HomeLIFE25 വര്‍ഷങ്ങള്...

25 വര്‍ഷങ്ങള്‍!!!

-

Reading Time: 4 minutes

ഇന്ന് 2022 ഡിസംബര്‍ 1. കൃത്യം 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഡിസംബര്‍ 1 ഓ‍ര്‍മ്മയിലേക്ക് ഓടിയെത്തുന്നു. ജീവിതം വഴിതിരിഞ്ഞോടിത്തുടങ്ങിയ ആ ദിവസം.

1997 ഡിസംബര്‍ 1. അതൊരു തിങ്കളാഴ്ചയായിരുന്നു. ഞാന്‍ അന്ന് പേട്ടയിലെ കൗമുദി ഓഫീസില്‍ കടന്നു ചെന്നു. കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പത്രക്കുറിപ്പു കൊടുക്കാന്‍ ആ ഓഫീസില്‍ പല തവണ കയറിയിറങ്ങിയിട്ടുണ്ട്. പക്ഷേ അന്ന്, അതുവരെ ഇല്ലാതിരുന്ന എന്തോ പ്രത്യേകതയുണ്ടായിരുന്നു. എന്റെ ഗുരുനാഥന്‍ എന്‍.ആര്‍.എസ്.ബാബുവിനെ കാണാനാണ് ഞാനവിടെ എത്തിയത്. ‘ഡേയ്, തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് എന്റെ ഓഫീസില്‍ വരണം’ എന്ന തൊട്ടുമുന്നിലത്തെ ശനിയാഴ്ച കണ്ടപ്പോള്‍ സാറില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശമനുസരിക്കുകയാണ് ലക്ഷ്യം.

എന്‍.ആര്‍.എസ്.ബാബു

കലാകൗമുദിയുടെ പത്രാധിപരാണ് ബാബു സാര്‍. പുറത്തുനിന്ന് റിസപ്ഷനിലെത്തി നേരെ കയറുന്നത് അദ്ദേഹത്തിന്റെ മുറിയിലാണ്. അനുവാദം വാങ്ങി അകത്തുകയറി. സാര്‍ എന്തോ വായിച്ചിരിക്കുകയാണ്. മൂക്കിലെ കണ്ണടയ്ക്കു മുകളിലൂടെ അദ്ദേഹം എന്നെയൊന്ന് പാളി നോക്കി. മുന്നിലെ കസേരയിലേക്കു വിരല്‍ ചൂണ്ടി, വായന തുട‍ര്‍ന്നു. ആ കസേരകളിലൊന്നില്‍ അരച്ചന്തിയുറപ്പിച്ച് ഞാനിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്ന് ഒരാള്‍ അകത്തേക്കു വന്നു. പെരുമാറ്റത്തില്‍ സാറിന്റെ അസിസ്റ്റന്‍റ് ഭാവം. അദ്ദേഹത്തിനു നേരെയും സാറിന്റെ വക കണ്ണടയ്ക്കു മുകളിലൂടെയുള്ള പാളിനോട്ടം മാത്രം. നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം. ഒടുവില്‍ വായന അവസാനിപ്പിച്ച സാര്‍ കണ്ണട ഊരി മേശപ്പുറത്തു വെച്ചു. എന്നിട്ടെന്നോടു പറഞ്ഞു -‘അങ്ങകത്ത് ഇ.വി.ശ്രീധരനെന്നും കള്ളിക്കാട് രാമചന്ദ്രനെന്നും പേരുള്ള രണ്ടു കൊമ്പന്മാര്‍ ഇരിപ്പുണ്ട്. അവരുടെ ഇടയില്‍ ഒരു കസേര കാണും. അവിടെപ്പോയിരുന്നോ. പിന്നെ അവിടെ വെറുതെയിരുന്നു കളയരുത്. ഇടയ്ക്കിങ്ങോട്ടൊക്കെ വരണം. ജോലിയുണ്ട്’ – ഇത്രയും പറഞ്ഞ ശേഷം എന്നെ ആ അസിസ്റ്റന്റിനെ ഏല്പിച്ചു. പിന്നീട് അമൃതയിലെ ‘നാടകമേ ഉലകം’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഡോ.ടി.കെ.സന്തോഷ് കുമാറായിരുന്നു ആ അസിസ്റ്റന്റ്. ഇപ്പോള്‍ കേരള സര്‍വ്വകലാശലയില്‍ മലയാളം അദ്ധ്യാപകന്‍.

കള്ളിക്കാട് സാറും ഇ.വി. സാറും നിറഞ്ഞ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു, കുടിയിരുത്തി. കലയിലും സാഹിത്യത്തിലും ഒരുപോലെ കഴിവു തെളിയിച്ച ആ പ്രഗത്ഭര്‍ തികഞ്ഞ വാത്സല്യത്തോടെയാണ് എന്നോടു പെരുമാറിയത്. ഒരു പത്രസ്ഥാപനത്തില്‍ എന്റെ പത്രപ്രവര്‍ത്തനം അവിടെ തുടങ്ങുകയായി.

അന്ന് കേരള കൗമുദിയും കലാകൗമുദിയുമെല്ലാം ഒരുമിച്ചാണ്. വലിയ ശരീരമുള്ള, നിറയെ സ്‌നേഹമുള്ള, ഉച്ചത്തില്‍ ചിരിക്കുന്ന എം.എസ്.മണി സാറാണ് എല്ലാത്തിന്റെയും രാജാവ് -സര്‍വ്വശക്തനായ ചീഫ് എഡിറ്റര്‍. ബാബു സാറിന്റെ മുറിയില്‍ നിന്ന് ചീഫിന്റെ മുറിയിലേക്ക് ഒരു വാതിലുണ്ട്. ഇടയ്ക്ക് ആ വാതില്‍ തുറന്ന്, ഒരു തല മാത്രം അകത്തേക്കിട്ട്, എന്റെ പത്രാധിപര്‍ ആശയവിനിമയം നടത്തുമ്പോഴാണ് ഒരു മിന്നായം പോലെ ചീഫിനെ കണ്ടിട്ടുള്ളത്. ഇടയ്ക്ക് ഉച്ചത്തിലുള്ള ചിരിയുടെ പ്രതിധ്വനിയിലൂടെ മുഖ്യപത്രാധിപരുടെ സാന്നിദ്ധ്യം ഞാനറിഞ്ഞു. ചീഫിനെ മുഖാമുഖം വരാതിരിക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിച്ചു. കാരണം തുടക്കക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം അത്രമാത്രം ഉയരങ്ങളിലായിരുന്നു മണി സാര്‍ അന്ന്. പിന്നീടും അങ്ങനെ തന്നെ.

ബാബു സാറിന്റെ നേതൃത്വത്തിലുള്ള കലാകൗമുദി ടീമില്‍ കള്ളിക്കാട് സാറിനും ഇ.വി. സാറിനും സന്തോഷിനുമൊപ്പം ഒരാള്‍ കൂടിയുണ്ടായിരുന്നു -ആര്‍.വേണുഗോപാല്‍ എന്ന വേണുവേട്ടന്‍. ഒരു മുതിര്‍ന്ന സഹോദരനെപ്പോലെ അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ചു. വേണുവേട്ടന്‍ പിന്നീട് പി.ആര്‍.ഡിയിലെത്തി. ഞങ്ങളുടെ ഇരിപ്പിടത്തിന് തൊട്ടടുത്തായിരുന്നു വെള്ളിനക്ഷത്രം ഡെസ്‌ക്. അവിടെ പ്രസാദ് ലക്ഷ്മണ്‍ എന്ന പ്രസാദേട്ടനായിരുന്നു ചുമതലക്കാരന്‍. ഇപ്പോള്‍ അദ്ദേഹം കലാകൗമുദി എക്സിക്യൂട്ടീവ് എഡിറ്റര്‍. കൂടെ ബീനാരഞ്ജിനി എന്ന ബീനേച്ചിയും സിന്ധു ചേച്ചിയും. ഇവരില്‍ നിന്നെല്ലാം എനിക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടായിരുന്നു.

വെള്ളിനക്ഷത്രം ലേഖകരാണെങ്കിലും വല്ലപ്പോഴും മാത്രം വന്നുപോകുന്ന പിറവന്തൂര്‍ സുരേഷേ്, യേശുദാസ് വില്യം എന്നിവരുമുണ്ടായിരുന്നു അവിടെ. സുരേഷേട്ടനോടും യേശുവിനോടും ഉണ്ടായിരുന്നത് വലിയ ആരാധനയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ എപ്പോള്‍ വേണമെങ്കിലും വിളിക്കാനും ചെന്നു കാണാനും ശേഷിയുള്ള വലിയ ആളുകള്‍!! ഫോട്ടോ കമ്പോസിങ്ങില്‍ കലാകൗമുദിയും വെള്ളിനക്ഷത്രവുമെല്ലാം ലേ ഔട്ട് ചെയ്തിരുന്ന രഞ്ജിത്, ജോഷി എന്നിവരില്‍ നിന്നാണ് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ പഠിച്ചത്. കേരള കൗമുദി ഫോട്ടോഗ്രാഫര്‍മാരായിരുന്ന എന്‍.ശങ്കരന്‍കുട്ടി, എസ്.എസ്.റാം എന്നിവരില്‍ നിന്ന് അല്പം ‘പടംപിടിത്തം’ പഠിച്ചു.

കരുത്തന്മാര്‍ നിറഞ്ഞതായിരുന്നു അന്നത്തെ കേരള കൗമുദി ബ്യൂറോ. എം.എം.സുബൈര്‍, കെ.ബാലചന്ദ്രന്‍, എം.ബി.സന്തോഷ്, വി.എസ്.രാജേഷ്. പ്രസന്നകുമാര്‍ തുടങ്ങിയവരൊക്കെ വാര്‍ത്തകള്‍ അമ്മാനമാടുന്നത് ഫോട്ടോകമ്പോസിങ് വാതില്‍ക്കല്‍ നിന്ന് വെറുമൊരു ശിശുവായ ഞാന്‍ കൗതുകത്തോടെ നോക്കിയിട്ടുണ്ട്. കേരള കൗമുദി ഡെസ്കിലുമുണ്ടായിരുന്നു എ.പി.വിശ്വനാഥനെയും പിറവന്തൂര്‍ ശശിധരനെയും പി.ഫസലുദ്ദീനെയും പോലുള്ള പ്രഗത്ഭര്‍. ഇതിനെല്ലാം മുകളില്‍ പടര്‍ന്നു പന്തലിച്ച വന്മരമായിരുന്നു മണി സാര്‍. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിനു മുന്നില്‍പ്പെടാതെ മാറി നടന്നിരുന്നതും.

ജേര്‍ണലിസം പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ് എന്നൊരു പരിപാടിയുണ്ട്. എന്റെ ഇന്റേണ്‍ഷിപ്പ് വിജയകരമായി അവിടെ പുരോഗമിക്കുന്നു എന്നാണ് ഞാന്‍ കരുതിയിരുന്നത്, കൃത്യം ഒരു മാസം തികയുന്നതു വരെ.

1998 ജനുവരി 2, പുതുവത്സരപ്പിറ്റേന്ന്. അതൊരു വെള്ളിയാഴ്ചയാണെന്ന കാര്യം മറന്നിട്ടില്ല. ബാബു സാര്‍ എന്നെ മുറിയിലേക്കു വിളിപ്പിച്ചു. പതിവു കുശലാന്വേഷണങ്ങള്‍ക്കു ശേഷം സാര്‍ ചോദ്യമെറിഞ്ഞു -‘ജോലിയൊക്കെ എങ്ങനെ?’ കൊള്ളാമെന്ന് എന്റെ മറുപടി. ‘ജോലി മാത്രം മതിയോ? ശമ്പളം വേണ്ടേ?’ -സാറിന്റെ അടുത്ത ചോദ്യം. ഇന്റേണ്‍ഷിപ്പിന് ശമ്പളമോ എന്ന് ഞാന്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ സാര്‍ മേശ തുറന്ന് ഒരു കവറെടുത്ത് എന്റെ നേര്‍ക്കു നീട്ടി. വിറയ്ക്കുന്ന കൈകളോടെ അതു വാങ്ങുമ്പോള്‍ ശരീരത്തിലെ രോമകൂപങ്ങള്‍ മുഴുവന്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. സാറിന്റെ വക ഒരു നിര്‍ദ്ദേശം കൂടി വന്നു -‘ഇത് ആരോടും പറയണ്ട.’ ഒന്നും മിണ്ടാതെ അവിടെ നിന്നിറങ്ങി ഇരിപ്പിടത്തിലെത്തി കവര്‍ തുറന്ന് എണ്ണി നോക്കിയപ്പോള്‍ 1,800 രൂപ. അന്നത്തെ നിലയ്ക്ക് അതു വളരെ വലിയ തുകയായിരുന്നു. അങ്ങനെ കലാകൗമുദിയില്‍ കയറിയിരുന്ന് ഒരു മാസം തികഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു -എനിക്കു ജോലി കിട്ടി, ആദ്യ ശമ്പളവും വാങ്ങി.

കലാകൗമുദി വാരിക സമൂഹത്തില്‍ വളരെ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്ന കാലത്താണ് എനിക്കവിടെ പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായത്. വായന കുറച്ചുകൂടി ശക്തമായിരുന്ന കാലം. അതിനാല്‍ത്തന്നെ ഡോ.സുകുമാര്‍ അഴീക്കോട്, എം.പി.നാരായണപിള്ള, മാധവിക്കുട്ടി, കെ.എല്‍.മോഹനവര്‍മ്മ, പെരുമ്പടവം ശ്രീധരന്‍, കണിയാപുരം രാമചന്ദ്രന്‍ എന്നിവരുടെയൊക്കെ രചനകള്‍ ‘കൈകാര്യം’ ചെയ്യാന്‍ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കകാലത്തു തന്നെ എനിക്ക് അവസരമുണ്ടായി. മാധവിക്കുട്ടിയും മോഹനവര്‍മ്മയും ചേര്‍ന്നെഴുതിയ ‘അമാവാസി’ എന്ന നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോഴുണ്ടായ ആവേശവും പിണറായി വിജയന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റപ്പോഴുള്ള ആദ്യ അഭിമുഖവും രാമനാഥപുരം കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ മനുഷ്യന്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് നേരിട്ടു കണ്ട് തരിച്ചുനിന്നതുമെല്ലാം ഇന്നും മനസ്സില്‍ മായാതെയുണ്ട്.

ഒന്നര വര്‍ഷത്തോളം കലാകൗമുദിയില്‍ പ്രവര്‍ത്തിച്ചു, 1999 ജൂണ്‍ 16ന് മാതൃഭൂമിയിലേക്കു മാറുന്നതുവരെ. അക്കാലമത്രയും മാസത്തിന്റെ ആദ്യ ആഴ്ച കൃത്യമായി ആ കവര്‍ സാര്‍ നേരിട്ട് എനിക്കു തന്നുകൊണ്ടിരുന്നു. കലാകൗമുദിയില്‍ നിന്നു ലഭിച്ച ശമ്പളമാണോ എന്റെ സാമ്പത്തികനില മനസ്സിലാക്കിയിട്ട് ബാബു സാര്‍ സ്വന്തം കീശയില്‍ നിന്നു തന്ന ‘സ്റ്റൈപന്‍ഡ്’ ആണോ എന്ന് എനിക്ക് ഇന്നുമറിയില്ല. ആ കാലത്ത് ജോലി കഴിഞ്ഞ് രാത്രി പോകുമ്പോള്‍ പേട്ടയില്‍ നിന്ന് പട്ടത്തേക്കുള്ള കാര്‍ യാത്ര എനിക്കു വേണ്ടി സാര്‍ പാളയം വഴിയാക്കി. രാത്രി 8.30ന് പാളയത്തു നിന്ന് തൃക്കണ്ണാപുരത്തേക്കുള്ള ബസ് പിടിക്കാന്‍ എനിക്കു സൗകര്യമുണ്ടാക്കുന്നതിനായി ബാബു സാര്‍ അങ്ങനെ എന്റെ സാരഥിയായി. ‘നീ വാരികയിലല്ല പത്രത്തില്‍ ജോലി ചെയ്യേണ്ടയാളാണ്’ എന്നു പറഞ്ഞ് മാതൃഭൂമിയില്‍ അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതും ലക്ഷ്യം നേടാന്‍ പ്രോത്സാഹിപ്പിച്ചതും ബാബു സാര്‍ തന്നെ.

ഇന്ന് 25 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഒരുപാടു പേരോട് നന്ദി പറയാനുണ്ട്. അതില്‍ പ്രധാനി ബാബു സാര്‍ തന്നെ. കേരളത്തിന്റെ മാധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ സവിശേഷമായൊരു സ്ഥാനമുണ്ട് എന്‍.ആര്‍.എസ്.ബാബു എന്ന മനുഷ്യന്. അദ്ദേഹത്തിന്റെ എഴുത്തിലെ അയത്നലളിതമായ ശൈലി എന്നും എനിക്ക് അത്ഭുതമാണ്. മികച്ച രാഷ്ട്രീയ ലേഖനങ്ങള്‍, ശ്രദ്ധേയങ്ങളായ എത്രയോ എഡിറ്റോറിയലുകള്‍, ശാസ്ത്രലേഖനങ്ങള്‍ അങ്ങനെ എന്തൊക്കെ. പതിറ്റാണ്ടുകളോളം ഒരു നിരീക്ഷക വേഷത്തില്‍ കേരളീയ ജീവിതത്തോടൊപ്പം അദ്ദേഹം സഞ്ചരിച്ചു.

കലാകൗമുദിയെ ജീവിതകാലം മുഴുവനും മറക്കാന്‍ പറ്റില്ല. പിന്നീട് പല സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവെങ്കിലും എന്റെ കൈയിലുള്ള ‘പത്രപ്രവര്‍ത്തന’ത്തിന്റെ അടിസ്ഥാനം കലാകൗമുദിയില്‍ പണിതതാണ്. അടിസ്ഥാനം നന്നായാല്‍ കെട്ടിടത്തിന് ഉറപ്പേറുമല്ലോ! എനിക്ക് എന്തെങ്കിലും കാര്യത്തില്‍ ഉറപ്പുണ്ടെങ്കില്‍ അത് അവിടെ നേടിയതാണ്. കലാകൗമുദിയില്‍ ബാബു സാറില്‍ നിന്നു പഠിച്ചതു മാത്രമേ ഇപ്പോഴും കൈയിലുള്ളൂ എന്നു പറഞ്ഞാലും തെറ്റില്ല. അവിടെ പഠിച്ച കാര്യങ്ങള്‍ പരിപോഷിപ്പിക്കാന്‍ പില്‍ക്കാലത്ത് മാതൃഭൂമിയും ഇന്ത്യാവിഷനുമൊക്കെ സഹായിച്ചിട്ടുണ്ട് എന്നും പറയാം. 25 വര്‍ഷം പിന്നിടുമ്പോഴും തല കുനിയാതെ നില്‍ക്കാന്‍ എനിക്കു സാധിക്കുന്നത് ഗുരുക്കന്മാരുടെ അനുഗ്രഹത്താല്‍ മാത്രമാണ്.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights