HomePOLITYപ്രണയത്തിന് പ...

പ്രണയത്തിന് പ്രായവിലക്ക്!!

-

Reading Time: 9 minutes

ആന്‍ ഫുല്‍ഡ എഴുതിയ Un Jeune Homme Si Parfait അഥവാ Such A Perfect Young Man എന്ന പുസ്തകം എത്ര പേര്‍ വായിച്ചിട്ടുണ്ട്? അടുത്തിടെയാണ് ഞാനിത് വായിച്ചത്. ഇമ്മാനുവല്‍ ജോണ്‍-മൈക്കല്‍ ഫ്രെഡറിക് മക്രോണിന്റെ ജീവചരിത്രമാണത്. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ നെപ്പോളിയന്‍ ഒന്നാമനു ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്.

ഇമ്മാനുവല്‍ മക്രോണും ഭാര്യ ബ്രിജിത്തും

ഇമ്മാനുവലിന്റെ വിഖ്യാതമായ പ്രണയത്തെക്കുറിച്ച് പറയാനാണ് പുസ്തകത്തിന്റെ വലിയൊരു ഭാഗം നീക്കിവെച്ചിരിക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ മാനകങ്ങള്‍ വെച്ച് പീഡോഫീലിയ അഥവാ ബാലപീഡനം ആവാന്‍ സാദ്ധ്യതയുള്ള പ്രണയം. ഇമ്മാനുവല്‍ മക്രോണിന് ഇപ്പോള്‍ പ്രായം 40 വയസ്സ്. അദ്ദേഹത്തിന്റെ ഭാര്യയാണ് ബ്രിജിത്ത് മാരി-ക്ലോഡ് മക്രോണ്‍ എന്ന 64കാരി -അപൂര്‍വ്വ പ്രണയകഥയിലെ നായിക.

ഇമ്മാനുവല്‍ ബ്രിജിത്തിനൊപ്പം -15 വയസ്സിലും 39 വയസ്സിലും

ഇമ്മാനുവലിന് 15 വയസ്സുള്ളപ്പോഴാണ് 39 വയസ്സുള്ള ബ്രിജിത്തിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ആ പ്രണയം ഇന്നും തുടരുന്നു. 15 വയസ്സുള്ള ബാലനെ 39കാരി പ്രണയിക്കുന്നത് പീഡോഫീലിയ ആണോ? പീഡോഫീലിയ ചൂടേറിയ ചര്‍ച്ചാവിഷയമാവുന്ന വേളയിലാണ് ഇമ്മാനുവലിന്റെയും ബ്രിജിത്തിന്റെയും കഥ മുന്നിലേക്ക് ഓടിയെത്തിയത്. എ.കെ.ഗോപാലനും സുശീല ഗോപാലനും തമ്മിലുള്ള വൈവാഹിക ബന്ധത്തെ കോണ്‍ഗ്രസ്സിന്റെ യുവ എം.എല്‍.എ. വി.ടി.ബല്‍റാം വിവാദത്തിന്റെ മേമ്പൊടിയുള്ള ചര്‍ച്ചാവിഷയമാക്കാന്‍ നടത്തിയ ശ്രമം തന്നെയാണ് ഈ ചിന്തകള്‍ക്കാധാരം. ഫ്രാന്‍സും കേരളവും ഒന്നല്ല എന്നു മറുപടി വരുമെന്നുറപ്പ്. പക്ഷേ, പ്രണയം എല്ലായിടത്തും ഒരുപോലെയാണ്. അതിന് സ്ഥലകാലസമയഭേദങ്ങളില്ല.

ഇമ്മാനുവലിന്റെയും ബ്രിജിത്തിന്റെയും പ്രണയകഥയിലേക്ക്. 1977 ഡിസംബര്‍ 21ന് വടക്കന്‍ ഫ്രാന്‍സിലെ അമീന്‍സ് പട്ടണത്തില്‍ ഡോക്ടര്‍ ദമ്പതിമാരായ ജോണ്‍ മൈക്കല്‍ മാക്രോണിന്റെയും ഫ്രാന്‍സ്വാസ് നൂഗസിന്റെയും 3 മക്കളില്‍ മൂത്തവനായി ഇമ്മാനുവല്‍ പിറന്നത്. ഇമ്മാനുവലിന്റെ സഹോദരങ്ങളായ ലോറന്റും എസ്തല്ലും അച്ഛനമ്മമാരെപ്പോലെ ഇന്ന് ഡോക്ടര്‍മാരാണ്.

അമീന്‍സില്‍ തന്നെയാണ് പ്രമുഖ ഫ്രഞ്ച് ചോക്ലേറ്റ് നിര്‍മ്മാതാക്കളുടെ കുടുംബത്തില്‍ ജോണ്‍ ത്രോഗ്നോയുടെയും സിമോണിന്റെയും 6 മക്കളില്‍ ഏറ്റവും ഇളയവളായി ബ്രിജിത്ത് പിറന്നത് -1953 ഏപ്രില്‍ 13ന്. മറ്റേതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെ അവള്‍ വളര്‍ന്നു. 1974 ജൂണില്‍ ബാങ്കറായ ആന്ദ്രെ ലൂയി ഒസിയേറുമായി 21കാരിയായ ബ്രിജിത്തിന്റെ വിവാഹം നടന്നു. ദമ്പതിമാര്‍ക്ക് 3 കുട്ടികളും പിറന്നു -മകന്‍ സെബാസ്റ്റ്യന്‍, പെണ്‍മക്കള്‍ ലോറന്‍സും ടിഫാനിയും.

ജസ്യൂട്ട് പാതിരിമാര്‍ നടത്തിയിരുന്ന ലൈസേ ലാ പ്രൊവഡന്‍സിലായിരുന്നു ഇമ്മാനുവലിന്റെ വിദ്യാഭ്യാസം. ഇവിടെ നാടകം പഠിപ്പിക്കാനായി ബ്രിജിത്ത് എത്തിയതാണ് ഇമ്മാനുവലിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ചെക്ക് എഴുത്തുകാരന്‍ മിലന്‍ കുന്ദേരയുടെ Jacques and his Master എന്ന നാടകത്തിലെ പ്രധാന വേഷം ഇമ്മാനുവലിനായിരുന്നു. നാടക പരിശീലനത്തിനിടെ ധാരാളം സമയം അവര്‍ ഒരുമിച്ച് ചെലവിട്ടു. ബ്രിജിത്തിന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു ഇമ്മാനുവല്‍. ടീച്ചറോട് വിദ്യാര്‍ത്ഥിക്ക് ആദ്യം ആരാധനയായിരുന്നു, പിന്നീടെപ്പോഴോ അത് പ്രണയമായി.

ബ്രിജിത്ത് പഠിപ്പിച്ച സ്‌കൂള്‍ നാടകത്തില്‍ നായകനായി ഇമ്മാനുവല്‍

ബ്രിജിത്തിന്റെ മകള്‍ ലോറന്‍സും ഇമ്മാനുവലും ഒരു ക്ലാസ്സിലായിരുന്നു. മകന്റെ പ്രണയത്തെക്കുറിച്ചു കേട്ടപ്പോള്‍ ഇമ്മാനുവലിന്റെ അച്ഛനമ്മമാര്‍ ആദ്യം കരുതിയത് ലോറന്‍സുമായിട്ടാണെന്നാണ്. എന്നാല്‍, ലോറന്‍സല്ല, അവളുടെ അമ്മയാണ് ഇമ്മാനുവലിന്റെ കാമുകി എന്ന വിവരം അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 24 വയസ്സ് മൂപ്പുള്ള അദ്ധ്യാപികയോടുള്ള പ്രണയം സ്വാഭാവികമായും ഇമ്മാനുവലിന്റെ അച്ഛനമ്മമാര്‍ക്ക് ദഹിക്കുമായിരുന്നില്ല. സെക്കന്‍ഡറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവനെ അവര്‍ പാരിസിലെ പ്രശസ്തമായ ലൈസേ ഹെന്റി ഫോറിലേക്ക് മാറ്റി. പക്ഷേ, പ്രണയച്ചൂടിന് ഒരു മാറ്റവുമുണ്ടായില്ല.

‘ഇമ്മാനുവലിന്റെ ബുദ്ധിവൈഭവമാണ് എന്നെ ആകര്‍ഷിച്ചത്’ -പുസ്തകത്തില്‍ ബ്രിജിത്ത് പറയുന്നു. ’17 വയസ്സുള്ളപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു, സാരമില്ല നിങ്ങളെ വിവാഹം കഴിക്കാന്‍ ഞാന്‍ തിരിച്ചുവരും’. ഇമ്മാനുവലിന് ബ്രിജിത്തിനോട് തോന്നിയത് ഒരു കൗമാരക്കാരന്റെ വെറും ആകര്‍ഷണമല്ലെന്ന് കാലം തെളിയിച്ചു. ആന്ദ്രെ ഒസിയേറില്‍ നിന്ന് ബ്രിജിത്ത് വിവാഹമോചനം നേടിയ ശേഷം ഇമ്മാനുവല്‍ 2007 ഒക്ടോബര്‍ 20ന് അവരെ വിവാഹം കഴിച്ചു. ഇമ്മാനുവലിനോടുള്ള പ്രണയം ആന്ദ്രെയില്‍ നിന്നുള്ള വിവാഹമോചനത്തില്‍ എത്തിക്കുകയായിരുന്നുവെന്ന് ബ്രിജിത്ത് പറയുന്നു.

ബ്രിജിത്തിന്റെ മൂത്ത മകന്‍ സെബാസ്റ്റിയന്‍ ഇന്ന് ഇമ്മാനുവലിന്റെ മകന്റെ സ്ഥാനത്താണ്. ഈ ‘മകന്’ രണ്ടാനച്ഛനെക്കാള്‍ 2 വയസ്സ് പ്രായം കൂടുതല്‍. സഹപാഠി ലോറന്‍സും മകളുടെ സ്ഥാനത്ത് തന്നെ. ബ്രിജിത്തിന്റെ ഇളയ മകള്‍ ടിഫാനി ഒരു അഭിഭാഷകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ‘അച്ഛന്റെ’ പ്രചാരണച്ചുമതല വഹിച്ച പ്രധാനികളില്‍ ഒരാളായിരുന്നു ടിഫാനി. ബ്രിജിത്തിന്റെ മക്കള്‍ വഴി ഇപ്പോള്‍ 39-ാം വയസ്സില്‍ 7 പേരക്കുട്ടികളും ഇമ്മാനുവലിനു സ്വന്തം!!

ബരാക് ഒബാമയ്ക്കും മിഷേല്‍ ഒബാമയ്ക്കും ശേഷം ലോകത്തെ ഏറ്റവും ശ്രദ്ധേയരായ power couple ആണ് ഇമ്മാനുവല്‍ മക്രോണും ബ്രിജിത്ത് മക്രോണും. ഇവരുടെ മുഖചിത്രം ഏതെങ്കിലും മാസികയുടെ മുഖചിത്രമായി വന്നാല്‍ അത് ചൂടപ്പം പോലെ വിറ്റഴിയുന്നത് സമീപകാല ചരിത്രം. ബരാകിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മിഷേല്‍ ഉറച്ചുനിന്ന പോലെ ഇമ്മാനുവലിനൊപ്പം ബ്രിജിത്തുണ്ടായിരുന്നു. ഒരു മുന്‍ നാടകാദ്ധ്യാപിക എന്ന നിലയില്‍ ബ്രിജിത്ത് നല്‍കിയ ശിക്ഷണമാണ് ഇമ്മാനുവലിന്റെ പൊതുപ്രസംഗങ്ങള്‍ വന്‍ വിജയമാക്കിയത്.

ബ്രിജിത്ത്, ഇമ്മാനുവല്‍ മക്രോണ്‍, ഡോണള്‍ഡ് ട്രംപ്, മെലാനിയ

പ്രശസ്തിയുടെ കാര്യത്തില്‍ ഇമ്മാനുവലിനും ബ്രിജിത്തിനും ഒപ്പമുള്ള മറ്റൊരു power couple ആണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും. ഇവര്‍ക്കിടയിലും പ്രായവ്യത്യാസം 24 തന്നെ!! മൂത്തത് ഡോണള്‍ഡ് ആണെന്നു മാത്രം. അദ്ദേഹത്തിനു പ്രായം 71, ഭാര്യ മെലാനിയയ്ക്കു പ്രായം 47!!  ഭാഗ്യം ഇവര്‍ ജീവിക്കുന്നത് കേരളത്തിലോ ഇന്ത്യയിലോ അല്ല. ആണെങ്കില്‍ ‘ബാലരമ’യില്‍ കൊച്ചുകഥ വന്നേനെ!! എ.കെ.ജിയുടെ കഥ ഇപ്പോള്‍ എഴുതിയതു തന്നെ ഇതിനുള്ള പ്രകടമായ ഉദാഹരണം. എ.കെ.ജിയും ഭാര്യ സുശീലയും തമ്മിലുള്ള പ്രായവ്യത്യാസം 25!!!

‘എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എ.കെ.ജി. മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവപ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരിക്കും.’

ഫേസ്ബുക്കില്‍ ഒരു പോസ്റ്റിനു താഴെ ബല്‍റാം എ.കെ.ജിയെക്കുറിച്ച് നടത്തിയ ഈ പരാമര്‍ശമാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ഇതിനെതിരെ വിമര്‍ശമുയര്‍ന്നപ്പോള്‍ ഫേസ്ബുക്കിലൂടെ തന്നെ ന്യായീകരിക്കാന്‍ ബല്‍റാം ശ്രമിച്ചു. പോസ്റ്റിന് 3 ചിത്രങ്ങളുടെ അകമ്പടിയുമുണ്ട്.

‘ആദ്യത്തേത് ‘പോരാട്ടകാലങ്ങളിലെ പ്രണയം’ എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത. ‘ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്’ എ.കെ.ഗോപാലന്‍ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് 10 വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എ.കെ.ജി. ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങള്‍ സാക്ഷാല്‍ എ.കെ.ഗോപാലന്റെ ആത്മകഥയില്‍ നിന്ന്. ഒളിവില്‍ കഴിയുന്ന കാലത്ത് അഭയം നല്‍കിയ വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എ.കെ.ജിയുടെ തന്നെ വാക്കുകളില്‍ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാര്‍ദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലില്‍ നിന്ന് പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എ.കെ.ജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന ‘മമത’യും ആത്മകഥയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.

എ.കെ.ജി. പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല.’

#പറയേണ്ടതുപറഞ്ഞിട്ടേപോകുന്നുള്ളൂ എന്നൊരു ഹാഷ് ടാഗ് ക്യാമ്പയിനും ബല്‍റാം തുടങ്ങി. പറയേണ്ടത് പറയുക തന്നെ വേണം. അതില്‍ തര്‍ക്കമില്ല. പക്ഷേ, പറയുന്നത് വാസ്തവമാകണം. ഒരാള്‍ തന്നിഷ്ടപ്രകാരം നടത്തുന്ന വഴിപിഴച്ച വ്യാഖ്യാനം ഒരിക്കലും വാസ്തവമാകില്ല. ബല്‍റാമിന്റെ വാക്കുകള്‍ ഇഴകീറി പരിശോധിച്ചാല്‍ അസംബന്ധം ബോദ്ധ്യമാകും. ബാലപീഡനം അഥവാ പീഡോഫീലിയ എന്നതില്‍ നിന്നു തുടങ്ങാം. ബാലപീഡനം എന്താണെന്ന് ഇനിയെങ്കിലും ബല്‍റാം പഠിക്കണം.

Paedophilia is a psychiatric disorder in which an adult or older adolescent experiences a primary or exclusive sexual attraction to prepubescent children. Although girls typically begin the process of puberty at age 10 or 11, and boys at age 11 or 12, criteria for paedophilia extend the cut-off point for prepubescence to age 13. A person who is diagnosed with paedophilia must be at least 16 years old, and at least five years older than the prepubescent child, for the attraction to be diagnosed as paedophilia.

പീഡോഫീലിയയുടെ ഈ വിശദീകരണം പോലും ആധുനിക കാലത്തെ ലക്ഷ്യമിട്ടുള്ളതാണ്. എ.കെ.ജി. ജീവിച്ചിരുന്ന കാലത്ത് നാട്ടിലെ ശരാശരി വിവാഹപ്രായം 15-16 വയസ്സായിരുന്നു എന്നോര്‍ക്കണം. മഹാത്മാ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്രുവും എ.കെ.ജിയുമൊക്കെ ജീവിച്ചിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ 2018ലെ മാനകങ്ങള്‍ പ്രകാരമുള്ളതായിരിക്കണം എന്നു പറഞ്ഞാല്‍ ശരിയാകുമോ? രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ബാല്യവിവാഹം ചെയ്തയാളായതിനാല്‍ അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി രാജ്യത്തെല്ലാവരും ഇന്നും അതു തുടരണം എന്നു പറയുമോ?

ഏതായാലും ഇന്നത്തെ മാനകമനുസരിച്ചും എ.കെ.ജി. -സുശീല ബന്ധം പീഡോഫീലിയയുടെ പരിധിയില്‍ വരുന്നില്ല. മാത്രമല്ല, ബല്‍റാം ധ്വനിപ്പിച്ചതു പോലെ സുശീലയെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങുകയല്ല എ.കെ.ജി. ചെയ്തത്. മാനസികമായി രൂപമെടുത്തതാണ് അവര്‍ തമ്മിലുള്ള അടുപ്പം. സുശീലയ്ക്ക് 23 വയസ്സായപ്പോള്‍ അവരുടെ വീട്ടുകാരുടെ അറിവോടെ വിവാഹം കഴിച്ച എ.കെ.ജി. കൂടെ പൊറുപ്പിക്കുകയായിരുന്നു. സുശീലയെക്കാള്‍ 25 വയസ്സ് എ.കെ.ജിക്ക് കൂടുതലായിരുന്നു എന്നത് ബല്‍റാമിന് വിഷയമാകേണ്ട കാര്യമില്ല. അത് സുശീലയും അവരുടെ വീട്ടുകാരും മാത്രം നോക്കേണ്ട കാര്യമാണ്.

എ.കെ.ജിയും സുശീലയും തമ്മിലുള്ള ബന്ധത്തിന് സമൂഹം അംഗീകരിച്ച ബഹുമാന്യതയുണ്ട്. ഇപ്പോഴുള്ള ചില നേതാക്കളെപ്പോലെ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേട് ഏതായാലും എ.കെ.ജിക്കുണ്ടായിട്ടില്ല. ബല്‍റാം പറഞ്ഞത് അംഗീകരിച്ചാല്‍ എന്റെയൊക്കെ തലമുറയില്‍പ്പെട്ടവരുടെ അമ്മൂമ്മമാര്‍ എല്ലാവരും ബാലപീഡനത്തിന് വിധേയരായവരാണ് എന്ന് അംഗീകരിക്കേണ്ടി വരുമല്ലോ?

ആലപ്പുഴയിലെ മുഹമ്മയിലുള്ള ചീരപ്പന്‍ചിറ തറവാടാണ് സുശീലയുടെ വീട്. ഇവിടെ എ.കെ.ജി. ഒളിവില്‍ കഴിഞ്ഞ കാലഘട്ടത്തെക്കുറിച്ച് ബല്‍റാമിന് ‘വ്യക്തത’ ഉണ്ടെങ്കിലും മുഹമ്മയിലുള്ള സുശീലയുടെ വീട്ടിലെ പുതുതലമുറക്കാര്‍ക്ക് ആ ഉറപ്പില്ല. 1940കളുടെ തുടക്കത്തിലാണ് സുശീലയുടെ വീട്ടില്‍ എ.കെ.ജി. എത്തിയതെന്നു സ്ഥാപിക്കാന്‍ ഹിന്ദു പത്രത്തിലെ റിപ്പോര്‍ട്ടാണ് ബല്‍റാം ആധാരമാക്കിയിരിക്കുന്നത്. സുശീല ഗോപാലന്‍ അന്തരിച്ചതിന്റെ അടുത്ത ദിവസമായ 2001 ഡിസംബര്‍ 20ന് ഇറങ്ങിയ ഹിന്ദു പത്രത്തില്‍ ഈ വാര്‍ത്ത ലേഖകന്‍ എഴുതിയിരിക്കുന്നത് എ.കെ.ജിയുടെ ആത്മകഥയായ ‘എന്റെ ജീവിത കഥ’ ആധാരമാക്കിയാണ്. മുഹമ്മയിലെത്തിയ കാലത്തെക്കുറിച്ച് ആത്മകഥയില്‍ എ.കെ.ജി. എന്തെങ്കിലു പറഞ്ഞിട്ടുള്ളതായി ഞാന്‍ നോക്കിയിട്ട് കണ്ടിട്ടില്ല!! പുസ്തകത്തില്‍ ആ ഭാഗം ബല്‍റാം കാണിച്ചുതന്നാല്‍ ഉപകാരമായി. വാര്‍ത്ത എഴുതിയ ഹിന്ദു ലേഖകന്‍, അതാരാണെങ്കിലും അദ്ദേഹത്തിന്റെ സഹായം സ്വീകരിക്കാനും ഞാന്‍ തയ്യാറാണ്.

എ.കെ.ജിയുടെ ആത്മകഥ

1940ല്‍ തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയില്‍ എ.കെ.ജി. ഒളിവില്‍ കഴിഞ്ഞതിനും അവിടെ റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിച്ചതിനും തെളിവുകളുണ്ട്. 1941 മാര്‍ച്ച് 21ന് തൃശിനാപ്പള്ളിയില്‍ നിന്നു തന്നെയാണ് എ.കെ.ജിയെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ വെല്ലൂര്‍ ജയിലിലാക്കി. 1941 സെപ്റ്റംബര്‍ 25ന് അര്‍ദ്ധരാത്രി എ.കെ.ജിയും സഖാക്കളും ജയിലിലെ ചുമര്‍ തുരന്ന് പുറത്തുചാടി ഉത്തരേന്ത്യയിലേക്കു കടന്നു.

ജയില്‍ ചാടിയ എ.കെ.ജി. ആദ്യം മുംബൈയിലും പിന്നീട് കാണ്‍പുരിലുമെത്തി. അവിടെ നിന്ന് കൊല്‍ക്കത്തയിലെത്തി ഇഷ്ടികക്കളങ്ങളില്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന തൊഴിലാളികളെ സംഘടിപ്പിച്ചതിനെക്കുറിച്ച് എ.കെ.ജി. തന്നെ എഴുതിയിട്ടുണ്ട്. 1946ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മത്സരിക്കുക എന്ന ലക്ഷ്യവുമായാണ് പിന്നെ അദ്ദേഹം കേരളത്തിലേക്കു വന്നത്. ഈ കാലയളവിലാണ് മുഹമ്മയില്‍ സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞത് എന്നാണ് കരുതപ്പെടുന്നത്. ഈ സമയത്ത് 17 വയസ്സുള്ള സുശീല കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്നു. എ.കെ.ജിയെ സംബന്ധിച്ചിടത്തോളം അവര്‍ കുട്ടി തന്നെയായിരുന്നു എന്നു മാത്രം.

എ.കെ.ജിയുടെ ആത്മകഥയില്‍ നിന്ന് ബല്‍റാം പങ്കിട്ട പേജ് 205

‘ഞാനവിടെ താമസിക്കുന്ന കാലത്ത് സുശീല രാഷ്ട്രീയ സംഭവവികാസങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു. ദിവസത്തില്‍ 24 മണിക്കൂറും ഒളിവില്‍ താമസിച്ചിരുന്ന എനിക്ക് ഈ കുസൃതിക്കുട്ടിയുടെ സഹവാസം ആശ്വാസം നല്‍കി. അവര്‍ക്ക് രാഷ്ട്രീയകാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ക്ലാസ്സിലെ പാഠം പഠിക്കാന്‍ സഹായിക്കുന്നതും എനിക്ക് സന്തോഷമുള്ള കാര്യമായിരുന്നു.’

എ.കെ.ജിയുടെ ആത്മകഥയില്‍ നിന്ന് ബല്‍റാം തന്നെ പങ്കിട്ട പേജില്‍ നിന്നെടുത്തതാണ് ഈ ഭാഗം. വിദ്യാര്‍ത്ഥിനി എന്നത് സൗകര്യപൂര്‍വ്വം ‘സ്‌കൂള്‍ വിദ്യാര്‍ത്ഥിനി’ എന്നാക്കിയ ശേഷം പറയേണ്ടതു പറഞ്ഞിട്ടേ പോകുന്നുള്ളൂ എന്നു ബല്‍റാം പറഞ്ഞാല്‍ എങ്ങനെ ശരിയാകും?

1952 സെപ്റ്റംബര്‍ 10നാണ് സുശീലയെ എ.കെ.ജി. ജീവിതസഖിയാക്കിയത്. ആദ്യ ഭാര്യ ജീവിച്ചിരിക്കെ തന്നെ സുശീലയെ എ.കെ.ജി. വിവാഹം കഴിച്ചു എന്നത് വലിയ പാതകമായി ബല്‍റാം പറയുന്നുണ്ട്. എന്നാല്‍, അതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് എ.കെ.ജിയുടെ ആദ്യ ഭാര്യ അദ്ദേഹവുമായി പിരിയുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു എന്നത് യൂത്തന്‍ എം.എല്‍.എ. സൗകര്യപൂര്‍വ്വം മറച്ചുവെച്ചു.

എ.കെ.ജിയും സുശീലയും

എ.കെ.ജിയുടെ ആദ്യ വിവാഹം തകരാന്‍ കാരണം സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടി ഗുരുവായൂര്‍ സത്യഗ്രഹം സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തവരില്‍ അദ്ദേഹവും ഉണ്ടായിരുന്നു എന്നതാണ്. ക്ഷേത്രാചാരങ്ങള്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ നായര്‍ പ്രമാണിമാരായ കുടുംബത്തിന്റെ ശക്തമായ എതിര്‍പ്പ് എ.കെ.ജിക്കും ഭാര്യയ്ക്കും നേരിടേണ്ടി വന്നു. ഈ എതിര്‍പ്പിനെ മറികടന്ന് എ.കെ.ജിക്കൊപ്പം പോകണമെന്നും എന്തും സഹിക്കാന്‍ തയ്യാറാണെന്നുമായിരുന്നു അവരുടെ നിലപാട്. തുടര്‍ന്ന് കെ.കേളപ്പന്റെ ഹരിജന്‍ ആശ്രമമായ പാക്കനാപുരത്ത് എ.കെ.ജി. ഭാര്യയെ കൊണ്ടു പോയി താമസിപ്പിച്ചു.

എന്നാല്‍, എ.കെ.ജി. കോഴിക്കോടേക്കു പോയ നേരത്ത് ബന്ധുക്കള്‍ അദ്ദേഹത്തിന്റെ ഭാര്യയെ കൂട്ടിക്കൊണ്ടു പോയി. അച്ഛന്‍ മരിച്ചുവെന്ന കള്ളം പറഞ്ഞ് അവരെ തന്ത്രപൂര്‍വ്വം തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞ് ഭാര്യയുടെ കുടുംബവീട്ടിലേക്ക് പാഞ്ഞെത്തിയ എ.കെ.ജിക്ക് അവരെ കാണാന്‍ പോലും സാധിച്ചില്ല. ഇതെപ്പറ്റി എ.കെ.ജി. ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

‘എനിക്ക് അവളെ കാണാന്‍ പോലും കഴിഞ്ഞില്ല. അവള്‍ എന്നെ സ്‌നേഹിച്ചിരുന്നു എന്നെനിക്കറിയാം. പക്ഷേ, ആചാരങ്ങളെ എതിര്‍ത്ത് എന്റെ കൂടെ വരാനുള്ള ധൈര്യം അവള്‍ക്കില്ലായിരുന്നു. അത് അവളുടെതല്ല, എന്റെ കുറ്റമാണ്.’

ഈ സംഭവത്തിനുശേഷം നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞ് ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം അവര്‍ പുനര്‍വിവാഹം കഴിച്ചു. ആദ്യ ഭാര്യയുടെ രണ്ടാം വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് സുശീലയെ തന്റെ ജീവിതത്തിലേക്ക് എ.കെ.ജി. കൈപിടിച്ചു കൊണ്ടുവന്നത്. ആദ്യ ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് ആത്മകഥയില്‍ എ.കെ.ജി. പറഞ്ഞിട്ടുണ്ട്.

‘അവളും എന്നെ ഉപേക്ഷിച്ചു. അതെ, ജീവിതത്തിന്റ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കാനും ഒന്നിച്ചു ജോലി ചെയ്യാനും തയ്യാറുള്ള ഒരു പങ്കാളി -അത്തരത്തിലുള്ള ഏക പങ്കാളി എന്നെ ഉപേക്ഷിച്ചു പോയി. എന്തിന്? അല്പം ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് മറുപടി കിട്ടും. ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കഷ്ടപ്പാടുകളെ വരിച്ച ഒരു പ്രവര്‍ത്തകന്‍.’

1931-32ലാണ് ഗുരുവായൂര്‍ സത്യഗ്രഹം നടന്നത്. ആ സമയത്താണ് എ.കെ.ജിയുടെ ആദ്യ ഭാര്യയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടു പോയത്. 1937 ആകുമ്പോഴേക്കും എ.കെ.ജിയെ വിട്ട് അവര്‍ മറ്റൊരാളുടെ ഭാര്യയായി കഴിഞ്ഞിരുന്നു. സുശീലയെ എ.കെ.ജി. വരിക്കുന്നത് പിന്നെയും ഒന്നര പതിറ്റാണ്ട് കൂടി കഴിഞ്ഞ് 1952ല്‍. അപ്പോള്‍ ബല്‍റാമിന്റെ ഉദ്ദേശം മനസ്സിലായില്ലേ?

എ.കെ.ജിയും സുശീലയും

എ.കെ.ജി. എന്ന മൂന്നക്ഷരങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ആയില്യത്ത് കുറ്റിയേരി ഗോപാലന്‍ നമ്പ്യാര്‍ സി.പി.ഐ.എമ്മിന്റെ സമുന്നത നേതാക്കളില്‍ ഒരാളാണ്. അതിലുപരി രാഷ്ട്രീയത്തിനതീതമായി ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ നേതാവാണ് എന്നതു കൂടിയുണ്ട്. എ.കെ.ജിയെ താറടിച്ചു കാണിക്കുക വഴി സരിതയുടെ സാരിത്തുമ്പിലും മടിക്കുത്തിലും കുടുങ്ങിയ സ്വന്തം പാര്‍ട്ടി നേതാക്കളെ രക്ഷിച്ചെടുക്കാനാണ് ബല്‍റാം ശ്രമിക്കുന്നത്. അവര്‍ മോശക്കാരാണെന്നു വരുത്തിയാല്‍ പിന്നെ ഞങ്ങള്‍ മോശക്കാരാണെന്ന് പറയില്ലല്ലോ അല്ലേ? ഇതിനൊപ്പം കോണ്‍ഗ്രസ്സിലെ പുതിയ മാര്‍ക്കിടല്‍ പ്രകാരം റാങ്ക് വാങ്ങുകയുമാവാം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാതെ പരീക്ഷ പാസായി നേതാവായ വ്യക്തിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍? മിസ്റ്റര്‍ ബല്‍റാം.. നിങ്ങളോട് 3 ലോഡ് പുച്ഛം!!!

ബല്‍റാമിന്റെ തോന്ന്യാസത്തെ അങ്ങേയറ്റം എതിര്‍ക്കുമ്പോഴും അദ്ദേഹത്തോട് സി.പി.ഐ.എം. പ്രവര്‍ത്തകര്‍ പ്രതികരിച്ച രീതി ഒട്ടും ആശാസ്യമായില്ല എന്നു കൂടി പറയേണ്ടി വരുന്നു. ബല്‍റാം ഒരുക്കിയ കെണിയിലേക്ക് സഖാക്കള്‍ നടന്നു കയറി എന്നതാണ് സത്യം. ഒരു വിവാദമുണ്ടാക്കി ആളാവാന്‍ ശ്രമിച്ച ബല്‍റാമിന് അതിന് അനുകൂലമായ സാഹചര്യം വഴിതടയലും ചീമുട്ടയേറുമെല്ലാം സൃഷ്ടിച്ചുകൊടുത്തു.

വി.ടി.ബല്‍റാം

വിവാദമുണ്ടായപ്പോള്‍ ബല്‍റാമിനെ തള്ളിപ്പറയേണ്ടി വന്ന ഇമ്മിണി ബല്യ നേതാക്കളെല്ലാം അക്രമത്തെ അപലപിക്കാന്‍ എന്ന പേരില്‍ ഇപ്പോള്‍ തുര്‍ക്കിയുവാവിന്റെ പിന്നില്‍ അണിനിരന്നു കഴിഞ്ഞു. ഫലത്തില്‍ എ.കെ.ജിയെക്കുറിച്ച് പറഞ്ഞ ശുദ്ധ തോന്ന്യാസമല്ല മറിച്ച് അതിനോടുള്ള വൈകാരിക പ്രതികരണമാണ് വലുത് എന്ന അവസ്ഥയുണ്ടായി. വിവാദമുണ്ടാക്കി രണ്ട് തല്ല് ഇരന്നുവാങ്ങി താരമാവാന്‍ തന്നെയായിരുന്നു ബല്‍റാമിന്റെ ശ്രമം. അത് സഖാക്കള്‍ പൂര്‍ണ്ണതോതില്‍ വിജയിപ്പിച്ചു!!

വി.ടി.ബല്‍റാമിനെതിരെ ഉണ്ടായ ചീമുട്ടയേറ്‌

ആശയത്തെ ആശയം കൊണ്ടു പ്രതിരോധിക്കണമെന്നു പഠിപ്പിച്ച മഹാനായ നേതാവിന്റെ പേരിലുണ്ടായ വിവാദത്തില്‍ സഖാക്കള്‍ ആ നേതാവിന്റെ വഴി മറന്നു പോയി എന്നത് വലിയ തെറ്റു തന്നെയാണ്. തെറ്റുകള്‍ തിരിച്ചറിയാനും തിരുത്താനും സാധിക്കണം. അതിനു തയ്യാറല്ലെങ്കില്‍ വിജയം ബല്‍റാമുമാര്‍ കൊണ്ടുപോകും.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

7 COMMENTS

    • Yes.. I have gone through it.. just pointed the general thoughts and facts arround the discussion going here now.. Its just a tug of war between supporters and haters.. And instead of detailed narration you could have stoped the article in a few simple sentence like, truth nd false depends on the sitution and person.. Or everything is fair in love nd war etc.. Thanks

  1. ചാർളി ചാപ്ലിൻ 18 വയസുള്ള ഊന ഒനീലിനെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 53. ഏറ്റവും അഗാധമായ ആത്മബന്ധം ആയിരുന്നത്രെ അവരുടേത്.

  2. അധികാരം കയ്യില്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ കയ്യില്‍ കുന്നോളം കാശുണ്ടെങ്കില്‍ ഒരു പ്രശ്നവുമില്ല . അല്ലെങ്കില്‍ നാറിപ്പോകും 🙂

COMMENTS

Enable Notifications OK No thanks