HomeLIFEആനവണ്ടി മാഹാത...

ആനവണ്ടി മാഹാത്മ്യം

-

Reading Time: 4 minutes

കെ.എസ്.ആര്‍.ടി.സി. എന്ന പേര് എനിക്കൊരു വികാരമാണ്. അത് അച്ഛനില്‍ നിന്നു കിട്ടിയതാണ്. കുട്ടിക്കാലം മുതല്‍ നമ്മള്‍ നേരിടുന്ന ചോദ്യമാണല്ലോ “അച്ഛനെവിടാ ജോലി?”. അതിന് എനിക്ക് ഒരേയൊരു മറുപടിയേയുള്ളൂ -“കെ.എസ്.ആര്‍.ടി.സി.” ഇപ്പോഴും കെ.എസ്.ആര്‍.ടി.സിയെ മറന്നൊരു കളിയില്ല. എല്ലാ മാസവും പെന്‍ഷന്‍ വാങ്ങാന്‍ അച്ഛനെ കൊണ്ടുപോകുന്ന ഉത്തരവാദിത്വം എനിക്കാണ്. കൊറോണക്കാലത്തിനു മുമ്പു വരെ അച്ഛന്‍ കഴിയുന്നത്ര യാത്ര ചെയ്തിരുന്നത് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ മാത്രമായിരുന്നു. സ്വകാര്യ ബസ് ഒഴിവാക്കും. “10 രൂപ ചെലവാക്കാന്‍ മടിച്ചിട്ടാണ് ഇത്രയും സമയം റോഡില്‍ ചെന്നു കിടക്കുന്നത്” -സൗജന്യ യാത്രാ പാസ് പ്രയോജനപ്പെടുത്താനാണ് അച്ഛന്റെ കാത്തുനില്പ് എന്ന് അമ്മയുടെ പതിവ് കുറ്റപ്പെടുത്തല്‍. “പണമൊന്നും പ്രശ്നമല്ല. പക്ഷേ, നമ്മുടെ സ്വന്തം വണ്ടിയുള്ളപ്പോള്‍ എന്തിനാ വേറെ കയറുന്നത്?” -അച്ഛന്റെ മറുപടിയില്‍ ചര്‍ച്ച അവിടെ അവസാനിക്കും. അതെ ആനവണ്ടി എന്ന ഓമനപ്പേരുള്ള കെ.എസ്.ആര്‍.ടി.സി. ഞങ്ങള്‍ക്ക് സ്വന്തം വണ്ടിയാണ്. എന്റെ തടിയിലൊരു ഭാഗം ആനവണ്ടിയുടെ ചോറാണ്.

‘കുടുംബസ്വത്തായി’ കരുതിപ്പോന്ന കെ.എസ്.ആര്‍.ടി.സിക്ക് പുതിയൊരു അവകാശി വന്നത് നടുക്കത്തോടെയാണ് ഞാനടക്കമുള്ളവര്‍ കണ്ടുനിന്നത്. പുതിയൊരു അവകാശി വന്നു എന്നു മാത്രമല്ല, നമുക്ക് ആ പേരില്‍ ഒരവകാശവുമില്ല എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കര്‍ണ്ണാടകമാണ് കേരളത്തെ വിലക്കിയത്! കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെയും കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെയും ചുരുക്കെഴുത്ത് കെ.എസ്.ആര്‍.ടി.സി. എന്നു തന്നെയാണല്ലോ. വര്‍ഷങ്ങളായി ഇരുകൂട്ടരും പൊതുഗതാഗത സംവിധാനത്തിന് ആ പേര് തന്നെയാണ് ഉപയോഗിക്കന്നത്. എന്നാല്‍ പെട്ടെന്നൊരു വെളിപാടുണ്ടായതുപോലെ 2014ല്‍ കര്‍ണ്ണാടകം ഇങ്ങോട്ടൊരു നോട്ടീസ് അയച്ചു. കെ.എസ്.ആര്‍.ടി.സി. എന്ന പേര് കര്‍ണ്ണാടകയുടേതാണെന്നും മേലില്‍ കേരളം ആ പേര് ഉപയോഗിക്കരുതെന്നുമായിരുന്നു ഇണ്ടാസ്!!

നമ്മള്‍ ഞെട്ടിപ്പോയി. ആകെ ആശയക്കുഴപ്പമായി. കര്‍ണ്ണാടകത്തിന്റെ അവകാശവാദം ശരിയാണോ തെറ്റാണോ എന്നു വിലയിരുത്താന്‍ പോലുമായില്ല. എന്തായാലും നോട്ടീസ് കിട്ടിയതിനു ശേഷം നമ്മുടെ ചില വണ്ടികളില്‍ ബോര്‍ഡ് കേരള ആര്‍.ടി.സി. എന്നു മാറിയത് നടുക്കത്തോടെ കണ്ടു. പക്ഷേ, അതിനു ശേഷം ആനവണ്ടി കോര്‍പ്പറേഷന്‍ വെറുതെയിരുന്നില്ല. അന്നത്തെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്സിന് അപേക്ഷ സമര്‍പ്പിച്ചു, കേരളത്തിന് അവകാശപ്പെട്ടതാണ് കെ.എസ്.ആര്‍.ടി.സി. എന്നു കാട്ടി. പിന്നീട് മറ്റു പലരും പല വിധത്തില്‍ ഉപയോഗിച്ചിരുന്ന ‘ആനവണ്ടി’ എന്ന പേരിനു വേണ്ടിയും അപേക്ഷ കൂട്ടിച്ചേര്‍ത്തു.

അതിനെത്തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. കുറച്ചുകാലത്തിനു ശേഷം ആന്റണി ചാക്കോ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു പോയി. 2018ല്‍ അദ്ദേഹം അന്തരിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം കൊടുത്ത അപേക്ഷ ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു. 1999ലെ ട്രേഡ്മാര്‍ക്സ് നിയമപ്രകാരം കെ.എസ്.ആര്‍.ടി.സി. എന്ന ചുരുക്കെഴുത്തും മുദ്രയും ‘ആനവണ്ടി’ എന്ന പേരും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്സ് ഉത്തരവിറക്കി.

കേസില്‍ വിജയത്തിലേക്കുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ല. കര്‍ണ്ണാടക ആര്‍.ടി.സി. വരുന്നതിനു മുമ്പു തന്നെ കേരളത്തിന്റേതായി കെ.എസ്.ആര്‍.ടി.സി. നിലവിലുണ്ട് എന്നു തെളിയിക്കാനാണ് ശ്രമിച്ചത്. അതിനു വേണ്ടി പലതരം തെളിവുകള്‍ നമ്മള്‍ ഹാജരാക്കി. കണ്ണൂര്‍ ഡീലക്സ് എന്ന ഹിറ്റ് സിനിമയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്ര ചെയ്യുന്ന പ്രേംനസീറും ഷീലയും വരെ നമ്മുടെ ‘സാക്ഷി’കളായിയി!! ഈ സിനിമ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ചിത്രീകരിച്ചത് കെ.എസ്.ആര്‍.ടി.സി. ബസ്സിലായിരുന്നു. മലയാളത്തിലെ ആദ്യ റോഡ് മൂവി എന്നു പറയാവുന്ന ചിത്രം.

തിരുവനന്തപുരം – കണ്ണൂർ ബസ്സിലെ ഒരു മോഷണവും കള്ളനെ പിടിക്കുന്നതുമാണ് കഥ. 1969 മെയ് 16ന് പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് എ.ബി.രാജാണ്. അക്കാലത്ത് കെ.എസ്.ആർ.ടി.സി. എന്ന് ബസ്സുകളിൽ എഴുതുന്ന പതിവുണ്ടായിരുന്നില്ല എങ്കിലും മുദ്ര ഉണ്ടായിരുന്നു. ആ സമയത്ത് കെ.എസ്.ആര്‍.ടി.സി. ഉണ്ടെന്നുള്ളതിനു തെളിവായി അതു പരിഗണിക്കപ്പെട്ടു.

കണ്ണൂര്‍ ഡീലക്സ് സിനിമയില്‍ ഉപയോഗിച്ച കെ.എസ്.ആര്‍.ടി.സി. ബസ്

ഇതുകൂടാതെ 1965 മുതൽ പല സാഹിത്യരചനകളിലും ലേഖനങ്ങളിലും വന്ന കെ.എസ്.ആർ.ടി.സി. ബസ്സിനെപ്പറ്റിയുള്ള പരാമർശങ്ങളും നമുക്ക് സഹായകരമായി.കെ.എസ്.ആർ.ടി.സിയുടെ എറണാകുളം യൂണിറ്റ് അടക്കമുള്ള ഡിപ്പോകളില്‍ സൂക്ഷിച്ചിരുന്ന 1965 മുതലുള്ള റിട്ടയർമെന്റ് ഫോട്ടോകൾ അടക്കം പലതും ഈ കേസിലെ തെളിവായി ഹാജരാക്കപ്പെട്ടു. 50 വർഷം പഴക്കമുള്ള തെളിവുകളായിരുന്നു വേണ്ടിയിരുന്നത്. പല പഴയ ഫോട്ടോകളും ഡിപ്പോകളിൽ നിന്നും എടുത്തു. പഴയ തീയതികളിലുള്ള ശിലാഫലകങ്ങളുടെ ഫോട്ടോകളുമെടുത്തു ഹാജരാക്കി.

കേരള സംസ്ഥാനം നിലവില്‍ വരുന്നതിനു മുമ്പു തന്നെ ഇവിടെ ബസ് സര്‍വ്വീസ് നിലവിലുണ്ടായിരുന്നു എന്നതാണ് സത്യം. തിരുവിതാംകൂറില്‍ ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ 1938ല്‍ തുടക്കം കുറിച്ച ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റാണ് കെ.എസ്.ആര്‍.ടി.സിയുടെ പൂര്‍വ്വികന്‍. രാജ്യത്തു തന്നെ ഏറ്റവും പഴക്കം ചെന്ന പൊതുഗതാഗത സംവിധാനങ്ങളിലൊന്നാണിത്. കേരളപ്പിറവിയോടെ ഈ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി. പിന്നീട് 1965 മാര്‍ച്ച് 15ന് ഈ വകുപ്പ് സ്വതന്ത്രമാവുകയും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.

കേരളം ഹാജരാക്കിയ ഈ തെളിവുകളെ മറികടക്കാനുള്ള ശേഷി കര്‍ണ്ണാടകത്തിന് ഉണ്ടായിരുന്നില്ല. 1948ല്‍ നിലവില്‍ വന്ന മൈസൂര്‍ ഗവണ്മെന്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് -എം.ജി.ആര്‍.ടി.ഡി. 1961ല്‍ മൈസൂര്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ -എം.എസ്.ആര്‍.ടി.സി. ആയി. എന്നാല്‍, മൈസൂര്‍ സംസ്ഥാനം കര്‍ണ്ണാടകം എന്നു പേരു മാറ്റിയത് 1973 നവംബര്‍ 1നാണ്. ഇതിനൊപ്പം തന്നെയാണ് എം.എസ്.ആര്‍.ടി.സിയും പേരു മാറി കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനായതും പില്‍ക്കാലത്ത് കെ.എസ്.ആര്‍.ടി.സി. എന്ന പേരിന് അവകാശവാദമുന്നയിച്ചതും. 1965 മാര്‍ച്ച് 15 മുതലുള്ള തെളിവുമായി നില്‍ക്കുന്ന കേരളത്തിനു മുന്നില്‍ എട്ടര വര്‍ഷങ്ങള്‍ക്കു ശേഷം 1973 നവംബര്‍ 1നു മാത്രം നിലവില്‍ വന്ന കര്‍ണ്ണാടകം എവിടെ വിജയിക്കാന്‍!!

കേരളം ഇപ്പോള്‍ വിജയതിലകമണിഞ്ഞു നില്‍ക്കുമ്പോള്‍ മറ്റാരെ ഓര്‍ത്തില്ലെങ്കിലും ആന്റണി ചാക്കോയെ ഓര്‍ക്കണം. കോര്‍പ്പറേഷനെ നയിച്ച മികച്ച ഭരണാധികാരികളുടെ പട്ടിക നോക്കിയാല്‍ തീര്‍ച്ചയായും ഈ പേര് അതിലുണ്ടാവും. വലിയ പ്രതിസന്ധികളിലൂടെ കെ.എസ്.ആര്‍.ടി.സി. കടന്നുപോകുന്ന സമയത്താണ് അദ്ദേഹം തലപ്പത്തെത്തിയത്. വ്യക്തമായ കാഴ്ച്പ്പാടോടെ ഈ സി.എം.ഡി. നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കെ.എസ്.ആര്‍.ടി.സിയെ പൊതുജനങ്ങളുമായി അടുപ്പിച്ചു. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം കാര്യക്ഷമമാക്കിയതും ഫ്ലെക്സി ചാര്‍ജ്ജ്, തത്കാല്‍ ടിക്കറ്റുകള്‍ എന്നിവ നടപ്പാക്കിയതും ഉദാഹരണം. ഇന്റർ സ്റ്റേറ്റ് സർവ്വീസുകളുടെ സാദ്ധ്യത മനസ്സിലാക്കിയ അദ്ദേഹം ബംഗളൂരുവിൽ പുതിയതായി 3 റിസർവേഷൻ കൗണ്ടറുകൾ ആരംഭിച്ചത് കെ.എസ്.ആര്‍.ടി.സിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാക്കി. ആധുനിക ശ്രേണിയില്‍പ്പെട്ട മള്‍ട്ടി ആക്സില്‍ വോള്‍വോ, സ്കാനിയ ബസ്സുകള്‍ റോഡിലിറക്കാനും ആന്റണി ചാക്കോ മുന്‍കൈയെടുത്തു.

താന്‍ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അതിനെക്കുറിച്ച് ആരോടും എവിടെയും സംസാരിക്കാനും ഒരു മടിയും കാട്ടാത്ത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ തൊഴില്‍പരമായ ആവശ്യത്തിന് അദ്ദേഹവുമായി പലവട്ടം സംസാരിക്കേണ്ടി വന്നപ്പോഴെല്ലാം ഇക്കാര്യം ബോദ്ധ്യപ്പെട്ടിട്ടുണ്ട്. എല്ലാവരോടും സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം ജോലിയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനുമായിരുന്നു. ‘ആനവണ്ടി’ എന്ന പേരു കൂടി ട്രേഡ്മാര്‍ക്ക് ക്ലെയിമില്‍ ഉള്‍പ്പെടുത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനം തന്നെയാണ് ആ കാര്‍ക്കശ്യത്തിന്റെ തെളിവ്. മനുഷ്യന്‍ മണ്‍മറഞ്ഞാലും അദ്ദേഹത്തിന്റെ നല്ല ചെയ്തികള്‍ നിലനില്‍ക്കുമെന്ന ചൊല്ല് ആന്റണി ചാക്കോയുടെ കാര്യത്തില്‍ ഇപ്പോള്‍ അന്വര്‍ത്ഥമാവുകയാണ്. ഫോണില്‍ വെറുതെയൊന്നു പരതി നോക്കിയപ്പോള്‍ ആന്റണി ചാക്കോയുടെ നമ്പര്‍ ഇപ്പോഴും അവിടെയുണ്ട്, അദ്ദേഹം ഒപ്പമില്ലെങ്കിലും..

എന്തായാലും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞതുപോലെ മലയാളികളുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രം. ഇത് വെറുമൊരു വാഹനസര്‍വ്വീസ് മാത്രമല്ല. സിനിമയിലും സാഹിത്യത്തിലും ഉള്‍പ്പെടെ നമ്മുടെ സാംസ്കാരിക ജീവിതത്തില്‍ ഈ പൊതുഗതാഗത സംവിധാനത്തിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുള്ളത് രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്സിന് ബോദ്ധ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി. എന്ന പേര് ഇനി ഉപയോഗിക്കരുതെന്ന് കര്‍ണ്ണാടകത്തോട് ആവശ്യപ്പെടുന്ന നോട്ടീസ് ഉടനെ തന്നെ അയയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ‘ആനവണ്ടി’ എന്ന പേര് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുവെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗത സെക്രട്ടറി കൂടിയായ കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ബിജു പ്രഭാകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights