HomeJOURNALISMഉമിനീരില്‍ ബീ...

ഉമിനീരില്‍ ബീജം തിരയുന്നവര്‍

-

Reading Time: 9 minutes

ഫെബ്രുവരി 22ന് കേരളത്തിലെ ‘പ്രമുഖ’ പത്രത്തിന്റെ ഒന്നാം പേജില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അച്ചടിച്ചുവന്ന വാര്‍ത്തയുടെ തുടക്കം കണ്ട് ശരിക്കും ഞെട്ടി. കൊച്ചിയാണ് വാര്‍ത്തയുടെ പ്രഭവകേന്ദ്രം. ‘പ്രമുഖ’ എന്നു ചേര്‍ത്തത് വെറുതെയല്ല, 100 വര്‍ഷത്തിലേറെ നീളുന്ന മഹത്തായ പാരമ്പര്യമുണ്ട് പത്രത്തിന്. പ്രമുഖപത്രം തന്നെയാണ് -കേരള കൗമുദി!! വാര്‍ത്ത വായിച്ച് ഞാന്‍ തരിച്ചിരുന്നു. ഇങ്ങനൊക്കെ പത്രത്തില്‍ എഴുതാന്‍ പറ്റുമോ? അതും കേരള കൗമുദിയില്‍??!!

KK feb2201.jpg

‘കേരള മനസ്സാക്ഷിയെ മരവിപ്പിക്കും വിധം ഒരു മനുഷ്യസ്ത്രീയോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നികൃഷ്ടമായ ആക്രമണമാണ് പള്‍സര്‍ സുനി നടത്തിയതെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക തെളിവ് പൊലീസിന് ലഭിച്ചു. നടി ആക്രമിക്കപ്പെട്ട എക്‌സ്.യു.വി. മഹീന്ദ്ര കാറില്‍ നിന്ന് പുരുഷ ബീജത്തിന്റെ അംശങ്ങളാണ് ലഭിച്ചത്. ഉമിനീര്‍ കലര്‍ന്നതാണിത്. ഈ രംഗങ്ങളാണ് മൊബൈലില്‍ പകര്‍ത്തിയത്. ക്വട്ടേഷന്‍ നല്‍കിയവരെ കാണിക്കാന്‍ കരയാത്ത മുഖം വേണമെന്ന് പ്രതി ആവശ്യപ്പെട്ട സന്ദര്‍ഭവും ഇതാണെന്നാണ് കരുതുന്നത്.’

ഈ വാക്കുകള്‍ ഇവിടെ പകര്‍ത്തിവെയ്ക്കണോ എന്ന് പലവട്ടം ആലോചിച്ചു. വേണ്ട എന്നു തന്നെയാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ, തെറ്റിനെ ചൂണ്ടിക്കാട്ടി അതു തെറ്റെന്നു പറയുന്നതാണ് കൂടുതല്‍ ഫലപ്രദം എന്നു തോന്നിയതിനാല്‍ ഈ ഉദ്ധരണി മാത്രം ഉദാഹരണമായി സ്വീകരിച്ചു. സമാനമായ എണ്ണിയാലൊടുങ്ങാത്തത്ര ഉദാഹരണങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നമുക്കു മുന്നില്‍ വന്നിട്ടുണ്ട്. കേരള കൗമുദി മാത്രമല്ല, കൊച്ചിയില്‍ യുവനടി അക്രമത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക മാധ്യമങ്ങളും സര്‍വ്വനിയന്ത്രണവും കൈവിട്ട നിലയിലായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന അപസര്‍പ്പക കഥകള്‍ വായിച്ചാല്‍ പമ്മനും അയ്യനേത്തുമെല്ലാം തോറ്റു തുന്നംപാടും. മാധ്യമപ്രവര്‍ത്തനം അധഃപതനത്തിന്റെ പുതിയ ആഴങ്ങള്‍ താണ്ടുന്നത് നടുക്കത്തോടെയാണ് കണ്ടുനിന്നത്. ഒരു തത്വദീക്ഷയുമില്ലാതെ, ആര്‍ക്കുമെതിരെ എന്തും എഴുതിപ്പിടിപ്പിക്കാനുള്ള ലൈസന്‍സ് ഈ ലേഖകന്മാര്‍ക്ക് ആരാണ് നല്‍കിയതെന്നറിയില്ല. ‘പ്രമുഖ’ എന്ന വാക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത് ഈ അവസരത്തിലാണെന്നു തോന്നുന്നു. ‘പ്രമുഖ’ ഉപയോഗിച്ചുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പാറിനടന്നത് വെറുതെയല്ല.

Troll pramukh (1).jpeg

‘പ്രമുഖ’ എന്ന വാക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കേണ്ടി വരും. നേരിട്ട് പറയാനാവാത്ത, എന്നാല്‍ പറയേണ്ടി വരുന്ന കാര്യങ്ങള്‍ പറയാന്‍ ഈ സങ്കേതം ഉപയോഗിക്കാം. നിയമപരമായ നിയന്ത്രണങ്ങളുടെ കെട്ടുപൊട്ടിക്കാന്‍ ഇത് പ്രയോജനപ്പെടാറുണ്ട്. നിയന്ത്രണം ചിലപ്പോള്‍ മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയതാവാം. ഈ നിയന്ത്രണങ്ങള്‍ സ്വാധീനമുള്ളവര്‍ക്കും സമ്പത്തുള്ളവര്‍ക്കും മാത്രമാണ് ബാധകമെന്ന് വേദനയോടെ സമ്മതിക്കട്ടെ. മാധ്യമപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ഏതൊരാള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടി വരും. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ‘പ്രമുഖ’ ട്രോളുകള്‍ നിറയ്ക്കുന്നവര്‍ മാധ്യമപ്രവര്‍ത്തകരായാലും ഇതില്‍ക്കൂടതലൊന്നും പറ്റില്ല. മാധ്യമം എന്നത് ആത്യന്തികമായി വ്യവസായമാണ്. മാധ്യമസ്വാതന്ത്ര്യം എന്നത് മാധ്യമമുതലാളിയുടെ സ്വാതന്ത്ര്യമാണ്, മാധ്യമപ്രവര്‍ത്തകന്റേതല്ല. ആ പരിമിതി മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്ന് മനസ്സിലാക്കുക. ‘പ്രമുഖ’ ആ പരിമിതിയുടെ തെളിവാണ്. ഇത്തരം ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഞങ്ങളുടെ ഞാണിന്മേല്‍ക്കളി.

Troll pramukh (2).jpeg

എന്നാല്‍, കള്ളക്കഥകള്‍ പ്രചരിപ്പിക്കാന്‍ ‘പ്രമുഖ’ മറയാക്കി എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. അത് വാര്‍ത്തകളുടെ മുഴുവന്‍ വിശ്വാസ്യതയെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാന്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ കൈയിലെ ആയുധമായിരിക്കുന്നു. ഇതിന് മറ്റാരെയും കുറ്റം പറയാനില്ല. മാധ്യമപ്രവര്‍ത്തനത്തിനു നിരക്കാത്ത കള്ളക്കഥകള്‍ പടച്ചുവിടുന്നവര്‍ തന്നെയാണ് കുറ്റക്കാര്‍. വളരെ മാന്യമായി ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തവരാണ് ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും. എന്നാല്‍, മുന്നില്‍ നില്‍ക്കുന്നത് കള്ളക്കഥകളും അതെഴുതിയവരുമാകുമ്പോള്‍ ഒരു സമൂഹമാകെ പഴി കേള്‍ക്കേണ്ടി വരുന്നു.

അതിക്രമത്തിന് യുവനടി ഇരയായി മണിക്കൂറുകള്‍ക്കകം തന്നെ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ കൈരളി പീപ്പിളാണ് മാധ്യമ അതിക്രമത്തിന് തുടക്കമിട്ടത്. അബദ്ധമോ പിശകോ ആണെന്ന് ഒരു തരത്തിലും വിലയിരുത്താനാവാത്ത ബോധപൂര്‍വ്വമുള്ള അതിക്രമം. ഈ വാര്‍ത്തയ്ക്ക് കൈരളിയുടെ വെബ്‌സൈറ്റില്‍ ഹിറ്റ് കൗണ്ട് കൂടുന്നതു കണ്ട് വാര്‍ത്താവിഭാഗത്തിലെ ഒരുന്നതന്‍ പരസ്യമായി ആഹ്ലാദം പ്രകടിപ്പിച്ചത് പിന്നീട് ചര്‍ച്ചയായി. ചര്‍ച്ചയായതു തന്നെ ഈ ‘ദൗത്യം’ ദയനീയമായി പരാജയപ്പെടുകയും ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാവുകയും ചെയ്തപ്പോഴാണ്. പൊതുവെ ഇടതുപക്ഷ ചിന്താഗതി പിന്തുടരുന്നു എന്നു വിലയിരുത്തപ്പെടുന്ന റീമ കല്ലിങ്കല്‍ വരെ ഈ കള്ളത്തിന്റെ പേരില്‍ ചാനല്‍ മേധാവി ജോണ്‍ ബ്രിട്ടാസിനെ നന്നായി അനുസ്മരിച്ചു. ഒരു ‘പ്രമുഖ’ന്റെ താല്പര്യം സംരക്ഷിക്കാനാണ് കൈരളി ഇപ്പണി കാണിച്ചതെന്ന് അണിയറ വര്‍ത്തമാനം. പിന്നീട് മാപ്പുപറഞ്ഞ് രക്ഷപ്പെടാന്‍ കൈരളി ശ്രമിച്ചുവെങ്കിലും ആ മാപ്പ് പൊതുസമൂഹം അംഗീകരിച്ചില്ല.

വലിയ അവലോകനത്തിനൊന്നും ഞാന്‍ മുതിരുന്നില്ല. പക്ഷേ, ഇവിടെ സ്വന്തം കാര്യം പറയാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന് വിശ്വസിക്കുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തനം. ലഭിക്കുന്ന വിവരങ്ങളില്‍ 80 ശതമാനവും മറച്ചുവെച്ച് ബാക്കി 20 ശതമാനം മാത്രമാണ് ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുവെയ്ക്കുന്നത്. മാനനഷ്ടക്കേസ്, നിയമപരമായ മറ്റു നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം ഉള്ളതിനാല്‍ അതങ്ങനെ തന്നെയാണ് വേണ്ടത്. നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ട് വെളിപ്പെടുത്താനാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുക, അത്രയേ പറ്റൂ. തൊഴിലിന്റെ ഭാഗമായി ഭരണത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയക്കാര്‍, പൊലീസുകാര്‍, സിനിമക്കാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ആ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ധാരാളം വിവരങ്ങള്‍ അവരില്‍ നിന്ന് കൈയില്‍ വരും. പക്ഷേ, അതെല്ലാം എഴുതാനും വെളിപ്പെടുത്താനുമുള്ളതല്ല. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ പിന്തുടര്‍ന്ന് നിയമപരമായി നിലനില്‍പ്പുള്ള യഥാര്‍ത്ഥ വാര്‍ത്തയിലേക്ക് എത്താനാണ് ശ്രമിക്കുക.

മാധ്യമപ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഫോളോ അപ് വാര്‍ത്തകള്‍ക്കായി മുകളില്‍ നിന്ന് വിളി വന്നുകൊണ്ടിരിക്കും. സാധാരണ നിലയില്‍ നല്‍കാന്‍ സാദ്ധ്യതയില്ലാത്ത വാര്‍ത്തകള്‍ മേലുദ്യോഗസ്ഥരെ തൃപ്തിപ്പെടുത്താന്‍ ഒരു ലേഖകന്‍ എഴുതാന്‍ നിര്‍ബന്ധിതനാവുന്നു. പക്ഷേ, അതിന്റെ പേരില്‍ നിറംപിടിപ്പിച്ച കഥകള്‍ എഴുതിപ്പിടിപ്പിക്കുന്നതിന് ന്യായീകരണമില്ല. ചില വിവരങ്ങള്‍ -അത് എത്ര തന്നെ ശരിയായിരുന്നാലും -എഴുതാതിരിക്കുക അല്ലെങ്കില്‍ പറയാതിരിക്കുക എന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ ഔചിത്യം. യുവനടി പൊലീസിനു നല്‍കിയ മൊഴിയുടെ പൂര്‍ണ്ണരൂപം പല മാധ്യമപ്രവര്‍ത്തകരുടെയും കൈയിലുണ്ട്. പക്ഷേ, അതു പ്രസിദ്ധീകരിക്കാതിരിക്കാനുള്ള ഔചിത്യം അവര്‍ കാണിച്ചിട്ടുണ്ട്. മുകളില്‍ ഉദ്ധരിച്ച കേരള കൗമുദി വാര്‍ത്തയില്‍ ഇല്ലാതിരുന്നത് ആ ഔചിത്യമാണ്. വാട്ട്‌സാപ്പിലൂടെ ചില ഞരമ്പുരോഗികള്‍ ഇത്തരം പല കഥകളും പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഒരു തെളിവുമില്ല. ഇത്തരം വാട്ട്‌സാപ്പ് കഥകള്‍ പിന്നീട് വാര്‍ത്തകളായി മാറുന്ന ദുര്യോഗമുണ്ടായി എന്നതാണ് കൊച്ചി സംഭവത്തിന്റെ ബാക്കിപത്രം.

‘നടിയെ തട്ടിക്കൊണ്ടു പോയി അപമാനിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിരാജാവിനെപ്പോലെ വിലസുന്ന ഒരു പ്രമുഖ നടനില്‍ നിന്ന് അന്വേഷണസംഘം ഇന്നലെ രഹസ്യമായി മൊഴിയെടുത്തു. നടന്റെ ആലുവയിലുള്ള വീട്ടില്‍ ഒരു ഐ.ജി. ഉള്‍പ്പെടെയുള്ള സംഘം തിങ്കളാഴ്ച രാത്രി മഫ്തിയിലെത്തുകയായിരുന്നു. നടന്റെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ഇവര്‍ വാഹനമിട്ടത്. നടിയുമായി ഉണ്ടായിരുന്ന ബിസിനസ് പങ്കാളിത്തത്തെപ്പറ്റിയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.’

ഫെബ്രുവരി 22ന് കേരള കൗമുദിയുടെ തന്നെ ഒന്നാം പേജില്‍ വന്ന വാര്‍ത്ത. ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് ഏതൊരാള്‍ക്കും നിഷ്പ്രയാസം മനസ്സിലാവും. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന നിലയിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണം. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതേ വഴി പിന്തുടര്‍ന്നു. പിന്നാലെ, മറ്റെല്ലാവരും സഞ്ചരിക്കുന്ന അവസ്ഥയുണ്ടായി. ‘കൊച്ചിരാജാവിനെപ്പോലെ വിലസുന്ന പ്രമുഖ നടന്‍’ -കൗമുദിയുടെ പ്രയോഗം ഉഗ്രന്‍. ‘കൊച്ചിരാജാവ്’ ദിലീപ് നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമ. ആലുവയില്‍ താസമിക്കുന്ന പ്രമുഖ നടനും ദിലീപ് തന്നെ. ഇതൊക്കെ എല്ലാവര്‍ക്കും മനസ്സിലാവും. പക്ഷേ, ദിലീപാണെന്നു തുറന്നു പറയില്ല. ഇത്തരം എഴുത്തുകള്‍ക്ക് ഒരു സൗകര്യമുണ്ട് -ആരും നിഷേധിക്കില്ല. ഒരാള്‍ നിഷേധിച്ചാല്‍ അയാളാണ് വാര്‍ത്തയിലെ കക്ഷി എന്നു സമ്മതിക്കലാവും. പക്ഷേ, ദിലീപ് വെറുതെയിരുന്നില്ല. അദ്ദേഹം പരസ്യമയായി പ്രതികരിക്കുക തന്നെ ചെയ്തു. ഡി.ജി.പിക്ക് പരാതിയും നല്‍കി. ആ പ്രതികരണത്തിന് ഗുണമുണ്ടായി. ദിലീപിനെ കേന്ദ്രീകരിച്ചുള്ള കഥയ്ക്ക് തല്‍ക്കാലമെങ്കിലും ഇടവേള വന്നു.

തന്റെ വീട്ടില്‍ ഒരു പൊലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല എന്ന് ദിലീപ് ഉറപ്പിച്ചു പറയുന്നു. ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല തന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെ വീട്ടിലും പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഈ വാര്‍ത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടത് വാര്‍ത്ത പടച്ചു വിട്ടവരാണ് എന്നു ദിലീപ് പറയുമ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ സാമാന്യബോധമുള്ള ആരും തയ്യാറാവും. ദിലീപിന് ഈ സംഭവവുമായി ബന്ധമുണ്ടെങ്കില്‍ അതു തീര്‍ച്ചയായും തുറന്നുകാട്ടപ്പെടണം, ശിക്ഷിക്കപ്പെടണം. പക്ഷേ, അദ്ദേഹമാണ് തെറ്റു ചെയ്തത് എന്ന് ബോദ്ധ്യമാവുമ്പോഴാണ് അതു ചെയ്യേണ്ടത്. അല്ലാതെ കുറ്റം തെളിയിക്കപ്പെടേണ്ടതും ശിക്ഷ വിധിക്കപ്പെടേണ്ടതും വാര്‍ത്തകളെന്ന പേരില്‍ പടച്ചുവിടുന്ന കള്ളക്കഥകളിലല്ല. ലഭ്യമാകുന്ന വിവരങ്ങള്‍ തെളിവുകളുടെ പിന്‍ബലത്തോടെ അവതരിപ്പിക്കുമ്പോഴാണ് അത് വാര്‍ത്തയാവുന്നത്. ഇല്ലാത്തതെല്ലാം കഥകളാണ്. ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പല മാധ്യമങ്ങളിലും വരുന്നത് ഭൂരിഭാഗവും നിറംപിടിപ്പിച്ച കഥകളാണെന്ന് പറയാതെ വയ്യ. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അന്വേഷിച്ചറിഞ്ഞിട്ടുള്ള ഒരാള്‍ എന്ന നിലയ്ക്ക് അത് വ്യക്തമായി പറയാനാവും. കഥകള്‍ എഴുതാന്‍ ഒരു മേലുദ്യോഗസ്ഥന്റെയും സമ്മര്‍ദ്ദമില്ലാത്ത മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ആ സ്വാതന്ത്ര്യമുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പലരില്‍ നിന്നും വിവരം ശേഖരിക്കും. അവര്‍ക്ക് ആ കേസുമായി ബന്ധമുണ്ടെന്നോ അവര്‍ കുറ്റവാളികളാണെന്നോ അതുകൊണ്ട് അര്‍ത്ഥമുണ്ടോ? പരസ്യ പ്രതികരണവുമായി ദിലീപ് രംഗത്തു വന്നതോടെ കഥയെഴുത്തുകാര്‍ക്ക് പുതിയ ഇര വേണമായിരുന്നു. അതിനവര്‍ അടുത്തതായി കുരച്ചുചാടിയത് സിദ്ധാര്‍ത്ഥ് ഭരതനു നേരെയാണ്. ജീവിതത്തിലെ ഏറ്റവും വലിയ സത്യം മരണമാണ്. മരണത്തെ മുഖാമുഖം കാണുമ്പോഴാണ് ജീവിതം എത്ര നശ്വരമാണെന്ന് ആര്‍ക്കും ബോദ്ധ്യമാവുക. ഇത്തരത്തില്‍ മരണത്തെ മുഖാമുഖം കാണാന്‍ സിദ്ധാര്‍ത്ഥിന് അവസരം ലഭിച്ചിട്ട് അധികമായിട്ടില്ല. മാരകമായൊരു വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ജീവിതത്തിന്റെ വിലയെന്താണെന്ന് തനിക്കിപ്പോള്‍ ശരിക്കുമറിയാം എന്ന് ആ ചെറുപ്പക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനൊരുവനെതിരെയാണ് സംഘടിതമായ ആക്രമണമുണ്ടായത്. സിദ്ധാര്‍ത്ഥിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള കാരണം ഭരണകക്ഷിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, സംഗീത നാടക അക്കാദമി അദ്ധ്യക്ഷ കൂടിയായ കെ.പി.എ.സി. ലളിതയുടെ മകനാണ് എന്നതാണോ?

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് സിദ്ധാര്‍ത്ഥ് തന്നെ വിശദീകരിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനര്‍ ആയ സുഹൃത്തിനെ തെറ്റിദ്ധാരണയുടെ പേരില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേവലം പേരിലുള്ള സമാനത കൊണ്ടാണ് ആശയക്കുഴപ്പമുണ്ടായത്. നിരപരാധി ആണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയയ്ക്കുകയും, പറ്റിയ തെറ്റിദ്ധാരണയില്‍ പൊലീസ് ഖേദം അറിയിക്കുയതും ചെയ്തു. എന്നാല്‍, ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സിദ്ധാര്‍ത്ഥിന്റെ വീട് റെയ്ഡ് ചെയ്തെന്നും അദ്ദേഹത്തിന് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും വാര്‍ത്തകള്‍ വന്നു. തന്നെയും കൂടെ ജോലി ചെയ്യുന്നവരെയും കുടുംബത്തെയും അവഹേളിക്കാന്‍ വേണ്ടി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മറുനാടന്‍ മലയാളി, റിപ്പോര്‍ട്ടര്‍, മാതൃഭൂമി, മലയാള മനോരമ, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും എന്ന് സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ച്ചയായും അത് വേണ്ടതു തന്നെയാണ്.

സമാനമായി ഭരണവുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ മാത്രം ഈ കേസില്‍ ‘പ്രതിയായ’ മറ്റൊരാളുണ്ട് -ബിനീഷ് കോടിയേരി. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന വേളയില്‍ തിരുവനന്തപുരത്ത് എന്ത് കശപിശ നടന്നാലും അതില്‍ ഒന്നാം പ്രതിയായി വാര്‍ത്തകളില്‍ വരിക ബിനീഷിന്റെ പേരായിരുന്നു. കോടിയേരി മന്ത്രിയല്ലാതായതോടെ ബിനീഷ് പെട്ടെന്ന് മാധ്യമങ്ങള്‍ക്ക് നല്ലവനായി!! ഇപ്പോള്‍ കൊച്ചി കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് വന്നു. കാരണം കോടിയേരി ബാലകൃഷ്ണന്‍ ഭരണനേതൃത്വമുള്ള സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. മാങ്ങയുള്ള മാവില്‍ കല്ലെറിഞ്ഞിട്ടല്ലേ കാര്യമുള്ളൂ!! ബി.ജെ.പി. നേതാവ് എ.എന്‍.രാധാകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. പങ്കില്ലെങ്കില്‍ തെളിയിക്കട്ടെ എന്നാണ് രീതി. കാറ്റടിക്കുന്നിടത്തെല്ലാം വേലി കെട്ടുക എന്നത് നടപ്പുള്ള കാര്യമാണോ? ‘എനിക്ക് പങ്കില്ല’ എന്നെങ്ങാനും ബിനീഷ് പറഞ്ഞുകിട്ടിയാല്‍ അതു മതി രാധാകൃഷ്ണനെപ്പോലുള്ളവര്‍ക്ക് ഒരാഴ്ച ആഘോഷിക്കാന്‍. രാധാകൃഷ്ണന്റെ വാക്കുകള്‍ വെണ്ടയ്ക്ക നിരത്തിയവര്‍ ആരും ചോദിച്ചില്ല എന്തടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്ന്!

നടി ആക്രമിക്കപ്പെട്ട സംഭവം എല്ലാ നിയമങ്ങളും ലംഘിക്കുന്ന നിലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നടിയുടെ ദൃശ്യം ചാനലുകളിലും ചിത്രം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും തുടക്കത്തില്‍ നിറഞ്ഞു. നടിയുടെ വ്യക്തിത്വം വ്യക്തമാവുന്ന രീതിയില്‍ ചിത്രവും പേരും ഉള്‍പ്പെടുത്തി പിന്തുണ പ്രഖ്യാപിച്ച് ഈയുള്ളവനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തട്ടിക്കൊണ്ടുപോകലും കൈയേറ്റവും കണ്ട് അഭിനയം എന്ന തൊഴിലില്‍ നിന്ന് പിന്മാറരുത് എന്നായിരുന്നു അഭ്യര്‍ത്ഥന. പോസ്റ്റിട്ട് ഏറെ നേരം കഴിഞ്ഞാണ് ഈ കേസിന്റെ അന്വേഷണച്ചുമതലയുള്ള ഒരുന്നത പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാന്‍ ഇടയായത്. അതോടെ ഈ കേസില്‍ ചുമത്തപ്പെടുന്ന വകുപ്പുകള്‍ മനസ്സിലായി. ഒരു കാരണവശാലും ഇരയുടെ പേരോ വ്യക്തിത്വം തിരിച്ചറിയുന്ന പരാമര്‍ശങ്ങളോ ചിത്രങ്ങളോ ദൃശ്യങ്ങളോ ഉപയോഗിക്കാന്‍ പാടില്ലാത്ത വകുപ്പുകളാണുള്ളത്. വെറും തട്ടിക്കൊണ്ടുപോകലും കൈയേറ്റവുമല്ല. അതോടെ ഫേസ്ബുക്കിലെ എന്റെ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തു. പോസ്റ്റ് നീക്കുന്നതു സംബന്ധിച്ച് പ്രത്യേകിച്ച് അറിയിപ്പൊന്നും നല്‍കിയുമില്ല. കാരണം അതും നിയമവിരുദ്ധമാണ്.

ലൈംഗികാതിക്രമ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണം എല്ലാവരും പാലിക്കുന്നത് ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ നമ്മള്‍ കണ്ടു. ഇരയുടെ പേര് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തമായി അറിയാമെങ്കിലും ഞങ്ങള്‍ക്ക് ഇന്നും അവള്‍ ‘നിര്‍ഭയ’ ആണ്. എന്നാല്‍, നമ്മുടെ നാട്ടിലെത്തുമ്പോള്‍ ഈ നിയമം കാറ്റില്‍പ്പറക്കുന്നു. സൗമ്യയുടെയും ജിഷയുടെയുമൊക്കെ പേരും ചിത്രവുമെല്ലാം പരസ്യമായി ഉപയോഗിക്കപ്പെടുന്നു. എന്തുകൊണ്ട് ഈ ഇരട്ടത്താപ്പെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സത്യമായിട്ടും ഉത്തരം കണ്ടെത്താനായിട്ടില്ല. ഇപ്പോള്‍ യുവനടിയുടെ കാര്യത്തിലും സമാനമായ രീതിയിലാണ് പേരും ദൃശ്യങ്ങളും ആദ്യം ആഘോഷിക്കപ്പെട്ടത്. പിന്നീട്, പൊലീസ് ഇടപെടല്‍ നിമിത്തമാണെന്നു തോന്നുന്നു, മാധ്യമങ്ങള്‍ നിയന്ത്രിച്ചു. പക്ഷേ, പേരു പറഞ്ഞില്ലെങ്കിലും നടിയുടെ ചിത്രം വാര്‍ത്തയ്‌ക്കൊപ്പം ‘സുഭിക്ഷമായി’ ഉപയോഗിക്കുന്ന അനേകം ഓണ്‍ലൈന്‍ മാധ്യമങ്ങളെ കണ്ടു, കണ്ടുകൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 228-എ എന്നൊരു വകുപ്പുണ്ട്. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുന്ന ഏതൊരാളും നിര്‍ബന്ധമായും ഈ വകുപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കണം.

Section 228A of the Indian Penal Code prohibits the publication of the identity of rape victims (specifically, persons against whom offences under Sections 376, 376A, 376B, 376C, 376D and 376E, IPC, are alleged or found to have been committed). The prohibition under this Section has been worded to prohibit the publication of not only victims’ names but also any matter which could make victims’ identities known. Those who violate the publication prohibition under s. 228A, IPC, are liable to be punished with either simple or rigorous imprisonment for up to two years and are be liable to be fined unless the publication is:
(a) by or under the order in writing of the officer-in-charge of the police station or the police officer making the investigation into such offence acting in good faith for the purposes of such investigation; or
(b) by, or with the authorisation in writing of, the victim; or
(c) where the victim is dead or minor or of unsound mind, by, or with the authorisation in writing of, the next of kin of the victim:
Provided that no such authorisation shall be given by the next of kin to anybody other than the chairman or the secretary, by whatever name called, of any recognised welfare institution or organisation.

അതിക്രമത്തിനു വിധേയരായവരുടെ പേരോ, അവരെ തിരിച്ചറിയാനാവുന്ന തരത്തിലുള്ള വിവരങ്ങളോ അക്രമിക്കപ്പെട്ടവരുടെയോ അല്ലെങ്കില്‍ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയോ രേഖാമൂലമുള്ള അനുമതികൂടാതെ പ്രസിദ്ധീകരിക്കുന്നത് നിയമപ്രകാരം തെറ്റാണ്. ഏത് ലൈംഗീകാതിക്രമ കേസിലും ഇത് ബാധകമാണ്. ബലാത്സംഗം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് പിന്നീട് നിയമപരമായി തെളിയിക്കപ്പെടേണ്ട കാര്യമാണ്. ആക്രമണത്തിനിരയായ സ്ത്രീയെ നിയമപരമായി സംരക്ഷിക്കാനും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാനും മാത്രമല്ല, വാര്‍ത്ത എങ്ങനെ എഴുതണമെന്നും ഈ രാജ്യത്ത് വ്യക്തമായ നിയമമുണ്ട്. പ്രസിദ്ധീകരണം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിക്കുന്നത് 2 വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റവുമാണ്. എന്നാല്‍, എത്ര പേര്‍ ഈ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ തന്നെ റിപ്പോര്‍ട്ടുകളിലൂടെ കുറ്റകൃത്യങ്ങളില്‍ ചെന്നു ചാടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

സമൂഹമാധ്യമങ്ങളില്‍ ഇത്തരം ഒരു നിയമങ്ങളും നിലനില്‍ക്കുന്നില്ലേ എന്ന സംശയം തോന്നുന്നത് ഇതുപോലുള്ള സന്ദര്‍ഭങ്ങളിലാണ്. മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ പോലും ‘ഇര’യുടെ പേരും ചിത്രവും വെച്ച് ആഘോഷിക്കുന്നു. കേസില്‍ ചെലുത്തപ്പെട്ട വകുപ്പുകള്‍ മനസ്സിലാക്കിയപ്പോള്‍ പൃഥ്വിരാജും അനൂപ് മേനോനും അടക്കമുള്ള പ്രശസ്തരും എന്നെപ്പോലുള്ള ചില സാധാരണക്കാരും പോസ്റ്റുകള്‍ പിന്‍വലിച്ചു. എന്നാല്‍, അതിക്രമത്തിനിരയായ യുവനടിയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന റീമ കല്ലിങ്കല്‍ ഏറ്റവും ഒടുവിലത്തെ പോസ്റ്റിലും പേരു പരാമര്‍ശിച്ചു തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പിന്തുണ നല്‍കാനായാലും ആ വെളിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റമാണ്.

pulsur-suni-arrest.jpg

വായില്‍ തോന്നിയത് കോതയ്ക്കു പാട്ട് എന്ന രീതിയില്‍ വാര്‍ത്ത നല്‍കുന്നവര്‍ അരങ്ങ് അടക്കി വാഴുന്ന രീതിയാണ് ഈ സംഭവവുമായി ബന്ധപ്പെട്ടു കണ്ടത്. പൊലീസിനെ വെട്ടിച്ച് എറണാകുളം എ.സി.ജെ.എം. കോടതിയിലെത്തിയ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും അവിടെ നിന്ന് പിടികൂടി. ഈ അറസ്റ്റിന്റെ സാംഗത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശരിക്കും വെറുപ്പിച്ചു. പ്രതികളെ കോടതി മുറിയില്‍ നിന്നു പിടിക്കാമോ, പ്രതികളെ വലിച്ചിഴച്ചു, പ്രതികള്‍ക്ക് പരിക്ക് പറ്റിയിരിക്കുന്നു, പ്രതികളുടെ അവകാശം നഷ്ടപ്പെടുത്തി, പ്രതിക്കൂട്ടില്‍ കയറി നിന്ന പ്രതികളെ ഇങ്ങനെ ചെയാമോ തുടങ്ങിയ പ്രതി പോലും സങ്കല്പിക്കാത്ത പിന്തുണ ചാനല്‍ സ്റ്റുഡിയോകളില്‍ നിന്നുണ്ടായി. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നീ 3 പ്രധാന ചാനലുകളിലും ഈ സമയത്ത് വനിതാ അവതാരകരായിരുന്നു എന്നതാണ് രസകരം. അതിന് ഒരു മണിക്കൂര്‍ മുമ്പു വരെ അവര്‍ പറഞ്ഞതെല്ലാം അവിടെ വിഴുങ്ങി. തങ്ങളെപ്പോലെ ഒരു സ്ത്രീക്കു നേരെ അതിക്രമം കാട്ടിയവരാണ് ഈ പ്രതികളെന്ന കാര്യം മറന്നതു പോകട്ടെ, കോടതിയെന്താണ് എന്ന സാമാന്യയുക്തി പോലും ഇവരോ ഇവരെ അണിയറയില്‍ നിയന്ത്രിച്ചവരോ പ്രകടിപ്പിച്ചില്ല. ജഡ്ജിയാണ് കോടതി, അല്ലാതെ കെട്ടിടമല്ല! ജഡ്ജിയിരിക്കുന്ന സ്ഥാനം മൈതാനമായിരുന്നാലും അത് കോടതിയാകും. ജഡ്ജിയുടെ വീട്ടില്‍ പ്രതികളെ ഹാജരാക്കുന്നതിന് നിയമപരമായ സാധുത ലഭിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈയടുത്ത് തന്നെ ശശികലയ്ക്ക് കീഴടങ്ങാന്‍ ജയില്‍ തന്നെ കോടതിയായതും നാം കണ്ടതാണ്. അങ്ങനെ വരുമ്പോള്‍ ജഡ്ജിയില്ലാത്തിടം കോടതിമുറിയാണെങ്കിലും കോടതിയല്ല എന്നു വരുന്നു. വക്കീലിനൊപ്പം പോകുമ്പോള്‍ പ്രതിയെ പൊലീസ് പിടിക്കാന്‍ പാടില്ലെന്ന് ഈ നാട്ടില്‍ നിയമമില്ല എന്നതും ഓര്‍ക്കണം.

സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ പ്രതിപക്ഷത്തിനും പ്രതിഭാഗം വക്കീലിനുമുള്ള താല്പര്യം വാര്‍ത്താസ്‌ക്രീനിലേക്കു പകര്‍ത്തപ്പെടുന്നത് എത്രമാത്രം ആശാസ്യമാണെന്നത് പരിശോധിക്കപ്പെടണം. മനോരമ ഈ വാര്‍ത്ത അവതരിപ്പിച്ച രീതി വ്യക്തമാക്കിക്കൊണ്ട് ഡി.വൈ.എഫ്.ഐ. നേതാവ് എ.എ.റഹിം ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപകമായി വായിക്കപ്പെട്ടത് ഈ പശ്ചാത്തലത്തില്‍ കാണണം.

വാര്‍ത്ത എന്തായാലും പൊലീസ് നടപടി ശരിവെയ്ക്കുന്ന രീതിയില്‍ പിന്നീട് എ.സി.ജെ.എം. കോടതി വിധി വന്നു. എന്നാല്‍ വിധിയും വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വാര്‍ത്ത ഞാന്‍ ഏഷ്യാനെറ്റ് ന്യൂസിലാണ് കണ്ടത്. വന്ന വാര്‍ത്തകള്‍ ഇങ്ങനെ.

-സര്‍ക്കാരിന് തിരിച്ചടി!
-കീഴടങ്ങല്‍ അംഗീകരിച്ചു!!
-പ്രതികളെ ഉടനെ കോടതിയില്‍ ഹാജരാക്കണം!!

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് മനസ്സിലായാല്‍ മാത്രമേ ഈ റിപ്പോര്‍ട്ടിങ്ങിലെ പൊള്ളത്തരം മനസ്സിലാവൂ. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ എസ്.കൃഷ്ണകുമാറാണ് പരാതിക്കാരന്റെ റോളിലും അവതരിപ്പിച്ചത്. ഇതു പരിഗണിച്ച് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സിജു ഷെയ്ഖ് പുറപ്പെടുവിച്ച വിധിയില്‍ വാര്‍ത്തായി വന്ന ഒരു സംഗതിയുമില്ല.

‘പരാതിക്കാരനും ഒരു സാക്ഷിയും ഹാജരുണ്ടായിരുന്നു. അവരുടെ മൊഴി രേഖപ്പെടുത്തി. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിലവിലുള്ള ക്രൈം നമ്പര്‍ 297/17ലെ പ്രതികളെ ഈ കോടതിയില്‍ തന്നെ തിരികെ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, പരാതിക്കാരന്റെ മൊഴിയില്‍ നിന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായത് ഈ പറയുന്ന പ്രതികളെ കോടതിയില്‍ നിന്ന് നീക്കിയിട്ടുണ്ട് എന്നാണ്. ഈ കോടതിയില്‍ അവരുമായി ബന്ധപ്പെട്ട കേസുകളൊന്നും നിലവിലില്ലാത്തതിനാല്‍ അവരെ ഇവിടെ ഹാജരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കുന്നത് അനാവശ്യമാണ്. പക്ഷേ, സി.ആര്‍.പി.സിയിലെ എസ്.167(1) പ്രകാരം ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കുന്നതിനായി ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പ്രതികളെ കൈമാറാന്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. നടപടി സ്വീകരിക്കണം.’

അതായത് ഒരു കേസില്‍ പ്രതിയെ പിടികൂടിയാല്‍ 24 മണിക്കൂറിനകം ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കണമെന്ന നിയമം പാലിക്കണം എന്നര്‍ത്ഥം. ഇതില്‍ അസ്വാഭാവികമായി എന്താണുള്ളത്? ഇതുപൊലുള്ള പ്രവര്‍ത്തനങ്ങളാണ് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് തല്ലു വാങ്ങിത്തരുന്നത്. ഒരു ന്യൂനപക്ഷത്തിന്റെ പിഴവുകളുടെ ഭാരം എല്ലാവരും ചുമക്കേണ്ടി വരുന്നു.

ഒരു കാര്യം മാത്രം പറയാം.
കഥയെഴുത്ത് മാധ്യമപ്രവര്‍ത്തനമല്ല.
കഥയെഴുതുന്ന കള്ളന്മാര്‍ മാധ്യമപ്രവര്‍ത്തകരുമല്ല.

LATEST insights

TRENDING insights

16 COMMENTS

  1. ശരിയാണ് ശ്യാം ജി.
    മാധ്യമങ്ങൾ പ്രതികളെ കണ്ടത് പോലെയാണ് എഴുതിയത് .ദിലീപിന്റെ പേര് പറയാതെ തന്നെ പ്രമുഖ…കൊച്ചിരാജാവ്…നാടോടി മന്നൻ….തുടങ്ങിയ പേരുകളിൽ അയാളാണ് പ്രതിയെന്നു പ്രചരിപ്പിക്കുകായിരുന്നു.
    അതു പോലെ ഒരു നടി ബലാൽസംഘചെയ്യപ്പെട്ട രീതിവരെ പത്രങ്ങളിൽ കൊടുക്കുക എന്നത് തന്നെ എത്ര അപമാനകരമാണ്.അതിനകത്തു നടന്ന കാര്യങ്ങൾ പെൺകുട്ടി പോലീസിനു മൊഴിനൽകിക്കാണുന്നത് സ്വാഭാവികമാണ്.അതെല്ലാംതന്നെ ഒരു നിയന്ത്രണമില്ലാതെ കൊടുത്ത പത്രങ്ങൾ ഉണ്ട്.
    മാത്രമല്ല വാദി മരിച്ചിട്ടില്ല.അയാൾക്ക് ഇനി മുന്നോട്ട് ജീവിക്കേണ്ടതുണ്ട് എന്നതും മറന്നുപോയിരിക്കുന്നു.
    എന്തായാലും പത്രങ്ങളുടെ മത്സരം…ആരോഗ്യകരമാല്ലാത്തമത്സരം(ഇത് ചെയ്യുന്നത് ബ്യുറോയുടെ തലപ്പത്തിരിക്കുന്നവരുടെ ഭീഷണിയും വിരട്ടലും ഭയന്നാണെന്നത് ശ്രദ്ധേയം) വലിയ സമൂഹിക അവമതിക്കുകാരണമാകും.
    തിരുത്തണം.അതിവൈകാരികത വെടിയണം…സംയമനം പാലിക്കണം.

  2. ചേട്ടന്‍ പറഞ്ഞത് കറക്ടാണ്..ഏന്തു ചെറ്റത്തരമാണ് റിപ്പോര്‍ട്ടിങ് എന്ന് പറഞ്ഞ് കാട്ടികൂട്ടിയത്..

    • ഇപ്പോള്‍ നിലനില്‍ക്കുന്ന ഭീകരാവസ്ഥ വ്യക്തമാക്കാന്‍ മനഃപൂര്‍വ്വമാണ് ആ തലക്കെട്ട് നല്‍കിയത്. അതു നല്‍കുന്നതിനു മുമ്പ് സ്ത്രീകള്‍ അടക്കമുള്ളവരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. കേരള കൗമുദി കാണിച്ച ചെറ്റത്തരത്തിലേക്ക് ഒറ്റ നോട്ടത്തില്‍ ദൃഷ്ടി പതിയാന്‍ ഈ തലക്കെട്ട് ഉപകരിക്കും എന്ന് പലരും പറഞ്ഞു. മാര്‍ക്കറ്റിങ് എന്റെ ലക്ഷ്യമല്ലാത്തതിനാല്‍ അതിനു വേണ്ടി തലക്കെട്ടിടേണ്ട ആവശ്യമില്ല എന്നു പറഞ്ഞുകൊള്ളട്ടെ.

  3. അധ:പതിച്ച ചില മാധ്യമ പ്രവർത്തകർ കാരണം നല്ല മാധ്യമ പ്രവർത്തകർ പോലും വെറുക്കപ്പെടുകയാണ്.

  4. ചില നേരത്തെ ചില മാധ്യമങ്ങളുടെ കാട്ടികൂട്ടൽ കാണുമ്പോൾ വക്കീലൻമാരുടെ കയ്യീന്നു കിട്ടിയത് വെറുതെ അല്ല എന്ന് തോന്നിപ്പോവും…

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights