പോരാട്ടത്തിന്റെ പ്രതീകമാണയാള്‍ -സാന്റിയാഗോ. പോരാടാന്‍ നമ്മെ പ്രേരിപ്പിക്കുന്നവന്‍. 84 ദിവസം ഒരു മീന്‍ പോലും കിട്ടാതെ കടലില്‍ അലഞ്ഞുതിരിഞ്ഞ് മടങ്ങേണ്ടി വന്നിട്ടും നിറഞ്ഞ പ്രതീക്ഷയോടെ 85-ാം ദിവസവും കടലില്‍ പോകുന്ന മുക്കുവന്‍. കടലിനോടു മല്ലിടുന്ന കടല്‍ക്കിഴവന്‍.
സാന്റിയാഗോ ഒരു പ്രതീകമാണ്. തളരാത്ത പോരാട്ടവീര്യത്തിന്റെ പ്രതീകം. സാന്റിയാഗോയുടെ ലക്ഷ്യം വെറും മോഹം മാത്രമാണെന്നു ചിലപ്പോള്‍ തോന്നിക്കും. വലിയ മോഹം ചിലപ്പോള്‍ മതിഭ്രമത്തിന്റെ ഘട്ടത്തിലേക്കു വളരുന്നുമുണ്ട്. പക്ഷേ, വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ പ്രതീക്ഷ കൈവിടാതെ അയാള്‍ പരിശ്രമം തുടരുന്നു. അതില്‍ വിജയിക്കുന്നു.
പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തിന്റെയും ഉറവ വറ്റാത്ത അത്യുത്സാഹത്തിന്റെയും മാതൃകയാണ് സാന്റിയാഗോ. വല്ലാത്തൊരു ഊര്‍ജ്ജമാണ് അയാള്‍ പകര്‍ന്നത്. പരാജയപ്പെടും എന്നു ചുറ്റുമുള്ള മഹാഭൂരിപക്ഷവും ഇതിനകം വിലയിരുത്തിയ ഒരു ലക്ഷ്യം എനിക്കുമുണ്ട്. ആ ലക്ഷ്യത്തിനായി തുടര്‍ന്നും ശ്രമിക്കാന്‍ സാന്റിയാഗോ പ്രേരകമായി. ഒരു പക്ഷേ, എന്റെ മുന്നില്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാലാവാം ആ ലക്ഷ്യം മാത്രം പിന്തുടരുന്നത്. സാന്റിയാഗോയും അതുപോലെ ആയിരുന്നു. സാന്റിയാഗോ പറഞ്ഞതു തന്നെ ഇപ്പോള്‍ ഞാനും ഉച്ചത്തില്‍ പറയുന്നു -‘സ്രാവുകളേ നിങ്ങള്‍ക്കെന്നെ കൊല്ലാം. പക്ഷേ, തോല്‍പ്പിക്കാനാവില്ല’.
1954ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹമായ ഏണസ്റ്റ് ഹെമിങ്‌വേയുടെ വിഖ്യാത കൃതി ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ’ വായിക്കാത്തവര്‍ അപൂര്‍വ്വം. അതിനാല്‍ സാന്റിയാഗോയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇപ്പോള്‍ സാന്റിയാഗോ മനസ്സിലേക്ക് പെട്ടെന്ന് ഓടിക്കയറിയതൊന്നുമല്ല. സാന്റിയാഗോയെ ഞാന്‍ കണ്ടു, അയാളുടെ വികാരങ്ങള്‍ അനുഭവിച്ചു -നാടകത്തിലായിരുന്നു എന്നു മാത്രം.
തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ ഭാഗമായാണ് റിമംബ്രന്‍സ് തിയേറ്റര്‍ ഗ്രൂപ്പ് ‘കിഴവനും കടലും’ വേദിയിലെത്തിച്ചത്. സാന്റിയാഗോയുടെ രൂപഭാവങ്ങളും മനോവ്യാപാരങ്ങളും മികച്ച രീതിയില്‍ പ്രേക്ഷകരിലേക്കു സംവദിപ്പിക്കാന്‍ പി.ടി.മനോജ് എന്ന നടന് അനായാസം സാധിച്ചു. മനോലിനെ അവതരിപ്പിച്ച ഫര്‍സീനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തീര്‍ത്തും ആഹ്ലാദകരമായ ഒരു നാടകാനുഭവം. എന്നാല്‍, ഏറ്റവും പ്രധാന ഘടകം സംവിധാനമികവ് തന്നെയായിരുന്നു.
നാടകത്തിന്റെ എല്ലാ വിഭാഗങ്ങളും പരസ്പര പൂരകങ്ങളായിരുന്നു. അതിന്റേതായ മികവും പ്രകടമായിരുന്നു. എങ്കിലും എനിക്ക് അല്പം ഇഷ്ടപ്പെടാതെ പോയത് വെളിച്ചവിന്യാസമാണ്. ആ ഇഷ്ടക്കേട് വ്യക്തിനിഷ്ഠമാവാം. സാങ്കേതികമായ പരിമിതിയാണോ എന്നുമറിയില്ല. വേദിയില്‍ രാത്രിയും പകലും തെളിയുന്നതനുസരിച്ച് വെളിച്ചത്തിലും അല്പം കൂടി മാറ്റം വരുത്താമായിരുന്നു എന്നു തോന്നി. ചിലപ്പോഴൊക്കെ വെളിച്ചം കൂടിയത് ദൃശ്യമികവിനെ ബാധിക്കുകയും ചെയ്തു.
റാന്തലിന്റെ ഉപയോഗം തന്നെ ഉദാഹരണം. സന്ധ്യ വരുമ്പോള്‍ ഇടയ്ക്ക് സാന്റിയാഗോ റാന്തല്‍ കത്തിക്കുന്നുണ്ട്. പിന്നീട് സാന്റിയാഗോയും മനോലിനും റാന്തലിന്റെ തിരി താഴ്ത്തിവെച്ച് ഉറങ്ങാന്‍ പോകുന്നുമുണ്ട്. വെളിച്ചം കൃത്യമായി ഉപയോഗിച്ചിരുന്നുവെങ്കില്‍ അതിമനോഹരമായ ദൃശ്യമൊരുക്കാന്‍ സാദ്ധ്യതയുള്ള രംഗം. എന്നാല്‍, സ്‌റ്റേജിലേക്ക് പൂര്‍ണ്ണ തോതില്‍ ജ്വലിച്ചു നിന്ന പ്രകാശം റാന്തലിന്റെ സാന്നിദ്ധ്യം അപ്രസക്തമാക്കി.
എന്തായാലും, നാടകത്തിന്റെ പൂര്‍ണ്ണത തീര്‍ച്ചയായും സംവിധായകന്റെ കഴിവാണ്. നാടകത്തിന്റെ എല്ലാ ഘടകങ്ങളും വേണ്ടവിധം സംയോജിപ്പിച്ച് മികച്ചൊരു സൃഷ്ടി വേദിയില്‍ അവതരിപ്പിക്കുന്നതിന്റെ മികവ് സംവിധായകനു സ്വന്തം. ആ നിലയില്‍ ശശിധരന്‍ നടുവില്‍ തീര്‍ച്ചയായും വലിയൊരു കൈയടി അര്‍ഹിക്കുന്നു.
പക്ഷേ, ശശിധരന്‍ എന്റെ ബഹുമാനം പിടിച്ചുപറ്റിയത് നാടകാവതരണത്തിന്റെ പേരില്‍ മാത്രമല്ല. തന്റെ സഹപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ പേരില്‍ കൂടിയാണ്. നാടകത്തിനു ശേഷം അതുമായി ബന്ധപ്പെട്ടവരെ പരിചയപ്പെടുത്തുന്ന, അവരുമായി ആശയവിനിമയം നടത്തുന്ന പതിവുണ്ട് തിയേറ്റര്‍ ഒളിമ്പിക്‌സില്‍. അതിന്റെ ഭാഗമായാണ് ശശിധരന്‍ വേദിയിലെത്തിയത്.
‘കിഴവനും കടലും’ കഴിഞ്ഞയുടനെ തന്നെ അതിലെ കലാകാരന്മാരുടെ പേരു പറഞ്ഞ് പതിവുപോലെ പരിചയപ്പെടുത്തിയിരുന്നു. ആ പരിചയപ്പെടുത്തലിന്റെ ഏറ്റവും ഒടുവിലാണ് സംവിധായകന്‍ എത്തിയത്. അദ്ദേഹം ആദ്യം ചെയ്തത് തന്റെ ടീമംഗങ്ങളെ വീണ്ടും പരിചയപ്പെടുത്തുക എന്നതാണ്. ആ പരിചയപ്പെടുത്തലിന് ഓരോ വ്യക്തിയുമായും ശശിധരനുള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. ഓരോരുത്തരെയും തന്നോട് ചേര്‍ത്തു പിടിച്ച്, അയാളുടെ കഴിവ് എടുത്തുപറഞ്ഞ്, തന്റെ ടീമിന് ആ വ്യക്തി എത്രമാത്രം അവിഭാജ്യനാണെന്ന് അവര്‍ത്തിച്ചുറപ്പിച്ച് പരിചയപ്പെടുത്തല്‍.
ശശിധരന്റെ ഊഷ്മളത അഭിനയമായിരുന്നില്ല എന്ന് മറ്റെയാളുടെ പ്രതികരണത്തില്‍ നിന്നു വ്യക്തം. ടീം ക്യാപ്റ്റനായ സംവിധായകന്‍ നല്ലതു പറയുമ്പോള്‍ കൂടെ പ്രവര്‍ത്തിക്കുന്നയാളിലേക്ക് പ്രസരിപ്പിക്കപ്പെടുന്ന ഊര്‍ജ്ജവും ആത്മവിശ്വാസവും ചെറുതല്ല. പിന്നീട് ചോദ്യങ്ങള്‍ക്കുത്തരം നല്‍കുമ്പോഴും എല്ലാ മികവും ടീമംഗങ്ങളുടെ മികവായി കാണിക്കാന്‍ സംവിധായകന്‍ ശ്രമിച്ചു. അതിനാല്‍ത്തന്നെയാണ് മറ്റു പല അവതരണങ്ങളില്‍ നിന്നു വ്യത്യസ്തമായി റിമംബ്രന്‍സ് തിയേറ്റര്‍ സംഘം ഒരു കുടംബത്തെപ്പോലെ തോന്നിച്ചത്. ശശിധരന്‍ കുടുംബനാഥനും.
കഴിഞ്ഞ 35 വര്‍ഷമായി സജീവ നാടകപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണ് ശശിധരന്‍. ഇതുവരെ 12 നാടകങ്ങളില്‍ അഭിനയിച്ചു. 27 നാടകങ്ങള്‍ രചിച്ചു. 400ലധികം നാടകങ്ങള്‍ സംവിധാനം ചെയ്തു. 300ലധികം തവണ മികച്ച സംവിധായകനുള്ള പുരസ്‌കാരങ്ങള്‍ നേടി. ഇതിനെല്ലാമപ്പുറം, ശശിധരന്‍ എന്ന വിനയാന്വിതനായ മനുഷ്യന് വിലയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. നാടകമുള്‍പ്പെടെ ഏതു മേഖലയിലും ഒരു പദ്ധതി വിജയിക്കണമെങ്കില്‍ ടീം ക്യാപ്റ്റന് തന്റെ ഒപ്പമുള്ളവരില്‍ വിശ്വാസമുണ്ടാവണം. അതില്ലെങ്കില്‍, എത്ര മികവ് കൈമുതലായുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. പൊളിഞ്ഞു പാളീസാകും.
തന്റെ നാടകം മികച്ചതാകുന്നെങ്കില്‍ അതിനു കാരണം കൂടെയുള്ളവരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറയുന്നത് വ്യത്യസ്തത തന്നെയാണ്. ‘ഞാന്‍, ഞാന്‍ മാത്രം…’ എന്ന് ഉദ്‌ഘോഷിക്കുന്ന സംവിധായകര്‍ വാഴുന്ന കാലത്ത് ശശിധരനെപ്പോലൊരാള്‍ എങ്ങനെ വ്യത്യസ്തനല്ലാതാവും? തന്നെപ്പുകഴത്തുന്ന പൊണ്ണപ്പോഴന്മാര്‍ക്കിടയില്‍ ശശിധരന്‍ നമ്മുടെ ബഹുമാനം സ്വയം ആര്‍ജ്ജിക്കുന്നു. ആ മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് കാരണം ഈ സ്വയാര്‍ജ്ജിത ബഹുമാനം തന്നെയാവും, തീര്‍ച്ച.