HomePOLITYരാജഗോപാലിന്റെ...

രാജഗോപാലിന്റെ വോട്ട് എൽ.ഡി.എഫിന്

-

Reading Time: < 1 minute

കേരള നിയമസഭാ സ്പീക്കറായി പി.ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. അതില്‍ വലിയ വാര്‍ത്തയില്ല. അദ്ദേഹത്തിനു കിട്ടിയ വോട്ടുകളുടെ എണ്ണം പക്ഷേ വാര്‍ത്തയാണ്.

സഭയില്‍ എല്‍.ഡി.എഫിന് 91 അംഗങ്ങളാണുള്ളത്. പ്രോട്ടേം സ്പീക്കറായ എസ്.ശര്‍മ്മ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. അങ്ങനെ വരുമ്പോള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ശ്രീരാമകൃഷ്ണന് കിട്ടേണ്ടത് 90 വോട്ട്. പക്ഷേ കിട്ടിയത് 92 വോട്ട്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ വി.പി.സജീന്ദ്രന് കിട്ടേണ്ടിയിരുന്നത് 47 വോട്ട്. പക്ഷേ, കിട്ടിയത് 46 വോട്ട് മാത്രം.

maxresdefault.jpg

എല്‍.ഡി.എഫിന് അധികമായി ലഭിച്ച 2 വോട്ടുകളില്‍ ഒന്ന് ബി.ജെ.പി. എം.എല്‍.എ. ഒ.രാജഗോപാലിന്റേതാണ്. താന്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്തുവെന്ന് വെളിപ്പെടുത്തിയത് അദ്ദേഹം തന്നെ. ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന യു.ഡി.എഫ്. നിലപാട് അംഗീകരിച്ചുവെന്നാണ് രാജഗോപാല്‍ പറഞ്ഞത്. അത് എനിക്കങ്ങ് ഇഷ്ടപ്പെട്ടു. എല്‍.ഡി.എഫിനു വോട്ടു ചെയ്ത കാര്യം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തില്ലെന്നും രാജഗോപാല്‍ സമ്മതിച്ചു. സഭയില്‍ പ്രശ്‌നാധിഷ്ഠിത നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറയുമ്പോള്‍ അത് ജനാധിപത്യത്തിന്റെ വിജയമാകുന്നു.

ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് ആദ്യം പ്രഖ്യാപിച്ച യു.ഡി.എഫ്. അതു പ്രകാരം രാജഗോപാല്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒരുളുപ്പുമില്ലാതെ എല്‍.ഡി.എഫ്. -ബി.ജെ.പി. ധാരണ എന്നു കരയുന്നതു കണ്ടു. പക്ഷേ, യു.ഡി.എഫിന് ക്ഷീണമാകുന്നത് അവരുടെ പക്ഷത്തെ 1 വോട്ട് ചോര്‍ന്നു എന്നതാണ്. ഇല്ലാത്ത ആക്ഷേപം ഉന്നയിക്കുന്നതിനെക്കാള്‍ ആരുടെ വോട്ട് ചോര്‍ന്നുവന്നു കണ്ടെത്താന്‍ ശ്രമിക്കുന്നതല്ലേ യു.ഡി.എഫിന് നല്ലത്? നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വോട്ട് ബി.ജെ.പി. കൊണ്ടുപോകുന്നത് കണ്ടു. നിയമസഭയ്ക്കകത്ത് യു.ഡി.എഫിന്റെ വോട്ട് സി.പി.എം. കൊണ്ടു പോയി.

പക്ഷേ, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ താരമായത് നമ്മുടെ പൂഞ്ഞാര്‍ അച്ചായനാണ്. തന്റെ വോട്ട് പി.സി.ജോര്‍ജ്ജ് അസാധുവാക്കി. ബാലറ്റ് പേപ്പര്‍ വെറുതെ മടക്കി പെട്ടിയിലിട്ട ശേഷം അദ്ദേഹം ഇരിപ്പിടത്തിലേക്കു മടങ്ങി. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണയ്ക്കരുതെന്ന പൂഞ്ഞാര്‍ ജനതയുടെ ആഗ്രഹപ്രകാരമാണ് തന്റെ പ്രവര്‍ത്തനമെന്ന് അച്ചായന്‍. നോട്ടയില്ലാത്തതിനാലാണത്രേ അസാധുവാക്കിയത്. അച്ചായാ നിങ്ങള്‍ പുലിയല്ല, സിങ്കമാണെന്ന് വീണ്ടും തെളിയിച്ചു.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights