HomeINTERNATIONALവരൂ... അമേരിക...

വരൂ… അമേരിക്കന്‍ ചാരനാവാം!!!

-

Reading Time: 6 minutes

ഒരു മാസം 10.25 ലക്ഷം മുതല്‍ 12.75 ലക്ഷം വരെ രൂപ ശമ്പളം കിട്ടുന്ന ജോലിയെക്കുറിച്ച് എന്തു പറയുന്നു? ഒന്നു ശ്രമിച്ചാലോ? പക്ഷേ, ശമ്പളമുണ്ടെങ്കിലും ജോലിയുടെ പേരില്‍ മേനി നടിക്കാനാവില്ല. കാരണം തസ്തിക ഇതാണ് -അമേരിക്കന്‍ ചാരന്‍. ഉദ്യോഗാര്‍ത്ഥിയുടെ കഴിവനുസരിച്ച് ശമ്പളം ഇനിയും കൂടും. പ്രതിവര്‍ഷം കുറഞ്ഞത് 1.80 ലക്ഷം മുതല്‍ 2.25 ലക്ഷം വരെ അമേരിക്കന്‍ ഡോളര്‍ പ്രതിഫലം ഉറപ്പ്. അതായത് 1.23 കോടി മുതല്‍ 1.54 കോടി ഇന്ത്യന്‍ രൂപ!! മലയാളത്തില്‍ നല്ല പ്രാവീണ്യമുണ്ടാവണം എന്നതാണ് പ്രധാന യോഗ്യത. വര്‍ദ്ധിച്ചുവരുന്ന മാവോവാദി സാന്നിദ്ധ്യമാണ് കേരളത്തില്‍ ഒരു ചാരനെ നേരിട്ട് നിയമിക്കാന്‍ അമേരിക്കന്‍ ചാരവിശാരദന്മാരെ പ്രേരിപ്പിക്കുന്നത്. അമേരിക്കയ്ക്കു താല്പര്യമുള്ള പലതും കേരളത്തിലുണ്ട്. അമേരിക്കയില്‍ ‘വളരെ ഗൗരവമുള്ളത്’ എന്നു രേഖപ്പെടുത്തപ്പെട്ട മേഖലയിലാണ് കേരളത്തിന്റെ സ്ഥാനം.

bond

ഈ ‘ചാര വേക്കന്‍സി’ വാര്‍ത്തയിലേക്ക് ഞാന്‍ എത്തിയത് തീര്‍ത്തും യാദൃച്ഛികമായി. ഒരു കൗതുകത്തിനാണ് ടിം ഷറോക്ക് എഴുതിയ SPIES FOR HIRE – The Secret World of Intelligence Outsourcing എന്ന പുസ്തകം വായിച്ചുതുടങ്ങിയത്. കരാര്‍ ചാരപ്രവര്‍ത്തനത്തിന്റെ ഉള്ളുകള്ളികള്‍ വ്യക്തമാക്കുന്നതാണ് ഈ പുസ്തകം. ഇതു വായിച്ചുകഴിഞ്ഞപ്പോള്‍ സ്വാഭാവികമായും മനസ്സില്‍ ഒരു സംശയമുയര്‍ന്നു -എങ്ങനെയാണ് ഒരാള്‍ ചാരനാവുക? അതിനു മറുപടി തേടിയാണ് ഈ വിഷയങ്ങളില്‍ വിദഗ്ദ്ധനായ ബ്ലൂംബര്‍ഗ് ന്യൂസ് വാഷിങ്ടണ്‍ റിപ്പോര്‍ട്ടര്‍ മൈക്കല്‍ റൈലിയുടെ സോഷ്യല്‍ മീഡിയ വിലാസം പരതിയെടുത്ത് ബന്ധപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മരിയ ഷറപ്പോവയെ അടക്കം കോഴിക്കോട് മിഠായിത്തെരുവിലിരുന്ന് ഇ-മെയിലിലൂടെ ഇന്റര്‍വ്യൂ ചെയ്ത് ഞെട്ടിച്ച മാതൃഭൂമിയിലെ പഴയ സഹപ്രവര്‍ത്തകന്‍ ആര്‍.ഗിരീഷ്‌കുമാര്‍ ആയിരുന്നു പ്രചോദനം. റൈലിക്കു സന്ദേശമയയ്ക്കുമ്പോള്‍ മറുപടി ലഭിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയിലെ കേരളത്തില്‍ നിന്നാണ് എന്നു പരിചയപ്പെടുത്തിയപ്പോള്‍ റൈലി ആദ്യം പറഞ്ഞത് നിങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ ചാരനെ തേടുന്നു എന്നാണ്. പിന്നീട് വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചു. ഇവിടത്തെ മാവോവാദത്തെക്കുറിച്ചെല്ലാം അദ്ദേഹത്തിന് നല്ല ധാരണയാണ്. അമേരിക്കയിലെ പ്രമുഖ ഇന്റലിജന്‍സ് റിക്രൂട്ടറായ വില്യം ബില്‍ ഗോള്‍ഡനാണ് കേരളത്തിലെ ചാരനിയമന ചുമതല. പക്ഷേ, ഇതിനകം നിയമനം നടന്നിട്ടുണ്ടാവുമോ എന്ന് റൈലിക്ക് നിശ്ചയമില്ല.

spies for hire (1)
‘സ്‌പൈസ് ഫോര്‍ ഹയര്‍’ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

മറ്റെല്ലാ മേഖലകളും എന്നതുപോലെ അമേരിക്കയില്‍ ചാരപ്രവര്‍ത്തനവും സ്വകാര്യവത്കരിക്കപ്പെട്ടിരിക്കുന്നു. അതു കമ്പനികള്‍ മുഖേനയാവാം. സ്വകാര്യ വ്യക്തികളുമായി നേരിട്ടുള്ള ഇടപാടുമാവാം. എഡ്വേര്‍ഡ് സ്‌നോഡനെക്കുറിച്ച് കേട്ടിട്ടില്ലേ? അമേരിക്കന്‍ ചാരസംഘടനയുടെ പ്രവര്‍ത്തനം എത്രമാത്രം വ്യാപകമാണെന്നു ലോകത്തിനു വ്യക്തമാക്കിത്തന്ന വ്യക്തി. ഫോണുകളും ഇ-മെയിലുകളും എവിടെയൊക്കെ ചോര്‍ത്തപ്പെടുന്നു എന്നു നടുക്കത്തോടെ നമ്മള്‍ തിരിച്ചറിഞ്ഞു. സ്‌നോഡന്‍ അമേരിക്കന്‍ ചാരനാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍, അദ്ദേഹം ബൂസ് അലന്‍ ഹാമില്‍ട്ടണ്‍ എന്ന സ്വകാര്യ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ മാത്രമായിരുന്നു എന്ന് എത്രപേര്‍ക്കറിയാം? ബൂസ് അലന്‍ ഹാമില്‍ട്ടണ്‍ എന്നൊരു സ്ഥാപനമുണ്ട് എന്നതു തന്നെ എത്ര അമേരിക്കക്കാര്‍ക്ക് അറിയാമെന്ന ചോദ്യവുമുണ്ട്.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി നടത്തിയ ഫോണ്‍ -മെയില്‍ ചോര്‍ത്തലുകളെക്കുറിച്ചുള്ള എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ ആദ്യമായി പുറത്തുവരുന്നത് 2013 ജൂണ്‍ 9നാണ്. ഹവായില്‍ എന്‍.എസ്.എയ്ക്കു വേണ്ടി ബൂസ് അലനില്‍ പ്രവര്‍ത്തിക്കുന്ന വേളയില്‍ ഒരു പെന്‍ ഡ്രൈവില്‍ പകര്‍ത്തി സൂക്ഷിച്ച രേഖകള്‍. ഇതില്‍ ഒരു വിഭാഗം അന്ന് അദ്ദേഹം പുറത്തുവിടുകയായിരുന്നു. സ്‌നോഡനു മുന്നില്‍ അമേരിക്കന്‍ ചാരശൃംഖല ആടിയുലഞ്ഞു. എഡ്വേര്‍ഡ് സ്‌നോഡന്‍ ഒരിക്കലും ഒരു ചാരനായിരുന്നില്ല. ആകാനാവുകയുമില്ല. ഹൈസ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കാത്ത ഈ 33കാരന്‍ സ്വയാര്‍ജ്ജിത ജ്ഞാനമുള്ള ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധനാണ് -ഒരു ഏകലവ്യന്‍ ടൈപ്പ് കഥാപാത്രം. ചാരശൃംഖലയുമായുള്ള സ്‌നോഡന്റെ ബന്ധം തുടങ്ങുന്നത് ദേശീയ സുരക്ഷാ ഏജന്‍സി കേന്ദ്രത്തിലെ സുരക്ഷാഭടന്‍ എന്ന നിലയിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ പരിജ്ഞാനത്തെക്കുറിച്ച് മനസ്സിലാക്കിയ സി.ഐ.എ., സ്‌നോഡനെ കമ്പ്യൂട്ടര്‍ ശൃംഖലാ സുരക്ഷാ രംഗത്തേക്കു നിയോഗിച്ചു. 2009ല്‍ ആ ജോലി ഉപേക്ഷിച്ച സ്‌നോഡന്‍ കൂടുതല്‍ ശമ്പളമുള്ള സ്വകാര്യ മേഖലയെ തേടിപ്പോയി. പല സ്ഥാപനങ്ങളിലൂടെ ചെന്നടിഞ്ഞത് ബൂസ് അലനില്‍. അവിടത്തെ ജീവനക്കാരന്‍ എന്ന നിലയില്‍ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ സ്‌നോഡന്‍ ചെയ്തിരുന്നത് കമ്പ്യൂട്ടര്‍ സാങ്കേതിക സഹായമാണ്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ചാരനല്ല, വിവരസാങ്കേതികവിദ്യാ വിദഗ്ദ്ധനാണ്.

Edward_Snowden
എഡ്വേര്‍ഡ് സ്‌നോഡന്‍

അമേരിക്കന്‍ ചാരശൃംഖലയിലെ ജോലിക്ക് 3 തട്ടുകളുണ്ട്. ആദ്യ തട്ട് വളരെ അപ്രധാനമായ ജോലികളാണ് -പുല്ല് വെട്ടുന്നതു മുതല്‍ അടിച്ചുവാരി വൃത്തിയാക്കല്‍, കത്തുകള്‍ തരംതിരിക്കല്‍ എന്നിവയടക്കമുള്ളവ. രണ്ടാം തട്ട് അല്പം കൂടി ഗൗരമുള്ളതാണ് -ഒരു തരം ദ്വാരപാലക ജോലി. ഈ തട്ടിലുള്ളവരും വൃത്തിയാക്കല്‍ അടക്കമുള്ള ജോലികള്‍ ചെയ്യണം. പക്ഷേ, ആ ജോലി ചെയ്യണമെങ്കില്‍ അവര്‍ക്ക് സുരക്ഷാപരിശോധനകള്‍ പാസാവേണ്ടതുണ്ട്. അവര്‍ തട്ടിക്കുടയുന്ന ചവറുകൂനകളില്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങളുണ്ടായേക്കാം. ഈ രണ്ടാം തട്ടിലെ തസ്തികകള്‍ നികത്താന്‍ അമേരിക്കന്‍ ചാരശൃംഖല വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സുരക്ഷാപരിശോധനകള്‍ പാസാവാന്‍ വേണ്ട യോഗ്യതകള്‍ വെറുമൊരു ദ്വാരപാലകന് ആവശ്യമായതിലും അധികമാണ് എന്നതു തന്നെ കാരണം. ഓരോ പ്രത്യേക മേഖലയിലും പ്രാവീണ്യമുള്ളവര്‍ വരുന്നതും ഈ തട്ടിലാണ്. ഏറ്റവും മുകളിലുള്ള മൂന്നാം തട്ട് തന്നെയാണ് ഏറ്റവും പ്രധാനം. അല്‍ ഖ്വെയ്ദയും ഐസിസും അടക്കമുള്ള ഇസ്ലാമിക ഭീകരതയെ നേരിടുന്നതിനുള്ള തീരുമാനങ്ങളെടുക്കുന്നതും പുതിയ സോഫ്ട്‌വെയറുകള്‍ സൃഷ്ടിക്കുന്നതും ഭരണതലപ്പത്തുള്ളവര്‍ക്ക് പ്രസംഗം എഴുതിക്കൊടുക്കുന്നതുമടക്കം എല്ലാ ജോലികളും അവിടെ ചെയ്യപ്പെടും. ചുരുക്കിപ്പറഞ്ഞാല്‍, ഈ തട്ടിലുള്ളവര്‍ ഏതു സാഹചര്യത്തിലും എന്തു ജോലിയും ചെയ്യുന്ന സകലകലാവല്ലഭന്മാരായിരിക്കും -യഥാര്‍ത്ഥ ചാരന്മാര്‍. ചിലപ്പോള്‍ ചാരപ്രമുഖന്മാര്‍. കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ സ്‌നോഡനെ വേണമെങ്കില്‍ രണ്ടാം തട്ടില്‍ ഉള്‍പ്പെടുത്താം.

വിയറ്റ്‌നാം യുദ്ധവേളയിലാണ് യു.എസ്. സൈന്യം ആദ്യമായി രഹസ്യാന്വേഷണത്തിന് കരാര്‍ തൊഴിലാളികളെ വലിയതോതില്‍ ആശ്രയിച്ചത്. വളരെ സങ്കീര്‍ണ്ണമായ ആയുധങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കുന്നതിനും അവ വിവിധ മേഖലകളില്‍ വിന്യസിക്കുന്നതിനും പെന്റഗണ് ആളെ വേണമായിരുന്നു. അങ്ങനെ ഈ രംഗത്തേക്ക് കരാര്‍ തൊഴിലാളികള്‍ വന്‍ തോതില്‍ കടന്നുവന്നു. സര്‍ക്കാരിന്റെ സുരക്ഷാ പരിശോധനകളുടെ ഭാഗമായി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍, സംശയിക്കപ്പെടുന്നവരില്‍ നിന്ന് വൈദഗ്ദ്ധ്യത്തോടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതില്‍ പ്രാവീണ്യമുള്ള ചോദ്യം ചെയ്യലുകാര്‍, പരിഭാഷകര്‍ എന്നിവരും ഈ ഗണത്തില്‍പ്പെടുന്നു. ഈ 3 തട്ടുകളിലും അമേരിക്ക സ്വകാര്യവത്കരണം നടപ്പാക്കിയിട്ടുണ്ട്.

cia logo.jpegഅമേരിക്കയിലെ യഥാര്‍ത്ഥ ചാരന്മാര്‍ക്ക് അറിയാവുന്നതിനെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ‘കരാര്‍’ ചാരന്മാര്‍ക്കറിയാം എന്നതാണ് സത്യം. സ്‌നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ അതിനു തെളിവാണ്. സാധാരണനിലയില്‍ സ്‌നോഡന്‍ കാണാനിടയില്ലാത്ത രേഖകള്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ വൈദഗ്ദ്ധ്യം മുഖേന ലഭ്യമായിട്ടുണ്ടാവാം. പക്ഷേ, അവിടെയും വ്യക്തമാവുന്നത് സ്‌നോഡനെ ഈ ജോലിക്കു നിയോഗിച്ച കരാര്‍ സ്ഥാപനത്തിന്റെ സ്വാധീനമാണ് -ബൂസ് അലന്‍ ഹാമില്‍ട്ടണ്‍. ചാരപ്രവര്‍ത്തനരംഗത്തു മാത്രം 77 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുണ്ട് 100 വര്‍ഷത്തിലേറെ പ്രായമുള്ള ഈ സ്ഥാപനത്തിന്. ബൂസ് അലന്റ ചരിത്രം അമേരിക്കന്‍ സൈന്യത്തിന്റെ ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നു പറയുമ്പോള്‍ അവര്‍ക്കുള്ള പ്രാധാന്യം ബോദ്ധ്യമാവുമല്ലോ!

രണ്ടാം ലോക മഹായുദ്ധമാണ് അമേരിക്കന്‍ സൈനിക -രഹസ്യാന്വേഷണ രംഗത്ത് ബൂസ് അലന്റെ വേരുറപ്പിച്ചത്. ജര്‍മ്മനിയുമായി ഒരു യുദ്ധം എങ്ങനെയായിരിക്കുമെന്ന് 1940ല്‍ യു.എസ്. സൈന്യം ചിന്തിച്ചുതുടങ്ങിയ കാലം. തങ്ങളുടെ കപ്പലുകള്‍ക്കു നേരെ മിന്നലാക്രമണം നടത്തി രക്ഷപ്പെടുന്ന ക്രീഗ്‌സ്മറീനിന്റെ യു-ബോട്ടുകളെ എങ്ങനെ നേരിടും എന്നതായിരുന്നു അമേരിക്കന്‍ നാവികത്തലവന്മാരുടെ പ്രധാന ചിന്താവിഷയം. ഇതിനൊരു പരിഹാരം തേടി ഷിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ബൂസ്, ഫ്രൈ, അലന്‍ ആന്‍ഡ് ഹാമില്‍ട്ടണ്‍ എന്ന കണ്‍സള്‍ട്ടന്‍സിയെ അമേരിക്കയിലെ നാവിക സെക്രട്ടറിയായിരുന്ന ഫ്രാങ്ക് നോക്‌സ് സമീപിച്ചു. അന്നുവരെ ആ കണ്‍സള്‍ട്ടന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട ഇടപാടുകാര്‍ എന്നു പറയാവുന്നത് ഗുഡ്ഇയര്‍ ടയര്‍ ആന്‍ഡ് റബ്ബര്‍, മോണ്ട്‌ഗോമറി വാര്‍ഡ് എന്നീ സ്ഥാപനങ്ങളായിരുന്നു. പക്ഷേ, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയില്‍ പുതിയ പാത വെട്ടിത്തുറന്ന കണ്‍സള്‍ട്ടന്‍സി കമ്പനി, പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മിടുക്കരെ കണ്ടെത്തി തങ്ങളുടെ അനലിസ്റ്റുകളാക്കുകയും ആവശ്യമുള്ള കമ്പനികള്‍ക്ക് സേവനം ലഭ്യമാക്കാന്‍ പാകത്തില്‍ തയ്യാറാക്കി നിര്‍ത്തുകയും ചെയ്യുമായിരുന്നു.

നോക്‌സിന്റെ പരീക്ഷണം പാളിയില്ല. നാവികസേനയുടെ ആസൂത്രകരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ച കണ്‍സള്‍ട്ടന്‍സി സ്ഥാപനം ജര്‍മന്‍ യു-ബോട്ടുകളുടെ ‘ബ്രീഫ് ബേഴ്സ്റ്റ്’ റേഡിയോ പ്രക്ഷേപണം പിന്തുടരാനുള്ള ഒരു പ്രത്യേക സെന്‍സര്‍ സംവിധാനം രൂപപ്പെടുത്തി. രണ്ടാം ലോക മഹായുദ്ധാവസാനമായപ്പോഴേക്കും ഈ സെന്‍സറിന്റെ സഹായത്തോടെ ജര്‍മ്മന്‍ അന്തര്‍വാഹിനികളില്‍ ഒട്ടുമുക്കാലും സഖ്യകക്ഷി സേന തകര്‍ത്തുമുക്കിയിരുന്നു. ഒരു വന്‍ സഹകരണപദ്ധതിയുടെ തുടക്കമായിരുന്നു അത്.

cia badge.gifലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും രണ്ടു ചേരികളിലായി നിന്നുള്ള ശീതയുദ്ധം ശക്തി പ്രാപിച്ചതോടെ ഷിക്കാഗോ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ സ്വാധീനവും വര്‍ദ്ധിച്ചു. അപ്പോഴേക്കും സ്ഥാപനത്തിന്റെ പേര് ബൂസ് അലന്‍ ഹാമില്‍ട്ടണ്‍ എന്നായി മാറിയിരുന്നു. ബൂസ് അലന്‍ എന്ന് വിളിപ്പേര്. സയന്‍സ് ആപ്ലിക്കേഷന്‍സ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍, സി.എ.സി.ഐ., ബി.എ.ഇ. സിസ്റ്റംസ്, മക്‌ലീന്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ മത്സരരംഗത്തുണ്ടെങ്കിലും ബൂസ് അലന്റെ സ്വാധീനത്തിന് വലിയ കോട്ടം തട്ടിയിരുന്നില്ല, സ്‌നോഡന്‍ വരും വരെ. അമേരിക്കന്‍ ചാരശൃംഖലയില്‍ പ്രധാനപ്പെട്ട മൂന്നാം തട്ടിലാണ് ബൂസ് അലന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു 2 തട്ടുകളിലും സാന്നിദ്ധ്യം നാമമാത്രം. അതിലൊരാളായിരുന്നു സ്‌നോഡന്‍. നഞ്ചെന്തിന് നാനാഴി!!

അധികമാരും ശ്രദ്ധിക്കാതെ, പരസ്യമില്ലാത്ത രീതിയിലാണ് ബൂസ് അലന്റെ പ്രവര്‍ത്തനം. സര്‍ക്കാരുമായി നേരിട്ടാണ് കമ്പനിയുടെ ഭൂരിഭാഗം ഇടപാടുകളും എന്നതിനാല്‍ പരസ്യത്തിന്റെ ആവശ്യമില്ല എന്നത് വേറെ കാര്യം. ബൂസ് അലന്റെ സ്വാധീനത്തിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രധാന സുരക്ഷാ ഉപദേശകനായിരുന്ന നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്ലാപ്പര്‍ ഒരു മുന്‍ ബൂസ് അലന്‍ എക്‌സിക്യൂട്ടീവാണ്. ജോര്‍ജ്ജ് ബുഷ് ജൂനിയര്‍ പ്രസിഡന്റായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായിരുന്നു ബൂസ് അലന്റെ ഇപ്പോഴത്തെ വൈസ് ചെയര്‍മാന്‍ മൈക്ക് മക്കോണല്‍. അതിനു മുമ്പ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഡയറക്ടര്‍ സ്ഥാനവും മക്കോണല്‍ വഹിച്ചിട്ടുണ്ട്. 25,000 ബൂസ് അലന്‍ ജീവനക്കാരില്‍ 76 ശതമാനവും ടോപ് സീക്രട്ട് ക്ലിയറന്‍സ് ഉള്ളവരാണ്. എന്നാല്‍, സ്‌നോഡന്‍ സംഭവം സ്ഥാപനത്തിന്റെ സ്വാധീനത്തിനു മേല്‍ കരിനിഴല്‍ പടര്‍ത്തിയിട്ടുണ്ട് എന്നത് പറയാതെ വയ്യ. ചാര നിയമനത്തിന്റെ ഉത്തരവാദിത്വം വില്യം ഗോള്‍ഡണില്‍ എത്തിയതു തന്നെ തെളിവ്. പക്ഷേ, ക്രമേണ ബൂസ് അലന്‍ സ്വാധീനം തിരിച്ചുപിടിക്കുമ്പോള്‍ മലയാളി ചാരനും അവരുടെ കുടക്കീഴിലേക്കു മാറിയേക്കാം.

booz-allen-hamilton1.jpg

ചാരപ്രവര്‍ത്തന രംഗത്തെ കമ്പനികള്‍ തമ്മിലുള്ള മത്സരം ഈ മേഖലയില്‍ പ്രതിഫലം കാര്യമായി ഉയരുന്നതിനു കാരണമായിട്ടുണ്ട്. കേരളത്തിലെ ചാരപ്രതിനിധിക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന ഉയര്‍ന്ന ശമ്പളത്തിനുള്ള കാരണവും മറ്റൊന്നല്ല. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി 3 തസ്തികകളിലാണ് ഇപ്പോള്‍ ‘കരാര്‍’ ചാരന്മാരെ തേടുന്നത്. ആകെയുള്ള 3 ഒഴിവുകളില്‍ 2 എണ്ണം മാസച്ചുസെറ്റ്‌സിലെ ഫോര്‍ട്ട് ഡെവന്‍സില്‍ സീനിയര്‍ കൗണ്ടര്‍ ഇന്റലിജന്‍സ് അനലിസ്റ്റ് തസ്തികകളാണ്. ഇതില്‍ ഒരാള്‍ക്ക് മാസച്ചുസെറ്റ്‌സിലെ അമേരിക്കന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടാവുന്ന ഭീഷണികളുടെ നിരീക്ഷണവും രണ്ടാമന് തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലെ വിഷയങ്ങളുമാണ് ചുമതലയുണ്ടാവുക. ഇതില്‍ രണ്ടാമത്തെ തസ്തികയിലുള്ളയാള്‍ ധാരാളം സഞ്ചരിക്കേണ്ടി വരും. ഈ 2 തസ്തികകളിലും നിയമനത്തിന് ടോപ്-സീക്രട്ട് ക്ലിയറന്‍സ് ആവശ്യമാണ്.

booz_allen_hamilton.jpg

ബാക്കിയുള്ള മൂന്നാമത്തെ തസ്തികയാണ് കേരളത്തിലേക്കു വരുന്നത്. മലയാളവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന മുതിര്‍ന്ന ഭാഷാവിദഗ്ദ്ധനെയാണ് അന്വേഷിക്കുന്നതെങ്കിലും തൊഴില്‍ വെറും പരിഭാഷയല്ല എന്നുറപ്പ്. പ്രതിവര്‍ഷം 1.80 ലക്ഷം മുതല്‍ 2.25 ലക്ഷം വരെ ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെടുന്നത് ‘വളരെ പ്രധാനപ്പെട്ട’ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ്. ഒരു മേഖലയ്ക്കു പ്രാധാന്യം കൈവരുന്നത് അവിടത്തെ വിധ്വംസക പ്രവര്‍ത്തനങ്ങളും വിപരീത സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ തന്നെയാണ്. ഭാഷാവിദഗ്ദ്ധനെ ക്ഷണിക്കുമ്പോള്‍ ഈ പ്രതികൂല തൊഴില്‍ സാഹചര്യങ്ങളെപ്പറ്റി പറയുന്നില്ല. കാര്യങ്ങള്‍ പിന്നീട് ബോദ്ധ്യപ്പെടുത്തുക എന്നതാണ് അമേരിക്കക്കാരുടെ രീതി. മാവോവാദികള്‍ ചില്ലറക്കാരല്ല എന്നു മനസ്സിലായല്ലോ!! മൈക്കല്‍ റൈലിയുടെ വാക്കുകള്‍ ഒരു കാര്യം അടിവരയിടുന്നുണ്ട് -കേരളത്തിലെ അമേരിക്കന്‍ ചാരപ്രവര്‍ത്തനം സംബന്ധിച്ച് നമ്മള്‍ ഇതുവരെ കേട്ടതൊന്നും കഥകളായിരുന്നില്ല, പച്ചപ്പരമാര്‍ത്ഥമായിരുന്നു.

booz_allen.jpg

ലോകത്ത് മലയാളി ചെയ്യാത്ത ജോലിയില്ല. ആ ജോലികളുടെ കൂട്ടത്തില്‍ ഇതാ ഒരു പുതിയ കൂട്ടിച്ചേര്‍ക്കല്‍ -അമേരിക്കന്‍ ചാരന്‍ (കരാര്‍-ഔദ്യോഗികം)!!!

LATEST insights

TRENDING insights

9 COMMENTS

  1. ചില കോണ്‍ഗ്രസ്സ്, സംഘപരിവാര്‍ നേതാക്കള്‍ ഇപ്പോള്‍ തന്നെ അവരുടെ സ്റ്റഫല്ലേ.?

  2. ആ ചങ്ങാതിയുടെ മെയിൽ ബോക്സ്‌ ഇപ്പൊ മലയാളികളുടെ ബയോഡാറ്റാ കൊണ്ടു നിറഞ്ഞു കാണും

    • കിട്ടിയാല്‍ ജീവിതം രക്ഷപ്പെട്ടു. അതു വാങ്ങിയിട്ട് 20,000 രൂപ പ്രതിമാസ ശമ്പളത്തില്‍ 10 അസിസ്റ്റന്റുമാരെ നിയോഗിക്കും. വീട്ടിലിരുന്ന് സി.ഐ.എ. കാശ് ഞാന്‍ വാങ്ങും.

      പക്ഷേ.. എന്തു നല്ല നടക്കാത്ത സ്വപ്‌നം!!!

    • പണിയെടുക്കുന്നുണ്ടോ എന്ന് നോക്കാൻ അവർക്കു ചാരന്മാർ വേറെയുമുണ്ടാവും

  3. കണ്ടില്ലെ അമേരിക്ക പോലും പേടിക്കുന്ന മലയാളി മാവോയിസ്റ്റിനെ അവർക്കറിയാം വാരിക്കൂന്തം കൊണ്ട് പൊരുതി ജനാതിപത്യം സ്ഥാപിച്ച മലയാളിയെ അതിനെ തകർക്കാനും മലയാളിയെ ഉപയോഗിക്കുന്നു അതാണ് മലയാളി?

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights