HomeGOVERNANCEകര്‍ഷകശ്രദ്ധ ...

കര്‍ഷകശ്രദ്ധ കേരളത്തിലേക്ക്

-

Reading Time: 4 minutes

2009ല്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘാംഗമായി ചൈനയില്‍ പോയപ്പോഴാണ് ഋത്വിക് ത്രിവേദിയെ പരിചയപ്പെട്ടത്. സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന അവന്‍ അന്ന് ദൈനിക് ഭാസ്‌കറിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് എഡിറ്ററാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ ഗുജറാത്തി വിഭാഗമായ നവഗുജറാത്ത് സമയ് നടത്തിപ്പ് ചുമതലയുള്ളവരില്‍ ഒരാള്‍. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഋത്വിക് ഇടയ്ക്ക് വിളിക്കും. പലപ്പോഴും വാര്‍ത്താപരമായ ആവശ്യത്തിനു തന്നെയാണ് വിളി. അത്തരം വിളികളില്‍ കുടുംബകാര്യങ്ങളും ചര്‍ച്ചാവിഷയമാകുമെന്നു മാത്രം.

ഏറെക്കാലത്തിനു ശേഷമാണ് ഋത്വിക്കിന്റെ വിളി വന്നത്. ആദ്യ ചോദ്യം തന്നെ കര്‍ഷകരില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ കേരളം നേരിട്ട് വാങ്ങുന്നതിനെക്കുറിച്ചായിരുന്നു. കഴിഞ്ഞ ദിവസം, ഒരു വാര്‍ത്ത സംബന്ധിച്ച ചര്‍ച്ചയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളും ഋത്വിക്കിന്റെയും സഹപ്രവര്‍ത്തകരുടെയും മുന്നിലെത്തി. കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാനാവും എന്ന ചര്‍ച്ചയ്ക്കിടെയാണ് കേരളം നേരിട്ട് കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാന്‍ പോകുന്നു എന്ന വിവരം അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതാണ് അഹമ്മദാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിളിയുടെ കാരണവും.

കേരളം കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങിത്തുടങ്ങിയോ, എത്ര കോടി രൂപയ്ക്കാണ് വാങ്ങുക, എവിടെ നിന്നൊക്കെ വാങ്ങും, എത്ര കാലത്തേക്ക് വാങ്ങും, വില എങ്ങനെ കര്‍ഷകര്‍ക്കു കൈമാറും -ചോദ്യങ്ങളുടെ ബോംബിങ് തന്നെയായിരുന്നു എനിക്കു നേരെ. ചോദ്യം വരുന്നത് ഗുജറാത്തില്‍ നിന്നാണ്. ചോദ്യം വന്നിരിക്കുന്നത് കേരളത്തിലേക്കാണ്. ഓരോ വാക്കും സൂക്ഷിച്ചുപയോഗിക്കണം. കേരള നിയമസഭയില്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് നടത്തിയ പ്രഖ്യാപനം സംബന്ധിച്ച് അഹമ്മദാബാദില്‍ നിന്ന് അന്വേഷണം വരണമെങ്കില്‍ അതു ചെറിയ കാര്യമല്ലല്ലോ.

ഡോ.ടി.എം.തോമസ് ഐസക്ക്

സാമ്പത്തികശാസ്ത്രവും രാഷ്ട്രീയവും കൂടിക്കലര്‍ന്നു കിടക്കുന്നു എന്ന ഐസക്കിന്റെ വ്യാഖ്യാനം ശരിയാണെന്ന് ശരിക്കും ബോദ്ധ്യമായി. എന്റെ നേര്‍ക്കുള്ള ചോദ്യങ്ങള്‍ കര്‍ഷക സഹായ നടപടിയുടെ സാമ്പത്തികശാസ്ത്രമല്ല, രാഷ്ട്രീയം തന്നെയാണ് അന്വേഷിച്ചത്. ഉപഭോക്തൃ സംസ്ഥാനമായ കേരളം അരിയും പലവ്യജ്ഞനവും പച്ചക്കറിയുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ കാര്യമായി ആശ്രയിക്കുന്നുണ്ട്. ആ പരാശ്രയത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നതാണ് ഇപ്പോഴത്തെ കര്‍ഷകസൗഹൃദ പ്രഖ്യാപനം. പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാനുള്ള രാഷ്ട്രീയതീരുമാനം തന്നെയാണ് അവരില്‍ നിന്ന് ഉത്പന്നങ്ങള്‍ നേരിട്ടു വാങ്ങുക എന്നത്.

കേരളത്തിനാവശ്യമായ സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാറുകളാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി കര്‍ഷക സംഘടനകളുമായും അവരുടെ സഹകരണസംഘങ്ങളുമായി ധാരണയുണ്ടാക്കാനാണ് തീരുമാനം. കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ സംഭരിച്ച് കേരളത്തിലേക്ക് അയച്ചുതരണമെന്നു മാത്രം. കേരളത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്കു നേരിടുന്ന ക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമം കൂടിയാണിത്. കേരളത്തിനാവശ്യമായ ഭക്ഷ്യസാമഗ്രികളുടെ 25 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങള്‍ കൈമാറിയാല്‍ ന്യായമായ വില കിട്ടുമെന്നുറപ്പുള്ള കര്‍ഷകര്‍ കൃത്യമായി സാധനമെത്തിക്കും. അത് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് വലിയൊരു പരിധി വരെ ആക്കം കൂട്ടുകയും ചെയ്യും.

വലിയ ഉള്ളി അഥവാ സവാളയുടെ വിലയിടിവാണ് രാജ്യം ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന സവാളയുടെ പകുതിയും വരുന്ന മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയില്‍ കിലോ വില 1.40 രൂപ മാത്രമാണ്. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ ഒരു കിലോ സവാളയ്ക്ക് 18 രൂപ വിലയുണ്ട്. പാതയോര വിപണിയില്‍ പോലും 3 കിലോ സവാളയ്ക്ക് വില 50 രൂപയാണ്. കര്‍ഷകന് കിട്ടുന്നതിന്റെ എത്രയോ ഇരട്ടി വില ചില്ലറ വിപണിയിലുണ്ടെങ്കില്‍ കര്‍ഷകര്‍ക്കും ഉപഭോക്താവിനുമിടയിലുള്ള ഇടനിലക്കാര്‍ കൊള്ളലാഭം അടിച്ചെടുക്കുന്നു എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഇടനിലക്കാരെ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കൂടിയാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. സബ്‌സിഡി നിരക്കില്‍ ഉത്പന്നങ്ങള്‍ വാങ്ങുകയല്ല ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ഉത്പന്നത്തിനും അടിസ്ഥാന താങ്ങുവില നിശ്ചയിച്ചായിരിക്കും അതു വാങ്ങുക. വിപണിവില അടിസ്ഥാനമാക്കിയായിരിക്കും ധാരണയുണ്ടാക്കുക എങ്കിലും ഒരു വിലത്തകര്‍ച്ച ഉണ്ടാവുകയാണെങ്കില്‍ അടിസ്ഥാനവില കര്‍ഷകന് താങ്ങാവും.

ഇതൊരു വിപണന മാതൃകയാണ്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ശക്തമായ 2 വിതരണശൃംഖലകൾ -ഭക്ഷ്യ വകുപ്പിനു കീഴിലുള്ള സപ്ലൈകോയും സഹകരണ വകുപ്പിനു കീഴിലുള്ള കണ്‍സ്യൂമര്‍ഫെഡും -ആയിരിക്കും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുക. ആദ്യ ഘട്ടത്തില്‍ അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, വലിയ ഉള്ളി എന്നിവയാണ് കര്‍ഷകരില്‍ നിന്ന് സംഭരിക്കുക. അടുത്തമാസം തന്നെ ഇതിന് തുടക്കമിടും. വിജയമെന്നു കണ്ടാല്‍ കൂടുതല്‍ ഉത്പന്നങ്ങളിലേക്ക് സംഭരണം വ്യാപിപ്പിക്കും.

കര്‍ഷകരുടെ ഭാഗത്തു നിന്ന് ഈ പദ്ധതിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ ആയിരിക്കും. കര്‍ഷകരെ ഏകോപിപ്പിക്കാനും കര്‍ഷകക്കൂട്ടുകളും സഹകരണ സംഘങ്ങളുമൊക്കെ രൂപപ്പെടുത്തി പദ്ധതിയില്‍ അണിനിരത്താനും സംഘടന പരിശ്രമിക്കും. സമരം ചെയ്യാന്‍ മാത്രമല്ല, പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനും തങ്ങള്‍ക്കു കഴിയുമെന്ന് ബോദ്ധ്യപ്പെടുത്താന്‍ കര്‍ഷക സംഘടനയുടെ ശ്രമമാണത്. ഇതുവഴി കർഷകർക്കിടയിൽ സ്വാധീനമുറപ്പിക്കാൻ അവർ ശ്രമിക്കുന്നു. ഉത്തരേന്ത്യൻ കര്‍ഷകരെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യണമെന്ന കിസാന്‍ സഭയുടെ അഭ്യര്‍ത്ഥന പരിഗണിച്ചു തന്നെയാണ് കേരള സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. സുചിന്തിതമായ രാഷ്ട്രീയ തീരുമാനം.

രാജ്യമെങ്ങും കര്‍ഷകപ്രതിഷേധം തിളച്ചുമറിയുകയാണ്. മുംബൈയില്‍ നിന്ന് ലഖ്നൗ വഴി ഡല്‍ഹിയിലും അതെത്തി. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ സാമ്പത്തികസഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തെലങ്കാനയില്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 8,000 രൂപ വീതം മാത്രം നല്‍കുന്ന മോദി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. ഇതിനാല്‍ത്തന്നെ കര്‍ഷകര്‍ക്ക് പിന്തുണയേകുന്ന കേരള സര്‍ക്കാരിന്റെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നടപടി ഗുജറാത്തിലടക്കം വാര്‍ത്താപ്രാധാന്യം നേടുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈയിലേക്കു നടത്തിയ ലോങ് മാര്‍ച്ചിലൂടെയാണ് രാജ്യത്ത് കര്‍ഷക പ്രക്ഷോഭത്തിന് തീ പിടിച്ചത്. അന്ന് സമരം ഒത്തുതീര്‍ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒരു വര്‍ഷം തികയാറാവുമ്പോഴും പാലിക്കപ്പെട്ടിട്ടില്ല. അതിനാല്‍, മുംബൈയിലേക്ക് അടുത്ത ലോങ് മാര്‍ച്ചിന് തയ്യാറെടുക്കുകയാണ് കര്‍ഷകര്‍. നാസിക്കില്‍ നിന്ന് മുംബൈയിലേക്കുള്ള ലോങ് മാര്‍ച്ചിന് ഫെബ്രുവരി 20ന് തുടക്കമാവും. ഫെബ്രുവരി 27ന് ലോങ് മാര്‍ച്ച് മുംബൈയില്‍ പ്രവേശിക്കും. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ കര്‍ഷക സൗഹൃദ നടപടി സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ അത്ഭുതമില്ല.

2018 മാർച്ചിൽ കർഷകർ മുംബൈയിലേക്കു നടത്തിയ ലോങ് മാർച്ചിൽ നിന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന വേളയില്‍ കേരള സര്‍ക്കാരിന്റെ ഈ നടപടി പ്രകടമാക്കുന്ന രാഷ്ട്രീയ സന്ദേശം വ്യക്തമാണ്. രാജ്യത്ത് ഇടതുപക്ഷത്തിന് ഭരണമുള്ള ഏക സര്‍ക്കാര്‍ കര്‍ഷകപക്ഷത്ത് ഉറച്ചുനില്‍ക്കുന്നു എന്ന സന്ദേശം. കര്‍ഷകര്‍ക്കാവശ്യം ഭിക്ഷയല്ല, ജീവിക്കാനുള്ള സാഹചര്യവും അതിനുള്ള വരുമാനവും ഒരുക്കുക എന്നതാണ്. തങ്ങള്‍ മാത്രമാണ് അതിനു ശ്രമിക്കുന്നതെന്ന് കേരളത്തിലെ സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. കേരളത്തിനുള്ളില്‍ മാത്രമല്ല പുറത്തും തങ്ങള്‍ മാത്രമാണ് ശരി എന്ന് വരുത്തിത്തീര്‍ത്തിരിക്കുന്നു.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks