Reading Time: 7 minutes

‘പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്നു. അതോടെ സ്‌കൂട്ടര്‍ ഒതുക്കിവെച്ചു, യാത്ര ബസ്സിലാക്കി. കുട്ടികളുടെ പഠനച്ചെലവുകള്‍ ഞങ്ങളുടെ കീശ കാലിയാക്കി. എന്നിട്ടും പിടിച്ചുനിന്ന് കാര്യങ്ങള്‍ മുന്നോട്ടുനീക്കി. പക്ഷേ, ദിവസേനയെന്നോണം എല്ലാ അവശ്യസാധനങ്ങളുടെയും വില കൂടിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കും? അവര്‍ക്കെന്ത് ഭക്ഷണം കൊടുക്കും? അടിക്കടി വിലക്കയറ്റം സൃഷ്ടിക്കുന്നവരേ.. ജനങ്ങള്‍ നിങ്ങളോടു പൊറുക്കില്ല.’

ഒരു വീട്ടമ്മയുടെ വാക്കുകള്‍. സര്‍ക്കാരിനെതിരായ പ്രതിഷേധം പ്രകടമാക്കുന്ന പരസ്യമാണ്. പരസ്യം കണ്ടു നോക്കൂ. എന്നിട്ടാകാം ചര്‍ച്ച.

വീഡിയോയിലെ വീട്ടമ്മയുടെ വാക്കുകള്‍ മാത്രം കണ്ടാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ആരും പറയും. എന്നാല്‍, സംഗതി അതല്ല. ഇത് ബി.ജെ.പിയുടെ പരസ്യമാണ്. അല്പം പഴയതാണെന്നേയുള്ളൂ -2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലുള്ളത്. ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’ എന്ന പരസ്യ പരമ്പരയില്‍പ്പെട്ടത്. പരസ്യത്തില്‍ ഇത്ര കൂടിയുണ്ട് -‘വരൂ ദുരവസ്ഥയില്‍ മാറ്റമുണ്ടാക്കാം. രാജ്യത്തെ സര്‍ക്കാരിനെ മാറ്റാം. ഭാജപായ്ക്ക് വോട്ടു നല്‍കൂ. ഇത്തവണ മോദി സര്‍ക്കാര്‍.’

പരസ്യത്തില്‍ പറഞ്ഞ പോലെ രാജ്യത്തെ അവസ്ഥയില്‍ മാറ്റമുണ്ടായോ? ഇല്ല തന്നെ. ഇന്ധനവില വര്‍ദ്ധനയും തല്‍ഫലമായി രാജ്യത്തുണ്ടായിരിക്കുന്ന വിലക്കയറ്റവും മാത്രമാണ് പ്രതിപാദ്യ വിഷയം. ഇന്ധനവില കുറച്ച് ജനപ്രീതി പിടിച്ചുപറ്റുന്നതിലെ രാഷ്ട്രീയ നേട്ടത്തെക്കാള്‍ വില കുറയ്ക്കാതെ രാജ്യത്തിന്റെ ഭദ്രത ഉറപ്പാക്കുന്നതിലെ സാമ്പത്തിക നേട്ടത്തെപ്പറ്റി ന്യായീകരണത്തൊഴിലാളികള്‍ ഉദ്‌ഘോഷിക്കുന്നുണ്ട്. പക്ഷേ, economic correctness stands above political correctness എന്ന വാദം മന്‍മോഹന്‍ സര്‍ക്കാര്‍ രാജ്യം ഭരിച്ചപ്പോള്‍ ഭാജപാ അംഗീകരിച്ചില്ലല്ലോ? വെറുമൊരു സാധാരണക്കാരനായ എനിക്ക് ജി.ഡി.പി. വളര്‍ന്നോ പിളര്‍ന്നോ തളര്‍ന്നോ എന്നതൊന്നും പ്രശ്‌നമല്ല, സര്‍. എന്റെ കീശയില്‍ എന്തു വീഴുന്നു അത് ഏതൊക്കെ വഴിയില്‍ ചോരുന്നു എന്നതു മാത്രമാണ് പ്രശ്‌നം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാജപാ പറഞ്ഞത് അതാണ്. മോദിക്ക് ജനങ്ങള്‍ വോട്ടു ചെയ്തത് ആ വാക്കുകള്‍ വിശ്വസിച്ചിട്ടാണ്.

 • 2017 ജൂലൈ 5 -പെട്രോള്‍ ലിറ്ററിന് 67.01 രൂപ
 • 2017 ജൂലൈ 26 -പെട്രോള്‍ ലിറ്ററിന് 68.56 രൂപ
 • 2017 ജൂലൈ 31 -ഡീസല്‍ ലിറ്ററിന് 60.66 രൂപ
 • 2017 ഓഗസ്റ്റ് 15 -ഡീസല്‍ ലിറ്ററിന് 62.39 രൂപ
 • 2017 സെപ്റ്റംബര്‍ 1 -പെട്രോള്‍ ലിറ്ററിന് 73.20 രൂപ
 • 2017 സെപ്റ്റംബര്‍ 1 -ഡീസല്‍ ലിറ്ററിന് 62.68 രൂപ
 • 2017 സെപ്റ്റംബര്‍ 19 -പെട്രോള്‍ ലിറ്ററിന് 74.37 രൂപ
 • 2017 സെപ്റ്റംബര്‍ 19 -ഡീസല്‍ ലിറ്ററിന് 63.93 രൂപ

കാറിലും ബൈക്കിലുമൊക്കെ ഇന്ധനമടിക്കുന്ന ബില്ലുകള്‍ ഒരു താരതമ്യത്തിനു വേണ്ടി സൂക്ഷിച്ചുവെയ്ക്കുക എന്നത് ശീലമാണ്. വെറുതെ ഒരു രസം. ഇത്തവണ അതു പ്രയോജനപ്പെട്ടു. മുകളില്‍ കൊടുത്തിരിക്കുന്ന വിലകള്‍ എന്റെ കൈവശമുള്ള ബില്ലുകളില്‍ നിന്ന് പകര്‍ത്തിയതാണ്. ഈ വിലകള്‍ വിലയിരുത്തിയാല്‍ മതി, കാര്യങ്ങളുടെ പോക്ക് എങ്ങോട്ടേക്കാണെന്ന് പെട്ടെന്നു മനസ്സിലാക്കാം. പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ജനങ്ങള്‍ സ്വന്തം നിലയ്ക്ക് കഴിഞ്ഞ ദിവസം കരിദിനമാചരിച്ചത് വെറുതെയല്ല. ഇന്ധനവില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടും ഒരു രാഷ്ട്രീയകക്ഷിയും പ്രതിഷേധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ സ്വയം പ്രതിഷേധവുമായി രംഗത്തുവന്നത്. അത് എത്രമാത്രം വിജയമായിരുന്നു എന്ന വിലയിരുത്തലിന് തല്‍ക്കാലം പ്രസക്തിയില്ല തന്നെ. കാരണം കരിദിനത്തില്‍ പങ്കാളികളാകാത്തവര്‍ മുഴുവന്‍ ഇന്ധനവില വര്‍ദ്ധനയെ അനുകൂലിക്കുന്നവരാണ് എന്ന് അര്‍ത്ഥമില്ലല്ലോ.

കറുത്ത ബാഡ്ജ്, കറുത്ത വസ്ത്രം, വാഹനങ്ങളില്‍ കറുത്ത കൊടി, സമൂഹമാധ്യമങ്ങളില്‍ കറുത്ത പ്രൊഫൈല്‍ ചിത്രം, പൊതു സ്ഥലങ്ങളില്‍ കറുത്ത ബാഡ്ജ് വിതരണം, പെട്രോള്‍ പമ്പില്‍ വാഹന ഉടമകള്‍ക്ക് കറുത്ത ബാഡ്ജ് വിതരണം, കറുത്ത കൊടി, കുട എന്നിവ പിടിച്ചുനില്‍ക്കല്‍, കുട്ടികള്‍ക്ക് സ്‌കൂള്‍ യൂണിഫോമില്‍ കറുത്ത ബാഡ്ജ് കുത്തിവിടല്‍ തുടങ്ങി പല രൂപത്തില്‍ പ്രതിഷേധം അരങ്ങേറി. പലയിടത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു. കരിദിനത്തില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിച്ചില്ല. പക്ഷേ, കരിദിനം സംബന്ധിച്ച പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ പരമാവധി പേരില്‍ എത്തിയിരുന്നു. ഈ കരിദിനം ഇന്നിന്റെ ആവശ്യമാണെന്നു ചിന്തിക്കുന്നവര്‍ സഹകരിച്ചു. സഹകരിക്കാത്തവര്‍ 100 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോളടിക്കട്ടെ, നട്ടെല്ലില്ല എന്ന് സ്വയം പ്രഖ്യാപിക്കട്ടെ എന്നായിരുന്നു ആഹ്വാന സന്ദേശത്തിലുണ്ടായിരുന്നത്. അതു തന്നെ ജനകീയപ്രതിരോധത്തിന്റെ ഒരു നല്ല തുടക്കമാണ്. ലിംഗ, മത, രാഷ്ട്രീയ വേര്‍തിരിവുകളില്ലാത്ത പ്രതിഷേധം.

പെട്രോളിയം വിലവര്‍ദ്ധന പിന്‍വലിക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ 2012 ജൂണ്‍ 22ന് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ച്

എണ്ണവില നിര്‍ണ്ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു വഴിവെച്ചതെന്ന് എല്ലാവർക്കുമറിയാം. 2010ലാണ് എണ്ണവില നിര്‍ണ്ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ മന്‍മോഹന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അന്ന് പെട്രോള്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്കു നല്‍കുമ്പോള്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത് അന്താരാഷ്ട്ര വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ രാജ്യത്തും പ്രതിഫലിക്കും എന്നായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടിയപ്പോള്‍ ഇന്ത്യയിലെ ചില്ലറ വിലയും കൂടി. പക്ഷേ, അവിടെ കുറഞ്ഞപ്പോള്‍ അത് ഇവിടെ കണ്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് എണ്ണ വാങ്ങി കുറഞ്ഞ വിലയ്ക്ക് ഇവിടെ വില്‍ക്കേണ്ടി വരുമ്പോഴുണ്ടാവുന്ന നഷ്ടം പരിഹരിക്കുക എന്നതാണ് വിലനിയന്ത്രണം എടുത്തുകളയുന്നതിലൂടെ ലക്ഷ്യമിട്ടത്. പെട്രോളിനുള്ള വിലനിയന്ത്രണം മാത്രം എടുത്തുകളഞ്ഞതുകൊണ്ട് പെട്രോളിയം കമ്പനികളുടെ അവസ്ഥയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് 2013ല്‍ ഡിസലിനുള്ള നിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിച്ചു, പൂര്‍ണ്ണതോതില്‍ അല്ലെങ്കിലും. ഓരോ മാസവും 50 പൈസ വീതം ഡീസല്‍ വില വര്‍ദ്ധിപ്പിക്കുകയായിരുന്നു പരിപാടി.

എന്നാല്‍, 2014 മെയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഡീസല്‍ വിലനിയന്ത്രണം പൂര്‍ണമായി എടുത്തുമാറ്റാന്‍ 2014 സെപ്റ്റംബറില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ രണ്ടാഴ്ച കൂടുമ്പൊഴും വില പുനര്‍നിര്‍ണയിക്കുക എന്ന പുതിയ സംവിധാനം നിലവില്‍ വന്നു. ഇത് ഓരോ ദിവസവും അന്നന്നത്തെ വില നിര്‍ണ്ണയിക്കുന്ന രീതിയിലേക്ക് 2017 ജൂണ്‍ 16ന് മാറ്റി. ഇതോടെ എണ്ണക്കമ്പനികള്‍ തോന്നിയപോലെ വില നിര്‍ണ്ണയിക്കുന്ന രീതി വന്നു. റിലയന്‍സ് പോലുള്ള വന്‍കിടക്കാരെ സഹായിക്കാനാണ് ഈ നടപടിയുണ്ടായതെന്ന ആരോപണം അത്ര എളുപ്പത്തില്‍ തള്ളിക്കളയാവുന്നതല്ല. കണക്കുകള്‍ ആ സംശയം ശരിവെയ്ക്കുന്നുണ്ട്.

ഡോ.മന്‍മോഹന്‍ സിങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണ്ണയത്തില്‍ സമൂലമായ പരിഷ്‌കാരം ഉണ്ടായതെന്നതില്‍ തര്‍ക്കമില്ല. 2004ലാണ് മന്‍മോഹന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നത്. അന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 30 ഡോളര്‍, ഇന്ത്യയില്‍ പെട്രോളിന് വില ലിറ്ററിന് 33.70 രൂപ, ഡീസലിന് വില ലിറ്ററിന് 21.70 രൂപ. 2014ല്‍ മന്‍മോഹന്‍ പ്രധാനമന്ത്രി പദമൊഴിയുമ്പോള്‍ അന്താരാഷ്ട എണ്ണവില വീപ്പയ്ക്ക് 115.29 ഡോളര്‍, ഇന്ത്യയില്‍ പെട്രോളിന് വില ലിറ്ററിന് 72.40 രൂപ, ഡീസലിന് വില ലിറ്ററിന് 54.30 രൂപ. പിന്നെ നരേന്ദ്ര മോദി യുഗമാണ്. എന്തുകൊണ്ടാണെന്നറിയില്ല മോദി ഇന്ത്യയില്‍ ഭരണത്തിലേറിയതോടെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുത്തനെ ഇടിഞ്ഞുതുടങ്ങി. പക്ഷേ, ഇന്ത്യയില്‍ വലിയ ഫലമുണ്ടായില്ല. ആദ്യഘട്ടത്തില്‍ ചില ഇളവുകള്‍ ജനങ്ങള്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും ഈ കുറിപ്പിന്റെ തുടക്കത്തിലെ പരസ്യത്തിലുള്ള വാക്കുകള്‍ മോദിയും ഭാജപായും സൗകര്യപൂര്‍വ്വം മറന്നു. 2015ല്‍ അന്താരാഷ്ട എണ്ണവില വീപ്പയ്ക്ക് 46.59 ഡോളര്‍, ഇന്ത്യയില്‍ പെട്രോളിന് വില ലിറ്ററിന് 58.90 രൂപ, ഡീസലിന് വില ലിറ്ററിന് 46.59 രൂപ. 2016ല്‍ അന്താരാഷ്ട എണ്ണവില വീപ്പയ്ക്ക് 26.00 ഡോളര്‍, ഇന്ത്യയില്‍ പെട്രോളിന് വില ലിറ്ററിന് 59.40 രൂപ, ഡീസലിന് വില ലിറ്ററിന് 45.00 രൂപ.

ഇനി ഇപ്പോഴത്തെ സ്ഥിതി നോക്കാം. 2017 സെപ്റ്റംബര്‍ 23ന് അന്താരാഷ്ട എണ്ണവില വീപ്പയ്ക്ക് 50.50 ഡോളര്‍, ഇന്ത്യയില്‍ പെട്രോളിന് വില ലിറ്ററിന് 74.39 രൂപ, ഡീസലിന് വില ലിറ്ററിന് 63.96 രൂപ!! മന്‍മോഹന്‍ പ്രധാനമന്ത്രി പദമൊഴിയുമ്പോള്‍ ഉണ്ടായിരുന്നതിന്റെ പകുതിയില്‍ താഴെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര എണ്ണവിലയെങ്കിലും ഇന്ത്യയിലെ പെട്രോള്‍ -ഡീസല്‍ വില അന്നത്തേിനെക്കാള്‍ വളരെ കൂടുതലാണ്!!! ഇപ്പോഴത്തെ എണ്ണവിലയെ വേണമെങ്കില്‍ 2007ലെ അവസ്ഥയുമായി താരതമ്യം ചെയ്യാം. അന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇപ്പോഴത്തേതിനു സമാനമായി വീപ്പയ്ക്ക് 52.62 ഡോളര്‍. ഇന്ത്യയിലെ പെട്രോള്‍ വില ലിറ്ററിന് 42.90 രൂപയും ഡീസലിന് വില ലിറ്ററിന് 30.80 രൂപയും. ഡോളറിനെതിരെ രൂപയുടെ വിലയിടിവ് കൂടി പരിഗണിച്ചാല്‍ പരമാവധി 5 രൂപ കൂട്ടി ഇപ്പോഴും പെട്രോള്‍ -ഡീസല്‍ വില്പന നടത്താം. എന്നാല്‍, അന്നത്തേതിനെ അപേക്ഷിച്ച് പെട്രോളിന് 31.49 രൂപയും ഡീസലിന് 33.16 രൂപയും ഇപ്പോള്‍ അധികം ഈടാക്കുന്നു. എന്താണ് ഈ വര്‍ദ്ധനയ്ക്കു കാരണം?

കൈയടി നേടാവുന്ന ജനപ്രിയ നടപടികളെക്കാള്‍ രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നു എന്നതിനാലാണ് ഇന്ധനവില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതെന്ന് ന്യായീകരണത്തൊഴിലാളികള്‍ പറയുന്നു. സാമ്പത്തികഭദ്രയ്ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയിരുന്നുവെങ്കില്‍ റിലയന്‍സ് അടക്കമുള്ള വന്‍കിടക്കാരില്‍ നിന്നു പിരിച്ചെടുക്കാനുള്ള ലക്ഷക്കണക്കിനു കോടി രൂപയുടെ കുടിശ്ശിക കണ്ടില്ലെന്നു നടിച്ച് മിണ്ടാതിരിക്കുമായിരുന്നാ? നമുക്കു മുന്നില്‍ ഏറ്റവും വലിയ ഉദാഹരണമായി വിജയ് മല്ല്യ ഉണ്ടല്ലോ. മല്ല്യമാരെ തുണയ്ക്കാന്‍ സര്‍ക്കാര്‍ നമ്മള്‍ സാധാരണക്കാരെ പിഴിയുന്നു. എങ്ങനെയെന്നല്ലേ, പറയാം.

ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയായി നമ്മള്‍ നല്‍കുന്നതില്‍ 57 ശതമാനം സര്‍ക്കാര്‍ നികുതിയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ 55 ശതമാനമാണ് സര്‍ക്കാര്‍ നികുതിവിഹിതം. ഇതില്‍ കേന്ദ്ര -സംസ്ഥാന നികുതികള്‍ ഉള്‍പ്പെടുന്നു. 2014ല്‍ മന്‍മോഹന്‍ അധികാരമൊഴിയുമ്പോള്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.20 രൂപയായിരുന്നുവെങ്കില്‍ ഇന്നത് 21.86 രൂപയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ 3 വര്‍ഷം കൊണ്ട് പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ വരുത്തിയ വര്‍ദ്ധന 133 ശതമാനം. ഡീസലിന്റെ അവസ്ഥയും സമാനം തന്നെ. 2014ല്‍ 3.46 രൂപയായിരുന്ന എക്‌സൈസ് തീരുവ ഇപ്പോള്‍ 17.33 രൂപയാണ്. മോദിയുടെ വക വര്‍ദ്ധന 400 ശതമാനം!! എക്‌സൈസ് തീരുവ ഇതുവരെ 16 തവണ പരിഷ്‌കരിച്ചുകഴിഞ്ഞു.

കേരള സര്‍ക്കാരിന്റെ നികുതിബാദ്ധ്യതയാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ വാദം. ഒരു ലിറ്റര്‍ പെട്രോളിന് 34 രൂപ സംസ്ഥാന നികുതിയുണ്ടെന്ന് അടുത്തിടെ ഒരു സുഹൃത്ത് തര്‍ക്കിച്ചു. എന്നാല്‍, ഇതു ശരിയല്ല. പെട്രോളിന് സംസ്ഥാന നികുതി 31.8 ശതമാനവും ഡീസലിന് 24.1 ശതമാനവുമാണ്. ഇപ്പോഴത്തെ നിലയില്‍ പെട്രോളിന് 17.54 രൂപയും ഡീസലിന് 11.71 രൂപയും സംസ്ഥാന നികുതി വരും. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഒരിക്കല്‍പോലും കേരളം ഇന്ധനത്തിന്മേലുള്ള സംസ്ഥാന നികുതി വര്‍ദ്ധിച്ചിപ്പിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാര്‍ പിരിക്കുന്ന നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുകൊടുക്കുന്നതായും ന്യായീകരണ തൊഴിലാളികള്‍ വാദിക്കുന്നുണ്ട്. ഇന്ധനവില വര്‍ദ്ധന കൊണ്ട് നേട്ടമുണ്ടാക്കുന്നത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണെന്നാണ് ഈ വാദത്തിന്റെ അര്‍ത്ഥം. ഇതിന്റെ ഒരു ഭാഗം മാത്രം ശരിയാണ്, 14-ാം ധനകാര്യ കമ്മീഷന്‍ തീരുമാനമനുസരിച്ച് കേന്ദ്ര നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കണം എന്നുണ്ട്. അത് മുഴുവനായി കിട്ടുന്നു എന്ന വാദം തെറ്റാണ്. പെട്രോളിന്റെ കാര്യമെടുക്കാം. ഒരു ലിറ്ററിന് എക്‌സൈസ് തീരുവയായി കേന്ദ്രം ഈടാക്കുന്ന 21.86 രൂപയില്‍ നിന്ന് 9.16 രൂപയാണ് സംസ്ഥാനങ്ങള്‍ക്കെല്ലാം കൂടി വീതിച്ചുനല്‍കുക. 42 ശതമാനത്തില്‍ കേരളത്തിന്റെ വിഹിതം 2.5 ശതമാനം മാത്രമാണ്. ഇക്കണക്കില്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് കേരളത്തിനു ലഭിക്കുന്ന നികുതിവിഹിതം 22 പൈസ! ഒരു ലിറ്റര്‍ ഡീസലില്‍ നിന്ന് കേരളത്തിനു ലഭിക്കുന്ന നികുതിവിഹിതം 18 പൈസ!! സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വിഹിതത്തിന്റെ യഥാര്‍ത്ഥ കണക്കറിഞ്ഞാല്‍ ഭാജപാ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാകും. മോദി അധികാരത്തിലെത്തിയ ശേഷമുള്ള 3 വര്‍ഷങ്ങളിലും കേന്ദ്ര നികുതി വിഹിതമായി 10,000 കോടി രൂപയിലധികം അനുവദിക്കപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടിക നോക്കാം -ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട്. ഈ സംസ്ഥാനങ്ങള്‍ ആരാണ് ഭരിക്കുന്നതെന്നു നോക്കൂ.

ഒരു സാധാരണ ഇന്ത്യന്‍ പൗരനുമേല്‍ ചുമത്തുന്ന നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ നികുതികളും കഴിഞ്ഞ 3 വര്‍ഷത്തിനിടെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ധന നികുതിയും ഇതില്‍ ഉള്‍പ്പെടുന്നു. 2013-14 വര്‍ഷത്തില്‍ ഇന്ധനവില്പനയിലൂടെയുള്ള നികുതി വരുമാനമായി കേന്ദ്ര സര്‍ക്കാരിനു ലഭിച്ചത് 88,000 കോടി രൂപയാണ്. അത് 2015-16ല്‍ 1.99 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. 2015-16ല്‍ എക്‌സൈസ് തീരുവയിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം വരുമാനം 2.84 ലക്ഷം കോടി രൂപയാണെന്നോര്‍ക്കണം. ഇതിലെ 70 ശതമാനത്തോളം നല്‍കിയത് നമ്മള്‍ സാധാരണക്കാരാണ് -ഇന്ധനം വാങ്ങിയതിലുള്ള നികുതിയായി. ഇന്ധനനികുതിയും ശമ്പളമുള്ള ജീവനക്കാരില്‍ നിന്നു പിരിക്കുന്ന ആദായനികുതിയുമല്ലാതെ മറ്റൊരു നികുതിയും ഇന്ത്യാ മഹാരാജ്യത്ത് കൃത്യമായി പിരിക്കപ്പെടുന്നില്ല. റിലയന്‍സ് പോലുള്ള വമ്പന്മാര്‍ വരുത്തിയിട്ടുള്ള നികുതി കുടിശ്ശിക കൃത്യമായി പിരിച്ചെടുത്താല്‍ പെട്രോളും ഡീസലും തീര്‍ത്തും അവിശ്വസനീയമായ കുറഞ്ഞ വിലയ്ക്ക് ഇവിടെ വില്‍ക്കാനാവും. പക്ഷേ, റിലയന്‍സിനെക്കൊണ്ടാണല്ലോ രാഷ്ട്രീയക്കാര്‍ക്ക് പ്രയോജനം. നമ്മള്‍ പൊതുജനം വെറും കഴുതകള്‍, ദുഃഖഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട ദുശ്ശകുനങ്ങള്‍.

സാധാരണനിലയില്‍ വരുമാനം വര്‍ദ്ധിക്കുന്നത് വളര്‍ച്ചയുണ്ടാവുമ്പോഴാണ്. എന്നാല്‍, മോദി സര്‍ക്കാരിന്റെ വരുമാനം കൂടിയെങ്കിലും വളര്‍ച്ചയുടെ കാര്യത്തില്‍ രാജ്യം താഴേക്കാണ്. രാജ്യത്തെ പ്രമുഖ ബാങ്കുകളടക്കം എല്ലാ ഏജന്‍സികളുടെയും കണക്കുകള്‍ ഇത് ശരിവെയ്ക്കുന്നു. അപ്പോള്‍പ്പിന്നെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പിരിച്ചു എന്നു വാദിക്കരുതേ.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടി എണ്ണക്കമ്പനികളും കാണിക്കുന്നുണ്ട്. ഇന്ധനത്തിന്മേലുള്ള എക്‌സൈസ തീരുവ മോദി സര്‍ക്കാര്‍ അവസാനമായി വര്‍ദ്ധിപ്പിച്ചത് 2017 ജനുവരിയിലാണ്. അതിനുശേഷം അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയില്‍ വീപ്പയ്ക്ക് പരമാവധിയുണ്ടായിട്ടുള്ള വര്‍ദ്ധന 10 ഡോളര്‍ വരെയാണ്. ഇപ്പോള്‍ നമ്മള്‍ ചുമക്കുന്ന അമിതഭാരം എണ്ണക്കമ്പനികളുടെ തീവെട്ടിക്കൊള്ളയാണെന്നു സാരം. റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് എന്തും ചെയ്യാന്‍ അധികാരം കൊടുത്തിട്ട് കൈയും കെട്ടി നോക്കിയിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനു തന്നെയാണ് അതിന്റെ ഉത്തരവാദിത്വം.

 


ഇതേ വിഷയത്തില്‍ 2016 ഏപ്രില്‍ 8ന് എഴുതിയ കുറിപ്പ്. ഇന്നും പ്രസക്തം.

പ്രതിപക്ഷം

Previous articleമരണത്തിലും തോല്‍ക്കാത്തവര്‍
Next articleചൂഷണത്തിന്റെ പെണ്‍വീടുകള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

6 COMMENTS

 1. 2007 ൽ ഡോളറിന് 44 രൂപയായിരുന്നു എക്ചേഞ്ച് റേറ്റ്. 2017 ൽ അത് 64 ഉം. അതായത് അന്ന് ഒരു ബാരലിന് 2200 രൂപ കൊടുത്താൽ മതി. ഇന്നാണെങ്കിൽ 3200 രൂപ കൊടുക്കണം.

  • രൂപയുടെ വിലയിടിവാണോ ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണം? പെട്രോളിന്റെ എക്‌സൈസ് തീരുവ 133 ശതമാനവും ഡീസലിന്റെ എക്‌സൈസ് തീരുവ 400 ശതമാനവുമാണ് കഴിഞ്ഞ 3 വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത്. 16 തവണ തീരുവ പരിഷ്‌കരിച്ചു. ഇതു കണ്ടില്ലേ? ഡോളറിന്റെ വില വര്‍ദ്ധന ഇപ്പോഴത്തെ നിലയില്‍ ഇന്ധനവിലയില്‍ ചെലുത്താവുന്ന പരമാവധി സ്വാധീനം 5 രൂപയുടേതാണ് എന്നറിയുക. വീപ്പയ്ക്ക് 1000 രൂപ വര്‍ദ്ധിച്ചത് അസംസ്‌കൃത എണ്ണയ്ക്കാണ്. അതു സംസ്‌കരിച്ച് എത്ര വകഭേദം ഉണ്ടാക്കുന്നുണ്ട്?

 2. തല്ല് ചെണ്ടക്ക് …നോട്ട് മാരാര്‍ക്ക്………..
  സഃസഥാനത്തിന് 27 രുപ കിട്ടുന്നുണ്ട് അതും പോരാഞ്ഞ് കിഫ്ബി സെസും മാസം 660 കോടിവരുമാനം , ഇതെല്ലാം വാങി സഖാവ് പോസ്ററിട്ടും പെടോള്‍ വില കേന്ദ്രം കുറക്കണം, കേന്ദ്‌രത്തിന് ജനങളോട് ഉത്തരവാദിത്വമുണ്ട് ,(സംസ്ഥാനത്തിന്‍െറ ഉത്തരവാദിത്വം ,രവി പിള്ള, അന്‍വര്‍ m l a , തോമസ് ചാണ്ടി , അങനെ കുറച്ച് മുതലാളി മാരോട് മാത്രമാണെ് )

  • മുക്കാൽ ഭാഗത്തോളം സംസ്ഥാനങ്ങളുടെ ഭരണം കയ്യിൽ ഇല്ലെ അവിടെ എന്തെ നിങ്ങൾ തൊടാത്തത്?
   എന്ത് കൊണ്ട് ജിഎസ്ടിയിൽ ഉൾപ്പെടുത്തിയില്ല ?

 3. V.S.Syamlal
  ഇതിൽ വസ്തുതാപരമായ ചില തെറ്റുകൾ ഉണ്ട് എന്ന് തോന്നുന്നു…..

  കേന്ദ്ര എക്സൈസ് ഡ്യൂട്ടിയെ 3 ആയി ഭാഗിച്ചിട്ടുണ്ട്

  1. ബാസിക് CENVAT ഡ്യൂട്ടി
  2. അഡീഷണൽ എക്സൈസ് ഡ്യൂട്ടി
  3. സ്പഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി

  മൊത്തം 21.48 രൂപയിൽ 8.48 രൂപയാണ് ബാസിക് CENVAN ഡ്യൂട്ടി. 6 രൂപ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും 7 രൂപ സ്പഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയുമാണ്. ഇതിൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയുടേയും സ്പഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയുടെയും വിഹിതം സംസ്ഥാനങ്ങൾക്ക് ൽകേണ്ടതില്ല. മോഡി സർക്കാർ 16 തവണ വർദ്ധനവ് വരുത്തിയപ്പോൾ മിക്കപ്പോഴും കൂട്ടിയത് സംസ്ഥാനങ്ങൾക്ക് വിഹിതമില്ലാത്ത അഡീഷണൽ, സ്പഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടികളിലാണ്. അപ്പോൾ പെട്രോളിന്റെ കാര്യമെടുത്താൽ ബേസിക് CENVAT ഡ്യൂട്ടി 8.48 രൂപയുടെ 42% ആയ 3.56 രൂപ മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. അതിൽ കേരളത്തിന്റെ വിഹിതമായ 2.5% കണക്കാക്കിയാൽ 9 പൈസ മാത്രമാണ് ലഭിക്കുക.
  ref: Huffpost

  • പ്രിയേഷ് പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. അത്രത്തോളം സാങ്കേതികതയിലേക്ക് പോകണ്ട എന്നു വെച്ചിട്ടാണ്. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ കേരളത്തിനു കിട്ടുന്നത് 9 പൈസയല്ല, 4 പൈസ മാത്രം. പൈസക്കണക്കില്‍ 4 ആയാലും 22 ആയാലും വലിയ വ്യത്യാസമില്ലാത്തതിനാല്‍ കടുകട്ടി സാങ്കേതികത ഒഴിവാക്കിയതാണ്. ന്യായീകരണത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ എഴുതിയതു തന്നെ മനസ്സിലാവുന്നില്ല. പ്രിയേഷ് ചൂണ്ടിക്കാട്ടിയതു കൂടി ആയാലോ!!

LEAVE A REPLY

Please enter your comment!
Please enter your name here