തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലാണ് ഞാന്‍ താമസിക്കുന്നത്. നേമം എന്നാണ് ഇപ്പോള്‍ മണ്ഡലത്തിന്റെ പേരെങ്കിലും യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലം തന്നെയാണ്. ഇതുവരെയുള്ള ഈസ്റ്റിലെ എം.എല്‍.എമാരെല്ലാം വലിയ സ്വഭാവദൂഷ്യം ഉള്ളവരായിരുന്നു -24 മണിക്കൂറും മണ്ഡലത്തില്‍ തന്നെ കറങ്ങി നടക്കും. തൊട്ടതിലും പിടിച്ചതിലുമെല്ലാം കയറി ഇടപെടും. വോട്ടര്‍മാരില്‍ അല്പം തലയെടുപ്പുള്ളവരെയൊക്കെ പേരു വിളിച്ച് പരിചയം പ്രകടിപ്പിക്കും. കെ.ശങ്കരനാരായണ പിള്ളയായിരുന്നാലും ബി.വിജയകുമാറായിരുന്നാലും വി.ശിവന്‍കുട്ടിയായിരുന്നാലും ഇതു തന്നെയായിരുന്നു സ്ഥിതി. ഇപ്പോഴത്തെ എം.എല്‍.എ. ഒ.രാജഗോപാലിന് അത്തരം ദുശ്ശീലങ്ങളൊന്നുമില്ല!! നല്ല മനുഷ്യന്‍!!!
ശിവന്‍കുട്ടി എം.എല്‍.എ. ആയിരുന്നപ്പോഴായിരുന്നു വലിയ ശല്യം. പത്തായം പോലത്തെ കെ.എല്‍.-01 ബി.ഡി. 8008 വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറുമായി രാവിലെ ഇറങ്ങും. മണ്ഡലം മുഴുവന്‍ കറങ്ങി നടന്ന് ആവലാതി കേള്‍ക്കാനും പരിഹാരമുണ്ടാക്കാന്‍ തിരുവിതാംകൂര്‍ രാജാവിന്റെ അംശം അധികാരി എന്ന ഭാവം. എന്തിനും പരിഹാരമുണ്ടാക്കിക്കളയും. ആഴ്ചയില്‍ കുറഞ്ഞത് 4 വട്ടമെങ്കിലും അങ്ങോര്‍ കാറുമായി വന്ന് എന്റെ കാറിന് വട്ടം പിടിക്കുമായിരുന്നു. എവിടെ നിന്നു വേണമെങ്കിലും വന്നു മുന്നില്‍ ചാടിക്കളയും!! ഇപ്പോഴത്തെ എം.എല്‍.എയെക്കൊണ്ട് അത്തരം ശല്യമൊന്നുമില്ല. ഒരു വെളുത്ത ഇന്നോവ ക്രിസ്റ്റ കാറിലാണ് സഞ്ചാരം. നമ്പര്‍ ഓര്‍ത്തുവെയ്ക്കാന്‍ മാത്രം തവണ അദ്ദേഹത്തെ കണ്ടിട്ടില്ല. വീട്ടിനു സമീപത്തുള്ള സ്‌കൂളില്‍ ഒരു പരിപാടിക്കു വന്നപ്പോഴോ മറ്റോ കണ്ടതാ, അത്ര തന്നെ.
ദേശീയ ഭരണകക്ഷിയായ ബി.ജെ.പി. കേരളത്തില്‍ ജയിച്ച ഏക മണ്ഡലം എന്ന നിലയില്‍ നേമം പ്രസിദ്ധമാണല്ലോ. അതിനാല്‍ത്തന്നെ രാജഗോപാലിനെ നേമത്തിന്റെ മാത്രം എം.എല്‍.എ. ആയി ബി.ജെ.പി. കാണുന്നില്ല. ബി.ജെ.പിക്ക് അദ്ദേഹം കേരളത്തിന്റെയാകെ എം.എല്‍.എയാണ്. അവരുടെ ‘മുഖ്യമന്ത്രി’യാണ്. അതിനാല്‍, കേരളത്തില്‍ എവിടെ ബി.ജെ.പി. പരിപാടി വെച്ചാലും ഉദ്ഘാടിക്കാന്‍ അവരുടെ ‘രാജേട്ടന്‍’ വേണം. ഫലമോ, ഞങ്ങള്‍ നേമംകാര്‍ക്ക് എം.എല്‍.എയെക്കൊണ്ട് ശല്യമൊട്ടുമില്ല. ഇങ്ങോട്ടു തിരിഞ്ഞുനോക്കാറില്ല എന്നൊന്നും ഞാന്‍ പ്രശംസിക്കില്ല, വേണമെങ്കില്‍ അതിന്റെ അടുത്തെത്തും എന്നു പറയാം.
അങ്ങ് മധ്യപ്രദേശത്തു നിന്ന് രാജ്യസഭയിലേക്കു നുഴഞ്ഞുകയറി കേന്ദ്ര മന്ത്രിയാപ്പോള്‍ രാജഗോപാല്‍ സാര്‍ തിരുവനന്തപുരത്ത് വന്‍ വികസനം നടപ്പാക്കിയ കഥകള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും കേള്‍ക്കാം. അതിനാല്‍ത്തന്നെ നേമത്ത് അദ്ദേഹം എം.എല്‍.എ. ആയപ്പോള്‍ മണ്ഡലത്തില്‍ വന്‍ വികസനക്കുതിപ്പായിരിക്കും എന്ന് സ്വാഭാവികമായും എല്ലാവരും കരുതി. ദിവസേന സഞ്ചരിക്കുന്ന ഒരു റോഡ് ടാറിട്ട് മുട്ടായി പോലാക്കിയതു കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, വികസനം വന്നു. വികസനത്തിന്റെ രാജഗോപാല്‍ ഫ്‌ളക്‌സും കണ്ടു. പക്ഷേ, തൊട്ടടുത്ത് ശിവന്‍കുട്ടിയുടെ ഫ്‌ളക്‌സുമിരുന്ന് ചിരിക്കുന്നു. ശ്ശെടാ.. ഇതെന്താ കഥ!!
രാജഗോപാലിന്റെ അനുയായികളുടെ വക ഫ്‌ളക്‌സ് ഇങ്ങനെ
കഴിഞ്ഞ 15 വര്‍ഷക്കാലം പൂജപ്പുര ഭാഗത്ത് യാതൊരു വികസനപ്രവര്‍ത്തനവും നടത്തുവാന്‍ സാധിക്കാത്തവര്‍ പുതിയ അവകാശവാദവുമായി എത്തുന്നു. ഇവരെ ജനം തിരിച്ചറിയുക.
വികസനം വാക്കിലൂടെയല്ല.. പ്രവര്‍ത്തനത്തിലൂടെ…
പൂജപ്പുര-മുടവന്‍മുകള്‍ റോഡും, ഫുട്പാത്തും ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് പരിശ്രമിച്ച് നടപ്പിലാക്കിയ നേമം എം.എല്‍.എ. ഒ.രാജഗോപാലിന് അഭിനന്ദനങ്ങള്‍.
ശിവന്‍കുട്ടിയുടെ സഖാക്കളുടെ വക ഫ്‌ളക്‌സ് ഇപ്രകാരം
പൂജപ്പുര മുടവന്‍മുകള്‍ പുന്നയ്ക്കാമുകള്‍ റോഡ് 0.002 1.175 കിലോമീറ്റര്‍.
അടങ്കല്‍ തുക: 1,03,57,237 രൂപ.
പണി പൂര്‍ത്തീകരിച്ച സ. വി.ശിവന്‍കുട്ടിക്ക് (മുന്‍ എം.എല്‍.എ.) അഭിവാദ്യങ്ങള്‍.
രണ്ട് ഫ്‌ളക്‌സും അടുത്തടുത്ത് കണ്ട് ആകെ കണ്‍ഷ്യൂഷനായി. ഒരു കുഞ്ഞിന് രണ്ട് പിതാക്കളോ? അതെങ്ങനെ ശരിയാകും? അതൊന്ന് അന്വേഷിക്കണമല്ലോ. കള്ളം ആരു പറഞ്ഞാലും അത് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കപ്പെടണം. ഇവര്‍ രണ്ടു പേരില്‍ ഒരാള്‍ കള്ളനാണ്. ഒരാള്‍ നടത്തിയ വികസനത്തിന്റെ ക്രഡിറ്റ് മറ്റൊരാള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉറപ്പ്. പൊതുമരാമത്ത് വകുപ്പില്‍ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമുണ്ടാവും. അതു പരതി. ഉത്തരം കണ്ടെത്തുകയും ചെയ്തു.
വിജയമോഹിനി മില്‍ -പുന്നയ്ക്കാമുകള്‍ -കൊങ്കളം -മുടവന്‍മുകള്‍ -പൂജപ്പുര റോഡിന്റെ വികസനം രണ്ടു ഘട്ടമായിട്ടാണ് നടപ്പാക്കിയത്. വിജയമോഹിനി മില്‍ മുതല്‍ മുടവന്‍മുകള്‍ വരെയുള്ള റോഡിന്റെ വികസനം എതാണ്ട് 2 വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. ആ റോഡിന്റെ കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല, പിതാവ് ശിവന്‍കുട്ടി തന്നെ. ആ റോഡിന്റെ ഉദ്ഘാടന വേളയില്‍ ശിവന്‍കുട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ മുടവന്‍മുകള്‍ -പൂജപ്പുര റോഡിന്റെ വികസനം പ്രഖ്യാപിച്ചത്. വികസനം പ്രഖ്യാപിച്ചതുകൊണ്ട് വികസനം നടക്കുമോ എന്ന ചോദ്യം വരാം. നടക്കും എന്നു തന്നെയാണുത്തരം, അതിന്റെ പിന്നാലെ നടന്നാല്‍. പിന്നാലെ നടന്നത് രാജഗോപാലല്ല, ശിവന്‍കുട്ടി തന്നെയാണ്.
പൂജപ്പുര-മുടവന്‍മുകള്‍-പുന്നയ്ക്കാമുകള്‍ റോഡിന്റെ ഭരണാനുമതി ഉത്തരവ് GO(Rt)No.836/2015/PWD പുറത്തിറങ്ങിയത് 2015 ജൂണ്‍ 12ന്. ഇതിന്റെ സാങ്കേതികാനുമതി ഉത്തരവ് 2015 സെപ്റ്റംബര്‍ 7ന് പുറത്തിറങ്ങി. അതോടെ പണികള്‍ക്കുള്ള അനുമതിയുമായി. നേമം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടായിരുന്നു വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ്. നിസാം തോപ്പില്‍ ആയിരുന്നു കരാറുകാരന്‍. റോഡിന്റെ മൊത്തം അടങ്കല്‍ തുക 1.42 കോടി രൂപ. ഒ.രാജഗോപാല്‍ നേമത്തിന്റെ എം.എല്‍.എ. ആവുന്നത് 2016 മെയ് 19ന്. എം.എല്‍.എ. ആവുന്നതിനു മുമ്പ് തന്നെ മണ്ഡലത്തില്‍ റോഡ് വികസനത്തിനു തുടക്കം കുറിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വ വ്യക്തിയാണിദ്ദേഹം എന്നു ഞാനറിഞ്ഞില്ല!!!
ശിവന്‍കുട്ടിയുടെ അക്കൗണ്ടില്‍ വരുന്ന വികസനപ്രവര്‍ത്തനങ്ങളെല്ലാം രാജഗോപാല്‍ സ്വന്തമാക്കി അഭിമാനിക്കുകയാണ് എന്നാണോ മനസ്സിലാക്കേണ്ടത്? രാജഗോപാല്‍ കള്ളം പറയുന്നുവെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ക്ക് രേഖകളുടെ പിന്‍ബലമില്ല.
ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് 2 ബജറ്റുകള്‍ അവതരിപ്പിച്ചു. ഇതില്‍ നേമത്തെ ലക്ഷ്യമാക്കി വലിയ പദ്ധതികളൊന്നും കണ്ടില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഐസക്ക് പറഞ്ഞത് എം.എല്‍.എമാര്‍ എഴുതിത്തന്ന വികസനപ്രവര്‍ത്തനങ്ങള്‍ പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിനു പോലും പരാതിക്കു വകയില്ലെന്നുമാണ്. അപ്പോള്‍ രാജഗോപാല്‍ പ്രത്യേകിച്ച് വികസനപ്രവര്‍ത്തനങ്ങളൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല എന്നാണോ? തന്റെ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അനുവദിക്കാത്തതിനെപ്പറ്റി രാജഗോപാല്‍ നിയമസഭയിലെന്തെങ്കിലും പറഞ്ഞതായി അറിയില്ല. പറഞ്ഞാലല്ലേ അറിയൂ!!!
ശിവന്‍കുട്ടി എം.എല്‍.എ. ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10 കോടി രൂപയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നേമം മണ്ഡലത്തില്‍ നടക്കുന്നുണ്ട്. അവിടെയെല്ലാം സ്വന്തം ഫ്‌ളക്‌സുകള്‍ സ്ഥാപിച്ച് വികസന നായകനായി അഭിനയിക്കാന്‍ രാജഗോപാലിനും അനുയായികള്‍ക്കും ഇനിയും അവസരം ലഭിക്കും.
വികസനനായകന്‍ എന്ന് അവകാശപ്പെടാന്‍ എളുപ്പമാണ്. പക്ഷേ, അങ്ങനെയാവാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.
ജനിതക ശാസ്ത്രത്തിന്റെ പുതിയ ഏർപ്പാടുകൾ വച്ച് മൂന്നോ അതിലേറെപ്പേരോ ഒക്കെ ആവാം