HomeSOCIETYആഘോഷത്തിലെ പ്...

ആഘോഷത്തിലെ പ്രതിഷേധം

-

Reading Time: 9 minutes

ആഘോഷിച്ചുകൊണ്ട് പ്രതിഷേധിക്കാനാവുമോ?
പ്രതിഷേധിച്ചുകൊണ്ട് ആഘോഷിക്കാനാവുമോ?
ആഘോഷവും പ്രതിഷേധവും ഒന്നിച്ചുപോകുമോ?

തിരുവനന്തപുരത്തെ മാനവീയം വീഥിയിലെ തെരുവോരം പലതരം ആഘോഷങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. പലതരം പ്രതിഷേധങ്ങള്‍ ഇവിടെ നിന്ന് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം ആഘോഷമായി മാറുന്നത്, അല്ലെങ്കില്‍ ആഘോഷം പ്രതിഷേധത്തിന്റെ രൂപമെടുക്കുന്നത് ആദ്യമായിട്ടാണെന്നു തോന്നുന്നു. എന്തായാലും, ഞാന്‍ ഇത്തരമൊരു പരിപാടി കാണുന്നത്, പങ്കാളിയാവുന്നത് ആദ്യമായിട്ടാണ്.

തിരുവനന്തപുരത്തെ ഈ സാംസ്‌കാരിക ഇടനാഴി രൂപമെടുത്തിട്ട് 17 വര്‍ഷമാകുന്നു. അത് ആഘോഷിക്കപ്പെടണം. സ്വതന്ത്രരായി ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന, ജീവിക്കുന്ന മനുഷ്യരുടെ കൂട്ടിന്റെ ഈ കേന്ദ്രം നിലനില്‍ക്കുന്ന ഓരോ വര്‍ഷവും ആഘോഷിക്കപ്പെടുക തന്നെ വേണം. കാരണം സ്വാതന്ത്ര്യവും ചിന്തയും പ്രവൃത്തിയും ജീവിതവുമെല്ലാം ഓരോ വര്‍ഷം ചെല്ലുന്തോറും അപ്രത്യക്ഷമാവുകയാണല്ലോ!

പക്ഷേ, ഇപ്പോള്‍ നമുക്ക് ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും പങ്കാളിയാവാനും സാധിക്കുമോ? സ്വതന്ത്ര ചിന്തയും പ്രവൃത്തിയും ജീവിതവും പിന്തുടരുന്ന ആര്‍ക്കും അത് സാധിക്കില്ല തന്നെ. മതത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍ മാത്രം പിച്ചിച്ചീന്തപ്പെട്ട, ഞെരിച്ചുകൊല്ലപ്പെട്ട ആ 8 വയസ്സുകാരിയുടെ പിഞ്ചുമൃതദേഹത്തിന്റെ കരിനിഴല്‍ നമ്മെ ചൂഴ്ന്നുനില്‍ക്കുന്നു. അപ്പോള്‍ ആഘോഷം എങ്ങനെ സാദ്ധ്യമാവും? എന്നാല്‍ അത് സാദ്ധ്യമായി, പ്രതിഷേധത്തിന്റെ സവിശേഷ രീതിയില്‍.

കാണരുത്, കേള്‍ക്കരുത്, പറയരുത് -കണ്ണും കാതും വായും മൂടിക്കെട്ടിയ 3 കുരങ്ങന്മാര്‍ എത്രയോ കാലമായി നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍, മാനവീയത്തിലുള്ളവര്‍ പറഞ്ഞു -കാണുക, കേള്‍ക്കുക, പറയുക. കണ്ണു തുറന്നു നോക്കുക, കാതു തുറന്ന് കേള്‍ക്കുക, കണ്ടതും കേട്ടതും വാ തുറന്ന് പറയുക. കണ്ടു, കേട്ടു, പറഞ്ഞു -സഫലമായൊരു ഒത്തുചേരല്‍. ‘അവള്‍’ക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാനായല്ലോ!

സംഗീതം, നാടകം, ചിത്രരചന, പുസ്തകപ്രകാശനം തുടങ്ങിയ പതിവു പരിപാടികള്‍ തന്നെയാണ് മാനവീയത്തില്‍ അരങ്ങേറിയത്. പക്ഷേ, അതിനെല്ലാം പ്രതിഷേധത്തിന്റെ ഭാവമുണ്ടായിരുന്നു, രൂപമുണ്ടായിരുന്നു, സ്വരമുണ്ടായിരുന്നു. മാനവീയം വീഥിയുടെ ഒത്ത നടുവിലായി ചില്ലകള്‍ മാത്രമുള്ള ഒരു വെളുത്ത മരം. സമയം മുന്നോട്ടു നീങ്ങുന്തോറും ആ മരച്ചില്ലകളില്‍ വെള്ള ഇലകള്‍ പ്രത്യക്ഷപ്പെട്ടു. ആ ഇലകളില്‍ കറുത്ത അക്ഷരത്തില്‍ പ്രതിഷേധത്തിന്റെ അഗ്നി പടര്‍ന്നു. ‘നീര്‍ത്തൂ’, ‘മതിയാക്കൂ’ തുടങ്ങിയ ശക്തമായ ഒറ്റ വാക്കുകള്‍ മുതല്‍ ചെറുകവിതകള്‍ വരെ അതിലുണ്ടായിരുന്നു.

പ്രതിഷേധ മരത്തിനു തൊട്ടു മുന്നിലായി അടുക്കി വെച്ച പെട്ടികള്‍. അവയില്‍ ഓരോന്നിലും വര്‍ഗ്ഗീയവാദികള്‍ ജീവനെടുത്ത നരേന്ദ്ര ധാബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം.കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, രാജ്‌ദേവ് രഞ്ജന്‍ എന്നിവരുടെ ചിത്രങ്ങള്‍. മതേതരത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിന്നതിന്റെ പേരില്‍ ഉന്മൂലനം ചെയ്യപ്പെട്ടവര്‍. അവര്‍ക്കിടയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നു -‘നമ്മള്‍ തോക്കിന്‍കുഴലിലാണ്’ എന്ന വിവരണവുമായി. അവിടെ സ്വന്തം തല വെച്ച് ചിത്രമെടുക്കാം -സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ഓരോരുത്തരും തോക്കിന്‍കുഴലിലാണല്ലോ.

തൊട്ടപ്പുറത്ത് ഒരു 8 വയസ്സുകാരിയുടെ ചോരപുരണ്ട കുപ്പായം. ചിന്നിച്ചിതറിയ കളിപ്പാട്ടങ്ങള്‍. ഒരു ആര്‍ട്ട് ഇന്‍സ്റ്റലേഷനാണ്. വല്ലാത്തൊരു നടുക്കം കാല്‍വിരലില്‍ നിന്ന് തലച്ചോറിലേക്ക് ഇരമ്പിക്കയറി. മാനവീയം വീഥിയില്‍ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ വിരിക്കുന്ന തുണിയില്‍ രാവോളം കത്തിയ മണ്‍ചെരാതുകളുടെ പശ്ചാത്തലത്തില്‍ കൂട്ടമായി ചിത്രം വരച്ചു. പ്രതിഷേധ മരത്തിന്റെ രണ്ടു ഭാഗത്തേക്കും ക്യാന്‍വാസ് നീണ്ടു കിടന്നു. അതില്‍ 4 വയസ്സുകാരി മുതല്‍ 74 വയസ്സുകാരി വരെ ചിത്രമെഴുതാന്‍ പങ്കുചേര്‍ന്നു. ചോരയുടെ ചുവപ്പിനും ദുഃഖത്തിന്റെ കറുപ്പിനുമായിരുന്നു രചനകളില്‍ മേല്‍ക്കൈ.

ക്യാന്‍വസിനരികിലെ ചെരാതുകള്‍ കത്തിത്തുടങ്ങിയത് മാനവീയത്തിന്റെ മൂലയിലെ നീര്‍മാതളച്ചോട്ടില്‍ നിന്ന്. മാതളച്ചോട്ടില്‍ മാനവീയം സ്ട്രീറ്റ് ലൈബ്രറിയുടെ സെക്കുലര്‍ ബുക് ഫെസ്റ്റ്. ധീരരക്തസാക്ഷി ഭഗത് സിങ്ങിന്റെ ഏറ്റവും ശ്രദ്ധേയമായ കുറിപ്പ് ‘ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി’ പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്തു. മൈത്രി ബുക്‌സ് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം ചെറിയാന്‍ ഫിലിപ്പാണ് നിര്‍വ്വഹിച്ചത്. ഭഗത് സിങ്ങിനെ ഇപ്പോള്‍ സംഘിയാക്കി അവതരിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പുസ്തകപ്രകാശനം.

രോഹിത് വെമുല മുതല്‍ ചാര്‍ളി ചാപ്ലിന്റെ ‘ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’ അടക്കം ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നു ചെറുചിത്രങ്ങളും സ്ലൈഡുകളും പ്രതിരോധ ഗാനങ്ങളുമെല്ലാം വലിയ സ്‌ക്രീനില്‍ മിന്നി മാഞ്ഞു. ഭൂമിയില്‍ കാലുറപ്പിച്ചു പാടിയ നാടന്‍ പാട്ടുകള്‍ ത്രസിപ്പിച്ചു. എന്നാല്‍, ഏറ്റവും ശ്രദ്ധേയരായത് ആ 3 പെണ്‍കുട്ടികളായിരുന്നു, അവരുടെ നാടകമായിരുന്നു. ഷൊര്‍ണ്ണൂരിലെ ആറങ്ങോട്ടുകര കലാപാഠശാലയില്‍ നിന്നെത്തിയ അമ്മുവും അഷിതയും ഫിദയും.

‘മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്’ -അഷിത, അമ്മു, ഫിദ

‘മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്’ -ആ പെണ്‍കുട്ടികള്‍ മാനവീയത്തെ ഇളക്കിമറിച്ചു. വല്ലാത്തൊരു ഊര്‍ജ്ജമായിരുന്നു അവരുടെ പ്രകടനത്തിന്. കശ്മീരിലെ ഏതോ ഒരു കുട്ടിക്ക് എന്തോ സംഭവിച്ചു എന്നു കരുതി വെറുതെയിരിക്കാന്‍ തയ്യാറല്ല എന്നായിരുന്നു അവരുടെ പ്രഖ്യാപനം. ‘അവള്‍’ ഞങ്ങളുടെ പെങ്ങളാണ്, മകളാണ് -തങ്ങളുടെ ആശയം കാഴ്ചക്കാരിലേക്ക് പൂര്‍ണ്ണ തോതില്‍ പകരാനുള്ള അസാമാന്യമായ മികവ് ആ കുട്ടികളുടെ അഭിനയത്തിനുണ്ടായിരുന്നു. അവരെ തയ്യാറാക്കിയ, അഭിനേത്രികളില്‍ ഒരാളായ അമ്മുവിന്റെ അച്ഛന്‍ കൂടിയായ നാരായണന് തീര്‍ച്ചയായും അഭിമാനിക്കാം.

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ ചേര്‍ന്നിരിക്കുകയാണ് അഷിത. അമ്മുവും ഫിദയും പ്ലസ് ടു പരീക്ഷയെഴുതി നില്‍ക്കുന്നു. മൂവരും ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാണെന്നുറപ്പ്. നാടകാവതരണത്തിനു ശേഷം ആത്മാവിനെ സ്പര്‍ശിക്കുന്ന രീതിയില്‍ ആ പെണ്‍കുട്ടികള്‍ കവിതയും ചൊല്ലി.

പാതിരാവോളം നീണ്ട പരിപാടികള്‍ക്കിടെ പങ്കെടുത്തവര്‍ സമത്വഭാവനയോടെ കഞ്ഞിയും പയറും പങ്കിട്ടു. മാനവീയം തെരുവോരക്കൂട്ടത്തിന്റെ മുന്‍കൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹ്യൂമന്‍സ്, സഖി, ഇടം, ട്രീ വാക്ക്, തീരദേശ മഹിളാ വേദി, കെയര്‍ അതേഴ്‌സ് ടൂ, ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് എന്നിവരും ഒട്ടേറെ കലാസാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമെല്ലാം പങ്കാളികളായി.

ആഘോഷത്തിലൂടെ പ്രതിഷേധിക്കാന്‍ മാനവീയത്തില്‍ ഒത്തുചേര്‍ന്ന ഞങ്ങളെല്ലാവരും ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തയച്ചിട്ടുണ്ട്. ഇതാണ് ആ കത്ത്.

പ്രധാനമന്ത്രിക്കുള്ള കത്ത് മാനവീയം വീഥിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു

Honorable Prime Minister of India,

We are a group of citizens from the southern most part of the country, Kerala. As we gather this evening in the capital city of Thiruvananthapuram in a street called Manaveeyam veedhi with the intention of discussing and sharing issues of concern and anguish it is only to You that we can turn to for answers to the questions troubling our mind…because you as the Prime Minister of India and one of the leaders of an emerging political party is bound to answer and allay our fears.

The emergence of intolerance and non-secular attitudes backed by political parties which includes the one you belong to is frightening for citizens like ours. This seems and feels like the much dreaded word that has marred the history of humanity- Fascism. The brutal murder of people like Narendra Dabholkar, Govind Pansare, M.M.Kalburgi and Gouri Lankesh are too obvious to be passed off as random, unconnected incidents. We see a thread of planned annihilation that has the support of certain religious and political agendas. The bottom line of these agendas which are the politics of hate, intolerance, violence and cowardice is what disturbs us.

The most recent and unpardonable rape and murder of 8 year old child in Jammu and Kashmir by a group of Hindu men under the cover of religious, political and spatial dominance is what we need an answer for immediately.

As we gather this evening we will paint, sing, dance and enact out our sorrow, anger, resistance and revolt against these atrocities. Though we fear the fingers of hatred will point towards anyone who has free thought, will, action and resistance, we now hold hands together to ask you a few questions. We expect clear cut answers to these questions in your next MAN KI BATH… If you really believe in all the slogans including ACHE DIN that you have been proclaiming you will give us the answers:

1. In spite of growing evidence about the criminals who have been committing the murder of so many people with the support of dominant political system in the country, why have you been silent and evasive?

2. As citizens who are proud to be part of a democratic, tolerant, secular and plural India that has been clearly stated in the Indian Constitution is it not our right to resist, protest, question and demand justice when we feel basic human life and security are at stake? Please give us assurance that our lives and those of our children will be safe and secure

3.We claim to adhere to Vasudhaiva kudumbakam and Loka Samastha Sukhino Bhavanthu…but are you and the party you belong to really following the values of tolerance and equality that has held our diverse nation together for centuries?

We expect you to answer us keeping the series of heinous killings in mind…We do not want to be hapless victims of the hatred and violence these criminal incidents will unleash in our country
History will hold you responsible as it has done Hitler… Stand by justice, tolerance, equality and secularism…

മനുഷ്യരുടെ കൂട്ട്

മനുഷ്യത്വത്തിന് വലിയ വിലയില്ലാത്ത ഈ ലോകത്ത് മനുഷ്യരായി ജീവിക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടിന് ഞങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട് -ഹ്യൂമന്‍സ്. ജാതി-മത-വര്‍ഗ്ഗ വേര്‍തിരിവുകളെല്ലാം നിലനില്‍ക്കുമ്പോഴും അതിനതീതമായി സഹവര്‍ത്തിത്വത്തോടെ, സഹിഷ്ണുതയോടെ, സ്‌നേഹത്തോടെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന, പരിശ്രമിക്കുന്ന മനുഷ്യരുടെ കൂട്ട്.

സമൂഹത്തിലുണ്ടാവുന്ന എല്ലാ അനുരണനങ്ങളെയും വിലയിരുത്താനും കഴിയുമെങ്കില്‍ ഇടപെടാനും ഞങ്ങളുടേതായ രീതിയില്‍ വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാവാറുണ്ട്. ആ ഞങ്ങള്‍ക്ക് കാത്വ വല്ലാത്തൊരു ഞെട്ടലാണ് സമ്മാനിച്ചത്. ആ പെണ്‍കുട്ടിയുടെ ദുരന്തം ആണ്‍ -പെണ്‍ വ്യത്യാസമില്ലാതെ മക്കളുള്ള എല്ലാ അച്ഛനമ്മമാരെയും നടുക്കി. ആ നടുക്കത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഞങ്ങളുടേതായ രീതിയില്‍ ചെറിയൊരു പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രേരകമായത്.

റോയിയും സഞ്ജയ് അലക്‌സും മക്കള്‍ അന്നുവും റോസും ബംഗളൂരുവില്‍ പ്രതിഷേധിക്കുന്നു

പ്രതിഷേധം എന്നു പറഞ്ഞാല്‍ ഇത്രമാത്രം -നമ്മള്‍ എവിടെയാണോ ഉള്ളത് ആ തെരുവില്‍ കുടുംബസമേതം ഇറങ്ങി നില്‍ക്കുക. കാത്വയിലെ പെണ്‍കുട്ടിക്ക് പിന്തുണയര്‍പ്പിക്കുന്ന, അവളുടെ നേര്‍ക്ക് നരാധമന്മാര്‍ നടത്തിയ കൈയേറ്റത്തില്‍ പ്രതിഷേധിക്കുന്ന ഒരു കുറിപ്പോ ചിത്രമോ പ്ലക്കാര്‍ഡോ കൈയിലേന്തുക. ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ ഞങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ബംഗളൂരുവിലെ സുഹൃത്തുക്കളായ സഞ്ജയ് അലക്‌സും റോയിയും മക്കള്‍ക്കൊപ്പം നടത്തിയ പ്രതിഷേധമായിരുന്നു പ്രചോദനം. ഞങ്ങളുടെ കൂട്ടിലുള്ളവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഓരോരുത്തരും തങ്ങളുള്ളിടത്ത് പ്രതിഷേധിക്കാന്‍ ധാരണയായി, തിരുവനന്തപുരത്തുള്ളവര്‍ മാനവീയം വീഥിയിലും.

തിരുവനന്തപുരം മാനവീയം വീഥിയിലെ ഹ്യൂമന്‍സ് പ്രതിഷേധത്തില്‍ നിന്ന്‌

ഏപ്രില്‍ വൈകുന്നേരം 6 മണിക്കായിരുന്നു തിരുവനന്തപുരത്തെ പ്രതിഷേധ പരിപാടി നിശ്ചയിച്ചിരുന്നത്. ഹ്യൂമന്‍സ് ആദ്യം അണിചേര്‍ന്നു. ഞങ്ങളെ അമ്പരപ്പിച്ചത് ഞങ്ങളുടെ കൂട്ടില്‍ അംഗങ്ങളല്ലാത്ത, വഴിപോക്കരായ സാധാരണക്കാരില്‍ നിന്നുണ്ടായ പ്രതികരണമായിരുന്നു. കാത്വയിലെ ഇരയ്ക്ക് നീതി ലഭ്യമാക്കാനുള്ള പ്രതിഷേധത്തില്‍ അവരെല്ലാം സ്വമേധയാ പങ്കാളികളായി. മാനവീയത്തില്‍ സ്ഥിരമായി ഒത്തുചേരുന്നവരും അതിലുണ്ടായിരുന്നു.

ചെറിയ രീതിയില്‍ ഞങ്ങള്‍ ആസൂത്രണം ചെയ്ത രോഷപ്രകടനം അസംഖ്യം മെഴുകുതിരികളായി ജ്വലിച്ചു. തിരുവനന്തപുരത്ത് നടന്ന പരിപാടിയുടെ തുടര്‍ച്ചയായി ഹ്യൂമന്‍സിന്റെ കൂടി പങ്കാളിത്തത്തോടെ മുംബൈയിലെ മലയാളികള്‍ ഏപ്രില്‍ 15ന് വാഷിയില്‍ സമാനമായൊരു പ്രതിഷേധം സംഘടിപ്പിച്ചു. ഹ്യൂമന്‍സിന്റെ ഭാഗമായ അഭയന്‍, ഇന്ദു, സഞ്ജയ് വിശ്വനാഥന്‍, കേളി രാമചന്ദ്രന്‍, സുമ തുടങ്ങിയവരെല്ലാമായിരുന്നു ഏകോപനം. സഞ്ജയിന്റെയും രാമകൃഷ്ണന്റെയും നേതൃത്വത്തില്‍ തെരുവ് നാടകവും അരങ്ങേറി.

മുംബൈയിലെ വാഷിയില്‍ മലയാളികള്‍ സംഘടിപ്പിച്ച പ്രതിഷേധം

ആ നാടകം കണ്ടുകൊണ്ട് ചില നാടോടി സ്ത്രീകളും കുട്ടികളും അവിടെയുണ്ടായിരുന്നു. നാടകത്തിന്റെ കാര്യങ്ങളെല്ലാം അവര്‍ ചോദിച്ചു മനസ്സിലാക്കി. നാടകത്തിന്റെ അവസാനം കാത്വ പെണ്‍കുട്ടിയുടെ രേഖാചിത്രം എല്ലാവര്‍ക്കും വിതരണം ചെയ്തു. ആ കുഞ്ഞിന്റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് നിന്ന ആ് നാടോടി സ്ത്രീയുടെ രൂപം ഹൃദയസ്പര്‍ശിയായിരുന്നു. നാടകത്തിനൊടുവില്‍ എല്ലാവരും ചേര്‍ന്നു നടത്തിയ മാര്‍ച്ചില്‍ കുട്ടികളോടൊപ്പം അവരും കൂടി.

മുംബൈയിലെ വാഷിയില്‍ മലയാളികളുടെ പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന തെരുവ് നാടകത്തില്‍ നിന്ന്‌

ആ ഘട്ടത്തിലാണ് എന്തുകൊണ്ട് വിപുലമായൊരു പ്രതിഷേധം ആയിക്കൂടാ എന്ന ചിന്ത ഉണര്‍ന്നത്. മുസ്ലിം മതമൗലികവാദികള്‍ ഇത് അവരുടെ മാത്രം പ്രശ്‌നമാക്കി മാറ്റാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുക എന്നതായിരുന്നു വിപുലമായ പ്രതിഷേധത്തെക്കുറിച്ച് ആലോചിക്കാന്‍ കാരണം. മാനവീയം തെരുവോരക്കൂട്ടം അത്തരത്തില്‍ വിപുലമായൊരു പരിപാടി ആലോചിക്കുന്നതായി അറിഞ്ഞു. അതില്‍ പങ്കാളികളാവാന്‍ ഞങ്ങളും തീരുമാനിച്ചു.

മുംബൈയിലെ വാഷിയില്‍ മലയാളികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിന്ന്

മാനവീയം പരിപാടിയെക്കുറിച്ച് ആലോചിക്കാന്‍ ഏപ്രില്‍ 18ന് ശാസ്തമംഗലത്തെ അഭിനയ ഓഫീസില്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ യോഗം നടന്നു. മാനവീയത്തിന്റെ 17-ാം വാര്‍ഷികമാണ്. വാര്‍ഷികത്തോടൊപ്പം എങ്ങനെ പ്രതിഷേധം യാഥാര്‍ത്ഥ്യമാക്കാം എന്നു തന്നെയായിരുന്നു പ്രധാന ചര്‍ച്ച. ‘കാണുക, കേള്‍ക്കുക, പറയുക’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി നമ്മുടെ സ്വാതന്ത്ര്യവും സമാധാനപരമായ ജീവിതവും, സങ്കുചിതചിന്തകള്‍ക്ക് അതീതമായ പാരമ്പര്യവും സ്‌നേഹവും നിലനിര്‍ത്തപ്പെടുകതന്നെ ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സാംസ്‌കാരിക പരിപാടി അവിടെ രൂപമെടുത്തു. അത് ആലോചിച്ചതിലും വിജയകരമായി പ്രാവര്‍ത്തികമായതിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായതിലും അതിയായ ആഹ്ലാദം.

തിരുവനന്തപുരം മാനവീയം വീഥിയിലെ ഹ്യൂമന്‍സ് പ്രതിഷേധത്തില്‍ നിന്ന്‌

ഹ്യൂമന്‍സ് നിലവില്‍ വന്നിട്ട് അധികകാലമായിട്ടില്ല. വലിയ ക്യാന്‍വാസിലുള്ള ഒരു പരിപാടിയില്‍ ഞങ്ങളുടെ പ്രഥമ പങ്കാളിത്തമാണിത്. ഇത്തരം സാമൂഹികമായ ഇടപെടലുകളും ഞങ്ങളുടേതായ പരിപാടികളുമായി ഹ്യൂമന്‍സ് മുന്നോട്ടു നീങ്ങുകയാണ്. വളരെ ഗൗരവത്തോടെ തന്നെയാണ് ഇതിനെ സമീപിക്കുന്നത്. മാനുഷികത, മതേതരത്വം, സഹിഷ്ണുത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ആശയങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇന്ത്യയിലെവിടെ വേണമെങ്കിലും ഹ്യൂമന്‍സിന്റെ ശാഖയ്ക്ക് സ്വന്തം നിലയ്ക്ക് തുടക്കമിടാം.

തിരുവനന്തപുരം മാനവീയം വീഥിയിലെ ഹ്യൂമന്‍സ് പ്രതിഷേധത്തില്‍ നിന്ന്‌

ഹ്യൂമന്‍സിന് ദേശീയ തലത്തില്‍ തന്നെ ബാധകമാവുന്ന വ്യക്തമായ ഭരണഘടനയുണ്ട്, രജിസ്‌ട്രേഷനുണ്ട്. പ്രസിഡന്റും സെക്രട്ടറിയും ട്രഷററും ഉള്‍പ്പെടുന്ന നിയതമായ ചട്ടക്കൂടുണ്ട്. പക്ഷേ, ഭാരവാഹികള്‍ക്ക് ഒരു വര്‍ഷം മാത്രമാണ് കാലാവധി. ഒരിക്കല്‍ ഭാരവാഹിയാവുന്ന ഒരു വ്യക്തിയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ഈ ഒരു വര്‍ഷത്തിനകം നേതൃപരമായി പ്രാവര്‍ത്തികമാക്കണം. ആ വ്യക്തിക്ക് നേതൃപരമായ ചുമതലയുടെ രണ്ടാമതൊരവസരം ഇല്ല. നിര്‍ദ്ദേശം മറ്റുള്ളവര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പ്രാവര്‍ത്തികമാക്കാം.

തിരുവനന്തപുരം മാനവീയം വീഥിയിലെ ഹ്യൂമന്‍സ് പ്രതിഷേധത്തില്‍ നിന്ന്‌

ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആ വര്‍ഷത്തെ ഭരണസമിതി പൂര്‍ണ്ണമായി ഒഴിഞ്ഞ് പുതിയ ആളുകള്‍ ഭരണഭാരമേല്‍ക്കും. ഭാരവാഹിത്വം ഒരു കാരണവശാലും തുടരില്ല. ഓരോ വര്‍ഷവും ജനുവരി 26നാണ് പുതിയ ഭാരവാഹികള്‍ വരിക. എന്നാല്‍, നിലവിലുള്ള സമിതിയിലെ പ്രസിഡന്റും ട്രഷററും മാത്രം സാധാരണ അംഗങ്ങളായി -അവര്‍ക്ക് ഭാരവാഹിത്വമില്ല -അടുത്ത ഭരണസമിതിയുടെ ഭാഗമാവും. പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള നടപടിയാണ്. അങ്ങനെ ഓരോ വര്‍ഷവും ആവര്‍ത്തിക്കും.

ഫലത്തില്‍ പ്രസിഡന്റും ട്രഷററും ആകുന്നവര്‍ മാത്രം 2 വര്‍ഷം ഭരണസമിതിയുടെ ഭാഗമാവും, ആദ്യ വര്‍ഷം ഭാരവാഹി ആയും രണ്ടാം വര്‍ഷം അംഗമായും. ഏതൊരു സംഘടനയിലും വിനാശകാരിയാവുന്ന അധികാരമോഹവും അധികാരത്തര്‍ക്കവും ഇത്തരത്തില്‍ ഞങ്ങള്‍ മുളയിലേ നുള്ളി. ഞങ്ങളുടെ ഈ കൂട്ടില്‍ എല്ലാവരും ഭാരവാഹികളാണ്, എല്ലാവരും അംഗങ്ങളുമാണ്. സ്വയം മനുഷ്യനാണ് എന്ന് ഉത്തമ ബോദ്ധ്യമുള്ള ഏതൊരു വ്യക്തിക്കും ഈ കൂട്ടില്‍ പങ്കുചേരാം.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks