പുതുവത്സര ദിനത്തില്‍ പുതുചരിത്രമെഴുതി മലയാളത്തിന്റെ പെണ്‍കരുത്ത്. ലക്ഷ്യമിട്ടത് വനിതാ മതിലെങ്കില്‍ ഉയര്‍ന്നത് വനിതാ കോട്ട. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി സര്‍ക്കിള്‍ വരെ 620 കിലോമീറ്റര്‍ നീളത്തില്‍ കണ്ണിപൊട്ടാതെ അവര്‍ അണിനിരന്നു. ലോകത്തു തന്നെ അത്യപൂര്‍വ്വമായൊരു കാഴ്ച.
ഇത്തരമൊരു വലിയ പരിപാടി നടന്നു കഴിയുമ്പോള്‍ അതില്‍ എത്ര പേര്‍ പങ്കെടുത്തു എന്നതു സംബന്ധിച്ച് പല വിധത്തിലുള്ള കണക്കെടുപ്പുകള്‍ ഉണ്ടാവും. സംഘാടകര്‍ അവകാശപ്പെടുന്ന പങ്കാളിത്തത്തിന്റെ നാലിലൊരംശം വരുന്ന കണക്കായിരിക്കും എതിരാളികള്‍ മുന്നോട്ടുവെയ്ക്കുക. ആളു കുറവായിരുന്നു എന്നും പലയിടത്തും കണ്ണി മുറിഞ്ഞു എന്നുമൊക്കെ ആക്ഷേപമുണ്ടാവും. ഇത്തരം ആക്ഷേപങ്ങളുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടാത്ത അവസ്ഥയില്‍ തന്നെ ആ പരിപാടി ഓര്‍മ്മയില്‍ നിന്നു മായും. എന്നാല്‍, വനിതാ മതിലിന് ആ അവസ്ഥയുണ്ടാവില്ല.
വനിതാ മതിലില്‍ 55 ലക്ഷം പേര്‍ പങ്കാളികളായി എന്നാണ് പ്രധാന സംഘാടകരായ നവോത്ഥാന മൂല്യ സംരക്ഷണ സമിതി അവകാശപ്പെടുന്നത്. എതിര്‍ പക്ഷത്തുള്ളവര്‍ 620 കിലോമീറ്ററിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജനസംഖ്യ എന്നൊക്കെ പറഞ്ഞ് 18 ലക്ഷം ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. അപ്പോഴും കണ്ണി പലയിടത്തും മുറിഞ്ഞു എന്നും അവര്‍ പറയുന്നു. പക്ഷേ, വനിതാ മതിലിനെ സംബന്ധിച്ചിടത്തോളം പങ്കാളിത്തം കണക്കാക്കാന്‍ മറ്റൊരു സംവിധാനം കൂടിയുണ്ട് -യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം എന്ന അന്താരാഷ്ട്ര ഏജന്‍സി. അവരുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം മതിലില്‍ വനിതകളുടെ പങ്കാളിത്തം 50 ലക്ഷമാണ്!
വനിതാ മതില്‍ ലോക റെക്കോഡിന് അര്‍ഹമാണോ എന്നു പരിശോധിക്കാന്‍ ഗിന്നസ് സമിതി ചുമതലപ്പെടുത്തിയിരിക്കുന്നത് യു.ആര്‍.എഫിനെയാണ്. യു.ആര്‍.എഫ്. അന്താരാഷ്ട്ര ജൂറി അംഗം സുനില്‍ ജോസഫിന്റെ നേതൃത്വത്തിലാണ് വനിതാ മതിലിനെ വിലയിരുത്തിയത്. കുറഞ്ഞത് 3 ലോക റെക്കോഡുകള്‍ക്കെങ്കിലും വനിതാ മതില്‍ അര്‍ഹമാവുമെന്ന് സുനില്‍ ജോസഫ് പറഞ്ഞു. യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം, കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സ്, ബാഴ്‌സലോണ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒഫീഷ്യല്‍ വേള്‍ഡ് റെക്കോഡ് എന്നിവ വനിതാ മതില്‍ ലോക റെക്കോഡാണെന്ന പ്രാഥമിക വിലയിരുത്തല്‍ അംഗീകരിച്ചിട്ടുണ്ട്.
വനിതാ മതില്‍ ലോക റെക്കോഡിന് പരിഗണിക്കണം എന്ന് അപേക്ഷ നല്‍കിയത് നവോത്ഥാന മൂല്യ സംരക്ഷണ സമിതി തന്നെയാണ്. 30 ലക്ഷം പേര്‍ പങ്കെടുക്കും എന്നാണ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് പരിശോധന നടത്തിയപ്പോള്‍ ഇത്രയധികം സ്ത്രീകള്‍ പങ്കെടുക്കുന്ന മതിലോ ചങ്ങലയോ ലോകത്തെങ്ങും നടന്നിട്ടില്ല എന്ന് യു.ആര്‍.എഫിനു മനസ്സിലായി. ഇതേത്തുടര്‍ന്നാണ് ലോക റെക്കോഡിന് പരിഗണിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ക്ക് വനിതാ മതിലിനെ വിധേയമാക്കാന്‍ അവര്‍ തീരുമാനിച്ചത്.
പരിശോധക സംഘത്തിന് കൃത്യമായ ചുമതലകള്‍ യു.ആര്‍.എഫ്. നിര്‍വ്വചിച്ചു നല്‍കി. ആകെയുള്ള 620 കിലോമീറ്ററിനെ 10 ജില്ലകളിലായി കൃത്യമായി വിഭജിച്ച് 62 കിലോമീറ്റര്‍ വീതം ഓരോ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ചുമതലയിലാക്കി. ഈ 62 കിലോമീറ്ററിന് വീണ്ടും നാലായി വിഭജിച്ച് 15.5 കിലോമീറ്റര്‍ വീതം അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരെ ഏല്പിച്ചു. വീണ്ടും ഈ 15.5 കിലോമീറ്ററിനെ 5.17 കിലോമീറ്റര്‍ വീതമുള്ള 3 ഭാഗങ്ങളായി വിഭജിച്ച് 3 പേരെ ചുമതലക്കാരാക്കി.
ഇതിനു ശേഷം വോളന്റിയര്‍മാരുടെ സഹായത്തോടെ 620 കിലോമീറ്ററിലും വനിതാ മതില്‍ വീഡിയോയില്‍ പകര്‍ത്തി. ഈ 620 കിലോമീറ്ററിലും പരിപാടി വിജയമായിരുന്നു എന്നു തന്നെയാണ് യു.ആര്‍.എഫിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. 10 ജില്ലകള്‍ കേന്ദ്രീകരിച്ചു ശേഖരിച്ച വിവരങ്ങളും വീഡിയോകളും പൂര്‍ണ്ണമായി വിലയിരുത്തിയ ശേഷം മാത്രമേ റെക്കോഡ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറുകയുള്ളൂ. വനിതാ മതില്‍ ഉയര്‍ന്ന ഒരു ഭാഗവും യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറത്തിന്റെ ക്യാമറക്കണ്ണില്‍ പെടാതെ പോയിട്ടില്ലെന്നു ചുരുക്കം.
കാസര്‍കോട് മുതല്‍ കാലിക്കടവ് വരെ 45 കിലോമീറ്റര്‍, കാലിക്കടവ് മുതല്‍ മാഹി വരെ 82 കിലോമീറ്റര്‍, മാഹി മുതല്‍ രാമനാട്ടുകര വരെ 74 കിലോമീറ്റര്‍, രാമനാട്ടുകര മുതല്‍ പെരിന്തല്‍മണ്ണ വരെ 55 കിലോമീറ്റര്‍, പെരിന്തല്‍മണ്ണ മുതല്‍ ചെറുതുരുത്തി വരെ 37 കിലോമീറ്റര്‍, ചെറുതുരുത്തി മുതല്‍ കറുകുറ്റി വരെ 73 കിലോമീറ്റര്‍, കറുകുറ്റി മുതല്‍ അരൂര്‍ വരെ 59 കിലോമീറ്റര്‍, അരുര്‍ മുതല്‍ ഓച്ചിറ വരെ 97 കിലോമീറ്റര്‍, ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ 58 കിലോമീറ്റര്‍, കടമ്പാട്ടുകോണം മുതല്‍ വെള്ളയമ്പലം വരെ 40 കിലോമീറ്റര്‍ എന്നിങ്ങനെ 620 കിലോമീറ്ററും പൂര്‍ണ്ണമായി യു.ആര്‍.എഫ്. കവര്‍ ചെയ്തു.
യു.ആര്‍.എഫ്. മോണിറ്ററി കമ്മിറ്റി ചെയര്‍മാനായ ജോണ്‍സണ്‍ വി.ഇടിക്കുളയ്ക്കാണ് വനിതാ മതില്‍ അവലോകനത്തിന്റെ ഏകോപനച്ചുമതല. കണ്‍വീനറായി പ്രവര്‍ത്തിച്ചത് സത്താര്‍ സാര്‍ദൂല്‍. യു.ആര്‍.എഫിന്റെ ഇന്റര്‍നാഷണല്‍ ജൂറിയായ അമേരിക്കക്കാരി വനജാ അനന്ത ആലപ്പുഴ ജില്ലയിലെ അവലോകനത്തിന് നേരിട്ട് മേല്‍നോട്ടം വഹിച്ചു. കാസര്‍കോട് അനില്‍, കണ്ണൂരില്‍ ഡേവിഡ് പയ്യന്നൂര്‍, കോഴിക്കോട് പ്രജീഷ് കണ്ണന്‍, മലപ്പുറത്ത് ഷെറീഫ്, പാലക്കാട് സെയ്ദലവി, തൃശ്ശൂരില്‍ മുരളി നാരായണന്‍, എറണാകുളത്ത് ചന്ദ്രബോസ്, ആലപ്പുഴയില്‍ ആതിര മുരളിയും ഷിബു ഡേവിഡും, കൊല്ലത്ത് ഹാരിസ് താഹയും അനീഷ് ശിവാനന്ദും, തിരുവനന്തപുരത്ത് ഡോ.ജോണ്‍സണ്‍ ജോര്‍ജ്ജ് എന്നിവര്‍ക്കായിരുന്നു അവലോകന നേതൃത്വം. ലിജോ ജോര്‍ജ്ജ് മീഡിയ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.
വനിതാ മതില്‍ പൊളിഞ്ഞു എന്നു പ്രചരിപ്പിക്കാന്‍ കൈമെയ് മറന്നു ശ്രമിക്കുന്നവര്‍ ഇത്തരത്തില്‍ ഒരു എട്ടിന്റെ പണി കിട്ടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. 4 മണിക്ക് ഔദ്യോഗികമായി പരിപാടി നടന്ന സ്ഥലത്ത് മണിക്കൂറുകള്‍ക്ക് മുമ്പു നടന്ന തയ്യാറെടുപ്പുകള്‍ ചിത്രീകരിക്കുകയും അത് കാട്ടി മതില്‍ പൊളിഞ്ഞു എന്ന പേരില്‍ പ്രചരിപ്പിച്ച് സായൂജ്യം തേടുകയും ചെയ്യുന്നവര്‍ക്ക് നല്ല നമസ്‌കാരം.