ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഒരു ബാലറ്റിന്റെ ഫോട്ടോ എടുക്കാനോ അതു പരസ്യമായി പങ്കിടാനോ ഇതുവരെ എനിക്കു ധൈര്യമുണ്ടായിട്ടില്ല. പൊലീസുകാര്‍ തട്ടി അകത്താക്കിയാലോ എന്ന പേടി തന്നെ. രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ കൊണ്ടുവരുന്ന ഡമ്മി ബാലറ്റ് കണ്ടിട്ടുണ്ട്. അത് ഒറിജിനല്‍ അല്ലല്ലോ. പക്ഷേ, ലോക പൊലീസായ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് ഫോട്ടോ എന്റെ കൈയിലുണ്ട്. അതു ഞാന്‍ പങ്കിടുകയും ചെയ്യും. ഞാന്‍ എടുത്തതല്ല. ഇന്ന് അമേരിക്കന്‍ പൗരനായ പഴയ സഹപാഠി പ്രേം മേനോന്‍ അയച്ചുതന്നത്. നമ്മള്‍ കേട്ടിട്ടു മാത്രമുള്ള അമേരിക്കന്‍ ബാലറ്റ് കാണുന്നത് ഒരു കൗതുകമാണല്ലോ!
ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റണും
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രമ്പും നേരിട്ടു മത്സരിക്കുന്നു എന്നാണ് ഞാന്‍ കരുതിയിരുന്നത്. വിവരക്കേട് എന്നല്ലാതെ എന്തു പറയാന്‍! മൊത്തം 22 സ്ഥാനാര്‍ത്ഥികളുണ്ട്. 3 പേര്‍ സ്വതന്ത്രര്‍. ഒരു വിരുതന്‍ സ്വന്തമായി പ്രസ്ഥാനമുണ്ടാക്കി മത്സരിക്കുന്നു -കോട്ട്‌ലിക്കോഫ് ഫോര്‍ പ്രസിഡന്റ്. അദ്ദേഹത്തെക്കൂടി ചേര്‍ത്താല്‍ 4 സ്വതന്ത്രര്‍.
രസം ഇതല്ല, സോഷ്യലിസ്റ്റുകള്‍ക്കുമുണ്ട് 3 സ്ഥാനാര്‍ത്ഥികള്‍. സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ്, സോഷ്യലിസം ആന്‍ഡ് ലിബറേഷന്‍, സോഷ്യലിസ്റ്റ് യു.എസ്.എ. എന്നിവ! ബാലറ്റ് പേപ്പര്‍ കൈയില്‍ കിട്ടിയപ്പോഴാണ് ആദ്യ 4 പേരൊഴികെ ബാക്കിയുള്ളവരുടെ പേരുകള്‍ കേള്‍ക്കുന്നതെന്ന് പ്രേമിന്റെ സാക്ഷ്യം. അത് ഇവിടെയും അങ്ങനൊക്കെ തന്നെ.
ഇതാണ് ആ പട്ടിക. പ്രേമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘Ambitious list of candidates for the leader of the free world!!’
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍
‘ഇപ്പോഴാ ഓര്‍ത്തത്…ഞാനും ഒന്ന് നിന്നേനെ… ഇന്ത്യയ്ക്ക് ഒരു അഭിമാനമായിട്ട്.. ഒരു 10 വോട്ട് കിട്ടുമായിരുന്നു…’ -പ്രേം പറഞ്ഞത് കളിയായിട്ടാണെങ്കിലും അവിടത്തെ തിരഞ്ഞെടുപ്പിന്റെ അവസ്ഥ ഇതു ബോദ്ധ്യപ്പെടുത്തുന്നു. പ്രേമിന് മത്സരിക്കാനാവില്ല എന്നത് വേറെ കാര്യം.
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.
2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM