ചൈനയുമായുള്ള സംഘർഷത്തിൽ രക്തസാക്ഷിത്വംവരിച്ച സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. “സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ, പ്രകോപിപ്പിച്ചാൽ ഉചിതമായ മറുപടി നൽകും. രാജ്യത്തിന്റെ പരമാധികാരവും സമ്പൂർണതയും സംരക്ഷിക്കുന്നതിൽനിന്ന് ഇന്ത്യയെ ആർക്കും തടയാനാകില്ല” -ബുധനാഴ്ച മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളിൽ ആത്മവിശ്വാസമുണർത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം. വേണ്ടതു തന്നെ. ചൈന എന്നു പറയുന്നതു പോലും രാജ്യദ്രോഹമാക്കാൻ പ്രധാനമന്ത്രിയുടെ അണികൾ നടപടികൾ തുടങ്ങിക്കഴിഞ്ഞു. “ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക” എന്നതാണ് ആദ്യ മുദ്രാവാക്യം. അതു തീർത്തും സ്വാഭാവികം. ഇതിനൊപ്പം രാഷ്ട്രീയമായി എതിർപക്ഷത്തുള്ളവരെ ചൈനീസ് ചാരന്മാരാക്കാനും അണികൾ ഉത്സാഹിക്കുന്നുണ്ട്. അവർ ഇതൊരു സുവർണ്ണാവസരമായി കാണുന്നു.
രക്തസാക്ഷി…
അവനവനു വേണ്ടിയല്ലാതെയപരന്നു
ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
ഒരു രക്ത താരകം രക്തസാക്ഷി
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുൾ വഴിയിലൂർജ്ജമായ് രക്തസാക്ഷി pic.twitter.com/QRXncpsfZB— V S Syamlal (@VSSyamlal) June 18, 2020
ആക്രമണകാരികളായ ശത്രുക്കളെ നിയന്ത്രിക്കാനുള്ള നടപടികൾ ആലോചിക്കുന്നതും നടപ്പാക്കുന്നതും ഇന്നത്തെ ലോകക്രമത്തിൽ സാധാരണമാണ്. അത് ചിലപ്പോഴെല്ലാം ആവശ്യവുമാണ്. പക്ഷേ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കാനും മാത്രമുള്ള നാടകമാണ് ഈ കപട ദേശസ്നേഹമെങ്കിൽ അത് എതിർക്കപ്പെടണം. അവരുടെ സ്നേഹം രാജ്യത്തോടല്ല, രാജ്യഭരണത്തോടാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തെ സർജിക്കൽ സ്ട്രൈക്ക് നമ്മൾ കണ്ടതാണല്ലോ! ഇപ്പോൾ ഇതൊക്കെ വീണ്ടും ചർച്ച ചെയ്യാൻ നമ്മൾ നിർബന്ധിതരാവുന്നു. അതിനു വ്യക്തമായ കാരണമുണ്ട്.
ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യയുടെ 20 ധീരജവാന്മാർ ചൈനീസ് പടയാളികളുടെ കടന്നുകയറ്റത്തോടു പൊരുതി വീരമൃത്യു വരിക്കുമ്പോൾ ഇങ്ങ് ഡൽഹിയിൽ ചൈനീസ് കമ്പനിക്ക് ശതകോടികളുടെ കരാർ കൈമാറി മോദി സർക്കാർ ചുവപ്പു പരവതാനി വിരിക്കുകയായിരുന്നു. ലഡാക്കിലെ 60 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ ചൈനീസ് കടന്നുകയറ്റം സൃഷ്ടിച്ച സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ തന്നെയാണ് ഈ നടപടിയുണ്ടായത്. ഡൽഹി മെട്രോയുടെ ഭാഗമായ ഡൽഹി -മീററ്റ് റീജ്യണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്.) പദ്ധതിയുടെ കരാർ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ഷാങ്ഹായ് ടണൽ എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (സ്റ്റെക്) സർക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ കൈവശപ്പെടുത്തി.
ഡൽഹി-മീററ്റ് പാതയിൽ ന്യൂ അശോക് നഗർ മുതൽ സാഹിബാബാദ് വരെയുള്ള 5.6 കിലോമീറ്റർ ദൂരത്തെ ഭൂഗർഭ തുരങ്കപാത നിർമ്മിക്കുന്നതിനായി 1126.89 കോടി രൂപയുടെ കരാറാണ് സ്റ്റെക് നേടിയെടുത്തത്. ആർ.ആർ.ടി.എസ്സിനു കീഴിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 3 റാപിഡ് റെയിൽ കോറിഡോറുകളിൽ ഒന്നാണിത്. ഈ പദ്ധതിയുടെ ആഗോള ദർഘാസ് നാഷണൽ ക്യാപിറ്റൽ റീജ്യൺ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് (എൻ.സി.ആർ.ടി.സി.) ക്ഷണിച്ചത് 2019 നവംബറിലാണ്. ഇതിന്റെ ഭാഗമായുള്ള സാങ്കേതിക യോഗ്യതാ നിർണ്ണയം 2020 മാർച്ച് 16ന് പൂർത്തിയായി. അതിനു ശേഷം ഇപ്പോൾ ജൂൺ 12ന് ഫിനാൻഷ്യൽ ബിഡ് പ്രകാരം കരാറിൽ തീരുമാനമെടുത്തു. കേന്ദ്ര സർക്കാരിനൊപ്പം ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരുകൾക്കും ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് എൻ.സി.ആർ.ടി.സി.
ഏറ്റവും കുറഞ്ഞ തുകയ്ക്ക് പണി ഏറ്റെടുക്കാമെന്നു വാഗ്ദാനം ചെയ്തതിനാൽ സ്റ്റെക് കരാർ നേടിയെന്ന എളുപ്പത്തിലുള്ള വിശദീകരണമാണ് എൻ.സി.ആർ.ടി.സിക്കു നൽകാനുള്ളത്. ഇവിടെ രാജ്യസുരക്ഷ അടക്കമുള്ള മറ്റു വിഷയങ്ങൾ പരിഗണിക്കപ്പെട്ടില്ല എന്നാണോ? കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി ഇത്രത്തോളം വൈകാൻ കാരണമെന്തെന്ന് അറിയാമോ? ആഗോള ദർഘാസിൽ പങ്കെടുക്കാൻ വന്ന ഒരു സംയുക്ത സംരംഭ കമ്പനിയിൽ ചൈനീസ് പങ്കാളിത്തമുണ്ടായിരുന്നു എന്നതായിരുന്നു കാരണം. ഇന്നിപ്പോൾ ചൈനയ്ക്ക് കേന്ദ്ര സർക്കാർ തന്നെ ചുവപ്പുപരവതാനി വിരിക്കുന്നു. ഇന്ത്യൻ പട്ടാളക്കാരന്റെ ചോര പകർന്ന ചുവപ്പ്!!
ഇന്ത്യയിൽ നിന്നുള്ളവ അടക്കം 5 ബഹുരാഷ്ട്ര കമ്പനികൾ ദർഘാസിൽ പങ്കെടുത്തു. സ്റ്റെക് 1126,89 കോടി രൂപയ്ക്ക് പണി തീർക്കാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ ലാഴ്സൺ ആൻഡ് ട്യൂബ്രോ 1170 കോടിയും ഗുലേർമാക്ക് 1325.92 കോടിയും ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് 1346.29 കോടിയും ആഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ 1400.40 കോടിയും ആവശ്യപ്പെട്ടു. കരാർ പ്രകാരം 3 വർഷത്തിനകം തുരങ്കപാതയുടെ പണി ചൈനീസ് കമ്പനി തീർക്കണം. ഡൽഹി-മീററ്റ് ആർ.ആർ.ടി.എസ്. പദ്ധതിയുടെ ആകെ ദൈർഘ്യം 82.15 കിലോമീറ്ററാണ്. ഡൽഹിയെ ഗാസിയാബാദ്, മീററ്റ് എന്നിവയുമായി ബന്ധിപ്പിക്കുന്ന പദ്ധതി 2025ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പണി പൂർത്തിയാവുമ്പോൾ ഡൽഹിയിൽ നിന്ന് മീററ്റിൽ 62 മിനിറ്റുകൊണ്ട് എത്താനാവും.
കരാർ നേടിയ സ്റ്റെക് വെറുമൊരു കമ്പനിയാണെന്നു കരുതിയെങ്കിൽ തെറ്റി. ചൈനീസ് സർക്കാരിന്റെയും അവിടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. പാർട്ടിയിലെ ഉന്നതർ തന്നെയാണ് കമ്പനിയുടെ തലപ്പത്ത്. ചൈനീസ് കേന്ദ്ര സർക്കാർ നേരിട്ടു നിയന്ത്രിക്കുന്ന 4 മുൻസിപ്പാലിറ്റികളിലൊന്നാണ് ഷാങ്ഹായ്. ഷാങ്ഹായ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ചാങ് യാനാണ് ഷാങ്ഹായ് ടണൽ എൻജിനീയറിങ് കമ്പനിയുടെ ചെയർമാൻ. ഷാങ്ഹായ് കമ്മ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറി ചൗ വെൻബോയാണ് കമ്പനിയുടെ പ്രസിഡന്റ്. ഇവരടക്കം കമ്പനിയുടെ 9 ബോർഡ് അംഗങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ തന്നെ. 11060 ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നു. ചൈനയിൽ എത്രമാത്രം പ്രാധാന്യമുള്ള കമ്പനിയാണ് ഇന്ത്യയിൽ കരാർ നേടിയതെന്ന് പറയേണ്ടതില്ലല്ലോ!
ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് 2006ലാണ് സ്റ്റെക് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. ചെന്നൈ മെട്രോയിൽ 2010ലും ഡൽഹി മെട്രോയിൽ 2011, 2012 വർഷങ്ങളിലും മുംബൈ മെട്രോയിൽ 2016ലും കമ്പനി കരാർ നേടിയിട്ടുണ്ട്. എന്നാൽ, അതെല്ലാം ഇന്ത്യൻ കമ്പനികളുമായുള്ള സംയുക്ത സംരംഭമായിരുന്നു. കൂടുതൽ ഉത്തരവാദിത്വം ഇന്ത്യൻ പങ്കാളികൾക്കായിരുന്നു. എന്നാൽ, ഇത്തവണ സ്റ്റെക് ഈ വമ്പൻ കരാർ നേടിയിരിക്കുന്നത് ഒറ്റയ്ക്കാണ്. അതായത് ചൈനീസ് കമ്പനി നേരിട്ട് ഇന്ത്യയിൽ പദ്ധതി നടപ്പാക്കാൻ അവസരം നേടുന്നത് ആദ്യമായി. അതും ചൈനീസ് പട്ടാളം അതിർത്തിയിൽ ഇന്ത്യൻ പട്ടാളക്കാരെ കൊന്നു തള്ളുന്ന വേളയിൽ. രാജ്യസ്നേഹം നിറഞ്ഞു തുളുമ്പാൻ ഇനിയെന്തു വേണം?
സ്റ്റെക്കിനു കരാർ ലഭിച്ചതിനു പിന്നിൽ ചില കള്ളക്കളികൾ നടന്നതായി ആക്ഷേപം വന്നിട്ടുണ്ട്. തീയില്ലാതെ പുകയുണ്ടാവില്ല എന്നാണല്ലോ പ്രമാണം. തട്ടിപ്പിലൂടെയാണ് ചൈനീസ് കമ്പനി കരാർ നേടിയതെങ്കിൽ അതിനു കുടപിടിച്ച രാജ്യസ്നേഹികൾ ആരൊക്കെയാണെന്ന് അറിയാൻ തീർച്ചയായും ആഗ്രഹമുണ്ട്. അതു കണ്ടെത്താൻ മറ്റു പലരെയും പോലെ ഞാനും അന്വേഷണത്തിലാണ്. ആ “രാജ്യസ്നേഹി”കളുടെ അനുയായികളാണല്ലോ ഇവിടെ മറ്റുള്ളവരുടെ രാജ്യസ്നേഹത്തിന്റെ ചൂടളക്കാൻ തെർമോമീറ്ററുമായി ഇറങ്ങിയിരിക്കുന്നത്!
പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പദ്ധതി എന്തായാലും കൊള്ളാം. നടപ്പാകുന്നത് ആത്മനിർഭർ ചൈന ആണെന്നു മാത്രം, എല്ലാ അർത്ഥത്തിലും!!