കലാലയ മുത്തശ്ശി ഞങ്ങളെ വിളിക്കുകയാണ്. ഞങ്ങള്‍ വരുന്നു. ആ രാജകലാലയ മുറ്റത്തേക്ക് ഒരു വട്ടം കൂടി. ഞങ്ങളുടെ കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുണ്ട്, അദ്ധ്യാപകരുണ്ട്, ജീവനക്കാരുണ്ട്. ഏതെങ്കിലുമൊരു കാലഘട്ടത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടവരെല്ലാം ഒരുമിച്ചണിനിരത്താനുള്ള ശ്രമം. ഞങ്ങള്‍ പൂര്‍വ്വികര്‍!!!
യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വ്വിക സംഘടന
രൂപീകരണ യോഗം
2016 ഒക്ടോബര്‍ 30, ഞായറാഴ്ച ഉച്ചയ്ക്ക് 3ന്
യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ഹാള്‍
കേരളത്തിലെ ആദ്യത്തെ കോളേജ് എന്ന പദവിക്ക് യഥാര്‍ത്ഥ അവകാശിയായ യൂണിവേഴ്‌സിറ്റി കോളേജ് ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണ്. 1866ല്‍ സ്ഥാപിതമായ കോളേജ് 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും ഇവിടെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയില്ല. അത് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ കുറച്ചു കാലമായുണ്ട്. ഇപ്പോള്‍ അത് പൂര്‍ണ്ണതയിലെത്തുകയാണ്.
എല്ലാ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന യൂണിവേഴ്‌സിറ്റി കോളേജില്‍ പൂര്‍വ്വികരുടെ ഒത്തുചേരലിലും വ്യത്യസ്ത പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് സംഘടന കെട്ടിപ്പെടുക്കാന്‍ മുന്‍കൈയെടുത്തതെങ്കിലും ഭാവിയില്‍ അതൊരു വിശാല കൂട്ടായി മാറ്റുകയാണ് ലക്ഷ്യം. പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകരെയും തൊഴിലെടുക്കാന്‍ വന്ന ജീവനക്കാരെയുമെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമം. യൂണിവേഴ്‌സിറ്റി കോ ളേജുമായും ഇപ്പോള്‍ നിലച്ചു പോയ യൂണിവേഴ്‌സിറ്റി ഈവനിങ് കോളേജുമായും ബന്ധപ്പെട്ട എല്ലാവരുമുണ്ടാവും. അങ്ങനെ ഒരു ഒത്തുചേരല്‍ മറ്റൊരു കോളേജിലും ഉണ്ടാവില്ലെന്നുറപ്പ്.
യൂണിവേഴ്‌സിറ്റി കോളേജ് ആലംനി അസോസിയേഷന്റെ വിപുലമായ രൂപീകരണ പൊതുയോഗം വരുന്ന ഒക്ടോബര്‍ 30ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജിലെ സെന്റിനറി ഹാളില്‍ ചേരും. അവിടെ അടുത്ത ഒരു വര്‍ഷത്തേക്ക് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കും.
സംഘടനയില്‍ സജീവാംഗത്വത്തിന് 500 രൂപ രജിസ്‌ട്രേഷന്‍ ഫീസും 100 രൂപ വാര്‍ഷിക വരിസംഖ്യയും നിശ്ചയിച്ചിട്ടുണ്ട്. 5,000 രൂപ നല്‍കിയാല്‍ ആജീവനാന്ത സജീവാംഗത്വം. സജീവാംഗങ്ങള്‍ക്കു മാത്രമേ വാര്‍ഷിക പൊതുയോഗങ്ങളില്‍ പങ്കെടുക്കാനും ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനും സാധിക്കുകയുള്ളൂ. സംഘടനയുടെ രൂപീകരണ പൊതുയോഗത്തിന് എത്തുമ്പോള്‍ ദയവായി അംഗത്വമെടുക്കാന്‍ തയ്യാറായി വരിക.
ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തന്നെയാണ് പൂര്‍വ്വിക സംഘടന നിലവില്‍ വരുന്നത്. ഏതൊരു സംഘടനയ്ക്കും ഒരു ഭരണഘടന വേണം. അതു തയ്യാറാക്കുന്നതിന് ഞാനടക്കമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമെല്ലാം ഉള്‍പ്പെടുന്ന 7 അംഗങ്ങളുടെ ഒരു ഇടക്കാല സമിതിക്ക് കോളേജില്‍ നിന്ന് രൂപം നല്‍കിയിരുന്നു. ആ സമിതി പ്രിന്‍സിപ്പല്‍ പ്രൊഫ.വിനയചന്ദ്രന്റെ സാന്നിദ്ധ്യതത്തില്‍ യോഗം ചേര്‍ന്ന് കരട് ഭരണഘടനയ്ക്കു രൂപം നല്‍കിയിട്ടുണ്ട്. ആ കരടും നിങ്ങളുടെ പരിശോധനയ്ക്കായി ഇവിടെ സമര്‍പ്പിക്കുന്നു. സംഘടനയുടെ രൂപീകരണ പൊതുയോഗത്തില്‍ ഇത് അംഗീകരിക്കപ്പെടുന്നതോടെ ഔദ്യോഗിക ചട്ടക്കൂട് നിലവില്‍ വരും.
സംഘടനയുടെ പേര്, ലോഗോ എന്നിവ പിന്നീട് നിശ്ചയിക്കപ്പെടും. ചിലപ്പോള്‍ അതിനായി മത്സരമുണ്ടാവും. അതു സംബന്ധിച്ച് പൊതുയോഗത്തില്‍ തീരുമാനമെടുക്കാം.
യൂണിവേഴ്‌സിറ്റി കോളേജുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ ഈ കുറിപ്പൊരു ക്ഷണമായി കാണാന്‍ അപേക്ഷ.