Reading Time: 4 minutes

ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ഒരു മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകനും വിലയുണ്ടാവുന്നത്. ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ആ വില ഇടിയുകയും ചെയ്യും. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പിറന്നുവീണ മാതൃഭൂമിക്ക് ആധുനിക കാലത്ത് വിലയുണ്ടാക്കിയത് അവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ഇത്തരം ചില ഇടപെടലുകളാണ്. മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനും ആവശ്യമായ പരിഗണന നല്‍കാനും തക്ക വിവേകമുള്ള എഡിറ്റോറിയല്‍ നേതൃത്വവും പത്രത്തിനുണ്ടായിരുന്നു. ഞാന്‍ മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന, കെ.ഗോപാലകൃഷ്ണന്‍ പത്രാധിപരായിരുന്ന ഒരു കാലത്തെ കുറിച്ചാണ് പറയുന്നത്. അതിനു മുമ്പോ പിമ്പോ നടന്ന കാര്യങ്ങള്‍ എനിക്കറിയില്ല. 1999 ജൂണ്‍ 17നു മുമ്പും 2012 സെപ്റ്റംബര്‍ ഒന്നിനു ശേഷവും മാതൃഭൂമിയുമായുള്ള എന്റെ ബന്ധം വായനക്കാരന്‍ എന്ന നിലയില്‍ മാത്രമാണ്. ഇപ്പോഴത്തെ മാതൃഭൂമി എന്തെങ്കിലും ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതായോ സജീവമായി ഇടപെടുന്നതായോ വായനക്കാരനായ എനിക്ക് അഭിപ്രായമില്ല തന്നെ.

Coke Protest (4)
പ്ലാച്ചിമടയിലെ ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനിക്കു മുന്നില്‍ നടന്ന പ്രക്ഷോഭത്തിന്റെ പഴയ ചിത്രം

ആമുഖമായി ഇത്രയും കാര്യങ്ങള്‍ പറയാന്‍ ഒരു പ്രത്യേക കാരണമുണ്ട്. ഒരു ജനകീയ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ വാര്‍ത്താപരമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ പ്രക്ഷോഭം ഉടലെടുക്കുകയും ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാര്‍ജ്ജിക്കുകയും ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തതിന്റെ അടയാളപ്പെടുത്തല്‍ നടന്നിരിക്കുന്നു -പുസ്തക രൂപത്തില്‍. സമരത്തിന്റെ ആദ്യ കാലത്ത് വാര്‍ത്താപരമായ ഇടപെടല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണ് ഗ്രന്ഥകര്‍ത്താവ്. പുസ്തകത്തിന്റെ പേര് ‘പ്ലാച്ചിമട -ജലത്തിന്റെ രാഷ്ട്രീയം’. പുസ്തകകാരന്‍ മാതൃഭൂമിയിലെ എന്റെ പഴയ സഹപ്രവര്‍ത്തകന്‍ പി.സുരേഷ് ബാബു. സുരേഷ് ബാബു കൊളുത്തിവെച്ച സമരത്തിരിനാളം പിന്നീട് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കേണ്ടി വന്നു. കൊക്കകോളയുടെ പരസ്യം വേണ്ട എന്ന മാതൃഭൂമിയുടെ തീരുമാനം പിന്നീട് മറ്റുള്ളവര്‍ക്ക് പിന്തുടരേണ്ടി വന്നു. പക്ഷേ, ഇപ്പോഴും പ്ലാച്ചിമട എന്നു കേട്ടാല്‍ ഒപ്പം ചേര്‍ത്തുവെയ്ക്കുന്ന പേര് മാതൃഭൂമി തന്നെയാണ്. അന്ന് ഇടതുപക്ഷത്തായിരുന്ന ‘സോഷ്യലിസ്റ്റ്’ എം.പി.വീരേന്ദ്രകുമാര്‍ ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളും പ്ലാച്ചിമട സമരവുമായി ബന്ധപ്പെടുത്തി മാതൃഭൂമിയുടെ പേര് ആലേഖനം ചെയ്യപ്പെടുന്നതിനു കാരണമായിട്ടുണ്ട്. മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണല്ലോ അദ്ദേഹം.

plachimada.jpg

ദാഹനീരിനുവേണ്ടി പ്ലാച്ചിമടയിലെ ആദിവാസികള്‍ തുടങ്ങിവെച്ചതാണ് ഈ ചരിത്രസമരം. വിജയിച്ച സമരം എന്നു തന്നെ പറയാം. എന്നാല്‍, വിജയിച്ചുവെന്ന് എല്ലാവരും വിശ്വസിച്ച, വിശ്വസിക്കുന്ന സമരത്തെ ഭരണകൂടങ്ങള്‍ അട്ടിമറിച്ചു. ഈ അട്ടിമറിയുടെ പിന്നിലേക്ക് വസ്തുതാപരമായ അന്വേഷണം ആവശ്യമാണ്. കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ സത്യം നമ്മളറിയണം. ഭാവിയെ കരുതിയില്ലെങ്കില്‍ കുടിവെള്ളം പോലും കിട്ടാതാവുന്ന സ്ഥിതി വരുമെന്ന ഓര്‍മ്മ നമ്മളില്‍ എല്ലായ്‌പ്പോഴുമുണ്ടാവണം. ഒരു ജലസമരത്തിന് എല്ലാക്കാലത്തും പ്രസക്തിയുണ്ടെന്നര്‍ത്ഥം. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്കെതിരായ ആദിവാസികളുടെ സഹനസമരം വര്‍ഷങ്ങളോളം റിപ്പോര്‍ട്ട് ചെയ്തതിന്റെ അനുഭവത്തില്‍ സുരേഷ് ബാബു എഴുതിയ ഈ പുസ്തകം ഇത്തരം എല്ലാ വിഷയങ്ങളും സ്പര്‍ശിക്കുന്നുണ്ട്.

COCA COLA (1).gif

നാലു ഭാഗങ്ങളായി വേര്‍തിരിച്ചാണ് ലേഖകന്‍ പുസ്തകത്തിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഒരിക്കല്‍ ഇന്ത്യ വിട്ടോടേണ്ടി വന്ന കൊക്കകോളയ്ക്ക് ഇവിടെ തിരിച്ചെത്താന്‍ വഴിയൊരുങ്ങിയതിനെക്കുറിച്ചാണ് ‘കോളയും നിയമലംഘനവും’ എന്ന ആദ്യഭാഗത്തില്‍. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ മുന്നണികളും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രതിയാവുന്നതിന്റെ നേര്‍ക്കാഴ്ചയുണ്ട്. ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഫെറ നിയമം പ്രയോഗിച്ച് മൊറാര്‍ജി സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് ഒരിക്കല്‍ കെട്ടു കെട്ടിച്ചതാണ് കൊക്കകോള കമ്പനിയെ. എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം കേന്ദ്രത്തിലെ കോണ്‍ഗ്രസ് -ബി.ജെ.പി. സര്‍ക്കാരുകള്‍ തന്നെ അവരെ തിരികെ ക്ഷണിച്ചുകൊണ്ടു വരുന്ന സാഹചര്യമുണ്ടായി. ഫെറ നിയമത്തിന്റെ പല്ലും നഖവും കൊഴിച്ച് നടപ്പാക്കിയ ഫെമ നിയമം തന്നെയാണ് ഈ വഴിയിലെ ആദ്യ ചവിട്ടുപടി. ആഗോള-ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വിപണി വിദേശ കുത്തകകള്‍ക്കുവേണ്ടി മലര്‍ക്കെ തുറന്നിടുകയായിരുന്നു. മഴനിഴല്‍ പ്രദേശമായ പാലക്കാട്ട് പ്ലാച്ചിമടയിലും കഞ്ചിക്കോട്ടും കൊക്കകോളയുടെയും പെപ്‌സിയുടെയും കമ്പനികള്‍ വരാനുണ്ടായ സാഹചര്യം ഒരു ചരിത്രരേഖ തന്നെയാണ്. ഈ കമ്പനികളെ ഇരുകൈയും നീട്ടി സ്വീകരിച്ചുകൊണ്ടു വന്ന അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടില്ലായ്മയും ജലചൂഷണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

Coke Protest (2)
പ്ലാച്ചിമട ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടണമെന്നാവശ്യപ്പെട്ടു നടന്ന നിയമസഭാ മാര്‍ച്ച് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍

പ്ലാച്ചിമട സമരത്തിന് കാരണക്കാരായവരുടെയും സമരത്തെ നയിച്ചവരുടെയും ജീവിതകഥയാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം. അക്ഷരം കൂട്ടിവായിക്കാന്‍ പോലുമറിയാത്ത മയിലമ്മയും കന്നിയമ്മയും അവരില്‍ ചിലര്‍ മാത്രം. സമരത്തിന്റെ പ്രതീകങ്ങളായി അവര്‍ ഉയര്‍ന്നുനില്‍ക്കുന്നു. കോള കമ്പനി പ്രവര്‍ത്തനത്തിലെ രഹസ്യങ്ങളുടെ അറകള്‍ തുറന്ന കഥയാണ് മൂന്നാം ഭാഗം. ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് മാനേജരായിരുന്ന നന്ദു ബാനര്‍ജിയുടെ വെളിപ്പെടുത്തലുകള്‍ സൃഷ്ടിച്ച വിസ്‌ഫോടനം ചെറുതല്ല. കൊക്കകോളയുടെ ഖരമാലിന്യത്തില്‍ വിനാശകാരിയായ കാഡ്മിയവും ലെഡും കണ്ടത്തിയ ബി.ബി.സി. റിപ്പോര്‍ട്ട് പുറത്തുവിട്ട രഹസ്യങ്ങളും ചില്ലറയല്ല. ഒരു പത്രലേഖകനു മാത്രമുണ്ടാവുന്ന അനുഭവസാക്ഷ്യങ്ങള്‍ സുരേഷ് ബാബു ഇവിടെ കോറിയിടുന്നു.

COCA COLA (2).jpg

‘ജലം അമൂല്യമാണ്’ എന്ന് ഉദ്‌ഘോഷിക്കുന്ന നാലാം ഭാഗം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഭൂജലസമ്പത്തിന്റെ അമിത ചൂഷണത്തെക്കുറിച്ചുള്ള വ്യാകുലതകളാണ്. 44 നദികളുണ്ടായിട്ടും കുടിനീരിന് ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ടി വരുന്ന ഭയാനകമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്ന കേരളമെന്ന കൊച്ചു സംസ്ഥാനം! ലാത്തൂരിലുണ്ടായ കൊടുംവരള്‍ച്ചയും ജലതീവണ്ടിയും ഇവിടെ എല്ലാവര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്. അവശേഷിക്കുന്ന വെള്ളമെങ്കിലും ഭാവി തലമുറയ്ക്കു വേണ്ടി നീക്കിവെയ്ക്കണമെന്ന സന്ദേശം സുരേഷ് ബാബുവിന്റെ പുസ്തകം പങ്കുവെയ്ക്കുന്നു.

Book Release
‘പ്ലാച്ചിമട -ജലത്തിന്റെ രാഷ്ട്രീയം’ പുസ്തകപ്രകാശനം പ്ലാച്ചിമട സമരപ്രവര്‍ത്തക കന്നിയമ്മയ്ക്കു നല്‍കി മാഗ്‌സെസെ പുരസ്‌കാര ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.രാജേന്ദ്ര സിങ്ങ് നിര്‍വ്വഹിക്കുന്നു

പ്ലാച്ചിമട സമരത്തിന്റെ 15-ാം വാര്‍ഷികത്തില്‍ പുതിയൊരു സമരമുഖം തുറക്കപ്പെടുമ്പോള്‍ തന്നെയാണ് സുരേഷിന്റെ പുസ്തകവും പുറത്തുവരുന്നത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി തുടരുന്ന അവഗണനകളില്‍ പ്രതിഷേധിച്ച് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമിതിയുടെയും പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതിയുടെയും നേതൃത്വത്തില്‍ പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങിയിരിക്കുന്നത്. സുരേഷ് ബാബുവിന്റെ പുസ്തകം പ്രകാശനം ചെയ്യപ്പെടാന്‍ ഏറ്റവും അനുയോജ്യമായ ഇടം ഈ സമരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് തന്നെയായിരുന്നു. പുതിയ സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയ മാഗ്‌സെസെ പുരസ്‌കാര ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.രാജേന്ദ്ര സിങ്ങാണ് പ്ലാച്ചിമട സമരപ്രവര്‍ത്തക കന്നിയമ്മയ്ക്കു നല്‍കി പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്.

P Suresh Babu (1)
പി.സുരേഷ് ബാബു

വിജയിച്ച സമരം ഏറ്റെടുക്കാന്‍ ഒട്ടനവധി പേരുണ്ടാവും. അവര്‍ ആഘോഷങ്ങളില്‍ മാത്രം താല്പര്യമുള്ളവരാണ്. പക്ഷേ, പ്ലാച്ചിമടക്കാര്‍ക്ക് നീതിയും നഷ്ടപരിഹാരവും നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടില്ലായ്മക്കെതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇന്നില്ല. ഇപ്പോള്‍ പോരാട്ടരംഗത്ത് പ്ലാച്ചിമടയലെ പാവപ്പെട്ട ആദിവാസികള്‍ മാത്രം. അവര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നതിലാണ് സുരേഷ് ബാബു എന്ന പത്രപ്രവര്‍ത്തകനും അദ്ദേഹമെഴുതിയ പുസ്തകത്തിനുമുള്ള പ്രസക്തി. തൃശ്ശൂര്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല.

Previous articleഉപദേശിച്ചാലൊന്നും പൊലീസ് നന്നാവില്ല
Next articleനോ പാര്‍ക്കിങ് അവകാശവാദങ്ങള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here