Reading Time: 6 minutes

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ആദ്യ ദിവസം തന്നെ കാണണമെന്നും അതിനെക്കുറിച്ച് എഴുതണമെന്നും ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍, അവിചാരിതമായ തിരക്കുകള്‍ കാരണം സിനിമ കാണല്‍ വൈകി. പിന്നീട് സിനിമ കണ്ടുവെങ്കിലും എഴുതാന്‍ മടിച്ചു. അതിനു കാരണം ഫേസ്ബുക്കില്‍ വന്ന മുന്നറിയിപ്പുകളാണ് -‘ഇനി ഈ സിനിമയെക്കുറിച്ച് ആരെങ്കിലും റിവ്യൂ എഴുതിയാല്‍ അവനെ വീട്ടില്‍ക്കയറി തല്ലും.’ അത്രമാത്രം പോസിറ്റീവ് റിവ്യൂ ഈ സിനിമയ്ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ലഭിച്ചിരുന്നു.

ഈ സിനിമയോട് എനിക്ക് പ്രണയം തോന്നാന്‍ എന്റേതായ കാരണമുണ്ട്. അത് 2 ദശകത്തോളം നീളുന്ന സൗഹൃദത്തിന്റെ ഊഷ്മളതയാണ്. വര്‍ഷങ്ങളായി പരിചയമുള്ള പ്രിയ സുഹൃത്ത് സജീവ് പാഴൂരിനോടുള്ള സ്‌നേഹം. എത്രയോ കാലം നീണ്ട അവന്റെ പ്രയത്‌നമാണ് ഈ സിനിമയിലൂടെ യാഥാര്‍ത്ഥ്യമായത്. ഹിറ്റായി മാറിയ സിനിമയുടെ വിജയത്തില്‍ രചയിതാവിന് ചെറുതല്ലാത്ത പങ്കുണ്ട് എന്നത് ആഹ്ലാദം വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയേറ്ററുകളില്‍ 25 ദിവസം പിന്നിട്ടു. ഏതാണ്ട് 5.5 കോടി രൂപയാണ് ഈ സിനിമയുടെ മുടക്കുമുതല്‍. അതിന്റെ ഇരട്ടി ഇതിനകം നിര്‍മ്മാതാവിനു തിരിച്ചുകിട്ടിക്കഴിഞ്ഞു എന്നാണ് വിവരം. ഇനി എനിക്ക് സിനിമയെക്കുറിച്ചും സജീവിനെക്കുറിച്ചും ധൈര്യമായി എഴുതാം.

സജീവ് പാഴൂര്‍ കാസര്‍കോട്ടെ ലൊക്കേഷനില്‍

ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ എന്ന നിലയിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് സജീവിനെ ഞാന്‍ പരിചയപ്പെടുന്നത്. ഞാനക്കാലത്ത് മാതൃഭൂമിയില്‍ റിപ്പോര്‍ട്ടര്‍. ഞങ്ങള്‍ ഏതാണ്ട് ഒരേ സമയത്ത് പണി തുടങ്ങിയ സമപ്രായക്കാരാണ്. വാര്‍ത്താശേഖരണത്തിലെ പങ്കാളിത്തത്തിലൂടെ തുടങ്ങിയ സൗഹൃദം വ്യക്തിപരമായ സൗഹൃദമായി വളര്‍ന്നു. പത്രപ്രവര്‍ത്തനമായിരുന്നു ഉപജീവനമാര്‍ഗ്ഗമെങ്കിലും എന്നും സജീവിന്റെ ആദ്യ പ്രണയം സിനിമയോടായിരുന്നു. പിന്നീട് വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായപ്പോഴും അതു തുടര്‍ന്നു. സജീവിന്റെ സിനിമാപരീക്ഷണങ്ങള്‍ -പര്യവേഷണങ്ങള്‍ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി -അടുത്തു നിന്നു കാണാന്‍ അവസരമുണ്ടായ ഒരാള്‍ എന്ന നിലയിലാണ് ഈ കുറിപ്പ്. ഈ വിജയനിമിഷത്തില്‍ അത് ഒട്ടും അധികപ്പറ്റാവില്ല എന്നു തന്നെയാണ് വിശ്വാസം.

കമല്‍ഹാസനൊപ്പം സജീവ്

വിഖ്യാതനായ ഷാജി എന്‍.കരുണിന്റെ കൂടെ സിനിമാമോഹവുമായി സജീവ് കൂടുന്നത് ഒന്നര ദശകം മുമ്പാണ്. 10 വര്‍ഷം മുമ്പ് ലെനിന്‍ രാജേന്ദ്രനൊപ്പമെത്തി. സഞ്ജീവ് ശിവന്റെ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടെ ത്രിപുരയില്‍ ചിത്രീകരിച്ച, ദേശീയ പുരസ്‌കാരം നേടിയ യാര്‍വങ് എന്ന ചിത്രത്തില്‍ ജോസഫ് പുളിന്താനത്തിന്റെ അസോഷ്യേറ്റ് ഡയറക്ടറായി. 2011ല്‍ അഗ്നിസാക്ഷിയുടെ സാക്ഷി, ചൂട് എന്നീ ഹ്രസ്വചിത്രങ്ങള്‍, 2015ല്‍ എം.കെ.അര്‍ജ്ജുനനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ സംഗീതം എന്നിവ സംവിധാനം ചെയ്തു. ഷാജി എന്‍.കരുണ്‍ 2013ല്‍ സംവിധാനം ചെയ്ത സ്വപാനം എന്ന ചിത്രത്തിനായി ഹരികൃഷ്ണനൊപ്പം തിരക്കഥ ഒരുക്കിക്കൊണ്ട് മലയാള സിനിമയില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. 2017ല്‍ തന്നെ പുറത്തിറങ്ങിയ ആര്‍.ശരത്തിന്റെ സ്വയം എന്ന ചിത്രത്തിന് രംഗഭാഷ്യമൊരുക്കിയത് സജീവ് തന്നെ. അതിനു ശേഷമാണ് ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സജീവ് സംവിധാനം ചെയ്യാനിരുന്ന സിനിമയാണ്. പഴയ പേര് പൊന്മുട്ട. 2014ല്‍ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതുമാണ്. സജീവിന്റെ ജേര്‍ണലിസം സഹപാഠി കൃഷ്ണകുമാറായിരുന്നു പൊന്മുട്ടയുടെ നിര്‍മ്മാതാവ്. ഇപ്പോള്‍ സുരാജ് അഭിനയിച്ച വേഷത്തില്‍ ഇന്ദ്രന്‍സ്. നിമിഷ സജയന്‍ ചെയ്ത വേഷത്തില്‍ ഉര്‍വ്വശി. ഇതനുസരിച്ച് കഥാപാത്രങ്ങളുടെ പ്രായത്തില്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് 6 ദിവസം മുമ്പ് അത് മാറ്റിവെയ്‌ക്കേണ്ടി വന്നു. പിന്നെ നടന്നില്ല. സിനിമ എന്നാല്‍ അങ്ങനെയാണ്. ഒടുവില്‍ സജീവ് ഈ കഥയുമായി കാണാവുന്ന പ്രൊഡ്യൂസര്‍മാരുടെ മുഴുവന്‍ പിന്നാലെ നടന്നു. അങ്ങനെ നടന്നു മടുത്തപ്പോള്‍ കുറച്ചുകൂടി കാശുണ്ടായിട്ട് വൃത്തിയായി ചെയ്യാമെന്നു പറഞ്ഞ് മാറ്റിവെച്ചു.

സുരാജിനൊപ്പം സജീവ്‌

സിനിമ മുടങ്ങിയെങ്കിലും ആവേശത്തിനു കുറവുണ്ടായിരുന്നില്ല. പൊന്മുട്ടയ്ക്ക് സജീവിനൊപ്പമുണ്ടായിരുന്ന സഹായികള്‍ക്ക് ഈ തിരക്കഥയില്‍ അന്നേ വലിയ വിശ്വാസമുണ്ടായിരുന്നു. അവരാണ് ഇത് വലിയൊരു ക്യാന്‍വാസില്‍ ചെയ്യണമെന്ന് സജീവിനോട് പറഞ്ഞ് സമ്മതിപ്പിച്ചത്. പൊന്മുട്ടയില്‍ അസോഷ്യേറ്റായിരുന്ന സാജനായിരുന്നു അവരില്‍ മുന്നില്‍. സിനിമ വലുതാവുമ്പോള്‍ പിന്നെ കൃഷ്ണകുമാറിന് അതു താങ്ങാനാവാത്ത സ്ഥിതി വന്നു. അപ്പോള്‍ സജീവ് തന്നെ കൃഷ്ണകുമാറിനോട് പറഞ്ഞു വിട്ടേക്കൂ എന്ന്. സാജന്‍ നേരിട്ടിറങ്ങി പല നിര്‍മ്മാതാക്കളെയും കണ്ടു, വിജയിച്ചില്ല. അതു കഴിഞ്ഞ് സജീവ് തന്നെ നിര്‍മ്മാതാക്കളെ കാണാന്‍ തുടങ്ങി. ഇഷ്ടംപോലെ നിര്‍മ്മാതാക്കളെ കണ്ടു. പലരും പലരെയും പരിചയപ്പെടുത്തി. കൂട്ടത്തിലാണ് സന്ദീപ് സേനനെ കണ്ടത്. തിരക്കഥയുടെ ആഴം മനസ്സിലാക്കാന്‍ ശേഷിയുള്ള ബുദ്ധിമാനായ നിര്‍മ്മാതാവാണ് സന്ദീപ് എന്ന് സജീവിന്റെ വിലയിരുത്തല്‍.

സന്ദീപ് സേനന്‍

സന്ദീപ് കഥ കേട്ടു, ഇഷ്ടപ്പെട്ടു, കാര്യങ്ങളൊക്കെ പറഞ്ഞു പോയി. പിന്നെ അനക്കമൊന്നുമില്ല. അതിനുശേഷം സന്ദീപ് തെലുങ്ക് സിനിമാ രംഗത്തേക്കു പോയി. അതു കഴിഞ്ഞും അനക്കമില്ല. സന്ദീപും പ്രതികരിക്കാതായതോടെ സജീവ് ആ കഥ വിട്ട നിലയിലായി. വേറെ 2-3 പേര്‍ ഈ തിരക്കഥയ്ക്ക് അത്യാവശ്യം പൈസ നല്‍കാമെന്ന് സജീവിന് വാഗ്ദാനം ചെയ്തു വന്നു. സാമ്പത്തികപ്രതിസന്ധി കാരണം വേണമെങ്കില്‍ വിറ്റുകളയും എന്ന അവസ്ഥയില്‍ സജീവ് നില്‍ക്കുന്ന സ്ഥിതി. അപ്പോഴാണ്, ഏകദേശം ഒരു വര്‍ഷം മുമ്പ് സജീവിനെ സന്ദീപ് വിളിക്കുന്നത്. ഈ തിരക്കഥ വേറൊരാള്‍ക്കു കൊടുക്കാന്‍ താല്പര്യമുണ്ടോ എന്നാണ് ചോദ്യം. ചോദിച്ചത് ബുദ്ധിമുട്ടാണെങ്കില്‍ വേറൊന്നും വിചാരിക്കേണ്ട വിട്ടേക്കൂ എന്നും സന്ദീപ് പറഞ്ഞു. സജീവ് പൊന്മുട്ട വിട്ട് അടുത്ത സിനിമയുടെ നടപടികള്‍ നീക്കിത്തുടങ്ങിയിരുന്നു. എങ്കിലും സന്ദീപിനോട് സജീവ് ചോദിച്ചു, ആര്‍ക്കു വേണ്ടിയാണെന്ന്. അപ്പോള്‍ സന്ദീപ് പേര് പറഞ്ഞു -ദിലീഷ് പോത്തന്‍.

ദിലീഷ് പോത്തന്‍

മഹേഷിന്റെ പ്രതികാരം കണ്ട ശേഷം പോത്തനെക്കുറിച്ച് സജീവ് ത്രില്ലടിച്ചിരിക്കുന്ന സമയം. പ്രകാശ് സിറ്റിയിലെ കഥാപാത്രങ്ങള്‍ വിടാതെ പിന്തുടരുന്ന വേള. സജീവ് ഭാര്യ ദീപയോട് ചോദിച്ചു. ‘നിങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ നന്നായി പോത്തന്‍ ചെയ്യും’ -ദീപയുടെ മറുപടി. അടുത്ത ദിവസം സജീവ് തീരുമാനിച്ചു തിരക്കഥ കൈമാറാമെന്ന്. പോത്തന്‍ ഏതാണ്ട് 150 ഓളം കഥ കേട്ടിട്ടാണ് സജീവിലേക്കെത്തിയത്. ‘പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ അല്പം പാടാ. പക്ഷേ, ഉഗ്രന്‍ കക്ഷിയാ. ഭയങ്കര ബ്രില്യന്റായിട്ടുള്ള ഒരു ഡയറക്ടറാ’ -സംവിധായകനെപ്പറ്റി തിരക്കഥാകൃത്തിന്റെ വിലയിരുത്തല്‍. വളരെ അയത്‌നലളിതമായി പോത്തന്‍ അഭിനയിക്കുന്നത് നമ്മള്‍ സ്‌ക്രീനില്‍ കാണാറുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, മഹേഷിന്റെ പ്രതീകാരം, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളില്‍ അതു കണ്ടു. പോത്തന്‍ അഭിനയിക്കുന്നതു പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളും.

ദിലീഷ് പോത്തന്‍ ചിത്രീകരണത്തിനിടെ ഫഹദ്, അലന്‍സിയര്‍, സുരാജ്, നിമിഷ എന്നിവരോട് സീന്‍ വിശദീകരിക്കുന്നു

തിരക്കഥയുടെ ഉള്ളടക്കത്തില്‍ സജീവിന് അങ്ങേയറ്റത്തെ വിശ്വാസമുണ്ടായിരുന്നു. അതിന് കൃത്യമായ ഒരു രൂപമുണ്ടായിരുന്നു. ദിലീഷ് പോത്തന്റെ കൈയില്‍ കിട്ടിയപ്പോള്‍ അതു കൃത്യമായി തെളിഞ്ഞുവന്നുവെന്ന് സജീവിന്റെ പക്ഷം. പലരും കരുതുന്നതുപോലെ ദുര്‍ബലമായ ഒരു കഥ സിനിമയാക്കി മാറ്റിയതല്ല. വ്യക്തമായ ആസൂത്രണത്തോടെ ഒരു കെട്ടിടം നിര്‍മ്മിക്കുന്നതുപോലെ ഓരോ ഇഷ്ടികയും ചേരുംപടി ചേര്‍ത്ത് രൂപപ്പെടുത്തിയതാണ്. വിശ്വാസം എന്ന ഘടകം തിരക്കഥയിലുടനീളമുണ്ട്. അതു തന്നെയാണ് സിനിമയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചതും.

ഇനി ഞാന്‍ കണ്ട സിനിമയിലേക്ക്. ഫഹദിന്റെ പേരില്ലാത്ത കഥാപാത്രം നായകനാണോ വില്ലനാണോ എന്ന ആശയക്കുഴപ്പത്തിലാണ് ഞാന്‍. പ്രസാദ് എന്ന പേര് ആ കഥാപാത്രം പൊലീസിനോടു പറയുന്നുണ്ടെങ്കിലും അത് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രത്തിന്റെ പേര് മോഷ്ടിക്കുന്നതാണ്. സുരാജിന്റെ പ്രസാദാണ് നായകന്‍ എന്ന് എനിക്കു തോന്നി. അപ്പോള്‍പ്പിന്നെ ഷാരൂഖ് ഖാന്‍ അഭിനയിച്ച ഡര്‍ എന്ന പഴയ ബോളിവുഡ് സിനിമയിലെ അവസ്ഥയാണ് ഇവിടെ ഓര്‍മ്മ വരുന്നത്. സണ്ണി ഡിയോള്‍ നായകന്‍, ജൂഹി ചൗള നായിക, ഷാരൂഖ് നായകനോളം -ഒരൂ പക്ഷേ അതിനെക്കാള്‍ -പ്രാധാന്യമുള്ള വില്ലന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫഹദിന് സമ്മാനിക്കുന്നത് അത്തരമൊരു വേഷമാണ് -നായകനൊത്ത വില്ലന്‍. ഫഹദിന്റെയും സുരാജിന്റെയും അഭിനയമികവിനെക്കുറിച്ച് എല്ലാവരും പറഞ്ഞു കഴിഞ്ഞതിനാല്‍ ഇനി പറയുന്നില്ല. നായികയായ ശ്രീജയെ അവതരിപ്പിച്ച പുതുമുഖം നിമിഷ സജയന്‍ അത്ഭുതപ്പെടുത്തി.

ശിവദാസനും അലന്‍സിയറും

ഫഹദും സുരാജും കഴിഞ്ഞാല്‍ എനിക്കു പരിചയമുള്ളവരായി സ്‌ക്രീനിലുണ്ടായിരുന്നത് അലന്‍സിയര്‍, വെട്ടുകിളി പ്രകാശ്, മിനി എന്നിവര്‍ മാത്രം. അതില്‍ നായികാ കഥാപാത്രമായ ശ്രീജയുടെ അമ്മയായി വന്ന മിനിച്ചേച്ചിയെ അറിയാവുന്നത് എന്റെ സുഹൃത്ത് അനിലയുടെ മൂത്ത സഹോദരി എന്ന നിലയിലാണ്, നടി എന്ന നിലയിലല്ല. കഥയില്‍ ആകെ 21 പൊലീസുകാരുണ്ട്. അലന്‍സിയര്‍ ഒഴികെ 20 പേരും അസ്സല്‍ പൊലീസുകാര്‍. എസ്.ഐ. സാജന്‍ മാത്യുവിന്റെ റോള്‍ ഗംഭീരമാക്കിയ ആദൂര്‍ സി.ഐ. സിബി കെ.തോമസിന് ധാരാളം പ്രശംസ ഇതിനകം ലഭിച്ചുകഴിഞ്ഞു. എന്നാല്‍, എനിക്കേറ്റവും ഇഷ്ടപ്പെട്ടത് റൈറ്ററുടെ റോളില്‍ വന്ന -യൂണിഫോം ഇടാതെ നടക്കുന്ന കഥാപാത്രം -ശിവദാസനെയാണ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരും യഥാര്‍ത്ഥ പേരും ശിവദാസനാണ്. അദ്ദേഹത്തിന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള സാമ്യം എത്ര പേര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും എന്നറിയില്ല. രൂപം, പെരുമാറ്റം, ശരീരഭാഷ, സംസാരഭാഷ, എന്തിനേറെ ശബ്ദം പോലും അതു തന്നെ. അഭിനയിക്കാനുമറിയാം. പോരാത്തതിന് കോടിയേരിയെപ്പോലെ ശിവദാസനും കണ്ണൂരുകാരന്‍. കോടിയേരി ബാലകൃഷ്ണനെക്കുറിച്ച് ആരെങ്കിലും സിനിമയെടുക്കുകയാണെങ്കില്‍ ധൈര്യമായി ശിവദാസനെ വേഷമേല്‍പ്പിക്കാം.

സിനിമയില്‍ ഏറ്റവുമധികം ആകര്‍ഷിച്ച രംഗം ക്ലൈമാക്‌സിനു മുമ്പായി തോട്ടില്‍ നടക്കുന്ന സംഘട്ടനമാണ്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വില്ലന്‍ ഫഹദ് യാദൃച്ഛികമായി നായകന്‍ സുരാജിന്റെ മുന്നില്‍പ്പെടുന്നു. കെട്ടിമറിഞ്ഞ് ഇരുവരും ഒരു തോട്ടില്‍ വീഴുന്നു. തോട്ടില്‍ നിന്നു കയറി രക്ഷപ്പെടാന്‍ മുതിരുന്ന ഫഹദിനെ പിടിച്ചുവെയ്ക്കാന്‍ സുരാജ് ശ്രമിക്കുകയാണ്. ഒരു ഘട്ടത്തില്‍ ഫഹദ് രക്ഷപ്പെടലിന്റെ വക്കിലെത്തുന്നു. അപ്പോള്‍ ക്ഷീണിച്ചവശനായ സുരാജ്, ഫഹദിന്റെ വയറിനു ചുറ്റും ഇറുക്കിപിടിക്കുകയാണ്. സുരാജിന്റെ തലയിടിച്ച് പൊട്ടിച്ച് രക്ഷപ്പെടാനാവുന്ന വിധത്തില്‍ ഫഹദിന്റെ കൈയെത്തും ദൂരത്ത് ഒരു പാറക്കല്ലുണ്ട്. പക്ഷേ, അത് ഉപയോഗിക്കാതെ ഫഹദ് പിടികൊടുക്കുന്നു. അപ്പോള്‍ മന്ത്രോച്ചാരണം പോലെ സുരാജിന്റെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം ‘ആ മാല ഞങ്ങള്‍ക്കു വേണം, ആ മാല ഞങ്ങള്‍ക്കു വേണം..’ ഒരു കള്ളന്റെയുള്ളിലും നന്മയുണ്ടെന്ന് പ്രകടമാകുന്ന നിമിഷം.

ഏതെങ്കിലും രീതിയില്‍ തിരിച്ചറിയല്‍ രേഖ സംഘടിപ്പിക്കാന്‍ സാധിക്കാത്തവന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്ന വസ്തുത ഈ സിനിമ വരച്ചുകാട്ടുന്നുണ്ട്. ഒരു തരത്തിലും തിരിച്ചറിയല്‍ രേഖ ലഭിക്കാനിടയില്ലാതെ തെരുവില്‍ കഴിയുന്നവര്‍ ഈ രാജ്യത്തുണ്ടെന്ന വസ്തുതയും പ്രേക്ഷകന് മനസ്സിലാവുന്നു. ഇപ്പോള്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ അസിസ്റ്റന്റ് കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഓഫീസറായ സജീവില്‍ നിന്ന് ഇനിയും നല്ല സിനിമകള്‍ മലയാളത്തിന് ലഭിക്കട്ടെ.

കഥാസാരം ഇത്രമാത്രം!

അങ്ങോട്ടും ഇങ്ങോട്ടും ആത്മാര്‍ത്ഥമായി പ്രേമിച്ച് കല്യാണം കഴിച്ചതോടെ സ്വന്തം നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതായി ശ്രീജയും പ്രസാദും കാസര്‍കോടെത്തി. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ വെച്ച് വേന്ദ്രനായ ഒരു കള്ളന്‍ ശ്രീജയുടെ താലിമാല പൊട്ടിച്ചു ഞൊടിയിടയില്‍ വിഴുങ്ങിക്കളഞ്ഞു. എന്നിട്ടെന്തായി? പ്രസാദിനും ശ്രീജയ്ക്കും ആ താലിമാല കിട്ടിയോ?

(കടപ്പാട് 25 ദിവസ പോസ്റ്റര്‍)

Previous articleപ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക്
Next articleഭാരമതിതാന്തം ഭാരതാന്തം!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here