HomeGOVERNANCEമാര്‍ക്കിടുന്...

മാര്‍ക്കിടുന്നവരുടെ ശ്രദ്ധയ്ക്ക്..

-

Reading Time: 3 minutes

ഓഖി ചുഴലിക്കാറ്റിന്റെ വേളയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മാര്‍ക്കിട്ട് തോല്‍പ്പിക്കുന്ന തിരക്കിലാണല്ലോ എല്ലാവരും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പാളിച്ചയില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളെ ഉടനെ ‘ന്യായീകരണ തൊഴിലാളി’ ആക്കും. അത്തരത്തില്‍ ‘ന്യായീകരണ തൊഴിലാളി’ പട്ടം എനിക്ക് ഉറപ്പിച്ചുകിട്ടാന്‍ പാകത്തിലുള്ളതാണ് ഈ കുറിപ്പ്.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയപ്പോള്‍

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ മത്സ്യത്തൊഴിലാളികളുടെ ഒരു വലിയ സംഘമെത്തി. വിഴിഞ്ഞത്തു നിന്നോ പൂന്തുറയില്‍ നിന്നോ മുനമ്പത്തു നിന്നോ ആറാട്ടുപുഴയില്‍ നിന്നോ അല്ല അവര്‍ എത്തിയത്. അങ്ങ് ദൂരെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന്! അവര്‍ക്ക് ഒരഭ്യര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ -‘കടലില്‍ എവിടെയോ കുടുങ്ങിക്കിടക്കുന്ന ഉറ്റവരെ രക്ഷിക്കണം.’

തമിഴ്‌നാട്ടിലുള്ളവര്‍ കേരള മുഖ്യമന്ത്രിയെ കാണാനെത്തുന്നത് എന്തിന് എന്ന സംശയം സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടായേക്കാം. ഈ പാവങ്ങളുടെ വേദന കാണാന്‍ അവിടെ ആരും ഇല്ലാതിരുന്നതിനാലാണ് അവര്‍ സഹായം തേടി ഇവിടെയെത്തിയത്. ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് തമിഴ്‌നാട്ടിലെ അധികൃതരെ കണ്ട് പലവട്ടം അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഒന്നു തിരിഞ്ഞുനോക്കാന്‍ പോലും അവിടുള്ള മേലാളന്മാര്‍ തയ്യാറായില്ല.

കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുണ്ടെന്ന് തൂത്തുക്കുടിയില്‍ നിന്നു വന്ന ഈ പാവങ്ങള്‍ പറയുമ്പോള്‍ അതു മുഖവിലയ്‌ക്കെടുത്തേ മതിയാകൂ. തമിഴരായ മത്സ്യത്തൊഴിലാളികള്‍ക്ക് തുണയായത് കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനമാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആ വിശ്വാസം തന്നെയാണ് സഹായം തേടി ‘കേരളാവിന്‍ മുതലമൈച്ചര്‍’ക്കു മുന്നിലെത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറയുന്നു. 25 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഓരോരുത്തര്‍ക്കും പറയാനുള്ളത് ഓരോ കഥ. അവര്‍ സഹായമഭ്യര്‍ത്ഥിച്ച് പിണറായി വിജയന് നിവേദനം നല്‍കി.

ഭര്‍ത്താവ് ജൂഡിന്റെയും മകന്‍ ഭരതിന്റെയും തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഫാത്തിമയാണ് പ്രധാനമായും സംസാരിക്കാന്‍ മുന്നോട്ടു വന്നത്. കേരളത്തിലുള്ളവര്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസമാണവര്‍ക്ക്. കഴിഞ്ഞ നവംബര്‍ 28നാണ് ജൂഡും ഭരതും രവീന്ദ്രന്‍, ജോസഫ്, കെനിസ്റ്റണ്‍, ജഗന്‍ എന്നിവര്‍ക്കൊപ്പം കടലില്‍ പോയത്. കടുത്ത കാറ്റിന്റെ ഫലമായി ആഞ്ഞുവീശിയ തിരമാലകളില്‍പ്പെട്ട് ബോട്ട് തകര്‍ന്നു. ജഗനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ജഗന്റെ അനുഭവമാണ് ഫാത്തിമയുടെ പ്രത്യാശ.

ഒപ്പമുണ്ടായിരുന്നവര്‍ ഒഴുകിപ്പോയെന്ന വിവരമാണ് ജഗന്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഡിസംബര്‍ 2ന് തൂത്തുക്കുടിയിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അതനുസരിച്ചാണ് അവര്‍ തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡി.എന്‍.എ. പരിശോധനാ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. എങ്കിലും ഫാത്തിമ പ്രതീക്ഷ കൈവിടുന്നില്ല. മരിച്ചവരുടെ കൂട്ടത്തില്‍ ഭര്‍ത്താവും മകനും ഉണ്ടാവില്ല. ജൂഡിനെയും ഭരതിനെയും കേരളം തിരിച്ചെത്തിക്കുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

കേരള തീരത്ത് പലയിടത്തായി രക്ഷപ്പെട്ടെത്തിയ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കേരള അധികാരികള്‍ എല്ലാ സഹായവും നല്‍കിയതായി അറിഞ്ഞെന്നും അത്തരം സഹായമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു. ‘ഭര്‍ത്താവിനെയും മകനെയും കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് അധികാരികള്‍ക്ക് മുന്നില്‍ പലതവണ പോയി. എന്നാല്‍ ഒരിടത്തു നിന്നും സഹായം ലഭിച്ചില്ല. കേരളത്തില്‍ വിശ്വാസമുണ്ട്’ -കരച്ചിലടക്കാന്‍ അവര്‍ പാടുപെടുന്നുണ്ടായിരുന്നു. ഉറ്റവരെ തേടി നിന്നവേഷത്തില്‍ വീട്ടില്‍ നിന്ന് ഓടി വരികയായിരുന്നെന്നും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ തിരിച്ചെത്തുന്നത് കാത്ത് വീട്ടിലുണ്ടെന്നും അവര്‍ പറഞ്ഞു.

അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് പിണറായി പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ തിളക്കം. സഹായം പ്രതീക്ഷിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ കേള്‍ക്കാനാഗ്രഹിച്ച മറുപടിയാണ് കേരളാ മുഖ്യമന്ത്രി പറഞ്ഞത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പിണറായി ഉറപ്പുനല്‍കി.

കേരള സര്‍ക്കാരിന് മാര്‍ക്കിട്ട് ക്ഷീണിച്ചവരെ സഹായിക്കാനാണ് ഈ സംഭവം വിവരിച്ചത്. ചുഴലിക്കാറ്റിന്റെ ഭീകരത യഥാര്‍ത്ഥത്തില്‍ അനുഭവിക്കേണ്ടി വന്നവര്‍ ആരും സര്‍ക്കാരിനെ കുറ്റം പറയുന്നത് കാണുന്നില്ല. അവര്‍ പാസ് മാര്‍ക്ക് നല്‍കുന്നുണ്ട്. പക്ഷേ, ഗ്യാലറിയിലിരുന്ന കളി കാണുന്നവര്‍ മാര്‍ക്കിട്ട് തോല്‍പ്പിച്ചേ അടങ്ങൂ എന്നുള്ള വാശിയിലാണ്.

‘തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ളവര്‍ കൈയടിക്കട്ടെ, കേരളത്തിലെ വിഴിഞ്ഞത്ത് എന്താ അനുഭവം എന്ന് നമ്മള്‍ കണ്ടതല്ലേ’ എന്നായിരിക്കും അടുത്ത വാദം. പിണറായി വിജയന്‍ വിഴിഞ്ഞത്ത് എത്തിയപ്പോള്‍ അന്നാട്ടുകാരനായ രാജന്‍ എന്നയാളാണ് ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തടയുന്നവരെ മുന്നില്‍ നിന്ന് നയിച്ചത്. ആ സംഘം നന്നായി മദ്യപിച്ചിരുന്നു. ഒടുവില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറില്‍ കയറിയാണ് മുഖ്യമന്ത്രി മടങ്ങിയത്.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം അണിയറയില്‍ ചിലര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അന്നു തന്നെ സംശയമുയര്‍ന്നിരുന്നതാണ്. ഒടുവില്‍ കെട്ടിറങ്ങിയപ്പോള്‍ രാജന്‍ തന്നെ സമ്മതിച്ചു, താന്‍ വെറും കളിപ്പാവയായിരുന്നുവെന്ന്. സംശയമുള്ളവര്‍ക്ക് ഈ വീഡിയോ കണ്ടു നോക്കാം.

സര്‍ക്കാരിനെ ന്യായീകരിച്ചു കൊണ്ട് നേരത്തേ എഴുതിയ മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം എന്ന കുറിപ്പിനു താഴെ പ്രതികരിച്ച ചിലര്‍ ‘കൂലിയെഴുത്ത് തൊഴിലാക്കിയ മഹാന്‍’ എന്ന പട്ടം എനിക്ക് ചാര്‍ത്തിത്തന്നിട്ടുണ്ട്. കൂലിയെഴുത്താണെങ്കിലും ഇടയ്ക്കിടയ്ക്ക് നിഷ്പക്ഷനാണെന്നു ഞാന്‍ പറയാറുണ്ടെന്നും ചിലര്‍ കളിയാക്കി. അവരുടെ അറിവിലേക്കായി പറയാം -ഞാന്‍ ഒരിക്കലും നിഷ്പക്ഷനല്ല. അങ്ങനെ അവകാശപ്പെട്ടിട്ടില്ല. നിഷ്പക്ഷനാവാന്‍ ഉദ്ദേശിക്കുന്നില്ല. നിഷ്പക്ഷനാവാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. കാരണം നിഷ്പക്ഷത ഒരു സങ്കല്പം മാത്രമാണ്. എനിക്ക് വ്യക്തമായ പക്ഷമുണ്ട്. എനിക്ക് ശരിയെന്നു ബോദ്ധ്യപ്പെടുന്ന പക്ഷം. ആ പക്ഷത്തിന് സ്ഥിരതയില്ല. ചിലപ്പോള്‍ സി.പി.എമ്മാവും ശരി. ചിലപ്പോള്‍ കോണ്‍ഗ്രസ്സാവും ശരി. ഇനി ചിലപ്പോള്‍ ബി.ജെ.പിയാകും ശരി. ശരി എവിടെയുണ്ടോ ഞാന്‍ ആ പക്ഷത്താണ്.

ഞാന്‍ പിണറായി ഭക്തനല്ല. പിണറായി വിജയനെ വിമര്‍ശിക്കേണ്ട ഘട്ടങ്ങളില്‍ അതിരൂക്ഷമായി അതു ചെയ്തിട്ടുണ്ട്. ഇനിയും വിമര്‍ശിക്കും. എന്നാല്‍, പിണറായി ചെയ്യുന്ന എല്ലാ കാര്യങ്ങളും വിമര്‍ശിക്കപ്പെടേണ്ടവയാണ് എന്ന അഭിപ്രായം ഏതായാലും എനിക്കില്ല. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കുക തന്നെ വേണം. അങ്ങനെ പിന്തുച്ചിട്ടുണ്ട്. പിണറായിയുടെ ശരി എന്റെ ശരിയുമായി ചേര്‍ന്നു പോയാല്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കും. ചേര്‍ന്നില്ലെങ്കില്‍ എതിര്‍പക്ഷത്ത് അതിലും ശക്തമായി നില്‍ക്കും.

ഓഖി വിഷയത്തില്‍ നടന്ന സംഭവങ്ങള്‍ എന്തെന്ന് വ്യക്തമായും കൃത്യമായും അറിയാം. പിഴവുകള്‍ സംഭവിച്ചു എന്നതുറപ്പാണ് -പക്ഷേ, അത് കേരള സര്‍ക്കാരിനല്ല. അതിനെക്കുറിച്ച് തികഞ്ഞ ബോദ്ധ്യമുണ്ട്. ഇതുവരെ വെളിച്ചത്തുവരാത്ത വിവരങ്ങള്‍ ഇനിയുമേറെയുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ സംസ്ഥാന സര്‍ക്കാരിനെ കുറക്കാരാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ കള്ളക്കഥകള്‍. ഒരു ഭാഗം എഴുതി. ഇനിയും വലിയൊരു ഭാഗം എഴുതാനുണ്ട്. സത്യം മനസ്സിലാക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതാവാം.

അപ്പോള്‍ പട്ടങ്ങള്‍ ചാര്‍ത്തി നല്‍കുന്നവര്‍ക്ക് സ്വാഗതം.
നിങ്ങള്‍ ഏതു പട്ടം ചാര്‍ത്തിയാലും എനിക്കു വിരോധമില്ല.
മുന്‍കൂറായി പറയുന്നു -നല്ല നമസ്‌കാരം!!

LATEST insights

TRENDING insights

53 COMMENTS

  1. Sir we Chellanam people are not saying that govt is not doing anything. But we are facing totally different problem here. Our sea wall is damaged at many places and past few years no maintenance work is done. Water came inside and damaged houses and lives. This disaster was mainly because we never repaired our available seawall. Pls share our feelings and concerns. We need a strong sea wall. We all know that on one day it’s not possible but the officials are not even ready to give so us deadlines.
    We all have to work together to keep our state number 1 in every aspect and no one from outside should have even a simple mistake to point out. We may sound harsh in our Satyagraha but we all have to work together.

    • നിങ്ങൾക്കൊപ്പം. പരിഹരിക്കേണ്ട പ്രശ്നമാണിത്. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്താൻ ആകുന്നത് ചെയ്യാം..

    • Thank you very much sir. Free ration or money is not the solution.
      1) on emergency the fallen stones need to be reinstalled on the seawall asap.
      2) sea wall from pallithode to Saudi needs to be strengthened
      3) remove the sand from canals and drainage
      4) local people should be allowed to take sand from the canals and this will help to keep them clean and sea water or rain water can easily flow.
      5) all the small drainage slabs should be removed so that drainage cab be cleaned on timely manner. Slabs on gate entrance need to be kept but should not allowed to concrete them permanently
      6) pullimuttu should be constructed as per the report from Madras IIT.
      7) I personally feel after the construction of CNG and container terminals, sea erosions is more in our area.

      I think these are the common points which require attention. It’s better to take action now and not wait for any major tragedy giving loose points to talk. These are my views and I know some detailed research and root cause analysis may be required

    • ഞാൻ നിഷ്പക്ഷൻ അല്ല. ശരിയുടെ പക്ഷത്താണ്. ഇക്കാര്യത്തിൽ പിണറായി ആണ് ശരി..

    • അതേയതേ.. പിണറായി ആണ്‌ ശരി. സെക്രട്ടേറിയറ്റിൽനിന്ന്ം അധികം ദൂരെയല്ലാതെ രണ്ദു കടപ്പുറങ്ങളിൽ പാവം മത്സ്യത്തൊഴിലാളികളുടെ ശവങ്ങൾ ഓരോ ദിവസവും എത്തിക്കുമ്പോഴും… എന്ത് സംഭവിച്ചെന്നോ എവിടെയെന്നോ അറിയാതെ ഉറ്റവരെ കാത്തു നോക്കെത്താ ദൂരം കടലിലേക്ക് കണ്ണും നട്ട് അമ്മമാരും ഭാര്യമാരും സഹോദരങ്ങളും മക്കളുമൊക്കെ തീയ് തിന്ന് കഴിയുമ്പോൾ അവിടെക്കൊന്ന് തിരിഞ്ഞു നോക്കാൻപോലും തയ്യാറാകാതിരുന്ന ഈ “മന്ഷ്യസ്നേഹി”, പക്ഷെ കോടീശ്വരനായ ഗോകുലം ഗോപാലന്റെ 97 വയസുള്ള അച്ഛൻ മരിച്ചപ്പോൾ ഭാര്യാസമേതം ഓടിയെത്തി ഗോപാലന്റെ കണ്ണീരൊപ്പി കടമ നിർവ്വഹിച്ചു. തീർന്നില്ല, കാര്യവട്ടം ഗ്രീൻ ഫീൽഡ് കൺവെൻഷൻ സെന്ററിൽ മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹ സൽക്കാരച്ചടങ്ങിൽ പങ്കെദുത്തു” ദുരന്തനിവാരണം” ഏകോപിപ്പിച്ചു. എന്തിന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആദ്യം മുന്നറിയിപ്പ് കൊടുത്ത 29 ന് രാത്രി മൂന്നാമത്തെ മുന്നറിയിപ്പ് കിട്ടിയശേഷവും ഏതോ പൈങ്കിളി സിനിമാക്കാരോടൊപ്പം സിനിമാക്കഥ പറഞ്ഞും ഒരുമിച്ചു ഫോട്ടോ എടുത്തും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു ഈ ഭരണാധികാരി… അതേ.. പിണറായിയാണ് ശരി..

    • മുന്നറിയിപ്പിന്റെ കഥ അഭിലാഷിന് അറിയില്ല. ചുഴലിക്കാറ്റ് ആകുമെന്ന് തിരിച്ചറിഞ്ഞത് തന്നെ 30നാണ്. എന്നിട്ടാണ് 29ന് മുന്നറിയിപ്പ്. തള്ളിന് ശാസ്ത്രീയ പിന്തുണ ഇല്ല സഹോ..

  2. അപ്പോൾ ഇവിടെ ഉള്ള മത്സ്യ തൊഴിലാളികൾ തെറി പറഞ്ഞു ഓടിച്ചതോ. രണ്ടും ഒരുപോലെ കണ്ടാൽ മതി അവിടുത്തുകാർ അവിടുത്തെ ഭരണക്കാരെ കുറ്റം പറയുന്നു ഇവിടുത്തുകാർ ഇവിടുള്ളവരെയും

  3. വിഴിഞ്ഞം നിവാസികളെ കുറ്റം പറയാന്‍ പറ്റില്ല, ഒരു ദുരന്തം പൂര്‍ണ്ണമായും മാറുന്നതിനു മുന്പ് തന്നെ ജൂനിയര്‍ മാണ്ട്രെക് വരുന്നു എന്ന് കേട്ടാല്‍ ആരായാലും പങ്കായത്തിന് തല്ലിപ്പോകും ….
    പങ്കായത്തിന് തല്ലും വാങ്ങി കടപ്പുറം വഴി ഓടിയ മുഖ്യമന്ത്രിക്ക് കട്ട സപ്പോര്‍ട്ട്

    • മുഖ്യമന്ത്രിയെ തടഞ്ഞയാൾ സത്യം പറയുന്ന വീഡിയോ ഈ കുറിപ്പിലുണ്ട്. അതെങ്ങനെ.. കാണില്ലല്ലോ. മുഴുവൻ വായിക്കൂ സഹോ..

    • V S Syamlal അങ്ങനെ അതും ആയി. ഒരു മുഖ്യമന്ത്രിയെ സ്വന്തം ജനങ്ങൾ ആട്ടിയോടിക്കുന്നതും കാണേണ്ടി വന്നു. ഇസഡ് പ്ലസ് സുരക്ഷാ ഉള്ളോണ്ട് തടി കേടാകാതെ രക്ഷപ്പെട്ടു.

      കടക്ക് പുറത്ത്, മാറി നിൽക്ക് അങ്ങോട്ട് എന്നൊക്കെ പറയുമ്പോഴുള്ള സുഖം നേരിട്ട് ബോധ്യമായി കാണും. കത്തി നിൽക്കുന്ന ജനരോഷത്തിന് നടുവിലേക്ക് ചെന്നിറങ്ങാൻ മുഖ്യമന്ത്രിയെ ഉപദേശിച്ച ആ “ഉപദേശി” ഉണ്ടല്ലോ, പുള്ളിയാണ് താരം.

    • V S Syamlal ഇതുപൊലത്തെ ഒത്തിരിയെണ്ണം(നൃായീകരണം) പല വിഷയത്തിലും കണ്ടിട്ടുണ്ട്. “ആഭൃന്തരമന്ത്രികൂടിയായ മുഖൃമന്ത്രിക്ക് സ്വന്തം കാറിൽ കയറാൻ പറ്റാതെ വേറൊരു കാറിൽ പോകേണ്ടിവന്നത് സതൃമല്ലേ, അതോ അതും ആരുടെയെങ്കിലും art of installation ആയിരിക്കുവോ!

  4. ഇന്നിപ്പോൾ തമിഴ് നാട്ടിൽ ട്രെയിനുകൾ തടയുന്നിടംവരെ എത്തി അവരുടെ പ്രതിക്ഷേധം. 1500 ഓളം ആളുകളെ ഇനിയും കണ്ടത്താനുണ്ടെന്നു വാർത്തയും കണ്ടു. ഇവിടെയാണെങ്കിൽ രമേഷ്‌ ചെന്നിത്തല പറയുന്നതുകേട്ടു കേരളം തമിഴ്നാട് ചെയ്തപോലെ പ്രവർത്തിച്ചിരുന്നെങ്കിൽ ഇവിടെ എല്ലാവരെയും രക്ഷിക്കാമായിരുന്നെന്നു.

  5. മഞ്ഞ പിത്തം പിടിപെട്ട കോൺഗ്രസ്‌ നും സങ്കി കൾക്കും മനോരോഗമയ്ക്കും എല്ലാം മഞ്ഞയായിട്ടേ തോന്നൂ സുഹൃത്തേ.. !

  6. അണിയറയിൽ സർക്കാരിനെ താറടിച്ചുകാണിക്കാനുള്ള ശ്രെമമാണ് നടക്കുന്നത്.. സർക്കാരിന് ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടും സർക്കാരിനെ കുറ്റം പറയുന്നവർ ആ തമിഴ്ജനതയുടെ വാക്കുകൾ ഒന്ന് കാതോർക്കണം

  7. മാധ്യമ പ്രവർത്തകർക്കിടയിൽ താങ്കളെ പോലെ കുറച്ചു പേരെ (വളരെ കുറച്ച് ) കാണുന്നതിൽ വലിയ സന്തോഷം.

  8. എന്ത് കൊണ്ടാണ് മീഡിയക്കാർക്കു സത്യത്തിന്റെ പക്ഷത്തു നില്ക്കാൻ കഴിയാതെ പോവുന്നത്?
    #സത്യത്തിന്റെ പക്ഷം

  9. സർക്കാർ ഒന്നും ചെയ്തില്ല എന്ന് ഇവിടെ ആരും പറയുന്നില്ല. പക്ഷേ ഒരു മൽസ തൊഴിലാളി യെങ്കിലും മുഖ്യമന്ത്രി നേരിട്ട് പോയി നീന്തി രക്ഷപെടുത്താമായിരുന്നു..

  10. ആദ്യം സ്വന്തം നാട്ടിലെ ജനങ്ങളുടെ കാര്യം നോക്കണം. തമിഴ്നാട്ടിലെ കാര്യങ്ങൾ നോക്കാൻ അവിടെ ഒരു ഭരണകൂടമുണ്ട്. ഇവിടെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ തീരദേശത്തെ ജനങ്ങൾ ഇങ്ങനെ മാർക്കിടുമായിരുന്നോ.

    • വായിക്കാതെയാണ് കമെന്റിയതെന്ന് മനസ്സിലായി. ഇതിനു മറുപടിയായ വീഡിയോ ഈ കുറിപ്പിലുണ്ട്.

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks