Reading Time: 3 minutes

തിരഞ്ഞെടുപ്പ് പ്രവചനം ഒരു പരിധി വരെ ശാസ്ത്രമാണ്. മുന്‍കാല ചരിത്രവും കണക്കുകളും നിലവിലുള്ള സാഹചര്യവുമെല്ലാം കൂട്ടിക്കിഴിച്ചുള്ള നിഗമനം. 10 ശതമാനം വരെയാണ് പിഴവിനുള്ള സാദ്ധ്യത. പക്ഷേ, നേമത്തെ സംബന്ധിച്ചിടത്തോളം ഒരു നേരിയ പിഴവ് പോലും വളരെ ഫലത്തില്‍ വലുതാകുന്നു. കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു തിരിച്ചെത്തുമ്പോള്‍ എല്‍.ഡി.എഫിന് കുറഞ്ഞത് 86 സീറ്റുകള്‍ കിട്ടുമെന്നാണ് ഞാന്‍ കൂട്ടിയത്. എങ്ങോട്ടു വേണമെങ്കിലും മറിയാന്‍ സാദ്ധ്യതയുള്ള 16 മണ്ഡലങ്ങള്‍ വേറെയുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. 80 സീറ്റുകള്‍ കിട്ടിയാല്‍ ഭാഗ്യം എന്ന് എല്‍.ഡി.എഫ്. നേതാക്കള്‍ തന്നെ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുമ്പോഴായിരുന്നു എന്റെ അല്പം കടന്ന പ്രവചനം. ബി.ജെ.പി. അക്കൗണ്ട് തുറക്കാന്‍ സാദ്ധ്യതയില്ലെന്നും ഞാന്‍ വിലയിരുത്തി.

RAJAGOPAL

എല്‍.ഡി.എഫിന് ഉറപ്പിച്ച 86 മണ്ഡലങ്ങളില്‍ മൂന്നെണ്ണം എന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു -നേമം, കോവളം, പെരുമ്പാവൂര്‍. ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്ന പ്രവചനവും പാളി. പക്ഷേ, ബി.ജെ.പിയെ സംബന്ധിച്ച എന്റെ പ്രവചനം പാളിയത് നേമത്തല്ല, മറിച്ച് മഞ്ചേശ്വരത്താണ്. അവിടെ വെറും 89 വോട്ടിനു തോറ്റ കെ.സുരേന്ദ്രനാണ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ അക്കൗണ്ട് തുറന്നത്. നേമത്ത് ഒ.രാജഗോപാലിനു ലഭിച്ചപോലുള്ള സഹായമൊന്നും അവിടെ സുരേന്ദ്രന് ലഭിച്ചില്ല. സുരേന്ദ്രന്റെ അപരനായ കെ.സുന്ദര 467 വോട്ട് നേടിയത് എടുത്തു പറയണം. സുരേന്ദ്രന്‍ ജയിക്കാതിരിക്കാന്‍ സി.പി.എം. ആവശ്യമുള്ള മുന്‍കരുതലെടുത്തതായും പറയുന്നു. അപ്പോള്‍പ്പിന്നെ സുരേന്ദ്രന്‍ തന്നെയാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ പോരാളി. ബി.ജെ.പി. അക്കൗണ്ട് തുറക്കാന്‍ സാദ്ധ്യതയില്ലെന്ന വിലയിരുത്തലിലേക്കു നയിച്ച കാരണങ്ങളെല്ലാം അതേപടി നിലനില്‍ക്കുമ്പോള്‍ തന്നെ മഞ്ചേശ്വരം വേറിട്ടുനില്‍ക്കുന്നു. പക്ഷേ ബി.ജെ.പി. രണ്ടക്കം തികയ്ക്കും, 22 സീറ്റ് നേടും എന്നൊക്കെ വെല്ലുവിളിച്ച സുഹൃത്തുക്കളോട് അന്നും ഇന്നും സഹതാപം മാത്രം.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് നേമം. ഇടത് -വലത് മുന്നണികള്‍ക്കു തോള്‍ ചേര്‍ന്ന് ബി.ജെ.പിയും നിന്ന ത്രികോണപോരില്‍ ആര് ലക്ഷ്യം കാണുമെന്നത് പ്രവചനാതീതമായിരുന്നു. ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ സി.പി.എമ്മിലെ വി.ശിവന്‍കുട്ടിക്ക് അന്തിമഫലം വന്നപ്പോള്‍ കാലിടറി. താമര വിരിഞ്ഞു. ബി.ജെ.പിയിലെ രാജഗോപാല്‍ ജയിച്ചത് 8,671 വോട്ടുകള്‍ക്ക്. വി.സുരേന്ദ്രന്‍ പിള്ളയാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെന്ന് ഞാന്‍ വിളിച്ചറിയിക്കുമ്പോള്‍ ശിവന്‍കുട്ടിയുടെ ആദ്യ പ്രതികരണം ഓര്‍ത്തുപോകുന്നു -‘ഓ, അപ്പോള്‍ നമുക്ക് ജോലി കൂടും. കോണ്‍ഗ്രസ് മത്സരിക്കുന്നു എന്നാ കേട്ടിരുന്നത്. കോണ്‍ഗ്രസ്സായിരുന്നെങ്കില്‍ നമുക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു.’ ആ വിലയിരുത്തല്‍ അന്തിമവിശകലനത്തില്‍ സത്യമായി.

തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പുവരെ എല്‍.ഡി.എഫിന്റെ സര്‍ക്കാര്‍വിരുദ്ധ സമരങ്ങളില്‍ ശിവന്‍കുട്ടിക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നിന്ന വി.സുരേന്ദ്രന്‍ പിള്ള പക്ഷം മാറി ജെ.ഡി.യുവിന്റെ പേരില്‍ യു.ഡി.എഫ്. പട നയിക്കാനെത്തിയത് പലരുടെയും പുരികം ചുളിച്ചിരുന്നു. 1984ല്‍ പുനലൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി സുരേന്ദ്രന്‍ പിള്ള ജയിച്ചിട്ടുണ്ട്. ‘തറവാട്ടില്‍ മടങ്ങിയെത്തി അല്ലേ’ എന്നാണ് ഇക്കുറി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച ശേഷം കണ്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തോട് ചോദിച്ചത്. എന്നാല്‍, സുരേന്ദ്രന്‍ പിള്ളയെ വരത്തനായിട്ടു തന്നെയാണ് നേമത്തെ കോണ്‍ഗ്രസ്സുകാര്‍ കണ്ടത്. വോട്ടിങ്ങില്‍ അതു പ്രതിഫലിക്കുകയും ചെയ്തു.

രാജഗോപാലിനും ശിവന്‍കുട്ടിക്കും ലഭിച്ച വോട്ടുകള്‍ പരിഗണിക്കും മുമ്പ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന്‍ പിള്ളയ്ക്കു കിട്ടിയ വോട്ടുകള്‍ നോക്കണം -13,860. ഏറ്റവും കുറഞ്ഞത് 25,000 കോണ്‍ഗ്രസ്സുകാരെങ്കിലും ഉള്ള മണ്ഡലമാണ് നേമം. ശിവന്‍കുട്ടി യുഗത്തിനു മുമ്പ് മൂന്നു തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് ജയിച്ച മണ്ഡലം. പക്ഷേ, സുരേന്ദ്രന്‍ പിള്ള എന്തുകൊണ്ടോ വളരെ പിന്നില്‍ പോയി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ചാരുപാറ രവിക്ക് കിട്ടിയത് 20,248 വോട്ടുകള്‍. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ശശി തരൂര്‍ അത് 32,639 വോട്ടുകളാക്കി ഉയര്‍ത്തി. 2015ലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വോട്ട് വീണ്ടു കുറഞ്ഞു -26,035 വോട്ടുകള്‍. ഈ കണക്കുകള്‍ പ്രകാരം സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്താവുമെന്ന് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു. പക്ഷേ, വോട്ട് ഇത്രയും താഴെപ്പോകുമെന്ന് ആരും കരുതിയില്ല. സംസ്ഥാനത്ത് യു.ഡി.എഫിന് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ച മണ്ഡലമായി നേമം മാറി. നേമത്തെ സംബന്ധിച്ച എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത് ഇതാണ്.

2011ല്‍ ലഭിച്ച 50,076 വോട്ടുകള്‍ ഇത്തവണ ശിവന്‍കുട്ടി 59,142 ആക്കി ഉയര്‍ത്തിയിട്ടും ജയിക്കാനായില്ല. 2011ലെ 43,661 വോട്ടുകള്‍ രാജഗോപാല്‍ ഇക്കുറി 67,813 വോട്ടുകളാക്കി ഉയര്‍ത്തിയതാണ് കാരണം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 50,685 വോട്ടുകള്‍ നേടിയത് 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 42,124 വോട്ടുകളായി കുറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. നിര്‍ത്തിയ നാടാര്‍ സ്ഥാനാര്‍ത്ഥിയുടേത് പേമെന്റ് സീറ്റാണെന്ന വിവാദം ബി.ജെ.പിക്ക് ഗുണം ചെയ്തതാണ് വോട്ടുയരാന്‍ കാരണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആ നേട്ടം നിലനില്‍ക്കാന്‍ സ്വാഭാവികമായും സാദ്ധ്യതയുണ്ടായിരുന്നില്ല. എന്നാല്‍, ഈ നഷ്ടം നികത്തി ലീഡെടുത്ത് രാജഗോപാല്‍ ജയിച്ചുകയറി. 2011ല്‍ 6,415 വോട്ടിന് രാജഗോപാല്‍ തോറ്റിടത്ത് 2016ല്‍ 8,671 വോട്ടുകള്‍ക്ക് ജയിച്ചു.

സാമുദായിക താല്‍പര്യങ്ങളും അടിയൊഴുക്കുകളും നിര്‍ണായകമായ നേമം മണ്ഡലത്തില്‍ നായര്‍ സമുദായമാണ് ഭൂരിപക്ഷം -22 ശതമാനം. 18 ശതമാനം ഈഴവരും 10 ശതമാനം പട്ടികജാതി വിഭാഗക്കാരുമുണ്ട്. എന്നാല്‍, 20 ശതമാനമുള്ള മുസ്‌ലിം വോട്ടുകളാണ് 2011ലെ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. ഇത്തവണ സാമുദായിക പരിഗണനകള്‍ കവച്ചുവെയ്ക്കുന്ന തലത്തിലേക്ക് അടിയൊഴുക്കുകള്‍ പ്രാധാന്യം നേടി. യു.ഡി.എഫിന് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച എം.എല്‍.എമാരില്‍ ഒരാളായ ശിവന്‍കുട്ടിയെ ഇനി നിയമസഭ കാണിക്കരുതെന്ന് കോണ്‍ഗ്രസ്സുകാര്‍ തീരുമാനിച്ചിരുന്നു. സുരേന്ദ്രന്‍ പിള്ളയ്ക്കു വോട്ടു ചെയ്തതുകൊണ്ട് ആ തീരുമാനം പ്രാവര്‍ത്തികമാവുമായിരുന്നില്ല. ശിവന്‍കുട്ടിയെ തോല്‍പ്പിക്കാന്‍ സാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് അവര്‍ വോട്ടുചെയ്തു. മറുഭാഗത്ത്, ഇതു തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ച രാജഗോപാലിനോടുള്ള സഹതാപവും വോട്ടുകളായി മാറിയപ്പോള്‍ താമര വിരിഞ്ഞു.

തിരഞ്ഞെടുപ്പ് ദിനത്തില്‍ പലയിടത്തും യു.ഡി.എഫിന്റെ ബൂത്തുകള്‍ കാണാതായപ്പോള്‍ തന്നെ ശിവന്‍കുട്ടി പരാജയം മണത്തിരുന്നു എന്നാണ് അറിവ്. എങ്കിലും സി.പി.എമ്മിന്റെ കണക്കുപ്രകാരം 500 മുതല്‍ 1,000 വരെ വോട്ടുകള്‍ക്ക് ജയിച്ചുകയറും എന്നു തന്നെയായിരുന്നു. അടിയൊഴുക്കിന്റെ പ്രഹരശേഷി വിലയിരുത്തുന്നതില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍, നേമത്തെ ഓരോ സ്പന്ദനവും പെട്ടെന്നു തിരിച്ചറിയുന്ന ശിവന്‍കുട്ടിയുടെ വിലയിരുത്തല്‍ സത്യമായി.

ഒരു പക്ഷേ, പുതിയ സര്‍ക്കാരിലെ ഒരു മന്ത്രിയെയാണ് നേമത്തുകാര്‍ തോല്‍പ്പിച്ചുകളഞ്ഞത്. വികസനം ഉയര്‍ത്തിക്കാട്ടി രാജഗോപാലും ബി.ജെ.പിയും വീണ്ടും വോട്ടു നേടാതിരിക്കാന്‍ എല്‍.ഡി.എഫ്. ശ്രദ്ധിക്കുമെന്നതുറപ്പ്. രാഷ്ട്രീയത്തിനതീതമായ വികസനം കേരളത്തില്‍ ഇന്നുവരെ നടന്നിട്ടില്ല, നടക്കുകയുമില്ല. അങ്ങനെ വരുമ്പോള്‍ എം.എല്‍.എ. ഫണ്ടില്‍ മാത്രമായി നേമത്തെ വികസനം ഒതുങ്ങും. ഇനി നരേന്ദ്ര മോദിയുടെ കാരുണ്യത്താല്‍ നേരിട്ടു നടപ്പാക്കാന്‍ സാധിക്കുന്ന കേന്ദ്ര പദ്ധതികളില്‍ മാത്രമാണ് നേമത്തിന്റെ വികസനപ്രതീക്ഷ.

അന്തിമ വിലയിരുത്തല്‍ ഇത്രമാത്രം. കേരളത്തിന്റെ വടക്കു ഭാഗത്ത് താമര വിരിയാതിരിക്കാന്‍ എല്‍.ഡി.എഫ്. ശ്രദ്ധിച്ചു. എന്നാല്‍, കേരളത്തിന്റെ തെക്കു ഭാഗത്ത് താമര വിരിയിക്കാന്‍ യു.ഡി.എഫ്. സഹായിച്ചു. ക്രോസ് വോട്ട് ഒരു സങ്കല്പമല്ല, യാഥാര്‍ത്ഥ്യമാണ്. സുരേന്ദ്രന്റെ നഷ്ടം രാജഗോപാലിന്റെ നേട്ടമായി.

നേമത്തെ പുതിയ എം.എല്‍.എ. ഒ.രാജഗോപാലിന് മണ്ഡലത്തിലെ ഒരു പ്രജയുടെ ആശംസകള്‍.

Previous articleരാമന്റെ പാലം തേടി
Next article‘വൃദ്ധന്‍’ വിശ്രമിക്കട്ടെ!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here