HomeENTERTAINMENTനിസാറിന് വില്...

നിസാറിന് വില്ലത്തിളക്കം

-

Reading Time: 3 minutes

ഏതാണ്ട് ഒരു വര്‍ഷത്തിലേറെ കാലം മുമ്പ് ‘എന്നു നിന്റെ മൊയ്തീന്‍’ ഇറങ്ങിയ സമയം. ആ ചിത്രത്തിന്റെ സംവിധായകനായ എന്റെ സുഹൃത്ത് ആര്‍.എസ്.വിമലിനെക്കുറിച്ച് എഴുതിയ കുറിപ്പ് വായിച്ച നിസാര്‍ മുഹമ്മദ് തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നിലെ ചായക്കടയില്‍ വെച്ചു കണ്ടപ്പോള്‍ പറഞ്ഞു -‘ടേയ് ശ്യാമേ, നമ്മളും സിനിമയിലൊക്കെ വരും. അപ്പോഴും ഇതുപോലൊക്കെ എഴുതണേടേയ്’. നിസാറിന് അപ്പോള്‍ത്തന്നെ ഞാന്‍ മറുപടി നല്‍കി -‘നിന്റെ സിനിമ നല്ലതാണെങ്കില്‍ തീര്‍ച്ചയായും ഞാനെഴുതും’.

neela 1.jpg

വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫാണ് നിസാര്‍ മുഹമ്മദ്. ആലപ്പുഴക്കാരന്‍. 10 വര്‍ഷത്തിലേറെയായി അവനെ അറിയാം. നല്ലൊരു സുഹൃത്താണ്. നിസാറിന്റെ സിനിമയെക്കുറിച്ച് എഴുതണമെന്ന് ആവശ്യപ്പെട്ടത് വെറുതെയല്ല. സിനിമാ മോഹവുമായി നടപ്പു തുടങ്ങിയിട്ട് കാലം കുറെയായി. വേറൊന്നും നടക്കാത്തതുകൊണ്ട് സിനിമ സെന്‍സര്‍ ബോര്‍ഡ് അംഗം വരെയായി. ഒടുവില്‍ പച്ച തൊട്ടു. അവന്‍ കഥയും തിരക്കഥയുമെഴുതുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും. മമ്മൂട്ടിയാണ് നായകന്‍. നിര്‍മ്മാതാവും മമ്മൂട്ടി തന്നെ. സൂപ്പര്‍ഹിറ്റുകളുടെ കളിത്തോഴനായ ജോഷിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. സ്വന്തം ബാനറില്‍ മമ്മൂട്ടി സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായെങ്കില്‍ നിസാര്‍ ചില്ലറക്കാരനല്ല എന്നുറപ്പ്. സെന്‍സര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ സ്വാംശീകരിച്ച അനുഭവസമ്പത്ത് മുഴുവന്‍ പ്രയോഗിക്കുകയാണെന്നു തോന്നുന്നു. ആ സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു.

neela.jpg

നിസാര്‍ എന്നോടു പറഞ്ഞത്, പറഞ്ഞുകൊണ്ടിരിക്കുന്നത് വെള്ളിത്തിരയ്ക്കു പിന്നിലെ ഇടപെടലുകളെ കുറിച്ചാണ്. എന്നാല്‍, കഴിഞ്ഞ ദിവസം ടിയാന്‍ നടനായി നടത്തിയ ഇടപെടല്‍ കണ്ടു ഞാന്‍ ഞെട്ടി. ‘കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ’ സ്റ്റൈലില്‍ തന്നെ. ‘നീലച്ചെടയന്‍’ എന്നൊരു ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം യു ട്യൂബില്‍ റിലീസ് ചെയ്തു. രണ്ട് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രോത്സാഹജനകമായ ഒരു പരീക്ഷണമാണ്. അതിലെ cold blooded villain ആയി നിസാര്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു outspoken വില്ലനല്ല, soft spoken വില്ലന്‍. കിളിമൊഴി പോലത്തെ നിസാറിന്റെ ശബ്ദം പോലും മണി എന്ന വില്ലന് അലങ്കാരമാണ്.

neela 2.jpg

മലയാള മനോരമയിലെ ചീഫ് സബ് എഡിറ്റര്‍ ജി.ആര്‍.ഇന്ദുഗോപന്‍ എഴുതിയ അനുഭവകഥയുടെ ദൃശ്യാവിഷ്‌കാരമാണ് ‘നീലച്ചെടയന്‍’ എന്ന അര മണിക്കൂര്‍ സിനിമ. കഞ്ചാവ് കൃഷിയാണ് സിനിമയുടെ ഇതിവൃത്തം. കഞ്ചാവ് കൃഷിയില്‍ വിദഗ്ദ്ധനാണ് ബാലു ശ്രീധര്‍ അവതരിപ്പിക്കുന്ന ചാക്കോ എന്ന നായക കഥാപാത്രം. ചാക്കോയുടെ സുഹൃത്താണ് നിസാര്‍ അവതരിപ്പിക്കുന്ന മണി. ചാക്കോയും മണിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണെന്ന് ചിത്രത്തിന്റെ കഥാഗതിയില്‍ നിന്നു തന്നെ മനസ്സിലാവുന്നുണ്ട്. കഞ്ചാവ് കൃഷിയില്‍ നിന്നുണ്ടാക്കിയ പണത്തിന്റെ ഒരു വിഹിതം മണി അറിയാതെ തന്നെ അയാളുടെ വീട്ടില്‍ ചാക്കോ എത്തിക്കുന്നതു തന്നെ ഉദാഹരണം.

neela 3.jpg

കാട്ടിലെ കഞ്ചാവ് കൃഷിയിടത്തിലെ തലവനാണ് ഭായി. ആദ്യം കന്നിക്കാരനായി കാട്ടിലേക്കു പോകുന്ന ചാക്കോ പണിമികവു കാരണം പിന്നീട് ഭായി ആയി മാറുന്നു. ആ അധികാരമുപയോഗിച്ച് ഭായി, സുഹൃത്തായ മണിയെ കാട്ടിലേക്ക് ഒപ്പം കൂട്ടുകയാണ്. കാട്ടില്‍ വെച്ച് ചാക്കോയ്ക്ക് പരിക്കേറ്റ് കിടപ്പാവുന്നതോടെ മണിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാവുന്നു. ഭായി എന്ന നിലയില്‍ ചാക്കോയുടെ അധികാരചിഹ്നമായ തോക്ക് മണി കൈയേല്‍ക്കുന്നു, സ്വയം ഭായി ആയി മാറുന്നു. നിസ്സഹായനായ ചാക്കോയ്ക്ക് കണ്ടു കിടക്കാനേ കഴിയുന്നുള്ളൂ. അവിടെ അവസാനിക്കുന്നില്ല മണിയുടെ വില്ലത്തരം എന്നതിലാണ് ചിത്രത്തിലെ പിരിമുറുക്കം. കഞ്ചാവ് വിറ്റുള്ള പണം മുഴുവന്‍ സ്വന്തമാക്കുന്നതിനായി കഞ്ചാവ് കൃഷിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം ചാക്കോയെയും ജീവനോടെ കത്തിക്കാന്‍ മണി നിര്‍ദ്ദേശം നല്‍കുകയാണ്. വളരെ കഷ്ടപ്പെട്ട്, ഒരു വള്ളക്കാരന്റെ സഹായത്തോടെ മരണത്തില്‍ നിന്നു രക്ഷപ്പെടുന്ന ചാക്കോ പരിക്കുകളെല്ലാം ഭേദമായി നാട്ടില്‍ തിരിച്ചെത്തുന്നു. അവിടെ അയാള്‍ കാണുന്നത് തന്റെ പ്രണയിനി അടക്കം എല്ലാം സ്വന്തമാക്കിയിരിക്കുന്ന മണിയെയാണ്. സൗഹൃദത്തിന് വില്ലത്തരത്തിന്റെ പുതിയ വ്യാഖ്യാനം ചമയ്ക്കുകയാണ് മണി ഇവിടെ.

neela poster.jpeg

ഇന്ദുഗോപനോട് ചാക്കോ തന്നെ കഥ പറയുന്ന രീതിയിലാണ് ചിത്രം. ഇന്ദുഗോപന്‍ എഴുതിയ മറ്റൊരു അനുഭവകഥ വായിച്ച ദീപക്ക് എന്ന പ്ലാന്ററാണ് ചാക്കോയിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്. എഴുതപ്പെടേണ്ട ഒരു കഥയുള്ള വ്യക്തി എന്നാണ് ചാക്കോയെക്കുറിച്ച് ദീപക്ക് പറയുന്നത്. കഥ എഴുതുന്നുവെങ്കിലും പ്രസിദ്ധീകരിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയാണ് ഒടുവില്‍ എഴുത്തുകാരന്‍. ഇന്ദുഗോപനായി രജു പിള്ള, ഭായിയായി ഷഫീര്‍ ഖാന്‍, വള്ളക്കാരനായി വിഷ്ണു പവിത്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഇന്ദുഗോപന്റെ കഥയ്ക്ക് തിരനാടകമൊരുക്കി സംവിധാനം ചെയ്തത് അനീഷ് പി.നായര്‍, അയ്ബല്‍ തോമസ് എന്നീ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍. അമല്‍ സുരേഷിന്റെ ക്യാമറ പ്രത്യേകം കൈയടി അര്‍ഹിക്കുന്നു. മൂഡ് ലൈറ്റിങ് അദ്ദേഹം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. പോക്കറ്റ് മണി ക്രിയേഷന്‍സിന്റെ ബാനറില്‍ വിഷ്ണു ബി.നായര്‍, സലില്‍ ദാസ് എന്നിവരാണ് നിര്‍മ്മാണ്. പ്ലാന്റര്‍ ദീപക്ക് എന്ന കഥാപാത്രമായി വിഷ്ണു ചിത്രത്തില്‍ മുഖം കാണിച്ചിട്ടുമുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പങ്കാളിത്തമുള്ള ഈ ചെറു സിനിമയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തക സൗഹൃദ സദസ്സില്‍ വിശദമായ ചര്‍ച്ച തന്നെ നടന്നു. അവിടെ നിസാറിന്റെ ശിഷ്യഗണങ്ങള്‍ അവന്റെ തലയില്‍ കെട്ടിയേല്‍പ്പിച്ച കാര്യങ്ങള്‍ കൂടി എഴുതിയാല്‍ മാത്രമേ ഈ കുറിപ്പ് പൂര്‍ണ്ണമാവുകയുള്ളൂ. സിനിമയില്‍ നായകനായ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് നിസാറിനെ ക്ഷണിച്ചതത്രേ. എന്നാല്‍ മണി എന്ന വില്ലന്റെ റോള്‍ അവന്‍ ചോദിച്ചു വാങ്ങുകയായിരുന്നു. അതിന് പറഞ്ഞ കാരണമുണ്ട് -‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ വില്ലനായി വന്ന ലാലേട്ടന്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്നു നമുക്കറിയാം. നായകനായിരുന്ന ശങ്കറിനെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? നമുക്ക് വില്ലനെ മതി.’

nizar.jpg

അപ്പോള്‍ വില്ലനായി തുടങ്ങിയാല്‍ പകുതി മോഹന്‍ലാലായി!!!!!
നിസാര്‍ര്‍ര്‍ര്‍ര്‍ര്‍….. ഡഡഡഡാ…

 


നീലച്ചെടയന്‍

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks