HomeECONOMYചില ഡോളര്‍ ചി...

ചില ഡോളര്‍ ചിന്തകള്‍

-

Reading Time: 5 minutes

1999 ജൂണില്‍ മാതൃഭൂമി പത്രത്തില്‍ ജോലിക്കു കയറുമ്പോള്‍ കെ.കെ.ശ്രീധരന്‍ നായരായിരുന്നു പത്രാധിപര്‍. മാസങ്ങള്‍ക്കകം കെ.ഗോപാലകൃഷ്ണന്‍ പത്രത്തിന്റെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു. ശ്രീധരന്‍ നായര്‍ മാതൃഭൂമി കുടുംബത്തിലെ ആനുകാലികങ്ങളുടെ മാത്രം പത്രാധിപരായി. ഗോപാല്‍ജി പത്രത്തെ അടിമുടി ഉടച്ചുവാര്‍ത്തു. പത്രത്തിന്റെ പ്രചാരം 3 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി വര്‍ദ്ധിച്ചത് അടുത്തുനിന്നു കാണാനും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും സാധിച്ചുവെന്നത് ചെറിയ കാര്യമായിരുന്നില്ല. ഇത്ര വലിയൊരു വളര്‍ച്ചാതോത് ഗോപാല്‍ജിയുടെ പത്രാധിപകാലത്തിനു മുമ്പോ ശേഷമോ മാതൃഭൂമിക്കുണ്ടായിട്ടില്ല. മലയാള മനോരമ അടക്കമുള്ള മറ്റു പത്രങ്ങള്‍ക്കും ചുരുങ്ങിയ കാലയളവില്‍ ഇത്ര ശരവേഗ വളര്‍ച്ച ഉണ്ടായിട്ടില്ല എന്നാണ് എന്റെ അറിവ്.

Dollar Rupee (2).JPG

ഗോപാല്‍ജിയുടെ വരവോടെയുണ്ടായ മാറ്റങ്ങളുടെ ഭാഗമായാണ് പത്രത്തിനോടനുബന്ധിച്ച് ടാബ്ലോയ്ഡുകള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചു തുടങ്ങിയത്. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന 8 പേജ് ധനകാര്യം തിങ്കളാഴ്ചകളിലും തമാശകള്‍ ഉള്‍ക്കൊള്ളിച്ച 4 പേജ് നര്‍മ്മഭൂമി വെള്ളിയാഴ്ചകളിലും പത്രത്തിനൊപ്പം പുറത്തിറങ്ങി. ഇതില്‍ ധനകാര്യത്തിലെ സ്ഥിരം പംക്തികാരനായിരുന്നു ഞാന്‍ -മണി മാര്‍ക്കറ്റ്. അന്താരാഷ്ട്ര നാണ്യവിപണിയില്‍ ഡോളറുമായുള്ള വിനിമയത്തില്‍ ഒരാഴ്ചയ്ക്കിടെ രൂപയ്ക്കുണ്ടാവുന്ന വ്യതിയാനങ്ങള്‍ അവലോകനം ചെയ്യുന്ന ചെറുകുറിപ്പ്.

പത്രത്തിന്റെ ഒന്നാം പേജില്‍ മെയിന്‍ സ്റ്റോറികള്‍ ഉള്‍പ്പെടെ ധാരാളം ബൈലൈനുകള്‍ വന്നിട്ടുണ്ടെങ്കിലും ഏറെക്കാലം ആളുകള്‍ -ബന്ധുക്കള്‍ ഉള്‍പ്പെടെ -എന്നെ തിരിച്ചറിഞ്ഞിരുന്നത് മണി മാര്‍ക്കറ്റ് എഴുതുന്ന ശ്യാംലാല്‍ എന്ന പേരിലായിരുന്നു. അങ്ങനെ അറിയപ്പെടുന്നതില്‍ എനിക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം. വലിയ അദ്ധ്വാനം ആവശ്യമില്ലാത്ത ഒരു തട്ടിക്കൂട്ട് പരിപാടിയായിരുന്നു ആ പംക്തി. അല്പം ശ്രമിച്ചാല്‍ ആര്‍ക്കും എഴുതാം. ഒരു കുറിപ്പിന് വെറും 150 രൂപ പ്രതിഫലം. വിരക്തി സ്വാഭാവികം. എങ്കിലും സര്‍വ്വശക്തനായ പത്രാധിപരുടെ മാനസസന്തതിയിലെ സ്ഥിരം പംക്തികാരന്‍ എന്ന പദവി സ്ഥാപനത്തിനുള്ളില്‍ നേടിത്തന്നിരുന്ന സുരക്ഷിതത്വം നഷ്ടപ്പെടുത്താതിരിക്കാന്‍ എഴുത്ത് തുടര്‍ന്നു.

dollar.jpg

2009ന്റെ തുടക്കത്തില്‍ ഗോപാല്‍ജി മാതൃഭൂമിയോട് വിടവാങ്ങി. എം.കേശവ മേനോന്‍ ആയിരുന്നു പകരക്കാരന്‍. ഗോപാല്‍ജി വരുത്തിയ പരിഷ്‌കാരങ്ങള്‍ മുഴുവന്‍ പൊളിച്ചെഴുതുക എന്നത് എന്തുകൊണ്ടോ അപ്പോഴേക്കും മാനേജ്‌മെന്റിന് വാശിയായി മാറിയിരുന്നു. ഒരു പക്ഷേ, ഗോപാല്‍ജിയുടെ പുറത്തുപോകലിലേക്കു നയിച്ച ഭിന്നതയുടെ അനുരണനങ്ങളായിരിക്കാം. പൊളിച്ചെഴുത്ത് നടപ്പാക്കാനുള്ള ചുമതല സ്വാഭാവികമായും കേശവ മേനോനായിരുന്നു. ടാബ്ലോയ്ഡുകള്‍ നിര്‍ത്തുക എന്നതായിരുന്നു ആദ്യ മാറ്റം. പക്ഷേ, ധനകാര്യം തുടര്‍ന്നു, പത്രത്തിനുള്ളിലേക്ക് കയറിക്കൂടുന്ന രൂപമാറ്റത്തോടെ. തിങ്കളാഴ്ച തോറും പത്രത്തിന്റെ ഒരു പേജില്‍ ഇന്നും അത് തുടരുന്നു. ധനകാര്യത്തിന്റെ പുതിയ രൂപത്തില്‍ പംക്തികള്‍ ഇല്ലാതായി. മണി മാര്‍ക്കറ്റ് എന്ന വിശേഷണം എന്റെ പേരില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുശേഷം അങ്ങനെ ഒഴിവായി. എങ്കിലും രൂപയും ഡോളറും യൂറോയുമൊന്നും ഉപേക്ഷിച്ചില്ല. എഴുത്തില്ലാത്തതിനാല്‍ കുറിപ്പെടുക്കുന്ന സ്വഭാവം വിട്ടു. 2012 സെപ്റ്റംബറില്‍ ഞാന്‍ മാതൃഭൂമിയും വിട്ടു.

Rupee.jpeg

നാണ്യവിപണിയുമായി ബന്ധപ്പെട്ട് ചില പ്രശസ്ത വിദേശമാധ്യമങ്ങളില്‍ വന്ന കുറിപ്പുകള്‍ അടുത്തിടെ വായിക്കാനിടയായതാണ് വീണ്ടും ഈ വിഷയത്തിലുള്ള എഴുത്തിലേക്കു തിരിയാന്‍ പ്രേരണയായത്. ഇനിയുള്ള നാളുകളില്‍ നാണ്യവിപണിയിലെ വ്യതിയാനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ആ കുറിപ്പുകള്‍ വിരല്‍ചൂണ്ടി. ഞാന്‍ മണി മാര്‍ക്കറ്റ് കൈകാര്യം ചെയ്തിരുന്ന കാലത്ത് ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ‘ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു’ എന്ന് എഴുതേണ്ടി വന്നിരുന്നു. അപൂര്‍വ്വമായി മാത്രമാണ് മൂല്യമുയരുക. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. എന്നാല്‍, കാര്യങ്ങള്‍ മാറിമറിയുകയാണോ എന്ന സംശയം ഉയര്‍ന്നിരിക്കുന്നു. ‘ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം’ എന്നു നമുക്ക് സ്ഥിരമായി വാര്‍ത്തയെഴുതി തുടങ്ങാറായിരിക്കുന്നു.

2008 മുതല്‍ 2014 വരെ ഡോളറിനെതിരെ രൂപയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ച്ച തന്നെയായിരുന്നു. ഇന്ത്യയുടെ ധനകമ്മിയും വ്യാപാരകമ്മിയും വര്‍ദ്ധിച്ചതാണ് ഈ തകര്‍ച്ചയ്ക്കു കാരണം. സര്‍ക്കാരിന്റെ വരുമാനത്തെക്കാള്‍ ചെലവു വര്‍ദ്ധിക്കുന്നതാണ് ധനക്കമ്മി. വന്‍കിടക്കാര്‍ക്ക് ചട്ടവിരുദ്ധമായി നികുതിയിളവുകള്‍ അനുവദിച്ചതും അഴിമതിയുടെ ഭാഗമായി കല്‍ക്കരിപ്പാടം, സ്‌പെക്ട്രം മുതലായ പൊതുസമ്പത്ത് തത്ത്വദീക്ഷയില്ലാതെ വിറ്റഴിച്ചതും ധനകമ്മി വര്‍ദ്ധിക്കാന്‍ കാരണമായി. വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ ബോണ്ടുകള്‍ പുറത്തിറക്കിയ സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്ന് കടമെടുത്തു. ഇത്തരത്തില്‍ സര്‍ക്കാര്‍ ധാരാളം കടമെടുക്കുമ്പോള്‍ ആഗോള തലത്തില്‍ രാജ്യത്തിന്റെ ക്രഡിറ്റ് റേറ്റിങ് ഇടിയും.

Dollar Rupee (1).jpg

ധനകമ്മി പോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യാപാരകമ്മി. ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണിത്. കയറ്റുമതിയെക്കാള്‍ ഇറക്കുമതിയുടെ അളവ് വര്‍ദ്ധിക്കുന്നതാണ് വ്യാപാരകമ്മിയിലേക്കു നയിക്കുന്നത്. മികച്ച വ്യാപാരമിച്ചമുള്ള രാജ്യത്തിന്റെ ഉദാഹരണമായി ജപ്പാനെ ഉയര്‍ത്തിക്കാട്ടാം. അവിടെ ഇറക്കുമതിയുടെ അളവിനെക്കാള്‍ വളരെ കൂടുതലാണ് കയറ്റുമതി. അസംസ്‌കൃത എണ്ണ, സ്വര്‍ണ്ണം, കല്‍ക്കരി എന്നിവ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ വന്‍തുക ചെലവിടുന്നുണ്ട്. ഈ ഇടപാടുകളെല്ലാം ഡോളറിലാണ് നടക്കുന്നത്. ഡോളറിന് വന്‍ ആവശ്യമുണ്ടാവുമ്പോള്‍ സ്വാഭാവികമായും രൂപയുടെ വിലയിടിയും. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വര്‍ദ്ധന ഇവിടെ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കു കാരണമാവുന്നത് അതിനാലാണ്.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. കല്‍ക്കരിപ്പാടം, സ്‌പെക്ട്രം തുടങ്ങിയവ പോലെ ലക്ഷക്കണക്കിന് കോടികള്‍ മറിയുന്ന അഴിമതി വാര്‍ത്തകള്‍ നിന്നു എന്നത് ചെറിയ കാര്യമല്ല. നടപ്പാക്കിയ രീതിയിലെ പാളിച്ച നിമിത്തം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായി എങ്കിലും നോട്ട് പിന്‍വലിക്കലും സാമ്പത്തികനില മെച്ചപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടുമാത്രം ഇന്ത്യയുടെ ധനകമ്മിയില്‍ 1.50 ലക്ഷം കോടിയുടെ കുറവാണുണ്ടായിട്ടുള്ളത്. അതിന് പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ല -വരവ് കൂട്ടി ചെലവ് കുറച്ചു. അത്രമാത്രം. വോട്ട് നേടുക എന്ന ലക്ഷ്യത്തോടെ വന്‍കിട പദ്ധതികളൊന്നും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. പകരം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കാര്‍ഷിക കടാശ്വാസം പോലുള്ളവ പിഴവുകള്‍ക്കുള്ള പഴുതടച്ച് കാര്യക്ഷമമാക്കി നടപ്പാക്കാന്‍ നടപടി സ്വീകരിച്ചു.

Rupee.jpg

ഇന്ധനസബ്‌സിഡിയിലെ മാറ്റം തന്നെയാണ് കാര്യക്ഷമതയ്ക്ക് ഏറ്റവും വലിയ ഉദാഹരണം. പാചകവാതകത്തിനും മണ്ണെണ്ണയ്ക്കുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി നേരിട്ട് ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കെത്തിക്കുന്ന നടപടിക്ക് വലിയ പ്രാധാന്യമൊന്നും നമ്മള്‍ കല്പിക്കുന്നില്ല. എന്നാല്‍, ഇടനിലക്കാര്‍ തട്ടിയെടുത്തിരുന്ന കോടികള്‍ ഇതുവഴി സര്‍ക്കാര്‍ ഖജനാവില്‍ തന്നെ പിടിച്ചുനിര്‍ത്താനായി എന്നത് എത്രപേര്‍ക്കറിയാം? രാജ്യതലസ്ഥാനമെന്ന നിലയില്‍ ഡല്‍ഹിയിലെ കണക്കുകളാണല്ലോ എളുപ്പം ലഭ്യമാവുക. 2016 വരെ ഡല്‍ഹിക്കാര്‍ പ്രതിവര്‍ഷം കത്തിച്ചിരുന്നത് 900 കോടി രൂപയുടെ മണ്ണെണ്ണയാണ്. എന്നാല്‍, ആധാര്‍ കാര്‍ഡ് മുഖേന ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്‌സിഡി ലഭ്യമാക്കി തുടങ്ങിയപ്പോള്‍ ഡല്‍ഹിയുടെ വാര്‍ഷിക മണ്ണെണ്ണ ചെലവ് എത്രയെന്നറിയാമോ? 500 കോടി. ഒരു നഗരത്തിലെ മാത്രം ചെലവില്‍ 400 കോടി രൂപയുടെ കുറവ്. ഡല്‍ഹിയില്‍ ഗാര്‍ഹികാവശ്യത്തിന് സബ്‌സിഡി നിരക്കില്‍ വിറ്റഴിച്ചിരുന്ന മണ്ണെണ്ണയുടെ ഭൂരിഭാഗവും എത്തിയിരുന്നത് പെട്രോള്‍ പമ്പുടമകളുടെയും ചെറുകിട വ്യവസായികളുടെയും ലാഭവിഹിതത്തിലായിരുന്നു. ഇത്തരത്തില്‍ എണ്ണയ്ക്കും പാചകവാതകത്തിനുമുള്ള സബ്‌സിഡി വിതരണം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ എന്ന സംവിധാനത്തിലൂടെ നേരിട്ടായപ്പോള്‍ സര്‍ക്കാരിനു പ്രതിവര്‍ഷം ലാഭം 74,000 കോടി രൂപ. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ നല്‍കിയ ലാഭവും ഇതില്‍പ്പെടും.

Dollar Rupee (6)

2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ നികുതി പിരിവ് 18 ശതമാനം കണ്ട് വര്‍ദ്ധിച്ചു. കഴിഞ്ഞ 7 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്നുള്ള ലാഭവും കൂടിയായപ്പോള്‍ നേട്ടം ഉറച്ചു. വ്യാപാരകമ്മി കുറയ്ക്കാനും ക്രിയാത്മക നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. എണ്ണയ്ക്ക് ആവശ്യമായ ഡോളറിന്റെ അളവില്‍ സ്വാഭാവിക കുറവുണ്ടായി. സമ്പാദ്യമായി സ്വര്‍ണ്ണക്കട്ടികളും ആഭരണങ്ങളും വാങ്ങി ലോക്കറില്‍ വെയ്ക്കുന്ന രീതിക്കു മാറ്റം വരുത്താന്‍ സ്വര്‍ണ ബോണ്ടുകളും ഓഹരി വിപണി മുഖേന ക്രയവിക്രയം ചെയ്യാവുന്ന സ്വര്‍ണ്ണ ഫണ്ടുകളും ഏര്‍പ്പെടുത്തി. രണ്ടു വര്‍ഷം മുമ്പത്തെ അവസ്ഥയെ അപേക്ഷിച്ച് ഇന്ത്യയുടെ ഡോളര്‍ ആവശ്യം ഇത്തരം നടപടികളുടെ ഫലമായി തുലോം കുറഞ്ഞു. തല്‍ഫലമായി വ്യാപാരകമ്മിയില്‍ 4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ഡോളറിനെതിരെ രൂപ കരുത്താര്‍ജ്ജിക്കുന്നത് സ്വാഭാവികം.

സാമ്പത്തികരംഗത്തെ മാറ്റങ്ങള്‍ പകര്‍ന്ന കരുത്ത് അടുത്ത 5 വര്‍ഷത്തേക്കെങ്കിലും ഇന്ത്യയെ സുസ്ഥിര വികസന കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ കടുത്ത അസ്ഥിരത നിലനില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം. ഇതു കാരണം ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ വിദേശ നിക്ഷേപകര്‍ വരി നില്‍ക്കുകയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം വിദേശ നിക്ഷേപകര്‍ 4,000 കോടി ഡോളര്‍ ഇന്ത്യയില്‍ മുതല്‍മുടക്കിക്കഴിഞ്ഞു. ഇന്ത്യയുടെ വ്യാപാരകമ്മി പൂര്‍ണ്ണമായി ഒഴിവാക്കാനാവശ്യമായ തുക വരുമിത്! നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ 25 ശതമാനം വിദേശ നിക്ഷേപകരുടെ നിയന്ത്രണത്തിലാണ്. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളിലൂടെ ഇന്ത്യക്കാര്‍ നടത്തിയിടുള്ള നിക്ഷേപം വെറും 15 ശതമാനം മാത്രമാണെന്നതും ചിന്ത്യം. ഇന്ത്യന്‍ വിപണിയില്‍ ഇന്ത്യക്കാരെക്കാള്‍ വിദേശികള്‍ വിശ്വാസമര്‍പ്പിക്കുന്ന അവസ്ഥ!!

graphics rup doll.gif

ഒരു ഡോളര്‍ ലഭിക്കാന്‍ ഇപ്പോള്‍ നല്‍കേണ്ടത് 64.6893 രൂപ. 2006ല്‍ ഒരു ഡോളറിന് വില 49 രൂപ മാത്രമായിരുന്നു. ഡോളറില്‍ സമ്പാദ്യം സൂക്ഷിച്ചിരുന്നവര്‍ക്ക് ലോട്ടറി. ഓരോ വര്‍ഷവും അവരുടെ സമ്പാദ്യത്തിന്റെ മൂല്യം 7 ശതമാനം കണ്ട് വര്‍ദ്ധിച്ചുവന്നു. പക്ഷേ, ഇനിയും അങ്ങനെ തുടര്‍ന്നാല്‍ പണി പാളുമെന്നു തന്നെയാണ് സൂചനകള്‍. നിക്ഷേപങ്ങള്‍ ഡോളറില്‍ നിന്ന് രൂപയിലേക്കു മാറ്റുന്നതാണ് ബുദ്ധി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ രൂപ മറ്റു കറന്‍സികള്‍ക്കെതിരെ 5 ശതമാനം കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ഇനിയും കരുത്താര്‍ജ്ജിക്കാതിരിക്കാന്‍ കാരണമൊന്നും തല്‍ക്കാലം കാണുന്നില്ല. ഒരു ഡോളര്‍ ലഭിക്കാന്‍ 7 രൂപ മാത്രം നല്‍കേണ്ടിയിരുന്ന കാലത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. അത്രയ്‌ക്കൊന്നും എത്തിയില്ലെങ്കിലും ഡോളര്‍ വില 27 രൂപയെങ്കിലുമായി കുറഞ്ഞാല്‍ പിന്നെ ഇന്ത്യയെ പിടിച്ചാല്‍ കിട്ടില്ല. അഴിമതി തടഞ്ഞാല്‍ മാത്രം മതി, ഇത് കൈവരിക്കാന്‍.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks