HomeGOVERNANCEഎന്‍.എസ്.എസ്സ...

എന്‍.എസ്.എസ്സിനെന്താ കൊമ്പുണ്ടോ?

-

Reading Time: 4 minutes

എസ്.എന്‍.ഡി.പി. യോഗത്തിന് ഉമ്മന്‍ ചാണ്ടി ഭൂമി ദാനം നല്‍കിയത് ചര്‍ച്ചയായി, വിവാദമായി. ഇതേസമയം, വേറൊരു രൂപത്തില്‍ ആനുകൂല്യം കിട്ടിയ മറ്റൊരു കൂട്ടര്‍ മിണ്ടാതെ പതിയിരിക്കുന്നുണ്ട് -നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന എന്‍.എസ്.എസ്. സമദൂരം പരസ്യമായി പറയുമെങ്കിലും ആവശ്യമുള്ള സമയത്ത് അധികാരസ്ഥാനത്തുള്ളവര്‍ക്ക് ആവശ്യമുള്ള ഉറപ്പുകള്‍ നല്‍കി ആവശ്യമുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സുകുമാരന്‍ നായര്‍ മിടുക്കനാണ്. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയില്‍ യു.ഡി.എഫില്‍ നിന്ന് എന്‍.എസ്.എസ്. നേടിയെടുത്ത അത്തരമൊരു വഴിവിട്ട ആനുകൂല്യത്തിന്റെ കഥ പറയാം.

02_CHANDY_NSS_881967f

വൈദ്യുതി റെഗുലേറ്ററി കമ്മീഷനു മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണമില്ല എന്നാണ് വെയ്പ്. എന്നാല്‍, ഇപ്പോഴത്തെ റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.എം.മനോഹരന്‍ അങ്ങനെയല്ല. ഭരണത്തിലുള്ളവര്‍ പറഞ്ഞാല്‍ എന്തും ചെയ്യും. റെഗുലേറ്ററി കമ്മീഷന്‍ മുഖേനയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്‍.എസ്.എസ്സിന് ‘ഉപകാരം’ ചെയ്തുകൊടുത്തത്. ഉപകാരം ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഓരോരുത്തരും ഇഷ്ടം. പക്ഷേ, ആ ചെയ്യുന്നത് നിയമപ്രകാരമാണോ എന്നതാണ് പ്രശ്‌നം. ചെയ്യുന്ന സമയമാണ് പ്രശ്‌നം. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഈ ഉപകാരം ചെയ്യാന്‍ റെഗുലേറ്ററി കമ്മീഷനും സ്വീകരിക്കാന്‍ എന്‍.എസ്.എസ്സിനും നിയമപ്രകാരം അവകാശമില്ല.

തൃപ്പൂണിത്തുറയില്‍ എന്‍.എസ്.എസ്സിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്കിങ് വിമന്‍ ഹോസ്റ്റലിന് ലഭിച്ച 3,75,858 രൂപയുടെ കുടിശ്ശിക ബില്ലാണ് സംഭവപരമ്പരയ്ക്കു തുടക്കമിട്ടത്. ഇത് നിയമപ്രകാരമല്ലെന്ന് എന്‍.എസ്.എസ്. വാദിക്കുക സ്വാഭാവികം. എന്നാല്‍, ആ വാദം ശരിയായിരുന്നില്ല എന്നതാണ് സത്യം. നേരത്തേ ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തിയ തട്ടിപ്പ് ഇപ്പോള്‍ അവിടെ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. നിലവിലുള്ള താരിഫ് ഉത്തരവ് പ്രകാരം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോ വകുപ്പുകളോ നടത്തുന്ന ഹോസ്റ്റലുകളുടെ ലോ ടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ താരിഫ് എല്‍.ടി. 6-ബി വിഭാഗത്തിലാണ്. സ്വകാര്യ ഹോസ്റ്റലുകളുടെ താരിഫ് തൊട്ടടുത്ത ഉയര്‍ന്ന തലമായ എല്‍.ടി. 7-എ വിഭാഗത്തില്‍ പെടും. നായര്‍ സര്‍വ്വീസ് സൊസൈറ്റി നടത്തുന്ന ഹോസ്റ്റലുകള്‍ സ്വാഭാവികമായും സ്വകാര്യ ഹോസ്റ്റലുകളാണ്. അതുകൊണ്ടു തന്നെ ഇവ എല്‍.ടി. 7-എ താരിഫില്‍ വരണം.

എന്നാല്‍, തൃപ്പൂണിത്തുറ എന്‍.എസ്.എസ്. ഹോസ്റ്റലിനെ എല്‍.ടി. 6-ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. അടുത്തിടെ ഹോസ്റ്റലില്‍ പരിശോധനയ്‌ക്കെത്തിയ തൃപ്പൂണിത്തുറ വൈദ്യുതി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ താരിഫ് നിര്‍ണ്ണയത്തിലെ ഈ പിഴവ് കണ്ടെത്തി. താരിഫ് യഥാര്‍ത്ഥ തലത്തിലേക്ക് മാറ്റിയതിനൊപ്പം മൂന്‍കാല വ്യത്യാസം കണക്കുകൂട്ടി കുടിശ്ശിക ബില്ല് നല്‍കുകയും ചെയ്തു. എന്നാല്‍, എന്‍.എസ്.എസ്. അല്ലേ സാധനം. വിവരം ഉടനെ പെരുന്നയില്‍ അറിയിച്ചു. അവിടുന്ന് തിരുവനന്തപുരത്തേക്ക് -അതോ പുതുപ്പള്ളിയിലേക്കോ -ഫോണ്‍ വിളി പറന്നു. തിരഞ്ഞെടുപ്പ് വേളയില്‍ ഇമ്മാതിരി പണി കാണിക്കുകയാണെങ്കില്‍ വിവരമറിയും എന്ന് ഭീഷണി. സുകുമാരന്‍ നായരെ പിണക്കിയാല്‍ ഉണ്ടാവുന്ന അപകടം അറിയാവുന്ന ഉമ്മന്‍ ചാണ്ടി ഉടനെ തന്നെ വിഷയത്തെക്കുറിച്ച് അന്വേഷിച്ചു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് നിര്‍ദ്ദേശവും നല്‍കി.

മന്ത്രിയുടെ വിളി വൈദ്യുതി ബോര്‍ഡ് തലപ്പത്തേക്ക്. ഫയല്‍ ഓരോ സെക്ഷനിലൂടെയും പറപറന്നു. പക്ഷേ, ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ബോര്‍ഡ് അധികൃതരുടെ നിലപാട്. റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച താരിഫ് മാറ്റാന്‍ വൈദ്യുതി ബോര്‍ഡിന് അവകാശമില്ല. വിവരം വൈദ്യുതി മന്ത്രി മുഖേന മുഖ്യമന്ത്രിയെ അറിയിച്ചു. ഉമ്മന്‍ ചാണ്ടി തേടിയ വള്ളി കാലില്‍ചുറ്റി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ മനോഹരനെക്കാള്‍ പറ്റിയ കക്ഷി വേറെയില്ല. മനോഹരന് പ്രത്യേക രാഷ്ട്രീയ താല്പര്യമൊന്നുമില്ല. രാഷ്ട്രീയ യജമാനന്‍ കുനിയാന്‍ പറഞ്ഞാല്‍ അദ്ദേഹം മുട്ടിലിഴയും. നാളെ എല്‍.ഡി.എഫാണ് വരുന്നതെങ്കിലും മനോഹരന്റെ നിലപാട് ഇതു തന്നെ. യു.ഡി.എഫ്. കാലത്ത് വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായ അദ്ദേഹം പിന്നീട് എല്‍.ഡി.എഫ്. വന്നപ്പോഴും അവിടെ തുടര്‍ന്നത് നമ്മള്‍ കണ്ടതാണല്ലോ. പക്ഷേ, പഴയ ദുരനുഭവം മറന്ന് ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ ഇപ്പോള്‍ മനോഹരന്‍ മുന്നോട്ടുവന്നത് എന്നെ അത്ഭുതപ്പെടുത്തി. സാധാരണനിലയിലുള്ള ഒരു മനുഷ്യനാണെങ്കില്‍ കിട്ടിയ അവസരം മുതലെടുത്ത് ഉമ്മന്‍ ചാണ്ടിക്ക് എട്ടിന്റെ പണി കൊടുക്കേണ്ടതാണ്. കാരണം, റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായി മനോഹരനെ നിയമിക്കുന്നത് ശക്തിയുക്തം എതിര്‍ത്തയാളാണ് ഉമ്മന്‍ ചാണ്ടി. പഴയ ചീഫ് സെക്രട്ടറി നീല ഗംഗാധരനായിരുന്നു മുഖ്യമന്ത്രിയുടെ ക്യാന്‍ഡിഡേറ്റ്. എന്നാല്‍, ആര്യാടന്‍ രാജിഭീഷണി മുഴക്കി തന്റെ ഇഷ്ടക്കാരനായ മനോഹരന് സ്ഥാനം നേടിക്കൊടുക്കുകയായിരുന്നു.

kerfees_EPS_l

ഉമ്മന്‍ ചാണ്ടിയുടെ കൂടെയിരുന്ന് ആര്യാടന്‍ മുഹമ്മദ് വിളിച്ചു, മനോഹരനെ. ഭക്തനെ ദൈവം നേരിട്ടു വിളിക്കുക എന്നു പറഞ്ഞാല്‍ -മനോഹരന് ഇതില്‍ക്കൂടുതല്‍ വല്ലതും വേണോ. ആര്യാടന്റെ ആമുഖത്തിനു ശേഷം മുഖ്യമന്ത്രി കാര്യം പറഞ്ഞു. ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ച കാര്യം അതേപടി നടത്തിക്കൊടുക്കാമെന്ന് മനോഹരന്‍ അപ്പോള്‍ത്തന്നെ സമ്മതിച്ചു. ഫയല്‍ എങ്ങനെയെങ്കിലും മുന്നിലെത്തിച്ചുകൊടുത്താല്‍ മതി. പിന്നെ അതിനുള്ള നടപടിയായി. പെരുന്നയിലേക്ക് വിളി ചെന്നു. വൈദ്യുതി ബോര്‍ഡിന്റെ നടപടിക്കെതിരെ വൈദ്യുതി റെഗുലേറ്ററി കമ്മീഷനു പരാതി നല്‍കണം. പരാതി എങ്ങനെ വേണമെന്നും പറഞ്ഞുകൊടുത്തു. സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ മേല്‍നോട്ടത്തിലും നിയമങ്ങളനുസരിച്ചും പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ എന്‍.എസ്.എസ്സിന്റെ നിയന്ത്രണത്തിലുള്ള 16 ഹോസ്റ്റലുകള്‍ക്കും എല്‍.ടി. 6-ബി താരിഫിന് അവകാശമുണ്ടെന്നും അതിനാല്‍ത്തന്നെ തൃപ്പൂണിത്തുറയിലെ താരിഫ് മാറ്റം ചട്ടവിരുദ്ധമാണെന്നും കാട്ടി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്നെ പരാതി എത്തി. കുടിശ്ശിക ബില്ല് റദ്ദാക്കണമെന്നും പരാതിയില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

നേരത്തേ മന്ത്രിക്ക് വൈദ്യുതി ബോര്‍ഡ് നല്‍കിയ വിശദീകരണം പ്രത്യേകം ശ്രദ്ധിക്കണം -‘റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച താരിഫ് മാറ്റാന്‍ വൈദ്യുതി ബോര്‍ഡിന് അവകാശമില്ല.’ അതുപോലെ മറ്റൊരു കാര്യം കൂടിയുണ്ട്. ഈ പരാതി സ്വീകരിക്കാന്‍ റെഗുലേറ്ററി കമ്മീഷനും അധികാരമില്ല. ഏതെങ്കിലും വൈദ്യുതി ഉപയോക്താവിന് തന്റെ വൈദ്യുതി നിരക്ക് സംബന്ധിച്ചോ താരിഫ് സംബന്ധിച്ചോ പരാതിയുണ്ടെങ്കില്‍ അത് നിവര്‍ത്തിക്കാന്‍ സമീപിക്കേണ്ടത് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെയാണ്. ഉപഭോക്തൃ ഫോറത്തിനു സമര്‍പ്പിക്കേണ്ട പരാതി റെഗുലേറ്ററി കമ്മീഷന്‍ സ്വീകരിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. ഉപഭോക്താവിന് ഇങ്ങനെ നേരിട്ട് പരാതി നല്‍കാനാവുമോ എന്ന വസ്തുത പോലും മനോഹരന്‍ പരിശോധിച്ചില്ല. പരാതി ഫയലില്‍ സ്വീകരിച്ചു. പരാതി നമ്പര്‍ പറയാം -373/ഡി (എഫ് & ടി)/2016. ഏകപക്ഷീയമായി തന്നെ പരിശോധിച്ചു നടപടിയുമെടുത്തു. പരാതിപ്രകാരമുള്ള എതിര്‍കക്ഷികളായ വൈദ്യുതി ബോര്‍ഡ്, തൃപ്പൂണിത്തുറ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്കു പറയാനുള്ളത് കേട്ടില്ല. താരിഫ് തിരുത്തിക്കൊണ്ട് ഉത്തരവിറക്കി. ഒരു ബുദ്ധി മനോഹരന്‍ കാണിച്ചു, താരിഫ് തിരുത്തുന്നു എന്നതിനു പകരം താരിഫ് സ്പഷ്ടീകരിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ് പുറപ്പെടുവിച്ചത് 2016 ഏപ്രില്‍ 11ന്, തിരഞ്ഞെടുപ്പ് ചൂടിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍. ഉത്തരവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇങ്ങനെ:

‘In view of the facts and circumstances explained above, the Commission hereby clarifies that, all the Working Women Hostels, which are established, to provide affordable accommodation to working women, as per the scheme laid out by the Ministry of Women and Child Development, Government of India and monitored and supervised by the State Social Welfare Department (now Social Justice Department), Government of Kerala, shall be classified under LT VI (B) tariff category.’

ചുരുക്കിപ്പറഞ്ഞാല്‍ ഇത്രേയുള്ളു: എന്‍.എസ്.എസ്സിന്റെ ഹോസ്റ്റലുകളെല്ലാം എല്‍.ടി. 6-ബി താരിഫ് വിഭാഗത്തിലേക്കു മാറ്റിയിരിക്കുന്നു. ഒരു ഹോസ്റ്റലിന്റെ പേരില്‍ പരാതിക്കു പോയവരുടെ 16 ഹോസ്റ്റലുകളുടെയും വൈദ്യുതി നിരക്ക് കുറച്ചു. നടത്തിപ്പുകാര്‍ക്ക് ലക്ഷങ്ങളുടെ ലാഭം. ഇവിടെ പരാതി പരിഹാരമല്ല ഉണ്ടായത്, താരിഫ് ഉത്തരവിലെ തിരുത്തലാണ്. താരിഫ് നിര്‍ണ്ണയം ഒരു അര്‍ദ്ധ ജുഡീഷ്യല്‍ പ്രക്രിയയാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താരിഫ് നിര്‍ദ്ദേശം, അതിന്മേലുള്ള പൊതു തെളിവെടുപ്പ് എന്നിവയെല്ലാം പൂര്‍ത്തിയാക്കണം. എന്തും എങ്ങനെയും ചെയ്യാനുള്ള അധികാരം റെഗുലേറ്ററി കമ്മീഷനില്ല എന്നര്‍ത്ഥം. താരിഫ് പരിഷ്‌കരണ നടപടി തുടങ്ങണമെങ്കില്‍ വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണ ലൈസന്‍സിയായ വൈദ്യുതി ബോര്‍ഡ് താരിഫ് പെറ്റീഷന്‍ നല്‍കണം. അല്ലാതെ, എന്‍.എസ്.എസ്. അല്ല പെറ്റീഷന്‍ സമര്‍പ്പിക്കേണ്ടത്. അഥവാ പെറ്റീഷന്‍ നല്‍കാന്‍ ബോര്‍ഡ് തയ്യാറായില്ലെങ്കില്‍ കമ്മീഷന്‍ സ്വമേധയാ പെറ്റീഷന്‍ സ്വീകരിക്കണം. എന്‍.എസ്.എസ്സിനു വേണ്ടിയാണ് ഉത്തരവ് ഇറക്കിയതെങ്കിലും സംസ്ഥാനത്തെ വിവിധ മതവിഭാഗങ്ങള്‍ നടത്തുന്ന ഹോസ്റ്റലുകള്‍ക്കെല്ലാം ഈ ഇളവ് പ്രാബല്യത്തിലായി. വൈദ്യുതി ബോര്‍ഡിന്റെ വരുമാനത്തില്‍ ഇതു വന്‍ കുറവുണ്ടാക്കും. ഈ വരുമാനനഷ്ടം നികത്താന്‍ ബോര്‍ഡ് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടും. വേറെന്തു മാര്‍ഗ്ഗം -എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരുടെ വൈദ്യുതി നിരക്ക് കൂട്ടും. ലാഭക്കൊതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനു നല്‍കുന്ന ആനുകൂല്യത്തിന്റെ ഭാരം സാധാരണ ജനങ്ങളുടെ ചുമലിലേക്ക്. സുപ്രീം കോടതി ഉത്തരവു പോലും ചവറ്റുകൊട്ടയില്‍!

ഈ ഉത്തരവിലൂടെ എന്‍.എസ്.എസ്സിന്റെ സമദൂരം സുകുമാരന്‍ നായരുടെ ‘ശരിദൂരം’ ആക്കി ഉമ്മന്‍ ചാണ്ടി മാറ്റിയിട്ടുണ്ടെന്നാണ് ഉപശാലാ വര്‍ത്തമാനം. സുകുമാരന്‍ നായര്‍ പറഞ്ഞാല്‍ എത്ര നായന്മാര്‍ ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും വോട്ടു ചെയ്യും എന്നത് വേറെ കാര്യം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ നടന്ന ഈ കൊള്ള തിരഞ്ഞെടുപ്പ് കമ്മീഷനെ ആരും അറിയിച്ചില്ലേ എന്നാണ് എന്റെ സംശയം. ഇനി എന്‍.എസ്.എസ്. ആയതിനാല്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും പേടിയായിട്ടുണ്ടാവുമോ?

അനുബന്ധം

സുകുമാരന്‍ നായര്‍ അടക്കമുള്ള നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്:

എന്റെ പേര് -വി.എസ്.ശ്യാംലാല്‍
എന്റെ അച്ഛന്‍ -കെ.വിക്രമന്‍ നായര്‍
എന്റെ അമ്മ -ബി.ശ്യാമളകുമാരി അമ്മ
എന്റെ ഭാര്യ -ദേവിക പണിക്കര്‍
എന്റെ മകന്‍ -പ്രണവ് നായര്‍

പാവപ്പെട്ട അന്യജാതിക്കാരെ സംശയിക്കരുത്.

 


എന്‍.എസ്.എസ്സിനായുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ചട്ടവിരുദ്ധ ഉത്തരവ്

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

2 COMMENTS

  1. Sir..
    Pls let me know the petetion of NSS about SET (plus two teacher qualification) issue in court..
    What was the actual concern of NSS

COMMENTS

Enable Notifications OK No thanks