Reading Time: 4 minutes

മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമാകാമോ?
മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമുണ്ടോ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരും ഉന്നയിക്കുന്ന ചോദ്യങ്ങളാണിവ. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് എം.വി.നികേഷ് കുമാറും ചീഫ് ന്യൂസ് എഡിറ്റര്‍ വീണാ ജോര്‍ജ്ജും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളാവുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ ചോദ്യം. ഏതാണ്ടെല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയമുണ്ട്. പക്ഷേ, ഭൂരിപക്ഷം പേരും അതു പരസ്യമായി പറയുന്നില്ല എന്നു മാത്രം. ദേശാഭിമാനി, വീക്ഷണം, ജന്മഭൂമി, കൈരളി, ജയ്ഹിന്ദ്, ജനം തുടങ്ങി പാര്‍ട്ടികളോടോ ആശയസംഹിതകളോടോ ചേര്‍ന്നു നില്‍ക്കുന്ന മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമാണ് രാഷ്ട്രീയമുള്ളതെന്നു കരുതിയെങ്കില്‍ തെറ്റി. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട് സര്‍.

തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ മറ്റാരും കാണിക്കാത്ത ഉത്സാഹം മാധ്യമപ്രവര്‍ത്തകര്‍ പ്രകടിപ്പിക്കാറുണ്ട്. പലപ്പോഴും ജോലിത്തിരക്കു നിമിത്തം വോട്ടു ചെയ്യാനാവാതെ പോകുന്നു എന്ന സങ്കടമേയുള്ളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതുപോലെ ഞങ്ങള്‍ക്കും തപാല്‍ വോട്ട് അനുവദിക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇടയ്ക്ക് ആവശ്യമുന്നയിച്ചിരുന്നു. എന്തായെന്നറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പക്ഷപാതമുണ്ടെങ്കിലും ഞങ്ങള്‍ നിഷ്പക്ഷതയുടെ മുഖംമൂടി എടുത്തണിയുന്നു. ഞങ്ങളുടെ തൊഴില്‍ ആ മുഖംമൂടി ആവശ്യപ്പെടുന്നുണ്ട്. ആ മുഖംമൂടി അഴിഞ്ഞുവീഴുമ്പോഴാണ് ഞാന്‍ തുടക്കത്തില്‍ ചോദിച്ച പോലുള്ള ചോദ്യങ്ങള്‍ ഉയരുന്നത്.

Nikesh_Veena

ഞാന്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. അതു മറച്ചുവെയ്ക്കാറുമില്ല. എനിക്കു ശരിയെന്നു തോന്നുന്ന പക്ഷത്ത് ഞാന്‍ നിലയുറപ്പിക്കുന്നു. ആ ശരി പക്ഷേ എല്ലാ സമയത്തും ഒരേ പക്ഷത്താവണമെന്നില്ല. എന്റെ രാഷ്ട്രീയനിലപാട് വിഷയാധിഷ്ഠിതമാണ്, ചിലപ്പോള്‍ വ്യക്തിയധിഷ്ഠിതവും. ഇപ്പോള്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്നു തോന്നിയാല്‍ നാളെ അതേ ഊര്‍ജ്ജത്തോടെ ഇടതുപക്ഷത്തെ എതിര്‍ക്കാനും തോന്നാം. ഞാന്‍ ചിലപ്പോള്‍ മാര്‍ക്‌സിസ്റ്റാവും. ചിലപ്പോള്‍ കോണ്‍ഗ്രസ്സാവും. ചിലപ്പോള്‍ ബി.ജെ.പിയാവും. വെള്ളാപ്പള്ളി നടേശന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവസരവാദം. ഓരോ കാലഘട്ടത്തിലും എനിക്ക് ശരിയെന്നു തോന്നുന്ന നിലപാടുകള്‍ക്കൊപ്പം ഞാന്‍ നിലനില്‍ക്കുന്നു. വ്യക്തിപരമായി സൗഹൃദമുള്ളയാള്‍ മത്സരിക്കുകയാണെങ്കില്‍ ചിലപ്പോള്‍ വോട്ട് അയാള്‍ക്കായിരിക്കും. അപ്പോള്‍ പാര്‍ട്ടി നോക്കില്ല.

ഇതു പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ മത്സരിക്കുന്നതിനെ ചിലര്‍ വിമര്‍ശിക്കുന്നതു കണ്ടതിനാലാണ്. നിഷ്പക്ഷതയുടെ മുഖംമൂടി അഴിഞ്ഞുവീണു എന്നാണ് ആക്ഷേപം. ശരിക്കും അതൊരു പ്രശംസയല്ലേ? മുഖംമൂടി അല്ലേ അഴിഞ്ഞുവീണത്? യഥാര്‍ത്ഥ മുഖം വ്യക്തമാവുകയല്ലേ ചെയ്തത്?

മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയിലാണ് സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചാവിഷയമായതെങ്കിലും നികേഷിന്റെയും വീണയുടെയും പേര് ഉയര്‍ന്നുവന്നത് ആ നിലയിലല്ല. ഒരുകാലത്ത് സി.പി.ഐ.എമ്മിന്റെ സമുന്നത നേതാവായിരുന്നിട്ടും പിന്നീട് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശത്രുവായി മാറിയയാളാണ് എം.വി.രാഘവന്‍. സി.പി.എമ്മുമായി സമരസപ്പെട്ടു പോകാന്‍ തന്റെ ജീവിതത്തിന്റെ അവസാനകാലത്ത് എം.വി.ആര്‍. ആഗ്രഹിച്ചിരുന്നതായി വാര്‍ത്തകളുണ്ടായി. ആ ആഗ്രഹത്തിനു പിന്നില്‍ രാഘവന്റെ ഇളയ മകനായ നികേഷാണെന്നത് പരസ്യമായ രഹസ്യമാണ്. എം.വി.രാഘവന്റെ മകനായ എം.വി.നികേഷ് കുമാറിനെയാണ് ഇടതുമുന്നണി പരിഗണിക്കുന്നത്. അല്ലാതെ റിപ്പോര്‍ട്ട് ടിവി എഡിറ്റര്‍-ഇന്‍-ചീഫിനെയല്ല. ടിവിയിലെ പൗഡറിട്ട മുഖത്തിന്റെ ഗ്ലാമറും പരിചയവും ഒരു അധികയോഗ്യതയായി എന്നു മാത്രം.

മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുന്ന കാലത്ത് 1993-94ല്‍ കെ.എസ്.യുവിന്റെ പാനലില്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി വിജയിച്ചയാളാണ് നികേഷ്. അന്ന് നികേഷിനെതിരെ എസ്.എഫ്.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് എന്റെ സുഹൃത്തും ഇപ്പോള്‍ കൈരളി ടിവി മാര്‍ക്കറ്റിങ് വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ ബി.സുനില്‍ എന്ന ‘ഡിങ്കന്‍’ സുനിലാണ്. സുനിലിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നതുകൊണ്ട് നികേഷിന്റെ രീതികള്‍ അറിയാം. അന്ന് രാഘവന്‍ യു.ഡി.എഫ്. സര്‍ക്കാരില്‍ സി.എം.പിയുടെ പ്രതിനിധിയായ മന്ത്രിയാണ്. ഡി.എസ്.എഫ്. ആണ് സി.എം.പിയുടെ വിദ്യാര്‍ത്ഥി സംഘടന. എന്നിട്ടും നികേഷ് മത്സരിച്ചത് കെ.എസ്.യു. സ്ഥാനാര്‍ത്ഥിയായി.

സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോള്‍ അഴീക്കോട് നിയമസഭാ മണ്ഡലത്തിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. രാഘവന്റെ പഴയ തട്ടകത്തില്‍ മത്സരിക്കാനാണ് നികേഷിന് താല്പര്യം. മുസ്‌ലിം ലീഗിലെ കെ.എം.ഷാജിയാണ് അവിടത്തെ സിറ്റിങ് എം.എല്‍.എ. കഴിഞ്ഞ തവണ വളരെ നേരിയ ഭൂരിപക്ഷത്തിനാണ് ഷാജി രക്ഷപ്പെട്ടതെന്ന വസ്തുത നികേഷിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതേസമയം നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യാന്‍ സി.പി.എം. മണ്ഡലം കമ്മിറ്റി പോലും ചേര്‍ന്നിട്ടില്ലെന്ന് ചില വിരുതന്മാര്‍ വാര്‍ത്തയെഴുതുന്നു. നികേഷിനോടുള്ള എതിര്‍പ്പാണ് കാരണമെന്നാണ് വിശദീകരണം! സി.എം.പി. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സി.പി.എം. മണ്ഡലം കമ്മിറ്റി ചേരേണ്ട സാഹചര്യമെന്താണ് സര്‍?

ഇതാണ് നികേഷിന്റെ കളി. നിയമസഭയിലേക്കു മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ സി.പി.എം. സ്വതന്ത്രനായിട്ടായിരിക്കുമെന്ന് നികേഷ് പലരോടും പറഞ്ഞതായിട്ടാണ് അറിവ്. വലുതിനോട് ഒട്ടി നില്‍ക്കാനാണ് പണ്ടു മുതല്‍ക്കേ അദ്ദേഹത്തിനു താല്പര്യം. പക്ഷേ, അതിനു സി.പി.എം. വഴങ്ങണം. അഴീക്കോട് സി.എം.പി. അരവിന്ദാക്ഷന്‍ വിഭാഗത്തിനു വേണ്ടി ഇടതു മുന്നണി നീക്കിവെച്ചിരിക്കുന്ന സീറ്റാണ്. നികേഷ് മത്സരിക്കുന്നുണ്ടെങ്കില്‍ ആ പാര്‍ട്ടിയുടെ ലേബലിലാണ് വരേണ്ടത്. പക്ഷേ, നികേഷാണ്. എന്തും സംഭവിക്കാം. സ്വതന്ത്രവേഷം സി.പി.എമ്മിനെക്കൊണ്ട് നികേഷ് അംഗീകരിപ്പിച്ചെടുത്താല്‍ ഞാന്‍ അത്ഭുതപ്പെടില്ല.

ഇനി ആറന്മുളയില്‍ പരിഗണിക്കപ്പെടുന്ന വീണാ ജോര്‍ജ്ജിന്റെ കാര്യം. 2012 സെപ്റ്റംബറില്‍ ഇന്ത്യാവിഷനില്‍ ജോലിക്കു ചേര്‍ന്നപ്പോഴാണ് വീണയെ പരിചയപ്പെട്ടത്. രണ്ടര വര്‍ഷത്തോളം ഞങ്ങള്‍ ഒരു സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തു. പിന്നീട് അവര്‍ ടിവി ന്യൂവിലും അവിടെ നിന്ന് റിപ്പോര്‍ട്ടറിലും എത്തി. ഇന്ത്യാവിഷന്‍ ഇപ്പോള്‍ സംപ്രേഷണമില്ലെങ്കിലും ഞാന്‍ സ്ഥാപനത്തില്‍ നിന്നിതുവരെ രാജിവെച്ചിട്ടില്ല. ഒപ്പം ജോലി ചെയ്തിട്ടുള്ള അനുഭവത്തില്‍ നിന്നു പറയാം, വീണയ്ക്ക് പ്രത്യേകിച്ചെന്തെങ്കിലും രാഷ്ട്രീയാഭിമുഖ്യം ഉള്ളതായി തോന്നിയിട്ടില്ല. തനിക്കു മുന്നില്‍ വരുന്ന വിഷയത്തില്‍ ആരുടെ പക്ഷത്താണോ ന്യായം, ആ പക്ഷത്ത് ചേരുകയാണ് അവരുടെ രീതി. അതങ്ങനെ തന്നെയാണ് വേണ്ടതും.

പിന്നെങ്ങനെ വീണയുടെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവന്നു. അവിടെയാണ് ക്രൈസ്തവ സഭാ രാഷ്ട്രീയത്തിന്റെ റോള്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധിയെന്ന നിലയിലാണ് വീണയുടെ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കപ്പെടുന്നത്. വീണയുടെ ഭര്‍ത്താവ് ഡോ.ജോര്‍ജ്ജ് ജോസഫ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അസോസിയേഷന്‍ സെക്രട്ടറിയാണ്. വീണയുടെ അമ്മ മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറാണ്. കൈപ്പട്ടൂര്‍ സ്വദേശിനിയായ വീണയ്ക്ക് ആറന്മുളയില്‍ വന്‍ ബന്ധുബലമുണ്ട്. വീണയുടെ സ്ഥാനാര്‍ത്ഥിത്വവും മാധ്യമപ്രവര്‍ത്തക എന്ന അക്കൗണ്ടിലല്ല എന്നു സാരം. ടിവിയിലൂടെ എല്ലാവര്‍ക്കും പരിചിതയാണ് എന്ന വസ്തുത അവരെ മുന്നോട്ടുനിര്‍ത്താന്‍ സഭയെ പ്രേരിപ്പിച്ചിട്ടുണ്ടാവണം. സി.പി.എമ്മിന്റെ താല്പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടാവണം. സ്വീകരിക്കുന്ന നിലപാടിനൊത്ത് ഉറച്ചുനില്‍ക്കുക എന്നത് വീണയുടെ സ്വഭാവമാണ്. വരുംകാലത്ത് വീണ സി.പി.എമ്മിന്റെ ശക്തരായ ഗണത്തിലേക്കുയര്‍ന്നാല്‍ ഞാന്‍ അത്ഭുതപ്പെടില്ല.

ആറന്മുളയിലെ സിറ്റിങ് എം.എല്‍.എ. കെ.ശിവദാസന്‍ നായരും ബി.ജെ.പി. സ്ഥാനാര്‍ത്ഥി എം.ടി.രമേശുമാണ്. ഇരുവരിലുമായി ഹൈന്ദവ വോട്ടുകള്‍ വിഘടിച്ചു പോകുമ്പോള്‍ സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിലൂടെ വീണയുടെ ജയവും തങ്ങള്‍ക്കൊരു സീറ്റും സി.പി.എമ്മിലെ ചില നേതാക്കള്‍ സ്വപ്‌നം കാണുന്നു. ഏതായാലും ഇക്കാര്യത്തില്‍ അന്തിമതീരുമാനം വരാനിരിക്കുന്നതേയുള്ളൂ.

നികേഷിന്റെയും വീണയുടെയും സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പരിഗണിക്കപ്പെടുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ പല വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങളുമായി ആളുകള്‍ നിരന്നുകഴിഞ്ഞു. ഇനി മത്സരിച്ചില്ലെങ്കിലോ? പരാജയമാണ് ഇവരെ കാത്തിരിക്കുന്നതെങ്കിലോ? അപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന ലേബല്‍ പ്രശ്‌നമാവുന്നത്. പഴയ ലാവണത്തിലേക്കു തിരിച്ചുവരേണ്ടി വന്നാല്‍ നിഷ്പക്ഷതയുടെ മുഖം ഇവരുടെ മുഖത്ത് ഉറയ്ക്കാന്‍ വലിയ പാടായിരിക്കും. അവര്‍ എത്ര ആത്മാര്‍ത്ഥമായി പരിശ്രമിച്ചാലും നിഷ്പക്ഷത അംഗീകരിക്കാന്‍ സമൂഹം തയ്യാറാവണമെന്നില്ല. അവര്‍ നയിക്കുന്ന ചര്‍ച്ചയില്‍ യു.ഡി.എഫിനോ ബി.ജെ.പിക്കോ എതിരെ ഒരു പരാമര്‍ശമുണ്ടായാല്‍ -അതു ശരിയാണെങ്കില്‍ പോലും -മറുപക്ഷത്തുള്ളവര്‍ക്ക് രാഷ്ട്രീയപ്രേരിതം എന്നു ചൂണ്ടിക്കാട്ടി രക്ഷപ്പെടാം.

ഫലത്തില്‍ നികേഷിനും വീണയ്ക്കും ഇത് നഷ്ടക്കച്ചവടമായേക്കാം, വിജയദേവത അനുഗ്രഹിച്ചില്ലെങ്കില്‍. മത്സരിച്ചു ജയിച്ചാല്‍ പ്രശ്‌നമില്ല എന്നു മാത്രമല്ല വന്‍ നേട്ടവുമാണ്. എല്ലാ എം.എല്‍.എമാരും ആഗ്രഹിക്കുന്നത് വാര്‍ത്തയില്‍ നിറയാനാണ്, സഭയുടെ മേശപ്പുറത്ത് കയറിയിട്ടായാലും. ഇവര്‍ക്ക് അത്തരമൊരു പരിശ്രമത്തിന്റെയും ആവശ്യം വരില്ല. കൃത്യമായി വാര്‍ത്ത വന്നുകൊണ്ടിരിക്കും. ഞങ്ങളുടെ സഹപ്രവര്‍ത്തകരോട് ഞങ്ങള്‍ക്കൊരു പ്രത്യേക ഇതുണ്ട്, യേത്!!

മറ്റെല്ലാ രംഗത്തുമുള്ളവര്‍ക്ക് രാഷ്ട്രീയത്തിലിറങ്ങാമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ടായിക്കൂടാ എന്നു പലരും ചോദിക്കുന്നുണ്ട്. സിനിമാനടന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാലും തോറ്റാലും വീണ്ടും സിനിമയില്‍ അഭിനയിക്കാം. വലിയ മാറ്റമൊന്നും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല. പക്ഷേ, മാധ്യമപ്രവര്‍ത്തകരുടെ കാര്യം അങ്ങനെയാണോ? നിങ്ങള്‍ പറയൂ…

Previous articleസാബു എന്റെ കൂട്ടുകാരനാണ്
Next articleകണ്ണന്‍ രാഖിയുടെ കണ്ണിലൂടെ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here