HomePOLITYഒരു ആരാധകന്റെ...

ഒരു ആരാധകന്റെ ഡയറിക്കുറിപ്പ്

-

Reading Time: 11 minutes

1980കളിലും 1990കളിലും ചെറുപ്പം ആഘോഷിച്ച ഏതൊരു മലയാളിയെയും പോലെ തന്നെയാണ് ഞാനും. എന്നെപ്പോളുള്ളവരുടെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു മോഹന്‍ലാല്‍ എന്ന പേര്. ഞങ്ങള്‍ അദ്ദേഹത്തെ ലാലേട്ടാ എന്നു വിളിച്ചു. ചേട്ടനെപ്പോലെ സ്‌നേഹിച്ചു. മുലകുടി മാറാത്ത പിള്ളേര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തെ ലാലേട്ടാ എന്നു വിളിക്കുന്നുണ്ട്. എന്നാല്‍, പ്രായം കൊണ്ടും ചിന്താഗതി കൊണ്ടും അദ്ദേഹത്തെ ചേട്ടാ എന്നു വിളിക്കാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ള തലമുറയായിരുന്നു ഞങ്ങളുടേത്.

1990കളുടെ തുടക്കത്തില്‍ കോളേജിന്റെ പടി ചവിട്ടിയ അന്നു മുതല്‍ ലാലേട്ടന്റെ ഏതു സിനിമയും ആദ്യ ദിവസം ആദ്യ ഷോ തന്നെ കണ്ടു. വീണ്ടും വീണ്ടും കണ്ടു. ചിത്രം, വന്ദനം, കിരീടം, താഴ്‌വാരം, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, വിഷ്ണുലോകം, കിലുക്കം, ഭരതം, ഏയ് ഓട്ടോ, മണിച്ചിത്രത്താഴ്, കമലദളം… അങ്ങനെ എത്രയെത്ര സിനിമകള്‍. വന്ദനവും ഹിസ് ഹൈനസ് അബ്ദുള്ളയും എത്ര തവണ കണ്ടുവെന്ന് കണക്കുപോലുമില്ല.

പഠനം പൂര്‍ത്തിയാക്കി തൊഴില്‍ നേടിയപ്പോള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ലാലേട്ടന്റെ സിനിമകള്‍ ആദ്യ ദിവസം കാണുന്ന പതിവിന് മാറ്റമുണ്ടായില്ല. ക്രമേണ ലാലേട്ടനു പ്രായമായി, എനിക്കും. ആവേശം ചെറുതായി കുറഞ്ഞു. പക്ഷേ, ഇപ്പോഴും തരം കിട്ടിയാല്‍ മോഹന്‍ലാല്‍ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണും. അത് ആ കലാകാരനോടുള്ള സ്‌നേഹമാണ്. ആ മനുഷ്യന്റെ കലയിലുള്ള പ്രതീക്ഷയാണ്. അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസമാണ്.

ലാലേട്ടന്റെ കുടുംബം എന്റെയും കുടുംബമായി. അദ്ദേഹത്തിന്റെ മകന്‍ പ്രണവ് അഭിനയിച്ച ചിത്രം വിജയിപ്പിച്ചതും യഥാര്‍ത്ഥത്തില്‍ എന്നെപ്പോലുള്ള മോഹന്‍ലാല്‍ ആരാധകര്‍ തന്നെയാണ്. എത്രയോ നല്ല സിനിമകള്‍ ആരും കാണാതെ ഒതുങ്ങിപ്പോകുന്ന ഇക്കാലത്ത് ആദി അങ്ങനെയായില്ലെങ്കില്‍ അത് ലാലേട്ടന്റെ ബലത്തില്‍ തന്നെയാണ്. ഒരു നടനെന്ന നിലയില്‍ പ്രണവ് ഇനിയുമേറെ മെച്ചപ്പെടാനുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. മെച്ചപ്പെടുമെന്നും ഉറച്ചു വിശ്വസിക്കുന്നു. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ!!

പ്രണവും മോഹൻലാലും

ലാലേട്ടനെ സ്‌നേഹിക്കാന്‍ നിബന്ധനകളൊന്നും ഒരു കാലത്തും ഞാന്‍ വെച്ചിട്ടില്ല. അദ്ദേഹത്തെ സ്‌നേഹിച്ച ആരും അത്തരം എന്തെങ്കിലും നിബന്ധന വെച്ചവരാണെന്നു തോന്നുന്നില്ല. ഒരു കെട്ടുപാടുകളുമില്ലാത്ത നിര്‍മ്മലമായ ബന്ധം -കലയും ആസ്വാദനവും തമ്മിലുള്ള ബന്ധം. കലാകാരനും ആരാധകനും തമ്മിലുള്ള ദൃഢബന്ധം. കെട്ടുപാടുകളില്ലാത്ത പക്ഷിയെപ്പോലെ അദ്ദേഹം പാറി നടന്നു. ആ പക്ഷിയെ ഞാനടക്കമുള്ളവര്‍ പിന്തുടര്‍ന്നു. പക്ഷേ, ഇപ്പോള്‍ ആ പക്ഷി കുടുക്കുകളില്‍ കുടുങ്ങുകയാണോ? ബോധപൂര്‍വ്വമോ അല്ലാതെയോ ഈ മഹാനടന്റെ വ്യക്തിത്വം പരിമിതപ്പെടുകയാണോ? ലാലേട്ടന്റെ കാര്യത്തില്‍ ഞങ്ങള്‍ ആരാധകര്‍ ശരിക്കും ഇപ്പോള്‍ ആശങ്കപ്പെടുന്നു.

മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ തന്നെ വരുന്നു. അതും ബി.ജെ.പിയുമായി അടുപ്പം പുലർത്തുന്നു എന്നു പറയപ്പെടുന്ന മാധ്യമങ്ങളിൽ. അതാണ് ആശങ്കയ്ക്കു കാരണം. ലാലേട്ടന്‍ ചെറുതായിപ്പോകുമോ എന്ന ഭയം. ഇതു പറഞ്ഞാലുടനെ ചോദ്യങ്ങള്‍ വരും. അതെന്താ ലാലേട്ടന് രാഷ്ട്രീയത്തില്‍ ഇറങ്ങിക്കൂടെ? സി.പി.എം. നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം മമ്മൂട്ടി ഏറ്റെടുത്തപ്പോള്‍ ഈ ആശങ്ക എവിടെപ്പോയി? ഇന്നസെന്റും മുകേഷും സി.പി.എം. സ്ഥാനാര്‍ത്ഥികളാവുകയും ജയിക്കുകയും ചെയ്തപ്പോള്‍ ഈ ആശങ്കയില്ലായിരുന്നോ? സുരേഷ് ഗോപിയെ കണ്ടില്ലേ? കെ.ബി.ഗണേഷ് കുമാര്‍ നടനും രാഷ്ട്രീയക്കാരനുമല്ലേ? ജഗദീഷും ഭീമന്‍ രഘുവും തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലേ? അങ്ങനെ എത്രയോ പേര്‍. ലാലേട്ടനു മാത്രമെന്താ കുഴപ്പം? ചോദ്യങ്ങള്‍ പല വിധത്തിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മോഹൻലാൽ

മലയാള സിനിമയിലെ മറ്റാരെങ്കിലും രാഷ്ട്രീയത്തിലിറങ്ങും പോലെ അല്ല മമ്മൂട്ടിയോ മോഹന്‍ലാലോ വരുന്നത്. കേരളത്തിന്റെ 2 മഹാനടന്മാരാണ് ഇരുവരും. ഇന്നസെന്റോ മുകേഷോ ഗണേഷ് കുമാറോ ഒന്നും അവരുമായിട്ട് താരതമ്യം ചെയ്യാനുള്ള നിലവാരത്തില്‍ ഉള്ളവരല്ല. സുരേഷ് ഗോപി പോലും അല്ല. ഇപ്പറഞ്ഞ നടന്മാര്‍ക്കെല്ലാം അവരുടെ നിലവാരമുണ്ടെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും തീര്‍ച്ചയായും വേറെ തലത്തിലാണ്. വളരെ ഉയര്‍ന്ന തലത്തില്‍. അതിനാല്‍ത്തന്നെ ഈ രണ്ടു പേരുടെയും ചെയ്തികള്‍ വേറിട്ടു നില്‍ക്കും.

ലാലേട്ടനെ സ്‌നേഹിച്ച പോലെ തന്നെയാണ് ഞാനും എന്റെ തലമുറയും മമ്മൂട്ടിയെയും സ്‌നേഹിച്ചത്. തമാശകളിലൂടെ മോഹന്‍ലാല്‍ ഞങ്ങളുമായി വേഗത്തില്‍ അടുത്തപ്പോള്‍ മമ്മൂട്ടിയുടേത് കൂടുതലും ഗൗരവമുള്ള വേഷങ്ങളായിരുന്നു. ആ വേഷങ്ങളുടെ ഫലമായിട്ടാണോ എന്നറിയില്ല മമ്മൂട്ടി എന്ന വ്യക്തിക്കും ഞങ്ങളൊരു ഗൗരവം ചാര്‍ത്തി നല്‍കിയിട്ടുണ്ട്. ലാലേട്ടാ എന്ന വിളിയിലൂടെ ഞങ്ങള്‍ ഒരാളെ ഹൃദയത്തോടു ചേര്‍ത്തപ്പോള്‍ മമ്മുക്ക എന്ന വിളിയിലൂടെ രണ്ടാമനെ ബഹുമാനിച്ചു. അതു കൊണ്ടു തന്നെയാവണം കൈരളി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം മമ്മൂട്ടി ഏറ്റെടുത്തപ്പോള്‍ വലിയ ചര്‍ച്ച നടക്കാതിരുന്നത്.

മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും കൈരളിയുമായി സഹകരിക്കാന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹം അക്കാലത്തുണ്ടായിരുന്നു. ഒരു പക്ഷേ, മമ്മൂട്ടിയുടെ ഭാഗത്തു നിന്നുള്ള ഉറച്ച വാര്‍ത്തയെക്കാളും ചര്‍ച്ച ചെയ്യപ്പെട്ടത് മോഹന്‍ലാലിന്റെ ഭാഗത്തു നിന്നുള്ള അഭ്യൂഹമായിരുന്നു എന്നും പറയാം. ഒടുവില്‍, മോഹന്‍ലാല്‍ ഇല്ല എന്നു കേട്ടപ്പോള്‍ ആഹ്ലാദിച്ചവരാണേറേ. കാരണം ഒരു കെട്ടുപാടുകളുമില്ലാത്ത സര്‍വ്വതന്ത്ര സ്വതന്ത്രനായ ലാലേട്ടനെ ഞങ്ങള്‍ക്കു വേണമായിരുന്നു, പൂര്‍ണ്ണമനസ്സോടെ സ്‌നേഹിക്കാന്‍.

കൈരളിയുടെ ചെയര്‍മാനാണെങ്കിലും മമ്മൂട്ടി സി.പി.എമ്മിനു വേണ്ടി ഇന്നുവരെ പ്രത്യക്ഷമായി രംഗത്തിറങ്ങിയിട്ടില്ല. സി.പി.എമ്മിന്റെ നേതാക്കളുമായി കുറച്ചുകൂടി അടുത്ത ബന്ധം പുലര്‍ത്താന്‍ ഈ സ്ഥാനം അദ്ദേഹത്തിന് അവസരം നല്‍കിയിട്ടുണ്ട്. എങ്കിലും കലാകാരന്‍ എന്ന നിലയിലുള്ള ഉന്നതിക്കു വേണ്ടിക്കൂടി ആ പദവി മമ്മൂട്ടി ഉപയോഗിക്കുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. വ്യാവസായിക താല്പര്യങ്ങളും ഈ സ്ഥാനത്ത് തുടരാന്‍ മമ്മൂട്ടിയെ പ്രേരിപ്പിക്കുന്നുണ്ടാവണം. കുറച്ചു പേര്‍ക്കെങ്കിലും അദ്ദേഹം മമ്മുക്ക അല്ല, ‘ചെയര്‍മാന്‍’ ആണ്. അത് അദ്ദേഹം ആസ്വദിക്കുന്നുമുണ്ട്. എന്തായാലും മമ്മൂട്ടിയുടെ രാഷ്ട്രീയം ആരും കാര്യമാക്കിയിട്ടില്ല. കാരണം അതു പ്രത്യക്ഷമല്ല എന്നതു തന്നെ.

ബി.ജെ.പിയുമായി ബന്ധപ്പെടുത്തിയാണ് മോഹന്‍ലാലിനെ കുറിച്ചുള്ള വാര്‍ത്തകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് മോഹന്‍ലാല്‍ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്നും അതു ബി.ജെ.പിയിലൂടെ ആവുമെന്നും വാര്‍ത്ത വന്നത്. കഴിഞ്ഞ കുറച്ചുകാലമായി തന്റെ ബ്ലോഗിലെ എഴുത്തില്‍ ലാലേട്ടന്‍ സ്വീകരിച്ചു വരുന്ന നിലപാടുകളുമായി ചേര്‍ത്തു വായിച്ചിട്ടുകൂടിയായിരിക്കണം ആ വാര്‍ത്തകള്‍. എന്തായാലും കേരളത്തിലെ ബി.ജെ.പിക്കാര്‍ തന്നെ ആ വാര്‍ത്തയ്ക്കു കാറ്റു പകര്‍ന്നു. ലാല്‍ വന്നാല്‍ ഉറപ്പായും സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രഖ്യാപിച്ചു.

അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അടുത്തിടെ പ്രധാനമന്ത്രിയെ ലാലേട്ടന്‍ കണ്ടത്. സന്തോഷകരമായ കൂടിക്കാഴ്ചയെന്ന് ലാലേട്ടന്‍ ഇതിനെ വിശേഷിപ്പിച്ചു. മോദിയും മഹാനടനെ പ്രശംസ കൊണ്ടു മൂടി. ഇതോടെ ലാലേട്ടന്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാവുന്നു എന്ന പ്രചാരണമായി, വാര്‍ത്തയായി. ആദ്യം ലാലേട്ടന്‍ ഇതു കാര്യമാക്കിയില്ല എന്നു തോന്നുന്നു. പക്ഷേ, ഒടുവില്‍ പ്രതികരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി

ഞാന്‍ എന്റെ ജോലി ചെയ്‌തോട്ടെ. സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ഞാന്‍ അറിഞ്ഞില്ല. അതിനാല്‍ ഇതെപ്പറ്റി ഒന്നും പറയാനില്ല.

മോഹന്‍ലാലിന്റെ അടുത്ത ചില സുഹൃത്തുക്കള്‍ക്ക് ബി.ജെ.പി. താല്പര്യങ്ങളുണ്ട്, അടുത്ത ബന്ധവുമുണ്ട്. അവര്‍ക്ക് ലാലിനുമേല്‍ കാര്യമായ സ്വാധീനവുമുണ്ട്. അതുകൊണ്ടു കൂടിയാണ് ഇത്തരമൊരു പ്രചാരണത്തിന് വേഗത്തില്‍ കാറ്റുപിടിച്ചത്. പക്ഷേ, അതുകൊണ്ടൊക്കെ മാത്രമാണോ ഈ വാര്‍ത്ത വന്നത്? അല്ല തന്നെ. ലാലേട്ടന് സംഘികളുമായി വളരെ അടുത്ത ബന്ധമുണ്ട്. അത് മറച്ചുപിടിക്കാവുന്ന തലത്തിലുള്ളതല്ല താനും.

അച്ഛൻ വിശ്വനാഥൻ നായർക്കും അമ്മ ശാന്തകുമാരിക്കുമൊപ്പം മോഹൻലാൽ

അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരുകള്‍ ചേര്‍ത്ത് മോഹന്‍ലാല്‍ ഒരു ജീവകാരുണ്യ സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ലാലേട്ടന്‍ തന്നെ അതിനെക്കുറിച്ച് ബ്ലോഗില്‍ മുമ്പ് എഴുതിയിട്ടുണ്ട്. വീഡിയോയും ഇട്ടിട്ടുണ്ട്

വിശ്വശാന്തി എന്ന പ്രാര്‍ഥന

ലണ്ടന്‍ നഗരത്തില്‍ ഇരുന്നാണ് ഇത് എഴുതുന്നത്. എന്റെ മുറിക്ക് പുറത്ത് മഹാനഗരം അതിന്റെ പല പല വേഗങ്ങളില്‍ താളങ്ങളില്‍ എങ്ങോട്ടൊക്കെയോ പ്രവഹിക്കുന്നു. ദൂരെ എവിടെയോ തെംസ് നദി ഒഴുകുന്നു. ലണ്ടന്‍ ബ്രിഡ്ജിലൂടെ രാപ്പകലില്ലാതെ ജീവിതം ഇരമ്പുന്നു.

മെയ് 21 എന്റെ ജന്മദിനമാണ് എല്ലാ തവണത്തേയും പോലെ ഇത്തവണം അത് ഷൂട്ടിങ് ലൊക്കേഷനില്‍ തന്നെ. അതാണല്ലോ എന്റെ ജീവിതത്തിന്റെ അരങ്ങ്. ജന്മദിനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും എന്നെക്കുറിച്ച് ചിന്തിക്കാറില്ല. ഞാന്‍ ആലോചിക്കുന്നത് എന്റെ മാതാപിതാക്കളെക്കുറിച്ചാണ്.

അച്ഛന്‍ വിശ്വനാഥന്‍ നായരും അമ്മ ശാന്തകുമാരിയും. അവരിലൂടെയാണ് ഞാന്‍ ഈ ഭൂമിയുടെ യാഥാര്‍ഥ്യത്തിലേക്കും വൈവിധ്യത്തിലേക്കും കണ്‍തുറന്നത്. അവരാണ് എന്നെ എന്റെ എല്ലാ സ്വാതന്ത്ര്യങ്ങളിലേക്കും പറത്തിവിട്ടത്. അവരാണ് ഞാന്‍ അലഞ്ഞലഞ്ഞ് തിരിച്ചു വരുമ്പോള്‍ കാത്തിരുന്നത് എന്ന ചേര്‍ത്ത് പിടിച്ചത്. എന്റെ ജീവിതത്തെ സാര്‍ത്ഥകമാക്കിയത്. അച്ഛന്‍ ഇന്ന് എനിക്കൊപ്പമില്ല. അമ്മയുണ്ട്. സ്‌നേഹത്തിന്റെ കടലായി എന്നും… എവിടെയിരുന്നാലും മനസുകൊണ്ട് നമസ്‌ക്കരിക്കാറുണ്ട്. ഈ ജന്മദിനത്തിലും തസ്‌മൈ ജനനൈന്യ നമഃ

എന്താണ് മക്കള്‍ക്ക് മാതാപിതാക്കള്‍ക്കായി ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ സത്കര്‍മ്മം? എപ്പോഴും ഞാനിത് സ്വയം ചോദിക്കാറുണ്ട്. അത് ഒരിക്കലും ധനസമ്പാദനമല്ല. പദവികളില്‍ നിന്ന് പദവികളിലേക്കുള്ള പരക്കം പാച്ചിലുകളല്ല. പ്രശസ്തിയുടെ പകിട്ടുകളല്ല മറിച്ച് അവരുടെ പേരിനെ, ഓര്‍മ്മയെ സമൂഹത്തിന് സേവനമാക്കുക എന്നതാണ്. അവര്‍ നമുക്ക് പകര്‍ന്ന തന്ന പ്രകാശത്തെ പതിന്മടങ്ങ് തിളക്കത്തില്‍ പങ്കുവയ്ക്കുക എന്നതാണ്. ഇതിന് സാധിക്കണമെങ്കില്‍ ചുറ്റുമുള്ള സമൂഹത്തിലേക്ക് നാം കണ്‍തുറന്ന് നോക്കണം.

ഇല്ലായ്മകളുടെ ഇരുട്ടുകള്‍ കാണണം. അവിടേക്ക് ചെല്ലണം. ഈയൊരു ഉദ്ദേശ്യത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ആരംഭിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. അച്ഛന്റേയും അമ്മയുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് വിശ്വശാന്തി എന്ന പേരുണ്ടാക്കിയത്. നന്നായി, നിശ്ശബ്ദമായി പ്രവര്‍ത്തിച്ചു വരുന്ന ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മുതല്‍ കൂടുതല്‍ ശക്തമാക്കണം എന്നതാണ് ജന്മദിനത്തിലെ എന്റെ പ്രാര്‍ഥന. അത് നിങ്ങളോട് ഞാന്‍ പങ്കുവെയ്ക്കുന്നു.

പി.ഇ.ബി.മേനോന്‍, ഡോ.ദാമോദരന്‍ വാസുദേവന്‍, ഡോ.വി.നാരായണന്‍, മേജര്‍ രവി, പി.ജി.ജയകുമാര്‍, ടി.എസ്.ജഗദീശന്‍, വിനു കൃഷ്ണന്‍, ഡോ.അയ്യപ്പന്‍ നായര്‍, ശങ്കര്‍ റാം നാരായണന്‍, വിനോദ്, കൃഷ്ണകുമാര്‍, സജീവ് സോമന്‍, അഡ്വ.സ്മിതാ നായര്‍ തുടങ്ങിയവര്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. എല്ലാ സഹായസഹകരണവുമായി ഡോ.ജഗ്ഗു സ്വാമിയും ഒപ്പമുണ്ട്. ഈ ഫൗണ്ടേഷന്റെ എല്ലാ സേവന പ്രവര്‍ത്തനങ്ങളും സാര്‍ത്ഥകമാക്കാന്‍ ഇവര്‍ എന്നെ സഹായിക്കുന്നു.

വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതും പ്രവര്‍ത്തിക്കുന്നതും. സാര്‍വത്രികമാണ് വിദ്യാഭ്യാസം എന്ന പറയുമെങ്കിലും നല്ല അന്തരീക്ഷത്തിലിരുന്ന്, മാറുന്ന കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം നേടാന്‍ എത്ര പേര്‍ക്ക് കഴിയുന്നുണ്ട്? പ്രത്യേകിച്ച് നമ്മുടെ വനവാസികള്‍ക്കിടയില്‍? സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്രമാത്രം ആധുനീകരണം കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്? ഈ വഴിയിലൂടെ സഞ്ചരിച്ചപ്പോള്‍, ഇക്കാലയളവില്‍ ഞങ്ങള്‍ക്ക് കുറെയൊക്കെ ചെയ്യുവാന്‍ സാധിച്ചു. വയനാട്ടിലേയും തിരുവനന്തപുരത്തേയും പിന്നാക്ക ജനവിഭാഗങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളുടെ പഠന നിലവാരം ഉയര്‍ത്താനായി ഹൈടെക് ക്ലാസ് റൂമുകള്‍ ഉണ്ടാക്കാനായി ധനഹായവും ഉപകരണങ്ങവും നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

ആരോഗ്യമേഖലയിലും എല്ലാ കാര്യങ്ങളും ഇന്ത്യയെപ്പോലുള്ള രാജ്യത്ത് സര്‍ക്കാരിനെക്കൊണ്ട് മാത്രം ചെയ്യാന്‍ സാധിക്കില്ല. ആരോഗ്യമേഖല സാധാരണക്കാരന് അപ്രാപ്യമായ തരത്തില്‍ വിലപിടിച്ചതായപ്പോള്‍ വലിയൊരു വിഭാഗം ഈ മേഖലയുടെ സാന്ത്വന പരിധിക്കപ്പുറത്തായി 1.5 കോടി രൂപയിലധികമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വിശ്വശാന്തി ചെയ്തുകഴിഞ്ഞു.

മഹാത്മഗാന്ധി പറഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനത്തെ മനുഷ്യനും പ്രാപ്യമാവുമ്പോള്‍ മാത്രമേ ഏത് വികസനവും സാര്‍ത്ഥകമാവൂ എന്ന്. എന്നാല്‍ വരിയില്‍ ഏറ്റവും അവസാനം നില്‍ക്കുന്നവനെ നാം കാണുകപോലും ചെയ്യാറില്ല. നിരാശനായി അയാള്‍ എപ്പോഴും മടങ്ങിപ്പോകുന്നു, ഒന്നും മിണ്ടാതെ. അതുകൊണ്ട് വിശ്വശാന്തി എപ്പോഴും നോക്കുന്നത് ഏറ്റവും പിറകില്‍ നില്‍ക്കുന്നവരെയാണ്. വേദനയോടെ നിസ്സഹായരായി മറഞ്ഞിരിക്കുന്നവരെയാണ്. ഇല്ലായ്മയില്‍ നീറുന്നവരെയാണ്. ഈ വിശ്വത്തില്‍ ഉള്ളവരെല്ലാം ശാന്തിയോടെയും സംതൃപ്തമായും ജീവിക്കണം എന്നതാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ ആഗ്രഹവും സ്വപ്നവും.

വേദനകളുടേയും അപര്യാപ്തകളുടേയും ഒരു വലിയ സമുദ്രത്തിലേക്കാണ് ഇറങ്ങുന്നത് എന്ന ഞങ്ങള്‍ക്കറിയാമായിരുന്നു. ഇതുവരെ ചെയ്തത് കൊണ്ടു മാത്രം മതിയാവില്ലെന്നും അറിയാം. എങ്കിലും ഇരുട്ടിനെ പഴിക്കുന്നതിനേക്കാള്‍ ഒരു ചെറുതിരിയെങ്കിലും കൊളുത്തുന്നതാണ് നല്ലത് എന്ന ഞങ്ങള്‍ വിശ്വസിക്കുന്നു. അതാണ് ചെയ്യുന്നത്. ഞങ്ങള്‍ കൊളുത്തിയ സേവനത്തിന്റെ ഈ വെളിച്ചത്തെ കൂടുതല്‍ പ്രകാശ പൂര്‍ണ്ണമാക്കാന്‍ നിങ്ങള്‍ക്കും ഒപ്പം ചേരാം. നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം. മനുഷ്യ സേവനത്തിന്റെ ഈ പാതയില്‍ നിങ്ങളും ഒപ്പമുണ്ടെങ്കില്‍ അതായിരിക്കും എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.

വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.viswasanthifoundation.com

വിശ്വശാന്തിക്കായി പ്രാര്‍ഥിച്ചുകൊണ്ട് അച്ഛനും അമ്മയ്ക്കും പാദ നമസ്‌കാരം ചെയ്തുകൊണ്ട് പിറന്നാള്‍ ദിനത്തില്‍..

സ്‌നേഹപൂര്‍വം

മോഹന്‍ലാല്‍

വളരെ മഹത്തായ ലക്ഷ്യങ്ങളോടെ അദ്ദേഹം രൂപം നല്‍കിയ വിശ്വശാന്തി ഫൗണ്ടേഷന്‍ മുന്നോട്ടു നീക്കാന്‍ ഒപ്പം കൂട്ടിയവരെ ലാലേട്ടന്റെ തന്നെ പരിചയപ്പെടുത്തുന്നുണ്ട്. നമ്മളവരെ ശരിക്കും പരിചയപ്പെടേണ്ടതുണ്ട്. അങ്ങനെ പരിചയപ്പെട്ടാല്‍ ഇപ്പോള്‍ വന്ന മോഹന്‍ലാല്‍ രാഷ്ട്രീയപ്രവേശന വാര്‍ത്തകളുടെ സ്രോതസ്സ് ശരിക്കും വ്യക്തമാവും.

ഡോ.ദാമോദരന്‍ വാസുദേവന്‍

ഡോ.ദാമോദരന്‍ വാസുദേവന്‍ ആണ് വിശ്വശ്വാന്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മുന്‍ പ്രിന്‍സിപ്പലായ പ്രശസ്ത ഭിഷഗ്വരന്‍. ഇപ്പോള്‍ അമൃത വിശ്വ വിദ്യാപീഠത്തിലെ അമൃത സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ബിരുദാനന്തര ബിരുദ -ഗവേഷണ വിഭാഗങ്ങളുടെ മേധാവിയായി പ്രവര്‍ത്തിക്കുന്നു. അറിയപ്പെടുന്ന സംഘപരിവാര്‍ സഹയാത്രികന്‍. പരിവാര ബന്ധമില്ലാത്ത ഒരാളെയും അമൃതയില്‍ അടുപ്പിക്കാറില്ല എന്നറിയാമല്ലോ. പോട്ടെ സാരമില്ല, അമൃത ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള അടുപ്പത്തിന്റെ പേരില്‍ ചെയ്തതാവും.

പി.ഇ.ബി.മേനോന്‍

ഒരു സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട നിയന്ത്രണാധികാരി അതിന്റെ മാനേജിങ് ഡയറക്ടര്‍ -എം.ഡി. ആണ്. പി.ഇ.ബി.മേനോന്‍ ആണ് വിശ്വശ്വാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍. എല്ലാമെല്ലാം എന്നും പറയാം. ആരാണ് പി.ഇ.ബി.മേനോന്‍? ഈ ചോദ്യത്തിനുത്തരം വളരെ പ്രധാനപ്പെട്ടതാണ്. 2003 മുതല്‍ ആര്‍.എസ്.എസ്സിന്റെ കേരള പ്രാന്ത സംഘചാലക് ആണ് പി.ഇ.ബി.മേനോന്‍. നമ്മുക്കൊക്കെ മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ ആര്‍.എസ്.എസ്സിന്റെ സംസ്ഥാന പ്രസിഡന്റ്! കേരളത്തിലെ ഏറ്റവും മൂത്ത സംഘി!! 2018 ജനുവരി 29ന് പാലക്കാട് കല്ലേക്കാട്ടു നടന്ന ആര്‍.എസ്.എസ്. പ്രാന്തീയ പ്രവാസി കാര്യകര്‍തൃ ശിബിരത്തില്‍ പി.ഇ.ബി.മേനോനെ വീണ്ടും കേരള പ്രാന്ത സംഘചാലകായി തിരഞ്ഞെടുത്തു. പ്രാന്ത കാര്യവാഹ് എന്ന നിലയില്‍ പൊതുപ്രതികരണങ്ങളുമായി സാധാരണ പ്രത്യക്ഷപ്പെടാറുള്ള പി.ഗോപാലന്‍കുട്ടിയുടെയും ഒരു പടി മുകളിലുള്ളയാള്‍. 2003ല്‍ കേരള പ്രാന്ത സംഘചാലക് ആകുന്നതിനു മുമ്പ് പി.ഇ.ബി.മേനോന്‍ ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക്, കേരള സഹപ്രാന്ത സംഘചാലക് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ടി.എസ്.ജഗദീശന്‍

വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടറായ ടി.എസ്.ജഗദീശന്‍ ആര്‍.എസ്.എസ്സിന്റെ ബാലസംഘടനയായ ബാലഗോകുലത്തിന്റെ മുഖ്യസംഘാടകരില്‍ ഒരാളാണ്. 2 വര്‍ഷം മുമ്പ് ബാലഗോകുലം സംസ്ഥാന സമ്മേളനം എറണാകുളത്തു നടന്നപ്പോള്‍ ജഗദീശനായിരുന്നു സ്വാഗതസംഘം അദ്ധ്യക്ഷന്‍. പി.ഇ.ബി.മേനോന്‍ രക്ഷാധികാരികളില്‍ ഒരാളും. ബാലഗോകുലത്തിന്റെ വിവിധ പരിപാടികളില്‍ രക്ഷാധികാരി സ്ഥാനത്തു കാണപ്പെടുന്ന സ്ഥിരം മുഖങ്ങളിലൊന്നാണ് ജഗദീശന്റേത്. നല്ല ആഢ്യ സംഘി.

അഡ്വ.ശങ്കര്‍ റാം നാരായണന്‍

പി.ഇ.ബി.മേനോന്‍ പ്രാന്ത സംഘചാലക് ആയ ആര്‍.എസ്.എസ്സിന് കേരളത്തിലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ 43 അംഗങ്ങളുള്ള പ്രാന്ത കാര്യകാരിയുണ്ട്. ആര്‍.എസ്.എസ്സിന്റെ പ്രധാനികള്‍ ഇവരാണെന്നു പറയാം. ഈ പട്ടികയിലെ ഒരു പേരാണ് അഡ്വ.ശങ്കര്‍ റാം നാരായണന്‍. കോട്ടയത്തെ ഒരു അഭിഭാഷകനാണ്. സംഘപരിവാറിന്റെ പോഷകസംഘടനകളുടെ സംയോജനച്ചുമതല നിര്‍വ്വഹിക്കുന്ന പ്രധാനികളില്‍ ഒരാളുമാണ്. ഇദ്ദേഹം മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരില്‍ ഒരാള്‍.

ഡോ.വി.നാരായണന്‍

വയനാട്ടിലെ മുട്ടില്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണ് ഡോ.വി.നാരായണന്‍. സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്വാഭാവികമായും പരിവാര്‍ സഹയാത്രികന്‍ തന്നെ. സേവാഭാരതിയിലും സജീവം. ഇദ്ദേഹവും വിശ്വശാന്തി ഡയറക്ടര്‍.

സജീവ് സോമന്‍

മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ മാനേജരായി പ്രവര്‍ത്തിക്കുന്നത് സജീവ് സോമന്‍ എന്ന യുവാവാണ്. ലെനികോ സൊല്യൂഷന്‍സ് എന്ന ഐ.ടി. കമ്പനിയുടെ ഡയറക്ടറാണ്. സംഘപരിവാര്‍ സഹയാത്രികനാണ്. സംശയമുണ്ടെങ്കില്‍ സജീവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ പോസ്റ്റുകള്‍ നോക്കിയാല്‍ മതി ഇത് നിഷ്പ്രയാസം മനസ്സിലാവും. ഈ സജീവാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍.

എ.കെ.രവീന്ദ്രൻ

കരസേനയിലെ മേജറും എന്‍.എസ്.ജി. കമാന്‍ഡോയുമൊക്കെ ആയിരുന്ന എ.കെ.രവീന്ദ്രനാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ മറ്റൊരു ഡയറക്ടര്‍. സിനിമാ സംവിധായകന്‍ മേജര്‍ രവി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും എളുപ്പം മനസ്സിലാവും. അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രസിദ്ധമാണല്ലോ!

സംഘികളല്ലാത്ത ആരും ഡയറക്ടര്‍മാരുടെ കൂട്ടത്തില്‍ ഇല്ലേ എന്നു ചോദിച്ചാല്‍ കഷ്ടപ്പെട്ടു പോകും -ഇല്ല തന്നെ. പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധനും തിരുവനന്തപുരം ആറ്റുകാല്‍ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപകനുമായ ഡോ.ആര്‍.അയ്യപ്പന്‍ നായര്‍, ഗോശ്രീ ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ പി.ജി.ജയകുമാര്‍, കെ.പി.ബി. ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ എസ്.വിനു കൃഷ്ണന്‍, കമ്പനി നിയമത്തില്‍ വിദഗ്ദ്ധയായ അഭിഭാഷക സ്മിതാ ദാമോദരന്‍ നായര്‍, ദുബായില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഫണ്ട് മാനേജരുമായ കൃഷ്ണകുമാര്‍ എന്നിവരാണ് വിശ്വശാന്തി ഫൗണ്ടേഷനിലെ മറ്റു ഡയറക്ടര്‍മാര്‍. ഇവരുടെ പശ്ചാത്തലം ആര്‍ക്കും പരിശോധിക്കാം.

പ്രാന്ത സംഘചാലക് നേതൃത്വം നല്‍കുന്ന സ്ഥാപനത്തെ -വിശ്വശാന്തി ഫൗണ്ടേഷനെ -സംഘപരിവാര്‍ സംഘടനയായി തന്നെയാണ് ആര്‍.എസ്.എസ്സുകാര്‍ കാണുന്നത്. അവര്‍ മാത്രമാണ് ഫൗണ്ടേഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് എന്നു പറഞ്ഞാലും തെറ്റില്ല. ആര്‍.എസ്.എസ്. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം എന്താണെന്നും അവര്‍ ആര്‍ക്കൊക്കെ എതിരാണെന്നും വിശേഷിച്ച് പറയേണ്ടതില്ലല്ലോ. ആ ആര്‍.എസ്.എസ്സിന്റെ പ്രധാന ആളുകളെ അച്ഛനമ്മമാരുടെ പേരിലുള്ള ഫൗണ്ടേഷന്റെ തലപ്പത്ത് മോഹന്‍ലാല്‍ പ്രതിഷ്ഠിച്ചുവെങ്കില്‍ അത് യാദൃച്ഛികമായി സംഭവിച്ചതാണെന്ന് ഞാന്‍ ഏതായാലും വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കാന്‍ ആര്‍.എസ്.എസ്സുകാര്‍ ഉള്‍പ്പെടെ ആരെങ്കിലും തയ്യാറാവുമെന്നും എനിക്കു തോന്നുന്നില്ല.

വിശ്വശാന്തി ഫൗണ്ടേഷന് നേതൃത്വം നല്കുന്നവർ

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ വേണം. സ്ഥിരം ‘സ്ഥാനാര്‍ത്തി’ ആയ ഒ.രാജഗോപാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തു നിന്ന് ജയിച്ചു പോയി. ഈ സാഹചര്യത്തില്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറെടുത്തു വരുമ്പോഴാണ് അദ്ദേഹത്തെ മിസോറാം ഗവര്‍ണ്ണറാക്കി വിട്ടത്. ഇനിയിപ്പോള്‍ ആര് എന്ന വലിയ ചോദ്യം ബി.ജെ.പിക്കു മുന്നിലുണ്ട്. ആ ചോദ്യത്തിന് അവര്‍ക്ക് വീണു കിട്ടിയിരിക്കുന്ന ഉത്തരമാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ നിഷേധിക്കുന്നുണ്ട്. പക്ഷേ, ഇതുപോലെ മുമ്പ് നിഷേധിച്ച ചിലരൊക്കെ ആ നിഷേധം വിഴുങ്ങുന്നത് കണ്ടിട്ടുമുണ്ട്.

2014 ജൂണിലോ മറ്റോ ആണെന്നാണ് ഓര്‍മ്മ. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് സുരേഷ് ഗോപി തിരിച്ചുവന്ന സമയം. താരം ഉടനെ രാഷ്ട്രീയത്തിലിറങ്ങുമെന്നും ബി.ജെ.പിയില്‍ ചേരുമെന്നും വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. ഒരു സ്വകാര്യചടങ്ങില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഇക്കാര്യം ചോദിച്ചു. അന്ന് അദ്ദേഹം നല്‍കിയ മറുപടി ഇതാണ് –‘അയ്യോ രാഷ്ട്രീയമോ? ഞാനോ? നമ്മളെപ്പോലുള്ളവര്‍ക്ക് അതൊക്കെ പറ്റുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത കാര്യങ്ങളെ പ്രശംസിച്ചതിന്റെ പേരിലാണെങ്കില്‍ ആര് നല്ല കാര്യം ചെയ്താലും ഞാനങ്ങനെ തന്നെ പറയും. ഉമ്മന്‍ ചാണ്ടി സാര്‍ നല്ലതു ചെയ്താലും അങ്ങനെ തന്നെ. മോദിജി ശക്തനായ നേതാവായതു കൊണ്ടല്ലേ രാജ്യം മുഴുവന്‍ അദ്ദേഹത്തെ പിന്തുണച്ചത്. അതു മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.’ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ലഭിച്ച ക്ഷണത്തെ തന്നിലെ കലാകാരനു ലഭിച്ച അംഗീകാരമായി കാണുന്നു എന്നു കൂടി പറഞ്ഞു കളഞ്ഞു. പഴുതടച്ചുള്ള മറുപടി.

പക്ഷേ, ബി.ജെ.പിയുമായുള്ള ബന്ധം സുരേഷ് ഗോപി ഒളിഞ്ഞും തെളിഞ്ഞും തുടര്‍ന്നു. 2016 ഏപ്രിലില്‍ രാജ്യത്തെ പ്രമുഖ കലാകാരന്മാരുടെ പട്ടികയിലുള്‍പ്പെടുത്തി സുരേഷ് ഗോപിയെ നരേന്ദ്ര മോദി രാജ്യസഭയിലെത്തിച്ചു. ആ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാന്‍ ബി.ജെ.പി. അഭ്യര്‍ത്ഥിച്ചുവെങ്കിലും സുരേഷ് ഗോപി നിരസിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിക്കു വേണ്ടി അദ്ദേഹം പ്രചാരണം നടത്തി. അപ്പോഴും താരം ബി.ജെ.പിയില്‍ ചേര്‍ന്നില്ല!!! ഒടുവില്‍ 2016 ഒക്ടോബര്‍ 19ന് ആ വാര്‍ത്ത വന്നു. കേന്ദ്ര മന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വിയുടെയും പാര്‍ട്ടി ജനറല്‍ സെക്രട്ടരി ഭുപീന്ദര്‍ യാദവിന്റെയും സാന്നിദ്ധ്യത്തില്‍ സുരേഷ് ഗോപി ബി.ജെ.പിയില്‍ അംഗത്വമെടുത്തു എന്ന്. കേരളത്തിലെ നേതാക്കള്‍ക്ക് റോള്‍ കൊടുക്കാതെ നേരെ കേന്ദ്രത്തിലൂടെ വന്നിറങ്ങി.

സുരേഷ് ഗോപി അല്ല മോഹന്‍ലാല്‍ എന്നറിയാം. പക്ഷേ, മോഹന്‍ലാല്‍ ഇപ്പോള്‍ പറയുന്നത് സുരേഷ് ഗോപി നേരത്തേ പറഞ്ഞ പോലെ അല്ലേ എന്ന സംശയവും സ്വാഭാവികം. എന്തായാലും നിഷ്പക്ഷത ഞങ്ങളെ വിശ്വസിപ്പിക്കാന്‍ ലാലേട്ടന്‍ കാര്യമായി ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള പടമിട്ട അതേ രീതിയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള പടവുമിടുന്നുണ്ട്. ലാലേട്ടന് അദ്ദേഹത്തിന് ഇഷ്ടമുള്ള രാഷ്ട്രീയം പിന്തുടരാന്‍, ആ രാഷ്ട്രീയക്കാരുമായി സഹകരിക്കാന്‍ അവകാശമുണ്ട്. ആ രാഷ്ട്രീയം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവണം എന്നു മാത്രം. പക്ഷേ, ഇപ്പോഴത്തെ അദ്ദേഹം സ്വീകരിക്കുന്നതായി പറയപ്പെടുന്ന നിലപാട് അങ്ങനെ ലളിതമായി കാണാനാവില്ല. ഈ രാഷ്ട്രീയത്തില്‍ ചിലര്‍ക്കു മാത്രമേ സ്വീകാര്യതയുള്ളൂ. വേറെ ചിലര്‍ പാകിസ്താനില്‍ പോകണമെന്ന് ഈ രാഷ്ട്രീയം പറയുന്നു. ഈ നിലപാട് ഒരു പരിധിയുമില്ലാതെ സ്‌നേഹം നല്‍കിയ ഞങ്ങളോടുള്ള വഞ്ചനയല്ലേ?

ഒരു പ്രത്യേക വിഭാഗക്കാര്‍ക്കു മാത്രമേ ഇവിടെ ജീവിക്കാന്‍ അവകാശമുള്ളൂ എന്നു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുമായി കൂട്ടുകൂടാന്‍ ലാലേട്ടന് എങ്ങനെ സാധിക്കുന്നു? ഇത് ആരോപണമോ ആക്ഷേപമോ അല്ല. അദ്ദേഹത്തിന്റെ ജീവന്റെ ജീവനായ വിശ്വശാന്തി ഫൗണ്ടേഷന്‍ ഏല്പിച്ചുകൊടുത്തിരിക്കുന്ന വ്യക്തികളെ നോക്കിയാല്‍ മതിയല്ലോ. ഞാനടക്കമുള്ളവര്‍ ലാലേട്ടനെ സ്‌നേഹിച്ചത് അദ്ദേഹത്തിന്റെ മതമോ ജാതിയോ നോക്കിയല്ല. അദ്ദേഹത്തിന്റെ ആരാധകരില്‍ ഈ പ്രത്യേക വിഭാഗക്കാര്‍ മാത്രമല്ല ഉള്ളത്. പക്ഷേ, സ്വതന്ത്രമായി പറന്നു നടക്കുന്ന ലാലേട്ടനെന്ന പക്ഷി കനത്ത അഴികളുള്ള ഒരു ഇരുമ്പു കൂടിലേക്കു സ്വയം പറന്നു കയറുന്നതു പോലെയാണ് ഇപ്പോഴത്തെ നിലപാട്.

എന്റെ -ഞങ്ങളുടെ ലാലേട്ടനെ ഞങ്ങള്‍ക്കു വേണം. അദ്ദേഹത്തെ നഷ്ടപ്പെടുന്നത് ഞങ്ങള്‍ക്ക് സഹിക്കാനാവില്ല. വെറുപ്പിന്റെ പ്രചാരകരുടെ കൂട്ടത്തില്‍ ലാലേട്ടന്‍ ചേരുന്നത് സങ്കല്പിക്കാന്‍ പോലുമാവില്ല. ഏട്ടനായും കൂട്ടുകാരനുമായുമെല്ലാം ഹൃദയത്തില്‍ കയറിക്കൂടിയ ലാലേട്ടന്‍ എന്നും അവിടെ വേണം, സ്‌നേഹത്തിന്റെ പ്രതിരൂപമായി. അങ്ങു മാത്രം പോരാ, മകന്‍ പ്രണവും വേണം നാളെയുടെ താരമായി. ഒരു സംഘിക്ക് ഒരിക്കലും സ്‌നേഹത്തിന്റെ പ്രതിരൂപമാവാന്‍ കഴിയില്ല എന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. അങ്ങയുടെ സുഹൃത്തുക്കള്‍ക്ക് അങ്ങയുടെ മേല്‍ പ്രത്യേക അവകാശമുണ്ടെന്നു സമ്മതിക്കുന്നു. പക്ഷേ, അവരുടെ നേട്ടത്തിനു വേണ്ടി അങ്ങയെ വില്പനച്ചരക്കാക്കാന്‍ നിന്നു കൊടുക്കരുത്. അവര്‍ ബി.ജെ.പിയില്‍ പോയാല്‍ അവര്‍ക്കൊരു നേട്ടവുമുണ്ടാവില്ല. ആരും തിരിഞ്ഞുപോലും നോക്കില്ല. പക്ഷേ, അങ്ങയെ കൊണ്ടുപോകുകയാണെങ്കില്‍ അവര്‍ക്ക് നേട്ടങ്ങള്‍ ഒരുപാടാണ്. നഷ്ടമെല്ലാം ഞങ്ങള്‍ക്കു മാത്രം.

വിശ്വശാന്തി ഫൗണ്ടേഷന്‍ പരിപാടിയില്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ ആര്‍.എസ്.എസ്. കേരള പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്‍ സംസാരിക്കുന്നു

‘വിശ്വശാന്തി ഫൗണ്ടേഷന്‍ ലാലേട്ടന്റെ വ്യക്തിപരമായ കാര്യമാണ്. അതുമായി ഞങ്ങള്‍ ആരാധകര്‍ക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഇപ്പോഴും ബന്ധമില്ല. ഇനി ബന്ധമുണ്ടാവുകയുമില്ല. അത് ലാലേട്ടന്‍ ഇഷ്ടമുള്ളതുപോലെ നടത്തിക്കൊള്ളൂ’ -ഇങ്ങനൊക്കെ പറയുന്നത് ശരിയല്ല എന്ന തികഞ്ഞ ബോദ്ധ്യത്തോടെ തന്നെയാണ് ഇതു പറയുന്നത്. നിങ്ങളെ വെറുക്കാതിരിക്കാന്‍ ഞാന്‍ ഒരു വഴി തേടുന്നുവെന്നേയുള്ളൂ.

എല്ലാം കെട്ടിപ്പൊക്കാന്‍ ഒരു ജീവിതകാലം മുഴുവന്‍ നിങ്ങള്‍ അദ്ധ്വാനിച്ചത് ഞങ്ങള്‍ കണ്ടതാണ്. അത് ലാലേട്ടനായിത്തന്നെ തച്ചുതകര്‍ക്കരുതേ. അതുകൊണ്ട് അങ്ങേയ്ക്ക് ഒരു നേട്ടവുമുണ്ടാവാന്‍ പോകുന്നില്ല. ഒരിക്കല്‍ക്കൂടി പറയുന്നു -നഷ്ടം ഞങ്ങള്‍ക്കു മാത്രമാണ്, മനസ്സു നിറയെ അങ്ങയെ സ്‌നേഹിച്ച ഞങ്ങള്‍ക്ക്. ഒരു നിറവുമില്ലാതെ, നിറയ്ക്കുന്ന പാത്രത്തിന്റെ രൂപം കൈവരിക്കുന്ന വെള്ളം പോലെ ഇനിയും അങ്ങയെ ഞങ്ങള്‍ക്കു വേണം.

ഒരു കാര്യം കൂടി വ്യക്തമാക്കാം -കാവി പുതയ്ക്കാനാണ് അങ്ങയുടെ തീരുമാനമെങ്കില്‍ അതിനൊപ്പം ഞാനില്ല തന്നെ. എന്നെപ്പോലെ, കാവിക്കൊപ്പം ചേരാത്ത അങ്ങയുടെ അനേകം ആരാധകര്‍ വേറെയുമുണ്ടാകും. ഒരു പക്ഷേ, അങ്ങയുടെ ആരാധകരിൽ മഹാഭൂരിപക്ഷം എന്നെപ്പോലെ ചിന്തിക്കുന്നവരാവും എന്നുമറിയാം. ഞങ്ങളെ തിരികെ സ്നേഹിക്കണം എന്നു പറയുന്നില്ല. പക്ഷേ, ദയവായി വഞ്ചിക്കരുത്.

LATEST insights

TRENDING insights

1 COMMENT

  1. Well said. ഒരു കലാകാരന് ഒരിക്കലും ഒരു വർഗീയ വാദി ആകാൻ കഴിയില്ല. അപ്പോൾ ഒരു കംപ്ലീറ്റ് ആക്ടർക്കോ? ഒരിക്കലും കഴിയില്ല. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. പാലു തന്ന കൈകളിൽ തന്നെ കടിച്ച പാമ്പായി ചരിത്രം ലാലേട്ടനെ വിലയിരുത്തില്ല എന്ന ഉറപ്പുണ്ട്…

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks