Reading Time: 6 minutes

എന്താണ് സമ്പത്തിന്റെ മാനദണ്ഡം? ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് സ്വരൂപിച്ച ആസ്തിയാണോ? ബാങ്കുകളില്‍ നിന്ന് വന്‍ തുക ഏതെങ്കിലും തരത്തില്‍ വായ്പയായി നേടിയെടുത്താല്‍ എന്നെ പണക്കാരനായി മറ്റുള്ളവര്‍ അംഗീകരിക്കുമോ? അംഗീകരിച്ചേ മതിയാകൂ. അതാണ് വ്യവസ്ഥാപിത രീതി. പക്ഷേ, എനിക്കു വായ്പ ലഭിക്കില്ല എന്നത് വേറെ കാര്യം. ജാമ്യമായി നല്‍കാന്‍ ആസ്തിയില്ല. കടമെടുത്തുണ്ടാക്കിയതോ, സാങ്കല്പികമോ ആയ ആസ്തിയുണ്ടെങ്കില്‍ വായ്പ തയ്യാര്‍!!

Big D.jpg

വളച്ചുകെട്ടില്ലാതെ കാര്യം പറയാം. ബാങ്ക് വായ്പ എഴുതിത്തള്ളലും തീര്‍പ്പാക്കലുമെല്ലാം ചര്‍ച്ചാവിഷയമാകുന്ന ഇക്കാലത്ത്, ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ഏറ്റവുമധികം തുക വായ്പ എടുത്തിട്ടുള്ളവരെക്കുറിച്ച് ഒരു അന്വേഷണം നടത്തി. അതുപ്രകാരം കണ്ടെത്തിയ പട്ടിക ആരെയും അമ്പരപ്പിക്കുന്നതാണ്. 9,000 കോടി രൂപ വായ്പയെടുത്ത വിജയ് മല്ല്യ ഒരു ചെറുമീന്‍ മാത്രമാണ്. അതിനെക്കാള്‍ വലിയ തിമിംഗലങ്ങള്‍ വേറെയുണ്ട്. മല്ല്യ വായ്പ തിരിച്ചടയ്ക്കാത്തത് വലിയ വാര്‍ത്തയാണ്. മല്ല്യയെപ്പോലെ പട്ടികയിലുള്ള വമ്പന്മാര്‍ ആരും എടുത്ത വായ്പ തിരിച്ചടയ്ക്കും എന്ന പ്രതീക്ഷ എനിക്കില്ല. ഒരു ജീവായുസ്സില്‍ സങ്കല്പിക്കാന്‍ കഴിയുന്നതിലും വലിയ തുകയാണ് ഈ വായ്പകള്‍. ഒരു പക്ഷേ, ഇതൊന്നും സങ്കല്പിക്കാന്‍ പോലും ശേഷിയില്ലാത്തതിനാലാവാം നമ്മളൊക്കെ ദരിദ്രനാരായണന്മാരായി തുടരുന്നത്.

ഇവരാണ് ഇന്ത്യയിലെ വായ്പാ വമ്പന്മാര്‍. ഈ പട്ടിക പൂര്‍ണ്ണമായി ശരിയാണെന്ന അവകാശവാദം ഉന്നയിക്കുന്നില്ല. പലയിടത്തു നിന്ന് ശേഖരിച്ചതാണ് കണക്കുകള്‍. പക്ഷേ, ഈ കണക്ക് ഏകദേശമൊക്കെ ശരിയാണ്. വലിയ വ്യത്യാസം വരില്ലെന്നര്‍ത്ഥം.

* റിലയന്‍സ് ഇന്‍ഡസ്ട്രീസ് -1,87,079 കോടി രൂപ
* അനില്‍ ധീരുബായ് അംബാനി എന്റര്‍പ്രൈസസ് -1,21,000 കോടി രൂപ
* എസ്സാര്‍ ഗ്രൂപ്പ് -1,01,461 കോടി രൂപ
* അദാനി ഗ്രൂപ്പ് 96,031 കോടി രൂപ
* ജെയ്പീ ഗ്രൂപ്പ് -75,000 കോടി രൂപ
* ടാറ്റ ഗ്രൂപ്പ് -71,798 കോടി രൂപ
* ജി.എം.ആര്‍. ഗ്രൂപ്പ് -47,738 കോടി രൂപ
* ലാന്‍കോ ഗ്രൂപ്പ് -47,102 കോടി രൂപ
* ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് -46,000 കോടി രൂപ
* ജി.വി.കെ. ഗ്രൂപ്പ് -34,000 കോടി രൂപ
* വീഡിയോകോണ്‍ ഗ്രൂപ്പ് -8,000 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ശൃംഖല മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണെന്ന് എല്ലാവര്‍ക്കും അറിയാം. മുകേഷ് അംബാനി ഏറ്റവും വലിയവനായി തുടരുന്നതിനു പിന്നിലെ ഗുട്ടന്‍സ് അന്വേഷിച്ചു ചെല്ലുമ്പോള്‍ എത്തിച്ചേരുക ബാങ്കുകളില്‍ നിന്നെടുത്ത 1,87,079 കോടി രൂപയുടെ വായ്പയിലേക്ക്. വായ്പാക്കാര്യത്തിലും രാജ്യത്തു മുമ്പന്‍ ചേട്ടന്‍ അംബാനി തന്നെയെന്നര്‍ത്ഥം. വായ്പയില്‍ 1,50,000 കോടി രൂപ എടുത്തത് മുകേഷിന്റെ സ്വപ്‌നപദ്ധതിയായ റിലയന്‍സ് ജിയോ യാഥാര്‍ത്ഥ്യമാക്കാനാണ്. അതിനാല്‍ത്തന്നെ ജിയോ വിജയിപ്പിച്ചെടുക്കാന്‍ മുകേഷ് ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുക്കുമെന്നുറപ്പ്. ഏറ്റെടുക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കാന്‍ ശേഷിയുള്ളതിനാല്‍ മുകേഷിന് വായ്പ കൊടുക്കാന്‍ ബാങ്കുകള്‍ക്ക് വലിയ താല്പര്യമാണെന്ന കാര്യവും പറയണം. അതിനാല്‍ റിലയന്‍സ് ജിയോ തട്ടിപ്പാണെന്നു പറയുന്നവര്‍ ഓര്‍ക്കുക -1,50,000 കോടി രൂപയുടെ മുതലാണത്. അതു വിജയിപ്പിക്കാന്‍ മുകേഷ് എന്തും ചെയ്യും. അതു സാധാരണ ഉപയോക്താക്കള്‍ക്കു നേട്ടമാവുമോ എന്നാണ് ഇനി അറിയേണ്ടത്. നമ്മളും ജിയോ എടുക്കേണ്ടി വരുമോ ആവോ?

മുകേഷ് അംബാനി

എല്ലാത്തിലും ചേട്ടനോടു മത്സരിക്കുന്ന സ്വാഭവക്കാരനാണ് അനില്‍ അംബാനി. പക്ഷേ, രണ്ടാമനാവാനാണ് വിധി. വായ്പാക്കാര്യത്തിലും അങ്ങനെ തന്നെ എന്നറിയുക. അനില്‍ ധീരുബായ് അംബാനി എന്റര്‍പ്രൈസസിന്റെ വായ്പാബാദ്ധ്യത 1,21,000 കോടി രൂപയാണ്. അനിലിന്റെ കമ്പനി പലിശയായി മാത്രം ഒരു വര്‍ഷം 8,299 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കണം. വിജയ് മല്ല്യ ചെറുമീനാണെന്ന് പറഞ്ഞത് എന്തുകൊണ്ടെന്നു മനസ്സിലായില്ലേ!! മുകേഷ് അംബാനി റിലയന്‍സ് ജിയോയുമായി വരുമ്പോള്‍ മറുഭാഗത്ത് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നഷ്ടത്തിലേക്കു കൂപ്പുകുത്തുകയാണ്.

അനില്‍ അംബാനി

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അനിലിന്റേതെന്ന് തീര്‍ത്തു പറഞ്ഞുകൂടാ. മുകേഷിന്റെ സ്വപ്‌നമായിരുന്നു ആര്‍-കോം. സ്വത്തുക്കള്‍ വിഭജിച്ചപ്പോള്‍ അനില്‍ അതു ചോദിച്ചുവാങ്ങി. ഇപ്പോള്‍ ആര്‍-കോമിന്റെ 44,000 ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ 22,000 കോടി രൂപയ്ക്കും ഓപ്ടിക്കല്‍ ഫൈബറും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും 8,000 കോടിക്കും അനില്‍ വില്പനയ്ക്കു വെച്ചിരിക്കുകയാണ്. ആര്‍-കോമിന്റെ മാത്രം നഷ്ടം 2,000 കോടി രൂപയിലേറെ വരും. മുകേഷ് മനസ്സിലിട്ട് കാച്ചിക്കുറുക്കി തയ്യാറാക്കിയ പദ്ധതിയാണ് അനില്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചത്. ‘വിനാശകാലേ വിപരീതബുദ്ധി’ എന്ന് അനിലിനോട് മുകേഷ് ഇപ്പോള്‍ പറയുന്നുണ്ടാവണം.

ശശി റൂയിയയും രവി റൂയിയയും

അംബാനി സഹോദരന്മാര്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ വായ്പയെടുപ്പുകാര്‍ എസ്സാര്‍ ഗ്രൂപ്പിലെ റൂയിയ സഹോദരന്മാരാണ്. ശശി റൂയിയയും രവി റൂയിയയും കൂടി ബാങ്കുകളില്‍ നിന്ന് എടുത്തുകൂട്ടിയിരിക്കുന്നത് 1,01,461 കോടി രൂപയുടെ വായ്പ. കടത്തില്‍ മുങ്ങിയ കമ്പനി ആസ്തികള്‍ വിറ്റ് ബാദ്ധ്യത ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. എസ്സാര്‍ കുടുംബത്തിന്റെ വെള്ളിക്കമ്പനിയിലെ 50 ശതമാനം ഓഹരികള്‍, എണ്ണക്കമ്പനിയില്‍ നിന്ന് പ്രതിവര്‍ഷം 200 ലക്ഷം ടണ്‍ എണ്ണ, തുറമുഖ കമ്പനിയിലെ ഓഹരികള്‍ എന്നിവയെല്ലാം വില്പനയ്ക്കു വെച്ചിട്ടുണ്ട്.

ഗൗതം അദാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന വ്യവസായ ഭീമനാണ് ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ വായ്പാബാദ്ധ്യത 96,031 കോടി രൂപയാണ്. കടം വീട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആബട്ട് പോയിന്റ് കല്‍ക്കരിപ്പാടം, തുറമുഖ പദ്ധതികള്‍, റെയില്‍ പദ്ധതികള്‍ എന്നിവയിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുകയാണ് അദാനി. നേരത്തേ സാമ്പത്തിക പിന്തുണ നല്‍കാമെന്നു പറഞ്ഞിരുന്ന സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് 16,750 കോടി രൂപയുടെ വായ്പ നിഷേധിച്ചതും കല്‍ക്കരിപ്പാടങ്ങള്‍ വികസിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങള്‍ നല്‍കാമെന്നു സമ്മതിച്ചിരുന്ന 67,000 കോടി രൂപ വായ്പ ലഭിക്കാതിരുന്നതും അദാനിക്കു തിരിച്ചടിയായി. ബാദ്ധ്യത തീര്‍ക്കാന്‍ ഈ വായ്പകളില്‍ അദാനി വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു.

മനോജ് ഗൗര്‍

ജെയ്പീ ഗ്രൂപ്പിലെ മനോജ് ഗൗറിന്റെ വായ്പാബാദ്ധ്യത 75,000 കോടി രൂപയാണ്. ആസ്തികള്‍ വിറ്റൊഴിച്ച് കടമുക്തി നേടുക തന്നെയാണ് അദ്ദേഹത്തിന്റെ പരിപാടി. ഇതിനായി പ്രതിവര്‍ഷം 200 ലക്ഷം ടണ്‍ സിമന്റ് വില്‍ക്കാന്‍ കുമാരമംഗലം ബിര്‍ളയുടെ അള്‍ട്രാടെക് സിമന്റുമായി ഗൗര്‍ കരാറുണ്ടാക്കി. ഫലത്തില്‍ വിപണിയിലിറക്കാന്‍ ജെയ്പീ ഗ്രൂപ്പിന്റെ കൈവശം പ്രതിവര്‍ഷമുള്ളത് 60 ലക്ഷം ടണ്‍ സിമന്റ് മാത്രം. ഇതിനു പുറമെ 3 താപവൈദ്യുത നിലയങ്ങള്‍, 1 ജലവൈദ്യുത നിലയം, 1 എക്‌സ്പ്രസ് വേ പദ്ധതി എന്നിവയുമുണ്ട്. യമുനാ എക്‌സ്പ്രസ് ഹൈവേ പദ്ധതിയിലേക്ക് പങ്കാളികളെ തേടുന്നതിനൊപ്പം ബാക്കിയുള്ള സിമന്റ് 4,000 കോടി രൂപയ്ക്കും ബിനാ താപവൈദ്യുത നിലയം 3,500 കോടി രൂപയ്ക്കും വില്പനയ്ക്കു വെച്ചിരിക്കുകയാണിപ്പോള്‍. 75,000 രൂപ വിദ്യാഭ്യാസ വായ്പ ചോദിച്ചു ചെല്ലുന്നയാളെക്കാള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഈ വ്യവസായിയെ ബാങ്കുകള്‍ക്ക് ഇപ്പോഴും വിശ്വാസമാണെന്നതാണ് രസകരമായ കാര്യം.

സൈറസ് മിസ്ത്രി

100ലേറെ കമ്പനികളുടെ ടാറ്റാ ഗ്രൂപ്പിന് 71,798 കോടി രൂപയുടെ വായ്പകള്‍ ഇന്ത്യയിലുണ്ട് എന്നാണ് കണക്ക്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗ്രൂപ്പിന്റെ വായ്പാബാദ്ധ്യത 11 മടങ്ങ് വര്‍ദ്ധിച്ചു. അടുത്തിടെ പുറത്തായ ചെയര്‍മാന്‍ സൈറസ് മിസ്ത്രിക്കു കീഴില്‍ 38 ശതമാനത്തിന്റെ വര്‍ദ്ധനയാണ് കടബാദ്ധ്യതയിലുണ്ടായത്. കടബാദ്ധ്യത നിമിത്തം ജോലി പോയ ആദ്യ കമ്പനി മേധാവി എന്നു വേണമെങ്കില്‍ മിസ്ത്രിയെ വിളിക്കാം. പുതിയ നിക്ഷേപം ധാരാളം നടത്തിയെങ്കിലും അത് ലാഭത്തില്‍ കണ്ടില്ല എന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം.

ജി.എം.റാവു

ജി.എം.റാവുവിന്റെ ജി.എം.ആര്‍. ഗ്രൂപ്പിന് 47,738 കോടി രൂപയുടെ വായ്പയുണ്ട്. ആസ്തികള്‍ വിറ്റ് വായ്പാബാദ്ധ്യത കുറയ്ക്കാനുള്ള ശ്രമം ആദ്യം നടത്തിയത് റാവുവാണ്. റോഡ്, ഊര്‍ജ്ജം, കല്‍ക്കരി എന്നീ മേഖലകളിലെ 11,000 കോടി രൂപയ്ക്കുള്ള ഓഹരികള്‍ ജി.എം.ആര്‍. ഗ്രൂപ്പ് ഇതിനകം വിറ്റഴിച്ചുകഴിഞ്ഞു. 10,000 കോടി രൂപ മൂല്യം കണക്കാക്കുന്ന വിമാനത്താവള വിഭാഗത്തിന്റെ 30 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പക്ഷേ, ഇതുകൊണ്ട് വായ്പാബാദ്ധ്യത എത്രമാത്രം കുറയ്ക്കാനാവും എന്നത് കണ്ടറിയണം.

എല്‍.മധുസൂദന റാവു

എല്‍.മധുസൂദന റാവുവിന്റെ ലാന്‍കോ ഗ്രൂപ്പിന് 47,102 കോടി രൂപയുടെ ബാങ്ക് വായ്പയുണ്ട്. 25,000 കോടി രൂപയുടെ ആസ്തികള്‍ വിറ്റഴിച്ച് ബാദ്ധ്യത കുറയ്ക്കാനാണ് ഗ്രൂപ്പിന്റെ ശ്രമം. 2011ല്‍ ഓസ്‌ട്രേലിയയില്‍ ഏറ്റെടുത്ത 5,02,500 കോടി രൂപ മൂല്യമുള്ള കല്‍ക്കരിപ്പാടത്തിലെ മൂന്നിലൊന്ന് ഓഹരികള്‍ വിറ്റഴിക്കാനും ലാന്‍കോ ഗ്രൂപ്പ് നടപടികളാരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വായ്പകള്‍ ഒഴിവാക്കി മറ്റു വികസനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മധുസൂദന റാവു ലക്ഷ്യമിടുന്നത്.

നവീന്‍ ജിന്‍ഡാല്‍

നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന് 46,000 കോടി രൂപയുടെ വായ്പയുണ്ട്. ഇത് കുറയ്ക്കുന്നതില്‍ 1,000 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതി വില്‍ക്കാന്‍ തീരുമാനിച്ചു. വാങ്ങുന്നത് മറ്റാരുമല്ല, നവീന്‍ ജിന്‍ഡാലിന്റെ ചേട്ടന്‍ സജ്ജന്‍ ജിന്‍ഡാല്‍! 6,500 കോടി രൂപയുടേതാണ് ഇടപാട്.

ജി.വി.കൃഷ്ണ റെഡ്ഡി

34,000 കോടി രൂപയുടെ വായ്പാബാദ്ധ്യത കുറയ്ക്കാന്‍ ജി.വി.കൃഷ്ണ റെഡ്ഡിയുടെ ജി.വി.കെ. ഗ്രൂപ്പ് വിമാനത്താവള ഓഹരികള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. ഓസ്‌ട്രേലിയയിലെ തുറമുഖ, റെയില്‍ വികസന പദ്ധതികള്‍ക്ക് പുതിയ പങ്കാളികളെ കണ്ടെത്താനും ചര്‍ച്ചകള്‍ നടത്തുന്നു.

വേണുഗോപാല്‍ ധൂത്

വേണുഗോപാല്‍ ധൂതിന്റെ വീഡിയോകോണ്‍ ഗ്രൂപ്പിന് ഇന്ത്യയില്‍ 8,000 കോടി രൂപയുടെ ബാങ്ക് വായ്പയുണ്ട്. മൊത്തം വായ്പാബാദ്ധ്യത 45,405 കോടി രൂപയാണ്. ബാദ്ധ്യത കുറയ്ക്കാന്‍ മൊസാംബിഖ്വിലെ 15,000 കോടി രൂപയുടെ കല്‍ക്കരിപ്പാടം വിറ്റഴിച്ചു. ബാക്കിയുള്ളതില്‍ 21,000 കോടി രൂപ ബ്രസീല്‍, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എണ്ണപ്പാടങ്ങളില്‍ നടത്തിയിട്ടുള്ള മുതല്‍മുടക്കാണ്.

ഈ വന്‍ വ്യവസായികള്‍ ആരെങ്കിലും വായ്പാകാലാവധി പാലിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. വായ്പകളെല്ലാം കമ്പനികളുടെ പേരിലായതിനാല്‍ നേരിട്ട് ഉടമകള്‍ക്ക് ബാദ്ധ്യത വരുന്നില്ല എന്നതു ശരി തന്നെ. എന്നാല്‍, വായ്പയില്‍ നിന്നുള്ള പണം ഉപയോഗിച്ച് സുഖസൗകര്യങ്ങള്‍ ഒരുക്കാന്‍ അവര്‍ക്ക് തടസ്സമില്ല. വിജയ് മല്ല്യ ചെയ്തത് അതാണ്. മറ്റു വമ്പന്മാരെല്ലാം ചെയ്യുന്നതു തന്നെ. മല്ല്യ കുഴപ്പത്തില്‍ ചാടിയപ്പോള്‍ ചെയ്തികള്‍ പുറംലോകമറിഞ്ഞുവെന്നു മാത്രം.

ബാങ്കുകള്‍ വായ്പ എഴുതിത്തള്ളുന്ന വാര്‍ത്ത ഇടയ്ക്കിടെ വരാറുണ്ട്. എഴുതിത്തള്ളല്‍ എന്നു പറഞ്ഞാല്‍ വായ്പ ഒഴിവാക്കലല്ല. വായ്പ സംബന്ധിച്ച അന്തിമ തീരുമാനം തീര്‍പ്പാക്കലാണ്. പക്ഷേ, എഴുതിത്തള്ളലിന് വലിയൊരു നേട്ടമുണ്ട്. എഴുതിത്തള്ളുന്ന ദിവസം മുതല്‍ വായ്പയ്ക്കുമേല്‍ പലിശ കണക്കാക്കില്ല. അതു തന്നെ വലിയൊരു തുക ഇളവു ലഭിക്കും. എന്നാലും, എഴുതിത്തള്ളുന്നു എന്നു കേള്‍ക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് സംശയമുണരുന്നത് സ്വാഭാവികം. എഴുതിത്തള്ളപ്പെട്ട വായ്പകള്‍ തിരിച്ചുപിടിച്ച ചരിത്രം ഇന്ത്യയിലില്ല എന്നതു തന്നെ.

കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടെ എത്ര കോടി രൂപയുടെ വായ്പ ഇന്ത്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയിട്ടുണ്ടെന്നറിയാമോ? 2004നു ശേഷം മാത്രം എഴുതിത്തള്ളിയത് 2,11,000 കോടി രൂപയുടെ വായ്പകളാണ്. ഇതില്‍ പകുതിയോളം എഴുതിത്തള്ളിയത് 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ അന്തിമഘട്ടത്തില്‍!! കൃത്യമായി പറഞ്ഞാല്‍ 97,000 കോടി രൂപയുടെ വായ്പകള്‍. 12 വര്‍ഷം കൊണ്ട് എഴുതിത്തള്ളിയതിന്റെ 46 ശതമാനം ഒരു വര്‍ഷത്തിനിടെ!!! നരേന്ദ്ര മോദിയുടെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയുമൊക്കെ ജനങ്ങളോടുള്ള ആത്മാര്‍ത്ഥത സംശയത്തിലാവുന്നത് ഇവിടെയാണ്.

Previous articleഎഴുതിത്തള്ളുന്ന കടങ്ങള്‍
Next articleകരിക്ക് കുടിക്കാന്‍ ചില്ലറ വേണ്ട…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

7 COMMENTS

  1. ഇങ്ങനെ ഒക്കെ സത്യം പറയുന്നത് കാരണം നിങ്ങൾ വിപ്ലവകാരികളെ ഭയക്കേണ്ടി വരും സർ,

  2. ശ്യാംജീ…… ബാധ്യത തീർക്കാനായി ഇവർ വിൽക്കുന്ന ഷെയറുകൾ ആരാ വാങ്ങുന്നത്? ബാധ്യതയുള്ള
    മേൽ പറഞ്ഞ കമ്പനികളാണോ?

    • അപ്പോൾ വീണ്ടും വീണ്ടും കടമെടുപ്പുകാർ പെരുകും,
      എഴുതിത്തള്ളൽ തുടർന്നു കൊണ്ടേയിരിക്കും അല്ലേ?

  3. There are some factual errors in your list. You have said the promoter of Lanco is Madhusudhan Rao, where as the promoter is Rajagopal who was a Congress M.P. from Thelengana. Then there are groups like Bhushan Steel which is already an NPA with 40000 cr and Kerala Based ABAN group has 21000 cr which can turn NPA is a few quarters. Pl give me your mail id and I can give u a complete list.

LEAVE A REPLY

Please enter your comment!
Please enter your name here