്ടിലെ ലൈന്‍ പരിശോധിച്ചു.
അവിടെ തകരാറൊന്നും കണ്ടെത്താനായില്ല.
അപ്പോഴേക്കും മഴ ചെറുതായൊന്നു ശമിച്ചത് ആശ്വാസമായി.
ശക്തമായ കാറ്റ്.
മുകള്‍നിലയിലെ ജനവാതില്‍ വലിയ ശബ്ദത്തില്‍ അടയുന്നതു കേട്ടാണ് ഞാന്‍ അവിടേക്കു ചെന്നത്.
ജനലിനടുത്തേക്കു ചെന്ന ഞാന്‍ കണ്ടത് വീടിനു മുന്നിലെ പോസ്റ്റില്‍ ഒരാള്‍.
ശക്തമായ കാറ്റ് വകവെയ്ക്കാതെ തൂങ്ങിനിന്ന് പണി ചെയ്യുകയാണ്.
കാറ്റിനെ എതിര്‍ത്ത് ബാലന്‍സ് ചെയ്തു നില്‍ക്കാന്‍ അദ്ദേഹം നന്നായി ബുദ്ധിമുട്ടുന്നുണ്ട്.
എന്റെ കൈയിലിരുന്ന മൊബൈലില്‍ ആ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും കാലാവസ്ഥ പ്രതികൂലമായി.
കാറ്റിനു ശക്തി കൂടി വരികയാണ്.
പെട്ടെന്നു മഴ തുടങ്ങി.
തുള്ളിക്കൊരു കുടം പേമാരി എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകും.
പോസ്റ്റിനു മുകളിലുള്ളയാള്‍ പണി തുടരുകയാണ്.
അങ്ങേയറ്റം പ്രതികൂല സാഹചര്യത്തിലും പണി തീര്‍ത്തിട്ടേ അദ്ദേഹം താഴെയിറങ്ങിയുള്ളൂ.
താഴെയിറങ്ങിയപ്പോള്‍ ആ മനുഷ്യന്റെ മുഖത്ത് നിറഞ്ഞ സംതൃപ്തി ഉണ്ടായിരുന്നിരിക്കണം.
വീട്ടില്‍ കറന്റ് തിരികെ ലഭിച്ച ഗൃഹനാഥന്റെ മുഖത്തും അതേ വികാരം തന്നെയാകും.
അതു കാണാനുള്ള അവസരം എനിക്കുണ്ടായില്ല.
എങ്കിലും എനിക്കത് സങ്കല്പിക്കാന്‍ അശേഷം ബുദ്ധിമുട്ടുണ്ടായില്ല.
കാറ്റത്തും മഴയത്തും അപകടകരമായി ജോലി ചെയ്യുന്ന വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ദൃശ്യങ്ങള്‍ പലതും കണ്ടിട്ടുണ്ട്.
പക്ഷേ, നേരിട്ട് സാക്ഷ്യം വഹിക്കുന്നത് ആദ്യമായാണ്.
ശരിക്കും മനസ്സില്‍ തൊട്ടു.
അങ്ങേയറ്റം കാര്യക്ഷമതയോടെയാണ് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം.
വൈദ്യുതി ലഭ്യമല്ല എന്ന വിവരം അറിയിച്ചാല്‍ ഒട്ടും വൈകാതെ അത് പുനഃസ്ഥാപിച്ചുകിട്ടുന്നു.
പരമാവധി വേഗത്തില്‍ എന്നു തന്നെ പറയണം.
“മഴ കഴിഞ്ഞിട്ട് നോക്കാം” എന്ന് അവര്‍ പറഞ്ഞാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല.
അങ്ങനെ അവര്‍ പറഞ്ഞൊഴിയുന്നില്ല എന്നത് വളരെ വലിയ കാര്യമാണ്.
പരാതികള്‍ക്കിടയില്ലാതെ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനം സാദ്ധ്യമാക്കുന്നത് ഇത്തരത്തില്‍ ആത്മാര്‍ത്ഥതയുള്ള ജീവനക്കാര്‍ തന്നെയാണ്.
മഹാമാരിയുടെയും പേമാരിയുടെയും ഈ കെട്ട കാലത്ത് വീട്ടകങ്ങളില്‍ സുരക്ഷിതരായി പൂട്ടിയിരിക്കുകയാണ് നമ്മളില്‍ പലരും.
എന്നാല്‍ സേവനസന്നദ്ധരായി ഈ മൂവര്‍ സംഘത്തെപ്പോലെ ധാരാളം പേര്‍ തെരുവുകളിലുണ്ട്.
അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളില്‍ ജോലിയെടുക്കുന്നവര്‍.
അവരോട് ആദരം ഏതെങ്കിലും രീതിയില്‍ പ്രകടിപ്പിക്കണമെന്ന ചിന്തയില്‍ നിന്നാണ് ഈ കുറിപ്പ് ഉടലെടുത്തത്.
അതിനു ബലമേകി ഈ വീഡിയോ കൂട്ടുണ്ട്, അവ്യക്തമാണെങ്കിലും .
കെ.എസ്.ഇ.ബിക്ക് ഒരു ബിഗ് സല്യൂട്ട്.
പിന്‍കുറിപ്പ്: പറയുമ്പോള്‍ ഇത്ര കൂടി പറയണം. തിരുവനന്തപുരത്ത് തൃക്കണ്ണാപുരത്താണ് എന്റെ വീട്. അവിടെ വന്നത് കെ.എസ്.ഇ.ബി. തിരുമല സെക്ഷനിലെ ജീവനക്കാരാണ്.