Reading Time: 3 minutes

‘പാല്‍ തന്ന കൈയ്ക്ക് കൊത്തുന്ന പണിയാ നീ കാണിച്ചത്. വെറുതെ ആവശ്യമില്ലാത്ത വിഷയങ്ങളില്‍ എടുത്തുചാടി ഭാവി കുളമാക്കരുത്. പണ്ടേ നിനക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. നാരായണന്‍ അഹങ്കാരിയും എടുത്തുചാട്ടക്കാരനും പിടിവാശിക്കാരനുമാണ്. അവനോടൊപ്പം നില്‍ക്കുന്ന നിന്റെ ഇപ്പോഴത്തെ നിലപാടും എടുത്തുചാട്ടമാണ്. നിനക്ക് മാതൃഭൂമിയിലേക്ക് തിരിച്ചുവരാന്‍ അവസരമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ ചാനലുള്ളതിനാല്‍ അത് എളുപ്പവുമാണ്. നീയൊരു നല്ല ജേര്‍ണലിസ്റ്റാണെന്ന കാര്യത്തില്‍ ഇവിടെ ആര്‍ക്കും എതിരഭിപ്രായമില്ല. നിനക്ക് നല്ലൊരു ഭാവിയുണ്ട്. അത് കളഞ്ഞുകുളിക്കരുത്. നമ്മുടെ പുളിക്കനും പ്രമേഷും എബിയുമെല്ലാം മാതൃഭൂമിയില്‍ തിരിച്ചുവന്നില്ലേ. ഒടുവില്‍ മുരളിയും വന്നു. അതുപോലെ നീയും വരുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. നിന്നോടു സ്‌നേഹമുള്ളതുകൊണ്ടാണ് പറഞ്ഞത്. ഈ വിളി ആരുടെയെങ്കിലും നിര്‍ദ്ദേശപ്രകാരമല്ല.’

ആര്‍ക്കും ഒന്നും പുടികിട്ടിയില്ല അല്ലേ. കാര്യം പറയാം.

കഴിഞ്ഞ ദിവസം പരിചയമില്ലാത്ത നമ്പറില്‍ നിന്ന് എന്റെ സ്വകാര്യ ഫോണിലേക്ക് ഒരു കോള്‍ വന്നു. സാധാരണ പരിചയമില്ലാത്ത നമ്പറുകള്‍ ആ ഫോണില്‍ ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. എന്നാല്‍, കാര്യമായ പണിയൊന്നുമില്ലാതെ ഇരിക്കുകയായിരുന്നതിനാല്‍ ഞാന്‍ ആ ഫോണെടുത്തു. അപ്പോള്‍ എനിക്ക് വളരെ ബഹുമാന്യനായ, മാതൃഭൂമിയില്‍ എന്റെ സീനിയറായിരുന്ന വ്യക്തിയാണ്. ‘നമ്പര്‍ മാറിയോ ചേട്ടാ’ എന്ന എന്റെ ചോദ്യത്തിന് ‘ഇതു വേറെ’ എന്ന മറുപടിയാണ് ലഭിച്ചത്. ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ ഞാന്‍ ഗുരുസ്ഥാനത്ത് കാണുന്ന ഒരാളായതിനാല്‍ അദ്ദേഹത്തിന്റെ പേര് ഞാനിവിടെ വെളിപ്പെടുത്തുന്നില്ല. ഒരു പേരിലെന്തിരിക്കുന്നു?

ശരിക്കും ഞാന്‍ അത്ഭുതപ്പെട്ടു. മാതൃഭൂമിയില്‍ നിന്നു രാജിവെയ്ക്കാന്‍ തീരുമാനിച്ചപ്പോഴോ, രാജിവെച്ച ശേഷമുള്ള ഈ മൂന്നു വര്‍ഷ കാലയളവിനിടയ്‌ക്കോ ഒരു തവണ പോലും അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. ഫേസ്ബുക്കില്‍ വല്ലപ്പോഴും ചിത്രങ്ങള്‍ പരസ്പരം ലൈക്കുന്നതില്‍ മാത്രമൊതുങ്ങി നിന്നിരുന്ന ബന്ധം. ഈയുള്ളവന്‍ പെട്ടെന്നെങ്ങനെ മികച്ച ജേര്‍ണലിസ്റ്റായി എന്ന് അനുബന്ധമായി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ മനസ്സിലായി. സി.നാരായണന്‍ തന്നെയാണ് കാരണം.

‘ഹെന്റെ നാരായണാ… ഇങ്ങള് ഇമ്മിണി ബല്യ സംഭവം തന്നെയാണപ്പാ…’

അദ്ദേഹം പറഞ്ഞതു മുഴുവന്‍ ഞാന്‍ കേട്ടു. ഒരക്ഷരം എതിര്‍ത്തുപറഞ്ഞില്ല. പറഞ്ഞിട്ടു കാര്യമില്ല എന്നതുകൊണ്ടു തന്നെ. പക്ഷേ, എനിക്ക് എന്റേതായ ന്യായങ്ങളുണ്ട്. ‘ആരുടെയും നിര്‍ദ്ദേശപ്രകാരം അല്ലാതെ’ ഇനിയും വിളികള്‍ വരാതിരിക്കാന്‍ അത് ഇവിടെ കുറിക്കുന്നു. നേരിട്ട് മറുപടി പറഞ്ഞു മെനക്കെടാന്‍ എനിക്കു സമയമില്ല.

പാല്‍ നല്‍കിയ കൈയ്ക്കുള്ള കൊത്ത്

വളരെക്കാലം എന്റെ അന്നദാതാവായിരുന്ന സ്ഥാപനത്തോട് നന്ദികേട് കാണിക്കരുതെന്ന് ഭാഷ്യം. അതു ശരിയാണ്. പക്ഷേ, പാല്‍ അല്ലെങ്കില്‍ അന്നം തന്നത് സൗജന്യമായല്ല. ഞാന്‍ എല്ലുമുറിയെ പണിയെടുത്തിട്ടുണ്ട്. മുതലാളിയുടെ അണ്ടര്‍വെയര്‍ പെട്ടിക്കകത്ത് മടക്കിവെച്ചുകൊടുത്തും പിന്നീട് ആ പെട്ടിചുമന്നും ഇട്ടിരിക്കുന്ന ഉടുപ്പൂരി മുതലാളിയുടെ ചെരുപ്പ് തുടച്ചുകൊടുത്തുമല്ല അവിടെ ജീവിച്ചത്. ജോലി മാത്രമായിരുന്നു എന്നെ വിലയിരുത്താനുള്ള മാനദണ്ഡം. ഞാന്‍ മാതൃഭൂമിയിലായിരുന്ന കാലത്ത് പത്രാധിപരായിരുന്ന കെ.ഗോപാലകൃഷ്ണനോടും നേരിട്ട് എന്റെ മേലുദ്യോഗസ്ഥരായിരുന്നവരോടും ചോദിച്ചു നോക്കുക. ഡെസ്‌കിലായിരുന്നപ്പോള്‍ ചെയ്ത പേജുകളും ബ്യൂറോയിലായിരുന്നപ്പോള്‍ അച്ചടിച്ചുവന്ന ബൈലൈനുകളുടെ എണ്ണവും എനിക്കുവേണ്ടി സാക്ഷി പറയും. ചെയ്യുന്ന ജോലിക്കുള്ള കൂലി മാത്രമേ ലഭിച്ചിട്ടുള്ളൂ. അതു തന്നെ കുറവാണ് എന്ന അഭിപ്രായവുമുണ്ടായിരുന്നു.

എടുത്തുചാടി ഭാവി കുളമാക്കല്‍

ശരിയാണ്. ചില വിഷയങ്ങളില്‍ ഞാന്‍ രൂക്ഷമായി പ്രതികരിക്കാറുണ്ട്. ശരിയാണെന്ന് ബോദ്ധ്യപ്പെടുന്ന കാര്യങ്ങളിലാണ് അത്തരം നിലപാട് സ്വീകരിക്കുന്നത്. ലാഭനഷ്ടങ്ങള്‍ നോക്കാറില്ല. എന്റെ നിലപാട് തെറ്റാണെന്നു ബോദ്ധ്യപ്പെട്ടാല്‍ അതു തിരുത്തി തെറ്റ് ഏറ്റുപറയാന്‍ മടികാണിച്ചിട്ടുമില്ല. എന്നെ അറിയുന്നവര്‍ക്ക് ഇക്കാര്യം ബോദ്ധ്യമുള്ളതാണ്. മാതൃഭൂമിയിലായിരുന്നപ്പോഴും ഇപ്പോള്‍ ഇന്ത്യാവിഷനിലും ആ നിലപാട് തന്നെയാണ് പിന്തുടരുന്നത്. അതുമാറ്റി ഒതുങ്ങിക്കൂടിയാല്‍ ഞാന്‍ ശ്യാംലാല്‍ അല്ലാതാകും.

നല്ലൊരു ജേര്‍ണലിസ്റ്റ്

എന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. പക്ഷേ, മാതൃഭൂമിയില്‍ നല്ല ജേര്‍ണലിസ്റ്റുകള്‍ക്ക് അംഗീകാരമുണ്ടോ? മാനേജ്‌മെന്റിന് പ്രിയപ്പെട്ടവരാകുന്നവര്‍ക്ക് മാത്രമേ അവിടെ രക്ഷയുള്ളൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഒരേസമയം നല്ല ജേര്‍ണലിസ്റ്റും മാനേജ്‌മെന്റിന്റെ പ്രിയപ്പെട്ടവനുമാകാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.

മാതൃഭൂമിയിലേക്കുള്ള തിരിച്ചുപോക്ക്

എന്റെ ജീവിതത്തില്‍ മാതൃഭൂമി എന്ന അദ്ധ്യായത്തിന് 2012 ഓഗസ്റ്റ് 31ന് ഞാന്‍ വിരാമമിട്ടു. അടഞ്ഞ അദ്ധ്യായങ്ങള്‍ ഞാന്‍ തുറക്കാറില്ല. പത്രപ്രവര്‍ത്തനം നിര്‍ത്തി പഴയതുപോലെ പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടര്‍ പണിക്കു പോയാലും മാതൃഭൂമിയിലേക്കില്ല. പണം മാത്രമല്ല, ജീവിതത്തില്‍ മറ്റു ചില കാര്യങ്ങളും പ്രധാനപ്പെട്ടതാണ്. മാതൃഭൂമിയോട് എനിക്ക് ഒരു വിരോധവുമില്ല. എനിക്ക് യോജിക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങളുള്ളതിനാല്‍ വ്യത്യസ്ത വഴി തിരഞ്ഞെടുത്തു എന്നു മാത്രം. ഇന്നും വീട്ടില്‍ വാങ്ങി വായിക്കുന്നത് മാതൃഭൂമി പത്രം തന്നെയാണ്. ആ പത്രത്തിന്റെ ഇപ്പോഴത്തെ നിലപാടുകളോടും വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന രീതിയോടും വ്യക്തിപരമായി യോജിപ്പില്ലെങ്കിലും വായന നിര്‍ത്തിയിട്ടില്ല. മാതൃഭൂമി നിര്‍ത്തി മറ്റൊരു പത്രമിടാന്‍ എന്റെ ഏജന്റ് ശ്രമിച്ചപ്പോള്‍ ശക്തമായി ചെറുക്കുകയും മാതൃഭൂമി സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ വിവരമറിയിക്കുകയും ചെയ്തത് അതിനാല്‍ത്തന്നെയാണ്. മാതൃഭൂമിയിലുള്ള പത്രപ്രവര്‍ത്തകരില്‍ വിരലിലെണ്ണാവുന്ന ചിലരൊഴിച്ച് എല്ലാരും ഇപ്പോഴും എന്റെ അടുത്ത സുഹൃത്തുക്കളുമാണ്.

ഇനി എന്തുകൊണ്ട് നാരായണനെ പിന്തുണച്ചു എന്ന്. മാതൃഭൂമിയില്‍ വേജ് ബോര്‍ഡിനു പകരം അനുവദിച്ച നക്കാപ്പിച്ച അലവന്‍സ് വേണ്ടെന്നു പറയാനും അത് തിരികെ നല്‍കാനും പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഞങ്ങള്‍ എല്ലാരും കൂടി പിരിച്ച തുക ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആക്കിയത് തിരികെ നല്‍കാന്‍ മാനേജ്‌മെന്റുമായി നേരിട്ട് ബന്ധപ്പെട്ടത് അന്നത്തെ മാതൃഭൂമി ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.നാരായണന്‍ ആയിരുന്നു എന്നു മാത്രം. ഞാനടക്കം യൂണിയനിലെ ഭൂരിപക്ഷം അംഗങ്ങളുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് നാരായണന്‍ ചെയ്തത്. ഏതു കാര്യത്തിലും വ്യക്തമായ നിലപാടുള്ള വ്യക്തിയെന്ന നിലയില്‍ നാരായണനും ആ ‘പിന്‍വാതില്‍ അലവന്‍സ്’ തിരികെ നല്‍കണമെന്ന അഭിപ്രായക്കാരനായിരുന്നു. മാനേജ്‌മെന്റ് ഭീഷണിയെത്തുടര്‍ന്ന് അന്നത്തെ ഭൂരിപക്ഷം പിന്നീട് ന്യൂനപക്ഷമായി മാറി. നാരായണനൊപ്പം ഉണ്ടായിരുന്നവരില്‍ ഞാനും ഡല്‍ഹി മീഡിയാ വണ്ണിലെ ശ്രീജിത്തടക്കമുള്ള എന്റെ ചില സുഹൃത്തുക്കളും പല കാരണങ്ങളാല്‍ മാതൃഭൂമിക്കു പുറത്തുപോയി. ഇപ്പോഴും മാതൃഭൂമിയിലുള്ളവര്‍ ഉട്ടോപ്യയിലും ഉഗാണ്ടയിലും അലക്‌സാണ്ട്രിയയിലുമൊക്കെ സേവനമനുഷ്ഠിക്കുന്നു. കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാരായണനെ പിന്തുണയ്ക്കാനുള്ള തീരുമാനം പൊടുന്നനെ ഉണ്ടായതല്ലെന്നു സാരം. വളരെ ആലോചിച്ചുറച്ചെടുത്ത തീരുമാനമാണത്. സാധാരണ നിലയില്‍ സംഘടനയില്‍ പ്രകടമായ ഇടപെടല്‍ നടത്താത്ത ഞാന്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനിറങ്ങിയതും അതിനാല്‍ത്തന്നെയാണ്.

ഒരു കാര്യം കൂടി…

കെ.യു.ഡബ്ല്യു.ജെയുടെ നിലവിലുള്ള നേതൃത്വം മാതൃഭൂമിയിലെയും ഇന്ത്യാവിഷനിലെയും തൊഴില്‍പ്രശ്‌നങ്ങളോടു സ്വീകരിച്ച നിലപാടുകളില്‍ കടുത്ത എതിര്‍പ്പുള്ളയാളാണ് ഞാന്‍. മുതലാളിമാര്‍ക്കൊപ്പം ഗൂഢാലോചന നടത്തി തൊഴിലാളികളെ വഴിയാധാരമാക്കുന്ന നിലപാട് രഹസ്യമായി സ്വീകരിച്ച ശേഷം പരസ്യമായി സമരനാടകം നടത്തുന്നത് ഇനി അനുവദിക്കരുതെന്ന് തീരുമാനിച്ചു. അതിനായി പഴയതെല്ലാം തൂത്തെറിഞ്ഞ് ഒരു പുതിയ മുഖം വേണമെന്ന് കരുതിയിരിക്കുമ്പോഴാണ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി സി.നാരായണന്‍ എത്തുന്നത്. അതോടെ ‘ഉര്‍വ്വശീ ശാപം ഉപകാരം’. കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചുവെങ്കിലും തട്ടിപ്പിലൂടെയും കള്ളവോട്ടിലൂടെയും തോല്‍പ്പിക്കപ്പെട്ട, അങ്ങേയറ്റം മാന്യനാണെന്ന് ഞാന്‍ വിശ്വസിക്കുന്ന പി.എ.അബ്ദുള്‍ ഗഫൂര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാരായണനൊപ്പം വന്നു. അതോടെ പരസ്യമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിറങ്ങാന്‍ നിര്‍ബന്ധിതനായി എന്നതാണ് സത്യം. പക്ഷേ, ഗഫൂറിന്റെയും നാരായണന്റെയും വിജയത്തില്‍ എന്റെ പങ്ക് 0.00001 ശതമാനം മാത്രം.

ഈ പിന്തുണ ഗഫൂറിനും നാരായണനും നല്‍കിയിട്ടുള്ള ബ്ലാങ്ക് ചെക്കല്ല. അവര്‍ കൊള്ളരുതായ്മ പ്രവര്‍ത്തിച്ചു എന്നു ‘ബോദ്ധ്യപ്പെട്ടാല്‍’ എതിര്‍പ്പുമായി ആദ്യം രംഗത്തുവരിക ഞാന്‍ തന്നെയായിരിക്കും.

 


വാല്‍ക്കഷ്ണം
? മാതൃഭൂമിയും ശ്യാംലാലുമായി ഇപ്പോള്‍ എന്തു ബന്ധം
= മാതൃഭൂമി എന്ന പത്രമുത്തശ്ശിയുടെ ദശലക്ഷക്കണക്കിന് വായനക്കാരില്‍ ഒരുവന്‍ മാത്രമാണ് ശ്യാംലാല്‍. അറിഞ്ഞോ അറിയാതെയോ മറ്റൊരു ബന്ധവുമില്ല

Previous articleഒരു വട്ടം കൂടി…
Next articleഓണപ്പൂക്കളം!!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here